Logo

 

ഡോ. വി. അബ്ദുർറഹീം: അറബി ഭാഷാ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച അതുല്യ പ്രതിഭ

27 December 2023 | Obituary

By

ബഹുഭാഷാ പണ്ഡിതനും, മദീനാ യൂണിവേഴ്സിറ്റിയിൽ ദീർഘകാലം അധ്യാപകനും, മലിക് ഫഹദ് ഖുർആൻ പ്രിന്റിംഗ്‌ സെന്ററിൽ ഖുർആൻ പരിഭാഷാ മേധാവിയും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്ന ഡോ. വി. അബ്ദുർറഹീം ഏതാനും മാസങ്ങൾക്ക് മുമ്പാണ് നമ്മിൽ നിന്ന് വിടപറഞ്ഞത്. തമിഴ്നാട്ടിലെ വാണിയമ്പാടി എന്ന പ്രദേശത്ത് 1933 മെയ് ഏഴാം തിയതിയാണ് അദ്ദേഹം ജനിച്ചത്. വാണിയമ്പാടി ചെറിയ പട്ടണമായിരുന്നെങ്കിലും അക്കാലത്ത് ആ പ്രദേശത്ത തന്നെ ഒരു പ്രധാന വിപണന കേന്ദ്രമായിരുന്നു. മൃഗങ്ങളുടെ തോലുകൾ ഊറക്കിട്ട് അത് അവിടെനിന്ന് അമേരിക്കയിലേക്കും, ബ്രിട്ടനിലേക്കും മറ്റനേകം നാടുകളിലേക്കും കയറ്റുമതി ചെയ്യാറുണ്ടായിരുന്നു.

ജന്മനാട്ടിലെ ഓത്തുപള്ളിയിൽ നിന്ന് അദ്ദേഹം പ്രാഥമിക മതവിദ്യാഭ്യാസം പൂർത്തിയാക്കി.
വാണിയമ്പാടിയിലെ താമസക്കാരിൽ 90 ശതമാനത്തിലധികവും മുസ്‌ലിങ്ങളായിരുന്നു.
ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് അവിടെയുള്ള പ്രാദേശിക മുസ്‌ലിം നേതാക്കളുടെ കീഴിൽ
“അൽ മുഹമ്മദിയ്യ” എന്നപേരിൽ ഒരു വിദ്യഭ്യാസ കൂട്ടായ്മ സ്ഥാപിക്കുകയും, അതിന്റെ കീഴിൽ ‘ഇസ്‌ലാമിക് സെക്കണ്ടറി സ്കൂൾ’ എന്നപേരിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് മാത്രമായി ഒരു സെക്കണ്ടറി സ്കൂൾ ആരംഭിക്കുകയും ചെയ്തു. അവിടെ നിന്നാണ് അദ്ദേഹം പ്രാഥമിക തലം മുതലുള്ള സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

സെക്കണ്ടറി വിദ്യാഭ്യാസ കാലത്താണ് അദ്ദേഹം അറബി ഭാഷയെ ഇഷ്ടപ്പെട്ട് തുടങ്ങുന്നത്. അന്ന് നാട്ടിൽ നിലനിന്നിരുന്ന അറബി വിദ്യാഭ്യാസ സമ്പ്രദായം പോരായ്മകൾ നിറഞ്ഞതായിരുന്നു. അധ്യാപകരും വിദ്യാർഥികളുമൊന്നും അറബി ഭാഷാ പഠനത്തിന്‌ കാര്യമായ പ്രാധാന്യം നൽകുന്നില്ല എന്ന് മനസ്സിലാക്കി ഉറുദുവിലും, ഇംഗ്ലീഷിലും രചിക്കപ്പെട്ട പുസ്തകങ്ങളുടെ സഹായത്താൽ സ്വയം തന്നെ അറബി പഠിക്കുക എന്ന സാഹസത്തിന് അദ്ദേഹം മുതിർന്നു. പുസ്തകങ്ങളിൽ നിന്ന് അറബി ഭാഷ കുറേയൊക്കെ സ്വായത്തമാക്കിയ ശേഷം ഖൈറോയിൽ നിന്നും മദീനയിൽ നിന്നും സംപ്രേഷണം ചെയ്യപ്പെടുന്ന റേഡിയോ വാർത്തകൾ കേൾക്കാൻ താൽപര്യം കാണിക്കുകയും അതിലൂടെ തന്റെ അറബി പരിജ്ഞാനം വളർത്തുകയും ചെയ്തു. അതോടൊപ്പം അറബിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മാഗസിനുകളും, പത്രങ്ങളും സംഘടിപ്പിച്ച് വായിക്കാൻ ശ്രമിച്ചു. ശേഷം മദ്രാസിൽ പഠിക്കുന്ന കാലത്ത് അവിടേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്ന അറബികളെ കണ്ടുമുട്ടുകയും അവരോട് സംസാരിക്കുകയും അതിലൂടെ അറബി ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

