Opinion

പൗരത്വ വിവേചനം: ഭരണഘടനയാണ്‌ റദ്ദാകുന്നത്

By Admin

December 16, 2019

ഇന്ത്യയുടെ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് കാത്തിരിക്കുന്ന പൗരത്വ ഭേദഗതി ബിൽ ഭരണകൂടം രാജ്യത്തെ കൊണ്ടുപോകാനുനിദ്ദേശിക്കുന്ന ദിശ വ്യക്തമാക്കുന്നതും സ്ഥാപിത താല്പര്യങ്ങൾ വെളിവാക്കുന്നതുമാണ്. രാജ്യാന്തര മാധ്യമങ്ങളുൾപ്പെടെ പ്രാധാന്യപൂർവ്വം റിപ്പോർട്ട് ചെയ്ത സുപ്രധാന നിയമഭേദഗതി, അതിന്റെ വിവേചന സ്വഭാവം കൊണ്ടും വംശീയമായ ഉള്ളടക്കം കൊണ്ടും രാജ്യത്തിന്റെ യശ്ശസ്സിനു തന്നെ കളങ്കം ചാർത്തുന്നതാണ്. പ്രക്ഷുബ്ധമായ ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയ ഭേദഗതി, എന്നാൽ സമീപകാലത്തു കാണാത്ത വിധം ആഭ്യന്തര മന്ത്രി അമിത്ഷായെ പ്രതിപക്ഷം ഐക്യത്തോടെ നേരിടുന്ന അസുലഭ ദൃശ്യം അനാവരണം ചെയ്തു.

ഇന്ത്യയുടെ ഭരണഘടനാ അനുച്ഛേദം 5 പ്രകാരം മൂന്ന് വിഭാഗങ്ങൾക്കാണ് ഇന്ത്യൻ പൗരത്വത്തിന് അർഹത. 1) ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശത്ത് ജനിച്ചവർ. 2) മാതാപിതാക്കളിലാരെങ്കിലും ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശത്ത് ജനിച്ചവർ 3) കുറഞ്ഞത് അഞ്ചു വർഷമെങ്കിലുമായി ഇന്ത്യയിൽ ജീവിക്കുന്നവർ.

ഇതിനു പുറമെ ഇന്ത്യയുടെ പാർലമെന്റിന് പൗരത്വ നിയമമനുസരിച്ച് പൗരത്വം വ്യവസ്ഥപ്പെടുത്തുവാനുള്ള അധികാരമുണ്ട്. ജന്മത്തിന്റേയോ വംശപരമ്പരയുടെയോ റെജിസ്ട്രേഷനിലൂടെയോ വിദേശിക്ക് കൊടുക്കുന്ന പൗരത്വം മുഖേനയോ (നാച്ചുറലൈസേഷൻ) ഭൂപ്രദേശം കൈവശപ്പെടുത്തുന്നത് വഴിയോ ഇന്ത്യൻ പൗരത്വം അനുവദിച്ചു കൊടുക്കാം.

എന്നാൽ പുതിയ ഭേദഗതിപ്രകാരം പൗരത്വം അനുവദിക്കുന്നതിന് പുതുതായി മറ്റൊരു മാനദണ്ഡം കൂടി അവതരിപ്പിക്കപ്പെടുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ വരുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർക്ക് കൂടി, 2014 ഡിസംബർ 31 മുൻപായി ഇന്ത്യയിലെത്തിയവരാണെങ്കിൽ ‘നാച്ചുറലൈസേഷൻ’ വഴി പൗരത്വം അനുവദിക്കും. പൗരത്വം സ്വീകരിക്കാൻ സ്വാഗതം ചെയ്തുകൊണ്ട് പറയപ്പെടുന്ന വിഭാഗങ്ങളിൽ ‘മുസ്‌ലിങ്ങൾ’ എന്നത് വിട്ടു പോയത് അക്ഷരതെറ്റല്ല, മറിച്ച് സംഘ്പരിവാറിന്റെ ആദർശാടിത്തറയുടെ പുതിയകാല പൂർത്തീകരണം മാത്രമാണ്.

