Logo

 

എന്റെ ജയിലനുഭവങ്ങൾ

5 October 2019 | Memoir

By

[ബ്രിട്ടീഷ്‌ ഭരണത്തിന്റെ അവസാനത്തെ മൂന്ന് പതിറ്റാണ്ടുകളിൽ സ്വാതന്ത്ര്യസമരരംഗത്തും മുസ്‌ലിം സാമൂഹ്യപരിഷ്കരണ ശ്രമങ്ങളിലും നിറഞ്ഞുനിന്ന ഉജ്ജ്വലമായ നേതൃസാന്നിധ്യമായിരുന്നു മതപണ്ഡിതനായ ഇ. മൊയ്തു മൗലവി. അനന്യസാധാരണമായ ദീർഘായുസ്സ്‌ കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട മൗലവി, ഇരുപതാം നൂറ്റാണ്ടിന്റെ ഏകദേശം അവസാനം വരേക്കും ചരിത്രത്തിന്റെ നേർസാക്ഷിയായി കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ സജീവമായി നിന്നത്‌ മലബാറിലെ മാപ്പിള സമുദായത്തിന്‌ നൽകിയ അഭിമാനവും ആത്മവിശ്വാസവും വളരെ വലുതായിരുന്നു. ചാലിലകത്തിന്റെ ശിഷ്യനും വക്കം മൗലവിയുടെ അനുചരനും മുഹമ്മദ്‌ അബ്ദുർഹ്‌മാൻ സാഹിബിന്റെ ആത്മമിത്രവും ആയിരുന്ന മൊയ്തു മൗലവി ഖിലാഫത്ത്‌ പ്രസ്ഥാന സംഘാടകൻ, കോൺഗ്രസ്‌ നേതാവ്‌, മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയതുൽ ഉലമയുടെയും മുൻനിരയിൽ നിന്ന സലഫീ പ്രബോധകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വലിയ അടയാളങ്ങളാണ്‌ ചരിത്രത്തിൽ ബാക്കിവെച്ചത്‌. കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളിൽ കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിൽ മൊയ്തു മൗലവിയെപ്പോലെ ത്യാഗമനുഭവിച്ച അധികം പേരില്ല. ബ്രിട്ടീഷ് ജയിലുകളിൽ ആ പോരാളി ഏറ്റുവാങ്ങിയ മർദനങ്ങൾക്ക്‌ കയ്യും കണക്കുമില്ല. മൊയ്തു മൗലവിയുടെ സ്വാതന്ത്ര്യസമര ജയിലനുഭവങ്ങളിൽ ചിലത്‌, അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്ന് എടുത്തുകൊടുത്തതാണ്‌ ഈ ലേഖനം. ഫാഷിസത്തിന്റെ പുതിയ തേർവാഴ്ചക്കാലത്ത്,‌ മൊയ്തു മൗലവിയെപ്പോലുള്ളവരുടെ ചോരയിലും വിയർപ്പിലുമാണ്‌ ഈ രാജ്യം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്‌ എന്ന് ഓർമ്മിക്കുന്നതിന്‌ വർധിച്ച പ്രസക്തിയുണ്ടെന്ന് മില്ലി റിപ്പോർട്ട്‌ കരുതുന്നു.]

ജയില്‍പ്പടിക്കലെത്തി. വാര്‍ഡന്‍മാര്‍ നാലുഭാഗത്തുനിന്നും ഇര കണ്ട നരികളെപ്പോലെ ഞങ്ങളുടെ ചുറ്റുംനിന്നു. ജയിലിന്റെ വലിയ വാതിലിലെ താഴെയുള്ള രണ്ടു പൊളികള്‍ മാത്രം തുറന്നു. ഓരോരുത്തരെയായി അകത്തു പ്രവേശിപ്പിക്കാന്‍ തുടങ്ങി. അത് ഓരോ കനത്ത അടിയോടുകൂടിയായിരുന്നു. ‘ജയില്‍ അറിയിക്കുക’ എന്ന ഒരു സമ്പ്രദായം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടപ്പുണ്ടെന്നു പണ്ടേ ഞാന്‍ കേട്ടിട്ടുണ്ട്. ഈ അടി അതായിരിക്കുമെന്നും, ഇതില്‍ കവിഞ്ഞ മറ്റൊന്നും ഉണ്ടായിരിക്കുകയില്ലെന്നും ഞാന്‍ വിശ്വസിച്ചുപോയി. എന്നാല്‍, എന്റെ ആ വിശ്വാസം വളരെ പിശകായിരുന്നു. ഞങ്ങളെ ജയിലിന്റെ നടയില്‍ വരിവരിയായി ഇരുത്തി, നന്നാലുപേര്‍ വീതം. വാര്‍ഡന്‍മാര്‍ ഇടതടവില്ലാതെ പ്രഹരം ആരംഭിച്ചു. ഇതിനിടയില്‍ ചവിട്ടും കുത്തും ഇടിയും തൊഴിയും എല്ലാം നടക്കുന്നുണ്ട്. പലരും വാവിട്ടു നിലവിളിക്കുന്നുമുണ്ട്. ഞാന്‍ ഒരക്ഷരം പോലും ഉരിയാടാതെ എല്ലാം സഹിച്ചുകൊണ്ടിരുന്നു. ഒരു ചവിട്ടോ കുത്തോ, എന്താണെന്നറിഞ്ഞില്ല അതുകിട്ടിയപ്പോള്‍ ഞാന്‍ ‘അള്ളോ’ എന്ന് ഉറക്കെ നിലവിളിച്ചുപോയി. ഇതിനിടയില്‍ കുറച്ചുദൂരെ നിന്ന് ഒരു വാര്‍ഡന്‍ ഓടിവന്നിട്ട് ‘ഇവന്റെ പുറം നല്ല വീതിയുണ്ടെ’ന്നു പറഞ്ഞു. അയാളുടെ ബാറ്റണ്‍കൊണ്ട് അതിശക്തിയായ ഒരടി. ഇതെല്ലാം നടക്കുമ്പോള്‍ കോഴിക്കോട്ടുനിന്നുവന്ന ഒരു മാപ്പിളപ്പോലീസുകാരന്‍ ചോദിക്കുകയാണ്, ‘മതിയായില്ലേ മൗലാനാ, സ്വാതന്ത്ര്യം?’ അയാള്‍ വാര്‍ഡന്‍മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവരോട് പറഞ്ഞു: ‘ഇവന്‍ ആരാണെന്നറിയാമോ? സ്റ്റേജില്‍ കയറിയാല്‍ യാതൊരു ബോധവുമില്ല. ഗവണ്‍മെന്റിനെ ആക്ഷേപിക്കുന്നതിനു യാതൊരു കൈയും കണക്കുമില്ല.’

