ജുനൈദ്, നിന്നെ മറന്നോ ഞങ്ങൾ?
26 June 2017 | Fiction
നീ കമിഴ്‌ന്ന് കിടക്കുക, ജുനൈദ്!
മിണ്ടാതെ,
നിന്റെ ചോരയിൽ മുഖം പൂഴ്‌ത്തി
അമർന്നു കിടക്കുക.
നിന്റെ നിലവിളിക്ക്
കേട്ടാൽ കൊതി തീരാത്തൊരിമ്പമുണ്ടിന്ന്.
കിനിഞ്ഞിറങ്ങുന്ന നിന്റെ ചോരക്ക്
ഒരു ചുവന്ന പരവതാനിയുടെ ചാരുതയുണ്ട്.
വിരിച്ചിട്ട,
തൊലിയുരിച്ചിട്ട നിന്റെ ശരീരത്തിൽ
ചവിട്ടി നടക്കുമ്പോൾ
എന്തെന്നറിയാത്ത രോമാഞ്ചമുണ്ട്.
നീയൊരു വെളുത്ത
തുണിക്കടിയിലുറങ്ങേണ്ട;
നനഞ്ഞ മണ്ണിലേക്കൂളിയിട്ടൊളിക്കേണ്ട.
ഈ തുറന്ന പ്ലാറ്റ്ഫോമിൽ
അവസാനത്തെ എല്ലിൻ കഷണവും
ചിതൽ തിന്നുവോളം
നീ ശാന്തനായ് ഉറങ്ങിക്കൊൾക!
എത്ര തീവണ്ടികളും
നിന്നെ കാണാതെ കൂകിയാർത്ത്-
പാഞ്ഞുപൊയ്കൊള്ളും.
എത്ര പകലുകളും
നീയുണ്ടെന്ന് പോലും അറിയാതെ
ഇരുട്ടായ്കൊള്ളും.
സമാധാനിച്ചുകൊൾക,
അഴുകാൻ വിധിയായ നിന്റെ ശരീരം
ഈ നാടു മുഴുവൻ
സുഗന്ധം പരത്തുന്ന
പെരുന്നാളാണിന്ന്
ഞങ്ങൾക്ക്.