ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? പുരോഗമന വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ചോദിക്കുന്ന, തീർത്തും യുക്തിരഹിതമായൊരു ചോദ്യമാണിത്. ഏതൊരു തിന്മയുടെയും അനന്തരഫലം ഉടൻ തന്നെ ആകാശം ഇടിഞ്ഞു വീഴലാണ് എന്ന് ചിന്തിക്കുന്നത് മൂഢത്തരമാണ്.
സദാചാരമെന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ വിറഞ്ഞു കയറുന്ന അവസ്ഥയിലേക്ക് ആധുനിക മനുഷ്യർ എത്തിച്ചേർന്നിരിക്കുന്നു. മടിയിൽ പൂക്കുന്ന പുരോഗമനത്തെ അനുകൂലിക്കാത്തവരെല്ലാം ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരാണെന്നും, പിന്തിരിപ്പൻ ആശയങ്ങളുടെ പ്രചാരകരാണെന്നും പറഞ്ഞു ആക്ഷേപിക്കുമ്പോൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യതയാണ്.
ക്ലാസ് മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ച് ഇരുത്തണമെന്ന നിർദ്ദേശം ജെൻഡർ ന്യൂട്രൽ പാഠ്യപദ്ധതിയിൽ നിന്നും നീക്കിയ സർക്കാർ തീരുമാനം അഭിനന്ദനാർഹം തന്നെയാണ്. ഇരിപ്പിടങ്ങൾ പോലും ജൻഡർ ന്യൂട്രലാക്കുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് ജെൻഡർ ജസ്റ്റിസാണ്. സ്ത്രീയും പുരുഷനും ഒരു പോലെ പരിഗണിക്കേണ്ട ഇടങ്ങളുണ്ട്. അത് പോലെ തന്നെ വ്യത്യസ്തമായി പരിഗണിക്കേണ്ട സ്ഥലങ്ങളുമുണ്ട്. അതിനെയെല്ലാം തമസ്കരിച്ചു കൊണ്ടുയർത്തുന്ന ഭ്രാന്തമായ സമത്വവാദങ്ങൾ തീർത്തും അനീതിയുടെ മുദ്രാവാക്യങ്ങളാണ്.
ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരിക്കുന്നതിൽ, വിദ്യാർഥികൾക്കില്ലാത്ത പ്രശ്നം കാഴ്ചക്കാർക്കുണ്ടാകുന്നത് എന്തിനാണ് എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ അതിനോട് തീർത്തും വിയോജിപ്പുള്ള വിദ്യാർത്ഥി-വിദ്യാർത്ഥിനികളുമുണ്ട് എന്നതാണ് വസ്തുത. മുട്ടുരുമ്മി ഇരിക്കുന്നതിൽ അസ്വസ്ഥരാകുന്ന പെൺകുട്ടികളെക്കുറിച്ച് എന്ത് കൊണ്ട് ആരും ചിന്തിക്കുന്നില്ല. ഇത്തരം നിഷ്പക്ഷതകൾ തകർക്കുന്നത് പെൺകുട്ടികളുടെ ആശ്വാസമേഖലകളെയാണ്.
ആൺകുട്ടികളോടൊപ്പം ഇരിക്കാൻ തെല്ലും താല്പര്യപ്പെടാത്ത പെൺകുട്ടികൾ അനേകമാണ്. ഇഷ്ടമുള്ളവർ മാത്രം ഇരുന്നാൽ മതി എന്ന് പറയാൻ വരട്ടെ, കലാലയങ്ങളിൽ പോലും സൗഹൃദത്തിന് അതിർവരമ്പുകൾ തീർക്കുന്ന പെൺകുട്ടികളെ അടിച്ചമർത്തുന്ന സ്ഥിതി നിലവിലുണ്ട്. ഹസ്തദാനം നിരസിക്കുന്നതിനെ പോലും പരിഹസിക്കുന്ന അവസ്ഥ. തൊട്ടാൽ പൊള്ളിപോകുമോ എന്ന് ചോദിക്കുന്നവരും നിരവധിയാണ്. നാടോടുമ്പോ നടുവേ ഓടണം, അങ്ങനെ ഓടാത്തവരെല്ലാം പുരോഗമനത്തിന് വിഘാതം നിൽക്കുന്നവരാണെന്ന് പറഞ്ഞു അടച്ചാക്ഷേപിക്കുന്ന സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ‘ എന്നെ തൊടരുത് ‘ എന്ന് പറഞ്ഞാൽ, എന്തിനാണ് സൗഹൃദങ്ങളിൽ അയിത്തം കല്പ്പിക്കുന്നത് എന്ന് അതിശയത്തോടെ ചോദിക്കുന്ന അവസ്ഥ പല കോളേജുകളിലും ഇന്ന് സർവസാധാരമാണ്. പലപ്പോഴും ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം മൂലം പലതും ഉള്ളിലൊതുക്കി നിൽക്കേണ്ടി വരുന്ന ഗതികേട് അനുഭവിക്കുന്ന വിദ്യാർഥിനികളുമുണ്ട്. എതിർക്കുന്ന പെൺ ശബ്ദങ്ങളെ അമർച്ച ചെയ്യുന്ന അവസ്ഥാവിശേഷങ്ങളും നിലവിലുണ്ട്. മുസ്‌ലിം പെൺകുട്ടികൾ ആണെങ്കിൽ, പിന്നെ പറയുകയും വേണ്ട!. വർഗീയവാദി ചാപ്പകൾ തുടക്കത്തിൽ തന്നെ ലഭിക്കും.
