Logo

 

ഇൽമിന്റെ ലോകത്താക്കിയാലോ, ജീവിതം?

18 April 2019 | പ്രഭാപർവം

By

നാസിറുദ്ദീൻ അൽ അൽബാനി പ്രബലം എന്ന് വിധിക്കുന്ന ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാണ്‌: ‘രണ്ടു തരം അന്വേഷകർ ഒരിക്കലും സംതൃപ്തരാവുകയില്ല-അറിവ്‌ നേടാൻ നോക്കുന്നവരും ഈ ലോകം നേടിയെടുക്കാൻ നോക്കുന്നവരും.’ (തബ്‌റാനി). ദുൻയാവിനോടുള്ള ആർത്തി തലയിൽ കയറിയവർക്ക്‌ മരിച്ച്‌ മണ്ണടിയുന്നതുവരെ വെട്ടിപ്പിടിച്ചത്‌ മതിയാകില്ലെന്ന് കാണിക്കുന്ന എത്രയും ഉദാഹരണങ്ങൾ ചുറ്റിലും ഉണ്ട്‌. എന്നാൽ കിട്ടിയാലും കിട്ടിയാലും മതിവരാത്ത, പിന്നെയും പിന്നെയും നേടിയെടുക്കാൻ ആഗ്രഹം അലതല്ലുന്ന ആവേശം പണത്തിനോടും സുഖാഢംബരങ്ങളോടും പത്രാസിനോടും പ്രശസ്തിയോടുമൊക്കെയല്ലാതെ അറിവിനോട്‌ തോന്നുന്ന അത്യപൂർവം മനുഷ്യരുണ്ട്‌. ഭോഗതൃഷ്ണയുടെ ലളിത സമവാക്യങ്ങളെ മറികടക്കുന്ന ബുദ്ധിജീവിതം വഴി മഹത്വത്തിന്റെ പടവുകൾ കയറുന്ന അത്തരം സാത്വികർ ചരിത്രത്തിന്‌ സാധാരണമല്ലാത്ത ചാരുതകൾ സമ്മാനിക്കും. ജ്ഞാനമാർഗത്തിൽ അവരുടെ ആത്മഹർഷമുള്ള നിതാന്ത പരിശ്രമങ്ങൾക്ക്‌ ആയുരാരോഗ്യത്തോളം തന്നെ തുടർച്ചയുണ്ടാകും. അവരവശേഷിപ്പിക്കുന്ന വെളിച്ചം തലമുറകളെ നേരെ നടത്തും.

അറിവ്‌ പല തരമുണ്ട്‌. ‘റബ്ബേ, എനിക്ക്‌ നീ അറിവ്‌ വർധിപ്പിച്ചുതരേണമേ’ എന്ന പ്രാർത്ഥന (റബ്ബി സിദ്‌നീ ഇൽമാ) അല്ലാഹു പ്രവാചകന്‌ നിർദേശിച്ചുകൊടുക്കുന്നത്‌ ഖുർആൻ പഠനത്തെക്കുറിച്ച്‌ പറയുന്ന സന്ദർഭത്തിലാണ്‌. (ഖുർആൻ 20: 114). വിശ്വാസി തേടേണ്ട അറിവുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ അല്ലാഹു അവതരിപ്പിച്ച വഹ്‌യിന്റെ ഉള്ളടക്കമാണെന്ന് ഇതിൽ നിന്നുതന്നെ മനസ്സിലാക്കാം‌. ഭൗതിക/സാമൂഹ്യ ശാസ്ത്രങ്ങളെപ്പോലെ അനുഭവം, നിരീക്ഷണം, പരീക്ഷണം തുടങ്ങിയവ വഴി നേടിയെടുക്കാവുന്നവയല്ല അല്ലാഹുവിനെയും അദൃശ്യലോകങ്ങളെയും ധാർമിക നിയമങ്ങളെയും മരണാനന്തര മോക്ഷത്തെയും സംബന്ധിച്ച അറിവുകൾ. മുഹമ്മദ്‌ നബി മാത്രമാണ്‌ നമുക്ക്‌ മൗലികമായ അത്തരം ജ്ഞാനങ്ങളുടെ സ്രോതസ്സ്‌. അല്ലാഹുവിൽ നിന്നുള്ള വഹ്‌യ്‌ പ്രകാരം ഖുർആൻ ആയും നബിയുടെ ചര്യ ആയും അദ്ദേഹത്തിൽ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെട്ട അമൂല്യമായ ആത്മീയശാസ്ത്രത്തെ കാലാകാലങ്ങളിൽ ഉണ്ടായ തമസ്കരണ/ദുർവ്യാഖ്യാന പ്രവണതകളിൽ നിന്നും സംരക്ഷിച്ച്‌ തലമുറകളിലേക്ക്‌ യഥാവിധി പകരാൻ ഉള്ള മഹാ വൈജ്ഞാനിക യത്നങ്ങൾ ആണ്‌ ഇസ്‌ലാമിക ചരിത്രത്തിലെ യുഗശിൽപികളായ പണ്ഡിതപ്രഭാവർ നിർവഹിച്ചത്‌.