തുല്യാവകാശം എന്ന മൗലികാവകാശം ഉറപ്പുതരുന്ന ഭരണഘടനയുടെ 14 ആം അനുച്ഛേദം ഇവിടെ നഗ്നമായി ലംഘിക്കപ്പെടുകയാണ്. മതാടിസ്ഥാനത്തിലുള്ള വിവേചനമാണ് ഇതിൽ ഒന്നാമത്തേത്. ഇന്ത്യൻ ഭരണഘടന ‘മതപരമായ അന്ധത’ (religion-blind) പാലിക്കുന്നതെന്ന് വിളിക്കപ്പെടാറുണ്ട്. എന്നാൽ ഈ പുതിയ ബില്ലിലൂടെ, ഒരു വിഭാഗം ജനതയെ മാത്രം ബോധപൂർവ്വം ഉൾപ്പെടുത്താതിരിക്കുന്നതിലൂടെ മതാടിസ്ഥാനത്തിലുള്ള വിവേചനം പ്രഥമദൃഷ്ട്യാ തന്നെ സ്പഷ്ടമാണ്. തുല്യാവകാശം എന്ന ഭരണഘടനയുടെ മൗലിക തത്വത്തിനും രാജ്യം കഴിഞ്ഞ കാലങ്ങളിൽ അനുവർത്തിച്ച അഭയാർത്ഥി നയങ്ങൾക്കുമെല്ലാം കടകവിരുദ്ധമാണ് സംഘ്‌പരിവാർ ഭരണകൂടത്തിന്റ തീരുമാനിച്ചുറപ്പിച്ച പുതിയ നീക്കങ്ങൾ. യുക്തമായ തരംതിരിക്കൽ (Reasonable classification) എന്ന് ഭരണകൂടം വ്യാഖ്യാനിക്കുന്ന ഈ നിയമം യഥാർത്ഥത്തിൽ സ്വേച്ഛാപരമായ തരംതിരിക്കൽ (Arbitrary classification) ആണെന്നതാണ് വാസ്തവം.

നിയമഭേദഗതിയിൽ സ്റ്റേറ്റ്മെന്റ് ഓഫ്‌ ഒബ്ജെക്ട്സ് ആൻഡ് റീസൺസ് (SOR) പറയുന്നത് പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കാലങ്ങളായി കുടിയേറ്റമുണ്ടെന്നും, എന്നാൽ മതനിയമങ്ങളുള്ള ഈ രാജ്യങ്ങളിൽ അവിടങ്ങളിലെ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമാണ്. അവിഭക്ത ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പൗരന്മാർ പാകിസ്താനിലും ബംഗ്ലാദേശിലുമുണ്ടെന്ന് ന്യായം അവതരിപ്പിക്കുന്ന SOR എന്നാൽ അഫ്ഗാനിസ്ഥാൻ ഈ ഗണത്തിൽ എങ്ങനെ ഉൾപ്പെടുന്നു എന്ന് പറയാതിരിക്കുന്നു.

മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെടുന്ന, ബൗദ്ധമത രാജ്യമായ ശ്രീലങ്കയും ബൗദ്ധ പാരമ്പര്യത്തിന് പ്രാമുഖ്യമുള്ള മ്യാന്മറും ഇപ്പറഞ്ഞ മറ്റു മൂന്ന് രാജ്യങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതും വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. ഭാഷാ ന്യൂന്യപക്ഷമായ ശ്രീലങ്കൻ തമിഴ് ജനതയും വർഗ്ഗ നശീകരണം നേരിടുന്ന മ്യാൻമറിലെ റോഹിൻഗ്യൻ മുസ്ലിങ്ങളും ഇന്ത്യയിലേക്ക് അഭയം തേടി വരുന്നതായി കാലങ്ങളായി തന്നെ വാർത്തകളുണ്ട്. നാച്ചുറലൈസേഷൻ (naturalisation) വഴി നേരത്തെ അനുവദിക്കപ്പെട്ടിരുന്ന കാലക്രമം ഇപ്പോൾ ചുരുക്കി നൽകുന്നതും, 2014 ഡിസംബർ 31 എന്നൊരു തിയതി പ്രഖ്യാപിക്കുന്നതും അവ്യക്തതകളുടെ ആഴം വർധിപ്പിക്കുന്നു. ‘നാച്ചുറലൈസേഷൻ’ വഴി മുസ്ലിങ്ങളല്ലാത്ത പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ് പൗരന്മാർക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന പൗരത്വം ശ്രീലങ്ക, മ്യാന്മാർ, ഭൂട്ടാൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് ബാധകമാകാതിരിക്കുന്നത് ബില്ലിൽ തെളിഞ്ഞു കാണുന്ന വൈരുധ്യമാണ്.

