ഇസ്‌ലാമിന് പരിചയമില്ലാത്ത ഐ. എസ്. ‘ജിഹാദ്’
26 April 2019 | Study
(ചോദ്യങ്ങൾക്ക് മറുപടി)
1. ഐ.എസിന്റെ വീഡിയോകളും അവരുടെ സന്ദേശങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യമാണ് ജനങ്ങളുടെ മുമ്പില്‍ ഇസ്‌ലാമിന്റെ ആശയങ്ങള്‍ തുറന്നുപറഞ്ഞ് അത് സ്വീകരിക്കുവാനോ തിരസ്‌കരിക്കുവാനോ ഉള്ള സ്വാതന്ത്ര്യം അത് കേള്‍ക്കുന്ന ആളുകള്‍ക്ക് വിട്ടുകൊടുക്കുക എന്നത് ഇസ്‌ലാമിക രീതിയല്ല എന്ന്. മറിച്ച് ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിച്ച് അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരണമെന്നും അങ്ങനെ പടച്ചവന്റെ ഒരു ഭൂമി സൃഷ്ടിച്ചെടുക്കുകയാണ് മുസ്‌ലിമിന്റെ ദൗത്യമെന്നും അവര്‍ പറയുന്നു. ഇതിനെക്കുറിച്ച് യഥാര്‍ത്ഥ ഇസ്‌ലാമിന് എന്താണ് പറയാനുള്ളത്?
– ഭീകരപ്രസ്ഥാനങ്ങള്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലത്തോളമായി അറബ് മുസ്‌ലിം ലോകത്ത് പലരീതികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രീയത്തില്‍ തന്നെ അവ പല അനുരണനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) എന്ന ഭീകരപ്രസ്ഥാനം മുസ്‌ലിംകള്‍ക്ക് 1400 വര്‍ഷമായി പരിചയമില്ലാത്ത ഒരു പുതിയ ‘ഇസ്‌ലാമിനെ’ സ്വന്തമായി കണ്ടെത്തുന്നതിലും അവതരിപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നുവെന്നതാണ് സവിശേഷത. ഭീകരപ്രസ്ഥാനങ്ങളെല്ലാം പ്രവാചകനോ സ്വഹാബിമാര്‍ക്കോ ത്വാബിഇകള്‍ക്കോ അതിനുശേഷമുള്ള നൂറ്റാണ്ടുകളിലെ മുസ്‌ലിംകള്‍ക്കോ ഒന്നും പരിചയമില്ലാത്ത ഒരു വ്യാഖ്യാനം ഇസ്‌ലാമിന് നല്‍കാന്‍ തന്നെയാണ് ശ്രമിച്ചത് എങ്കില്‍ ആ വ്യാഖ്യാനങ്ങളെയും കടന്ന് ഒരു പുതിയ ഇസ്‌ലാമിനെത്തന്നെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുവാനും സ്ഥാപിക്കാനുമാണ് ഐ.എസ് ശ്രമിച്ചത് എന്ന് സാമാന്യമായി വേണമെങ്കില്‍ പറയാം. വളരെ വിചിത്രമായ, തീര്‍ത്തും മൗലികമായ, തീര്‍ത്തും ആധുനികമായ വാദങ്ങളാണ് ഇസ്‌ലാമിന്റെ പേരില്‍ അവരുയര്‍ത്തുന്നത്. ഒരുപക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ചു നടന്ന ഓറിയന്റലിസ്റ്റുകളുടെ പഠനങ്ങള്‍ ഇസ്‌ലാമിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതിന് ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞതുതന്നെയാണ് യഥാര്‍ത്ഥത്തിലുള്ള ഇസ്‌ലാം എന്നു വരുത്തിതീര്‍ക്കുന്ന വിധത്തില്‍ ഇസ്‌ലാമിന്റെ ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളെയാണ് ഇസ്‌ലാമിക് സ്റ്റെയ്റ്റ് പിന്തുടരുന്നത് എന്ന് പറയാനാണെനിക്ക് ഇഷ്ടം. മുസ്‌ലിം ലോകത്തെ ഏതെങ്കിലും പണ്ഡിതന്‍മാരെ പിന്തുടരുന്നവരാണ് ഇസ്‌ലാമിക് സ്റ്റേറ്റ് എന്നുപറയുന്നത് ശുദ്ധ കളവായിരിക്കും. കാരണം കഴിഞ്ഞ ഒന്നര സഹസ്രാബ്ദ കാലമായി മുസ്‌ലിം ലോകത്തിന് തീരെ പരിചയമില്ലാത്ത മതവ്യാഖ്യാനങ്ങളാണ് അവരുടേത്.
ഇവിടെ ബഹുമാന്യനായ സുഹൃത്ത് അവതരിപ്പിച്ച കാര്യം തന്നെ നമ്മള്‍ പരിശോധിക്കുമ്പോള്‍ ഇസ്‌ലാമിക പ്രബോധനം എന്നുപറയുന്നത്, പ്രചരണപ്രവര്‍ത്തനങ്ങള്‍ എന്നുപറയുന്നത്, എന്തോ വലിയ അപരാധമാണ് എന്ന തരത്തിലാണ് ഇവരുടെ ലേഖനങ്ങളും വീഡിയോകളുമെല്ലാം സംസാരിക്കുന്നത്. മലയാളി ഐ.എസുകാരുടേതെന്നു പറയുന്ന ഓഡിയോ ക്ലിപ്പില്‍ തന്നെ കേരളത്തിലുള്ള അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കുവാനുള്ള പ്രോഗ്രാമുകളെ പരിഹസിക്കുന്നതുകാണാം. ആയിരം വര്‍ഷം ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചാലും അത് എന്ത് ഫലമാണുണ്ടാക്കാന്‍ പോകുന്നത് എന്നൊക്കെ ചോദിക്കുന്നു. അത്തരമൊരു ചോദ്യം ചോദിക്കുമ്പോള്‍ പരിശുദ്ധ ക്വുര്‍ആനിനെക്കുറിച്ച സാമാന്യമായ ഒരു ധാരണ പോലും ഇവര്‍ക്കില്ല എന്നതാണ് സത്യം. കാരണം ആയിരം വര്‍ഷത്തില്‍നിന്ന് അമ്പത് വര്‍ഷം കുറച്ചാല്‍ അത്രയും സുദീര്‍ഘമായ കാലയളവ് തന്റെ ജനതക്കിടയില്‍ നിലനിന്ന പ്രവാചകനാണ് നൂഹ് നബി (അ) എന്ന് പരിശുദ്ധ ക്വുര്‍ആന്‍ തന്നെ വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. 950 വര്‍ഷത്തോളം ഒരു സമൂഹത്തില്‍ ദഅ്‌വത്ത് നടത്തുകയായിരുന്നു അദ്ദേഹം.
പ്രബോധനദൗത്യങ്ങള്‍ വളരെ വിപുലമായി ചരിത്രത്തില്‍ ആദ്യമായി നിര്‍വഹിച്ച പ്രവാചകനാണ് നൂഹ് നബി (അ). ആ പ്രവാചകന്‍ അത്രയും കാലം പ്രബോധനദൗത്യവുമായി നിലനിന്നിട്ടുപോലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്വീകരിക്കുവാന്‍ എത്രയാളുണ്ടായി എന്നുചോദിച്ചാല്‍ പരിശുദ്ധ ക്വുര്‍ആന്‍ 71-ാം അധ്യായം സൂറത്തുന്നൂഹിലെ ആദ്യത്തെ വചനങ്ങള്‍ വായിക്കുന്നവര്‍ക്കെല്ലാം അത് മനസ്സിലാകും. നൂഹ് നബി (അ) പറയുന്നത് ഞാന്‍ അവരെ രാത്രി വിളിച്ചു, ഞാന്‍ അവരെ പകല്‍ വിളിച്ചു, ഞാന്‍ അവരോട് രഹസ്യമായി പ്രബോധനം ചെയ്തു, ഞാന്‍ പരസ്യമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു, പക്ഷേ അവരുടെ ധിക്കാരം വര്‍ധിക്കുകമാത്രമേ ചെയ്തുള്ളൂ, അവര്‍ ചെവിയില്‍ പലപ്പോഴും എന്റെ ശബ്ദം കേള്‍ക്കാതിരിക്കാനായി വിരലിട്ടിരുന്നു എന്നൊക്കെയാണ്. ഇവിടെ ഇത്രയും കാലം നൂഹ് നബി (അ) നിര്‍വഹിച്ച പ്രബോധനദൗത്യം അല്ലാഹുവിലേക്ക്, അല്ലാഹുവിന്റെ നിയമങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്ന ദൗത്യമായിരുന്നു. അവരെ ക്ഷണിക്കുക എന്നതല്ലാതെ അവരെ സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുക എന്ന രീതി അദ്ദേഹം സ്വീകരിക്കുന്നേയില്ല. സന്ദേശം സ്വീകരിക്കാത്തതിന്റെ പേരില്‍ ആരെയും അദ്ദേഹം ആക്രമിക്കുകയോ ഏതെങ്കിലും തരത്തില്‍ ഇത് അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നില്ല അദ്ദേഹം. നൂഹ് നബി (അ) ഒരു സഹസ്രാബ്ദത്തോളം കാലം ഈ സന്ദേശങ്ങള്‍ തന്റെ സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കുകമാത്രം ചെയ്തുകൊണ്ട് നിലനിന്നതിനെ ഇസ്‌ലാമിക് സ്റ്റെയ്റ്റ് എങ്ങനെയാണ് നോക്കിക്കാണുക എന്നറിയാന്‍ തീര്‍ച്ചയായും ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും കൗതുകമുണ്ട്.
അവിടെനിന്ന് ആരംഭിക്കുന്നതാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം. ആ ചരിത്രത്തില്‍ പ്രവാചകന്‍മാരുടെ മുഴുവന്‍ ചരിത്രവും നമ്മള്‍ പരിശോധിക്കുക. ഈ പറഞ്ഞ ആളുകള്‍ക്ക് ജനങ്ങളുടെ മേല്‍ നിര്‍ബന്ധിച്ച് മതം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഒരു പ്രവാചകനയെങ്കിലും ഹാജരാക്കാന്‍ കഴിയുമോ? എത്ര പ്രവാചകന്‍മാരുടെ കഥ ക്വുര്‍ആന്‍ പറയുന്നു! അതില്‍ ഇരുപത്തിയഞ്ചോളം പ്രവാചകന്‍മാരെ പേരെടുത്ത് പറയുന്നു. ആ പ്രവാചകന്‍മാരുടെ ജീവിതത്തിലെ പ്രബോധനപ്രവര്‍ത്തനങ്ങളെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നു. ഈ പ്രവാചകന്‍മാരെല്ലാം തന്നെ ഒന്നൊഴിയാതെ സ്വന്തം സമൂഹങ്ങളിലേക്ക് കടന്നുവരികയും അവര്‍ക്കുമുന്നില്‍ പടച്ചതമ്പുരാനില്‍നിന്നു ദിവ്യബോധനംവഴി ലഭിച്ച ആശയങ്ങള്‍ അവതരിപ്പിക്കുകയും ആശയങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ആ ആശയങ്ങളുടെ സത്യത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നല്ലാതെ വാള്‍മുനയില്‍ നിര്‍ത്തി ബലംപ്രയോഗിച്ച് ആശയങ്ങള്‍ സ്വീകരിക്കുവാന്‍ ഒരു മനുഷ്യനെയും ഒരു പ്രവാചകനും നിര്‍ബന്ധിച്ചത് പ്രവാചകന്‍മാരുടെ ചരിത്രത്തിലെവിടെയും നമുക്ക് കാണാന്‍ കഴിയുന്നില്ല. ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പച്ചയായവര്‍ അവതരിപ്പിച്ചു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കി. ഇതാണ് സത്യമെന്നവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ട് സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കി. അങ്ങനെയല്ലാത്ത ഒരു പ്രവാചകനെയെങ്കിലും, വേണ്ട ഏതെങ്കിലുമൊരു പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് ഏതെങ്കിലും ഒരു സംഭവത്തെയെങ്കിലും, ആശയത്തെ/വിശ്വാസത്തെ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ച ഒരേയൊരു സംഭവത്തെയെങ്കിലും ഇവര്‍ക്ക് ഉദ്ധരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ സംവാദത്തിന് ഒരു അര്‍ത്ഥമുണ്ടാകുമായിരുന്നു. അതൊന്നുമില്ലാതെ കേവലമായി പറയുകയാണ്. പ്രവാചകന്‍മാരെല്ലാവരും ജനങ്ങള്‍ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കുകയും സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുകയാണുണ്ടായതെന്ന കാര്യം വളരെ വ്യക്തമാണ്.
പ്രവാചകന്‍മാരുടെ മുഴുവന്‍ പ്രബോധനശൈലി പിന്തുടരുന്നതിന്റെ പേരില്‍ പ്രബോധകസംഘങ്ങളെ ആക്രമിക്കുകയാണിവര്‍. ഇവര്‍ പറയുന്നത് ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയുമെല്ലാം ആധുനികമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍പിനുവേണ്ടി ഇസ്‌ലാമില്‍ വെള്ളം ചേര്‍ക്കുകയാണ് പ്രബോധകസംഘങ്ങള്‍ എന്നാണ്. അങ്ങനെയല്ല, ഇസ്‌ലാം അതാണ്. അത് ജനാധിപത്യത്തിലായാലും ജനാധിപത്യത്തിലല്ലെങ്കിലും. മതനിരപേക്ഷസമൂഹത്തിലായാലും മതനിരപേക്ഷ സമൂഹത്തിലല്ലെങ്കിലും. എവിടെയാണെങ്കിലും വിശ്വാസമില്ലാത്ത ആളുകള്‍ക്ക് മുന്നില്‍, അമുസ്‌ലിംകളായ ആളുകള്‍ക്ക് മുന്നില്‍, ഇസ്‌ലാമിനെ ഒരാശയമെന്ന നിലക്ക് അവതരിപ്പിക്കുകയല്ലാതെ അവര്‍ക്കുമേല്‍ ഈ ആശയത്തെ അടിച്ചേല്‍പിക്കുകയോ അവരെ ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന ഒരു രീതിശാസ്ത്രം പ്രവാചകന്‍മാരുടെ ചരിത്രത്തില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയുന്നില്ല. അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജീവിതം പരിശോധിക്കുക. അനേകായിരം ആളുകളെ നബി (സ) മക്കയിലും മദീനയിലുമായി ഇസ്‌ലാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ പ്രവാചകന്‍ (സ) ബലം പ്രയോഗിച്ച് ഒരാളെയും ഇസ്‌ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല. ആരുടെമേലും ഇസ്‌ലാം അടിച്ചേല്‍പിച്ചിട്ടില്ല. ഇസ്‌ലാമിനെ പച്ചയായി ആളുകള്‍ക്കുമുന്നില്‍ അവതരിപ്പിക്കുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ അങ്ങനെയൊരു കല്‍പന പ്രവാചകന്‍മാര്‍ക്ക് അല്ലാഹു നല്‍കിയിട്ടില്ല. അതാണ് പ്രബോധനത്തിന്റെ താല്‍പര്യമെന്ന് പടച്ചതമ്പുരാന്‍ പറഞ്ഞിട്ടില്ല.
ഭീകരപ്രസ്ഥാനങ്ങള്‍ പലപ്പോഴും പടച്ചവന്റെ കാവല്‍ക്കാരായാണ് ആളുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. പടച്ചവന്റെ ഭൂമി മറ്റാരൊക്കെയോ തട്ടിയെടുത്തിരിക്കുന്നു, അത് ഞങ്ങള്‍ തിരിച്ചു പടച്ചവന്റെ കയ്യില്‍ തന്നെ ഏല്‍പിക്കാന്‍പോകുന്നു എന്ന തരത്തിലാണ് വര്‍ത്തമാനങ്ങള്‍. ഈ ചെറിയ പീക്കിരി സംഘങ്ങള്‍ അവരുടെ കയ്യിലുള്ള ആയുധങ്ങളുപയോഗിച്ചു നടത്തുന്ന യുദ്ധങ്ങളിലൂടെ പടച്ചതമ്പുരാന് ഭൂമി തിരിച്ചേല്‍പിക്കാന്‍ പോവുകയാണുപോലും. പടച്ചതമ്പുരാന്റേതാണ് ഈ ഭൂമി. ഈ ഭൂമിയില്‍ എങ്ങനെയാണ് മനുഷ്യസമൂഹങ്ങള്‍ നിലനില്‍ക്കേണ്ടതെന്നത് പടച്ചതമ്പുരാന്റെ തീരുമാനമാണ്. മനുഷ്യര്‍ക്ക് വിശ്വാസത്തെ സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള സ്വാതന്ത്ര്യം നല്‍കിയത് പടച്ചവനാണ്. പരിശുദ്ധ ക്വുര്‍ആന്‍ വളരെ കൃത്യമായി തന്നെ പറഞ്ഞത് ‘ആദമിന്റെ മക്കളെ പടച്ചതമ്പുരാന്‍ ആദരിച്ചിരിക്കുന്നു’ എന്നാണ്. എങ്ങനെയാണ് മനുഷ്യസമൂഹത്തെ പടച്ചവന്‍ ആദരിച്ചിരിക്കുന്നത്? മറ്റ് ജന്തുജാലങ്ങളില്‍നിന്ന്, സസ്യലതാദികളില്‍നിന്ന്, ആകാശഗോളങ്ങളില്‍നിന്ന് എല്ലാം വ്യത്യസ്തമായി പടച്ചതമ്പുരാന്‍ സവിശേഷമായി നല്‍കിയ ആദരവ് എന്താണ്? പരിശുദ്ധ ക്വുര്‍ആനിലൂടെ കടന്നുപോകുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. സത്യവിശ്വാസത്തെ സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് ആ ആദരവിന്റെ പ്രധാനഭാഗം.
ഈ പ്രപഞ്ചം മുഴുവന്‍ ദൈവത്തിന്റെ നിയമങ്ങളനുസരിച്ചാണ് ജീവിക്കുന്നത്. ഈ പ്രപഞ്ചത്തിലെ സകലസൃഷ്ടിജാലങ്ങളും ദൈവത്തിന്റെ നിയമങ്ങള്‍ക്ക് വിധേയപ്പെട്ടുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ദൃശ്യപ്രപഞ്ചത്തില്‍ മനുഷ്യസമൂഹത്തിനുമാത്രം പടച്ചതമ്പുരാന്‍ സ്വീകരണത്തിനും തിരസ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ആ സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് പടച്ചതമ്പുരാന്‍ നല്‍കിയ സവിശേഷമായ ഒരു ആദരവാണ്. ആ ആദരവ് പടച്ചതമ്പുരാന്റെ ഒരു തീരുമാനമാണ്. ഭൂമിയില്‍ ആ ആദരവ് അനുഭവിച്ചുകൊണ്ട് വിശ്വാസം സ്വീകരിക്കുന്ന മനുഷ്യരും വിശ്വാസം തിരസ്‌കരിക്കുന്ന മനുഷ്യരും പടച്ചതമ്പുരാന്റെ നിയമങ്ങള്‍ അനുസരിക്കുന്ന മനുഷ്യരും അനുസരിക്കാത്ത മനുഷ്യരും എല്ലാം ഉണ്ടാകണമെന്നത്, അവരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വര സമൂഹമാണ് ഭൂമിയില്‍ നിലനില്‍ക്കേണ്ടത് എന്നത് അല്ലാഹുവിന്റെ തീരുമാനാണ്.
പരിശുദ്ധ ക്വുര്‍ആനിലെ പത്താമത്തെ അധ്യായം സൂറത്ത് യൂനുസിലെ 99-ാമത്തെ വചനം വളരെ വ്യക്തമായാണ് ആ കാര്യം പറയുന്നത്. ‘പടച്ചതമ്പുരാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഈ ഭൂമിയിലെ സകലമനുഷ്യരും വിശ്വാസം സ്വീകരിക്കുമായിരുന്നു; അവര്‍ വിശ്വസിക്കുമായിരുന്നു’. പക്ഷേ പടച്ചതമ്പുരാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പടച്ചതമ്പുരാനുവേണ്ടി അടര്‍ക്കളത്തിലിറങ്ങി മനഷ്യരെ മുഴുവന്‍ നിര്‍ബന്ധിച്ച് മുസ്‌ലിമാക്കാന്‍വേണ്ടി ഭീകരപ്രസ്ഥാനങ്ങളുണ്ടാക്കുന്ന ആളുകളോട് പടച്ചതമ്പുരാന്‍ പറയുകയാണ്, എനിക്ക് അങ്ങനെയൊരു തീരുമാനമില്ല, എനിക്കങ്ങനെയൊരു ഉദ്ദേശ്യമില്ല, എന്റെ താല്‍പര്യമതല്ല. എത്ര കൃത്യമായാണ് പരിശുദ്ധ ക്വുര്‍ആന്‍ സംസാരിക്കുന്നതെന്ന് നാം പരിശോധിക്കുക. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, അല്ലാഹു ആഗ്രഹിച്ചിരുന്നെങ്കില്‍, അല്ലാഹു തീരുമാനിച്ചിരുന്നെങ്കില്‍, അല്ലാഹുവിന്റെ താല്‍പര്യമതായിരുന്നുവെങ്കില്‍ ഭൂമി ഏകശിലാത്മകമായ ഒരു മനുഷ്യസമൂഹം കൊണ്ട് അടയാളപ്പെടുത്തപ്പെടുമായിരുന്നു. എല്ലാവരും മുസ്‌ലിംകളാകുമായിരുന്നു, എല്ലാവരും വിശ്വാസികളാകുമായിരുന്നു. എന്നാല്‍ പടച്ചതമ്പുരാന്‍ അത് ഉദ്ദേശിച്ചിട്ടില്ല. എന്നിട്ട് പടച്ച തമ്പുരാന്‍ ആ ആയത്തില്‍ തുടര്‍ന്നു ചോദിക്കുന്നത്, ‘അപ്പോള്‍ നീ എങ്ങനെയാണ് ആളുകളെ വിശ്വാസം സ്വീകരിക്കുവാന്‍ വേണ്ടി നിര്‍ബന്ധിക്കുക’ എന്നാണ്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരും വിശ്വാസം സ്വീകരിക്കണം, അങ്ങനെ വിശ്വാസികള്‍ മാത്രമായ ഒരു ഭൂമിയാണ് നിലനില്‍ക്കേണ്ടത് എന്ന് പടച്ചതമ്പുരാന്‍ തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് ആളുകളെ വിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയുക എന്നാണ് പരിശുദ്ധ ക്വുര്‍ആന്‍ അസന്നിഗ്ധമായി ചോദിക്കുന്നത്.
അതുകൊണ്ട് എന്താണ് പ്രബോധകരുടെ ഉത്തരവാദിത്തമെന്ന് വളരെ കൃത്യമായി ക്വുര്‍ആനിലെ 88-ാമത്തെ അധ്യായം സൂറത്തുല്‍ ഗ്വാശിയയിലെ 22 മുതലുള്ള വചനങ്ങളില്‍ നമുക്ക് വായിക്കുവാന്‍ കഴിയും. ‘നീ ഉല്‍ബോധിപ്പിക്കുക. പ്രവാചകരെ, അങ്ങ് ജനങ്ങളെ ഉല്‍ബോധിപ്പിക്കുക. കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. അവരെ ഓര്‍മപ്പെടുത്തുക. നിങ്ങളുടെ ദൗത്യം അതാണ്. ആളുകള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക എന്നതാണ്. അവരെ ഉപദേശിക്കുക എന്നതാണ്. അവരുടെ മേല്‍ ബലം പ്രയോഗിക്കുക എന്നത്, അവരുടെമേല്‍ നിയന്ത്രണാധികാരം ചെലുത്തുക എന്നത്, അവരെ നിര്‍ബന്ധിച്ച് ആശയത്തിലേക്ക് കൊണ്ടുവരിക എന്നത് അങ്ങയുടെ ദൗത്യമല്ല. അങ്ങയുടെ ജോലിയല്ല.’ പ്രവാചകന്‍ മുഹമ്മദി(സ)നോട് പരിശുദ്ധ ക്വുര്‍ആനില്‍ പറയുന്ന കാര്യം ലോകത്തിലെ മുഴുവന്‍ ഇസ്‌ലാമിക പ്രബോധകര്‍ക്കും ബാധകമാണ്. അതുകൊണ്ടാണ് കഴിഞ്ഞ 1400 വര്‍ഷമായി സ്വഹാബിമാരുടെ കാലം മുതല്‍ക്ക് ചരിത്രത്തിലുടനീളമുണ്ടായ മുഴുവന്‍ ഇസ്‌ലാമിക പ്രബോധകരും ഈ കല്‍പനയെ അക്ഷരംപ്രതി ശിരസാവഹിച്ചതും ജനങ്ങള്‍ക്ക് മുമ്പില്‍ ആശയങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചശേഷം ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം, ഇഷ്ടമുള്ളവര്‍ക്ക് തിരസ്‌കരിക്കാം എന്നുപറഞ്ഞതും. അതല്ലാതെ ജനാധിപത്യരാഷ്ട്രത്തില്‍ നിലനില്‍പിന്റെ സൗകര്യങ്ങള്‍ക്കുവേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന അഡ്ജസ്റ്റ്‌മെന്റോ ഒത്തുതീര്‍പ്പോ അല്ല അത്. പരിശുദ്ധ ക്വുര്‍ആന്‍ കല്‍പിച്ചിട്ടുള്ളത് അതാണ്. പ്രവാചകന്‍ (സ) ആ രീതിയാണ് പിന്തുടര്‍ന്നുവന്നിട്ടുള്ളത്. ആ രീതി തന്നെയാണ് ഇപ്പോഴുള്ള ഇസ്‌ലാമിക പ്രബോധകരും പിന്തുടരുന്നത്. പരിശുദ്ധ ക്വുര്‍ആന്‍ എങ്ങനെയാണ് പ്രബോധനം നടത്തേണ്ടത് എന്ന് വളരെ കൃത്യമായി പറഞ്ഞുതരുന്നത് നമുക്ക് കാണാന്‍ കഴിയും. ക്വുര്‍ആനിലെ 16-ാമത്തെ അധ്യായം സൂറത്തുന്നഹ്‌ലിലെ 125-ാമത്തെ വചനത്തില്‍ പറയുന്നു, ‘അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നിങ്ങള്‍ ജനങ്ങളെ ക്ഷണിക്കുക’. എങ്ങനെ? തോക്കുപയോഗിച്ചെന്നല്ല ക്വുര്‍ആന്‍ പറഞ്ഞത്, വാളുപയോഗിച്ച് എന്നല്ല പറഞ്ഞത്, ഏതെങ്കിലും തരത്തില്‍ ആയുധങ്ങളുപയോഗിച്ച് എന്നല്ല പറഞ്ഞത്. ഭീഷണിയുപയോഗിച്ച് എന്നല്ല പറഞ്ഞത്, പ്രലോഭനം ഉപയോഗിച്ച് എന്നല്ല പറഞ്ഞത്, ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇത് അടിച്ചേല്‍പിക്കണം എന്നല്ല പറഞ്ഞത്. ‘യുക്തിഭദ്രമായി കാര്യങ്ങളെ സമര്‍ത്ഥിച്ചുകൊണ്ട്.’ എന്തുകൊണ്ട് ഇസ്‌ലാമാണ് ശരി എന്ന് ആളുകളെ ബോധ്യപ്പെടുത്തിക്കൊണ്ട്. ആളുകളെ ഉപദേശിച്ചുകൊണ്ട്, സദുപദേശങ്ങള്‍ നടത്തിക്കൊണ്ട്, അവരുമായി സംവാദങ്ങള്‍ നടത്തിക്കൊണ്ട്, അവരുമായി വാദപ്രദിവാദങ്ങള്‍ നടത്തിക്കൊണ്ട്, അവരുമായി ദാര്‍ശനികമായി തര്‍ക്കങ്ങള്‍ നടത്തിക്കൊണ്ട്. വിവിധ ദര്‍ശനങ്ങളെ പിന്തുടരുന്ന ആളുകള്‍ നിങ്ങളുടെ സമൂഹത്തില്‍ ഉണ്ടാകും. അവരുടെ അടുക്കലേക്ക് നിങ്ങള്‍ പ്രബോധനദൗത്യങ്ങളുമായി കടന്നുചെല്ലണം. ഇസ്‌ലാമാണ് ശരി എന്നുപറയണം. ഇസ്‌ലാമിലേക്ക് അവരെ ക്ഷണിക്കണം. എന്തുകൊണ്ട് ഇസ്‌ലാം എന്ന് ബോധ്യപ്പെടുത്താന്‍ വൈജ്ഞാനികമായി ശ്രമിക്കണം. അപ്പോള്‍ തിരിച്ചു ചോദ്യങ്ങളുണ്ടാകും. അവര്‍ പിന്തുടരുന്ന ദര്‍ശനങ്ങളാണ് ശരി എന്നവര്‍ പറയും. അപ്പോള്‍ നിങ്ങളത് കേള്‍ക്കണം. മാന്യമായ സ്‌നേഹസംവാദങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സംഭവിക്കണം. ആ സംവാദങ്ങളിലൂടെ, സദുപദേശങ്ങളിലൂടെ, യുക്തിഭദ്രമായ സമര്‍ത്ഥനങ്ങളിലൂടെയാണ് നിങ്ങള്‍ ഇസ്‌ലാമിനെ അവതരിപ്പിക്കേണ്ടത്, പ്രബോധനം ചെയ്യേണ്ടത് എന്ന് പരിശുദ്ധ ക്വുര്‍ആന്‍ വളരെ കൃത്യമായി പറഞ്ഞു. ആ പരിശുദ്ധ ക്വുര്‍ആനിന്റെ കല്‍പനയെ പിന്തുടരുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രബോധകസംഘങ്ങളെല്ലാം ചെയ്യുന്നതെന്നാണ് സത്യം.