ഒന്നര സഹസ്രാബത്തോളം മുമ്പ്‌ അറേബ്യയിൽ ആകാശത്തുനിന്ന് ഭൂമിയെ തൊട്ട വഹ്‌യുകളെ മൂലരേഖകളിൽ അവഗാഹം നേടി പിൽകാല ജനതകളിൽ പ്രചരിപ്പിക്കുക എന്ന സേവനത്തിൽ പണ്ഡിതന്മാർ നിരതരായത്‌ ‌ അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ഭാഗമായാണ്‌, അവനോടുള്ള പ്രതിബദ്ധതയുടെ പ്രകാശനം ആയിക്കൊണ്ടാണ്‌, അവൻ നൽകിയ ബൗദ്ധികശേഷികൾക്കുള്ള വിനയാന്വിതമായ നന്ദി‌ എന്ന നിലയിൽ ആണ്‌. ദീനീ ഇൽമിന്റെ സംരക്ഷണം വഹ്‌യിന്റെ തന്നെ സംരക്ഷണം ആണ്‌. പ്രവാചകന്മാർ വിട്ടേച്ചുപോകുന്ന സ്വത്ത്‌ ദീനാറും ദിർഹമും അല്ല, മറിച്ച്‌ അറിവ്‌ ആണെന്നും ആ അറിവിൽ നിഷ്ണാതരായിത്തീരുന്ന പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാവുകയാണ്‌ ചെയ്യുന്നതെന്നും പഠിപ്പിക്കുന്ന ഹദീഥ്‌ (അബൂ ദാവൂദ്‌) മതവിജ്ഞാനവഴിയിലെ ആത്മാർപ്പണത്തിന്റെ മഹത്തരമായ വിവക്ഷകളെ സൂചിപ്പിക്കുന്നുണ്ട്‌. ഇസ്‌ലാമിക സമൂഹത്തിൽ ദീനീ വിജ്ഞാനശാഖകളിൽ പ്രാവീണ്യമുള്ളവർ അന്യം നിന്നുപോവുകയും അറിവില്ലായ്മ അപകടങ്ങൾ വ്യാപകമാക്കുകയും ചെയ്യുന്ന ദുരവസ്ഥ വന്നുചേരുന്നതിനെക്കുറിച്ച്‌ തിരുനബി നൽകിയ മുന്നറിയിപ്പ് (ബുഖാരി, മുസ്‌ലിം)‌ പണ്ഡിതന്മാരെ വാർത്തെടുക്കാനുള്ള ജാഗ്രതയിലേക്ക്‌ സമുദായത്തെ ഉണർത്തിയേ തീരൂ. മതപരമായ വിഷയങ്ങളിൽ സാമാന്യമായ അറിവ്‌ എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമാണ്‌; അതില്ലാതെ മുസ്‌ലിമായി ജീവിക്കാനാവില്ല. ‌എന്നാൽ ഇസ്‌ലാമിക പ്രമാണങ്ങളിലും ജ്ഞാനപാരമ്പര്യത്തിലും ചരിത്രത്തിലും ആഴവും പരപ്പുമുള്ള ജ്ഞാനവും കിടയറ്റ പരിശീലനവും പാടവവും നേടിയെടുക്കാൻ ജീവിതം ഉഴിഞ്ഞുവെക്കുന്ന പ്രതിഭാശാലികൾ പ്രത്യേകമായി ഉണ്ടാകുന്നതിനെ കുറിച്ചാണ്‌ ഈ ഹദീഥുകളുടെ വെളിച്ചത്തിൽ പണ്ഡിതന്മാരെല്ലാം സംസാരിച്ചിട്ടുള്ളത്‌.