അതിരുകളില്ലാതെ ഇടപെടാൻ അനുവദിച്ചാൽ അതിൽ നിന്ന് പുരുഷന് ലൈംഗികാസ്വാദനമുണ്ടാകും എന്നത് തീർച്ചയാണ്. സ്വന്തം ശരീരത്തിനുണ്ടാകുന്ന അനുഭൂതികളെ പോലും വളരെ സമർത്ഥമായി മറച്ചു പിടിച്ചു കൊണ്ടുള്ള സംസാരം തീർത്തും കാപട്യമാണ്. തൊട്ടുരുമ്മി ഇരുന്നാൽ പുരുഷനിൽ വികാരങ്ങളുയരില്ല എന്ന് പറയുമ്പോൾ, മനശാസ്ത്രപരമായ വസ്തുതകളെയാണ് നിഷേധിക്കുന്നത്. പരസ്പരസമ്മതമുണ്ടെങ്കിൽ എന്തുമാകാം എന്നതാണ് ആധുനിക ലോകത്തിന്റെ മുദ്രാവാക്യം. എന്നാൽ പെണ്ണിന്റെ ‘കൺസെന്റ് ‘ പോലുമില്ലാതെ പുരുഷന് അനിയന്ത്രിതമായ ആസ്വാദനത്തിന് അനുമതി നൽക്കുകയാണ് ഇത്തരം പുരോഗനനീക്കങ്ങൾ. പെൺകുട്ടികളുടെ അറിവോ അനുവാദമോ ഇല്ലാതെ ആൺകുട്ടികൾക്ക് മാത്രമായി ലഭിക്കുന്ന അനുഭൂതികൾ!..ക്യാമ്പസുകളിലെ പ്രണയബന്ധങ്ങൾക്കും പ്രേമ സ്പർശങ്ങൾക്കും ഒറ്റ തവണയെങ്കിലും സാക്ഷ്യം വഹിച്ചവർക്ക് അത് കൃത്യമായി മനസ്സിലാകും. പുരുഷന്റെ കരങ്ങൾ പെണ്ണുടലുകളിൽ പരതുന്ന നിമിഷം ആണിലും പെണ്ണിലും നിറഞ്ഞു നിൽക്കുന്ന ഭാവങ്ങളുടെ വ്യത്യാസം ആർക്കും മനസിലാക്കാൻ സാധിക്കുന്നതേയുള്ളൂ.
പ്രകൃതിപരമായി തന്നെ സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. ജീവശാസ്ത്രപരമായും മനഃശാസ്ത്രപരമായും വൈകാരികമായും അവർക്ക് വ്യത്യാസങ്ങളുണ്ട്. വൈവിധ്യങ്ങളെ വ്യത്യസ്തമായി പരിഗണിക്കുക എന്നതാണ് നീതി. അതിനെ അംഗീകരിക്കാതെ സത്യത്തോട് പിന്തിരിഞ്ഞു നിൽക്കുന്നത് തികച്ചും യുക്തിരഹിതമായ സമീപനമാണ്. ഹോസ്റ്റലുകളും വാഷ്റൂമുകളും ക്ലാസ്സ്‌മുറികളുമെല്ലാം ജൻഡർ ന്യൂട്രലാകുന്ന സ്ഥിതി പെൺകുട്ടികളെ ചൂഷണങ്ങൾക്ക് വിധേയമാക്കും. സ്രഷ്ടാവായ പടച്ചതമ്പുരാനു തന്റെ സൃഷ്ടികളെക്കുറിച്ച് കൃത്യമായി ബോധ്യമുണ്ട്, അതുകൊണ്ട് തന്നെയാണ് അനിയന്ത്രിതമായി സ്ത്രീയും പുരുഷനും ഇടകലരാൻ പാടില്ലായെന്ന് മതം കല്പിച്ചത്. പള്ളികളിൽ എന്തിനാണ് സ്ത്രീക്കും പുരുഷനും വെവ്വേറെ സ്വഫ്ഫുകൾ എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന വിമോചകർക്കും അതിനു പിന്നിലെ യുക്തി ഒന്ന് ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. വിശ്വസിനികളുടെ മാനസികാവസ്ഥയെ തികച്ചും പരിഗണിച്ച പെൺപക്ഷനിയമം തന്നെയാണ് ആ ക്രമീകരണസംവിധാനം പോലും.
പുരുഷന്റെ താല്പര്യങ്ങളെ അനുകൂലിക്കുന്ന ന്യൂട്രൽ സമീപനങ്ങൾ തകർക്കുന്നത് ജൻഡർ സെൻസിറ്റിവിറ്റിയും ജൻഡർ ജസ്റ്റിസുമാണ്.അതല്ലാതെ ആണും പെണ്ണും ഒരുമിച്ചു ഇരുന്നാലോ, കെട്ടിപ്പിടിലോ ചുംബിച്ചാലോ, സെക്സിൽ ഏർപ്പെട്ടാലോ ഒന്നും തന്നെ ആകാശത്തിന് യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. ആകാശത്തിന് വല്ലതും പറ്റിയോ എന്ന് നോക്കി ധാർമികതയെ നിർവചിക്കാൻ നിൽക്കുന്നതിനേക്കാൾ മികച്ച മണ്ടത്തരം മറ്റൊന്നുമില്ല എന്നതാണ് പരമാർത്ഥം!..