വാര്‍ഡന്‍മാരുടെ കൈകള്‍ തളര്‍ന്നിട്ടോ എന്തോ, അടി നിര്‍ത്തി. പിന്നെ എണ്ണം നോക്കലായി. അതിനവര്‍ അംഗീകരിച്ച രീതി ഒരു പുതിയ തരത്തിലുള്ളതാണ്. ഒന്ന്, രണ്ട് എന്നുപറഞ്ഞു രണ്ടാളുടെ തലകള്‍ തമ്മില്‍ ‘ട്ടേ’ എന്നു ഒച്ച വരത്തക്കവണ്ണം കൂട്ടിമുട്ടിക്കുക. ഇതെല്ലാം കഴിഞ്ഞ ശേഷമാണു വല്ല ദ്രവ്യവും ഒളിച്ചുവെച്ചിട്ടുണ്ടോ എന്ന പരിശോധന. ക്രിമിനല്‍ തടവുകാര്‍ മലദ്വാരത്തിലും തൊണ്ടയിലും പൈസ മറച്ചുവെക്കുന്ന സ്വഭാവമുണ്ടത്രെ. താടിയെല്ലിനു താഴെയുള്ള മാംസപേശികളിന്മേല്‍ ഈയ്യക്കട്ടി കെട്ടി മാംസപേശി വളര്‍ത്തി അതില്‍ പവന്‍ ചില വിരുതന്‍മാര്‍ ഒളിച്ചുവെക്കുന്നതു ഞാന്‍ തന്നെ രാജമന്ത്രി സെന്‍ട്രല്‍ ജയിലില്‍വച്ചു നേരിട്ടു കണ്ടിട്ടുണ്ട്. ഈ പേരിലാണു ഞങ്ങളെയും പരിശോധന നടത്തിയത്. പക്ഷേ, ഞാനാവട്ടെ, അന്നു എന്നോടുകൂടെ ഉണ്ടായിരുന്നവരാകട്ടെ, മുമ്പൊരിക്കലും ജയില്‍ കണ്ടിട്ടില്ലാത്തവരാണ്. ഞങ്ങളുടെ ഉടുവസ്ത്രങ്ങളും മറ്റും വിസ്തരിച്ചു പരിശോധിച്ചശേഷം ‘എവിടെയാടാ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്’ എന്നുചോദിച്ച് എല്ലാവരുടെയും തൊണ്ട പിടിച്ചു ഞെക്കി. വാര്‍ഡന്‍മാര്‍ മതിവരുന്നതുവരെ ഞങ്ങളുടെ നേരെ മര്‍ദനനടപടികള്‍ എടുത്തുകഴിഞ്ഞശേഷമാണ് ജയില്‍ സൂപ്രണ്ട് സ്‌നോവും ജയിലര്‍ അല്ലാ പിച്ചെയും ഞങ്ങളുടെ അടുത്തെത്തിയത്. അപ്പോള്‍ പലരും അവരോട് തങ്ങള്‍ക്കുലഭിച്ച മര്‍ദനങ്ങളെ സംബന്ധിച്ച് കരഞ്ഞു പറയുകയുണ്ടായി. ഞാന്‍ ഒരക്ഷരം പോലും ഉരിയാടാതെ മൗനമായി ഇരുന്നതേയുള്ളൂ.

പിന്നീടു ഞങ്ങളെ പല ഭാഗത്തേക്കായി തിരിച്ചു. ക്ലോസ് പ്രിസനിലുള്ള കള്ളാപ്പീസ് എന്നാണു സാധാരണ തടവുകാര്‍ അതിനെപ്പറ്റി പറയുക. ഒരൊഴിഞ്ഞ മുറിയിലേക്ക് എന്നെ കൊണ്ടുപോയി. അത് ആള്‍പ്പെരുമാറ്റമില്ലാത്ത ഒരു മുറിയായിരുന്നു. ചപ്പും ചവറും ചാണകവുമെല്ലാം നിരന്നുകിടക്കുന്നുണ്ട്. വൃത്തികെട്ട ആ മുറിയിലേക്ക് എനിക്കു തുണയ്ക്കായി ലഹള തുടങ്ങുന്ന അന്നു രാത്രി തിരൂരങ്ങാടിയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട പൊറ്റ മുഹമ്മദ് ഹാജിയെയും ഒസ്സാന്‍ മമ്മദുവിനെയും കൊണ്ടുവന്നു. അവര്‍ എന്റെ പരവശസ്ഥിതികള്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. അടിയുടെ പാടുകള്‍ ദേഹത്തില്‍ മുഴുവന്‍ ഉണ്ടായിരുന്നു. നെഞ്ചിന്റെ മേല്‍ഭാഗത്ത് ഏതാണ്ട് ഒരു ചെറുനാരങ്ങയോളം വലിപ്പത്തില്‍ മുഴച്ചിട്ടുമുണ്ടായിരുന്നു. ഈ അവസരത്തില്‍ എനിക്കു കരച്ചില്‍ വന്നു. മുറിയിലേക്കു കൊണ്ടുപോകുമ്പോള്‍ പരിചിതരും അപരിചിതരുമായ പലരെയും ബന്ധിക്കപ്പെട്ട നിലയില്‍ എനിക്കു കാണാന്‍ സാധിച്ചു.

