Obituary

സൗമ്യതയുടെ വിളക്കുമാടം അണഞ്ഞു

By Nasim Rahman

November 06, 2020

കൊല്ലം ജില്ലയിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ കാരണവർ ഡോ.എൻ.എ.മൻസൂർ സാഹിബ് വിട പറഞ്ഞിരിക്കുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും മുങ്ങി കുളിച്ചിരുന്ന ഒരു സമൂഹത്തിന് മുന്നിൽ തൗഹീദിന്റെ ദീപശിഖയുമായി കടന്നു വന്ന കൊല്ലം ജില്ലയിലെ ആദ്യത്തെ മുജാഹിദായി രുന്നു ഡോക്ടർ.

1980കളിൽ തന്റെ വീട്ടിൽ വെച്ച് ആരംഭിച്ച ഖുർആൻ പഠന ക്ലാസ് കൊല്ലം ജില്ലയിൽ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. മൻസൂർ ഡോക്ടറുടെ മാരുതി കാർ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഓഫീസ് പോലെ പ്രവർത്തിച്ച വിരലിലെണ്ണാവുന്ന പ്രവർത്തകരുള്ള ഭൂതകാലം ഇന്നും പഴയ പ്രവർത്തകരുടെ ഓർമ്മകളിലുണ്ടാകും. ഓരോ ദിവസവും വിവിധ മഹല്ലുകളിൽ സംഘടിപ്പിക്കുന്ന ഇസ്ലാഹി പ്രഭാഷണ സദസ്സുകളിലേക്ക് തന്റെ ചുവന്ന മാരുതി കാറിൽ ഉൾകൊള്ളുന്ന സഹ പ്രവർത്തകരെയും പ്രഭാഷകനെയും കയറ്റി അവിടെ എത്തുമ്പോൾ കൈകാര്യം ചെയ്യാൻ കാത്തു നിൽക്കുന്ന പുരോഹിതന്മാരുടെയും അനുയായികളുടെയും ഇടയിലേക്ക് സൗമ്യതയും വിനയവും വശ്യമായ പുഞ്ചിരിയും കോർത്തിണക്കി ഇറങ്ങി വരുന്ന ആ വിളക്കുമാടത്തിന്റെ ത്യഗോജ്വലമായ പ്രവർത്തനം ഒരാൾക്കും കണ്ണുനനഞ്ഞല്ലാതെ ഓർക്കാൻ കഴിയുന്നില്ല. ഞാൻ എസ് എസ് എഫിന്റെ ജില്ല സെക്രട്ടറിയായിരുന്ന കാലത്ത് എന്റെ നാട്ടിൽ സംഘടിപ്പിച്ച ഒരു ഇസ്ലാഹി പ്രഭാഷണത്തെ അലങ്കോലപ്പെടുത്താൻ വേണ്ടി ഞാനും ഒരുകൂട്ടം സമസ്തയുടെ പ്രവർത്തകരും വേദിയിലേക്ക് കടന്ന് ചെന്ന് സംവാദത്തിന് വെല്ലുവിളിച്ച് പ്രശ്നം സൃഷ്ടിച്ചപ്പോൾ എന്റെ മുന്നിലേക്ക് വന്ന് വശ്യമായ പുഞ്ചിരിയോടെ ഡോക്റ്റർ പറഞ്ഞു: “ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കാൻ സന്മനസ് കാണിച്ചു കൂടെ, എന്നിട്ട് പ്രമാണ വിരുദ്ധമാണെങ്കിൽ സംവാദത്തിന് വേദിയുണ്ടാക്കാം”. “എന്റെ മുസ്ലിയാരെ നിങ്ങൾഒന്ന് കേൾക്ക്” എന്ന അദ്ദേഹത്തിൻ്റെ വാചകങ്ങൾ ഇന്നും എന്റെ ശ്രവണ പുടത്തിൽ ആഞ്ഞടിക്കുകയാണ്.

ആ മഹാനായ മനുഷ്യൻ തുടങ്ങി വെച്ച പ്രബോധന പ്രവർത്തനം ഇന്ന് കൊല്ലം ജില്ലയിൽ നൂറുകണക്കിന് പ്രവർത്തകരും ഇരുപതിൽപരം ജുമുഅ മസ്ജിദ് അടക്കമുള്ള സലഫി സെൻ്ററുകളും മദ്രസകളുമൊക്കെയായി നിറഞ്ഞു നിൽക്കുന്നു.

ജില്ലയിൽ ആദ്യത്തെ സലഫി മസ്ജിദ് പുത്തൻതെരുവിൽ അദ്ദേഹം സ്ഥാപിച്ചു. ഇന്ന് നൂറുകണക്കിന് ആളുകൾ ജുമുഅക്ക് ഒരുമിച്ചുകൂട്ടുന്ന ഒരു സലഫി മസ്ജിദായി അത് നിറഞ്ഞു നിൽക്കുകയാണ്.

ആദർശത്തിനായ് സമയവും സമ്പത്തും വേണ്ടുവോളം ചെലവഴിച്ച മഹാമനസ്കൻ കഴിഞ്ഞ 4 വർഷത്തോളമായി പക്ഷാഘാതം ബാധിച്ച് വീട്ടിൽ കഴിഞ്ഞുകൂടുമ്പോഴും അദ്ദേഹത്തിൻ്റെ ആരാധനകളിലുള്ള കണിശതയും പ്രബോധനത്തോടുള്ള താൽപര്യവും ആർക്കും മാതൃകാപരമായിരുന്നു.

ആതുരസേവന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.1970 കളിൽ കൊല്ലം ജില്ലയിലെ പരവൂരിൽ നിന്നും കരുനാഗപ്പള്ളിയിലെത്തിയ ഡോക്ടർ നടത്തിയ സേവന പ്രവർത്തനത്തിലൂടെ ഒരു ഗ്രാമം അദ്ദേഹത്തെ നെഞ്ചിലേറ്റി ആദരിച്ചു. ക്ലീനിക്കിൽ എത്തുന്ന വ്യത്യസ്ഥ തുറകളിലുള്ളവരെ വെറും മുപ്പതോ നാല്പതോ രൂപ മാത്രം വാങ്ങി ചികിൽസിച്ച ആതുരസേവനത്തിന്റെ തുല്യതയില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കരുനാഗപ്പള്ളിക്ക് നഷ്ടമായത്.

കേരള നദ്‌വത്തുൽ മുജാഹിദീനിന്റെ ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തന പാതയിൽ നിറസാന്നിദ്ധ്യമായിരുന്നു. തെക്കൻ കേരളത്തിൽ തൗഹീദിന്റെ ആദർശത്തെയും മുജാഹിദ് പ്രസ്ഥാനത്തെയും നെഞ്ചോടണച്ച ഡോക്ടർ സ്വാർത്ഥത ലവലേശം ഇല്ലാത്ത മഹനീയമായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും അല്ലാഹു സ്വീകരിക്കട്ടെ,ആമീൻ.