അതുകൊണ്ടാണ് പരിശുദ്ധ ക്വുര്‍ആനിലെ രണ്ടാമത്തെ അധ്യായം സൂറത്തുല്‍ ബക്വറയിലെ 256-ാമത്തെ വചനത്തില്‍ വളരെ കൃത്യമായി മതത്തിന്റെ കാര്യത്തില്‍ ഒരു ബലാല്‍ക്കാരവുമില്ല എന്ന് പ്രഖ്യാപിച്ചത്. ക്വുര്‍ആനിന്റെ അസന്നിഗ്ധമായ പ്രഖ്യാപനമാണത്. ആ പ്രഖ്യാപനത്തെ ബ്രേക്ക് ചെയ്യാന്‍ ഒരു അബൂബക്കര്‍ ബഗ്ദാദിക്കും ഒരു അവകാശവുമില്ല. എത്ര നീണ്ട താടിയുള്ളവര്‍, എത്ര വലിയ തലപ്പാവുള്ളവര്‍, എത്ര മിന്നുന്ന നീളക്കുപ്പായമണിഞ്ഞവര്‍ ഈ ആശയങ്ങള്‍ക്കെതിരെ, പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കെതിരെ സംസാരിച്ചാലും അവരോട് നിങ്ങള്‍ പറയുന്ന ഇസ്‌ലാം ഞങ്ങള്‍ക്കാവശ്യമില്ല എന്നു പറയാനേ മുസ്‌ലിംകള്‍ക്ക് കഴിയൂ. എന്തുകൊണ്ടെന്നാല്‍ മുസ്‌ലിംകള്‍ ഇസ്‌ലാം പഠിച്ചത് പരിശുദ്ധ ക്വുര്‍ആനില്‍ നിന്നാണ്. മുസ്‌ലിംകള്‍ ഇസ്‌ലാം പഠിച്ചത് മുഹമ്മദ് നബി(സ)യുടെ ജീവിതചര്യയില്‍ നിന്നാണ്. ക്വുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചത് മതത്തിന്റെ കാര്യത്തില്‍ ബലാല്‍ക്കാരമില്ല, മതത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമില്ല, മതത്തിന്റെ കാര്യത്തില്‍ ഒരുവിധത്തിലുമുള്ള അടിച്ചേല്‍പ്പിക്കലുമില്ല എന്നാണ്. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വളരെ വ്യക്തമായി വേര്‍തിരിഞ്ഞിരിക്കുന്നു, കൃത്യമായി വ്യവച്ഛേദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ വേര്‍തിരിഞ്ഞിരിക്കുന്നതുകൊണ്ടുതന്നെ എന്താണ് സന്മാര്‍ഗമെന്നും എന്താണ് ദുര്‍മാര്‍ഗമെന്നും വിശദീകരിച്ചുകൊടുക്കേണ്ട ദൗത്യമേ നിങ്ങള്‍ക്കുള്ളൂ. ആ ദൗത്യം നിര്‍വഹിക്കപ്പെടുമ്പോള്‍ സല്‍ബുദ്ധിയുള്ളവര്‍, സന്മനസ്സുള്ളവര്‍, സത്യമാണ് ഇത് എന്ന് ബോധ്യപ്പെടുന്നയാളുകള്‍ -അവര്‍ സ്വാഭാവികമായും നന്മയുടെ ഭാഗം പിന്തുടര്‍ന്നുകൊള്ളും. ധര്‍മത്തിന്റെ വഴി പിന്തുടര്‍ന്നുകൊള്ളും. അല്ലാത്തവര്‍ ഇതിലേക്കു വരാന്‍ യാതൊരു വിധത്തിലുമുള്ള നിര്‍ബന്ധവും ചെലുത്തരുത് എന്നാണ് പരിശുദ്ധ ക്വുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്.
അല്ലെങ്കിലും എന്താണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ലക്ഷ്യം? ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക ധാരണയുള്ളവര്‍ക്ക് മുഴുവനുമറിയാം ഇസ്‌ലാം മരണാനന്തരജീവിതത്തിലുള്ള മോക്ഷത്തിനുള്ള മാര്‍ഗമാണ് എന്ന്. ഇസ്‌ലാം പിന്തുടരുന്നവര്‍ക്കാണ് മരണാനന്തര ജീവിതത്തില്‍ മോക്ഷമുണ്ടാവുക എന്നത് പരിശുദ്ധ ക്വുര്‍ആന്‍ വളരെ കൃത്യമായി തന്നെ നമ്മളെ പഠിപ്പിക്കുന്നു. മരണാനന്തര ജീവിതത്തില്‍ മോക്ഷമുണ്ടാവുക ഇസ്‌ലാം ബോധ്യപ്പെട്ടു സ്വീകരിക്കുന്നവര്‍ക്കാണ്. മതപരിവര്‍ത്തനം മനപരിവര്‍ത്തനമാണ്. അത് ഹൃദയത്തിലാണ് സംഭവിക്കേണ്ടത്. ഇസ്‌ലാം സത്യമാണ് എന്ന് ഒരു മനുഷ്യന് ബോധ്യം വരണം. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണ് എന്ന് അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍ അയാള്‍ക്കൊരു ബോധ്യം വരണം. പരിശുദ്ധ ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ് എന്ന് സംശയരഹിതമായി അയാള്‍ക്ക് ബോധ്യം വരണം. പടച്ചതമ്പുരാന്‍ മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന വസ്തുത അയാളുടെ ഹൃദയത്തിന്റെ ഉള്ളില്‍ പ്രവേശിക്കണം. അങ്ങനെയാകുമ്പോള്‍ മാത്രമേ അതൊരു മതപരിവര്‍ത്തനമാകൂ. വാള് കാണിച്ച്, തോക്ക് കാണിച്ച്, ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തി, എന്ത് മനപരിവര്‍ത്തനമാണ് മനുഷ്യരില്‍ ഉണ്ടാക്കാന്‍ കഴിയുക? ആളുകള്‍ ചിലപ്പോള്‍ അഭിനയിച്ചേക്കും; നിങ്ങളുടെ തലയെടുക്കുമെന്നു പറഞ്ഞാല്‍, ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെങ്കില്‍ നിങ്ങളെ ആക്രമിക്കുമെന്നു പറഞ്ഞാല്‍, നിങ്ങളെ കൊല്ലുമെന്നു പറഞ്ഞാല്‍ ആളുകള്‍ ഇസ്‌ലാം അഭിനയിച്ചേക്കും. അങ്ങനെ അഭിനയിക്കുന്നതിന്റെ പേര് ഇസ്‌ലാമെന്നല്ല. അതിന്റെ പേര് കാപട്യമെന്നാണ്.
പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞത് നരഗാഗ്നിയുടെ ഏറ്റവും താഴെതട്ടിലുള്ളത് കപടവിശ്വാസികളാണ് എന്നാണ്. ഉള്ളില്‍ വിശ്വാസമില്ലാതെ പുറമേക്ക് വിശ്വാസം അഭിനയിക്കുന്നവര്‍ ആണ് കപടവിശ്വാസികള്‍. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ബോധ്യപ്പെടാതെ മുസ്‌ലിമായി ജീവിക്കുന്നയാളുകള്‍. അവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ കടുത്ത ശിക്ഷയാണുള്ളത് എന്നാണ് പരിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ഇവിടെ വാളുപയോഗിച്ച് ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മനുഷ്യരുടെ മനസ്സിനകത്ത് ബോധ്യങ്ങളുണ്ടാക്കാന്‍ കഴിയില്ല. ആത്മാര്‍ത്ഥമായ ഇസ്‌ലാമാശ്ലേഷണങ്ങള്‍ അതുവഴി സംഭവിക്കില്ല. ആരെയെങ്കിലും ഭയന്നുകൊണ്ടുള്ള ആശ്ലേഷണങ്ങളേ സംഭവിക്കൂ. ആ അഭിനയങ്ങളില്‍ ഇസ്‌ലാമിന് യാതൊരു താല്‍പര്യവുമില്ല. അത്തരം നാടകങ്ങള്‍ക്ക് മനുഷ്യരെ നിര്‍ബന്ധിച്ചതുകൊണ്ട് അവരുടെ മരണാനന്തര ജീവിതത്തില്‍ അവര്‍ക്ക് യാതൊരു ഉപകാരവും ഉണ്ടാകാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ മരണാന്തര ജീവിതത്തില്‍ മനുഷ്യരുടെ രക്ഷയാഗ്രഹിക്കുന്ന ഇസ്‌ലാമിക പ്രബോധകര്‍ പരിശുദ്ധ ക്വുര്‍ആന്‍ കല്‍പിച്ചതുപോലെ യുക്തിയും സദുപദേശങ്ങളും ദാര്‍ശനികമായ സംവാദങ്ങളും വഴി ഇസ്‌ലാമിനെ ബോധ്യപ്പെടുത്താനല്ലാതെ ഭീഷണികളും ബലപ്രയോഗങ്ങളും വഴി ഇസ്‌ലാമിനെ അടിച്ചേല്‍പിക്കാന്‍ ഒരിക്കലും സന്നദ്ധരാവുകയില്ല എന്നതാണ് സത്യം. ക്വുര്‍ആനിന്റെ കല്‍പന അതാണ്. പ്രവാചകന്‍മാരുടെ മാതൃക അതാണ്. അന്തിമപ്രവാചകനായ മുഹമ്മദ് നബി (സ) പഠിപ്പിച്ചതാണ്. 1400 വര്‍ഷമായി മുസ്‌ലിംകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അവരുടെ മുഴുവന്‍ ഇസ്‌ലാമിനെ റദ്ദ് ചെയ്തുകൊണ്ട് ഈ 21-ാം നൂറ്റാണ്ടില്‍ പുതിയ ഒരു ബലപ്രയോഗ ഇസ്‌ലാമിനെ ഏതെങ്കിലുമൊരു ഭീകരപ്രസ്ഥാനം കണ്ടെത്തുന്നുണ്ടെങ്കില്‍, ആ ഭീകരപ്രസ്ഥാനം ആളുകള്‍ക്ക് തിരസ്‌കാരത്തിനും സ്വീകരണത്തിനും സ്വാതന്ത്ര്യം നല്‍കി പ്രബോധനം നിര്‍വഹിക്കുന്ന കൂട്ടായ്മകളെയും വ്യക്തികളെയും അധിക്ഷേപി
ക്കുന്നുണ്ടെങ്കില്‍ ആ അധിക്ഷേപങ്ങളെ ഒരു ബഹുമതിയായി ഏറ്റെടുക്കുകയാണ് അത്തരം പ്രസ്ഥാനങ്ങളും വ്യക്തികളും ചെയ്യേണ്ടത് എന്നു മാത്രമാണ് നമുക്ക് സൂചിപ്പിക്കുവാനുള്ളത്.
2. മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന വചനം ഇസ്‌ലാമിന്റെ അടവുനയമാണ്; ഇസ്‌ലാമിന് ശക്തിയും അതിനൊത്ത അധികാരവും ഇല്ലാത്ത സമയത്ത് സ്വീകരിക്കേണ്ട ഒരു അടവുനയം; ഇസ്‌ലാമിന് ശക്തിയും അധികാരവുമൊക്കെ ലഭിച്ചാല്‍ മുസ്‌ലിംകള്‍ക്കുള്ളിലെ ഐ.എസ് പുറത്തുചാടും എന്ന് ഇസ്‌ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. നബി(സ)യ്ക്ക് അധികാരവും ശക്തിയുമൊക്കെ ലഭിച്ചപ്പോള്‍ ശത്രുക്കളോട് നിങ്ങള്‍ ഇസ്‌ലാമിലേക്ക് വരിക, അതല്ലെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് ജിസ്‌യ നല്‍കുക, അതുമല്ലെങ്കില്‍ ഇസ്‌ലാമുമായി യുദ്ധത്തിലേര്‍പ്പെടുക എന്ന ബലാല്‍ക്കാരത്തിന്റെ വര്‍ത്തമാനങ്ങളാണല്ലോ പറഞ്ഞത് എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു?
– മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന് തുടങ്ങുന്ന വചനം ഉദ്ധരിച്ചുകൊണ്ട് മനുഷ്യരുടെ വിശ്വാസസ്വാതന്ത്ര്യത്തെ ഒരു മൗലികാവകാശമായി ഇസ്‌ലാം പരിഗണിക്കുന്നു എന്ന് പറയുന്നതിനെ പല കോണുകളില്‍ നിന്നും ആളുകള്‍ വിമര്‍ശിക്കാറുണ്ട്. പ്രത്യേകിച്ചും ഇസ്‌ലാമിനെ വളരെ ഭീകരമായ ഒരു തത്ത്വശാസ്ത്രമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഓറിയന്റലിസ്റ്റ് ഡാറ്റാ ബെയ്‌സുകളെ അവലംബിച്ചുകൊണ്ട് നിര്‍മിക്കപ്പെട്ടിട്ടുള്ള പല മിഷനറി വെബ്‌സൈറ്റുകളും ഇത് വളരെ കൃത്യമായി തന്നെ പറയുന്നത് കാണാന്‍ കഴിയും. മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന് പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞത് ഇസ്‌ലാമിന് രാഷ്ട്രീയാധികാരമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ്; സ്വാഭാവികമായും ആളുകളെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് കൊണ്ടുവരാന്‍ കഴിയാത്ത, ഇസ്‌ലാമിന്റെ ഒരു ദുര്‍ബലാവസ്ഥയില്‍ പറഞ്ഞുവെച്ച ഒരു കാര്യമാണ്; എന്നാല്‍ പ്രവാചകന് (സ) മദീനയില്‍ അധികാരം കിട്ടിയതോടുകൂടി അദ്ദേഹം ആ നിലപാട് മാറ്റി ആളുകളെ വാള് കാണിച്ച് നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്ന രീതി സ്വീകരിച്ചു എന്നെല്ലാമാണിവര്‍ പറയാറുള്ളത്.
ഇവിടെ നേരത്തെ സൂചിപ്പിച്ചതുപോലെ ഇസ്‌ലാമിക് സ്റ്റെയ്റ്റുമായി ബന്ധപ്പെട്ടയാളുകള്‍ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിനെതിരെ ഉന്നയിക്കുന്ന ഇത്തരം വാദങ്ങളെ അതേപോലെ ഏറ്റെടുക്കുകയും അവര്‍ പറയുന്നത് തന്നെയാണ് ശരി എന്ന് സൂചിപ്പിക്കുകയും ഇസ്‌ലാമിന് അധികാരം ലഭിച്ചാല്‍ ആളുകളുടെമേല്‍ ബലം പ്രയോഗിച്ച് വിശ്വാസം അടിച്ചേല്‍പിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നാം കാണുന്നു. യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ക്വുര്‍ആനിലെ ഈ വചനത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന ഇത്തരം എല്ലാ വാദങ്ങളും അടിസ്ഥാനരഹിതമാണ്. എന്തുകൊണ്ടെന്നാല്‍ ക്വുര്‍ആനിലെ മതത്തില്‍ ബലാല്‍ക്കാരമില്ല എന്നുതുടങ്ങുന്ന വചനം അവതരിപ്പിക്കപ്പെട്ടത് ഇസ്‌ലാമിന് രാഷ്ട്രീയാധികാരമില്ലാത്ത സമയത്തല്ല. മക്കയില്‍ പ്രവാചകന്‍ (സ) കേവലം ഒരു പൗരനായിരുന്ന, പ്രജയായിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ക്വുര്‍ആനിന്റെ വചനമല്ല അത്. മറിച്ച് പ്രവാചകന്‍ (സ) മദീനയിലേക്ക് ഹിജ്‌റ പോയി മദീനയുടെ രാഷ്ട്രത്തലവനായി, അവിടുത്തെ സര്‍വസൈന്യാധിപനായി, അവിടുത്തെ ന്യായാധിപനായി, മദീനയുടെ പരമാധികാരിയായി വര്‍ഷങ്ങള്‍ പിന്നിട്ടശേഷം മദീനയിലെ ജൂതഗോത്രങ്ങളുമായി ബന്ധപ്പെട്ട ചില സൈനികനടപടികളുണ്ടാകുന്ന കാലത്താണ് പരിശുദ്ധ ക്വുര്‍ആനിലെ ഈ വചനം അവതരിപ്പിക്കപ്പെടുന്നത്.
അബൂദാവൂദിന്റെ സുനനില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള സ്വഹീഹായ ഒരു ഹദീഥില്‍ എന്തായിരുന്നു ഈ വചനത്തിന്റെ അവതരണ പശ്ചാത്തലമെന്ന് വളരെ കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. റസൂല്‍ (സ) മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ പ്രവാചകനെയും കൂടെയുണ്ടായിരുന്നവരെയും സ്വീകരിച്ച മദീനയിലെ അറബികളാണ് അന്‍സ്വാറുകള്‍ എന്ന് അറിയപ്പെടുന്നത്. അന്‍സ്വാരികളായ സ്ത്രീകള്‍ക്കിടയില്‍ പല രീതിയിലുള്ള അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനുമുന്‍പ് മദീനയില്‍ പ്രചാരത്തിലുണ്ടായിരുന്ന പല അന്ധവിശ്വാസങ്ങളുടെയും ബാക്കിപത്രങ്ങള്‍. ആ അന്ധവിശ്വാസങ്ങളില്‍ പലതിനെയും പ്രവാചകനുമായി ഉണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് അവര്‍ക്ക് തിരുത്താനായത്. പ്രവാചകന്‍ (സ) മദീനയിലേക്ക് പലായനം ചെയ്ത് എത്തുന്നതിനുമുന്‍പ് മദീനയിലെ അറബ് ഗോത്രങ്ങള്‍ക്കിടയില്‍ ശിശുമരണങ്ങള്‍ വളരെ വ്യാപകമായിരുന്നു. ഉയര്‍ന്ന ശൈശവമരണനിരക്കിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ മരിക്കാതെ ജീവനോടെ നില്‍ക്കാന്‍ എന്തുചെയ്യണം എന്ന ചര്‍ച്ചകള്‍ അവര്‍ക്കിടയില്‍ നടന്നിരുന്നു. അന്ന് മദീനയില്‍ ജൂതന്‍മാരുണ്ട്. ഈ ജൂതന്‍മാരായ ആളുകള്‍ മോശെ പ്രവാചകന്റെയും അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ട തൗറാത്ത് എന്ന വേദഗ്രന്ഥത്തിന്റെയും പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്നവരാണ്. ആ അര്‍ത്ഥത്തില്‍ വേദങ്ങളുമായോ പ്രവാചകന്‍മാരുമായോ നേര്‍ക്കുനേരെ ബന്ധമില്ലാതിരുന്ന മദീനയിലെ അറബികള്‍ ജൂതന്‍മാരെ ഒരുതരം ബഹുമാനത്തോടുകൂടി നോക്കികാണുകയും അവര്‍ക്ക് പടച്ചതമ്പുരാനുമായി എന്തോ വംശീയമായ ബന്ധമുണ്ട് എന്ന് വിചാരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തങ്ങള്‍ക്ക് ഒരാണ്‍കുട്ടിയുണ്ടായി ആ ആണ്‍കുട്ടി മരിക്കാതിരിക്കുകയാണെങ്കില്‍, ജീവനോടെ വളരുകയാണെങ്കില്‍, ആ ആണ്‍കുട്ടിയെ ഞങ്ങള്‍ ജൂതന്‍മാരാക്കി വളര്‍ത്തിക്കൊള്ളാം എന്ന് നേര്‍ച്ച നേരുന്ന ഒരു സമ്പ്രദായം അന്‍സ്വാരി സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
വ്യാപകമായ ശിശുമരണങ്ങളുടെ ഒരു കാലത്ത് എന്റെ ആണ്‍കുട്ടിയെ ഞാന്‍ ജൂതനാക്കി വളര്‍ത്തിക്കൊള്ളാം എന്ന് നേര്‍ച്ച നേര്‍ന്നാല്‍ ആ കുട്ടിയെ ദൈവം തമ്പുരാന്‍ ജീവിക്കാന്‍ അനുവദിച്ചേക്കും എന്ന പ്രത്യാശയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ, ജൂതന്‍മാരുമായി പടച്ചതമ്പുരാന് സവിശേഷമായ എന്തോ ഒരു ബന്ധമുണ്ട് എന്ന അവരുടെ പ്രാദേശികമായ അന്ധവിശ്വാസത്തില്‍നിന്നു വളര്‍ന്നുവന്ന ഒരാചാരമായിരുന്നു അത്. അങ്ങനെ മദീനയിലെ പല അന്‍സ്വാരി കുടുംബങ്ങളിലും ജൂതന്‍മാരായി വളര്‍ത്താന്‍ നേര്‍ച്ച നേരപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജൂതന്‍മാരായി വളര്‍ന്ന ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ജൂതന്‍മാരായി അവര്‍ വളര്‍ത്തിയ അവരുടെ രക്തത്തില്‍പിറന്ന ആ ആണ്‍കുട്ടികളെ തങ്ങളുടെ വീടുകളില്‍ താമസിപ്പിക്കുന്നതിനുപകരം മദീനയിലെ പ്രബല ജൂതഗോത്രമായിരുന്ന ബനൂനദീറുകാരുടെ കോളനിയില്‍ കൊണ്ടുചെന്നാക്കുകയാണ് അന്ന് ഇവര്‍ ചെയ്തിരുന്നത്. ജൂതസംസ്‌കാരമനുസരിച്ച്, ജൂതആചാരങ്ങളനുസരിച്ച്, ജൂതവിശ്വാസങ്ങളനുസരിച്ച് ഈ കുട്ടികള്‍ വളർന്നുവരുന്നതിന് വേണ്ടിയാണ്, അവരുടെ നേര്‍ച്ചയില്‍ സത്യസന്ധതയുള്ളതുകൊണ്ടുതന്നെ ഇങ്ങനെ ചെയ്തിരുന്നത്.
പ്രവാചകന്‍ (സ) മദീനയിലെത്തിയപ്പോള്‍ ഈ മാതാപിതാക്കളെല്ലാം ഇസ്‌ലാം സ്വീകരിച്ചു. എന്നാല്‍ ബനൂനദീറുകാരായി വളര്‍ന്ന അവരുടെ ആണ്‍കുട്ടികള്‍ ജൂതമതത്തില്‍ തന്നെ നിലനില്‍ക്കുന്ന അവസ്ഥാവിശേഷമുണ്ടായി. അങ്ങനെ നിലനില്‍ക്കുന്ന സമയത്താണ് ബനൂനദീര്‍ ഗോത്രം മദീന എന്നുപറയുന്ന രാഷ്ട്രസംവിധാനത്തിനെതിരില്‍ രാജ്യദ്രോഹപരമായ കലാപക്കൊടി ഉയര്‍ത്തുന്നത്. അപ്പോള്‍ രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി ബനൂനദീറുകാര്‍ക്കെതിരെ സൈനികനടപടി സ്വീകരിച്ച് അവരെ മദീന രാജ്യത്തുനിന്ന് അന്നത്തെ രാഷ്ട്രീയമായ നീതിശാസ്ത്രമനുസരിച്ച് പുറത്താക്കാനുള്ള തീരുമാനമുണ്ടായി. അപ്പോള്‍ ഈ അന്‍സ്വാരികളില്‍ പലരും ബനൂനദീറുകാരുടെ കൂടെ ജൂതന്‍മാരായി ജീവിക്കുന്ന ആണ്‍മക്കളെ ചെന്നുകണ്ട് അവരോട് ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ജൂതന്‍മാരുടെ കോളനിയില്‍ നിന്ന് തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബനൂനദീറുകാര്‍ മദീന വിട്ടുപോകുമ്പോള്‍ അവരുടെ കൂടെ മദീന വിട്ട് ജൂതന്‍മാരായി പോകുന്നതിനുപകരം സ്വന്തം കുടുംബങ്ങളിലേക്ക് തിരിച്ചുവന്ന് ഇസ്‌ലാമിലേക്ക് വരണമെന്ന് ഈ കുട്ടികളില്‍ പലരോടും ഈ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പല കുട്ടികളും ആ ആവശ്യത്തെ തിരസ്‌കരിക്കുകയും നിരാകരിക്കുകയും ഞങ്ങള്‍ ജൂതന്‍മാരായി തന്നെ നിലനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അറിയിക്കുകയും ചെയ്തു. ഈ സമയത്ത് ഇങ്ങനെ മനോവിഷമം അനുഭവിച്ച മാതാപിതാക്കളില്‍ ചിലര്‍ പ്രവാചകന്റെ (സ) സന്നിധിയിലേക്ക് കടന്നുവന്നുകൊണ്ട് പ്രവാചകരേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ആണ്‍കുട്ടികള്‍ ജൂതന്‍മാരായി ബനൂനദീറുകാരുടെ കൂടെ പോകുന്നതില്‍ വിഷമമുണ്ട്, അവരെ ഇസ്‌ലാം സ്വീകരിക്കുവാന്‍ മാതാപിതാക്കള്‍ക്കുള്ള അധികാരമുപയോഗിച്ച് ഞങ്ങള്‍ക്ക് നിര്‍ബന്ധിച്ചുകൂടേ എന്ന് ചോദിച്ചപ്പോള്‍ അതിനു മറുപടിയായാണ് യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ക്വുര്‍ആനിലെ രണ്ടാമധ്യായം സൂറത്തുല്‍ ബക്വറയിലെ 256-ാമത്തെ വചനമായി ഈ ആയത്ത് അവതരിപ്പിക്കപ്പെടുന്നത്.
‘മതത്തിന്റെ കാര്യത്തില്‍ യാതൊരു ബലപ്രയോഗവുമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്നും വളരെ വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു’ എന്ന് പരിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത് മക്കയില്‍ ഇസ്‌ലാമിന് രാഷ്ട്രീയാധികാരമില്ലാത്ത സമയത്തല്ല, മറിച്ച് മദീന എന്ന രാഷ്ട്രം വളര്‍ന്ന് വികസിച്ച് രാജ്യദ്രോഹനടപടികളുടെ പേരില്‍ രാഷ്ട്രത്തിനുള്ളിലുള്ള ഒരു ഗോത്രത്തിനെതിരില്‍ സൈനികനടപടി സ്വീകരിക്കുവാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു സമയത്ത്, പ്രവാചകന്‍ (സ) മദീനയുടെ അധികാരിയായ, സര്‍വസൈന്യാധിപനായ, പരമോന്നത ന്യായാധിപനായ ഒരു കാലഘട്ടത്തില്‍, ഇസ്‌ലാമിന് എല്ലാവിധ രാഷ്ട്രീയാധികാരങ്ങളുമുണ്ടായിരുന്ന ഒരു സമയത്ത് ആണ് എന്നര്‍ത്ഥം. നമ്മള്‍ ആലോചിക്കുക, അന്ന് പ്രവാചകന്‍ (സ) ആണ് ഭരണാധികാരി. ഇസ്‌ലാമിക ശരീഅത്താണ് ഭരണവ്യവസ്ഥ. അവിടെ എന്ത് വിധിക്കണമെന്ന്, എന്ത് തീരുമാനമെടുക്കണമെന്ന് പ്രവാചകനാണ് തീരുമാനിക്കുന്നത്. സൈന്യം ഇസ്‌ലാമിക രാഷ്ട്രത്തിന്റേതാണ്, ഇസ്‌ലാമിന്റെ കയ്യിലാണ്. ഇവിടെ മാതാപിതാക്കള്‍ ചോദിക്കുന്നത് സ്വന്തം മക്കളെക്കുറിച്ചുമാണ്. ആ മക്കളാകട്ടെ, അന്ധവിശ്വാസപരമായ, ഇസ്‌ലാം സ്വീകരണത്തിനുമുമ്പുള്ള, ഒരു നേര്‍ച്ചയുടെ ഭാഗമായി ജൂതന്‍മാരായി വളര്‍ത്തപ്പെട്ട മക്കളുമാണ്. ആ മക്കളെ പ്രായപൂര്‍ത്തിയായതിനുശേഷം ഇസ്‌ലാമിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കുന്നതിനെക്കുറിച്ചാണ് പരിശുദ്ധ ക്വുര്‍ആന്‍ കര്‍ക്കശമായി ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ എന്നുപറഞ്ഞത്. മാതാപിതാക്കള്‍ക്ക് മക്കളുടെ കാര്യത്തില്‍ പലരീതിയിലുമുള്ള അധികാരങ്ങള്‍ ഉണ്ട് എന്ന് നമുക്കറിയാം. എന്നിട്ടുപോലും മുസ്‌ലിമല്ലാത്ത മക്കളെ നിര്‍ബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുവാന്‍, മുസ്‌ലിമല്ലാത്ത മക്കളെ ഒരു യഹൂദ ഗോത്രത്തോടൊപ്പം നാടുവിടുന്നതില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍, മാതാപിതാക്കള്‍ക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ പോലും യാതൊരുവിധ അവകാശവുമില്ല എന്ന് വ്യക്തമാക്കുന്ന വചനമാണ് പരിശുദ്ധ ക്വുര്‍ആനിലെ ഈ വചനം. അതുകൊണ്ടു തന്നെ ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ എന്നു ക്വുര്‍ആന്‍ പറയുന്നത് ഒരു ഉപായമെന്ന നിലക്കാണ് എന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പരിശുദ്ധ ക്വുര്‍ആന്‍ ഒരു നയം എന്ന നിലക്ക് ഏതെങ്കിലുമൊരു ഗത്യന്തരമില്ലായ്മയുടെ അടിസ്ഥാനത്തില്‍ പറയുന്നൊരു കാര്യമല്ലത്. ഏതുസാഹചര്യത്തിലും എത്ര രാഷ്ട്രീയാധികാരമുണ്ടായാലും നൈതികമായ ഒരു നിലപാട് എന്ന നിലയില്‍, മനുഷ്യാസ്തിത്വത്തിന് പടച്ചതമ്പുരാന്‍ നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തോടുള്ള ആദരവ് എന്നനിലയില്‍, മുസ്‌ലിംകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു മൂല്യമായിട്ടാണ് പരിശുദ്ധ ക്വുര്‍ആന്‍ അത് പഠിപ്പിക്കുന്നത്.
