ആൾദൈവത്തെ രക്ഷിക്കാൻ മാതൃഭൂമി ‘സംഘടിപ്പിച്ച’ പെൺചേലാകർമ്മം, പ്രതീക്ഷിച്ചതുപോലെത്തന്നെ, ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ച ചർച്ചകളിലാണ് വന്നവസാനിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ‘ക്ലിനിക്ക്’ പൂട്ടിച്ച മുസ്‌ലിം യൂത്ത് ലീഗിനെ പ്രതിസ്ഥാനത്തുനിർത്തി പെൺ ചേലാകർമ്മം ഇസ്‌ലാമികാനുശാസനം ആണെന്ന് വാദിച്ച സമസ്ത പ്ലാറ്റ്ഫോമിലുള്ള ശാഫിഈ കർമ്മശാസ്ത്രവിശാരദരും അവരുടെ വാദത്തെ തത്ത്വത്തിൽ അംഗീകരിച്ചുകൊണ്ട് ‘കേരള മുസ്‌ലിംകൾ ശരീഅത്തിനെ സെലക്റ്റീവ് ആയി പിന്തുടർന്നതു കൊണ്ടാണ് ഇവിടെ പെൺചേലാകർമ്മ പാരമ്പര്യമില്ലാത്തത് എന്നും സ്ഥലകാലങ്ങൾക്കനുസരിച്ച് ശരീഅത്തിനെ വിവിധ മുസ്‌ലിം സമൂഹങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്/പരിഷ്കരിക്കേണ്ടതുണ്ട് എന്ന പാഠമാണ് ഇത് നൽകുന്നത്’ എന്നും പ്രഖ്യാപിച്ച് ലിബറലുകളും രംഗത്തുവന്നതോടെ ‘ഇസ്‌ലാമിന്റെ എല്ലാ നിയമങ്ങളും അതേ പടി പിന്തുടരാതിരിക്കാനുള്ള വിവേകം’ ആണ് മുസ്‌ലിംകൾക്കാവശ്യം എന്ന ‘പുരോഗമന’ ഫോർമുല വീണ്ടും ശക്തമായിരിക്കുകയാണ്.
ദൈവികമായ വിധിവിലക്കുകളുടെ സമാഹാരമായ ശരീഅത്തിനെയും ശരീഅത്തിനെ ക്വുർആനിന്റെയും ഹദീഥുകളുടെയും വെളിച്ചത്തിൽ വിശദീകരിക്കുവാനുള്ള പണ്ഡിത പരിശ്രമമായ ഫിക്വ്‌ഹിനെയും കൂട്ടിക്കുഴക്കുകയാണ് ഈ നാടകത്തിലെ ഇരുപക്ഷത്തുമുള്ള അഭിനേതാക്കൾ ഇപ്പോൾ ചെയ്യുന്നത്. ശരീഅത്ത് നിർദേശിച്ചിട്ടുള്ള ഒരു കർമ്മമല്ല പെൺ ചേലാകർമ്മം. പ്രവാചകൻ കടന്നുവന്ന സമൂഹത്തിൽ നേരത്തെയുള്ള ഒരു ആചാരമാണത്. ഇപ്പോൾ ഉദ്ദരിക്കപ്പെടുന്ന ഹദീഥുകളിലെ ഭാഷാ പ്രയോഗങ്ങൾ അന്നത്തെ അറബ് സമൂഹത്തിൽ ഇങ്ങനെയൊരു രീതി നിലവിലുണ്ടായിരുന്നു എന്ന് മാത്രമാണ് സ്ഥാപിക്കുന്നത്. മതപരമായ നിയമം ലിംഗാഗ്രചർമ്മം നീക്കിക്കൊണ്ടുള്ള പുരുഷ ചേലാകർമ്മം ആണെന്ന് ഹദീഥുകളിൽ നിന്ന് വ്യക്തമാണ്. ഇബ്‌റാഹീമീ പൈതൃകം എന്ന നിലയിലാണല്ലോ ഇസ്‌ലാമിൽ ചേലാകർമ്മം കടന്നുവരുന്നത്. പ്രസ്തുത പൈതൃകം പുരുഷ ചേലാകർമ്മം ആണെന്ന് പഴയനിയമം വായിച്ചാൽ ആർക്കും ബോധ്യപ്പെടും.
