മില്ലിറിപ്പോർട്ടിന് രണ്ട് വയസ്സ്
30 September 2018 | Editorial
മില്ലി റിപ്പോർട്ടിന് രണ്ട് വയസ്സ് തികഞ്ഞിരിക്കുന്നു. മുസ്‌ലിം മാധ്യമപ്രവർത്തന രംഗത്ത് തനത് വ്യക്തിത്വവുമായി രണ്ട് വർഷം മുന്നോട്ട് പോകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സാമ്പത്തികവും സാങ്കേതികവുമായ മൂലധനമൊന്നുമില്ലാത്ത ഒരു ചെറിയ സംഘം വെല്ലുവിളികളും മത്സരവും നിറഞ്ഞ ഓൺലൈൻ പത്രപ്രവർത്തന രംഗത്ത് മൂല്യങ്ങളുടെ ബലത്തിൽ രണ്ട് സംവത്സരങ്ങൾ പിടിച്ചുനിന്നത് അല്ലാഹുവിന്റെ സഹായം അതൊന്നുകൊണ്ട് മാത്രമാണ്. ആഹ്ലാദകരമായ ഈ വാർഷികവേള അവനുള്ള സ്തുതികളിലേക്കാണ് ആത്യന്തികമായി ഉണർത്തേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
മില്ലി റിപ്പോർട്ട് ഒരു മലയാളം പോർട്ടലായാണ് ആരംഭിച്ചത്. ആറു മാസം മുമ്പ് ഇംഗ്ലീഷ് മാറ്ററുകൾക്കായി ഒരു പുതിയ വെബ് പെയ്ജ് (www.english.millireport.com) കൂടി തുടങ്ങാൻ മില്ലി റിപ്പോർട്ടിനായി. വീക്ഷണമൗലികത കൊണ്ടും വിശകലനനിലവാരം കൊണ്ടും ശ്രദ്ധേയമായ വിഭവങ്ങൾ മില്ലി റിപ്പോർട്ട് ഇംഗ്ലീഷ് സൈറ്റിനെ കുറഞ്ഞ കാലംകൊണ്ടുതന്നെ ആകർഷകമാക്കിയിട്ടുണ്ട്. നൈരന്തര്യം വർധിപ്പിച്ച് ഇംഗ്ലീഷ് മില്ലി റിപ്പോർട്ടിനെ കൂടുതൽ സജീവമാക്കാനുള്ള പ്രയത്‌നത്തിലാണ് ഞങ്ങൾ.
മില്ലി റിപ്പോർട്ടിന്റെ മലയാളം, ഇംഗ്ലീഷ് സൈറ്റുകളെ സാങ്കേതികമായി തികവുറ്റതാക്കുവാനും ജനകീയത വർധിപ്പിക്കാനുമുള്ള പരിശ്രമങ്ങൾ ശക്തമായി നടക്കേണ്ട സമയമായാണ് ഇനിയുള്ള ഒരു വർഷത്തെ ഞങ്ങൾ കാണുന്നത്. മില്ലി റിപ്പോർട്ടിന് കിടയറ്റ പ്രൊഫെഷണലിസം ആർജിക്കാനാകുന്ന ഒരു ഭാവിയാണ് നാം വിഭാവനം ചെയ്യുന്നത്. പ്രാർത്ഥനകളും സഹകരണവും നിർദേശങ്ങളുമായി മാന്യവായനക്കാർ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.