1957 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പി.ജിയും, തുടർന്ന് 1961 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ അഫ്ദലുൽ ഉലമാ ബിരുദവും നേടി. ശേഷം 1963 ൽ അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ പി.ജിയും കരസ്ഥമാക്കി.

1963 ൽ അൽ അസ്ഹർ യൂണിവേഴ്സിറ്റിയുടെ മേധാവി ഡോ. ജമാൽ അബ്ദുന്നാസ്വിറിന് അവിടെ അഡ്മിഷൻ ആവശ്യപ്പെട്ട് ഒരു കത്തെഴുതുകയും അഡ്മിഷൻ ലഭിക്കുകയും ചെയ്തു. 1964 ൽ അദ്ദേഹം അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലേക്ക് പോവുകയും, പഠനത്തിന്റെ ഭാഗമായി “അറബി വൽക്കരിക്കപ്പെട്ട പേർഷ്യൻ വാക്കുകൾ” എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയും, 1966 ൽ പി.ജി. കരസ്ഥമാക്കുകയും ചെയ്തു. അൽ അസ്ഹറിൽ PhD ചെയ്യാൻ ഇന്ത്യയിൽ നിന്ന് കരസ്ഥമാക്കിയ പി.ജി. കൊണ്ട് സാധിക്കില്ല എന്നത് കൊണ്ടാണ് അൽ അസ്ഹറിൽ നിന്ന് വീണ്ടും പി.ജി. നേടാൻ അദ്ദേഹം നിർബന്ധിതനായത്‌. തുടർന്ന് 1973 ൽ ഇമാം അബുൽ മൻസൂർ അൽ ജവാലീഖിയുടെ പുസ്തകങ്ങളെ പറ്റിയുള്ള ഗവേഷണത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി.

അറബി, ഇംഗ്ലീഷ്, പേർഷ്യൻ, ഉറുദു, ഫ്രഞ്ച് ഉൾപ്പെടെ പതിനാലോളം ഭാഷകൾ സ്വായത്തമാക്കിയിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ അറബി ഇംഗ്ലീഷ് വിഭാഗം ലെക്ചററായും, അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ പഠനശേഷം സുഡാനിലെ ഉംദുർമാൻ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ അധ്യാപകനായും, ഇംഗ്ലീഷ് വിഭാഗം തലവനായും സേവനമനുഷ്ഠിച്ചു. 1969 ൽ മദീനാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ അതിന്റെ വൈസ് പ്രസിഡന്റായിരുന്ന ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസിന്റെ നിർദ്ദേശപ്രകാരം ഭാഷാധ്യാപകനായി നിയമിതനായി. അനറബികളായ വിദ്യാർത്ഥികൾക്ക് അറബി പഠിപ്പിക്കുന്ന വിഭാഗത്തിലാണ് അദ്ദേഹം നിയമിക്കപ്പെടുന്നത്. 1995 വരെ നീണ്ട 26 വർഷക്കാലം മദീനാ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു.