ഇവിടെ ഒരു ഹദീഥില്‍ പ്രവാചകന്‍ (സ) സ്വഹാബിമാരോട്, അവിശ്വാസികളെ കാണുമ്പോൾ ‘ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ ജിസ്‌യ നല്‍കുക, അല്ലെങ്കില്‍ വാളിന് ഇരയാവുക’ എന്നുപറയാന്‍ നിര്‍ദ്ദേശിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇബ്‌നു മാജയുടെ സുനനില്‍ പ്രവാചകന്‍ (സ) തന്റെ ഒരു അനുചരനോട് പറഞ്ഞ വര്‍ത്തമാനങ്ങളെയാണ് പലപ്പോഴും ഈ രീതിയില്‍ എടുത്തുദ്ധരിക്കാറുള്ളത്. പ്രവാചകന്‍ (സ) അത് പറയുന്നത് ഏതെങ്കിലും പ്രബോധകരോടല്ല. ഇസ്‌ലാമിക പ്രബോധനം എന്ന ദൗത്യത്തിനുവേണ്ടി അയക്കപ്പെടുന്ന ഏതെങ്കിലും ദൗത്യസംഘത്തോടല്ല പ്രവാചകന്‍ (സ) ഇത് സംസാരിക്കുന്നത്. മറിച്ച് മിലിറ്ററി ഓപ്പറേഷനുകള്‍ക്കുവേണ്ടി പോകുന്ന, സൈനികനടപടികള്‍ക്കുവേണ്ടി പോകുന്ന പട്ടാളക്കാരുടെ തലവനോടാണ് റസൂല്‍ (സ) ഇബ്‌നു മാജയുടെ സുനനില്‍ ഉദ്ധരിക്കപ്പെട്ട ഈ ഹദീഥില്‍ സംസാരിക്കുന്നത് നമ്മള്‍ കാണുന്നത്. അവരോട് എന്താണ് റസൂല്‍ (സ) പറയുന്നത്? കൂടെയുള്ള പട്ടാളക്കാരെ നേതാവ് എന്ന നിലയില്‍ ആര്‍ദ്രതയോടെ പരിഗണിക്കണം, സൈനികനടപടികള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുത്, ആളുകളെ വെറുതെ കൊലപ്പെടുത്തരുത്, സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത്, അവിടെ വൃക്ഷലതാദികള്‍ നശിപ്പിക്കുന്ന അവസ്ഥാവിശേഷം ഉണ്ടാകരുത്, ആളുകള്‍ക്ക് അംഗവൈകല്യം വരുത്തരുത്, ശവശരീരങ്ങളോട് അനാദരവ് കാണിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പറയുന്ന കൂട്ടത്തില്‍ റസൂല്‍ (സ) പറയുന്നൊരു കാര്യമാണ് ഏതെങ്കിലും അമുസ്‌ലിം ഗോത്രത്തെ കണ്ടാല്‍ ഈ മൂന്ന് നിര്‍ദ്ദേശങ്ങള്‍ വെക്കണം എന്നത്.
അത് പറയുന്നതിന് പ്രത്യേകമായൊരു പശ്ചാത്തലമുണ്ട്. മദീന എന്ന ഒരു ഇസ്‌ലാമിക രാഷ്ട്രം വളര്‍ന്നുവരുന്നു. ആ ഇസ്‌ലാമിക രാഷ്ട്രത്തിനുപുറത്ത് മരുഭൂവാസികളായ ഒരുപാട് അറബ് ഗോത്രങ്ങളുണ്ട്. ആ അറബ് ഗോത്രങ്ങള്‍ അന്നത്തെ രീതിയനുസരിച്ച് ആയുധങ്ങള്‍ കൈവശമുള്ള ഗോത്രങ്ങളാണ്. ആ അറബ് ഗോത്രങ്ങള്‍ മദീനക്കെതിരെ സൈനികമായ വെല്ലുവിളികളുയര്‍ത്തുകയും മദീനയുടെ രാജ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യാന്‍ ശ്രമിച്ചവരാണ്. അതോടൊപ്പം മക്കയില്‍ നിന്നും മദീനയെ ആക്രമിക്കാന്‍ വന്ന മക്കയില്‍ നിന്നുള്ള സൈനികര്‍ പലപ്പോഴും ഇത്തരം മരുഭൂവാസികളായ അറബ് ഗോത്രങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ട് ഒന്നിച്ച് മദീനയെ ആക്രമിക്കുവാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. സ്വാഭാവികമായും മദീന ഒരു രാഷ്ട്രമെന്ന നിലക്ക് ഭദ്രമായി വരുന്നതിന്റെ ഭാഗമായി ചുറ്റപാടിലുമുള്ള ഇത്തരം രാഷ്ട്രീയമായ, സൈനികമായ വെല്ലുവിളികളെ നേരിടുന്നതിന് സൈനികസംഘങ്ങളെ അയക്കുന്ന സമയത്ത് റസൂല്‍ (സ) പറഞ്ഞ വര്‍ത്തമാനമാണത്. ദഅ്‌വത്തിന്റെ (പ്രബോധനത്തിന്റെ) രീതിശാസ്ത്രമല്ല റസൂല്‍ (സ) അവിടെ പറയുന്നത്. മറിച്ച് മദീനക്കു ചുറ്റുമുള്ള മരുഭൂവാസികളായ ഗോത്രങ്ങളെ കണ്ടുമുട്ടുമ്പോള്‍ എന്തു ചെയ്യണമെന്നാണ്.
ഒന്നാമതായി പ്രവാചകന്‍ (സ) പറഞ്ഞു, അവരെ നിങ്ങള്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കണം. ഈ ക്ഷണത്തിന് സൈനികനടപടിയുമായി യാതൊരു ബന്ധവുമില്ല. ഒരു മുസ്‌ലിം ഏതൊരവസരത്തിലും പ്രബോധകനാണ്. അവന്‍ കച്ചവടക്കാരനായാലും സൈനികനായാലും അധ്യാപകനായാലും എന്തായാലും അയാള്‍ പ്രബോധകനാണ്. ജീവിതത്തിലെ ഏതു രംഗത്തേക്ക് കടന്നുചെല്ലുമ്പോഴും ഇസ്‌ലാം എന്ന ആശയം അയാളെത്തിച്ചേരുന്ന സമൂഹത്തോട് അയാള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ആ ഇസ്‌ലാമിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടേയിരിക്കും. ഇവിടെ നിര്‍ണായകമായൊരു സൈനിക നടപടിക്കുവേണ്ടിയാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ പോലും അമുസ്‌ലിം ഗോത്രങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ മറക്കരുത് എന്ന വസ്തുതയാണ് റസൂല്‍ (സ) ഈ സൈനികസംഘങ്ങളുടെ തലവന്‍മാരോട് പറയുന്നത്. ഹദീഥിന്റെ പ്രയോഗം വളരെ കൃത്യമായി ഇസ്‌ലാമിലേക്ക് ക്ഷണിക്കുക എന്നാണ്. ഇസ്‌ലാമിലേക്ക് ക്ഷണിക്കേണ്ടത് എങ്ങനെയാണ്? ഇത് പരിശുദ്ധ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇസ്‌ലാമിലേക്ക് ആളുകളെ ക്ഷണിക്കേണ്ടത് യുക്തിഭദ്രമായി കാര്യങ്ങള്‍ സമര്‍ത്ഥിച്ചുകൊണ്ടാണ്, സദുപദേശങ്ങള്‍ നല്‍കിക്കൊണ്ടാണ്, അവരുമായി ദാര്‍ശനികമായ സംവാദങ്ങളിലേര്‍പ്പെട്ടുകൊണ്ടാണ്. ഒരു സൈനികനടപടിക്കുവേണ്ടി പോകുന്ന യാത്രക്കിടയില്‍ അമുസ്‌ലിം ഗോത്രങ്ങളെ കണ്ടുമുട്ടിയാല്‍ പോലും ഈ ദൗത്യങ്ങള്‍ മറന്നുപോകരുതെന്നും അവരോട് പ്രബോധനം നടത്തണമെന്നും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കണമെന്നും പ്രവാചകന്‍ (സ) കല്‍പിച്ചു. എന്നാല്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമായിട്ടില്ലെങ്കിലോ? ഈ പറയുന്ന ഐ.എസിന്റെ കര്‍മശാസ്ത്രപ്രകാരം പ്രവാചകന്‍ (സ) പറയേണ്ടത് ഇസ്‌ലാമിലേക്ക് വരാന്‍ അവര്‍ സന്നദ്ധമായിട്ടില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തണമെന്നാണ്, അവരെ കൊന്നുകളയണമെന്നാണ്, ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമാകാത്തതിന്റെ പേരില്‍ ഗോത്രങ്ങളെ നിഷ്‌കാസനം ചെയ്യണമെന്നാണ്. എന്നാല്‍ റസൂല്‍ (സ) പറഞ്ഞത് അതൊന്നുമല്ല. അവര്‍ ഇസ്‌ലാം സ്വീകരിക്കുവാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ പ്രബോധനം എന്ന ദൗത്യം അവിടെ അവസാനിക്കുന്നു. ബാക്കിയുള്ളത് രാഷ്ട്രീയമായ നടപടിക്രമങ്ങളാണ്, മദീന എന്ന ഇസ്‌ലാമിക രാഷ്ട്രം പറഞ്ഞയക്കുന്ന സൈനികസംഘം സ്വീകരിക്കേണ്ട രാഷ്ട്രീയമായ നടപടിക്രമങ്ങൾ. ആ ഗോത്രങ്ങള്‍ക്ക് മുന്നില്‍ വെക്കേണ്ട രാഷ്ട്രീയമായ ഓപ്ഷനുകളെക്കുറിച്ചാണ് പിന്നെയുള്ള നബിസംസാരം. റസൂല്‍ (സ) പറഞ്ഞത്, അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമാവുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവരോട് വേണമെങ്കില്‍ മദീനക്കുള്ളിലേക്ക് വരാന്‍ പറയാം. ഇത് രാഷ്ട്രീയമായ ഒരു ചോയ്‌സാണ്. ഇനി അതിന് താല്‍പര്യമില്ലെങ്കില്‍ അവര്‍ക്ക് മരുഭൂനിവാസികളായ മുസ്‌ലിംകളായി കഴിയാം.
പ്രവാചകന്റെ (സ) പ്രയോഗം വളരെ ശ്രദ്ധേയമാണ്. മുസ്‌ലിമായി കഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമികേതരമായ ഒരു രാഷ്ട്രസംവിധാനത്തിനുകീഴില്‍ ജീവിക്കാന്‍ പാടില്ല എന്നല്ല പ്രവാചകന്‍ (സ) പറയുന്നത്. മദീനയുടെ അതിര്‍ത്തിക്ക് പുറത്തുള്ള മരുഭൂനിവാസികളായ മനുഷ്യരോടാണ് ഈ പറയുന്നത് എന്നോര്‍ക്കണം. കേരളത്തിലുള്ള, ഇന്‍ഡ്യയിലുള്ള മനുഷ്യരോടല്ല. മദീനയിലേക്ക് വളരെ എളുപ്പത്തില്‍ കടന്നുകയറാന്‍ കഴിയുന്ന മനുഷ്യര്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ പോലും ഒരു പൊളിറ്റിക്കല്‍ ചോയ്‌സ് എന്ന നിലയില്‍ അവര്‍ക്ക് ഇസ്‌ലാമിക രാഷ്ട്രത്തിനകത്ത് ജീവിക്കണോ പുറത്തുജീവിക്കണോ എന്നുതീരുമാനിക്കാം എന്നാണ് പ്രവാചകന്‍ (സ) പറയുന്നത്. ആ രാഷ്ട്രീയമായ ചോയ്‌സിന് വിശ്വാസവുമായി ബന്ധമൊന്നുമില്ല. പ്രവാചകന്‍ (സ) പറഞ്ഞത് അവര്‍ക്ക് ഒന്നുകില്‍ മദീനയുടെ അതിര്‍ത്തിക്കുള്ളിലേക്ക് വരാം, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമാകാം. എന്നിട്ട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൈനികനടപടികളുടെ ഭാഗമായി പട്ടാളക്കാരായി ജോലി ചെയ്യാം. സ്വാഭാവികമായും യുദ്ധങ്ങളില്‍ അവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ മദീനക്കുപുറത്തുതന്നെയാണ് താമസിക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ അവര്‍ക്ക് അങ്ങനെയുമാകാം. അത് രാഷ്ട്രീയമായ ഒരു ചോയ്‌സാണ്. എന്നിട്ട് വീണ്ടും റസൂല്‍ (സ) പറഞ്ഞുകൊടുത്തു; ഇനി ഇതിനൊന്നും അവര്‍ക്ക് താല്‍പര്യമില്ല, അവര്‍ക്ക് ഇസ്‌ലാം ശരിയെന്നു ബോധ്യപ്പെടുന്നില്ല, ഇസ്‌ലാം സത്യമാണെന്ന് ബോധ്യപ്പെടുന്നില്ല എന്നാണെങ്കില്‍ നിങ്ങള്‍ അവരോട് ജിസ്‌യ നല്‍കാന്‍ ആവശ്യപ്പെടണം. ജിസ്‌യ നല്‍കാന്‍ ആവശ്യപ്പെടുക എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് കപ്പം കൊടുക്കാന്‍ ആവശ്യപ്പെടണം. ഇത് അന്നത്തെ രാഷ്ട്രീയ നൈതികതവെച്ച് ഏതുരാജ്യവും ആവശ്യപ്പെടുന്ന കാര്യമാണ്.
നമ്മള്‍ ഇന്‍ഡ്യയുടെ ചരിത്രം പരിശോധിക്കുക. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ആ നാട്ടുരാജ്യങ്ങള്‍ യുദ്ധങ്ങള്‍ നടത്തിയിരുന്നു. യുദ്ധങ്ങള്‍ നടത്തിയ സമയത്ത് അയല്‍രാജ്യങ്ങളോട് അവര്‍ പറഞ്ഞത് എന്താണ്? നിങ്ങള്‍ക്ക് കപ്പം തന്ന് ഞങ്ങളുടെ അധികാരം അംഗീകരിക്കാം. അങ്ങനെ നിങ്ങള്‍ ഞങ്ങള്‍ക്ക് കപ്പം തന്നാല്‍ സ്വാഭാവികമായും നമ്മള്‍ സഖ്യരാഷ്ട്രങ്ങളായിരിക്കും. നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും. മറ്റ് രാഷ്ട്രങ്ങള്‍ നിങ്ങളെ ആക്രമിക്കില്ല. ഇതേപോലെ മദീനക്കുപുറത്ത് സൈനികമായ കലാപങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ഗോത്രങ്ങളുടെ അടുത്തേക്കുചെന്നാല്‍ അവരോട് വേണമെങ്കില്‍ മദീനക്ക് കപ്പം നല്‍കി മദീനയോട് കരാറില്‍ ഏര്‍പ്പെട്ട് മദീനയുടെ സംരക്ഷണത്തില്‍ പുറത്തുനിന്നുള്ള ആക്രമണകാരികളെ തുരത്തുന്ന തരത്തില്‍ നിങ്ങള്‍ക്ക് രാഷ്ട്രീയമായ സഖ്യത്തില്‍ ഏര്‍പ്പെടാം എന്നുപറയാനാണ് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നത്. ഇത് ആ കാലഘട്ടത്തില്‍ ഏതു രാജ്യവും ചുറ്റുമുണ്ടാകുന്ന ഇത്തരം രാഷ്ട്രീയവെല്ലുവിളികളോട് പ്രതികരിക്കുന്ന ഒരു രീതി മാത്രമാണ്. അതിനും സന്നദ്ധമല്ലെങ്കില്‍ യുദ്ധം ചെയ്യുക എന്ന് റസൂല്‍ (സ) അവരോട് പറഞ്ഞു.
നമ്മള്‍ ഒന്നാമതായി മനസ്സിലാക്കേണ്ടത് അവര്‍ പോയത് സൈനികനടപടിക്കാണ് എന്ന വസ്തുതയാണ്. ആ സൈനികനടപടിക്ക് സ്വാഭാവികമായും നേരെചെന്ന് യുദ്ധം ചെയ്താല്‍ മതി. പക്ഷേ പ്രവാചകന്‍ (സ) വളരെ നയതന്ത്രപരമായി അതല്ലാത്ത രാഷ്ട്രീയമായ സാധ്യതകള്‍ അന്വേഷിക്കണം എന്ന് മുസ്‌ലിംകളോട് കല്‍പിക്കുകയാണ്. പ്രബോധനം ആ രാഷ്ട്രീയമായ ചോയ്‌സുകളുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. ഇസ്‌ലാമിനെ സത്യസന്ധമായി അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നുവെന്നു മാത്രമേയുള്ളൂ. ആ അവതരണം വഴി ഇസ്‌ലാം ശരിയാണെന്ന് ബോധ്യപ്പെട്ട് അവരത് സ്വീകരിച്ചാല്‍ അവരുടെ പൊളിറ്റിക്കല്‍ ഓപ്ഷനുകളെക്കുറിച്ചു പറഞ്ഞു, ഒന്നുകില്‍ മദീനക്കുള്ളിലേക്കു വരാം, അല്ലെങ്കില്‍ മദീനക്ക് പുറത്തുനില്‍ക്കാം. ഇതുരണ്ടും അവര്‍ക്ക് ചെയ്യാം. ഇനി ഇസ്‌ലാം സ്വീകരിക്കാന്‍ അവര്‍ സന്നദ്ധമല്ലെങ്കില്‍ മദീനക്ക് കപ്പം നല്‍കാം. യുദ്ധത്തിനുപോകുന്ന ഒരു സൈനികന്‍, സൈനികനടപടിക്ക് പോകുന്ന ഒരു സൈനികന്‍, രാജ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കലാപശബ്ദങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോകുന്ന ഒരു സൈനികന്‍, ആണിത് പറയുന്നത് എന്നോര്‍ക്കണം. നമുക്ക് സൈനികനടപടിയിലേക്ക് പോകേണ്ടതില്ല, നമുക്ക് യുദ്ധം ചെയ്യേണ്ടതില്ല, നിങ്ങള്‍ക്ക് കപ്പം തന്നുകൊണ്ട് മദീനാ രാജ്യവുമായി സഖ്യത്തിലേര്‍പ്പെടാം, മദീന നിങ്ങളെ സംരക്ഷിക്കും. നിങ്ങള്‍ മുസ്‌ലിംകളാണോ അമുസ്‌ലിംകളാണോ എന്നത് ഇവിടെ ഒരു വിഷയമേ അല്ല. അതാണ് നാം മനസ്സിലാക്കേണ്ടത്.
അവര്‍ അമുസ്‌ലിംകളായി നിലനിന്നുകൊണ്ടുതന്നെ മദീന അവരെ സംരക്ഷിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകും; അവരില്‍ നിന്നു കപ്പം സ്വീകരിച്ചുകൊണ്ട്. അതുമല്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരും. ആ സൈനികനടപടി നേരിടേണ്ടി വരുന്നത് അവര്‍ അമുസ്‌ലിംകളായതുകൊണ്ടല്ല. അവര്‍ അവിശ്വാസികളായതുകൊണ്ടല്ല. അവര്‍ ഇസ്‌ലാം സ്വീകരിക്കാത്തതുകൊണ്ടല്ല. മറിച്ച് അവര്‍ ആ സൈനികനടപടികള്‍ നേരിടേണ്ടി വരുന്നത് മദീന എന്ന ഇസ്‌ലാമിക രാഷ്ട്രത്തിനെതിരില്‍ രാഷ്ട്രീയമായ വെല്ലുവിളികളുയര്‍ത്തിക്കൊണ്ട് മരുഭൂമിയില്‍ കലാപശ്രമങ്ങള്‍ നടത്തുന്നതുകൊണ്ടാണ്. ഇതേകാര്യമാണ് ഈ ഹദീഥിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് പില്‍ക്കാലത്ത് ചില ഖലീഫമാര്‍ പുറത്തുള്ള സാമ്രാജ്യങ്ങളിലേക്ക് ദൂതന്‍മാരെ പറഞ്ഞയച്ചപ്പോള്‍ അവര്‍ക്കയച്ച കത്തുകളില്‍ ഇതേ വാചകങ്ങള്‍ ആവര്‍ത്തിച്ചതിലുള്ളത്. ആ രാജ്യത്തെ രാജാക്കന്‍മാരെ ഒരു ദഅ്‌വ ബാധ്യത എന്ന നിലയില്‍ അവര്‍ ഇസ്‌ലാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ അവരെ കൊന്നുകളയുമെന്നല്ല പറഞ്ഞത്; നിങ്ങള്‍ക്ക് കപ്പം നല്‍കാം, കപ്പം നല്‍കിക്കൊണ്ട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സഖ്യരാജ്യമായി നിലനില്‍ക്കാം, നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും ഈ രാജ്യം എന്നൊക്കെയാണ് പറഞ്ഞത്. അതിനു സന്നദ്ധമല്ലെങ്കില്‍ സ്വാഭാവികമായും യുദ്ധം ചെയ്യേണ്ടി വരും. അന്ന് സാമ്രാജ്യങ്ങളുടെ കാലമാണ്. ദേശരാഷ്ട്രങ്ങളുടെ കാലമല്ല. ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ കീഴടക്കപ്പെടുക. അതാണ് അന്നത്തെ രാജ്യനിയമം. ഒന്നുകില്‍ നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി വികസിപ്പിക്കുക, മറ്റ് രാഷ്ട്രങ്ങളെ ഈ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുക. അല്ലെങ്കില്‍ നമ്മള്‍ മറ്റു രാജ്യങ്ങളുടെ ഭാഗമായി അലിഞ്ഞില്ലാതാവുക. അന്ന് എല്ലാ രാജ്യങ്ങളും സ്വാഭാവികമായും സാമ്രാജ്യങ്ങളെന്ന നിലക്ക് സ്വീകരിച്ചൊരു രാഷ്ട്രീയനൈതികത ആ കാലഘട്ടത്തിലെ ഖലീഫമാരും പിന്തുടര്‍ന്നു എന്നുമാത്രമേയുള്ളൂ. അവിടെയൊന്നും ഏതെങ്കിലും ആളുകളെ ചെന്നുകണ്ട് വാള്‍ കാണിച്ച് ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ലെങ്കില്‍ തല കൊയ്യുമെന്നു പറയുന്ന ഒരു സമ്പ്രദായം, അങ്ങനെ നിര്‍ബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുന്ന ഒരു സമ്പ്രദായം പ്രവാചകനോ (സ) സ്വഹാബിമാരോ സ്വീകരിച്ചിട്ടില്ല. കാരണം എത്ര അധികാരമുണ്ടായാലും ആളുകളെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് കൊണ്ടുവരരുത് എന്ന തത്ത്വമാണ് ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ എന്നുപറയുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ പ്രഖ്യാപനത്തില്‍ നിന്ന് അവര്‍ പഠിച്ചിട്ടുള്ളത് എന്നതാണ് സത്യം. അങ്ങനെയല്ല എന്നുപറയുന്നത് ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിക് സ്റ്റെയ്റ്റുകാരുമെല്ലാമാണ്. അവര്‍ പരിശുദ്ധ ക്വുര്‍ആനിനെയും തിരുസുന്നത്തിനെയും അവയുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ സന്നദ്ധമാവുന്നില്ല എന്നുമാത്രമേ നമുക്ക് സൂചിപ്പിക്കുവാനുള്ളൂ.
3. ജിഹാദും ഭീരതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം ഇസ്‌ലാമിന്റെ സലഫീ വ്യാഖ്യാനത്തിലാണ് പ്രശ്‌നങ്ങളുടെ വേര് എന്ന് പലരും പറയാറുണ്ട്, ഇത് ശരിയാണോ?
സലഫിയ്യ എന്ന പദം ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെയോ ഒരു വ്യക്തിയുടെയോ ഒരു പ്രദേശത്തിന്റെയോ പൈതൃകവുമായി ബന്ധപ്പെട്ട ഒരു പദമല്ല. സലഫ് എന്നു പറഞ്ഞാല്‍ പൂര്‍വികര്‍ എന്നാണ് അര്‍ത്ഥം. സലഫുസ്സ്വാലിഹികുള്‍ എന്നുപറഞ്ഞാല്‍ സച്ചരിതരായ പൂര്‍വികര്‍. സലഫുസ്സ്വാലിഹുകളുടെ മതപരമായ നിലപാടുകളില്‍ നിലനില്‍ക്കുന്നതിനെയാണ് നാം സാധാരണയായി സലഫിയ്യ എന്നുപറയുന്നത്. സലഫിസം എന്നുപറഞ്ഞാല്‍ അത് ഒരു അബദ്ധമാണ്. ഇസം എന്നുപറഞ്ഞാല്‍ അത് ഒരു ഐഡിയോളജിയാണ്, പ്രത്യയശാസ്ത്രമാണ്. ഐഡിയോളജി/പ്രത്യയശാസ്ത്രം എന്നെല്ലം വളരെ ഉപരിപ്ലവമായി നമ്മള്‍ പറഞ്ഞുപോകാറുണ്ടെങ്കിലും ഭൗതികമായി നിലവിലുള്ള ഒരു രാഷ്ട്രീയക്രമത്തെ അട്ടിമറിച്ചുകൊണ്ട് അതിനു ബദലായി ഒരു രാഷ്ട്രീയക്രമം അവതരിപ്പിക്കുന്ന ദര്‍ശനങ്ങളെയാണ് സാമാന്യമായി പ്രത്യയശാസ്ത്രം എന്നു പറയാറുള്ളത്. മാര്‍ക്‌സിസം ഒരു പ്രത്യയശാസ്ത്രമാണ്. കേപിറ്റലിസം മറ്റൊരു പ്രത്യയശാസ്ത്രമാണ്. എന്നാല്‍ സലഫിയ്യ എന്നുപറയുന്നത് രാഷ്ട്രീയസ്ഥിതിമാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ദര്‍ശനമല്ല. അതുകൊണ്ടുതന്നെ അതിനെ ഒരു ഇസം എന്നുവിളിക്കുന്നതില്‍ ശരികേടുണ്ട്. സലഫിയ്യയുടെ താല്‍പര്യം പ്രവാചകനി(സ)ല്‍ നിന്നും നേര്‍ക്കുനേരെ മതം പഠിച്ച സ്വഹാബിമാരുടെ വിശ്വാസപരവും കര്‍മപരവുമായ നിലപാടുകളില്‍ നിലനില്‍ക്കാനുള്ള ശ്രമമാണ്. സച്ചരിതരായ പൂര്‍വികര്‍ എന്നുപറഞ്ഞാല്‍ മുഖ്യമായും ഉദ്ദേശിക്കപ്പെടുന്നത് സ്വഹാബിമാരാണ്; പ്രവാചകാനുചരന്‍മാരാണ്. സ്വഹാബിമാരാണ് പ്രവാചകനി(സ)ല്‍നിന്ന് പരിശുദ്ധ ക്വുര്‍ആന്‍ കേട്ടത്, അതിന്റെ വ്യാഖ്യാനം അഭ്യസിച്ചത്. അവരെയാണ് പ്രവാചകന്‍ (സ) മതപരമായ അനുഷ്ഠാനങ്ങളും നിലപാടുകളുമെല്ലാം പഠിപ്പിച്ചത്. വ്യതിയാനങ്ങളെല്ലാം സ്വഹാബിമാരുടെ കാലശേഷം, അല്ലെങ്കില്‍ അവരുടെ കാലത്ത് അവരുടെ നിലപാടുകളോട് കലഹിച്ച് പൊട്ടിമുളച്ചുണ്ടായവയാണ്.
മതപരമായ തീവ്രവാദങ്ങളും രാഷ്ട്രീയമായ തീവ്രവാദങ്ങളുമെല്ലാമുണ്ടായത് സ്വഹാബിമാരുടെ വിശ്വാസപരവും കര്‍മപരവുമായ തനിമയില്‍ നിന്ന് മുസ്‌ലിം സമൂഹത്തിലെ അവാന്തരവിഭാഗങ്ങള്‍ വ്യതിചലിച്ചപ്പോഴാണ്. അതുകൊണ്ടുതന്നെ ആ പില്‍ക്കാല വ്യതിയാനങ്ങളെയെല്ലാം വകഞ്ഞുമാറ്റി, അവ മതത്തില്‍ന്റെമേല്‍ ഉണ്ടാക്കിയിട്ടുള്ള മാറാലക്കെട്ടുകള്‍ വകഞ്ഞുമാറ്റി എങ്ങനെയാണോ സ്വഹാബിമാര്‍ പ്രവാചകനില്‍നിന്നും മതം മനസ്സിലാക്കിയത്, എന്തായിരുന്നോ സ്വഹാബിമാരുടെ വിശ്വാസം, എന്തായിരുന്നോ കര്‍മങ്ങള്‍, ആ വിശ്വാസപരവും കര്‍മപരവുമായ തനിമയിലേക്ക് തിരിച്ചുപോകാന്‍ പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമുപയോഗിച്ച് ഗവേഷണപരമായ പഠനങ്ങള്‍ നടത്തുകയും ആ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയുമെല്ലാം ചെയ്യുന്നവരെയാണ് നമ്മള്‍ സാധാരണയായി സലഫികള്‍ എന്നു വിളിക്കാറുള്ളത്.
