Reports

എം എസ്‌ എഫ്‌ സമരം: ചിറ്റൂർ വിജയമാത സ്കൂളിൽ ജുമുഅക്ക്‌ സമയം അനുവദിച്ചു

By Admin

July 11, 2019

ചിറ്റൂർ: മുസ്ലിം വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ പ്രാർത്ഥനാ സ്വാതന്ത്ര്യം നിഷേധിച്ച പാലക്കാട് ചിറ്റൂർ വിജയമാതാ സ്കൂളിൽ എം. എസ്. എഫ് ഇന്ന് രാവിലെ നടത്തിയ സമരം വിജയം കണ്ടു. ചിറ്റൂർ അമ്പാട്ടുപാളയത്ത്‌ സ്ഥിതിചെയ്യുന്ന വിജയമാതാ സ്കൂളിൽ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുസ്ലിം വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ നമസ്കാരം നിഷേധിക്കുകയായിരുന്നു. KER (Kerala Education Rule) Chapter VII rule no. 4(3) പ്രകാരം മുസ്ലിം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച പ്രവൃത്തി സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയുമായിരിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. ഈ നിയമം കാറ്റിൽപറത്തി ഉച്ചയ്ക്ക് 12.45 മുതൽ 1.20 വരെ മാത്രമായിരുന്നു പ്രസ്തുത സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള സമയം. ഈ സമയത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് പള്ളിയിൽ പോയി തിരിച്ചുവരിക അസാധ്യമായിരുന്നു.

ഇതിനെതിരെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരോട് പലപ്പോഴായി അനുമതി ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിക്കുക മാത്രമല്ല, സ്കൂളിൽനിന്ന് ടി.സി നൽകി പറഞ്ഞുവിടുമെന്ന് പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥികൾ എംഎസ്എഫ് ജില്ലാ കമ്മിറ്റിയെ സമീപിക്കുകയും യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒപ്പുശേഖരണം നടത്തി 2018 ജൂൺ ഇരുപത്തിമൂന്നിന് പാലക്കാട് ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കളക്ടർ പരാതി സ്വീകരിക്കുകയും അത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് കൈമാറുകയും ചെയ്തു. ജില്ല വിദ്യാഭ്യാസ ഡയറക്ടർ പ്രസ്തുത പരാതി പ്രിൻസിപ്പൽ സിസ്റ്റർ ആനി പോളിനെ അറിയിക്കുകയും വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ അംഗീകാരം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ തുടർന്ന്, പരാതി നൽകിയ വിദ്യാർത്ഥികളിൽ രക്ഷിതാക്കളുടെ കത്ത് കൊണ്ട് വന്നവർക്ക് മാത്രം പള്ളിയിലേക്ക് പോകാൻ അനുമതി നൽകുകയാണ്‌ പ്രിൻസിപ്പാൾ ചെയ്തത്‌.

കലക്ടറുടെ അറിയിപ്പുണ്ടായിട്ടും വിജയമാതാ സ്കൂൾ കേരള വിദ്യാഭ്യാസ നിയമം ലംഘിക്കുകയായിരുന്നു. ഇതിനെ തുടർന്ന് എം എസ് എഫ് ജില്ലാ കമ്മിറ്റി ഇടപെടുകയും പ്രിൻസിപ്പാളുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ചർച്ച നടത്തി എല്ലാ മുസ്ലിം കുട്ടികൾക്കും വെള്ളിയാഴ്ച പള്ളിയിൽ പോകാൻ അനുമതി നൽകാം എന്നും ഉച്ചഭക്ഷണ സമയം 12.30 മുതൽ 2 മണി വരെ ആക്കാമെന്നും പ്രിൻസിപ്പാൾ വാക്കാൽ ഉറപ്പ് നൽകിയതായിരുന്നു.

പക്ഷേ കഴിഞ്ഞ ഒരു വർഷമായി ഇത് നടപ്പിൽ വരുത്തിയില്ല എന്നു മാത്രമല്ല, പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്ക് പള്ളിയിൽ പോകാൻ അനുമതി നൽകുകയുമുണ്ടായില്ല. ഹയർസെക്കൻഡറി ക്ലാസ്സിൽ പള്ളിയിലേക്ക് പോകുന്ന കുട്ടികൾക്ക് പ്രവേശനം നൽകുകയില്ല എന്ന് സ്കൂൾ അധികൃതർ പറഞ്ഞതായി വിദ്യാർഥികളിൽ നിന്ന് പരാതി ഉയർന്നിരുന്നു. ഈ അധ്യയനവർഷം തുടക്കത്തിൽ തന്നെ വിദ്യാർഥികൾ എല്ലാവരെയും പള്ളിയിലേക്ക് വിടുന്നില്ല എന്നും പള്ളിയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ് നഷ്ടപ്പെടുന്നു എന്നുമുള്ള പരാതിയുമായി വിദ്യാർത്ഥികൾ എം എസ് എഫ് ജില്ലാ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം. എസ്. എഫ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ചിറ്റൂർ സ്റ്റേഷൻ പോലീസ് അധികാരികളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ നിയമ പ്രകാരം ഉച്ചയ്ക്കു 12.30 മുതൽ 2.30 വരെയുള്ള സമയം ക്ലാസ് ഒഴിവാക്കികൊണ്ടുള്ള സർക്കുലർ പ്രിൻസിപ്പൽ പുറത്തിറക്കുകയും സ്‌കൂൾ ഉച്ചഭാഷിണിയിൽ വായിച്ചു കേൾപ്പിക്കുകയുമായിരുന്നു.

സമാനരീതിയിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന കുറെ സ്കൂളുകൾ ജില്ലയിൽ പലയിടത്തുമുണ്ടെന്നും അവിടേക്കെല്ലാം സമരം വ്യാപിപ്പിക്കുമെന്നും എം.എസ്.എഫ്. ജില്ലാ കമ്മിറ്റി പറഞ്ഞു.