താനൂരിലെ ചെറുകോയതങ്ങള്‍, എന്റെ പിതാവിനെ അറസ്റ്റു ചെയ്തുകൊണ്ടുപോയിട്ടുള്ള വിവരം എന്നെ അറിയിക്കുകയുണ്ടായി. അന്നു യാതൊരു ഭക്ഷണവും നല്‍കുകയുണ്ടായില്ല. കോഴിക്കോട് സബ്ജയിലില്‍ നിന്ന് അതിരാവിലെ കുടിച്ച കഞ്ഞി മാത്രം. അങ്ങനെ ആ വൃത്തിഹീനമായ നിലത്തു പായോ പടമോ ഒന്നുമില്ലാതെ കിടന്നുറങ്ങി. നേരം പുലര്‍ന്ന് ഒരു ഡോക്ടര്‍ ദേഹപരിശോധനയ്‌ക്കെത്തി. അയാള്‍ എന്റെ ദേഹത്തിലുള്ള പാടുകളും മുഴകളും തൊട്ടുനോക്കിയതല്ലാതെ യാതൊരു ഔഷധവും തരികയുണ്ടായില്ല. ആരോഗ്യമുളള ശരീരമാണെന്നു രേഖപ്പെടുത്തുകയും ചെയ്തു. പിന്നെയൊരു വാര്‍ഡന്‍ വന്നു. വളയും താലിയും അണിയിച്ചു. അക്കാലത്ത് ഒരു കാലില്‍ തടിച്ച ഇരുമ്പുവളയും കഴുത്തില്‍ ശിക്ഷയുടെയും വിടുതലിന്റെയും തീയതിയും കേസിന്റെ വകുപ്പുകളും കൊത്തിയിട്ടുള്ള താലിയും അണിയിക്കുക പതിവുണ്ടായിരുന്നു. താലി കോര്‍ത്തിട്ടുള്ള നൂല്‍ വെളുപ്പ്, കറുപ്പ്, ചുവപ്പ് എന്നീ മൂന്നു നിറത്തിലുള്ളതായിരിക്കും. വെളുത്ത നൂലുള്ളവന്‍ കടുത്ത പണികള്‍ ചെയ്യേണ്ടിവരും. ചുവന്ന നൂലുകാരനു കുറേ ആശ്വാസമുണ്ട്. അയാള്‍ക്കു വലിയ പണിയൊന്നും ഉണ്ടായിരിക്കുകയില്ല. എന്റെ താലിയുടെ നൂല്‍ വെളുത്തതായിരുന്നു. ഈ അവസരത്തിലൊന്നും ജയില്‍ ഉദ്യോഗസ്ഥന്‍മാര്‍ യാതൊരു ദയാദാക്ഷിണ്യവും തടവുകാരന്റെ നേരെ കാണിക്കാറില്ല.

പിന്നീടു സ്വന്തം വസ്ത്രങ്ങള്‍ മാറ്റി ജയിലുടുപ്പുകള്‍ ധരിപ്പിക്കുന്നു. അര വരെയുള്ള ഒരുതരം ഹാഫ് ട്രൗസറാണ്. ബനിയനും ഷര്‍ട്ടുമല്ലാത്ത ഒരുതരം കുപ്പായവും, ചെവി മൂടുന്ന തരത്തിലുള്ള തൊപ്പിയവുമാണ്. എല്ലാം ഒരേ ശീല കൊണ്ടുള്ളതാണ്. ഇതെല്ലാം കൂടി ധരിച്ചപ്പോള്‍ എനിക്കു വളരെയധികം ദുഃഖം ഉണ്ടായി. ഞാന്‍ കരഞ്ഞുപോയി. മുട്ടു മറയാതെയുള്ള വസ്ത്രം അതിനുമുമ്പു ഞാന്‍ ഒരിക്കലും ഉപയോഗിക്കാത്തതുകൊണ്ടു വല്ലാത്ത കുണ്ഠിതവും ലജ്ജയും തോന്നി. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന എ.മുഹമ്മദ് (അണ്ടത്തോടു സ്വദേശി) അവിടെ ഉണ്ടായിരുന്നു. അയാള്‍ എന്നെ സമാധാനപ്പെടുത്തി. മുഹമ്മദ് ഒരു നല്ല പ്രവര്‍ത്തകനായിരുന്നു. വളരെയധികം മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. വെടിവെച്ചുകളയും എന്നു ഭീഷണിപ്പെടുത്തിയിട്ടുപോലും ലവലേശം കുലുങ്ങാത്ത ഒരു വ്യക്തിയാണ് മുഹമ്മദ്.

ജയില്‍ വസ്ത്രങ്ങള്‍ മുഴുവന്‍ ധരിപ്പിച്ചശേഷം മുറിയിലിട്ടുപൂട്ടി. കുറച്ചു ചകിരിതൂപ്പു കൊണ്ടുവന്നു കയര്‍ പിരിക്കാന്‍ പറഞ്ഞു. എനിക്കുമുമ്പു യാതൊരു പണിയും അറിഞ്ഞുകൂടായിരുന്നുവെങ്കിലും വളരെ പ്രയാസപ്പെട്ടു കയര്‍ പിരിക്കാന്‍ പഠിച്ചു. കണ്ണൂര്‍ ജയിലില്‍ ആ സമയത്ത് ആയിരക്കണക്കിനായ മാപ്പിളമാര്‍ ഉണ്ടായിരുന്നു. ദിവസേന ധാരാളം ആളുകള്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഭക്ഷണത്തിന്റെ സ്ഥിതിയാണെങ്കില്‍ വളരെ മോശം. പക്ഷേ പല കായ്കറികളും ഒന്നായിച്ചേര്‍ത്തുകൊണ്ട് ഉണ്ടാക്കുന്ന കറി വലിയ മോശമില്ലായിരുന്നു. അരി നുറുക്കി റൊട്ടിയെന്ന പേരില്‍ ഒരു സാധനം ചോറു വേണ്ടാത്തവര്‍ക്കു നല്‍കാറുണ്ട്. അതുവാങ്ങി ഈ കറിയിലിട്ടായിരുന്നു ഞാന്‍ കഴിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ ഈ നിലയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിച്ചുകൂട്ടി. ഒരു ദിവസം ഒരു വാര്‍ഡന്‍ വന്നുപറഞ്ഞു, കമാനുണ്ടെന്ന്. ജയിലില്‍നിന്നു മറ്റൊരു ജയിലിലേക്കു തടവുകാരെ കൊണ്ടുപോകുന്നതിന് ‘കമാന്‍’ എന്നാണു ജയിലിലെ ഭാഷ. അങ്ങനെ എന്നെയും കുറേ പഴയ തടവുകാരെയും ലഹളത്തടവുകാരെയും കൂട്ടിച്ചേര്‍ത്തുകൊണ്ട് ഒരു കമാന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോകാന്‍ പുറപ്പെട്ടു.