ഇവിടെ നേരത്തെ നാം പറഞ്ഞു, ഇസ്‌ലാമിക് സ്റ്റെയ്റ്റ് എന്നു പറയുന്ന ഭീകരപ്രസ്ഥാനം അവതരിപ്പിക്കുന്ന ഇസ്‌ലാം തികച്ചും ആധുനികമായ ഒരു ദര്‍ശനമാണ്. അങ്ങനെയൊരു ഇസ്‌ലാം പ്രവാചകാനുചരന്മഅരുടെ കാലത്ത് നിലനിന്നിട്ടേയില്ല. അങ്ങനെയൊരു ഇസ്‌ലാം പ്രവാചകന് (സ) പരിചയമില്ല. അങ്ങനെയൊരു ഇസ്‌ലാം സ്വഹാബിമാരുടെ പിന്തുടര്‍ച്ചക്കാരായ താബിഉകള്‍ക്ക് പരിചയമില്ല. അങ്ങനെയൊരു ഇസ്‌ലാം ആദ്യത്തെ മൂന്നുനൂറ്റാണ്ടുകളിലെ മുസ്‌ലിംകള്‍ക്ക് പരിചയമില്ല. അങ്ങനെയൊരു ഇസ്‌ലാം സലഫീ രീതിശാസ്ത്രപ്രകാരം പരിശുദ്ധ ക്വുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും സമൂഹങ്ങളെ തിരിച്ചുവിളിക്കാന്‍ ശ്രമിച്ച പണ്ഡിതന്‍മാര്‍ക്കൊന്നും പരിചയമില്ല. അത് തീര്‍ത്തും പുതിയ ഒരു കണ്ടെത്തലാണ്. തീര്‍ത്തും പുതിയ ഒരു നിര്‍മിതിയാണ്. ആ നിര്‍മിതിയെ എങ്ങനെ നമ്മള്‍ വലിച്ചു നീട്ടിയാലും സലഫിയ്യ ഉപയോഗിച്ചുകൊണ്ട് അത്തരമൊരു നിര്‍മിതി ഉണ്ടാവുക സാധ്യമല്ല. ഇസ്‌ലാമിനെ സ്വഹാബിമാര്‍ മനസ്സിലാക്കിയ നിലപാടുകളില്‍ മനസ്സിലാക്കുകയും അവയില്‍ നിലനില്‍ക്കുകയുമാണ് സലഫിയ്യയുടെ താല്‍പര്യം. ഇത് ഏതെങ്കിലും പ്രസ്ഥാനങ്ങളുമായോ സംഘടനകളുമായോ ബന്ധപ്പെട്ടോ സലഫിയ്യ ക്ലെയിം ചെയ്യുന്ന ഏതെങ്കിലും ആളുകളുമായോ ബന്ധപ്പെട്ടോ അല്ല പറയുന്നത്. മറിച്ച് സലഫീ രീതി പിന്തുടരുന്ന ഒരാള്‍ക്കും, അതനുസരിച്ച് പരിശുദ്ധ ക്വുര്‍ആനിനെയും തിരുസുന്നത്തിനെയും മനസ്സിലാക്കുന്ന ഒരാള്‍ക്കും ഇസ്‌ലാമിക് സ്റ്റെയ്റ്റ് പോലുള്ള ഒരു ഭീകരപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാകാന്‍ കഴിയില്ല. എന്തുകൊണ്ടെന്നാല്‍ അത് തികച്ചും ആധുനികമായ ഒരു ഇസ്‌ലാമാണ്. വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇസ്‌ലാമിന്റെ തീര്‍ത്തും സമകാലികമായ ഒരു വ്യാഖ്യാനമാണ്.
പലപ്പോഴും ആളുകള്‍ കാര്യങ്ങളെ തലകുത്തനെയാണ് നിര്‍ത്താറുള്ളത്. ടെക്സ്റ്റിലേക്കു മടങ്ങാന്‍ ശ്രമിക്കുന്ന ആളുകളാണ്, ഇസ്‌ലാമിന്റെ ആദിമതലമുറ ആളുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന ആളുകളാണ് ഭീകരവാദികളാവുക, ഇസ്‌ലാമിന് കാലത്തിനനുസരിച്ച വ്യാഖ്യാനങ്ങള്‍ നല്‍കുക വഴി മാത്രമേ മുസ്‌ലിംകള്‍ മിതവാദികളായി നിലനില്‍ക്കൂ എന്ന് പലരും പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ശുദ്ധ അസംബന്ധമാണത്. കാരണം ഇസ്‌ലാമിക് സ്റ്റെയ്റ്റ് പോലുള്ള ഒരു ഭീകരപ്രസ്ഥാനത്തിന്റെ ദര്‍ശനമെന്നു പറയുന്നത് ഇസ്‌ലാമിന്റെ ഏറ്റവും ആധുനികമായ ഒരു വ്യാഖ്യാനമാണ്. അതൊരിക്കലും പൗരാണികമായൊരു വ്യാഖ്യാനമല്ല. അത് ഇസ്‌ലാമിന്റെ തീര്‍ത്തും സമകാലികമായ, തീര്‍ത്തും സ്വതന്ത്രമായ, പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ മുന്നില്‍വെച്ചുകൊണ്ട് ചില ആളുകള്‍ വികസിപ്പിച്ചുകൊണ്ടുവന്ന പുതിയൊരു ഇസ്‌ലാമാണ്. സലഫുസ്വാലിഹുകള്‍ പിന്തുടര്‍ന്ന ഇസ്‌ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് നമ്മള്‍ ആവര്‍ത്തിച്ചുപറയുന്നത്, ഇവരുടെ ആശയങ്ങളൊന്നും പൗരാണികമല്ല. പ്രാചീനമല്ല. അത് ആദിമകാല മുസ്‌ലിംകള്‍ക്ക് പരിചയമുള്ളതല്ല. പ്രവാചകനും (സ) സ്വഹാബിമാര്‍ക്കും പരിചയമുള്ളതല്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെ ആധുനികമായി, സമകാലികമായി നമ്മുടെ ഇച്ഛകള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് സ്വതന്ത്രമായി പുനര്‍വ്യാഖ്യാനിച്ചുകൂടായെന്നും സ്വഹാബിമാര്‍ മതം മനസ്സിലാക്കിയതുപോലെയാണ് നമ്മളും മതം മനസ്സിലാക്കേണ്ടതെന്നും വിചാരിക്കുന്നവര്‍ക്ക് അത്തരം ഭീകരപ്രസ്ഥാനങ്ങളുടെ വക്താക്കളാകാന്‍ കഴിയില്ല എന്നതാണ് സത്യം.
പ്രഗല്‍ഭ ചരിത്രകാരന്‍ ഫയ്‌സല്‍ ദേവ്ജി എഴുതിയ അല്‍ ക്വാഇദയെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നത് ഇസ്‌ലാമിന് കാലത്തിനനുസരിച്ച് വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരുടെ കൂട്ടത്തിലെ ഒരു കൂട്ടമായിട്ടാണ് നമ്മള്‍ അല്‍ ക്വാഇദയെ മനസ്സിലാക്കേണ്ടത് എന്നാണ്. എന്തുകൊണ്ടെന്നാല്‍ ജിഹാദിനെക്കുറിച്ച് ക്ലാസിക്കല്‍ ഇസ്‌ലാമിക് സ്‌കോളേഴ്‌സ് നല്‍കിയ നിര്‍വചനങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുകയും പൂര്‍വകാല മുസ്‌ലിംകള്‍ എഴുതിവെച്ച വ്യാഖ്യാനങ്ങളെ മുഴുവന്‍ തള്ളിക്കളയുകയും തീര്‍ത്തും സ്വതന്ത്രമായി പുതിയ നിര്‍വചനങ്ങളും പുതിയ വ്യാഖ്യാനങ്ങളുമെല്ലാം ജിഹാദിനും ഇസ്‌ലാമിനുമെല്ലാം നല്‍കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഈ ഭീകരപ്രസ്ഥാനങ്ങളെന്ന് അദ്ദേഹം വളരെ കൃത്യമായി പറയുന്നുണ്ട്. ഏതുവരെയെന്നു ചോദിച്ചാല്‍ മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ ലിബറലുകളായി അറിയപ്പെടുന്ന, ഏറ്റവും സ്വതന്ത്രമായി ഇസ്‌ലാമിനെ വ്യാഖ്യാനിക്കണമെന്ന് പറയുന്ന ബുദ്ധിജീവികളുടെ നിരയിലാണ് ഉസാമ ബിന്‍ ലാദനും അയ്മന്‍ അല്‍ ദവാഹിരിക്കുമെല്ലാം നാം സ്ഥാനം നല്‍കേണ്ടത് എന്നുപോലും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അത് ഒരു സത്യമാണ്. അതുകൊണ്ടുതന്നെ സലഫിയ്യ ആശയധാരയുമായി അതിന് ബന്ധമുണ്ടാവുക സാധ്യമല്ല. ഗൂഗ്ള്‍ ഇസ്‌ലാം എന്നെല്ലാം മീഡിയ വിളിക്കുന്ന പുതിയൊരു പ്രതിഭാസത്തിന്റെ സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും ഇസ്‌ലാമിന്റെ ഇതുവരെ പിന്തുടര്‍ന്നുവന്നിരുന്ന വ്യാഖ്യാനങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് വിചാരിച്ചുകൊണ്ട് ആളുകള്‍ എങ്ങോട്ടുവേണമെങ്കിലും പോകാവുന്ന അവസ്ഥയുടെ മുനമ്പിലാണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്. അത്തരം ഏതെങ്കിലും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ ആദിമതലമുറകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുക എന്ന രീതിശാസ്ത്രത്തെ ഇതുമായി ചേര്‍ത്തുകെട്ടുന്നത് ഒരിക്കലും സത്യസന്ധമായ സമീപനമായിരിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
4. ബഹുസ്വര സാമൂഹ്യക്രമങ്ങളില്‍ ഒരു സത്യവിശ്വാസിയുടെ ജീവിതവിശുദ്ധിയില്‍ കളങ്കം വരുത്തുന്ന രീതിയിലുള്ള അമുസ്‌ലിം വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടായിരിക്കെ ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് പലായനം ചെയ്യണമെന്ന് ഐ.എസ്. സമുദായത്തോട് ഉദ്‌ഘോഷിക്കുകയാണ്. ഇസ്‌ലാമികപ്രമാണങ്ങളില്‍ എന്താണ് ഇവ്വിഷയകമായി പഠിപ്പിക്കുന്നത്? അമുസ്‌ലിംകളുമായുള്ള മൈത്രീബന്ധത്തിന് വലാഅ് ബറാഅ് പരികല്‍പനകള്‍ എതിരാണോ?
– ഇസ്‌ലാമിക് സ്റ്റെയ്റ്റിന്റെ മതവ്യാഖ്യാനങ്ങള്‍ പിന്തുടരുന്ന ആളുകള്‍ വളരെ ക്രൂരമായി ആക്രമിച്ചിട്ടുള്ള ഒരു ആശയമാണ് ഹിജ്‌റ. താന്‍ ജീവിക്കുന്ന നാട്ടില്‍ അമുസ്‌ലിംകള്‍ ഉള്ളതുകൊണ്ട്, ആ അമുസ്‌ലിം സഹോദരങ്ങളുടെ സാന്നിധ്യത്തില്‍ അസ്വസ്ഥമായിക്കൊണ്ട്, അല്ലെങ്കില്‍ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം താന്‍ ജീവിക്കുന്ന സമൂഹത്തില്‍ നിലനിന്നാല്‍ അത് തന്റെ വിശ്വാസപരമായ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുമെന്ന് ഭയന്നുകൊണ്ട്, മുസ്‌ലിംകള്‍ മാത്രമുള്ള സ്ഥലങ്ങളിലേക്ക് നടത്തേണ്ട പലായനമാണ് ഹിജ്‌റ എന്ന തരത്തിലാണ് ഇവര്‍ കാര്യങ്ങളെ അവതരിപ്പിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിലെ ഹിജ്‌റക്ക് ഈ പറയുന്ന സങ്കല്‍പവുമായി യാതൊരു ബന്ധവുമില്ല. പ്രവാചകന്‍മാര്‍ പലരും ജീവിച്ചത് ബഹുസ്വര സമൂഹങ്ങളിലാണ്. ഇസ്‌ലാമിക സമൂഹങ്ങള്‍ എന്നു പറയാവുന്ന സമൂഹങ്ങളെ ഭരിച്ചുകൊണ്ട് ജീവിച്ച പ്രവാചകന്‍മാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. ബഹുസ്വരസമൂഹങ്ങളില്‍ ജീവിച്ച പ്രവാചകന്‍മാരൊന്നും അവരുടെ സമൂഹത്തിലെ അമുസ്‌ലിം സാന്നിധ്യങ്ങളില്‍ അസ്വസ്ഥമാവുകയോ ആ അമുസ്‌ലിം സുഹൃത്തുക്കള്‍ അവിടെ ഉണ്ട് എന്നതുകൊണ്ട്, അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്നു എന്നതുകൊണ്ട്, നമ്മള്‍ ഇവിടെ നിന്ന് പലായനം ചെയ്യേണ്ടതുണ്ട് ഇല്ലെങ്കില്‍ നമ്മുടെ വിശ്വാസപരമായ വ്യക്തിത്വത്തിന് പരുക്കേല്‍ക്കും എന്ന് വിചാരിക്കുകയോ ചെയ്തിട്ടില്ല. ഹിജ്‌റക്ക് ഇത്തരമൊരു വ്യാഖ്യാനം നല്‍കുന്ന ആളുകളൊന്നും പ്രവാചകന്‍മാരുടെ ജീവിതത്തില്‍നിന്ന് തെളിവുദ്ധരിക്കാറില്ല. അന്തിമപ്രവാചകന്റെ (സ) ജീവിതത്തില്‍ തന്നെ നമ്മള്‍ പരിശോധിക്കുക. എപ്പോഴാണ് ഹിജ്‌റയുണ്ടായത്? റസൂല്‍ (സ) അദ്ദേഹത്തിന്റെ പ്രവാചകജീവിതത്തിന്റെ കൂടുതല്‍ സമയവും ചെലവഴിച്ചിട്ടുള്ളത് മക്കയിലാണ്. അവിശ്വാസികളുള്ള, അമുസ്‌ലിംകളുള്ള മക്കയിലാണ്. പ്രവാചകന്റെ (സ) 23 വര്‍ഷത്തെ പ്രബോധകജീവിതത്തില്‍ 13 വര്‍ഷക്കാലം അദ്ദേഹം ജീവിക്കുന്നത് മക്കയിലാണ്. ആ മക്കയില്‍ ധാരാളം അവിശ്വാസികളുണ്ടായിരുന്നു, ബഹുദൈവാരാധകരുണ്ടായിരുന്നു, അവരുടെ സംസ്‌കാരം ഉണ്ടായിരുന്നു, അവരുടെ ആചാരങ്ങളുണ്ടായിരുന്നു, അങ്ങനെ എല്ലാമുണ്ടായിരുന്നു. അവയുടെ പേരില്‍ റസൂല്‍ (സ) അസ്വസ്ഥനായതിന്റെ, അവയുള്ളതുകൊണ്ട് ഞാന്‍ മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് റസൂല്‍ (സ) സൂചിപ്പിച്ചതിന്റെ ഒരു രേഖപോലും ഹിജ്‌റയെ വക്രീകരിക്കുന്ന ഈ ആളുകള്‍ക്ക് ഹാജരാക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. മദീനയില്‍ പോലും അവിശ്വാസികളുണ്ടായിരുന്നു എന്നതാണ് സത്യം. റസൂല്‍ (സ) കടന്നുചെല്ലുന്നത് മുസ്‌ലിംകള്‍ മാത്രമുള്ളൊരു പ്രദേശത്തേക്കല്ല. മറിച്ച് ജൂതഗോത്രങ്ങള്‍ അധിവസിക്കുന്ന മദീനയിലേക്കാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായുണ്ടായ ഹിജ്‌റ എന്നുപറയുന്നത് അബ്‌സീനിയയിലേക്കായിരുന്നു, എത്യോപ്യയിലേക്കായിരുന്നു. എത്യോപ്യ എന്നുപറയുന്നത് നമുക്കറിയാം, യമനില്‍നിന്ന് ചെങ്കടല്‍ മുറിച്ചുകടന്ന് അക്കാലത്ത് അറബികള്‍ക്ക് കപ്പലില്‍ ചെന്നെത്താന്‍ കഴിയുമായിരുന്ന ഒരു പ്രദേശമായിരുന്നു. അത് ഒരു ക്രൈസ്തവ പ്രദേശമാണ്. അവിടെ നിലനിന്നിരുന്നത് ക്രൈസ്തവ ഭരണമാണ്. നജ്ജാശിമാര്‍ എന്നറിയപ്പെട്ടിരുന്ന രാജാക്കന്‍മാരുടെ ക്രിസ്ത്യന്‍ ഭരണം നിലനില്‍ക്കുന്ന സ്ഥലത്തേക്കാണ് പലായനം നടക്കുന്നത്.
ഇസ്‌ലാമിക് സ്റ്റെയ്റ്റ് നിര്‍മിച്ചുണ്ടാക്കുന്നത് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോകമാണ്. ഒരു സ്ഥലത്ത് ബഹുസ്വരത നിലനില്‍ക്കുന്ന സാമൂഹ്യക്രമങ്ങള്‍. മറുവശത്ത് മുസ്‌ലിംകള്‍ മാത്രമുള്ള പ്രദേശമാണ്. എല്ലാവരുമുള്ള പ്രദേശങ്ങളില്‍ നിന്നും മുസ്‌ലിംകള്‍ മാത്രമുള്ള പ്രദേശത്തേക്കുള്ള പലായനമാണ് ഹിജ്‌റ എന്നിവര്‍ വാദിക്കുന്നു. എന്നാല്‍ പ്രവാചകന് (സ) അനുചരന്‍മാര്‍ക്ക് നിര്‍ദ്ദേശിച്ചുകൊടുത്ത ഹിജ്‌റ അതല്ല. അവര്‍ പോയത് ഒരു ബഹുസ്വര സമൂഹത്തില്‍നിന്നും മറ്റൊരു ബഹുസ്വര സമൂഹത്തിലേക്കാണ്. അവിശ്വാസികള്‍ ഉണ്ടായിരുന്ന മക്കയില്‍ നിന്നും അവിശ്വാസികള്‍ ഉണ്ടായിരുന്ന, അവിശ്വാസികള്‍ തന്നെ ഭരിച്ചിരുന്ന എത്യോപ്യയിലേക്കാണ് അവര്‍ പലായനം ചെയ്തത്. ഇവിടെ നിന്നുതന്നെ അമുസ്‌ലിം സാന്നിധ്യത്തില്‍ അസ്വസ്ഥമായിക്കൊണ്ടല്ല, അമുസ്‌ലിംകള്‍ നാട്ടിലുള്ളതുകൊണ്ടല്ല, അവരുള്ളതുകൊണ്ട് എന്റെ വിശ്വാസത്തിന് എന്തെങ്കിലും സംഭവിക്കും എന്ന് കരുതിക്കൊണ്ടല്ല, അവര്‍ ഉള്ളൊരു സമൂഹത്തില്‍ ജീവിച്ചുകൂടാ എന്ന് മനസ്സിലാക്കിക്കൊണ്ടല്ല, ഹിജ്‌റ ഉണ്ടായത് എന്ന കാര്യം വളരെ വ്യക്തമാണ്. അങ്ങനെയായിരുന്നെങ്കില്‍ റസൂല്‍ (സ) ഒരിക്കലും നീണ്ട 13 വര്‍ഷക്കാലം മക്കയില്‍ ജീവിക്കില്ലായിരുന്നു. അതിനുശേഷം മദീനയില്‍ ജൂതന്‍മാരുള്ളൊരു സമൂഹത്തില്‍ അദ്ദേഹം ജീവിക്കില്ലായിരുന്നു, സ്വഹാബിമാര്‍ ജീവിക്കില്ലായിരുന്നു.
നമ്മള്‍ വളരെ കൃത്യമായി പരിശോധിക്കുക, ഇബ്‌നു ഇസ്ഹാക് എഴുതിയ സീറയാണ്, പ്രവാചകചരിത്രമാണ് ഏറ്റവും ആദ്യത്തെ ഉപലബ്ധമായ പ്രവാചകചരിത്രം. അതില്‍ റസൂല്‍ (സ) അബ്‌സീനിയയിലേക്കുള്ള ഹിജ്‌റയെക്കുറിച്ച് സംസാരിച്ചുകൊണ്ട് എന്താണ് പറഞ്ഞതെന്ന് നമുക്ക് വായിക്കുവാന്‍ കഴിയും. സ്വഹാബിമാരോട് അദ്ദേഹം ചോദിച്ചത് ഈ നാട്ടില്‍ മതത്തിന്റെ പേരില്‍ നിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, എന്തുകൊണ്ട് നിങ്ങള്‍ക്ക് എത്യോപ്യ(അബ്‌സീനിയ)യിലേക്ക് പോയിക്കൂടാ എന്നാണ്. അവിടെയുള്ളത് നീതനിഷ്ഠമായ ഭരണം നടത്തുന്ന ഒരു രാജാവാണ്, അദ്ദേഹം നിങ്ങളോട് സൗഹൃദപരമായ നിലപാട് സ്വീകരിക്കും, അദ്ദേഹം ഒരിക്കലും നിങ്ങളോട് അനീതി ചെയ്യുകയില്ല, അവിടെ നിര്‍ഭയമായി നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം പിന്തുടരാന്‍ കഴിയും. വളരെ കൃത്യമായി ഇസ്‌ലാമിലെ ഹിജ്‌റയുടെ ദര്‍ശനമെന്താണ് എന്ന് പ്രവാചകന്റെ (സ) വാക്കുകളിലുണ്ട്. മക്കയില്‍ അമുസ്‌ലിംകളുള്ളതുകൊണ്ട് എന്നല്ല അദ്ദേഹം പറഞ്ഞത്, മറിച്ച് മക്കയില്‍ നാം മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതുകൊണ്ട് എന്ന്. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്നതുകൊണ്ട്. അതുകൊണ്ട് ഇസ്‌ലാം അനുസരിച്ച് ജീവിക്കാന്‍ ഇവിടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ ആ സ്വാതന്ത്ര്യമുള്ളൊരു മണ്ണിലേക്ക് നിങ്ങള്‍ക്ക് പോയിക്കൂടേ എന്നാണ് ചോദ്യം. ആ മണ്ണ് ഒരു മുസ്‌ലിം മണ്ണല്ല. ഒരു അമുസ്‌ലിം ഭരണാധികാരി ഭരിക്കുന്ന ക്രൈസ്തവ ഭൂരിപക്ഷമുള്ള അബ്‌സീനിയയിലേക്കാണ് റസൂല്‍ (സ) പോകാന്‍വേണ്ടി നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ ഒരുപാട് സ്വഹാബിമാര്‍ അബ്‌സീനിയയിലേക്ക് പോയി. അവര്‍ മക്കയില്‍നിന്ന് അബ്‌സീനിയയിലേക്കുപോയ വിവരം മക്കയിലെ ശത്രുക്കളായ, ഇവരെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ടിരുന്ന കിങ്കരന്‍മാര്‍ക്ക് കിട്ടി. അവര്‍ അബ്‌സീനിയയിലേക്ക് കച്ചവടയാത്ര പോയപ്പോള്‍ അംറുബ്‌നുല്‍ ആസ്വിനെ നജ്ജാശി രാജാവിനോട് സംസാരിക്കുവാന്‍ വേണ്ടി നിയോഗിച്ചു. മക്കയിലെ മുസ്‌ലിംകളെ പീഡിപ്പിച്ചിരുന്ന ആളുകളുടെ പ്രതിനിധികളായ അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തിലുള്ള സംഘം നജ്ജാശി രാജാവിന്റെ മുന്നില്‍ചെന്നുകൊണ്ട് കുറേ പരാതികള്‍ പറഞ്ഞു. മുസ്‌ലിംകള്‍ മോശപ്പെട്ടവരാണ്, ക്രിസ്തുമതത്തോട് വിയോജിക്കുന്നവരാണ്, യേശുവിനെ ദൈവമായി പരിഗണിക്കാത്തവരാണ്, അതിനാല്‍ അവരെ നിങ്ങളുടെ നാട്ടില്‍ നിര്‍ത്തരുത് എന്നുപറഞ്ഞു. ജഅ്ഫറുബ്‌നു അബീത്വാലിബ് (റ) നബി(സ)യുടെ കസിനാണ്. ആ ജഅ്ഫര്‍ (റ) ഹിജ്‌റ പോയ സ്വഹാബിമാരുടെ കൂട്ടത്തില്‍പെട്ടയാളായിരുന്നു. ജഅ്ഫറി(റ)നെ നജ്ജാശി രാജാവ് രാജസദസ്സിലേക്ക് വിളിച്ചുവരുത്തി. അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുവശത്ത്. ജഅ്ഫറുബ്‌നു അബീത്വാലിബി(റ)ന്റെ നേതൃത്വത്തിലുള്ള അബ്‌സീനിയയിലേക്ക് ഹിജ്‌റ ചെയ്‌തെത്തിയ, മുസ്‌ലിംകളുടെ സംഘം മറ്റൊരു വശത്ത്. ഇവര്‍ തമ്മില്‍ സംഭാഷണം നടക്കുന്നു, രാജാവിന്റെ സാന്നിധ്യത്തില്‍. ജഅ്ഫര്‍ (റ) എന്താണ് വിശദീകരിച്ചതെന്ന് വളരെ കൃത്യമായി തന്നെ ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ജഅ്ഫര്‍ (റ) പറഞ്ഞത്, രാജാവേ, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ പുതിയൊരു മതം സ്വീകരിച്ചു, ആ മതം ഞങ്ങളോട് എല്ലാ നന്മകളും കല്‍പിച്ചു, ആ മതത്തിന്റെ പേരില്‍ ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, ആ മതത്തിന്റെ പേരില്‍ ഞങ്ങള്‍ വധിക്കപ്പെടുമെന്ന സ്ഥിതിവിശേഷമുണ്ടായി, അപ്പോള്‍ മതമനുസരിച്ച് സ്വസ്ഥമായി ജീവിക്കാവാന്‍ വേണ്ടി ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് വന്നിരിക്കുന്നു, ഈ നാട്ടില്‍ അങ്ങ് ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന്, അങ്ങയുടെ കീഴില്‍ സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതാണ് ജഅ്ഫറി(റ)ന്റെ പ്രഖ്യാപനം. ഇവിടെ റസൂല്‍ (സ) എന്തിന് നിങ്ങള്‍ പോകണമെന്ന് പറഞ്ഞു? പീഡിപ്പിക്കപ്പെടുന്നതുകൊണ്ട് പീഡനമില്ലാത്ത സ്ഥലത്തേക്കു പോകണം. ജഅ്ഫര്‍ (റ) എന്തിനു ഞങ്ങള്‍ വന്നു എന്നു പറഞ്ഞു? പീഡനമുള്ള സ്ഥലത്തുനിന്നും പീഡനമുണ്ടാവുകയില്ല എന്നു പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് പലായനം ചെയ്തു. ഇതാണ് ഇസ്‌ലാമിലെ ഹിജ്‌റ. ഈ ഹിജ്‌റ മാത്രമേ പരിശുദ്ധ ക്വുര്‍ആനിനും തിരുസുന്നത്തിനും പരിചയമുള്ളൂ. അതല്ലാതെ ബഹുസ്വരതയില്‍ അസ്വസ്ഥമായിക്കൊണ്ട് ഏതെങ്കിലും സ്ഥലത്തേക്ക് പലായനം ചെയ്യുന്ന ഒരു ഹിജ്‌റ സങ്കല്‍പം നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ഇസ്‌ലാമിന്റെ തീര്‍ത്തും സമകാലികമായ, ആധുനികമായ ഒരു ദുര്‍വ്യാഖ്യാനമാണ്. ആ ദുര്‍വ്യാഖ്യാനത്തിന് പ്രവാചകനുമായോ സ്വഹാബിമാരുമായോ യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം.
പിന്നെ വലാഉം ബറാഉമാണ്. ഇത് ആളുകള്‍ അവതരിപ്പിച്ച് എന്തൊക്കെയാണ് പറഞ്ഞുകൂട്ടുന്നതെന്ന കാര്യത്തില്‍ നമുക്ക് അത്ഭുതം തോന്നും. 1400 വര്‍ഷക്കാലമായുള്ള മുസ്‌ലിം ലോകത്തിന്റെ അനുഭവങ്ങളെ മുഴുവന്‍ നിരാകരിച്ചുകൊണ്ട് വലാഇന്റെയും ബറാഇന്റെയും അര്‍ത്ഥം അമുസ്‌ലിംകളുമായുള്ള എല്ലാ മൈത്രീബന്ധങ്ങളും വിച്ഛേദിക്കലാണ് എന്നു വിശദീകരിക്കുന്ന ആളുകള്‍, അവര്‍ ഏതു ക്വുര്‍ആനാണ് വായിച്ചത്, ഏതു ഹദീഥുകളാണ് വായിച്ചത് എന്ന് നമുക്ക് പലപ്പോഴും അത്ഭുതം തോന്നും. പ്രവാചകനുചുറ്റും എത്ര അമുസ്‌ലിംകളുണ്ടായിരുന്നു, എത്ര അമുസ്‌ലിം സൗഹൃദങ്ങളുണ്ടായിരുന്നു, എത്ര ഗാഢമായ, ആഴമുള്ള, ഊഷ്മളമായ ബന്ധങ്ങളാണ് പ്രവാചകന് (സ) അവരുമായുണ്ടായിരുന്നത്! റസൂലി(സ)ന്റെ ജീവിതത്തില്‍ ആമുല്‍ ഖുസ്ന്‍ എന്നറിയപ്പെടുന്ന ഒരു വര്‍ഷമുണ്ട്, ദുഃഖവര്‍ഷം. പ്രവാചകന്‍ (സ) ഖിന്നനായിപ്പോയ വർഷം, രണ്ടുപേരുടെ മരണത്തില്‍. ഒന്നാമത്തേത് ഖദീജ (റ), മറ്റൊരാള്‍ അബൂത്വാലിബ് ആണ്. അബൂത്വാലിബ് മരിച്ചതില്‍ പ്രവാചകന് (സ) ഉണ്ടായിരുന്ന സങ്കടം വര്‍ഷങ്ങളോളം നീണ്ടുനിന്നു. പ്രവാചകന് (സ) അബൂത്വാലിബ് എന്ന വ്യക്തിയുമായി, പിതൃവ്യനുമായി ഉണ്ടായിരുന്ന ഗാഢമായ ബന്ധമാണ് അബൂത്വാലിബ് മരിച്ച വര്‍ഷത്തെ അദ്ദേഹം ദുഃഖവര്‍ഷം എന്നുവിളിക്കുവാനുള്ള കാരണമെന്ന് ആര്‍ക്കും മനസ്സിലാകും. അബൂത്വാലിബ് വിശ്വാസിയായിട്ടില്ലായെന്ന് വെറുതെ പറഞ്ഞാല്‍ പോരാ നമ്മള്‍. അബൂത്വാലിബ് മരണക്കിടക്കയില്‍ കിടക്കുകയാണ്. പ്രവാചകന്‍ (സ) അദ്ദേഹത്തിന്റെ അടുത്തേക്കുവന്നു. എന്നിട്ടുപറഞ്ഞു, പിതൃവ്യാ, തങ്കള്‍ ദയവുചെയ്ത് ഇസ്‌ലാം സ്വീകരിക്കണം, താങ്കളുടെ മരണാനന്തര മോക്ഷത്തിനുവേണ്ടിയാണ് ഞാനിത് പറയുന്നത്. അപ്പോള്‍ അബൂജഹ്‌ലും സംഘവും അവിടെ ഉണ്ടായിരുന്നു. മക്കയിലെ മുസ്‌ലിംകളുടെ ശത്രുക്കളുടെ നേതാവ്. അബൂജഹ്ല്‍ അപ്പുറത്തുനിന്ന് പറഞ്ഞു, അബൂത്വാലിബ് ഒരിക്കലും വിശ്വാസിയാകരുത്, പൂര്‍വികരുടെ ദൈവങ്ങളെ തള്ളിപ്പറയരുത്, മുഹമ്മദിന്റെ മതം സ്വീകരിക്കരുത് എന്ന്. പ്രവാചകനെ(സ)യും അനുചരന്‍മാരെയും പീഡിപ്പിക്കുന്ന ശത്രുക്കളുടെ മര്‍ദകനായ നേതാവ് പ്രവാചകന്റെ മുന്നില്‍ വെച്ച്, ഒരുവശത്തുനിന്ന് അബൂത്വാലിബിനോടു പറയുന്നു, അവിശ്വാസത്തില്‍ നിലനില്‍ക്കാന്‍. അപ്പുറത്തുനിന്ന് പ്രവാചകന്‍ (സ) അബൂത്വാലിബിനോട് അഭ്യര്‍ത്ഥിക്കുന്നു, ഇസ്‌ലാം സ്വീകരിക്കാന്‍. അവിടെ റസൂലി(സ)ന് അബൂത്വാലിബുമായുള്ള കുടുംബബന്ധം വെച്ച്, ചെറുപ്പം മുതലേയുള്ള അടുപ്പംവെച്ച്, അബൂത്വാലിബ് അബൂജഹ്ല്‍ പറയുന്നത് സ്വീകരിക്കുമ്പോള്‍, പ്രവാചകനെ തിരസ്‌കരിക്കുമ്പോള്‍, പ്രവാചകന് അതുണ്ടാക്കുന്ന വൈകാരികമായ ആഘാതം എത്ര വലുതായിരിക്കുമെന്ന് നമുക്ക് മനസ്സിലാക്കാം. അങ്ങനെ പ്രവാചകന്‍ നേരിട്ട് മുഖത്തുനോക്കി ഇസ്‌ലാം സ്വീകരിക്കാന്‍ പറഞ്ഞിട്ടുപോലും പ്രവാചകന്റെ ശത്രുവിന്റെ വാക്ക് മുഖവിലക്കെടുത്ത് ഇസ്‌ലാം സ്വീകരിക്കാതിരുന്ന ഒരു വ്യക്തി, ആ വ്യക്തിയുമായി റസൂലി(സ)ന് ഉണ്ടായിരുന്ന ഗാഢമായ ഹൃദയബന്ധത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. റസൂല്‍ (സ) ആ ബന്ധം ഒരിക്കലും അറുത്തുമാറ്റിയിട്ടില്ല.