ദേശീയ പൗരത്വ റജിസ്റ്റർ (NRC) കൊണ്ടുവന്നതിലൂടെ ആസ്സാമിലെ 19 ലക്ഷം ജനങ്ങൾക്ക് രാജ്യം ഇല്ലാതാകുന്ന ഭീതിതമായ അവസ്ഥ രാജ്യം കണ്ടു കഴിഞ്ഞു. 1600 കോടി മുടക്കി കൊണ്ടുവന്ന NRC ഇന്ത്യയുടെ ഉൾക്കൊള്ളൽ ജനാധിപത്യത്തിനും അഭയാർത്ഥി സൗഹൃദ പാരമ്പര്യത്തിനും മങ്ങലേൽപ്പിച്ചു എന്നല്ലാതെ രാജ്യത്തെ വിവിധ വിഭാഗങ്ങളെ ഐക്യപ്പെടുത്തുന്നതിനോ ഏകോപിപ്പിക്കുന്നതിനോ യാതൊരു സഹായവും ചെയ്യാത്തതാണ്. പ്രതീക്ഷക്ക് വിപരീതമായി വടക്കു കിഴക്കൻ സംസഥാനങ്ങളിൽ NRC പ്രകാരം പൗരത്വത്തിന് പുറത്തായവർ മുസ്ലിങ്ങളേക്കാൾ കൂടുതൽ ഹിന്ദുക്കളായി എന്നത്, രാഷ്ട്രീയമായി തന്നെ ബിജെപി ക്ക് തിരിച്ചടി നൽകുന്നതായി. NRC ഒരിക്കൽ കൂടി നടത്തപ്പെടുമെന്ന അവിടുത്തെ സ്റ്റേറ്റ് ഭരണകൂടം പ്രഖ്യാപിച്ചതിന്റെ കാരണവും മറ്റൊന്നല്ല. മേൽപ്പറഞ്ഞ ‘പിഴവ്’ തിരുത്താൻ കൂടി പുതിയ പൗരത്വ ഭേദഗതി കാരണമാകുന്ന സാഹചര്യം ഇപ്പോൾ സംജാതമാണ്. 14 -15 ലക്ഷം ആസ്സാമിലെ പുറത്തായ ഹിന്ദുക്കൾ, ഇപ്പോൾ നടത്തിയ ഭേദഗതി പ്രകാരം പൗരത്വം നിലനിർത്താൻ അർഹതയുള്ളവരായി മാറുകയാണ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഡീറ്റെൻഷൻ ക്യാമ്പുകളിൽ നിറയാൻ പോകുന്നമത് മുസ്ലിങ്ങൾ തന്നെയായിരിക്കും എന്ന് സാരം. എന്നാൽ നേരത്തെ തങ്ങൾ ഇന്ത്യക്കാരാണെന്ന് NRC ഓഫീസർക്ക് സത്യവാങ്മൂലം കൊടുത്ത ആസ്സാമിലെ മുസ്ലിമിതര വിഭാഗങ്ങൾ, തങ്ങൾ ബംഗ്ലാദേശികളാണെന്നും പുതിയ നിയമം പ്രകാരം തങ്ങൾക്ക് പൗരത്വാവകാശം ഉണ്ടെന്നും വാദിക്കേണ്ടതായി വരും. .

അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയും വസ്‌തുനിഷ്‌ഠമായി വേർതിരിക്കുന്നതിലും ബിൽ പരാജയപ്പെടുന്നു. ശരിയായ രേഖകളില്ലാതെ മറ്റു രാജ്യങ്ങളിൽ നിന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യം പ്രതീക്ഷിച്ച് വരുന്നവരാണ് അനധികൃത കുടിയേറ്റക്കാർ എന്ന് വിളിക്കപ്പെടുന്നവർ. പീഡനങ്ങൾ മൂലമോ മറ്റു വേട്ടയാടപ്പെടലുകൾക്ക് വിധേയമായിട്ടോ സ്വന്തം നാട് വിട്ടു അന്യദേശങ്ങളിലേക്ക് ഓടിപ്പോകേണ്ടി വരുന്നവരാണ് അഭയാർത്ഥികൾ. ഐക്യരാഷ്ട്ര സഭയുടെ നിബന്ധനകൾ തന്നെ അഭയാർത്ഥി വിഷയത്തെ സമീപിക്കുവാനായി ലോക രാജ്യങ്ങൾക്ക് മുന്നിലുണ്ട്. പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലിമിതര അനധികൃത കുടിയേറ്റത്തിന് പൗരത്വം അപേക്ഷിക്കപ്പെട്ടാൽ അനുവദിക്കും എന്ന് പറയുന്ന ബിൽ, അനധികൃത കുടിയേറ്റമെന്ന പരികല്പനയുടെ നിർവ്വചനത്തെ തന്നെ ദുർബലപ്പെടുത്തുന്നുണ്ട്.

രാജ്യത്തെ മുസ്ലിങ്ങൾ ഒന്നാകെ തന്നെ ആശങ്കയുടെ വിചാരത്തിലേക്ക് ഇതിനകം തന്നെ മാറിയിട്ടുണ്ട്. വിഖ്യാതമായ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് തന്നെ പരിക്കേൽപ്പിക്കുന്ന ഇത്തരം വിവേചനപരമായ നിയമങ്ങൾ മുളയിലേ നുള്ളേണ്ടത്, ഭരണഘടനയുടെ രക്ഷിതാവെന്ന് വിളിക്കപ്പെടുന്ന സുപ്രീം കോടതിയുടെ ബാധ്യതയാണ്. മൗലികാവകാശങ്ങളുടെ ബോധപൂർവ്വമായ ലംഘനം നടത്തുന്ന ഇത്തരം നിയമങ്ങൾക്ക് സാധുത നൽകുന്നത് അങ്ങേയറ്റം അനീതി നിർഭരമായൊരു സാമൂഹ്യ സാഹചര്യം സൃഷ്ടിക്കപ്പെടാൻ കരണമാകും. അവസരത്തിനൊത്തുയർന്ന് ഭരണഘടനയുടെയും നിയമവാഴ്ചയുടെയും വിശ്വാസം പരിരക്ഷിക്കേണ്ടത് കോടതിയുടെ മുന്നിലെ ഏറ്റവും വലിയ ബാധ്യതയാകുന്നു.