അറബി ഭാഷ പുസ്തകങ്ങളുടെ സഹായത്താൽ സ്വയം സ്വായത്തമാക്കിയത് കൊണ്ട് തന്നെ അനറബികളായ വിദ്യാർത്ഥികൾക്ക് അറബി പഠിക്കാനുള്ള പ്രയാസങ്ങൾ നല്ലത് പോലെ അദ്ദേഹത്തിന് അറിയാമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് അറബി പഠിക്കാൻ വരുന്ന തന്റെ വിദ്യാർത്ഥികൾക്ക് ലളിതമായ രീതിയിൽ ഭാഷ പഠിക്കുന്നതിന് വേണ്ടിയാണ് ‘ദുറൂസുല്ലുഗത്തിൽ അറബിയ്യ ലിഗ്വയ്രി നാത്വിഖീന ബിഹാ’ എന്ന അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയ ഗ്രന്ഥം അദ്ദേഹം രചിക്കുന്നത്. മൂന്ന് വോള്യങ്ങളിലായാണ്‌ അദ്ദേഹം ആ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള അറബി പഠിതാക്കൾ ഈ പുസ്തകം ഭാഷാ പഠനത്തിനായി ആശ്രയിക്കുന്നുണ്ട്.

മദീനാ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരിക്കുന്ന കാലത്ത് അറബി അറിയാത്ത ആളുകൾക്ക് വേണ്ടി ശൈഖ് ഇബ്നു ബാസിന്റെ പരിഭാഷകനാകാൻ അദ്ധേഹത്തിന് ഭാഗ്യം ലഭിച്ചു. ഒരിക്കൽ അമേരിക്കക്കാരനായ ഒരു യുവാവ് ശൈഖ് ഇബ്നു ബാസിനെ കാണാൻ വന്നു. മദീനാ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം ലഭിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഈ വർഷത്തെ അഡ്മിഷൻ പ്രൊസീജിയറുകൾ അവസാനിച്ചുവെന്നും അടുത്ത വർഷം അഡ്മിഷന് വേണ്ടി ശ്രമിക്കുക എന്നുമുള്ള ശൈഖിന്റെ മറുപടി വി. അബ്ദുർറഹീം ആ അമേരിക്കക്കാരന് പരിഭാഷപ്പെടുത്തി കൊടുത്തു. ഉടനെ അദ്ദേഹം തിരിച്ചു ചോദിച്ചത്, ‘അടുത്തഘട്ടം അഡ്മിഷൻ ആരംഭിക്കുന്നത് വരെ എനിക്ക് ആയുസ്സുണ്ടാകും എന്നതിന് താങ്കൾ ജാമ്യം നിൽക്കുമോ? അതിന് മുമ്പ് ദീനിൽ യാതൊരു അറിവുമില്ലാതെ ഞാൻ മരണപ്പെട്ടാൽ അതിന്റെ ഉത്തരവാദി ആരായിരിക്കും?’ എന്നാണ്. ഈ ചെറുപ്പക്കാരന്റെ ചോദ്യം അദ്ദേഹം ശൈഖിന് പരിഭാഷപ്പെടുത്തിക്കൊടുത്തു. ഇത് കേട്ടപ്പോൾ തന്നെ ഇബ്നു ബാസ് (റഹി) കരയുകയും അദ്ദേഹത്തിന് അഡ്മിഷൻ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചു നൽകാൻ അധികാരപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു.