പ്രവാചകന്റെ (സ) ജീവിതത്തിലെ ത്യാഗനിര്‍ഭരമായ ഏടുകളെക്കുറിച്ചു പറയുമ്പോള്‍ നമ്മള്‍ അബൂത്വാലിബിന്റെ താഴ്‌വരയില്‍ പ്രവാചകനും അനുചരന്‍മാരും അനുഭവിച്ച മൂന്നു വര്‍ഷം നീണ്ടുനിന്ന സാമൂഹികമായ ബഹിഷ്‌കരണത്തെക്കുറിച്ചു പറയാറുണ്ട്. ആ സാമൂഹികമായ ബഹിഷ്‌കരണത്തില്‍ പച്ചില മാത്രം ഭക്ഷിച്ചുകൊണ്ട് റസൂലി(സ)നും അനുചരന്‍മാര്‍ക്കും മാസങ്ങള്‍ തള്ളിനീക്കേണ്ടിവരുന്നു. അവര്‍ പട്ടിണി കിടക്കുന്നു. ചെറിയ കുട്ടികള്‍ വാവിട്ടു കരയുന്നു. പക്ഷേ നമ്മള്‍ ആ പറയുന്ന കഥ ഒരിക്കലും പൂര്‍ണമല്ല. പ്രവാചകനും (സ) അനുചരന്‍മാരും മാത്രമല്ല അബൂത്വാലിബിന്റെ താഴ്‌വരയില്‍ ബഹിഷ്‌കരണത്തിനുവിധേയമായി പ്രവാചകന്റെ കൂടെ പട്ടിണി കിടന്നത്. മറിച്ച് പ്രവാചകന്റെ കുടുംബത്തില്‍പെട്ട, അബൂത്വാലിബിന്റെ കുടുംബത്തില്‍പെട്ട, അവിശ്വാസികള്‍ കൂടിയാണ്. നമ്മള്‍ അത് മനസ്സിലാക്കണം. അബൂത്വാലിബിന്റെ അടുത്തുചെന്ന് മുഹമ്മദിനെ ഞങ്ങള്‍ക്കു വധിക്കണം, അതിനുവേണ്ടി അദ്ദേഹത്തെ വിട്ടുതരണം, നിങ്ങള്‍ കുടുംബക്കാര്‍ അദ്ദേഹത്തിന് സംരക്ഷണം കൊടുക്കരുത് എന്ന് മക്കയിലെ ശത്രുക്കള്‍ പറഞ്ഞപ്പോള്‍ അബൂത്വാലിബും പ്രവാചകന്റെ (സ) കുടുംബക്കാരും പറഞ്ഞു, പറ്റില്ല, ഞങ്ങള്‍ക്ക് മുഹമ്മദിനെ വിട്ടുതരാന്‍ പറ്റില്ല, അദ്ദേഹം ഞങ്ങളുടെ കുടുംബാംഗമാണ്, അദ്ദേഹത്തെ വധിക്കുവാന്‍ വിട്ടുതരുന്ന പ്രശ്‌നമേയില്ല. അതിന്റെ പേരിലാണ് സാമൂഹിക ബഹിഷ്‌കരണമുണ്ടാകുന്നത്. ഈ സാമൂഹിക ബഹിഷ്‌കരണത്തിനു വിധേയരാകുന്നതില്‍ ഒരുപാട് പേര്‍ അമുസ്‌ലിംകളാണ്, അവിശ്വാസികളാണ്, ബഹുദൈവാരാധകരാണ്, മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തെ അംഗീകരിക്കാത്തവരാണ്. നിങ്ങളാലോചിച്ചുനോക്കണം, മുസ്‌ലിംകളും അമുസ്‌ലിംകളും ഇടകലര്‍ന്നുകൊണ്ട് ഒരു താഴ്‌വരയില്‍ ഒരു സാമൂഹിക ബഹിഷ്‌കരണത്തിന് ഒരുമിച്ച് വിധേയരായി, ഒരുമിച്ച് പട്ടിണി കിടന്ന്, ഒരുമിച്ച് കണ്ണുനീര്‍ കുടിച്ച് മക്കയില്‍ പ്രയാസങ്ങളനുഭവിച്ചു കഴിയുന്നു. എവിടെനിന്നാണ് ഈ വിദ്വേഷത്തിന്റെ ആശയങ്ങള്‍, അമുസ്‌ലിംകളെ കണ്ടുകൂടായെന്ന ആശയങ്ങള്‍, അവരെ തൊട്ടുകൂടായെന്ന ആശയങ്ങള്‍, അവരുമായി മൈത്രിയുണ്ടായിക്കൂടാ എന്ന ആശയങ്ങള്‍, അവരുടെ കൂടെ നിന്നുകൂടാ എന്ന ആശയങ്ങള്‍? ആരാണ് നമ്മെ അങ്ങനെ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നത്?
അബൂബക്ർ സ്വിദ്ദീക്വ് (റ) വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു. അദ്ദേഹം എത്യോപ്യ (അബ്‌സീനിയ)യിലേക്ക് ഹിജ്‌റ പോകാന്‍ തീരുമാനിച്ചു. ഹിജ്‌റ പോകുന്ന വഴിയില്‍ ഇബ്‌നു ദുഗിന്ന എന്ന മക്കയിലെ പൗരപ്രമുഖന്‍ അബൂബക്‌റെ (റ) കണ്ടു. അദ്ദേഹം ചോദിച്ചു, എങ്ങോട്ടാണ് അബൂബക്ർ (റ) പോകുന്നത്? അബൂബക്ർ (റ) പറഞ്ഞു, എനിക്ക് മക്കയില്‍ ജീവിതം തുടരാനാകില്ല. ഞാന്‍ വിശ്വാസിയായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു. ഞാന്‍ വിശ്വാസമനുസരിച്ചു ജീവിക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അബ്‌സീനിയയിലേക്ക് പോവുകയാണ്. ഇബ്‌നു ദുഗിന്നയുടെ മറുപടി, ‘പാടില്ല അബൂബക്ർ, നിങ്ങളൊരിക്കലും പോകരുത്. നിങ്ങളെപ്പോലുള്ളയാളുകളെ ഈ നാടിനാവശ്യമാണ്. കാരണം നിങ്ങള്‍ മനുഷ്യപ്പറ്റുള്ളയാളാണ്. ഇവിടെയുള്ള പാവപ്പെട്ടയാളുകളെ സഹായിക്കുന്നവാണ്. പ്രയാസങ്ങളില്‍ താങ്ങായി നില്‍ക്കുന്നയാളാണ്. അങ്ങയുടെ സംരക്ഷണം ഞാന്‍ ഏറ്റെടുക്കുന്നു. അങ്ങ് മക്കയിലേക്ക് മടങ്ങിപ്പോകണം. അവിടെത്തന്നെ ജീവിക്കണം.’ ഇബ്‌നു ദുഗിന്നയുമായുള്ള അബൂബക്‌റിന്റെ സംഭാഷണം ഈ പറയുന്ന ആളുകളുടെ ഹിജ്‌റയെക്കുറിച്ചുള്ള മുഴുവന്‍ സങ്കല്‍പങ്ങളെയും തച്ചുടക്കുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍ എന്തിന് ഇവിടെനിന്നു പോകുന്നു എന്നു ചോദിച്ചപ്പോള്‍ അബൂബക്ർ സ്വിദ്ദീക്വ് (റ) പറഞ്ഞത് ഇവിടെ അവിശ്വാസികള്‍ ഉള്ളതുകൊണ്ട് എന്നല്ല, അവരുടെ കൂട്ടത്തില്‍ ജീവിക്കാന്‍ പറ്റില്ല എന്നല്ല. മറിച്ച് ഞാന്‍ പീഡിപ്പിക്കപ്പെടുന്നതുകൊണ്ട് സമാധാനപരമായി ജീവിക്കാന്‍ വേണ്ടി പോകുന്നു എന്നുമാത്രമാണ്. ഇബ്‌നു ദുഗിന്ന അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിനുമുമ്പ് അദ്ദേഹത്തെ പ്രശംസിക്കുന്നു എന്നുപറഞ്ഞാല്‍ അവര്‍ക്കെല്ലാം പരിചയമുണ്ടായിരുന്ന, സൗഹൃദമുണ്ടായിരുന്ന, നന്മകളെല്ലാം ആവോളം അനുഭവിച്ചിരുന്ന ഒരു വ്യക്തിത്വമാണ് അബൂബക്ർ സ്വിദ്ദീക്വി(റ)ന്റെ വ്യക്തിത്വം എന്നാണിതിനര്‍ത്ഥം. എന്നിട്ട് പോകരുത്, ഞാന്‍ സംരക്ഷണം നല്‍കാമെന്നു പറഞ്ഞപ്പോള്‍ ആധുനിക ഹിജ്‌റവാദികളുടെ വീക്ഷണമനുസരിച്ച് അബൂബക്ർ സ്വിദ്ദീക്വ് (റ) എന്താണ് പറയേണ്ടത്? എനിക്ക് തല്ലും കുത്തും ഉണ്ടാകാതിരുന്നതുകൊണ്ട് കാര്യമൊന്നുമില്ല, വധശ്രമങ്ങള്‍ ഉണ്ടാകാതിരുന്നതുകൊണ്ട് കാര്യമൊന്നുമില്ല, കാരണം അമുസ്‌ലിംകളുള്ള ഒരു നാട്ടില്‍ ഏതായാലും ജീവിക്കാന്‍ പറ്റില്ല എന്നല്ലേ അബൂബക്ർ സ്വിദ്ദീക്വ് (റ) മറുപടി പറയേണ്ടത്? പക്ഷേ അതല്ല അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഇബ്‌നു ദുഗിന്നയുടെ കൂടെ മക്കയിലേക്ക്, തന്റെ ജന്മനാട്ടിലേക്കു മടങ്ങിവന്നു. അവിടെയുള്ള അമുസ്‌ലിംകള്‍ക്കിടയില്‍ തന്നെ അബൂബക്ർ സ്വിദ്ദീക്വ് (റ) ജീവിക്കുന്ന സ്ഥിതിവിശേഷമുണ്ടായി.
നമ്മള്‍ പ്രവാചകന്റെ ഹിജ്‌റയെക്കുറിച്ച് പറയുന്നു. പ്രവാചകന്‍ (സ) മക്കയില്‍ നിന്ന് മദീനയിലേക്കു പോകുന്നു. പ്രവാചകനെ വധിക്കുവാന്‍ ശത്രുക്കള്‍ ആഹ്വാനം പുറപ്പെടുവിക്കുന്നു. പ്രവാചകന്റെ തലയ്ക്ക് വിലപറയുന്നു. പലായനത്തിന്റെ സമയത്ത് പ്രവാചകനെ വഴിയില്‍നിന്ന് എവിടെയെങ്കിലും കണ്ടുകിട്ടിയാല്‍ വധിക്കുവാന്‍ വേണ്ടി ശത്രുക്കളുടെ രഹസ്യാന്വേഷണ സംഘങ്ങള്‍ ഊരുചുറ്റി നടക്കുകയാണ്. നമ്മള്‍ ഓര്‍ക്കണം, ആ സമയത്ത് പ്രവാചകനെ സുരക്ഷിതമായി മക്കയില്‍ നിന്ന് മദീനയിലേക്ക് എത്തിക്കുന്നത് അബ്ദുല്ലാഹിബ്‌നു ഉറൈക്വിത് എന്നുപറയുന്ന അവിശ്വാസിയായ, അമുസ്‌ലിമായ, ബഹുദൈവാരാധകനായ ഒരു മനുഷ്യനാണ്. പ്രവാചകന് (സ) അത്രയും സന്നിഗ്ധമായ ഒരു സന്ദര്‍ഭത്തില്‍പോലും വിശ്വാസമര്‍പ്പിക്കുവാന്‍ ഒരു അമുസ്‌ലിം സുഹൃത്ത് ഉണ്ടായിരുന്നു എന്നാണതിനര്‍ത്ഥം. പ്രവാചകന്‍ (സ) മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരല്‍പം
ബാര്‍ലിക്കുവേണ്ടി അയല്‍വാസിയായ അമുസ്‌ലിമിന്റെ വീട്ടില്‍ പണയത്തിലായിരുന്നു എന്ന പാഠമാണ് നമ്മള്‍ ആവര്‍ത്തിച്ച് ഉരുവിടുന്നത്. ഇസ്‌ലാം ഇതാണ്. ഇങ്ങനെയായിരുന്നു പ്രവാചകനും (സ) അനുചരന്‍മാരും എല്ലാ കാലഘട്ടത്തിലും.
പരിശുദ്ധ ക്വുര്‍ആനില്‍ വളരെ ശക്തമായി, കര്‍ക്കശമായി പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ട്. അവയ്ക്ക് പക്ഷേ സന്ദര്‍ഭവും ഉണ്ട്. പ്രവാചകന്‍ (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയി. അവിടെ ഒരു ഇസ്‌ലാമിക രാഷ്ട്രം ഉണ്ടായി. ഇസ്‌ലാമിക രാഷ്ട്രം ഉണ്ടായശേഷം പോലും പ്രവാചകനെയും അനുചരന്‍മാരെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാതെ മദീനയെ തകര്‍ക്കാന്‍ വേണ്ടി സൈനികമായ സന്നാഹങ്ങളുണ്ടായി. ആ സൈനികസന്നാഹങ്ങളെ ചെറുത്തുനില്‍ക്കാന്‍, മദീനയെ സംരക്ഷിക്കുവാന്‍, വിശ്വാസസ്വാതന്ത്ര്യം നിലനിര്‍ത്തുവാന്‍ പ്രവാചകന് (സ) ആയുധങ്ങളെടുത്ത് യുദ്ധം ചെയ്യേണ്ടി വന്നു. യുദ്ധത്തില്‍ ഒരുവശത്ത് മദീനയിലെ മുഹാജിറുകളും അന്‍സാറുകളുമായിരുന്നു. മറുവശത്ത് മക്കയില്‍ നിന്നുള്ള ശത്രുക്കളായിരുന്നു. ഇവര്‍ തമ്മില്‍ യുദ്ധങ്ങള്‍, ആയുധവുമായുള്ള ഇടപെടലുകള്‍, ഒരു യുദ്ധത്തിനുശേഷം മറ്റൊരു യുദ്ധം എന്ന നിലയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്നു. തികച്ചും സംഘര്‍ഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥ. ആ കാലാവസ്ഥയില്‍ പരിശുദ്ധ ക്വുര്‍ആന്‍ വളരെ കര്‍ക്കശമായി ശത്രുക്കളോടു സ്വീകരിക്കേണ്ട നിലപാട് എന്താണ് എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. അത് വളരെ സ്വാഭാവികമാണ്. അവരുമായി യുദ്ധങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പറഞ്ഞിട്ടുള്ള കാര്യങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ലോകത്തിലെ മുഴുവന്‍ അമുസ്‌ലിംകള്‍ക്കും ബാധകമാക്കുക എന്ന വിവരക്കേടാണ് വലിയ വിവരമുണ്ട് എന്നുപറയുന്ന ആളുകള്‍ പോലും ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരൊറ്റ കാര്യം കൂടി പറഞ്ഞാല്‍ ഇത് വളരെ വ്യക്തമാകുമെന്ന് തോന്നുന്നു. മക്കയും മദീനയും തമ്മില്‍ യുദ്ധങ്ങളാരംഭിച്ചു. രാഷ്ട്രീയമായ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചു. മക്കയിലുള്ളവര്‍ ശത്രുക്കളായി പരിഗണിക്കപ്പെട്ടു. ആ സമയത്ത് മക്കയില്‍നിന്ന് മദീനയിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നുണ്ട്. അബൂബക്ർ സ്വിദ്ദീക്വി(റ)ന്റെ മകളാണ് അസ്മാഅ് ബിന്‍ത് അബീബക്ർ (റ). അസ്മാഅ് ബിന്‍ത് അബീബക്ർ (റ) അബൂബക്ർ സ്വിദ്ദീക്വും(റ) മുഹമ്മദ് നബി(സ)യും ഹിജ്‌റ പോകുന്ന സമയത്ത് അവര്‍ക്ക് വഴിയില്‍ ഉപയോഗിക്കുവാനാവശ്യമായ ഭക്ഷണം പാത്രത്തില്‍ കെട്ടിക്കൊടുത്ത, അത്രത്തോളം അവരുടെ ജീവിതവുമായി ഇഴചേര്‍ന്നു നിന്നിരുന്ന വ്യക്തിത്വമാണ്. അവര്‍ മദീനയിലായിരുന്നു. മദീനയില്‍ മുസ്‌ലിംകളുടെ കൂടെയാണവര്‍ താമസിച്ചിരുന്നത്. എന്നാല്‍ അവരുടെ മാതാവ്, അബൂബക്ർ സിദ്ദീക്കി(റ)ന്റെ ആദ്യ ഭാര്യ, അവര്‍ അവിശ്വാസിയായിരുന്നു. മക്കയില്‍ തന്നെ നിലനില്‍ക്കുകയായിരുന്നു. അവര്‍ മദീനയിലേക്ക് വന്നിരുന്നില്ല. ഇത്രയും രൂക്ഷമായ സംഘര്‍ഷങ്ങളുണ്ടായതിനുശേഷം, പരിശുദ്ധ ക്വുര്‍ആന്‍ കടുത്ത ഭാഷയില്‍ ശത്രുക്കളെക്കുറിച്ച് സംസാരിച്ചതിനുശേഷം, മക്കയിലെ ശത്രുക്കളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനങ്ങള്‍ പ്രവാചകന്‍ (സ) സ്വീകരിക്കാന്‍ തുടങ്ങിയതിനുശേഷം, ഒരുദിവസം അസ്മാഅ് ബിന്‍ത് അബീബക്‌റു(റ)ടെ ഉമ്മ മദീനയിലേക്ക് വരുന്നു. വെറുതെയല്ല വരുന്നത്. അസ്മാഇല്‍ നിന്ന് സാമ്പത്തികമായി സഹായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടാണ്. മകള്‍ എന്ന നിലയില്‍ തനിക്ക് എന്തെങ്കിലും ഉപകാരങ്ങള്‍ ചെയ്തുതരും എന്നു പ്രതീക്ഷിച്ചുകൊണ്ടാണ്. അവര്‍ മക്കയില്‍ നിന്ന് മദീനയിലേക്കെത്തുന്നു. അസ്മാഇ(റ)ന്റെ വീട്ടിലേക്ക് കടന്നുചെല്ലുന്നു. അങ്ങനെ അസ്മാഇ(റ)നോട് സുഖവിവരങ്ങള്‍ അന്വേഷിക്കുന്നു. എന്നിട്ടവര്‍ പറയുന്നു, എനിക്ക് എന്തെങ്കിലും സഹായങ്ങള്‍ ചെയ്തുതരണം. അസ്മാ (റ) റസൂലി(റ)ന്റെ സന്നിധിയില്‍ എത്തി. പ്രവാചകരേ, എന്റെ മാതാവ് മക്കയില്‍നിന്നും മദീനയിലേക്ക് എന്നെ തിരഞ്ഞുവന്നിരിക്കുന്നു. എന്നില്‍ നിന്ന് ഉപകാരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ എന്തു ചെയ്യണം? അവര്‍ക്ക് നന്മ ചെയ്യണോ, ആ ഉപകാരങ്ങള്‍ ചെയ്തുകൊടുക്കണോ, അവരെ മാന്യമായി പരിഗണിക്കണോ? ചോദ്യം സ്വാഭാവികമാണ്. കാരണം ശത്രുക്കളായി നില്‍ക്കുകയാണ് മക്കയും മദീനയും. കടുത്തഭാഷയില്‍ പരിശുദ്ധ ക്വുര്‍ആനിന്റെ വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. റസൂല്‍ (സ) അസ്മാഇ(റ)നോടു പറഞ്ഞു: അതെ, അവരെ മാന്യമായി സ്വീകരിക്കണം. അവര്‍ ആഗ്രഹിക്കുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണം. എല്ലാ പാരിതോഷികങ്ങളും കൊടുക്കണം. അവരോട് ഏറ്റവും ഉദാരമായി പെരുമാറണം.’ അപ്പോഴാണ് പരിശുദ്ധ ക്വുര്‍ആനിലെ 60-ാമത്തെ അധ്യായം സൂറത്തുല്‍ മുംതഹനയിലെ എട്ടാമത്തെ വചനം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളായ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. മക്കയും മദീനയും സംഘര്‍ഷത്തിലാണ്. ഇവിടെ യുദ്ധങ്ങള്‍ കൊടുമ്പിരി കൊള്ളുകയാണ്. ആ യുദ്ധങ്ങളുടെ സാഹചര്യത്തില്‍ കര്‍ക്കശമായ, ശക്തമായ നിലപാടുകള്‍ ശത്രുക്കളോട് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ അത് മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണ് എന്ന് നിങ്ങള്‍ ഒരിക്കലും വിചാരിക്കരുത്. ഇവിടെയുള്ള മുഴുവന്‍ അമുസ്‌ലിംകള്‍ക്കും അത് ബാധകമാണ് എന്ന് നിങ്ങള്‍ വിചാരിക്കരുത്. -ഈ ആശയത്തിലാണ് അവ അവതരിപ്പിക്കപ്പെട്ടത്. ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” അതുകൊണ്ട് കടുത്ത നിലപാടുകള്‍ അവതരിപ്പിക്കപ്പെട്ട വചനങ്ങള്‍, ആ വചനങ്ങളുടെയൊന്നും ഉദ്ദേശ്യം എല്ലാ അമുസ്‌ലിംകളുമല്ല. അവരോട് നിങ്ങള്‍ മുമ്പുകാലത്ത് പുലര്‍ത്തിയിരുന്ന സ്‌നേഹബന്ധവും സാഹോദര്യവും അതേ ഊഷ്മളതയില്‍ തുടര്‍ന്നും നിലനിര്‍ത്തണം എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണ് പരിശുദ്ധ ക്വുര്‍ആന്‍. അതുകൊണ്ട് വലാഇനെയും ബറാഇനെയും ഹിജ്‌റയെയുമെല്ലാം, അവയ്ക്ക് പ്രവാചകനോ (സ) പരിശുദ്ധ ക്വുര്‍ആനോ നല്‍കിയിട്ടില്ലാത്ത അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നല്‍കി അവതരിപ്പിക്കുന്ന ആളുകള്‍ പ്രചരിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാം പ്രവാചകന്റെ (സ) ഇസ്‌ലാമല്ല, മറ്റേതോ ഇസ്‌ലാമാണ് എന്നുമാത്രമേ നമുക്ക് പറയാന്‍ കഴിയൂ.
5. ഇസ്‌ലാം സ്വീകരിക്കാത്ത എല്ലാ മനുഷ്യരെയും കൊല്ലണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് ഒരു ഐ.എസ് മലയാളിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. പരിശുദ്ധ ക്വുര്‍ആനിലെ സൂറത്തുല്‍ ബക്വറയിലെ ഒരു ആയത്തില്‍ ഫിത്‌ന ഇല്ലാതാകുന്നതുവരെ, മതം അല്ലാഹുവിനുവേണ്ടി ആകുന്നതുവരെ അവിശ്വാസികളോട് യുദ്ധം ചെയ്യണമെന്നും അവരെ കണ്ടിടത്തുവെച്ച് കൊല്ലണമെന്നും ഒക്കെയുണ്ട്. ഫിത്‌ന എന്നാല്‍ ബഹുദൈവാരാധനയാണെന്നും പണ്ഡിതന്‍മാര്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബഹുദൈവാരാധനയെ ഇല്ലാതാക്കാന്‍ ബഹുദൈവാരാധകരായ അമുസ്‌ലിംകളെ കൊല്ലലാണ് ജിഹാദ് എന്നാണ് ഓഡിയോയില്‍ സമര്‍ത്ഥിക്കുന്നത്. വണ്ടിയിടിച്ചുകയറ്റിയും വിഷം കൊടുത്തും മറ്റ് ആയുധങ്ങളുപയോഗിച്ചുമൊക്കെ കേരളത്തിലെ ഹിന്ദുക്കളായ അമുസ്‌ലിംകളെ കൊല്ലണമെന്നാണ് ആ ഓഡിയോ ക്ലിപ്പ് ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ ക്വുര്‍ആനില്‍ ഒരു കല്‍പനയുണ്ടോ, അതല്ലെങ്കില്‍ പ്രസ്തുത വാദത്തിന് അടിസ്ഥാനമായിക്കൊണ്ട് പ്രവാചകവചനങ്ങളേതെങ്കിലും സ്ഥിരപ്പെട്ട് വന്നിട്ടുണ്ടോ?
– ഫിത്‌ന ഇല്ലാതാകുന്നതുവരെ അമുസ്‌ലിംകളോട് യുദ്ധം ചെയ്യണം എന്നൊരു ആയത്ത് ക്വുര്‍ആനിലില്ല. ഫിത്‌ന ഇല്ലാതാകുന്നതുവരെ ബഹുദൈവാരാധകരോട് യുദ്ധം ചെയ്യണമെന്നുള്ള ആയത്തും പരിശുദ്ധ ക്വുര്‍ആനിലില്ല. നിങ്ങള്‍ ഫിത്‌ന ഇല്ലാതാവുകയും മതം അല്ലാഹുവിനുവേണ്ടി ആവുകയും ചെയ്യുന്നതുവരെ ‘അവരോട്’ യുദ്ധം ചെയ്യുക എന്നാണ് ക്വുര്‍ആനിലുള്ളത്. ‘വക്വാതിലൂഹും’ എന്നുപറഞ്ഞാല്‍ അവിശ്വാസികളോട് യുദ്ധം ചെയ്യുക എന്നോ അമുസ്‌ലിംളോട് യുദ്ധം ചെയ്യുക എന്നോ അല്ല. ‘ഹും’ എന്ന അറബി വാക്കിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും അറിയാം, ‘അവര്‍’ എന്നാണ്. ‘അവരോട് യുദ്ധം ചെയ്യുക, ഫിത്‌ന ഇല്ലാതാവുന്നതുവരെ’ എന്നു പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞാല്‍ ആ ‘അവര്‍’ ആരാണ്, ആ ഹും എങ്ങോട്ടാണ് മടങ്ങുന്നത് എന്ന ചോദ്യമുണ്ട്. ആ പ്രയോഗത്തില്‍നിന്നുതന്നെ വ്യക്തമാണ് ആ ആയത്തിന്റെ തൊട്ടുമുകളിലുള്ള ആയത്തുകളില്‍ ആരെയൊക്കെയോ കുറിച്ചു പറയുന്നുണ്ട്, അവരോട് ഫിത്‌ന ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യാനാണ് പരിശുദ്ധ ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത് എന്ന കാര്യം. ആരാണ് ആ അവര്‍?