ശക്തിയായ പോലീസ് അകമ്പടി ഉണ്ടായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വൈകുന്നേരം കോഴിക്കോട്ടേക്കു പോകുന്ന വണ്ടിയില്‍ ഞങ്ങള്‍ യാത്രയായി. ആ വണ്ടി പിന്നെ കോഴിക്കോട്ടുനിന്നു തെക്കോട്ടു പോവുകയില്ല. വണ്ടിയില്‍ നിന്നു ഞങ്ങളെ എല്ലാവരെയും ഇറക്കി ഒരു ചെറിയ മുറിയിലിട്ടടച്ചു. റെയില്‍വേ സ്റ്റേഷനിലെ റിക്കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന ആ മുറിയില്‍ പ്രവേശിക്കുന്നതിനുള്ള വാതിലല്ലാതെ ജനലോ മറ്റോ ഉണ്ടായിരുന്നില്ല. ഇത്ര കനത്ത ബന്തവസ്സ്‌ ഉണ്ടായിരിക്കെ എന്തിനാണു കതക് ബന്ധിക്കുന്നതെന്നു ഞാന്‍ ചോദിക്കുകയുണ്ടായി. പക്ഷേ അവര്‍ യാതൊരു ദയയും കാണിക്കുകയുണ്ടായില്ല. പുലര്‍ച്ചെ പുറപ്പെടുന്ന വണ്ടിക്ക് ഞങ്ങളും പുറപ്പെട്ടു. തെക്കേ മലബാറില്‍ വണ്ടി പ്രവേശിച്ചശേഷം മാപ്പിളമാര്‍ അപൂര്‍വ്വമായിട്ടേ കാണപ്പെട്ടിരുന്നുള്ളൂ. പട്ടാളനിയമം ബാധകമായ സ്ഥലങ്ങളായതുകൊണ്ട് മാപ്പിളമാര്‍ക്കു സ്വൈരമായി സഞ്ചരിക്കാന്‍ നിവൃത്തിയില്ലാതെ വന്നിരിക്കുന്നു.

വണ്ടി തിരൂരില്‍ എത്തിയപ്പോള്‍ പട്ടാളക്കാരില്‍ പലരും ഞങ്ങളുടെ മുറിയില്‍ വന്നുനോക്കി. ചിലര്‍ എന്നെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. ഒട്ടും മനുഷ്യത്വത്തോടുകൂടിയ ഒരു പെരുമാറ്റമായിരുന്നില്ല അവരുടേത്. ചിലര്‍ വളരെയധികം അസഭ്യങ്ങള്‍ പുലമ്പുകയും ചെയ്തു. എല്ലാ സ്റ്റേഷനിലും ആളുകള്‍ നന്നേ കുറവായിരുന്നു. മാപ്പിളമാരുടെ കാര്യം പറയാനേയില്ല. പട്ടാളക്കാരുടെ തേര്‍വാഴ്ചയാണ്. പല താന്തോന്നിത്തങ്ങളും നടക്കുന്നുണ്ട്. ഉള്‍നാടുകളില്‍ കലശലായ ഏറ്റുമുട്ടലുകളാണു നടന്നിരുന്നത്. ഏറനാട്-വള്ളുവനാട് താലൂക്കുകള്‍ മുഴുവനും വടക്കന്‍ പൊന്നാനിയും അന്നു കടുത്ത ഏറ്റുമുട്ടലുകള്‍ നടന്നുകൊണ്ടിരുന്ന പ്രദേശങ്ങളായിരുന്നു. പട്ടാളക്കാര്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഒറ്റപ്പാലം സ്റ്റേഷനില്‍നിന്നും ഞങ്ങള്‍ കയറിയ വണ്ടി വിട്ടപ്പോള്‍ കണ്ട കാഴ്ച ഇപ്പോഴും എന്റെ കണ്ണില്‍നിന്നു മാഞ്ഞിട്ടില്ല. വെള്ളക്കാര്‍, വാണിയംകുളം ചന്തയില്‍നിന്നു കന്നുകാലികളെ വാങ്ങിച്ചുകൊണ്ടുപോകുന്നവര്‍ അവയെ ചാട്ടവാര്‍ കൊണ്ട് അടിക്കുന്നതുപോലെ, മാപ്പിളമാരെ അടിച്ച് ഓടിക്കുന്നതാണ് ഞാന്‍ കണ്ടത്. വള്ളുവനാട് അതിര്‍ത്തി വിടുന്നതുവരെ മാപ്പിളമാര്‍ റോഡുകളില്‍ സഞ്ചരിക്കുന്നതായി കാണാന്‍ കഴിഞ്ഞില്ല. പിറ്റെന്നാള്‍ രാവിലെ വണ്ടി കാട്ട്പാടി റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെനിന്ന് ഏഴു നാഴിക അകലെയുള്ള തുറപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഞങ്ങളെ കാല്‍നടയായി കൊണ്ടുപോയി.

രാത്രിയില്‍ യാതൊരു ഭക്ഷണവും ഞങ്ങള്‍ക്കു തന്നില്ല. വഴിയരികില്‍ പലഹാരക്കച്ചവടം ചെയ്യുന്ന ചില ചെട്ടിച്ചികളുടെ പക്കല്‍നിന്ന് ഇഡ്ഡലി വാങ്ങിച്ചു തന്നു. അതു തിന്നപ്പോള്‍ പലരും ഛര്‍ദിച്ചു. ഞാന്‍ അതിനുമുമ്പ് ഇഡ്ഡലി കഴിച്ചിട്ടേയില്ല. എനിക്കും അതു പിടിച്ചില്ല. അങ്ങനെ വെറും പച്ചവെള്ളം കുടിച്ചുകൊണ്ടു ജയിലിലേക്കു നടന്നു. ജയില്‍പടിക്കല്‍ എത്തിയപ്പോള്‍ കണ്ണൂര്‍ ജയിലിലുണ്ടായ അനുഭവം ഞാന്‍ ഓര്‍ക്കാതിരുന്നില്ല. നട്ടുച്ച സമയമായിരുന്നു. ഞങ്ങള്‍ എല്ലാവരെയും ആ ചുട്ടുപൊള്ളുന്ന വെയിലത്ത് യാതൊരു നൂല്‍ബന്ധം പോലുമില്ലാതെ ഫയലിരുത്തി (നാലാള്‍ വീതം തടവുകാരെ നിരത്തിയിരുത്തുന്നതിനു ജയിലിലെ ഭാഷ ഫയല്‍ എന്നാണ്). ഡെപ്യൂട്ടി ജയിലര്‍ ഞങ്ങളുടെ അടുത്തുവന്ന് എല്ലാവരെയും ഒന്നുറ്റുനോക്കി. വരുമ്പോള്‍ ധരിച്ചിരുന്ന ഉടുപ്പുകള്‍ എല്ലാം അവിടെ അഴിപ്പിച്ചുവെച്ചു. ഈ അവസരത്തില്‍ അടി എപ്പോഴാണു തുടങ്ങുകയെന്നു ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നു. പക്ഷേ, അവിടെ നടന്നത് മറ്റൊരു വിധത്തിലാണ്. മുത്താരിച്ചാക്കുകള്‍ ചുമന്നുകൊണ്ടുപോകാനുള്ള ആജ്ഞയാണ് ലഭിച്ചത്.

