Logo

 

കാന്തപുരം അല്ല, അസ്ജദ്‌ റസാ ഖാൻ ആണ്‌ പുതിയ ബറേൽവി ഗ്രാൻഡ്‌ മുഫ്തി എന്ന് ഇ. കെ. വിഭാഗം

1 April 2019 | Reports

By

ബറേലി: ബറേൽവി വിഭാഗത്തിന്റെ ഇൻഡ്യൻ ഗ്രാൻഡ്‌ മുഫ്തിയായി താൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന കാന്തപുരം എ. പി. അബൂബക്‌ർ മുസ്‌ലിയാരുടെ അവകാശവാദത്തെ നിരാകരിക്കുന്ന വാർത്തയുമായി ഇ. കെ. വിഭാഗം സമസ്തയുടെ നേതാവും ചെമ്മാട്‌ ദാറുൽ ഹുദാ മേധാവിയും ആയ ബഹാഉദ്ദീൻ നദ്‌വി രംഗത്ത്‌. ഇന്നലെ ബറേലിയിൽ വെച്ച്‌ ചേർന്ന യോഗത്തിൽ ബറേൽവി പണ്ഡിതൻമാർ മരണപ്പെട്ട ഗ്രാൻഡ്‌ മുഫ്തി അക്തർ റസാ ഖാന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ പുത്രൻ അസ്‌ജദ്‌ റസാ ഖാനെ തെരഞ്ഞെടുത്തു എന്നും അദ്ദേഹമാണ്‌ പുതിയ ബറേൽവി ഗ്രാൻഡ്‌ മുഫ്തി എന്നും ആണ്‌ നദ്‌വിയുടെ ഫെയ്സ്‌ബുക്‌ പോസ്റ്റ്‌ പറയുന്നത്‌. ആഴ്ചകൾക്കുമുമ്പ്‌ കാന്തപുരത്തെ രാംലീലയിൽ വെച്ച്‌ ഗ്രാൻഡ്‌ മുഫ്തി ആയി പ്രഖ്യാപിച്ച ചടങ്ങ്‌ ഔദ്യോഗിക അംഗീകാരം ഇല്ലാത്ത പ്രഹസനം ആയിരുന്നുവെന്നാണ്‌ നദ്‌വി ആരോപിക്കുന്നത്‌.

ദയൂബന്ദ്‌ ദാറുൽ ഉലൂം, ലക്നൗ നദ്‌വതുൽ ഉലമാ, മർകസി ജംഇയത്‌ അഹ്‌ലെ ഹദീഥ്‌, ജംഇയതുൽ ഉലമാ എ ഹിന്ദ്‌ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും ബ്രിട്ടീഷ്‌ കാലഘട്ടത്തിൽ ഉത്തരേന്ത്യയിൽ മരണപ്പെട്ട മഹാത്മാക്കളോടുള്ള ഇസ്തിഗാഥയെയും ദർഗാ സംസ്കാരത്തെയും വിമർശിച്ചുകൊണ്ട്‌ നടത്തിയ സമുദായ പരിഷ്കരണ പ്രവർത്തനങ്ങളോടുള്ള പ്രതികരണം ആയി വളർന്നുവന്നതാണ്‌ ബറേൽവി പ്രസ്ഥാനം. ഉത്തർപ്രദേശിലെ ബറേലിക്കാരനായ അഹ്‌മദ്‌ റസാ ഖാൻ പരിഷ്കരണ പ്രസ്ഥാനങ്ങൾക്കെതിരിൽ വിമർശനങ്ങൾ ഉന്നയിക്കാൻ മുന്നിൽ നിന്നതുകൊണ്ടാണ്‌ ബറേൽവി മുസ്‌ലിംകൾ എന്ന പേര്‌ നിലവിൽ വന്നത്‌. സലഫീ സ്വാധീനമുണ്ടായിരുന്ന അബുൽ കലാം ആസാദിനെപ്പോലുള്ളവർ ഉയർത്തിയ ബ്രിട്ടീഷ്‌ വിരുദ്ധ ഹിന്ദു-മുസ്‌ലിം ഐക്യം എന്ന ആശയത്തെയും റസാ ഖാനും അനുയായികളും എതിർത്തു.

കേരളത്തിൽ മുസ്‌ലിം ഐക്യസംഘം, കേരള ജംഇയതുൽ ഉലമാ എന്നിവ നടത്തിയ ഇസ്തിഗാഥാ-ദർഗാ വിമർശനങ്ങളെ ചെറുക്കാനാണ്‌ 1926ൽ സമസ്ത കേരള ജംഇയതുൽ ഉലമാ രൂപീകൃതമായത്‌. സമസ്തയുടെ പ്രവർത്തകർ ബറേൽവി പണ്ഡിതൻമാരെ തങ്ങളുടെ ഉത്തരേന്ത്യൻ മാർഗദർശികളും പ്രതിനിധാനങ്ങളുമായി വിചാരിക്കുന്നു. ഉത്തരേന്ത്യയിലെ ബറേൽവീ മുസ്‌ലിംകളുടെ ചില വിശ്വാസങ്ങളും ആചാരങ്ങളും അംഗീകരിക്കാൻ കേരളത്തിലെ സമസ്ത പണ്ഡിതൻമാർക്ക്‌ വൈമുഖ്യമുണ്ടെങ്കിലും അടിസ്ഥാനപരമായി ബറേൽവികളും സമസ്തക്കാരും ഒന്നാണെന്ന് കരുതപ്പെടുന്നു. ഇതിനാൽ തന്നെ, കാന്തപുരത്തെ ബറേൽവി പണ്ഡിതന്മാർ ഗ്രാൻഡ്‌ മുഫ്തി ആക്കിയെന്ന പ്രഖ്യാപനം എ. പി. വിഭാഗം സമസ്തയുടെ ദേശീയ തലത്തിലുള്ള ആധിപത്യവും നേട്ടവുമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ കാന്തപുരത്തിന്റെ അവകാശവാദം വ്യാജമാണെന്ന നദ്‌വിയുടെ വിശദീകരണത്തോടെ പുതിയ വിവാദങ്ങളും ആശയക്കുഴപ്പങ്ങളും ഉടലെടുക്കുകയാണ്‌.ബി ജെ പി അനുഭാവികളായ ബറേൽവി മുല്ലമാരാണ്‌ കാന്തപുരത്തെ അഖിലേന്ത്യാ തലത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്‌ എന്ന ആരോപണവും ഉണ്ട്‌.


Tags :


mm

Admin