ഇസ്‌ലാമിക രാജ്യം യുദ്ധത്തിനു പോകുമ്പോൾ എല്ലാ മുസ്‌ലിംകളെയും യുദ്ധമുഖത്തേക്കുള്ള സൈന്യത്തിൽ കൂട്ടരുതെന്നും മതത്തിൽ അവഗാഹം നേടാനായി ഒരു വിഭാഗത്തെ പഠനമാർഗത്തിൽ നാട്ടിൽ തന്നെ ബാക്കി വെക്കണം എന്നുമുള്ള ഖുർആനിന്റെ കൽപന (9: 122) ഇസ്‌ലാമിക സമൂഹത്തിന്റെ ആദർശാധിഷ്ഠിതമായ മുന്നോട്ടുപോക്കിന്‌ പണ്ഡിതൻമാരുടെ സാന്നിധ്യം എത്ര അനിവാര്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്‌. സാഹചര്യങ്ങൾക്കനുസരിച്ച്‌ സായുധ ജിഹാദിന്റെയും ചിലപ്പോഴൊക്കെ രക്തസാക്ഷിത്വത്തിന്റെയും മഹത്വത്തിന്‌ സമമായേക്കാവുന്ന, മറ്റു ചിലപ്പോൾ അവയെക്കാളും പദവി കൈവന്നേക്കാവുന്ന അത്യുത്തമമായ പുണ്യകർമമാണ്‌ ദീനീ ഇൽമുകളുടെ വഴിയിലുള്ള ജീവിതം എന്ന് മുഹമ്മദ് ഇബ്നു‌ സാലിഹ്‌ അൽ ഉഥയ്മീൻ അഭിപ്രായപ്പെട്ടിരിക്കുന്നു. (മജ്‌മൂഉൽ ഫതാവതി വർറസാഇൽ, ലിഖാഉൽ ബാബിൽ മഫ്തൂഹ്‌ എന്നിവ നോക്കുക).