ഞങ്ങളുടെ കൂട്ടത്തില്‍ ജയിലുമായി കുറെയധികം കാലം പരിചയപ്പെട്ട തടവുകാരുമുണ്ടായിരുന്നു. അവര്‍ ആജ്ഞയ്ക്കു വഴങ്ങിയില്ല. ‘ഞങ്ങള്‍ ജയിലില്‍നിന്നു ‘കമാന്‍’ വരുന്നവരാണ്. ജയിലിന്റെ അകത്തുപ്രവേശിക്കുന്നതിനു മുമ്പ് തന്നെ പണിയെടുക്കാന്‍ പറയുന്നത് ന്യായമല്ല. ഞങ്ങള്‍ നിങ്ങളുടെ ആജ്ഞക്ക് വഴങ്ങുകയില്ല.’ ഇതു ഡെപ്യൂട്ടി ജയിലറെ വല്ലാതെ ചൊടിപ്പിച്ചു. അയാള്‍ ചീഫ് വാര്‍ഡര്‍ എന്നു അട്ടഹസിച്ചു. അതാ വരുന്നു കുള്ളനായ ചീഫ് വാര്‍ഡറും ആജാനുബാഹുവായ കിച്ചന്‍ വാര്‍ഡറും. ചീഫ് വാര്‍ഡര്‍ ചുമക്കാന്‍ ആജ്ഞാപിച്ചു. പഴയ തടവുകാര്‍ ആ കല്‍പന നിരസിച്ചു. ‘ഞങ്ങള്‍ അതുചെയ്യില്ല’ എന്നു തീര്‍ത്തുപറഞ്ഞു. അതോടുകൂടി പ്രഹരവും ആരംഭിച്ചു. വരുന്ന എല്ലാ അടിയും അവര്‍ സമര്‍ത്ഥമായി തടുത്തുകൊണ്ടിരുന്നു. അങ്ങനെ പഴയ തടവുകാരുമായി കുറെ നേരം അങ്കം വെട്ടിയെങ്കിലും അവരൊട്ടും കൂട്ടാക്കുകയുണ്ടായില്ല. പിന്നീട് എല്ലാവരുടെയും പേരും മേല്‍വിലാസവുമെല്ലാം രേഖപ്പെടുത്തിയശേഷം അകത്തേക്കു പ്രവേശിപ്പിച്ചു. കണ്ണൂരിലെപ്പോലെ തന്നെ അതും ക്ലോസ് പ്രിസണ്‍ തന്നെയായിരുന്നു. അവിടെ ചെന്നപ്പോള്‍ എനിക്കു പഴയ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാന്‍ കഴിഞ്ഞു. മാത്രമല്ല, എന്റെ വന്ദ്യപിതാവും അഞ്ചാറു മരുമക്കളും കുറെ നാട്ടുകാരും ആ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ എന്റെ കുടുംബത്തിന്റെ ഒരു ഭാഗം തന്നെ തദവസരത്തില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നുവെന്നു പറയാം.

പ്രവേശനദിവസമായതുകൊണ്ട് പണിയ്‌ക്കൊന്നും പോയില്ല. ഒറ്റമുറികളിലായിരുന്നു എല്ലാവരെയും താമസിപ്പിച്ചിരുന്നത്. അന്നു വെല്ലൂര്‍ ജയിലില്‍ വെള്ളത്തിനു വളരെ ബുദ്ധിമുട്ടാണ്. മാപ്പിളത്തടവുകാര്‍ ധാരാളമായി ആ ജയിലിലും ഉണ്ടായിരുന്നു. കഠിനമായ പണികള്‍ അവരെക്കൊണ്ട് എടുപ്പിക്കും. കരിങ്കല്‍ ചില്ലുകള്‍ ഉടയ്ക്കലാണ് അവിടുത്തെ പ്രധാന ജോലി. കരിങ്കല്‍ പാറകള്‍ കൊണ്ടുവന്നു നിരത്തുകള്‍ക്കും മറ്റും ഉപയോഗിക്കത്തക്ക നിലയില്‍ തടവുകാരെക്കൊണ്ട് ഉടപ്പിക്കും. മേല്‍നോട്ടത്തിന് ഒരു വാര്‍ഡറും ആ വാര്‍ഡറുടെ കീഴില്‍ ദീര്‍ഘകാലം ശിക്ഷിക്കപ്പെട്ട് ചില അധികാരങ്ങള്‍ ലഭിച്ചിട്ടുള്ളവരായ തടവുകാരും. പുതുതായി വരുന്ന തടവുകാരെ ഇവര്‍ വല്ലാതെ ഉപദ്രവിക്കും. ഇതിനുപുറമെ പ്രവൃത്തിസ്ഥലങ്ങളിലെല്ലാം വാര്‍ഡര്‍മാര്‍ ഓരോ ഒത്താശിയെയും നിശ്ചയിക്കും. അയാള്‍ പണിയെടുക്കേണ്ടതില്ല. എന്നെ കല്ലുടയ്ക്കുന്ന സംഘത്തിലേക്കാണ് തിരിച്ചത്. വൈകുന്നേരമാകുമ്പോള്‍ ഇത്ര കല്ല് ഉടച്ചുവാര്‍ക്കണമെന്നു നിര്‍ബന്ധമുണ്ട്. അതു ചെയ്തില്ലെങ്കില്‍ കഠിനമായ മര്‍ദനം ഏല്‍ക്കേണ്ടിവരും. യാതൊരു ജോലിയും ചെയ്തു പരിചയമില്ലാത്ത എനിക്ക് ഇതു ദുസ്സഹമായി തീര്‍ന്നെങ്കിലും സ്‌നേഹിതന്‍മാര്‍ എന്നെ സഹായിച്ചുകൊണ്ടിരുന്നു. ഓരോപിടി കല്ലുവീതം ഓരോരുത്തരും വാര്‍ഡറുടെ ശ്രദ്ധയില്‍പ്പെടാതെ എന്റെ കൊട്ടയില്‍ കൊണ്ടുവന്നിടും. കുറേശ്ശെ ഞാനും ഉടയ്ക്കും. പക്ഷേ കൈയെല്ലാം പൊട്ടി. എന്റെ പിതാവ് വൃദ്ധനായതുകൊണ്ട് നൂലുകള്‍ തെരിയുന്ന പണിയിലാണ് ഏര്‍പ്പെടുത്തിയത്. ആ ജോലിയിലുള്ള വാര്‍ഡര്‍ പിതാവിനെപ്പോലെ തന്നെ വയസ്സനായിരുന്നു. അയാള്‍ക്കു പിതാവിന്റെ നേരെ വലിയ ദയ തോന്നി.