ശൈഖ് ഇബ്നു ബാസുമായുള്ള മറ്റൊരനുഭവം ഡോ. വി. അബ്ദുർറഹീം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: ഒരിക്കൽ മദീനാ യൂണിവേഴ്സിറ്റിയിലേക്ക് കൊറിയയിൽ നിന്നുള്ള ഒരു പുതിയ വിദ്യാർത്ഥി വന്നു. ഞാൻ അവിടുത്തെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് അവനോട് ആരാഞ്ഞു. കൊറിയയിൽ സുഊദി നിർമിച്ചുകൊടുത്ത വലിയൊരു പള്ളിയുണ്ട് അതിനെക്കുറിച്ചും ഞാൻ ചോദിച്ചു. അവൻ പറഞ്ഞത്, ‘വെള്ളിയാഴ്ച എല്ലാവർക്കും ജോലിത്തിരക്കായത് കൊണ്ട് ഞങ്ങളാരും അന്ന് പള്ളിയിൽ പോകാറില്ല! പകരം ഒഴിവ് ദിവസമായ ഞായറാഴ്ചയാണ്‌ പോവുക. ചിലർ പള്ളിയിലിരുന്ന് മദ്യപിക്കും! ശേഷം ളുഹ്ർ നമസ്ക്കരിച്ച് പിരിയുകയും ചെയ്യും’ എന്നാണ്. ഈ മറുപടി കേട്ട് അദ്ദേഹം അസ്വസ്ഥനാവുകയും ശൈഖിന്റെ അടുത്തേക്ക്‌ പോവുകയും ചെയ്തു. പതിവിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ട് ഇബ്നു ബാസ് അദ്ദേഹത്തെ ശാന്തനാക്കുകയും കാര്യമന്വേഷിക്കുകയും ചെയ്തു. കാര്യങ്ങൾ വിവരിച്ചുകൊടുത്തപ്പോൾ ശൈഖ് പറഞ്ഞത് ഇപ്രകാരമാണ് “അബ്ദുർറഹീം മറ്റു പാപങ്ങളെക്കാളെല്ലാം വലുതാണ് കുഫ്ർ. അവർ ഇത്രയും കാലം കാഫിറുകളായിരുന്നില്ലേ? ഇപ്പോൾ അവർ വിശ്വസിക്കുകയും ഇസ്‌ലാമിലേക്ക് കടന്നുവരുകയും ചെയ്തില്ലെ? ഇപ്പോഴും അവരിൽ ചില പാപങ്ങളൊക്കെ ഉണ്ട് എന്നത് ശരിതന്നെ, കൂടുതൽ പഠിക്കുകയും അറിയുകയുമൊക്കെ ചെയ്യുമ്പോൾ അവർ നേരെയായിക്കൊള്ളും” എന്നായിരുന്നു.

1995 ൽ മലിക് ഫഹദ് ഖുർആൻ പ്രിന്റിംഗ്‌ സെൻറിൽ ഖുർആൻ പരിഭാഷാ മേധാവിയായി അദ്ദേഹം നിയമിക്കപ്പെട്ടു. 70 ൽ പരം ഭാഷകളിൽ ഖുർആൻ പരിഭാഷ പുറത്തിറങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. പിന്നീട്‌‌ മരണംവരെ അദ്ദേഹം തന്റെ സേവനം ഈ മേഖലയിലാണ് സമർപ്പിച്ചത്.

അറബിയിലും മറ്റിതര ഭാഷകളിലുമായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ദുറൂസുല്ലുഗത്തിൽ അറബിയ്യ ലിഗ്വയ്രി നാത്വിഖീന ബിഹാ’. അതിന് പുറമെ അറബി ഭാഷയുമായി ബന്ധപ്പെട്ട വേറെയും ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്‌. ഇമാം അബൂ മൻസ്വൂറിന്റെ ‘അൽ മുഅർറബ് മിനൽ കലാമിൽ അഅ്ജമി അലൽ ഹുറൂഫിൽ മുഅ്ജം’ എന്ന ഗ്രന്ഥത്തെ കുറിച്ചുള്ള പി എച്ച്‌ ഡി തിസീസ്‌ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌‌. സവാഉസ്സബീൽ, മുഅ്ജമുദ്ദഖീൽ, അൽ ഇഅ്ലാം ഫീ ഉസ്വൂലിൽ അഅ്ലാം, അറബി പഠിക്കാനും പ്രവാചക പാഠങ്ങൾ നുകരാനും 40 ഹദീഥുകൾ, നുസ്വൂസുൽ ഇസ്‌ലാമിയ്യഃ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബർ 20 നാണ് ഡോ. വി. അബ്ദുർറഹീം നമ്മിൽ നിന്ന് വിടപറഞ്ഞത്. തോണ്ണൂറ് വയസ്സായിരുന്നു. മരണംവരെ അദ്ദേഹം അവിവാഹിതനായിരുന്നു. അറബി ഭാഷയെയും ഇസ്‌ലാമിക വിജ്ഞാനങ്ങളെയും സ്നേഹിക്കുന്നവർക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് പാഠമുൾക്കൊള്ളാനുണ്ട്. ദീനിനും അറബി ഭാഷക്കും വേണ്ടി അദ്ദേഹം ചെയ്ത അതുല്യമായ സേവനങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.


Tags :


ശരീഫ് അൻസാരി വാവൂർ