ഇൽമ്‌ ശേഖരിക്കുന്നവർക്കു മാത്രമേ അതിനെ പ്രസരിപ്പിക്കാൻ കഴിയൂ. ദീൻ അവഗാഹമായി പഠിക്കുക എന്നത്‌ പരിശുദ്ധമായ ഒരു ഇബാദത്‌ ആണ്‌. അല്ലാഹുവിനെ ഏറ്റവും ശരിയായ നിലയിൽ ദൃഢബോധ്യത്തോടുകൂടി ആരാധിക്കുവാനുള്ള നിഷ്കളങ്കമായ ആഗ്രഹത്തിൽ നിന്നാണ്‌ ഇൽമ്‌ തേടിയുള്ള യാത്രയുണ്ടാകുന്നത്‌. ‘ഇൽമ്‌ തേടിയുള്ള പ്രയാണത്തിനൊരുങ്ങുന്നവർക്ക്‌ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും’ എന്ന തിരുനബിയുടെ സുവിശേഷം (മുസ്‌ലിം) അറിവന്വേഷണത്തിന്‌ പിന്നിലെ വിശ്വാസിയുടെ മനോഭാവത്തിന്‌ അല്ലാഹു കൽപിക്കുന്ന വില വ്യക്തമാക്കുന്നുണ്ട്‌.
ഇൽമിന്റെ പിൻബലത്തിൽ ദീൻ അനുസരിച്ച്‌ മാതൃകായോഗ്യമായ ജീവിതം നയിക്കുമ്പോൾ അതിന്റെ അനിവാര്യമായ ഒരു ഭാഗമായാണ്‌ പഠിച്ച അറിവുകളുടെ പ്രചാരണം പണ്ഡിതന്മാർ നടത്തുന്നത്‌‌. പരലോകം ആഗ്രഹിച്ചുകൊണ്ട്‌ രാത്രിനമസ്കാരത്തിൽ ഏർപ്പെടുന്നവരെ പരാമർശിച്ചുകൊണ്ടാണ്‌‌ ‘ഇൽമുള്ളവരും ഇൽമില്ലാത്തവരും സമമാകുമോ’ എന്ന ചോദ്യം ഉന്നയിക്കാൻ ഖുർആൻ ഒരിടത്ത്‌ പ്രവാചകനോട്‌ ആവശ്യപ്പെടുന്നത്‌ (39: സുമർ: 9). ഇൽമുണ്ടാവുക എന്നു പറഞ്ഞാൽ തലച്ചോറിൽ വിവരങ്ങളുണ്ടാവുക എന്നു മാത്രമല്ല, മറിച്ച്‌ അവ ജീവിതത്തിൽ പ്രതിഫലിക്കും വിധം ഹൃദയത്തിന്റെ താളമാവുക കൂടിയാണ്‌ എന്ന് ഈ ഖുർആനിക ചോദ്യത്തിന്റെ സന്ദർഭം നമ്മെ ഓർമ്മിപ്പിക്കുന്നില്ലേ? ‘നിശ്ചയമായും അല്ലാഹുവിന്റെ അടിമകളിൽ അവനെ വേണ്ടവിധം ഭയപ്പെടുന്നത്‌ ഇൽമുള്ളവർ മാത്രമാണ്‌’ എന്ന ആശയമുള്ള ഖുർആൻ വചനം പ്രസിദ്ധമാണ്‌ (35: ഫാതിർ: 24).
അങ്ങനെ നോക്കുമ്പോൾ, സ്വന്തം ഇബാദതുകളെ നന്നാക്കാനും മറ്റുള്ളവരുടെ ഇബാദതുകളെ നന്നാക്കാൻ സഹായിക്കാനും നിമിത്തമാകുന്ന തലബുൽ ഇൽമ്‌, ഇബാദതുകളുടെ കൂട്ടത്തിൽ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ്. ഇബ്നുൽ ജൗസിയുടെ മിൻഹാജുൽ ഖാസിദീൻ പോലുള്ള ഗ്രന്ഥങ്ങളിൽ ഇബാദതുകളെക്കുറിച്ചുള്ള അധ്യായത്തിൽ ഒന്നാമതായി വിവരിച്ചിരിക്കുന്നത്‌ ഇൽമ്‌ നേടുക എന്ന ഇബാദതിനെക്കുറിച്ചായത്‌ തീരെ യാദൃഛികമല്ല. നമസ്കാരവും നോമ്പും ഉംറയും ഹജ്ജും ഒക്കെ നിർവഹിക്കുന്നതുപോലെ ഭക്തിനിർഭരമായും പരിപാവനത്വം കാത്തുസൂക്ഷിച്ചുകൊണ്ടും അല്ലാഹുവിന്റെ വജ്‌ഹ്‌ മാത്രം ഉദ്ദേശിച്ചുകൊണ്ട്‌ ഒരു ആരാധനാകർമ്മം ചെയ്യുന്ന ശ്രദ്ധയോടെയാണ്‌ ‌‌ ഇൽമ്‌ തേടേണ്ടതും പഠിക്കേണ്ടതും എന്നാണിതിന്റെ സാരം.