ഒരു ദിവസം എനിക്ക് ജ്വരം പിടിപെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ സ്ഥിതിയാണെങ്കില്‍ വളരെ പരുങ്ങലില്‍. ഭക്ഷണമില്ല, മരുന്നില്ല. കുറച്ചു പുളിച്ച കഞ്ഞിവെള്ളം മാത്രം ലഭിക്കും. ഞാന്‍ ചോര തുപ്പി. ഡോക്ടര്‍ വന്നപ്പോള്‍ അയാളെ കാണിച്ചുകൊടുത്തു. അയാള്‍ വെള്ളക്കാരനായതുകൊണ്ടായിരിക്കാം, പരിശോധിക്കുകയോ മരുന്നുതരികയോ യാതൊന്നും തന്നെ ചെയ്തില്ല. ദൈവാനുഗ്രഹത്താല്‍ രോഗം സുഖപ്പെട്ടുവെന്നു മാത്രം. ഒരു ദിവസം രാവിലെ കഞ്ഞികുടി കഴിഞ്ഞശേഷം ഒരു വാര്‍ഡര്‍ പറഞ്ഞു: ‘ഇന്നു നിങ്ങള്‍ക്ക് കമാന്‍ ഉണ്ടെ’ന്ന്. ആ കമാന്‍ നൂറുപേരടങ്ങിയതായിരുന്നു. അതില്‍ മിക്കവരും എനിക്ക് സുപരിചിതരുമായിരുന്നു. ഒരു വെള്ളക്കാരനായിരുന്നു അതിന്റെ തലവന്‍. കുറെ റിസര്‍വ് പോലീസുകാരും. റിസര്‍വ് പോലീസിന്റെ കൂട്ടത്തില്‍ കുറച്ചു പട്ടാണികളും മാപ്പിളമാരും ഉണ്ട്.

ബല്ലാരിക്കു പുറപ്പെടുകയാണ്. ഇടയ്ക്കു യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണമായി കരുതിയിരുന്നത് മുത്താരി റൊട്ടികളാണ്. ജയിലില്‍നിന്നു ഞങ്ങളെ റെയില്‍വേ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങളെ കാണ്‍മാനായി പണ്ട് മാപ്പിള ആക്ട് പ്രകാരം നാടുകടത്തപ്പെട്ട ഒരു മാന്യന്‍ വഴിമധ്യേ ഒരു വലിയ പഴക്കുലയുമായി കാത്തിരിപ്പുണ്ടായിരുന്നു. എറത്താലി ഹാജി എന്നാണ് അദ്ദേഹത്തിന്റെ പേര്‍. ഇയാള്‍ പണ്ടൊരു ചെറിയ ലഹള ഗവണ്‍മെന്റിനുനേരെ നടത്തിയ കുറ്റത്തിനു നാടുകടത്തപ്പെട്ട ആളാണ്. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു മുസ്‌ലിം ഹെഡ് കോണ്‍സ്റ്റബിള്‍ എന്നോടു പറഞ്ഞു: ‘ഈ വെള്ളക്കാരന്‍ ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് ഒന്നും വാങ്ങിത്തരാന്‍ നിവൃത്തിയില്ലല്ലോ. എങ്കിലും കഴിവതും ശ്രമിക്കാം.’ ആ പഴക്കുല ഒരുവിധത്തില്‍ ഞങ്ങളുടെ കമ്പാര്‍ട്ടമെന്റിലെത്തി. അങ്ങനെ വണ്ടി നീങ്ങി. പല കാഴ്ചകളും കാണുന്നുണ്ട്. പലരും ഞങ്ങളെ കാണാന്‍ വരുന്നുമുണ്ട്. ചില സാധനങ്ങള്‍ പോലീസുകാരുടെ അനുഗ്രഹത്തോടുകൂടി തിന്നാനും കിട്ടുന്നുണ്ട്. ഒരു ദിവസം മുത്താരി റൊട്ടി എല്ലാവരും കഴിച്ചു. പിറ്റേദിവസം രാമപുരം റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തി. അവിടെ കുറെയധികം താമസമുണ്ട്. എല്ലാവരും മുഖം കഴുകി അണിയായി ഇരുന്നു. മുത്താരി റൊട്ടി തിന്നാന്‍ കൊണ്ടുവന്നു. ഞാന്‍ മറ്റുള്ളവരോടു ചോദിച്ചു: ‘ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? ഉണ്ടെങ്കില്‍ നമുക്ക് അരി ഭക്ഷണം തന്നെ ലഭിക്കും. ഒരുപക്ഷേ, യാതൊന്നും ബല്ലാരി എത്തുന്നതുവരെ ലഭിച്ചില്ലെന്നും വരും.’ എല്ലാവരും ഉറച്ച സ്വരത്തില്‍ പറഞ്ഞു: ‘ഞങ്ങള്‍ എന്തിനും തയ്യാറാണ്.’ വെള്ളക്കാരന്‍ വന്നു. മുത്താരി റൊട്ടി തിന്നാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഏകസ്വരത്തില്‍ നിഷേധിച്ചു: ‘ഞങ്ങള്‍ മലബാറുകാരാണ്. ഞങ്ങളുടെ ഭക്ഷണം അരിയാണ്. മുത്താരി തിന്നു ശീലിച്ചിട്ടില്ല. നിങ്ങള്‍ അരിഭക്ഷണം തരാന്‍ തയ്യാറില്ലെങ്കില്‍ ഞങ്ങള്‍ക്കു യാതൊന്നും വേണ്ട.’ അപ്പോള്‍ അവിടെ കുറേ മുസ്‌ലിംകള്‍ ഞങ്ങള്‍ക്കു ഭക്ഷണം തരാന്‍ അനുമതിക്കപേക്ഷിച്ചുകൊണ്ട് നില്‍പുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു: ‘ഇതാ ഇവര്‍ ഞങ്ങള്‍ക്കു ഭക്ഷണം തരാന്‍ തയ്യാറാണ്. നിങ്ങള്‍ ഒരുക്കമില്ലെങ്കില്‍ ഇവരെ അനുവദിക്കണം.’ ഇതു കേട്ടപ്പോള്‍ സായിപ്പ്, മൊയ്തീന്‍കുട്ടി എന്നു പേരായ ഒരു പോലീസുകാരനെ വിളിച്ചു. എല്ലാവര്‍ക്കും ബീഡി കൊടുക്കാന്‍ പറഞ്ഞു. അഞ്ചു രൂപ മാംസം വാങ്ങിക്കൊണ്ടുവരാന്‍ കൊടുത്തു. ഉടനെ ചില മുസ്‌ലിംകള്‍ സായിപ്പിനെ സമീപിച്ച്, ‘ഞങ്ങള്‍ ഭക്ഷണം കൊടുക്കാം. അതിന് സമ്മതം തരണ’മെന്നപേക്ഷിച്ചു. സായിപ്പ് അതിന് അനുമതി നല്‍കുകയും ചെയ്തു. എല്ലാവരും നിരന്നിരുന്നുകൊണ്ട് വളരെ ആഹ്ലാദത്തോടെ ബീഡി വലിക്കാന്‍ തുടങ്ങി. അവിടുത്തുകാരായ മുസ്‌ലിംകള്‍ കുറെക്കഴിഞ്ഞയുടനെ ചോറും കറിയും എല്ലാം കൊണ്ടുവന്നു. വയര്‍ നിറയെ എല്ലാവരെയും തീറ്റി. അക്കാലത്തു ബല്ലാരിയിലേക്കു കൊണ്ടുപോകുന്ന മാപ്പിളമാരെ സഹായിക്കാനായി പല സ്ഥലങ്ങളിലും കമ്മിറ്റികള്‍ ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നത്രെ. ആ ഭക്ഷണം വളരെയേറെ രുചിയുള്ളതായിരുന്നു. അതിനെപ്പറ്റി ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. വണ്ടി പുറപ്പെടുന്നതിനുമുമ്പായി അവരുമായി യാത്ര പറഞ്ഞു പിരിഞ്ഞു. അവര്‍ വൈകുന്നേരത്തെ ആവശ്യത്തിനായി രഹസ്യമായി കുറച്ചു പണം പോലീസുകാരെ ഏല്‍പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