ഇസ്‌ലാം ആശ്ലേഷിച്ച പുരുഷന്മാരോടാണ് പ്രവാചകാനുചരന്മാരും വിവിധ നാടുകളിലേക്ക് പോയ ഇസ്‌ലാമിക പ്രബോധകരും ചേലാകർമ്മം ചെയ്യാൻ ആവശ്യപ്പെട്ടത്. മാലിക്ബ്നു ദീനാറിന്റെ കേരളം തന്നെയാണ് ഇതിന് നല്ലൊരു ചരിത്രസാക്ഷ്യം. നബി(സ) പെൺ ചേലാകർമ്മം എന്ന നാട്ടാചാരത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറഞ്ഞത് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ഒരേയൊരു ഹദീഥിൽ മാത്രമാണ്. അതാകട്ടെ, പെൺ ചേലാകർമ്മം നടത്തിക്കൊടുത്തിരുന്ന ഒരു സ്ത്രീയോട് നീക്കം ചെയ്യുന്നത് തീരെ ചെറിയ ഒരു ഭാഗം –തൊലിയുടെ ചെറിയൊരു ആവരണം–മാത്രമായിരിക്കണമെന്ന് നിർദ്ദേശിച്ചതും ആണ്. തന്റെ ചുറ്റുപാടുകളിലുണ്ടായിരുന്ന ഒരു ആചാരമെന്ന നിലയിൽ അതിലെ ആത്യന്തികതകളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു എന്നതുമാത്രമാണ് പ്രവാചകന് പെൺ ചേലാകർമ്മവുമായുള്ള ബന്ധം എന്നർത്ഥം. പെൺ ചേലാകർമ്മം അതേപടി നിലനിന്നിരുന്ന സമൂഹങ്ങളിലെ പണ്ഡിതന്മാർ എഴുതിയ ഫിക്വ്‌ഹ് ഗ്രന്ഥങ്ങളിൽ പ്രസ്തുത ആചാരത്തിന്റെ നാട്ടുയുക്തികൾ സ്വാംശീകരിക്കപ്പെടുക സ്വാഭാവികമാണ്. അത് ശരീഅത്തല്ല. അതുകൊണ്ടുതന്നെ അവ കാണിച്ച് പെൺ ചേലാകർമ്മം ഇസ്‌ലാമാണെന്ന് പറയുന്നതും അങ്ങനെയെങ്കിൽ ഇസ്‌ലാം കാലോചിതമായി പരിഷ്കരിക്കേണ്ടതല്ലേ എന്ന് ചോദിക്കുന്നതും ഒരുപോലെ അടിസ്ഥാനരഹിതമാണ്.
പൂർണ്ണമായ ഭഗശ്നികാ ഛേദനം മുതൽ യോനീനാളം തുന്നി ‘ചുരുക്കുന്നതു’ വരെയുള്ള രീതികൾ ഇന്ന് വിവിധ മതസമൂഹങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇവ ചിലപ്പോൾ നബി (സ) ശാസിച്ച ആത്യന്തികതകൾക്കു പോലും അപ്പുറമുള്ളവയാകാം. ഈ ആചാരങ്ങൾ ലോകത്ത് ഏറ്റവുമധികം നടക്കുന്നു എന്ന് കണക്കാക്കപ്പെടുന്ന നൈജീരിയയെ പരിശോധിച്ചാൽ തന്നെ ക്രൈസ്തവ-മുസ്‌ലിം-ബഹുദൈവാരാധക സമൂഹങ്ങളിൽ ഇത് സാർവത്രികമാണെന്ന് കാണാൻ കഴിയും. പെൺ ചേലാകർമ്മം വിവിധ കാലങ്ങളിലും പ്രദേശങ്ങളിലും നിലനിന്നത് വിവിധ കോലങ്ങളിലാണെന്ന് വ്യക്തമാണ്. അവയെ ഒന്നും നിർണയിച്ചത് ശരീഅത്തല്ല, മറ്റു പല കാലാവസ്ഥകളുമാണ്. അവയെ കാണിച്ച് ഇസ്‌ലാമിനോട് ‘സലാം പറഞ്ഞ്’ പിരിഞ്ഞ അയാൻ ഹിർസ്സി അലിമാരോടും അവയെ സംരക്ഷിക്കലാണ് ഇസ്‌ലാം എന്ന് വിചാരിക്കുന്നവരോടും ആദ്യം അവയിൽ നിന്നും പിന്നീട് എല്ലാ ‘നിയമങ്ങളിൽ’ നിന്നും ഇസ്‌ലാമിനെ ‘ശുദ്ധീകരിച്ച്’ മുസ്‌ലിംകളെ നന്നാക്കാനൊരുങ്ങുന്നവരോടും ഒന്നേ പറയാനുള്ളൂ: ആദ്യം പെൺ ചേലാകർമ്മത്തെ ശരീഅത്തിന്റെ മർമ്മമായി പ്രതിഷ്ഠിക്കുകയും ശേഷം ആൺ ചേലാകർമ്മം അടക്കമുള്ള സകല ശരീഅത്ത് നിയമങ്ങളിൽ നിന്നും മുസ്‌ലിംകളെ ‘വിമോചിപ്പിക്കുവാനുള്ള’ ‘പരിഷ്കരണ’ പദ്ധതി കടത്തിക്കൊണ്ടുവരികയും ചെയ്യാനുള്ള ഈ ഗെയിം പ്ലാൻ, ‘ഇസ്ലാമിനെ പുനർവായിക്കാൻ’ ഉള്ള നിർദ്ദേശങ്ങളുടെ ചരിത്രവും രാഷ്ട്രീയവും അറിയുന്ന ആർക്കും മനസ്സിലാകും. കേശവമേനോൻ റോഡിലെ ഓഫീസിൽ നിന്ന്, ആദ്യമായല്ലല്ലോ, ചൂണ്ടകൾ നീളുന്നത്!