വിശുദ്ധമായ നിയ്യതും ഉന്നതമായ ഖുശൂഉം ഉള്ളവർ വ്യാപരിക്കേണ്ട മതവിജ്ഞാന മേഖല സ്ഥാപനവൽകരിക്കപ്പെടുമ്പോൾ യോഗ്യരല്ലാത്തവർ പണ്ഡിതന്മാരുടെ കുപ്പായമണിയും. അത്തരക്കാർക്ക്‌ ഇൽമിൽ ആഴമോ ജീവിതത്തിൽ വിശുദ്ധിയോ ആദർശത്തിൽ ആത്മാർത്ഥതയോ ഉണ്ടാകില്ല. സ്വന്തത്തിലോ ചുറ്റുപാടുകളിലോ മാറ്റമുണ്ടാക്കാൻ കഴിയാത്ത ‘പണ്ഡിതന്മാരുടെ’ പെരുപ്പംകൊണ്ട്‌ പൂർവ്വകാല വിപ്ലവങ്ങൾക്കൊന്നും തുടർച്ചയുണ്ടാകാൻ പോകുന്നില്ല. ‘അല്ലാഹുവിന്റെ വജ്‌ഹ്‌ കാംക്ഷിച്ചുകൊണ്ട്‌ ഇൽമ്‌ പഠിക്കുന്നതിനുപകരം ദുൻയാവിൽ നിന്നുള്ള നേട്ടങ്ങൾക്കായി ഇൽമ്‌ നേടുന്നവർ ഉയിർപ്പുനാളിൽ സ്വർഗത്തിന്റെ സുഗന്ധം അനുഭവിക്കുകയില്ല’ എന്ന ആശയമുള്ള ഹദീഥ് (അബൂ ദാവൂദ്‌) ഇത്തരുണത്തിൽ നമുക്ക്‌ മറക്കാതിരിക്കുക. മദീനയിൽ പ്രവാചകന്റെ പള്ളിയിൽ അവിടുത്തെ വാക്കുകൾക്ക്‌ കാതോർത്തുകൊണ്ടിരുന്ന സഹാബിമാരുടെ സദസ്സാണ്‌ മുഹമ്മദീയ ഇസ്‌ലാമിന്റെ ചരിത്രത്തിൽ ദർസിന്റെ സമാരംഭം. മസ്ജിദുന്നബവിയിൽ പഠനം, അധ്യാപനം തുടങ്ങിയ പുണ്യങ്ങൾ മാത്രം ആഗ്രഹിച്ചുകൊണ്ട്‌ എത്തുന്നയാൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന മുജാഹിദിന്റെ പദവിയിലാണെങ്കിൽ പുണ്യകർമങ്ങൾ അല്ലാതെ വേറെ വല്ലതും ഉദ്ദേശിച്ചുകൊണ്ട്‌ അവിടേക്ക്‌ വരുന്നവൻ മറ്റുള്ളവരുടെ സ്വത്ത്‌ എങ്ങനെയെങ്കിലും കയ്യടക്കാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ആണെന്ന് നബി പഠിപ്പിക്കുകയുണ്ടായി (ഇബ്നു മാജ).

അഭിനിവേശം ദുൻയാവിനോടാകുന്നതിനുപകരം ഇൽമിനോടാവുക ഒരു മഹാ സൗഭാഗ്യമാണ്‌. മണ്ണിനുപകരം വിണ്ണിനോടുള്ള അഭിനിവേശം ആണത്‌, ദുൻയാവിനുപകരം ആഖിറത്തോടുള്ള അഭിനിവേശം, സൃഷ്ടികളായ അടിമകൾക്കുപകരം സ്രഷ്ടാവും ഉടമയുമായ അല്ലാഹുവിനോടുള്ള അഭിനിവേശം! അത്‌ ചോരയിൽ കലരാൻ അല്ലാഹുവിന്റെ അപാരമായ കനിവുണ്ടാകണം. ‘ഒരാൾക്ക്‌ നന്മ വരുത്താൻ ഉദ്ദേശിച്ചാൽ‌ അല്ലാഹു അയാൾക്ക്‌ മതത്തിൽ അവഗാഹം നൽകും’ എന്നാണ്‌ റസൂൽ ഒരിക്കൽ പറഞ്ഞതിന്റെ ആശയം (ബുഖാരി). അല്ലാഹു വിജ്ഞാനം നൽകി അനുഗ്രഹിക്കുക എന്നാൽ അപാരമായ നേട്ടം ലഭിക്കുക എന്നാണ്‌ അർത്ഥമെന്നും (2: ബഖറ: 269) ഇൽമ്‌ നൽകപ്പെട്ടവരെ അല്ലാഹു വലിയ പദവികളിലേക്ക്‌ ഉയർത്തുമെന്നും (58: മുജാദില: 11) ഖുർആനിൽ നിന്ന് മനസ്സിലാക്കാം. ആലിം ആകുന്നത്‌ അതിമഹത്തായ പാരത്രിക പ്രതിഫലം നേടിയെടുക്കാനുള്ള അവസരമാണെന്നതിനോടൊപ്പം ഇൽമ്‌ അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക്‌ നൽകുന്ന ദാനമാണെന്നുകൂടി ഈ പ്രസ്താവനകൾ വ്യക്തമാക്കുന്നുണ്ട്‌. നല്ല നിയ്യത്തും ജീവിതവിശുദ്ധിയും ഉള്ളവർ ഇൽമ്‌ തേടി അലയുമ്പോൾ അവരെ അല്ലാഹു പടച്ചവനെപ്പേടിയും അവനെയും അവന്റെ കൽപനകളെയും കുറിച്ച അറിവും ഉള്ള പണ്ഡിതന്മാരാക്കി വളർത്തും, അവർ വഴി ലോകത്ത്‌ വെളിച്ചം പടർത്തും, മരണപ്പെട്ട്‌ നാഥന്റെ സന്നിധിയിലെത്തുന്ന ആ സാത്വികരെ അവൻ കണക്കില്ലാത്ത പ്രതിഫലവും അത്യുന്നതമായ പദവികളും നൽകി സ്വർഗത്തിൽ സ്വീകരിക്കും.