ഈ യാത്ര അത്രയൊന്നും ക്ലേശകരമായിരുന്നില്ല. രാത്രി സുഖമായി കിടന്നുറങ്ങി. പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ‘സ്വരാജ്…. സ്വരാജ്’ എന്നൊരു ശബ്ദം കേട്ടു. ഇതെന്നെ ആഹ്ലാദഭരിതനാക്കി. സ്വരാജിനുവേണ്ടിയാണല്ലോ ഈ കഷ്ടപ്പാടെല്ലാം അനുഭവിച്ചത്. അത് എളുപ്പത്തില്‍ കിട്ടിയല്ലോ എന്നോര്‍ത്തു ഞാന്‍ പുളകം കൊണ്ടു. പോകാനുള്ള ഒരുക്കത്തോടുകൂടി എഴുന്നേറ്റപ്പോള്‍ കണ്ടതു സ്വരാജ് പത്രം വില്‍ക്കുന്ന ഒരു കുട്ടിയെയാണ്. ശ്രീ പ്രകാശം നടത്തിയിരുന്ന സ്വരാജ് പത്രത്തെ സംബന്ധിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഈ തെറ്റിദ്ധാരണ എനിക്കുണ്ടായത്. അന്നു വൈകുന്നേരം വണ്ടി ഗുണ്ടക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അതു നല്ലൊരു ജങ്ഷനാണ്. ഞങ്ങളുടെ വണ്ടി അവിടെയെത്തിയപ്പോള്‍ ചില വെള്ളക്കാര്‍ ഞങ്ങളെ സമീപിച്ചു. ഇക്കൂട്ടത്തില്‍ നോണ്‍ കോപ്പറേറ്ററായി ആരെങ്കിലുമുണ്ടോ എന്നൊരു വെള്ളക്കാരന്‍ ആരാഞ്ഞു. പോലീസുകാരന്‍ എന്നെ കാണിച്ചുകൊടുത്തു. അയാള്‍ക്കു നല്ലവണ്ണം ഉര്‍ദു അറിയാം. രാഷ്ട്രീയമായി സംസാരിക്കാന്‍ തുടങ്ങി. അന്ന് അയര്‍ലണ്ടില്‍ സമരം നടക്കുന്നുണ്ട്. അയര്‍ലണ്ടുകാരും ഇന്‍ഡ്യക്കാരായ നിങ്ങളും ഒരിക്കലും വിജയിക്കുകയില്ലെന്ന് അയാള്‍ തീര്‍ത്തുപറഞ്ഞപ്പോള്‍ ഞാന്‍ അതിനെ ശക്തിയായി എതിര്‍ത്തു. ‘ഞങ്ങള്‍ ഇരുകൂട്ടരും ലക്ഷ്യം പ്രാപിക്കുക തന്നെ ചെയ്യും. ബ്രിട്ടന്‍ അധികാരം കൈവിടേണ്ടി വരും.’ ഈ അവസരത്തില്‍ സംസാരം കേട്ട് ആളുകള്‍ അവിടെ തടിച്ചുകൂടി. ഉടനെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ഗാരേജ് മുറിച്ചു മറ്റൊരു സ്ഥലത്തു ഘടിപ്പിക്കപ്പെട്ടു. മറ്റാര്‍ക്കും അവിടേക്ക് എത്തിച്ചേരാന്‍ പറ്റാതായി. വണ്ടി ഏതാണ്ടു പുലരാറായപ്പോള്‍ അവിടെനിന്നു പുറപ്പെട്ടു. പ്രഭാതത്തില്‍ ബല്ലാരിയില്‍ എത്തി.