ഇവിടെ ഉദ്ധരിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധ ക്വുര്‍ആനിലെ രണ്ടാമത്തെ അധ്യായം സൂറതുല്‍ ബക്വറയിലെ 193-ാമത്തെ ആയത്താണ്. അതേ പ്രയോഗം പരിശുദ്ധ ക്വുര്‍ആനിലെ എട്ടാമത്തെ അധ്യായം സുറത്തുല്‍ അന്‍ഫാലിലെ 39-ാമത്തെ വചനത്തിലും നമ്മള്‍ കാണുന്നുണ്ട്. ഇവിടെയും പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞത് ‘വക്വാതിലൂഹും’ എന്നാണ്. ‘അവരോട് നിങ്ങള്‍ ഫിത്‌ന ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുക’ എന്നാണ്. ഈ അവര്‍ ആരാണെന്നു മനസ്സിലാകാന്‍ സൂറത്തുല്‍ ബക്വറയിലെ 190 മുതലുള്ള വചനങ്ങള്‍ വായിച്ചാല്‍ മതി. പരിശുദ്ധ ക്വുര്‍ആന്‍ ആ വചനങ്ങള്‍ ആരംഭിക്കുന്നത് ”നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക, നിങ്ങളുമായി യുദ്ധം ചെയ്യുന്നവരോട്. പക്ഷേ ആ യുദ്ധത്തില്‍ പോലും നിങ്ങള്‍ അതിരുകവിയരുത്. കാരണം അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” എന്നുപറഞ്ഞുകൊണ്ടാണ്. തൊട്ടടുത്ത വചനത്തിലാണ് പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നത്, ‘നിങ്ങള്‍ അവരെ എവിടെവെച്ചാണോ കണ്ടുമുട്ടുന്നത്, അവിടെവെച്ച് നിങ്ങളവരെ കൊന്നുകളയുക’ എന്ന്. പരിശുദ്ധ ക്വുര്‍ആന്‍ എന്താണ് പറയുന്നത്, ആ ‘ഹും’ എങ്ങോട്ടാണ് മടങ്ങുന്നത് എന്നുമനസ്സിലാക്കിയാല്‍ ഇത് വളരെ വ്യക്തമാണ്. നിങ്ങളോട് യുദ്ധം ചെയ്യാന്‍ വന്ന പട്ടാളക്കാരില്ലേ, നിങ്ങളെ തകര്‍ക്കാന്‍ വന്ന സൈനികരില്ലേ, അവരോട് നിങ്ങള്‍ യുദ്ധം ചെയ്യണം. ആ യുദ്ധഭൂമിയില്‍ നിങ്ങള്‍ അവരെ കണ്ടുമുട്ടിയാല്‍ നിങ്ങളവരെ കൊന്നുകളയണം. ഇതില്‍ ആര്‍ക്കാണ് സംശയം? രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുന്നു. ആ യുദ്ധത്തിനുവരുന്ന സൈനികരെക്കുറിച്ച് പരിശുദ്ധ ക്വുര്‍ആന്‍ സംസാരിക്കുന്നു. ആ യുദ്ധം നടക്കുന്ന സമയത്ത് യുദ്ധഭൂമിയില്‍ കണ്ടുമുട്ടുന്ന സൈനികരെ കണ്ടിടത്തുവെച്ചു കൊല്ലാന്‍ തന്നെയാണ് യുദ്ധം. ഇത് രാജ്യത്തെ തകര്‍ക്കാന്‍ വരുന്ന പട്ടാളക്കാരാണ്. ഏതു രാജ്യവും അങ്ങനെയേ ചെയ്യൂ. അവിടെയാണ് പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞത് ‘നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യുക, ഫിത്‌ന ഇല്ലാതാകുന്നതുവരെ, മതം അല്ലാഹുവിനുവേണ്ടിയാകുന്നതുവരെ’ എന്ന്.
എന്താണ് ഫിത്‌ന എന്നുള്ള കാര്യം ഫിത്‌നയുടെ കാര്യം പറയുന്ന ആയത്തിന്റെ നേരെ മുകളിലുള്ള വചനങ്ങളില്‍ നിന്നുതന്നെ വളരെ വ്യക്തമാണ്. ഫിത്‌ന ശത്രുസൈനികരുടെ കയ്യേറ്റമാണ്. വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍, മുസ്‌ലിമായി ജീവിക്കുന്നതിന്റെ പേരില്‍, മദീന എന്ന ഇസ്‌ലാമിക രാഷ്ട്രത്തിന് നേര്‍ക്കുനടക്കുന്ന കയ്യേറ്റങ്ങള്‍. മദീനയില്‍ മുസ്‌ലിംകള്‍ വിശ്വാസപരമായ സ്വാതന്ത്ര്യം അനുഭവിക്കുന്നതിലുള്ള അസഹിഷ്ണുത കൊണ്ട് മദീനയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍. ആ കയ്യേറ്റമാണ് തീര്‍ച്ചയായും ഫിത്‌ന എന്നുപറയുന്നത്. ആ ഫിത്‌ന ഇല്ലാതാകുന്നതുവരെയാണ്, അവരെ നിലയ്ക്ക് നിര്‍ത്തുന്നതുവരെയാണ്, അവര്‍ മദീനക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതുവരെയാണ് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യേണ്ടത് എന്ന് പരിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ക്വുര്‍ആനില്‍ ഫിത്‌ന എന്ന പ്രയോഗം പല സന്ദര്‍ഭങ്ങളിലായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 85-ാമത്തെ അധ്യായം സൂറത്തുല്‍ ബുറൂജിലെ തുടക്കം മുതലുള്ള വചനങ്ങള്‍ പരിശോധിച്ചാല്‍ പരിശുദ്ധ ക്വുര്‍ആന്‍ ഇതേരീതിയിലുള്ള പ്രയോഗങ്ങള്‍ നടത്തുന്നതായി നമുക്ക് കാണാന്‍ കഴിയും. ക്വുര്‍ആന്‍ ഒരു കഥ പറയുകയാണ്. ഒരു വലിയ കിടങ്ങ് കുഴിച്ച് അതില്‍ വലിയ തീകുണ്ഡാരമുണ്ടാക്കി അതില്‍ ഏകദൈവാരാധന സ്വീകരിച്ചതിന്റെ പേരില്‍ മനുഷ്യരെ വലിച്ചെറിഞ്ഞ ബഹുദൈവാരാധകനായ ഒരു രാജാവിന്റെ കഥ പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നു. അത് പറയുന്നിടത്ത് പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നുണ്ട്, ‘പ്രതാപവാനും സ്ത്യുത്യര്‍ഹനുമായ പടച്ചതമ്പുരാനില്‍ വിശ്വസിച്ചുവെന്നതല്ലാത്ത ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത’ ആളുകളായിരുന്നു അത് എന്ന്. ആ ആളുകളെ ഇയാള്‍ അഗ്നികുണ്ഡാരത്തിലിട്ട് പീഡനത്തിന് വിധേയമാക്കി. അതിനെക്കുറിച്ച്, സത്യവിശ്വാസികളും സത്യവിശ്വാസിനികളുമായ ആളുകള്‍ക്കുമേല്‍ ഫിത്‌ന ഉണ്ടാക്കിയ ആളുകള്‍, അവരെ ഫിത്‌നയില്‍ അകപ്പെടുത്തിയ ആളുകള്‍ എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. മതത്തിന്റെ പേരിലുള്ള മര്‍ദ്ദനത്തില്‍ അകപ്പെടുത്തിയ ആളുകള്‍ എന്ന അർത്ഥത്തിൽ ആണ് കിടങ്ങിലേക്ക്, തീയിലേക്ക് എറിഞ്ഞ ആളുകള്‍ ഉണ്ടാക്കിയത് ഫിത്‌നയാണ് എന്ന് പരിശുദ്ധ ക്വുര്‍ആന്‍ സൂറത്തുല്‍ ബുറൂജില്‍ പറയുന്നത് എന്ന് നമുക്ക് കാണാന്‍ കഴിയും. അതുതന്നെയാണ് പരിശുദ്ധ ക്വുര്‍ആന്‍ ഇവിടെയും ഉദ്ദേശിക്കുന്ന ഫിത്‌ന. മക്കയിലെ ശത്രുക്കൾ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ആളുകളെ പീഡിപ്പിക്കുന്നു, ആളുകളെ മര്‍ദ്ദിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രത്തെ നശിപ്പിക്കുവാനുള്ള സൈനികമായ കയ്യേറ്റങ്ങള്‍ നടത്തുന്നു, ആ ഫിത്‌ന ഇല്ലാതാകുന്നതുവരെ നിങ്ങൾ അവരോട് പോരാടണം എന്നാണ് ക്വുർആൻ പറയുന്നതിന്റെ താൽപര്യം.
ഫിത്‌നക്ക് ശിര്‍ക്ക് എന്ന അര്‍ത്ഥമുണ്ട് എന്നാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ട ഓഡിയോ ക്ലിപ്പിലുള്ളത്. ഫിത്‌നക്ക് ശിര്‍ക്ക് എന്ന് അര്‍ത്ഥം പറഞ്ഞ പണ്ഡിതന്‍മാരുണ്ടോ? തീര്‍ച്ചയായും ഉണ്ട്. അത് ഒന്നോ രണ്ടോ പണ്ഡിതന്‍മാരാണോ? തീര്‍ച്ചയായും അല്ല. ഒരുപാട് പണ്ഡിതന്‍മാര്‍, പ്രത്യേകിച്ചും കഴിഞ്ഞകാലത്ത് മുസ്‌ലിം ലോകത്ത് ജീവിച്ച വളരെ പ്രഗല്‍ഭരായ പണ്ഡിതന്‍മാര്‍, ഫിത്‌നക്ക് ശിര്‍ക്ക് എന്ന് അര്‍ത്ഥം പറഞ്ഞിട്ടുണ്ട്’ ഫിത്‌നക്ക് കുഫ്ർ എന്നര്‍ത്ഥം പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഫിത്‌ന ഇല്ലാതാകുന്നതുവരെ പോരാടണം എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ശിര്‍ക്കില്ലാതാകുന്നതുവരെ, കുഫ്ർ ഇല്ലാതാകുന്നതുവരെ പോരാടണം എന്നല്ലേ? അല്ല. മതം അല്ലാഹുവിനാകുന്നതുവരെ എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം വിശ്വാസികള്‍ മാത്രം ബാക്കിയാകുന്നതുവരെ പോരാടണം എന്നല്ലേ? അങ്ങനെ ഈ പണ്ഡിതന്‍മാരാരും പറഞ്ഞിട്ടില്ല. ഫിത്‌നക്ക് വിശദീകരണ കുറിപ്പുകളില്‍ ശിര്‍ക്കെന്നും ക്വുഫ്‌റെന്നും അര്‍ത്ഥം നല്‍കിയ പണ്ഡിതന്‍മാരാരും അമുസ്‌ലിം ഉന്മൂലനമാണ് ഈ ആയത്തിന്റെ ലക്ഷ്യം എന്നു പറഞ്ഞിട്ടില്ല.
ആധുനികരായ ചില പണ്ഡിതന്‍മാരും ഫിത്‌നക്ക് ശിർക്ക് അല്ലെങ്കിൽ കുഫ്‌ർ എന്ന അർത്ഥകൽപന നടത്തിയിട്ടുണ്ട്. അവിടേക്ക് ഞാന്‍ കടന്നുപോകുന്നില്ല. പക്ഷേ അങ്ങനെ പറഞ്ഞ പണ്ഡിതന്‍മാരാരും ഈ പറഞ്ഞ ആളുകള്‍ അവതരിപ്പിക്കുന്ന അമുസ്‌ലിം ഉന്മൂലന പ്രത്യയശാസ്ത്രം അവതരിപ്പിച്ചിട്ടില്ല. ഫിത്‌നക്ക് ശിര്‍ക്കെന്നും കുഫ്‌റെന്നുമെല്ലാം അര്‍ത്ഥം നല്‍കിയ പണ്ഡിതന്‍മാര്‍ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാക്കാന്‍ പണ്ഡിതന്‍മാരുടെ തന്നെ ഗ്രന്ഥങ്ങളിലേക്കു പോയാല്‍ മതി. അതിന് അല്‍പം വിനയം ആവശ്യമാണെന്നു മാത്രമേയുള്ളൂ. ഇന്റര്‍നെറ്റില്‍ നിന്നും അവിടെനിന്നും ഇവിടെനിന്നും കിട്ടിയ ഉദ്ധരണികളുടെ ബലത്തില്‍ 1400 വര്‍ഷക്കാലമായി മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന വൈജ്ഞാനിക പരിശ്രമങ്ങളെ മുഴുവന്‍ മറികടന്ന് പുതിയ ഫത്‌വകള്‍ സ്വന്തമായി നല്‍കുവാനുള്ള ഔദ്ധത്യം ഉണ്ടാകരുത് എന്നുമാത്രമേയുള്ളൂ. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുല്‍ ക്വയ്യിം അല്‍ ജൗസിയ്യ റഹ്മത്തുല്ലാഹി അലൈഹി, മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും പ്രഗല്‍ഭരായ പണ്ഡിതന്‍മാരില്‍ ഒരാളാണ്. ജൗസിയ്യ മദ്‌റസ്സയുടെ പ്രിന്‍സിപ്പള്‍ ആയിരുന്ന പിതാവിന്റെ മകനായി ജനിച്ചതുകൊണ്ട് ഇബ്‌നുല്‍ ക്വയ്യിം അല്‍ ജൗസിയ്യ എന്നറിയപ്പെട്ട ഒരു മഹാപണ്ഡിതന്‍. അദ്ദേഹത്തിന്റെ ലോകോത്തരമായ ഒരു പുസ്തകമുണ്ട്. ആ പുസ്തകത്തിന്റെ പേര് ‘സാദുല്‍ മആദ്’ എന്നാണ്. മരണാനന്തര ജീവിതത്തിലേക്കുള്ള വിഭവം എന്ന അര്‍ത്ഥത്തില്‍ സാദുല്‍ മആദ് എന്ന പേരുനല്‍കപ്പെട്ട പുസ്തകത്തില്‍ ഇസ്‌ലാമിലെ മിക്കവാറും എല്ലാ വിഷയങ്ങളെക്കുറിച്ചും സമഗ്രമായി എഴുതപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തില്‍ ജിഹാദിനെക്കുറിച്ചുള്ള ഒരുപാട് അധ്യായങ്ങളുണ്ട്. ഈ പുസ്തകത്തിന്റെ ഒരു സംഗ്രഹം (മുഖ്തസ്വര്‍) ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബ് റഹ്മത്തുല്ലാഹി അലൈഹി തയ്യാറാക്കിയിട്ടുണ്ട്. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇവിടെ മീഡിയ പലപ്പോഴും ഇത്തരം വിതണ്ഡവാദങ്ങളുടെ വക്താക്കളായി അവതരിപ്പിച്ച പണ്ഡിതന്‍മാരാണ് ഇബ്‌നുല്‍ ക്വയ്യിം അല്‍ ജൗസിയ്യ റഹ്മത്തുല്ലാഹി അലൈഹിയും, മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബ് റഹ്മത്തുല്ലാഹി അലൈഹിയും. സത്യത്തില്‍ ഇവര്‍ക്കാര്‍ക്കും പരിചയമില്ലാത്ത പുതിയൊരു ഇസ്‌ലാമാണ് ഇസ്‌ലാമിക് സ്റ്റെയ്റ്റിന്റെ ആളുകള്‍ അവതരിപ്പിക്കുന്നത്.
ഇബ്‌നുല്‍ ക്വയ്യിമിന്റെ സാദുല്‍ മആദിന് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബ് റഹ്മത്തുല്ലാഹി അലൈഹി തയ്യാറാക്കിയ മുഖ്തസ്വര്‍ പരിശോധിച്ചാല്‍ അതില്‍ നമുക്ക് വായിക്കുവാന്‍ കഴിയും, ഇവിടെ ഫിത്‌ന എന്ന പദത്തിന്റെ ഉദ്ദേശ്യം ശിര്‍ക്കും കുഫ്‌റുമാണ് എന്നുപറയുന്നതിന്റെ അര്‍ത്ഥം ശിര്‍ക്കും കുഫ്‌റും വിശ്വാസികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന അവസ്ഥാവിശേഷമാണ് എന്ന്. ഞാന്‍ സാദുല്‍ മആദില്‍, എന്നുമാത്രം പറയാതിരിക്കുവാന്‍ കാരണം, മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബ് തയ്യാറാക്കിയ മുഖ്തസ്വറിലും അതുണ്ട് എന്നു പറയാന്‍ കാരണം, രണ്ടു കാലഘട്ടങ്ങളില്‍ ജീവിച്ച രണ്ടു മഹാപണ്ഡിതന്‍മാര്‍ ഒരുപോലെ ഇക്കാര്യം പറയുന്നു എന്നു കാണിക്കുവാന്‍ വേണ്ടിയാണ്. ശിര്‍ക്ക് എന്നും കുഫ്ർ എന്നും ആരെങ്കിലും അര്‍ത്ഥം പറഞ്ഞിട്ടുണ്ടെങ്കില്‍ അതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് ഈ ശിര്‍ക്കും കുഫ്‌റും ബലം പ്രയോഗിച്ച് മുസ്‌ലിംകള്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ്. കാര്യങ്ങള്‍ വളരെ ലളിതമാണ്. ഫിത്‌ന മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്. ലോകവുമായി ബന്ധപ്പെട്ട ഒരു പ്രയോഗമല്ല. അവിശ്വാസികളുമായി ബന്ധപ്പെട്ട ഒരു പ്രയോഗമല്ല. ലോകത്ത് ശിര്‍ക്കും കുഫ്‌റും നിലനില്‍ക്കുന്നതുകൊണ്ട് മുസ്‌ലിംകള്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നാല്‍ ശിര്‍ക്കും കുഫ്‌റും ബലം പ്രയോഗിച്ച് അവരുടെമേല്‍ അടിച്ചേല്‍പിക്കപ്പെടുമ്പോള്‍, ശിര്‍ക്കും കുഫ്‌റും ചെയ്യാന്‍ ആയുധങ്ങളുപയോഗിച്ച് അവരുടെ മേല്‍ കയ്യേറ്റങ്ങളുണ്ടാകുമ്പോള്‍ അതൊരു വലിയ ഫിത്‌നയാണ്. അതൊരു വലിയ പരീക്ഷണമാണ്. വിശ്വാസം പതറിപ്പോകുന്ന സന്ദര്‍ഭമാണ്. തൗഹീദില്‍നിന്ന് പിന്തിരിഞ്ഞ് ശിര്‍ക്കിലും കുഫ്‌റിലും അകപ്പെടുമോ ഈ ഭീഷണിയുടെ മുന്നിലെന്ന് മുസ്‌ലിംകള്‍ ഭയന്നുപോകുന്ന സന്ദര്‍ഭമാണ്. അതുകൊണ്ട് ആ ഫിത്‌നയെക്കുറിച്ചുള്ള ഭയപ്പാടുകള്‍ അവസാനിച്ച് അല്ലാഹുവിനുവേണ്ടി മതമനുഷ്ഠിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നതുവരെ ഇസ്‌ലാമിക രാഷ്ട്രം പോരാടണം എന്നാണ് ക്വുര്‍ആന്‍ പറഞ്ഞതിന്റെ താല്‍പര്യം. അതല്ലാതെ ലോകത്തിലുള്ള മുഴുവനാളുകളും ഇസ്‌ലാം പിന്തുടരുന്നതുവരെ എന്നല്ല. നിങ്ങള്‍ക്ക് അല്ലാഹുവിനുവേണ്ടി മതമനുഷ്ഠിക്കുവാന്‍ കഴിയുന്നതുവരെ നിങ്ങള്‍ അവരോട് പോരാടിക്കൊള്ളുക എന്നാണ് പരിശുദ്ധ ക്വുര്‍ആന്‍ ഇവിടെ പറഞ്ഞിട്ടുള്ളത്. ഈ ഫിത്‌നക്ക് ശിര്‍ക്കും കുഫ്‌റും എന്നര്‍ത്ഥം നല്‍കിയ പണ്ഡിതന്‍മാര്‍പോലും മര്‍ദ്ദനം എന്ന അര്‍ത്ഥം തന്നെയാണ്, പീഡനം എന്ന അര്‍ത്ഥം തന്നെയാണ്, കയ്യേറ്റം എന്ന അര്‍ത്ഥം തന്നെയാണ് അതിന് ഉദ്ദേശിച്ചത് എന്നാണ് ഞാന്‍ പറഞ്ഞുവന്നതിന്റെ ചുരുക്കം.
ഇനിയും സംശയമുള്ളവര്‍ക്ക് പ്രവാചകശിഷ്യന്‍മാരിലേക്ക് കടന്നുപോകാവുന്നതാണ്. മഹാനായ അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ), അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തില്‍ മുസ്‌ലിം ലോകത്ത് വ്യാപകമായ കുഴപ്പങ്ങളുണ്ടായി. ഒരുപാട് കലാപങ്ങളുണ്ടായി. ചിലയാളുകള്‍ ഇബ്‌നു ഉമറി(റ)ന്റെ അടുക്കല്‍ വന്നു. ബുഖാരിയില്‍ സ്വഹീഹാണെന്ന് ആര്‍ക്കും സംശയമില്ലാത്ത രണ്ട് ഹദീഥുകളില്‍ ഇത് നമുക്ക് കാണുവാന്‍ കഴിയും. അവര്‍ കടന്നുവന്നുകൊണ്ട് ഇബ്‌നു ഉമറി(റ)നോട് ചോദിച്ചു, ആകെ കുഴപ്പം നടക്കുകയാണല്ലോ, ആകെ കലാപം നടക്കുകയാണല്ലോ, മുസ്‌ലിം ലോകത്ത് സൈനികസംഘങ്ങള്‍ വളര്‍ന്നുവന്ന് യുദ്ധം നടത്തുന്നത് നിങ്ങള്‍ കാണുന്നില്ലേ, നിങ്ങള്‍ എന്തുകൊണ്ട് ഇതിലൊന്നും പങ്കുചേരുന്നില്ല? കുറച്ചു കുത്തിയിട്ടാണ് അവര്‍ സംസാരിച്ചത്. കൊല്ലംതോറും ഹജ്ജിനും ഉംറയ്ക്കും പോകുന്ന ആളാണല്ലോ, പ്രവാചകന്റെ ശിഷ്യനാണല്ലോ, എന്നിട്ട് ജിഹാദിന്റെ രംഗത്തൊന്നും അങ്ങയെ കാണുന്നില്ലല്ലോ? ഇബ്‌നു ഉമര്‍ (റ) മറുപടി പറഞ്ഞു, ഞങ്ങള്‍ ജിഹാദ് ചെയ്യേണ്ട സമയത്ത് പ്രവാചകന്റെ കൂടെ ജിഹാദ് ചെയ്തിട്ടുണ്ട്. വന്ന ആളുകളുടെ അടുത്ത ചോദ്യം, ഫിത്‌ന ഇല്ലാതാകുന്നതുവരെ, മതം അല്ലാഹുവിനു വേണ്ടിയാകുന്നതുവരെ നിങ്ങള്‍ യുദ്ധം ചെയ്യുക എന്ന് പരിശുദ്ധ ക്വുര്‍ആന്‍ കല്‍പിച്ചിട്ടില്ലേ, എന്നിട്ട് നിങ്ങള്‍ എന്തുകൊണ്ടാണ് ഇപ്പോഴുള്ള കലാപങ്ങളില്‍ പങ്കാളിയാകാത്തത്? മഹാനായ ഇബ്‌നു ഉമര്‍ (റ) എന്ന സ്വഹാബിവര്യന്‍ അവരോട് പറഞ്ഞു, വിശ്വാസികള്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവര്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു, അപ്പോഴാണ് ആ പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ യുദ്ധം ചെയ്തത്, പിന്നീട് വിശ്വാസികള്‍ ധാരാളമായി, ഫിത്‌ന ഇല്ലാതാകുന്നതുവരെ, മതം അല്ലാഹുവിനുവേണ്ടിയായി തീരുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ ഫിത്‌ന ഉണ്ടാക്കാന്‍ വേണ്ടിയുള്ള കലാപങ്ങളാണ്, ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ ജിഹാദല്ല, മറിച്ച് മതം അല്ലാഹുവിനുവേണ്ടിയല്ലാതാക്കി തീര്‍ക്കുവാന്‍ വേണ്ടിയുള്ള സൈനിക പരിശ്രമങ്ങളാണ്, അതുകൊണ്ട് ഞാന്‍ അതില്‍നിന്ന് മാറി നില്‍ക്കുന്നു എന്ന്. ഇത് ഇബ്‌നു ഉമര്‍ (റ) പറഞ്ഞത് വളരെ കൃത്യമായി നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ട് ഫിത്‌ന ഇല്ലാതാകുന്നതുവരെ, മതം അല്ലാഹുവിനുവേണ്ടിയാകുന്നതുവരെ, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നേതൃത്വത്തില്‍, രാഷ്ട്രത്തിന്റെ സൈനികര്‍ പോരാടിയിട്ടുണ്ട്. അതിനെയാണ് നമ്മള്‍ ജിഹാദ് എന്നുവിളിക്കുന്നത്. അമുസ്‌ലിം ഉന്മൂലനമാണ് അതിന്റെ വിവക്ഷ എന്നൊരു വീക്ഷണം, എന്നൊരു വ്യാഖ്യാനം, മുസ്‌ലിം ലോകത്ത് പ്രവാചകനോ സ്വഹാബിമാരോ പ്രഗല്‍ഭരായ പണ്ഡിതന്‍മാരോ പഠിപ്പിച്ചതല്ല എന്നതാണ് സത്യം.
6. സായുധമായ ജിഹാദ് എന്നു പറഞ്ഞാല്‍ ഒരു ഭരണാധികാരിക്കുകീഴില്‍ നടക്കുന്ന യുദ്ധമാണ് എന്നു പറഞ്ഞിട്ടാണ് പലപ്പോഴും നമ്മള്‍ ഐ.എസ്.ഐ.എസിനെയൊക്കെ എതിര്‍ക്കുന്നത്. എന്നാല്‍ ഇസ്‌ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ കഅബ് ഇബ്‌നു അശ്‌റഫ് എന്നു പറയുന്ന യഹൂദിയെ മുഹമ്മദ്ബ്‌നു മസ്‌ലമ (റ) ഒരു കോട്ടക്കുള്ളിലേക്ക് കയറിച്ചെന്നിട്ട് നിരുപാധികം കൊല ചെയ്യുകയാണുണ്ടായത്. ഇവിടെ ഒരു യുദ്ധമോ മറ്റോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈയടുത്തുനടന്ന കൊടിഞ്ഞിയിലെ ഫയ്‌സലിന്റെ വധവുമായി ബന്ധപ്പെട്ട് അതിലൊരു പ്രതിയായ ബിപിനെ കൊന്നപ്പോഴും ചിലര്‍ ഒരു വാദമായിട്ടെടുത്ത് ഉദ്ധരിച്ചത് ഈ ചരിത്രമാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിന്റെ വസ്തുത?
– ഇസ്‌ലാമിക് സ്റ്റെയ്റ്റിനെതിരെ നമ്മള്‍ പറയുന്നത് നിയതമായ ഒരു രാഷ്ട്രസംവിധാനമില്ലാതെ അവര്‍ യുദ്ധം നയിക്കുന്നു എന്നതു മാത്രമല്ല. ജിഹാദിനെ അവര്‍ നിര്‍വചിക്കുന്നതും അവര്‍ ജിഹാദെന്ന പേരില്‍ നടപ്പിലാക്കുന്നതുമൊന്നും രാഷ്ട്രസംവിധാനമുണ്ടെങ്കില്‍ പോലും ശരിയാവുകയില്ല. രാഷ്ട്രസംവിധാനമുണ്ട് എന്നതുകൊണ്ട് സപ്പോര്‍ട്ട് ചെയ്യപ്പെടാവുന്ന ഒരു പദ്ധതിയല്ല ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഓഫ് ഇറാക്വ് ആന്‍ഡ് സിറിയയുടെ പദ്ധതി. എന്തുകൊണ്ടെന്നാല്‍ ഒരു അഖിലലോക ഇസ്‌ലാമിക രാജ്യമുണ്ടാക്കുകയാണ് മുസ്‌ലിമിന്റെ ജീവിതദൗത്യമെന്നും അതിന് ലോകത്തുള്ള അമുസ്‌ലിംകളെ മുഴുവന്‍ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നും ആ ഉന്മൂലനത്തിനുവേണ്ടി ചെറിയൊരു ഭൂമിയില്‍ രാഷ്ട്രീയാധികാരം പിടിച്ചെടുത്തശേഷം ബാക്കിയുള്ള ലോകത്തോടുമുഴുവന്‍ യുദ്ധം ചെയ്ത് ഈ രാജ്യം വികസിപ്പിച്ചുകൊണ്ടുവന്ന് രാജ്യാതിര്‍ത്തിക്കുള്ളിലും പുറത്തുമുള്ള അമുസ്‌ലിംകളെ മുഴുവന്‍ പതുക്കെപ്പതുക്കെയായി ഇല്ലാതാക്കി ഒരു അമുസ്‌ലിംരഹിത മുസ്‌ലിം ലോകം നടപ്പില്‍ വരുത്താനുള്ള പോരാട്ടങ്ങളാണ് തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നുമാണ് അവര്‍ പറയുന്നത്. ഒരു രാഷ്ട്രസംവിധാനമുണ്ടെങ്കിലും അധികാരമുണ്ടെങ്കിലും ഏതെങ്കിലും രാജ്യത്ത് അവര്‍ ഭരണാധികാരികളാണെങ്കിലും ഇതിന് ഇസ്‌ലാമികമായി യാതൊരു സാധൂകരണവുമില്ല. അത് ഫിത്‌നയാണ്, ശുദ്ധമായ ഫസാദാണ്.
