മുസ്‌ലിം വിഷയങ്ങളിൽ ഒരു ഓൺലൈൻ പോർട്ടൽ എന്ന നിലയിൽ മില്ലി റിപ്പോർട്ട് പ്രയാണമാരംഭിച്ചിട്ട് ഇന്നേക്ക് നാലു വർഷം തികയുന്നു. സഹൃദയർക്ക് മികച്ച റഫറൻസ് ആയി നിലനിൽക്കുന്ന ഒട്ടേറെ പോസ്റ്റുകൾ ഉള്ള ഒരു വെബ്സൈറ്റ് ആയി, അൽഹംദുലില്ലാഹ്, ഈ നാലു വർഷങ്ങൾക്കകം മാറാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കൂടുതൽ സജീവവും ശക്തവുമായ ഒരു ഭാവിക്കുവേണ്ടി പ്രാർത്ഥിച്ചും പിന്തുണച്ചും കൂടെയുണ്ടാകണമെന്ന് പ്രിയ വായനക്കാരോട് ഈയവസരത്തിൽ അഭ്യർത്ഥിക്കുകയാണ്.
ബാബരിയെപ്പോലെ തന്നെ തത്‌വിഷയകമായ നീതിയും –കുറ്റവാളികൾക്കുള്ള ശിക്ഷ എന്ന നിലയിൽ പോലും — മുസ്‌ലിംകൾക്കന്യമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച ദിവസമാണ് ഇന്ന്. ഇൻഡ്യയിൽ മുസ്‌ലിം മാധ്യമപ്രവർത്തനം കൂടുതൽ ഗൗരവതരമായി നിർവഹിക്കപ്പെടേണ്ട കാലമാണ് പിറന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾ ഈ സന്ദർഭത്തിൽ തിരിച്ചറിയുന്നുണ്ട്.
പോയ വർഷം, ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി പഠനങ്ങൾ മില്ലി റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനുപുറമെ, ഇൻഡ്യയിലെ മുസ്‌ലിം ചരിത്രവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളും ഏതാനും മുസ്‌ലിം സ്ഥാപനങ്ങളെ/വ്യക്തികളെ/പ്രദേശങ്ങളെ/സംഘടനകളെ ഒക്കെ പരിചയപ്പെടാനുതകുന്ന ഫീച്ചറുകളും ഉണ്ടായിരുന്നു. ഇൻഡ്യയിൽ കഴിഞ്ഞ വർഷം ഉണ്ടായ, മുസ്‌ലിം വിരുദ്ധ ഫാഷിസ്റ്റ് അതിക്രമങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള എഡിറ്റോറിയലുകളും റിപ്പോർട്ടുകളും മില്ലി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മുഹമ്മദ് നബി (സ)ക്കെതിരിലുള്ള ഓറിയന്റെലിസ്റ്റ്/മിഷനറി/നവനാസ്തിക/സംഘ് പരിവാർ വിമർശനങ്ങളെ നിരൂപണം ചെയ്യുന്ന ലേഖന പരമ്പര കഴിഞ്ഞ മാസം ആരംഭിക്കാൻ കഴിഞ്ഞത് ഞങ്ങളെ സംബന്ധിച്ചേടത്തോളം ഏറെ സന്തോഷകരമാണ്.
കൂടുതൽ സുഹൃത്തുക്കളുടെ പത്രപ്രവർത്തക/പഠന/ലേഖന പാടവങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും വിധം അണിയറ സമിതി വിപുലീകരിക്കാൻ ഉള്ള പരിശ്രമങ്ങളിലാണ് മില്ലി റിപ്പോർട്ട് ഇപ്പോൾ. അല്ലാഹുവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ (ആമീൻ).