കേരളം മൻഹജിൽ കൃത്യതയും ഇൽമിൽ ആഴവും ഇഖ്ലാസിൽ പരിശുദ്ധിയും ഉള്ള പണ്ഡിതന്മാരുടെ ആവശ്യം മുൻപുകാലങ്ങളെക്കാൾ കൂടുതലായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ആണുള്ളത്‌. അല്ലാഹുവിനുവേണ്ടി എഴുന്നേറ്റുനിൽക്കാൻ ധൈഷണിക ശേഷികൾ കൊണ്ടനുഗ്രഹിക്കപ്പെട്ടവർ ഒരുങ്ങിയിറങ്ങേണ്ട കാലസന്ധി. പണ്ഡിതന്മാരെ വാർത്തെടുക്കേണ്ട അറബി-മത കലാലയങ്ങളിൽ ഉദ്ദേശ്യശുദ്ധിയും കഴിവും ആവേശവും കഠിനാധ്വാനവും ഒത്തുചേർന്നവർ എത്രകണ്ട്‌ എത്തുന്നു എന്നും എത്തുന്ന അപൂർവം പേരെ അവിടങ്ങളിലെ സാഹചര്യങ്ങൾ എത്ര കണ്ട്‌ സഹായിക്കുന്നു എന്നും കൂടി ആലോചിക്കുമ്പോൾ ദീനിനോട്‌ സ്നേഹമുള്ള ഏതാനും പേരെങ്കിലും അല്ലാഹുവിൽ സർവവും ഭരമേൽപിച്ച്‌ മതവൈജ്ഞാനിക രംഗത്തേക്ക്‌‌ വളരെ ഗൗരവതരമായി പ്രവേശിക്കേണ്ടതിന്റെ അനിവാര്യത പിന്നെയും ബോധ്യപ്പെടും. ദുൻയാവിലെ ജീവിതം ഇൽമിന്റെ ലോകത്താക്കാൻ, അല്ലാഹു തന്ന ജീവിതം അവനുവേണ്ടിത്തന്നെ ആക്കുമ്പോഴുള്ള ആത്മസായൂജ്യം ‌അനുഭവിക്കാൻ, അങ്ങനെ ഒടുവിൽ അവനെ കണ്ടുമുട്ടുമ്പോഴുള്ള അനർഘ സന്തോഷത്തിൽ അലിയാൻ നമുക്ക്‌ തീരുമാനിച്ചുകൂടേ? സമയം ഇൽമിന്റെ മാർഗത്തിൽ ചെലവഴിക്കുന്നതിൽ നിന്ന്
പിന്തിരിയാൻ പ്രേരിപ്പിച്ച്‌ വരിഞ്ഞുമുറുക്കുന്ന ആശങ്കകളെ മുന്നിൽ നിർത്തി ഹസൻ ആയ ഒരു ഹദീഥിന്റെ ആശയം‌ വായിച്ചുനോക്കാം എന്ന് തോന്നുന്നു- “അല്ലാഹു പറയുന്നു: മനുഷ്യപുത്രാ, നീ എന്നെ ഇബാദത്‌ ചെയ്യാനായി നിന്റെ ജീവിതം സമർപ്പിക്കുക. എങ്കിൽ ഞാൻ നിന്റെ ഹൃദയത്തെ ധന്യത അനുഭവിപ്പിക്കുകയും നിന്റെ ദാരിദ്ര്യത്തിന്റെ പ്രശ്നം ഞാൻ ഏറ്റെടുക്കുകയും ചെയ്യും. എന്നാൽ നീ അത്‌ ചെയ്യുന്നില്ലെങ്കിൽ നിന്റെ ഹൃദയത്തിൽ ഞാൻ ദുൻയാവിനെക്കുറിച്ചുള്ള ആകുലതകൾ നിറയ്ക്കും; നിന്റെ ദാരിദ്ര്യം ഞാൻ ശ്രദ്ധിക്കുകയും ഇല്ല.” (ഇബ്നു മാജ).


Tags :


ത്വലാൽ മുറാദ്