ഭീകരപ്രസ്ഥാനങ്ങള്‍ നടത്തുന്ന സൈനികമായ ഓപ്പറേഷനുകളെക്കുറിച്ച് മുസ്‌ലിം പണ്ഡിതന്‍മാര്‍ അടിസ്ഥാനപരമായി ചൂണ്ടിക്കാണിക്കാറുള്ള ഒരു കാര്യമാണ് ഇസ്‌ലാമിക സായുധ ജിഹാദ് എന്നുപറഞ്ഞാല്‍ യുദ്ധമാണ് എന്നത്. അത് ഇസ്‌ലാമിക രാഷ്ട്രത്തില്‍ രാജ്യത്തിന്റെ സൈന്യം രാജ്യത്തിന്റെ ശത്രുസൈന്യത്തോടു നടത്തുന്ന നിയതമായ യുദ്ധമാണ്. അതിനുപകരം വ്യക്തികളോ ഗ്രൂപ്പുകളോ എല്ലാം നിയമം കയ്യിലെടുത്തുകൊണ്ട് നടത്തുന്ന ആക്രമണങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ ഇവയൊന്നും ഒരിക്കലും ജിഹാദ് ആവുകയില്ല എന്ന് മുസ്‌ലിം പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ വിവാദങ്ങളുണ്ടാക്കിയ ഓഡിയോ ക്ലിപ്പില്‍ തന്നെയുള്ള, കേരളത്തിലെ അമുസ്‌ലിംകളുടെ സമ്മേളനങ്ങളിലേക്ക് ട്രക്ക് കയറ്റാനോ അവരുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താനോ അവരെ കൊലപ്പെടുത്താനോ എല്ലാമുള്ള ആഹ്വാനങ്ങള്‍, കത്തി ഉപയോഗിച്ചോ മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചോ കൊലപ്പെടുത്താനുള്ള ആഹ്വാനങ്ങള്‍, ആ ആഹ്വാനങ്ങള്‍ ഒരു രാഷ്ട്രസംവിധാനം നല്‍കിയ ആഹ്വാനങ്ങളാണെങ്കില്‍ പോലും ശുദ്ധമായ പൈശാചികതയാണ്. രാഷ്ട്രം എന്നുപറഞ്ഞാല്‍ എല്ലാ തോന്നിവാസങ്ങളെയും ന്യായീകരിക്കാനുള്ള ഒരു സ്ഥാപനമല്ല. രാജ്യം പറയേണ്ടത് പറഞ്ഞാല്‍ മാത്രമേ അതിന് ഇസ്‌ലാമികമായ സാധൂകരണം ഉണ്ടാകൂ. എന്നാല്‍ ഒരു രാജ്യം പോലുമില്ലാതെ വ്യക്തികളോട്, കേരളത്തില്‍ ജീവിക്കുന്ന ഇന്‍ഡ്യയിലെ പൗരന്‍മാരോട്, ആയുധങ്ങള്‍ കയ്യിലെടുത്തുകൊണ്ട് ആക്രമണങ്ങള്‍ നടത്താന്‍ പറയുകയും ആ ആക്രമണങ്ങള്‍ ജിഹാദാണ് എന്ന് വാദിക്കുകയും ചെയ്യുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകുന്നു എന്നു മാത്രമേയുള്ളൂ.
ഇസ്‌ലാമിക ചരിത്രത്തില്‍ റസൂല്‍ (സ) നടത്തിയ യുദ്ധങ്ങളെല്ലാം തന്നെ രാജ്യനേതൃത്വത്തിനുകീഴില്‍ നടന്ന യുദ്ധങ്ങളാണ്. അതിനര്‍ത്ഥം യുദ്ധം വഴിയല്ലാതെ ആരെയും റസൂലി(സ)ന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയിട്ടില്ല എന്നല്ല. അങ്ങനെ നമ്മള്‍ മനസ്സിലാക്കരുത്. ഇസ്‌ലാമില്‍ ഒരു രാഷ്ട്രസംവിധാനത്തില്‍ ഒരാളെ വധിക്കാവുന്ന കുറേ സന്ദര്‍ഭങ്ങളുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ഒരു കൊലപാതകം നടക്കുന്നു. ആ കൊലപാതകം നടത്തിയത് ഇന്നയാളാണെന്ന് ഇസ്‌ലാമിക രാജ്യത്തെ കോടതിക്ക് ബോധ്യപ്പെടുന്നു. ആ കൊലപാതകിയെ വധിക്കുവാന്‍ ഇസ്‌ലാമിക രാജ്യത്ത് നിയമമുണ്ട്. ഈ കൊലപാതകത്തിനിരയായ വ്യക്തിയുടെ കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കിയിട്ടില്ലെങ്കില്‍, അവര്‍ വിട്ടുവീഴ്ച നല്‍കാന്‍ സന്നദ്ധമല്ലെങ്കില്‍, നഷ്ടപരിഹാരം സ്വീകരിച്ചുകൊണ്ട് പ്രതിയെ വെറുതെ വിടാന്‍ സന്നദ്ധമല്ലെങ്കില്‍ അയാളെ വധിക്കും ഇസ്‌ലാമിക രാഷ്ട്രം. ഇത് യുദ്ധമല്ല. യുദ്ധമല്ലാതെ യുദ്ധത്തിന് പുറത്ത് ഒരാളെ വധിക്കുവാന്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് അധികാരമുള്ള സന്ദര്‍ഭമാണത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമില്‍ രാജ്യത്തിന്റെ നിര്‍ദേശപ്രകാരമല്ലാതെ ഒരാളെയും വധിക്കുവാന്‍ ഒരാള്‍ക്കും അധികാരമില്ല. രാജ്യത്തിന്റെ നിര്‍ദേശമനുസരിച്ചുമാത്രമാണ് ഇസ്‌ലാമില്‍ വധമുള്ളത്. ആ വധം യുദ്ധത്തിലാകാം. അല്ലെങ്കില്‍ ഏതെങ്കിലും ശിക്ഷകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാകാം. രണ്ടായാലും രാഷ്ട്രം നിര്‍ദേശിച്ചതുപ്രകാരം രാജ്യം നിശ്ചയിച്ച ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട കാര്യമാണത്.
യുദ്ധം രാജ്യത്തിന്റെ സൈന്യം ചെയ്യേണ്ടതാണ്. കുറ്റങ്ങള്‍ക്കുള്ള ശിക്ഷയായി ചെയ്യേണ്ടത് കോടതിയാണ്, ഉദ്യോഗസ്ഥരാണ്. ഇന്നത്തെ നമ്മുടെ കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നതും അതുപോലെ തന്നെയാണ്. നമ്മുടെ നാട്ടില്‍ ഒരു കൊലപാതകം നടന്നു എന്നുവിചാരിക്കുക. ആ കൊലപാതകം ഏറ്റവും മാരകമായ രീതിയിലുള്ള കൊലപാതകമായതുകൊണ്ട് ഇന്‍ഡ്യന്‍ ശിക്ഷാനിയമപ്രകാരം അയാള്‍ക്ക് പരമാവധി ശിക്ഷ വിധിച്ചു എന്നും സങ്കല്‍പിക്കുക; ഇന്‍ഡ്യയില്‍ അത് വളരെ അപൂര്‍വമാണെങ്കിലും. ആ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത് ആരാച്ചാരായിരിക്കും. ആ ആരാച്ചാര്‍ തീര്‍ച്ചയായും അയാളെ കൊല്ലും. അത് എടുത്തുവന്നുകൊണ്ട് അയാള്‍ ഒരു മനുഷ്യനെ കൊന്നില്ലേ, അയാള്‍ ഒരു രാജ്യമല്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അയാള്‍ രാജ്യമാണ്. അയാളെയാണ് രാജ്യം അത് ഏല്‍പിച്ചത്. രാജ്യം എന്നുപറയമ്പോള്‍ അമൂര്‍ത്തമായ ഒരാള്‍ വന്നുകൊല്ലും എന്നല്ല. രാഷ്ട്രം നിയോഗിച്ച ഉദ്യോഗസ്ഥര്‍ കൊല്ലും എന്നുതന്നെയാണ്.
കഅബ് ഇബ്‌നു അശ്‌റഫ് മദീനയിലെ ഒരു യഹൂദ പൗരനായിരുന്നു. അദ്ദേഹം നിരന്തരമായി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹം മദീനക്കുള്ളില്‍ സൈനികമായ കലാപങ്ങള്‍ക്ക് പരിസരമൊരുക്കാന്‍ ശ്രമിച്ചയാളായിരുന്നു. മക്കയിലേക്കുപോയി ശത്രുക്കളെ മദീനക്കെതിരെ ഇളക്കിവിടാന്‍ ശ്രമിച്ചയാളായിരുന്നു. മദീനയില്‍ സാംസ്‌കാരികമായ അരാജകത്വത്തിനുവേണ്ടി പരിശ്രമിച്ച വ്യക്തിയായിരുന്നു. മദീനയില്‍ ഒരു കലാപമുണ്ടാക്കാന്‍, ഭരണത്തെ അസ്ഥിരപ്പെടുത്താന്‍, തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരുന്ന ഒരു രാജ്യദ്രോഹിയായിരുന്നു കഅബ് ഇബ്‌നു അശ്‌റഫ് അദ്ദേഹം രാജ്യത്തിന്റെ അച്ചടക്കത്തിലേക്കു വരാന്‍ സന്നദ്ധമായില്ല. സ്വാഭാവികമായും രാജ്യത്തിന്റെ ഭദ്രതക്കും രാജ്യത്തെ പൗരന്‍മാരുടെ ജീവനും സ്വത്തിനുമെല്ലാം ഭീഷണിയായ ഒരു വ്യക്തി എന്ന നിലക്ക് രാജ്യം അയാളെ കൊല്ലാന്‍വേണ്ടി തീരുമാനിക്കുന്നു. രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ റസൂല്‍ (സ) അയാളെ വധിക്കുവാനുള്ള ഉത്തരവ് നല്‍കുന്നു. ആ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടി രാജ്യത്താല്‍ ഏല്‍പിക്കപ്പെട്ടയാളാണ് മുഹമ്മദ്ബ്‌നു മസ്‌ലമ (റ). അദ്ദേഹം കഅബ് ഇബ്‌നു അശ്‌റഫിനെ വധിക്കുന്നു. കോട്ടക്കുള്ളില്‍പോയി വധിച്ചതെന്താണെന്നു ചോദിച്ചാല്‍ അന്നത്തെ രീതിശാസ്ത്രമനുസരിച്ച് ഇത് ഓരോ കോളനികളാണ്. ഒരു യഹൂദ കോളനിക്കുള്ളിലുള്ളയാളെ വധിക്കുവാന്‍ ഒരു കോട്ടയെ ഒന്നടങ്കം ആക്രമിക്കണമെന്നതാണ് അന്നത്തെ രീതി. അത് അനാവശ്യമായ ഒരു യുദ്ധത്തിലേക്കു നയിക്കും. അങ്ങനെയൊരു യുദ്ധം ഇസ്‌ലാം ആഗ്രഹിക്കാത്തതുകൊണ്ട് വളരെ സമര്‍ത്ഥമായി അയാളെ മാത്രം വധിച്ചു എന്നുമാത്രമേയുള്ളു. ഇത് കൃത്യമായി രാഷ്ട്രം ഒരു രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷ വിധിച്ചതാണ്. ആ ശിക്ഷ വിധിക്കാനേല്‍പിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ മറ്റാര്‍ക്കും പരുക്ക് പറ്റാതെ ആ കുറ്റവാളിയെ മാത്രം വളരെ കൃത്യമായി സമര്‍ത്ഥമായി വധിച്ചതാണ്.
നമ്മുടെ നാട്ടില്‍ നടക്കുന്ന ഭീകരാക്രമണങ്ങളായാലും പ്രതികാര കൊലപാതകങ്ങളായാലും അതൊന്നും ഒരിക്കലും ഇതുപോലെയല്ല. നമ്മുടെ നാട്ടില്‍ കൊടിഞ്ഞിയിലെ ഫയ്‌സല്‍ കൊല്ലപ്പെടുന്നു. അത് തീര്‍ച്ചയായും മതനിരപേക്ഷതക്കും ഇന്‍ഡ്യന്‍ ജനാധിപത്യത്തിനും ആഴത്തിലേറ്റ ആഘാതമായിരുന്നു. എന്നിട്ട് ഇവിടുത്തെ നിയമവ്യവസ്ഥിതി കാര്യക്ഷമമാവുന്നില്ലെങ്കില്‍ രാഷ്ട്രീയമായ സമ്മര്‍ദങ്ങള്‍ ഭരണകൂടത്തിനുമേലും പൊലീസിനുമേലും ഉണ്ടാകേണ്ടതുണ്ട്. അതിനുപകരം നിയമം കയ്യിലെടുത്തുകൊണ്ട് ആ പ്രതികാരക്കൊലക്ക് ഞങ്ങള്‍ പകരം ചെയ്യും, ഫയ്‌സലിന്റെ കൊലപാതകികളെ ഞങ്ങള്‍ വധിക്കും എന്നാരെങ്കിലും പറഞ്ഞാല്‍ അതിന് ഇസ്‌ലാമികമായി യാതൊരു സാധുതയുമില്ല. അതിനെ ഇസ്‌ലാം വിളിക്കുക ജിഹാദ് എന്നല്ല, ഫസാദ് എന്നാണ്. കാരണം അങ്ങനെയൊരു ഏര്‍പ്പാടില്ല ഇസ്‌ലാമില്‍. നാട്ടിലൊരു കൊലപാതകം നടന്നാല്‍ ആ കൊലപാതകത്തിന് നേതൃത്വം നല്‍കിയ ആളുകളെ കോടതിക്കുമുന്നില്‍ ഹാജരാക്കുകയും അവരെ വിസ്തരിക്കുകയും കുറ്റവാളികളാണെന്ന് ബോധ്യപ്പെട്ടാല്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ വിട്ടുവീഴ്ചക്ക് സന്നദ്ധമല്ലെങ്കില്‍ അയാളെ രാജ്യം കല്‍പിക്കുന്നതിനനുസരിച്ച് രാജ്യത്തിന്റെ ഉദ്യോഗസ്ഥര്‍ കൊല്ലുകയും ചെയ്യുക എന്നതല്ലാതെ വ്യക്തികള്‍ നിയമം കയ്യിലെടുക്കുക എന്നൊരു ഏര്‍പ്പാട് തന്നെ ഇസ്‌ലാമിലില്ല. അതു പൂര്‍ണമായി ഫസാദാണ്. അതുകൊണ്ടുതന്നെ ഈ പറയുന്ന ആളുകള്‍, അവര്‍ എന്തുവെച്ചതിനെ ന്യായീകരിച്ചാലും, അതാണ് രാഷ്ട്രീയമായി യുക്തിസഹമെന്നവര്‍ എങ്ങനെ സമര്‍ത്ഥിച്ചാലും, ഇന്‍ഡ്യയില്‍ ഫാഷിസത്തിന്റെ ഈ രീതിയിലുള്ള അധികാരാരോഹണങ്ങള്‍ ഉണ്ടാകുമ്പോള്‍ മുസ്‌ലിംകള്‍ക്ക് ഇങ്ങനെയല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല എന്ന് എങ്ങനെയൊക്കെ തലകുത്തി നിന്ന് പറഞ്ഞാലും, അതിനുവേണ്ടി എത്ര സമര്‍ത്ഥമായി ന്യായവാദങ്ങള്‍ അവര്‍ ഉന്നയിച്ചാലും, മുസ്‌ലിംകള്‍ക്ക് അതിനെ അനുകൂലിക്കാന്‍ കഴിയില്ല. കാരണം മുസ്‌ലിംകള്‍ അത് മതപരമായി പാപമാണ് എന്ന് പഠിപ്പിക്കപ്പെട്ടവരാണ്. പ്രതികാരക്കൊലകൾ സംഘടിപ്പിക്കുന്നവർക്ക് വേണമെങ്കില്‍ നക്‌സലുകളാണ് അവരുടെ മാതൃക എന്നുപറയാം. പ്രവാചകനാണ് ഞങ്ങളുടെ മാതൃക എന്നുപറയാന്‍ അവര്‍ക്കൊരവകാശവുമില്ല. കാരണം റസൂലോ (സ) സ്വഹാബിമാരോ അത്തരമൊരു പ്രതികാരക്കൊലയുടെ രീതി നമ്മളെ പഠിപ്പിച്ചിട്ടേയില്ല.
റസൂലി(സ)ന്റെ മരണശേഷം ഉമറ്ബ്‌നുല്‍ ഖത്വാബ് (റ) വധിക്കപ്പെട്ടു. ഉമറി(റ)ന്റെ ഘാതകര്‍ എന്നു കരുതപ്പെട്ടിരുന്ന ആളുകളുമായി ബന്ധമുണ്ടായിരുന്ന ആളുകളെ ഉമറി(റ)ന്റെ പുത്രന്‍ ഉബൈദുല്ല (റ) തിരിച്ചുചെന്ന് ആക്രമിച്ചു. അങ്ങനെ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ ഉഥ്മാനുബ്‌നു അഫ്ഫാന്റെ (റ) കോടതിയില്‍ ഉബൈദുല്ല (റ) കുറ്റവാളിയായി വിസ്തരിക്കപ്പെട്ടു എന്നതാണ് പിന്നീട് ഇസ്‌ലാമിക ചരിത്രത്തില്‍ നമ്മള്‍ കാണുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഖലീഫയാണ് വധിക്കപ്പെട്ടത്. ഖലീഫയുടെ മകനാണ് അതിന്റെ വൈകാരികമായ ആഘാതം താങ്ങാന്‍ കഴിയാതെ കോടതിയെ കാത്തുനില്‍ക്കാതെ ഈ വധത്തില്‍ പങ്കുണ്ടായിരുന്നു എന്ന് കരുതിയ ആളുകളെ തിരിച്ചുചെന്ന് സ്വന്തമായി ആക്രമിച്ചത്. അങ്ങനെ ആക്രമിച്ചതിന്റെ പേരില്‍ ഉബൈദുല്ല (റ) കോടതിയില്‍ കുറ്റവാളിയായി ഒരു ഇസ്‌ലാമിക രാജ്യത്ത് വിസ്തരിക്കപ്പെടുന്നു എന്നുപറഞ്ഞാല്‍ ഇസ്‌ലാമികേതര രാഷ്ട്രത്തില്‍ നിയമം കയ്യിലെടുക്കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല എന്ന കാര്യം വളരെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇത്തരം നിയമം കയ്യിലെടുത്തുകൊണ്ടുള്ള വധങ്ങളെ കഅബ് ഇബ്നു അശ്‌റഫിന്റെ വധവുമായി ബന്ധപ്പെടുത്തി ന്യായീകരിക്കുവാനുള്ള എല്ലാ ശ്രമങ്ങളും അടിസ്ഥാനരഹിതമാണ്. കഅബ് ഇബ്നു അശ്‌റഫിന്റേത് രാജ്യം നിര്‍ദ്ദേശിച്ച, തികച്ചും നിയമപരമായ ഒരു ശിക്ഷ നടപ്പാക്കല്‍ മാത്രമായിരുന്നു എന്നതാണ് സത്യം.
7. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം ഉണ്ടായതിനുശേഷം മാത്രമാണ് ആയുധങ്ങളെടുത്തുള്ള ജിഹാദ് ഉണ്ടായത് എന്നുള്ള വാദം എത്രത്തോളം ശരിയാണ്? മക്കയില്‍വെച്ച് സഅദ്ബ്‌നു അബീവക്വാസ് (റ) ഒരു അവിശ്വാസിയെ ഒട്ടകത്തിന്റെ താടിയെല്ല് കൊണ്ട് അടിച്ചുകൊലപ്പെടുത്തി ജിഹാദ് ചെയ്തില്ലേ?
– ഭീകരപ്രസ്ഥാനങ്ങളെല്ലാം അടിസ്ഥാനപരമായി ഗറില്ലാ സംഘങ്ങളാണ്. അതുകൊണ്ടു തന്നെ പരിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും സ്വഹാബിമാരുടെ ജീവിതത്തിലും ഫിക്വ്ഹ് ഗ്രന്ഥങ്ങളിലും തഫ്‌സീറുകളിലും എല്ലാമുള്ളത് രാജ്യത്തിന്റെ നേതൃത്വത്തിലുള്ള സായുധ ജിഹാദ് മാത്രമാണ് എന്ന വസ്തുത അവരെ നിരന്തരമായി അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് എങ്ങനെയെങ്കിലും ഗവേഷണം നടത്തി രാഷ്ട്രനേതൃത്വത്തിനു കീഴിലല്ലാതെ ഒരു സായുധ ജിഹാദ് നടന്നതായി സ്ഥാപിക്കുവാനുള്ള അത്യധ്വാനങ്ങള്‍ അവര്‍ ആരംഭിച്ചിട്ട് കാലമേറെയായി. ഇത്രയധികം ഭീകരപ്രസ്ഥാനങ്ങള്‍ പരിശുദ്ധ ക്വുര്‍ആനും ഹദീഥും ചിക്കിചികഞ്ഞിട്ട് കിട്ടിയത് ഒരു ഒട്ടകത്തിന്റെ എല്ലിന്റെ കഷ്ണമാണ്. അതിനപ്പുറത്ത് ഒന്നും ഇത്രകാലമായി കിട്ടിയിട്ടില്ല. ആ ഒട്ടകത്തിന്റെ എല്ലിന്‍ കഷ്ണം കൊണ്ടാണ് ഇവര്‍ മൂന്നുപതിറ്റാണ്ടുകാലമായി മുസ്‌ലിം ലോകത്ത് ചോര ചിന്തിക്കൊണ്ടിരിക്കുന്നത് എന്നുകേട്ടാല്‍ നമുക്കുതന്നെ അത്ഭുതം തോന്നും. നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം, ഇത് ആത്മാര്‍ത്ഥമായ സംഭവങ്ങള്‍ ഉദ്ധരിക്കലേയല്ല. അവര്‍ യഥാര്‍ത്ഥത്തില്‍ നക്‌സല്‍ മാതൃകയിലുള്ള ഗറില്ല ആക്രമണങ്ങളില്‍ വിശ്വസിക്കുന്നവരാണ്. അതിന് ഇസ്‌ലാമികമായി യാതൊരു മാതൃകയുമില്ല. അതിന് ഇസ്‌ലാമികമായ മാതൃകയുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ആദ്യം നയവും നിലപാടും തീരുമാനിച്ചശേഷം പിന്നീട് പ്രമാണങ്ങളിലേക്ക് പോയി ആവശ്യമായ സംഭവങ്ങള്‍ ചികയുന്നു എന്നു മാത്രമേയുള്ളൂ.
എന്താണ് സഅദ്ബ്‌നു അബീവക്വാസി(റ)ന്റെ സംഭവം? ഇബ്‌നു ഇസ്ഹാക്വിന്റെ സീറത്തുറസൂലില്ലയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുളള ഒരു സംഭവമാണത്. ഇബ്‌നു ഇസ്ഹാക്വിന്റെ സീറത്തുറസൂലില്ലയില്‍ പ്രബലമായ നിവേദനങ്ങളുണ്ട്, ദുര്‍ബലമായ നിവേദനങ്ങളുണ്ട്, നിര്‍മിതമായ നിവേദനങ്ങളുണ്ട്. അങ്ങനെ പലതുമുണ്ട്. അവയെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന, തനിക്ക് കിട്ടിയ എല്ലാ നിവേദനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ജീവചരിത്രമാണ് ഇബ്‌നു ഇസ്ഹാക്വിന്റെ സീറത്തു റസൂലില്ല. എന്നാല്‍ മുസ്‌ലിം ലോകത്ത് ഏറ്റവും ആദ്യമായി രചിക്കപ്പെട്ട നബിചരിത്രങ്ങളില്‍ ഒന്ന് എന്ന ചരിത്രപരമായ പ്രാധാന്യം അതിനുണ്ട് താനും. അതില്‍ പറയപ്പെട്ടിട്ടുള്ള ഒരു സംഭവമാണിത്. അത് ശരിയാകാം, തെറ്റാകാം. അത് ശരിയാണെന്നു അഭിപ്രായം പറഞ്ഞ പണ്ഡിതന്‍മാരെല്ലാമുണ്ട്. അവിടെ പക്ഷേ ഇവര്‍ക്ക് തെളിവായി എന്താണ് ഉള്ളത് എന്നുമാത്രമാണ് നമുക്ക് മനസ്സിലാകാത്തത്. ഇബ്ൻ ഇസ്‌ഹാക്വ് നൽകുന്ന വിവരങ്ങൾ നമുക്ക് നോക്കാം. സഅദ്ബ്‌നു അബീവക്വാസും (റ) അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ചില അനുചരന്‍മാരും മക്കയുടെ നഗര അതിര്‍ത്തിക്കു പുറത്തുള്ള ചില താഴ്‌വരകളില്‍ പോയി അല്ലാഹുവിനെ ആരാധിക്കാറുണ്ടായിരുന്നു. സഅദ്ബ്‌നു അബീവക്വാസ് (റ) അങ്ങനെ ചെയ്യുവാന്‍ കാരണം, മക്കയില്‍ വെച്ച് ആളുകളുടെ ഇടയില്‍വെച്ച് നമസ്‌കരിക്കുകയും പടച്ചതമ്പുരാനെ ആരാധിക്കുകയുമെല്ലാം ചെയ്താല്‍ മര്‍ദിക്കപ്പെടുമെന്ന് അവര്‍ ഭയന്നിരുന്നു. മക്കാജീവിത കാലഘട്ടത്തിലാണ്. പ്രബോധനത്തിന്റെ ആദ്യനാളുകളിലാണ്. അവിടെ മക്കയില്‍വെച്ച് മര്‍ദിക്കപ്പെടും, പീഡിപ്പിക്കപ്പെടും എന്നുഭയന്നതുകൊണ്ട് അത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടാതെ സമാധാനപരമായി ആരാധനകള്‍ നിര്‍വഹിക്കപ്പെടുന്നതിനുവേണ്ടി സഅദ്ബ്‌നു അബീവക്വാസി(റ)നെപ്പോലുള്ള ചിലയാളുകള്‍ മക്കയ്ക്ക് പുറത്തുള്ള താഴ്‌വാരങ്ങളില്‍ അഭയം പ്രാപിക്കാറുണ്ടായിരുന്നു. ഇവിടെ ഭീകരവാദികളുടേതിന് നേര്‍വിപരീതമാണ് സഅദ്ബ്‌നു അബീവക്വാസി(റ)ന്റെ മാനസികാവസ്ഥ. മര്‍ദകരായ അവിശ്വാസികളെ പോലും സായുധമായി നേരിടണമെന്ന് വിചാരിക്കുന്നതിനുപകരം അവര്‍ കാണാത്ത ഇടങ്ങളിലേക്ക് ഒളിച്ചുചെന്നിരുന്ന് ശാന്തമായി ആരാധനകളില്‍ കേന്ദ്രീകരിക്കുന്ന ആത്മീയതയാണ് സഅദ്ബ്‌നു അബീവക്വാസി(റ)ലും അനുചരന്‍മാരിലും നമ്മള്‍ കാണുന്നത്.
സഅദ്ബ്‌നു അബീവക്വാസ് (റ) ഇങ്ങനെ ആരാധനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സമയത്ത് അതിലൂടെ കടന്നുവന്ന, മക്കയിലുള്ള ശത്രുക്കളുടെ ഒരുസംഘം അവരെ പെട്ടെന്ന് കടന്നാക്രമിച്ചു. അവരുടെ ആരാധനാസ്ഥലം കയ്യേറുകയും അവരെ വധിക്കുവാന്‍ ശ്രമിക്കുകയും അവരുമായി രൂക്ഷമായി ഏറ്റുമുട്ടുകയും ചെയ്തു. എന്തുസംഭവിക്കും? സ്വാഭാവികമായും എവിടെയും സംഭവിക്കുന്നതുതന്നെ ഇവിടെയും സംഭവിക്കും. ഞാന്‍ റോഡിലൂടെ നടന്നുപോകുന്ന സമയത്ത് എന്നെ ഒരാള്‍ അടിക്കാനും നിലത്തുവീഴ്ത്താനും കൊല്ലാനുമെല്ലാം ശ്രമിച്ചാല്‍ ഞാന്‍ കയ്യും കെട്ടി നോക്കിനില്‍ക്കുമോ? തീര്‍ച്ചയായും ഇല്ല, ഞാന്‍ പ്രതിരോധിക്കും. കയ്യും കയ്യില്‍ കിട്ടാനുള്ളതുമെല്ലാം ഉപയോഗിച്ച് ഞാന്‍ പ്രതിരോധിക്കും. ഇത് വളരെ സ്വാഭാവികമാണ്. ആക്രമിക്കപ്പെടുന്ന സ്‌പോട്ടില്‍വെച്ച് അക്രമിയെ തുരത്താന്‍ വേണ്ടി നമ്മള്‍ നടത്തുന്ന വളരെ സ്വാഭാവികമായ, മനുഷ്യസഹജമായ പ്രതിരോധമാണ്. ആ പ്രതിരോധത്തെ ലോകത്തെ ഒരു നിയമവ്യവസ്ഥയും തെറ്റായി കാണുന്നില്ല; കാണാന്‍ കഴിയുകയുമില്ല.