സ്റ്റേഷനില്‍നിന്നു ഞങ്ങളെ ക്യാമ്പ് ജയിലിലേക്കു കൊണ്ടുപോയി. ഞങ്ങളോടൊപ്പം വന്ന പോലീസുകാര്‍ വളരെ മര്യാദയോടുകൂടിയാണ് പെരുമാറിയിരുന്നത്. ആരും പണവും മറ്റും ഒളിപ്പിച്ചുവയ്ക്കരുതെന്ന് അവര്‍ ഉപദേശിച്ചു: ‘ക്യാമ്പ് ജയിലില്‍ വളരെ മര്‍ദനങ്ങള്‍ നടക്കുന്നുണ്ട്. വല്ലതും കൈവശം വച്ചിട്ടുണ്ടെങ്കില്‍ കഠിനമായി മര്‍ദിക്കപ്പെടും. സൂക്ഷിക്കണം.’ ഞങ്ങളെ ക്യാമ്പ് ജയിലിലെ ചെന്നായ്ക്കളെ ഏല്‍പിച്ചുകൊണ്ട് അവര്‍ പിരിഞ്ഞു. അവിടെ നൂറുപേരെയും അണിനിരത്തി. എല്ലാവരുടെയും ഉടുവസ്ത്രങ്ങള്‍ അഴിച്ചു. പിന്നെ തുടങ്ങിയത് അടിയാണ്. ‘എത്ര പേരുടെ തോല്‍ ജീവനോടുകൂടി പൊളിച്ചെടാ?’ എന്നു ചോദിച്ചുകൊണ്ട് അടിയേ അടി. അവിടെ ഉണ്ടായിരുന്ന വാര്‍ഡര്‍മാര്‍ എല്ലാവരും ഇതില്‍ പങ്കെടുത്തു. അരുതെന്നു പറയുന്ന ഒരാളെയും കണ്ടില്ല. എല്ലാവരും അതില്‍ സന്തുഷ്ടരാണ്. അടിയും നിലവിളിയും മുറയ്ക്കു നടക്കുന്നുണ്ട്. ചിലര്‍ എന്നോട് ചോദിച്ചു: ‘ഞങ്ങള്‍ പകരം അങ്ങോട്ടും അടിക്കട്ടെ’യെന്ന്. ഞാന്‍ അവരെ സമാധാനപ്പെടുത്തി. പലര്‍ക്കും സാരമായ മുറിവുകള്‍ പറ്റി. ചിലരുടെ ദേഹത്തുനിന്നു ചോര ഒലിക്കുന്നുണ്ട്. എന്റെ കാലിന്റെ തുടയില്‍നിന്ന് ഒരു കഷണം ഇറച്ചിതന്നെ പാറിപ്പോയി. എന്റെ രണ്ടു കൈകളും അടി കൊണ്ടു വീങ്ങി. ഇന്നും ആ പരുക്ക് കാണാം.

ഈ അസഹനീയമായ മര്‍ദനങ്ങള്‍ എല്ലാം കണ്ടു സഹിക്കാനാവാതെ നിന്നിരുന്ന ജനാബ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പട്ടാളനിയമം നടപ്പാക്കപ്പെട്ടിട്ടുള്ള സ്ഥലമാണെന്ന് ഓര്‍ക്കാതെ ഓടിച്ചെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കൈപിടിച്ചുകൊണ്ടു ചോദിച്ചു: ‘എന്തിനാണ് ഈ നിരപരാധികളെ ആക്രമിക്കുന്നത്?’ ‘അവര്‍ കുറ്റം ചെയ്തിട്ടായിരിക്കണ’മെന്നയാള്‍. ‘ജയിലില്‍ വരുന്നവര്‍ എന്തു കുറ്റമാണ് ചെയ്യുക? നിങ്ങള്‍ ഒന്ന് ഓര്‍ക്കണം, എന്നെപ്പോലുള്ള മര്യാദക്കാരാണ് ഇതുവരെ എത്തിയിട്ടുള്ളത്. ഇനി വരുന്നവരെല്ലാം പട്ടാളത്തോട് ശരിക്കും യുദ്ധം ചെയ്തവരാണ്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ തുടര്‍ന്നാല്‍ ജയില്‍ കലങ്ങും. നിങ്ങള്‍ക്ക് ഒതുക്കാന്‍ കഴിയുകയില്ല. അതു സൂക്ഷിക്കണം.’ ഇതു പറയുമ്പോള്‍ താനൊരു തടവുകാരനാണെന്നും പട്ടാള നിയമം നടപ്പുള്ള സ്ഥലത്തുവെച്ചാണ് ഇതുപറയുന്നതെന്നും നില്‍ക്കുന്ന സ്ഥലത്തുനിന്ന് അനുവാദം കൂടാതെ മറ്റൊരിടത്തേക്കു പോകാന്‍ പാടില്ലെന്നും ഒന്നും പരിഗണിക്കാതെയാണ് ജനാബ് സാഹിബ് ഇങ്ങനെ പറഞ്ഞത്. ഞാന്‍ ആ കമാനില്‍ ഉണ്ടെന്ന് ആ സമയത്ത് അബ്ദുറഹിമാന്‍ സാഹിബ് അറിഞ്ഞിരുന്നില്ല. എന്നെ അറസ്റ്റ് ചെയ്ത് ഏതാണ്ടൊരു മാസം കഴിഞ്ഞശേഷമാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ അറസ്റ്റ് ചെയ്തത്. നിരപരാധികളായ മാപ്പിള സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാന്‍ അനുവാദം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കലക്ടര്‍ക്കൊരു കത്തെഴുതിയിട്ടുണ്ടായിരുന്നു. ആ കത്ത് പിന്നീട് ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തപ്പെട്ടു. ബോംബെയിലും മറ്റും അതിനെ ആസ്പദമാക്കി വമ്പിച്ച യോഗങ്ങള്‍ നടന്നു. റിലീഫ് കമ്മിറ്റികള്‍ തത്ഫലമായി ഉടലെടുത്തു. ഈ കത്തിനെ ആസ്പദമാക്കിയാണ് അദ്ദേഹത്തെ രണ്ടുകൊല്ലം കഠിനതടവിനു ശിക്ഷിച്ചത്.


Tags :


ഇ. മൊയ്തു മൗലവി