ജീവന്‍ ആക്രമിക്കപ്പെടുന്ന സമയത്ത് സ്വയംരക്ഷക്കുവേണ്ടി ശ്രമിക്കുക എന്നത് മനുഷ്യരുടെ സ്വാഭാവികമായ പ്രകൃതമാണ്. അങ്ങനെ സഅദ്ബ്‌നു അബീവക്വാസും (റ) സംഘവും ആരോരുമില്ലാത്ത ഒരു സ്ഥലത്തുവെച്ച് അതിലൂടെ കടന്നുവന്ന ശത്രുക്കളുടെ സംഘത്താല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ തടഞ്ഞത് ഒരു ഒട്ടകത്തിന്റെ എല്ലായിരുന്നു. ആ ഒട്ടകത്തിന്റെ എല്ലുവെച്ച് അദ്ദേഹം അടിച്ചു, അദ്ദേഹത്തിന് അടി കിട്ടാതിരിക്കാന്‍ വേണ്ടി. ആ അടികൊണ്ട ആളുടെ നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്നു. അതാണ് ഇസ്‌ലാമിക ചരിത്രത്തില്‍ വീണ ആദ്യത്തെ രക്തം എന്ന് ഇബ്‌നു ഇസ്ഹാക്വിന്റെ സീറത്തുറസൂലില്ലയില്‍ നമുക്ക് കാണാന്‍ കഴിയും. അതിന്റെ നിദാനശാസ്ത്രപരമായ ബലമെന്താണെന്ന് പണ്ഡിതന്‍മാര്‍ പറയേണ്ടതാണ്. അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭീകരവാദികള്‍ക്ക് ഇതില്‍ എന്താണ് എന്നാണ് നമുക്ക് മനസ്സിലാകാത്തത്. ഇത് ആരാണിവിടെ നിഷേധിക്കുന്നത്, ആരാണിവിടെ ചോദ്യം ചെയ്യുന്നത്? ഇവിടെ സംസാരിക്കുന്നത് അതിനെക്കുറിച്ചല്ല. വിശ്വാസപരമായ കാരണങ്ങള്‍ കൊണ്ടാകണമെന്നുമില്ല ആക്രമിക്കപ്പെടുന്നത്, അത് എന്തിന്റെ പേരിലുമാകാം. എന്റെ സ്വത്ത് തട്ടിയെടുക്കാന്‍, എന്റെ ഭാര്യയെ കയ്യേറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും. ഞാന്‍ തുരത്താന്‍ ശ്രമിക്കും. ആ തുരത്താന്‍ ശ്രമിക്കുന്നതിനിടയില്‍, ആ ശത്രുവിനെ ചെറുക്കുന്നതിനിടയില്‍ ശത്രു വധിക്കപ്പെട്ടാല്‍ പോലും ഇന്‍ഡ്യന്‍ നിയമവ്യവസ്ഥയനുസരിച്ചും ഞാന്‍ കോടതിയില്‍ കുറ്റവിമുക്തനാക്കപ്പെടും. ഞാന്‍ ആത്മരക്ഷാര്‍ത്ഥം നടത്തിയ ഒരു തത്സമയ പ്രതിരോധം മാത്രമാണത്. ആ തത്സമയ പ്രതിരോധം സഅദ്ബ്‌നു അബീവക്വാസി(റ)ന്റെ നേതൃത്വത്തിലുള്ള സംഘം നടത്തി എന്നുമാത്രമാണ് യഥാര്‍ത്ഥത്തില്‍ ഇബ്‌നു ഇസ്ഹാക്വിന്റെ സീറത്തുറസൂലില്ലയില്‍ ഉള്ളത്. ഒരിക്കല്‍ ഏതെങ്കിലുമൊരു കൊലപാതകം നടന്നതിനുശേഷം ദിവസങ്ങളോ മാസങ്ങളോ പിന്നിട്ടശേഷം ആ കൊലപാതകം നടത്തിയെന്നു കരുതുന്നയാളെ തെരഞ്ഞുപിടിച്ച് അങ്ങോട്ടുചെന്ന് ആക്രമിക്കുന്ന പ്രതികാര കൊലകളുമായി അതിന് യാതൊരു ബന്ധവുമില്ല. നിയമം കയ്യിലെടുക്കുന്നവരുമായി അതിന് യാതൊരു ബന്ധവുമില്ല.
ഈ തത്സമയ പ്രതിരോധം അനുവദനീയമാണ്. പക്ഷേ അതിനെയല്ല പണ്ഡിതന്‍മാര്‍ സായുധജിഹാദ് എന്നുവിളിച്ചിട്ടുള്ളത്. സായുധ ജിഹാദ് എന്നവര്‍ വിളിച്ചിട്ടുള്ളത് യുദ്ധത്തെയാണ്. ഇത് കേവലമായ, മാനുഷികസഹജമായ ഒരു പ്രതിരോധം മാത്രമാണ്. അതിനെ സായുധ ജിഹാദായി പ്രാമാണികരായ പണ്ഡിതന്‍മാരൊന്നും അവതരിപ്പിച്ചിട്ടില്ല. എന്നിട്ട് റസൂല്‍ (സ) എന്തുചെയ്തു എന്ന് ഈ സംഭവം ശരിയാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സീറത്തുല്‍ ഹലബിയ്യയില്‍ നമുക്ക് വായിക്കുവാന്‍ കഴിയും. അവിടെ പറയുന്നത് റസൂല്‍ (സ) അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വേണ്ടി മക്കയില്‍ നിന്ന് ദൂരേക്ക് വിശ്വാസികള്‍ പോകേണ്ടതില്ല എന്നും മക്കയില്‍ നഗരത്തിന്റെ മധ്യത്തില്‍ തന്നെയുള്ള ദാറുല്‍ അര്‍ക്വമില്‍ (അര്‍ക്വമിന്റെ വീട്ടില്‍) എല്ലാവരുടെയും ഇടയില്‍ തന്നെ ഒരുമിച്ചു കൂടിയാല്‍ മതി എന്നും അവിടെ ഒരുമിച്ചു കൂടുന്നു എന്ന വിവരം ശത്രുക്കള്‍ അറിയാതിരുന്നാല്‍ മതി എന്നും ആളുകളില്‍ നിന്ന് ദൂരേയ്ക്ക് പോയാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകും എന്നും പറഞ്ഞു എന്നാണ്. അങ്ങനെ ദാറുല്‍ അര്‍ക്വമിനെ ഇസ്‌ലാമിക പഠനത്തിനുള്ള പുതിയ കേന്ദ്രമായി പ്രവാചകന്‍ (സ) തെരഞ്ഞെടുത്തത് ഈ സംഭവത്തോടുകൂടിയാണ് എന്ന് നമുക്ക് സീറത്തുല്‍ ഹലബിയ്യയില്‍ വായിക്കുവാന്‍ കഴിയും. അവിചാരിതമായി നടന്ന ഈ സംഘര്‍ഷം ആവര്‍ത്തിക്കപ്പെടരുത്, അതിന് സാഹചര്യമുണ്ടാവരുത് എന്ന് വിചാരിക്കുകയാണ് പ്രവാചകന്‍ (സ) ചെയ്തത് എന്ന കാര്യം വളരെ വ്യക്തമാണ്. ഈ സംഭവത്തിന് ഇല്ലാത്ത അര്‍ത്ഥങ്ങള്‍ നല്‍കി ഇത്തരം ഏറ്റുമുട്ടലുകള്‍ നിരന്തരമായി ആഗ്രഹിക്കുന്ന ഒരു വിതാനത്തിലേക്ക് ജനങ്ങളുടെ മാനസികാവസ്ഥയെ കൊണ്ടുപോകുന്ന ആളുകളുടെ രീതിശാസ്ത്രവുമായി പ്രവാചകന് യാതൊരു ബന്ധവുമില്ല എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
മൂസാ നബി(അ)യുടെ ചരിത്രം നമുക്കറിയാം. അദ്ദേഹം വഴിയിലൂടെ നടന്നു പോകുമ്പോള്‍ അദ്ദേഹത്തിന്റെ സമുദായത്തില്‍പ്പെട്ട ഒരാളെ ഒരു കിബ്ത്വി ആക്രമിക്കുന്നു. ആ സമയത്ത് തന്റെ സഹോദരനെ രക്ഷിക്കുന്നതിനുവേണ്ടി മൂസാ നബി (അ) സംഘര്‍ഷത്തില്‍ ഇടപെടുന്നു. അങ്ങനെ ഈ അക്രമിയെ തുരുത്തുന്നതിനുവേണ്ടി സഹോദരനെ രക്ഷിക്കുന്നതിനുവേണ്ടി തല്‍സമയം സംഘര്‍ഷത്തില്‍ ഇടപെട്ടപ്പോള്‍ അറിയാതെ മൂസാ നബി(അ)യുടെ അടിയേറ്റ് അക്രമി മരണപ്പെടുന്നു. പരിശുദ്ധ ക്വുര്‍ആന്‍ അതിനെക്കുറിച്ചു പറയുന്ന വചനങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. മൂസാ നബി (അ) പശ്ചാത്താപവിവശനാകുന്നു. ഖേദം കൊണ്ട് അദ്ദേഹത്തിന്റെ മനസ്സ് നീറുന്നു. പടച്ചതമ്പുരാനേ, ഞാന്‍ വലിയ അക്രമം എന്നോടുതന്നെ ചെയ്തുപോയി എന്ന് മൂസാ നബി (അ) പരിതപിക്കുന്നു. അവിടെ ഒരു തല്‍സമയ പ്രതിരോധം, അനുവദിക്കപ്പെട്ട മനുഷ്യസഹജമായ പ്രതിരോധമാണ് നടത്തിയത്. ആ പ്രതിരോധത്തിനിടയില്‍ പോലും ശത്രുവിനെ തുരത്താനുള്ള ശ്രമത്തിനിടയില്‍ അറിയാതെ അയാള്‍ കൊല്ലപ്പെട്ടുപോയതില്‍ മൂസാ നബി(അ)ക്ക് മനഃസ്താപം ഉണ്ടാവുകയും അദ്ദേഹം പടച്ചതമ്പുരാനോട് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും ചെയ്തു എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ ഈ രംഗത്തുള്ള വീക്ഷണം എന്നുമാത്രമാണ് സൂചിപ്പിക്കുവാനുള്ളത്.
8. ഇസ്‌ലാമിക രാഷ്ട്രമെന്ന സങ്കല്‍പത്തെയാണ് ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നത്. പിന്നെ എങ്ങനെയാണ് അത് അനിസ്‌ലാമികമാണെന്ന് പറയാന്‍ കഴിയുക?
– ‘ഇസ്‌ലാമിക് സ്റ്റെയ്റ്റ്’ എന്നുപറയുന്ന ഇവരുടെ പേരില്‍ തന്നെയുള്ള സൂചനകളൊന്നും തന്നെ ഇസ്‌ലാമിനു നിരക്കുന്നതല്ല. ഇസ്‌ലാമിക രാഷ്ട്രത്തില്‍ മാത്രമേ മുസ്‌ലിംകള്‍ക്ക് പൂര്‍ണ മുസ്‌ലിമായി ജീവിക്കാന്‍ കഴിയൂ എന്നും ഇസ്‌ലാമികേതരമായ രാഷ്ട്രങ്ങളില്‍ അച്ചടക്കമുള്ള പൗരന്‍മാരായി ജീവിക്കുന്നത് ശിര്‍ക്കും കുഫ്‌റുമാണ് എന്നും ഇസ്‌ലാമികേതരമായ രാഷ്ട്ര സംവിധാനങ്ങളെ അട്ടിമറിച്ച് ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കലാണ് ജിഹാദിന്റെ അര്‍ത്ഥമെന്നും ലോകത്ത് എല്ലാ ഇസ്‌ലാമികേതരമായ രാഷ്ട്രസംവിധാനങ്ങളെയും തകര്‍ത്ത് ഒരു അഖിലലോക ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നമ്മള്‍ നടത്തേണ്ടത് എന്നും ഇസ്‌ലാമിക് സ്റ്റെയ്റ്റിന്റെ സാഹിത്യങ്ങളും പ്രഭാഷണങ്ങളും വീഡിയോ ചിത്രീകരണങ്ങളുമെല്ലാം നമ്മോട് പറയുന്നു. ഇവയെല്ലാം ഇസ്‌ലാമിന് അന്യമായ ആശയങ്ങളാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് മുസ്‌ലിം സമൂഹത്തിന് സ്വയം നിര്‍ണയാവകാശമുണ്ടെങ്കില്‍, അധികാരമുണ്ടെങ്കില്‍, ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കുവാനുള്ള സൗകര്യമുണ്ടെങ്കില്‍, ഭരണരംഗത്ത് അവര്‍ ഇസ്‌ലാമിക ശരീഅത്ത് പിന്തുടരണമെന്നതല്ലാതെ ഈ പറയുന്ന തരത്തിലുള്ള സങ്കല്‍പങ്ങളൊന്നും ഇസ്‌ലാമിക രാഷ്ട്രം എന്ന ആശയവുമായി ബന്ധപ്പെട്ട് ഇസ്‌ലാം പങ്കുവെക്കുന്നില്ല.
പ്രവാചകന്‍മാരില്‍ ബഹുഭൂരിപക്ഷവും ജീവിച്ചത് ഇസ്‌ലാമികേതരമായ രാഷ്ട്രസംവിധാനങ്ങളിലാണ്. ആ ഇസ്‌ലാമികേതരമായ രാഷ്ട്രസംവിധാനങ്ങളില്‍ ഇസ്‌ലാമികേതരമായ നിയമവ്യവസ്ഥക്ക് വിധേയമായി ജീവിക്കുന്നത് ശിര്‍ക്കാണ് എന്നും കുഫ്‌റാണ് എന്നും അവരാരും മനസ്സിലാക്കിയിട്ടില്ല. അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ച പ്രവാചകന്‍മാരൊന്നും ഇസ്‌ലാമികേതരമായ ഭരണകൂടങ്ങളെ അനുസരിക്കുന്നത് ബഹുദൈവാരാധനയാണെന്ന് പഠിപ്പിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് എല്ലാ പ്രജകളെയും പോലെ അവരെല്ലാവരും ഇസ്‌ലാമികേതരമായ രാഷ്ട്രസംവിധാനമുള്ള രാജ്യത്ത് അച്ചടക്കമുള്ള പൗരജീവിതം നയിച്ചവരായിരുന്നു. മുഹമ്മദ് നബി(സ)യും അങ്ങനെത്തന്നെയായിരുന്നു. മക്കയില്‍ പ്രവാചകന്‍ (സ) ജീവിച്ചതും അബ്‌സീനിയ(എത്യോപ്യ)യില്‍ പ്രവാചകന്റെ (സ) ശിഷ്യന്‍മാര്‍ ജീവിച്ചതും പ്രവാചകന്റെ കാലശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു കടന്നുപോയ സ്വഹാബിമാര്‍ ജീവിച്ചതുമെല്ലാം അങ്ങനെ തന്നെയായിരുന്നു.
അബ്‌സീനിയയിലേക്ക് പ്രവാചകന്റെ (സ) അനുചരന്‍മാര്‍ ഹിജ്‌റ പോയതിനെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ടൊരു കാര്യമുണ്ട്. ആ ഹിജ്‌റ പോയവരുടെ കൂട്ടത്തിലെ പ്രധാനപ്പെട്ടൊരു ആളായിരുന്നു പ്രവാചകന്റെ പിതൃവ്യപുത്രന്‍ ജഅ്ഫറുബ്‌നു അബീത്വാലിബ് (റ). മദീന എന്ന ഇസ്‌ലാമിക രാഷ്ട്രം ഉണ്ടായതിനുശേഷവും, മക്കയും മദീനയും തമ്മില്‍ യുദ്ധമുണ്ടായതിനുശേഷവും, ജഅ്ഫറുബ്‌നു അബീത്വാലിബും (റ) അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും അബ്‌സീനിയയില്‍ തന്നെ ജീവിക്കുന്നു. ഒരു ഇസ്‌ലാമിക രാഷ്ട്രം ലോകത്ത് നിലവില്‍ വന്നിരിക്കുന്നു. അങ്ങോട്ടുവേണമെങ്കില്‍ പോകാമായിരുന്നു. എന്നിട്ടുപോലും ഇസ്‌ലാമികേതര രാഷ്ട്രസംവിധാനത്തിനു കീഴില്‍ തന്നെ ജീവിതം തുടരുകയാണ് ജഅ്ഫറുബ്‌നു അബീത്വാലിബും (റ) സംഘവും ചെയ്യുന്നത്. അവര്‍ക്കതില്‍ മതപരവുമായ യാതൊരു അനൗചിത്യവും തോന്നുന്നില്ല. ആ ഇസ്‌ലാമികേതരമായ രാഷ്ട്രസംവിധാനത്തിനുകീഴില്‍ ജീവിക്കുന്നത് ശിര്‍ക്കാണ് എന്നോ കുഫ്‌റാണ് എന്നോ അവര്‍ വിചാരിച്ചിട്ടില്ല. ഖൈബര്‍ യുദ്ധത്തിനുശേഷം, അതായത് മദീനയില്‍ പ്രവാചകന്‍ (സ) എത്തി നീണ്ട ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടതിനുശേഷമാണ് യഥാര്‍ത്ഥത്തില്‍ ജഅ്ഫറുബ്‌നു അബീത്വാലിബും (റ) സംഘവും മദീനയിലേക്ക് എത്തുന്നത് എന്ന് നമുക്ക് ചരിത്രത്തില്‍ വായിക്കാന്‍ കഴിയും.
ഇപ്പോള്‍ ഇന്‍ഡ്യയുടെ പശ്ചാത്തലത്തില്‍ കൊടുമ്പിരി കൊള്ളുന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. ആ ചര്‍ച്ചകളില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചിലര്‍ പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യവും മതനിരപേക്ഷതയും അടിത്തറയായ ഇന്‍ഡ്യയിലെ രാഷ്ട്രീയക്രമം ശിര്‍ക്കും കുഫ്‌റും കലര്‍ന്ന രാഷ്ട്രീയക്രമമാണെന്നും ആ രാഷ്ട്രീയക്രമത്തില്‍ നാം ഭാഗഭാക്കായി കൂടെന്നും നമ്മള്‍ ഇന്‍ഡ്യയില്‍ രാഷ്ട്രീയമായ അധികാരസ്ഥാനങ്ങളില്‍ എത്തിക്കൂടായെന്നും അങ്ങനെയെല്ലാം ചെയ്യുന്നത് മതവിരുദ്ധമാണ് എന്നുമെല്ലാമാണ്. ആ വാദങ്ങള്‍ ഇസ്‌ലാമിക് സ്റ്റെയ്റ്റ് പറയുന്നതാണെങ്കിലും അല്ലാത്തവര്‍ പറയുന്നതാണെങ്കിലും അവക്കൊന്നും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നതാണ് സത്യം. ഒരു ഇസ്‌ലാമികേതര രാഷ്ട്രസംവിധാനത്തില്‍ മന്ത്രിയായി പ്രവര്‍ത്തിച്ച പ്രവാചകനെക്കുറിച്ച് പറയുന്ന വേദഗ്രന്ഥമാണ് പരിശുദ്ധ ക്വുര്‍ആന്‍. ഈജിപ്തില്‍ യൂസുഫ് നബി (അ) ഇസ്‌ലാമികേതരമായ നിയമവ്യവസ്ഥ പിന്തുടരുന്ന ഒരു രാജ്യത്ത്, ഒരു അമുസ്‌ലിം ഭൂരിപക്ഷപ്രദേശത്ത് അവിടെയുള്ള രാജാവിനോട് പറഞ്ഞു, ‘ഇവിടെയുള്ള ഖജനാവുകളുടെ കൈകാര്യം എന്നെയേല്‍പിക്കുക. ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.’ അവിടെ ഖജനാവ് കൈകാര്യം ചെയ്യുന്ന ഒരു ഭക്ഷ്യവകുപ്പ് മന്ത്രിയായി യൂസുഫ് നബി (അ) ഒരു അമുസ്‌ലിം രാജാവിനുകീഴില്‍ ഇസ്‌ലാമികേതരമായ ഭരണക്രമത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇന്‍ഡ്യയിലെ മുസ്‌ലിംകള്‍ക്ക് ഇവിടെയുള്ള ഇസ്‌ലാമികേതര ഭരണക്രമത്തില്‍ സജീവമായ രാഷ്ട്രീയ പങ്കാളിത്തവും ഭരണപങ്കാളിത്തവും മതം എതിര്‍ക്കുന്നില്ല എന്നുമാത്രമല്ല, പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഏത് രാജ്യത്തും ഏതു നിയമവ്യവസ്ഥക്കുകീഴില്‍ ജീവിക്കുകയാണെങ്കിലും അവിടെ അച്ചടക്കമുള്ള പൗരജീവിതം നയിക്കുകയും ആ നിയമവ്യവസ്ഥയുടെ ഭാഗമാവുകയും അവിടെ സജീവമായ രാഷ്ട്രീയ പങ്കാളിത്തമുണ്ടാക്കുകയുമാണ് മുസ്‌ലിംകളുടെ ഉത്തരവാദിത്തമെന്ന് അര്‍ത്ഥം.
അധികാരം കയ്യില്‍ കിട്ടിയില്‍ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കണം, ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കണം, അതിനവസരമില്ലാത്ത രാജ്യങ്ങളില്‍ അധികാരസ്ഥാനങ്ങളിലിരിക്കുന്നത് മതവിരുദ്ധമാണ് എന്നു വിചാരിക്കുന്നവര്‍ നജ്ജാശി രാജാവിന്റെ ചരിത്രമെങ്കിലും വായിച്ചാല്‍ മതി. അബ്‌സീനിയ ഭരിച്ചിരുന്ന നജ്ജാശി രാജാവ്, പ്രവാചകന്റെ (സ) സ്വഹാബിമാര്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന നജ്ജാശി രാജാവ്. ആ നജ്ജാശി രാജാവ് പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുന്നുണ്ട്. അദ്ദേഹം ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണ്. എന്നിട്ടുപോലും നജ്ജാശി അബ്‌സീനിയ(എത്യോപ്യ)യെ ഒരു ഇസ്‌ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടില്ല എന്നു നമ്മള്‍ മനസ്സിലാക്കണം. അദ്ദേഹം ശരീഅത്തിനെ അവിടുത്തെ ഭരണവ്യവസ്ഥയായി പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹം അവിടെയുള്ള ക്രൈസ്തവഭരണസംവിധാനത്തെ ഒരു ഇസ്‌ലാമിക ഭരണസംവിധാനമാക്കി മാറ്റി പ്രതിഷ്ഠിച്ചിട്ടില്ല. സാധാരണ പൗരനല്ല നജ്ജാശി. എത്യോപ്യ എന്നുപറയുന്ന രാജ്യത്തിന്റെ പരമാധികാരം കയ്യിലുള്ള രാജാവാണ്. ആ രാജാവാണ് ഇസ്‌ലാം സ്വീകരിക്കുന്നത്, ആ രാജാവാണ് ഇസ്‌ലാം പിന്തുടരുന്നത്. രാജാവായിട്ടുപോലും അബ്‌സീനിയ(എത്യോപ്യ)യെ ഒരു ഇസ്‌ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെയുണ്ടായിരുന്ന നിയമങ്ങളും വ്യവസ്ഥിതിയും തന്നെയദ്ദേഹം പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ മരണശേഷം ബാക്കിയുള്ള രാജാക്കന്‍മാര്‍ ആ വ്യവസ്ഥിതിയെ തന്നെ മുന്നോട്ടുകൊണ്ടപോവുകയും ചെയ്തു. ഇസ്‌ലാമിക രാഷ്ട്രമായ മദീനയിലേക്ക് ഹിജ്‌റ പോയിട്ടില്ല നജ്ജാശി. ഒരു ഇസ്‌ലാമികേതര രാഷ്ട്രസംവിധാനത്തില്‍ ഭരണാധികാരിയായി തുടര്‍ന്നു. മദീനയും മക്കയും തമ്മില്‍ യുദ്ധങ്ങളുണ്ടായി. ആ യുദ്ധങ്ങളില്‍ മദീനയുടെ സഖ്യകക്ഷിയായി വന്നിട്ടില്ല അബ്‌സീനിയ എന്നുപറയുന്ന രാജ്യം. ഒരു ഇസ്‌ലാമികേതര രാഷ്ട്രസംവിധാനത്തില്‍ അവിടുത്തെ ഏറ്റവും വലിയ കുഞ്ചികസ്ഥാനത്ത് നജ്ജാശിയെപ്പോലുള്ള ഒരാള്‍ക്ക് ഇസ്‌ലാമിനെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാന്‍ കഴിയുമെങ്കില്‍ എല്ലാ കാലത്തെയും മുസ്‌ലിംകള്‍ക്ക് അങ്ങനെ ജീവിക്കാന്‍ കഴിയും. നജ്ജാശി മരിച്ചസമയത്ത് റസൂല്‍ (സ) അനുചരന്‍മാരോട് പറഞ്ഞത് അയല്‍നാട്ടില്‍ സ്വാലിഹായ, സദ്‌വൃത്തനായ, നമ്മുടെ സഹോദരനായ ഒരാള്‍ മരണപ്പെട്ടതിനാല്‍ നമ്മള്‍ അദ്ദേഹത്തിനുവേണ്ടി ജനാസ നമസ്‌കരിക്കുന്നു എന്നാണ്. മുമ്പില്‍ മൃതശരീരം ഇല്ലാതെ പ്രവാചകന്‍ (സ) വേറെ മയ്യിത്ത് നമസ്‌കാരങ്ങളൊന്നും നടത്തിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അവിടെ ആ നജ്ജാശി രാജാവ് മരണപ്പെട്ടപ്പോള്‍ സദ്‌വൃത്തനെന്നും നമ്മുടെ സഹോദരനെന്നുമാണ് നബി (സ) പറഞ്ഞത്. അതല്ലാതെ ഒരു താഗൂത്തി ഭരണവ്യവസ്ഥയില്‍ പരമാധികാര സ്ഥാനത്തിരുന്ന, അത് വിട്ടെറിയാന്‍ കൂട്ടാക്കാതിരുന്ന, ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക് പലായനം ചെയ്യാതിരുന്ന ഒരു നിഷേധി എന്നല്ല റസൂല്‍ (സ) അദ്ദേഹത്തെ വിളിച്ചത്.
അതിനാല്‍ ഇസ്‌ലാമിക് സ്റ്റെയ്റ്റ് എന്നുപറയുന്ന ഈ ഭീകരപ്രസ്ഥാനം അതിന്റെ പ്രോപ്പഗണ്ട മെഷീനുകളിലൂടെ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഇസ്‌ലാമിക രാഷ്ട്രവാദത്തിന്റെയും പലായനത്തിന്റെയും അട്ടിമറിയുടെയുമെല്ലാം ആശയങ്ങള്‍ക്ക് ഇസ്‌ലാമിക ചരിത്രവുമായി യാതൊരു ബന്ധവുമില്ല. അതുപോലെ അമുസ്‌ലിംകളോടുള്ള ഭീകരമായ വിദ്വേഷത്തിന്റെ ആശയങ്ങള്‍ക്ക് ഇസ്‌ലാമുമായോ ഇസ്‌ലാമിക ചരിത്രവുമായോ യാതൊരു ബന്ധവുമില്ല. ത്വാഇഫില്‍ നിന്ന് കല്ലേറുകൊണ്ട് മക്കയിലേക്കു മടങ്ങിയ പ്രവാചകന് (സ) അഭയം നല്‍കിയതുപോലും മുത്വ്ഇം ഇബ്‌നു അദിയ്യ് എന്നുപറയുന്ന ഒരു അവിശ്വാസിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭയത്തിന്റെ തണുപ്പിലും തണലിലുമാണ് പ്രവാചകന്‍ (സ) അതിപ്രയാസകരമായ അനുഭവങ്ങള്‍ക്കുശേഷം മക്കയില്‍ ജീവിച്ചത് എന്നുമെല്ലാം പറയുമ്പോള്‍ എത്ര ഊഷ്മളമായ ഗാഢബന്ധങ്ങളാണ് റസൂലി(സ)ന് അവരുമായി ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമാണ്. നമ്മുടെ നാട്ടിലുള്ള മുത്വ്ഇം ഇബ്‌നു അദിയ്യുമാരെ, നമ്മുടെ നാട്ടിലുള്ള അബൂത്വാലിബുമാരെ, നമ്മുടെ നാട്ടിലുള്ള അബ്ദുല്ലാഹിബ്‌നു ഉറൈക്വിത്തുമാരെ, നമ്മുടെ നാട്ടിലുള്ള ഇബ്‌നു ദുഗിന്നമാരെ മറക്കാതിരിക്കുക. അവരുടെ കൈകോര്‍ത്തുപിടിച്ച് നൂറ്റാണ്ടുകളായി സഹവര്‍ത്തിത്വത്തിന്റെ ഒരു സംസ്‌കാരം നമ്മളിവിടെ പടുത്തുയര്‍ത്തിയിട്ടുണ്ട്. ആ സഹവര്‍ത്തിത്വത്തിന്റെ സംസ്‌കാരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ നമ്മള്‍ ആരെയും അനുവദിക്കാതിരിക്കുക.
കേരളത്തെ സാമുദായികമായി ധ്രുവീകരിക്കുക എന്ന ദൗത്യം ഇവിടെ വളരെ കൃത്യമായി നിര്‍വഹിക്കപ്പെടുന്നു ഇത്തരം ഓഡിയോ ക്ലിപ്പിംഗുകള്‍ വഴി. ഈ ഭീകരപ്രസ്ഥാനത്തിന് കേരളത്തില്‍ വേരുവളരുമോ ഇല്ലയോ എന്നതിനെക്കാള്‍ നമ്മള്‍ വളരെ ഭയാശങ്കകളോടുകൂടി നോക്കിക്കാണുന്ന കാര്യം ഇവിടുത്തെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിദ്വേഷവും അകലവുമെല്ലാമുണ്ടാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇത് പ്രചരിപ്പിച്ചുകൊണ്ട് നിക്ഷിപ്ത താല്‍പര്യക്കാരായ ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. അവിടെ നമ്മള്‍ മനസ്സിലാക്കുക, ഇത് ഇസ്‌ലാമല്ല; ഇത് പ്രവാചകന്റെ പാരമ്പര്യമല്ല; ഇത് സ്വഹാബിമാരുടെ പാരമ്പര്യമല്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക് സ്റ്റെയ്റ്റ് എന്നുപറയുന്ന ഒരു ഭീകരപ്രസ്ഥാനത്തിന്റെ വക്താക്കള്‍ പടച്ചുണ്ടാക്കിയ ഒരു വ്യാജ ഇസ്‌ലാമാണ്, ഒരു പ്രതിഇസ്‌ലാമാണ്. അതിന് യഥാര്‍ത്ഥ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല എന്ന് വളരെ കൃത്യമായി വൈജ്ഞാനികമായ, പ്രാമാണികമായ ബോധ്യത്തില്‍ തന്നെ നിലനില്‍ക്കുക. ആ ബോധ്യം സമൂഹത്തിന് കൈമാറുക. അല്ലാഹു അനുഗ്രഹിക്കട്ടെ എന്നുപ്രാര്‍ത്ഥിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
(2017 നവംബര്‍ 21ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ഇന്റലക്ച്വല്‍ ഹബ്ബ് ‘ജിഹാദും ഐ. എസ്. ദുർവ്യാഖ്യാനങ്ങളും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിൽ സദസ്സിൽ നിന്നുയർന്ന ചില ചോദ്യങ്ങൾക്ക് മുസ്തഫാ തൻവീർ നൽകിയ മറുപടികളുടെ ട്രാൻസ്ക്രിപ്റ്റ്. )