ന്യൂയോർക്ക്: ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചതിന്റെ പേരിൽ ഹിന്ദുത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കയ്യേറ്റങ്ങൾക്കിരയാവുന്ന സ്ത്രീയാണ് ഹാദിയ എന്നിരിക്കെ അവരുടെ വിഷയത്തിൽ ഇടപെടാനും സംസാരിക്കാനും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ തയ്യാറാകണം എന്നാവശ്യപ്പെട്ട് പിണറായി വിജയന് അകീൽ ബിൽഗ്രാമി തുറന്ന കത്തയച്ചു. കേസിൽ കേന്ദ്ര താൽപര്യപ്രകാരം എൻ. ഐ. എ അന്വേഷണം നടത്താൻ സംസ്ഥാനം നിന്നുകൊടുക്കുന്നത് ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിനുള്ള അവകാശങ്ങൾ അടിയറവ് വെക്കലാണെന്നും ബിൽഗ്രാമി കത്തിൽ ചൂണ്ടിക്കാട്ടി.
കൊളംബിയ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രൊഫെസർ ആണ് ഇൻഡ്യക്കാരനും പ്രശസ്ത ഗ്രന്ഥകാരനും ആയ അകീൽ ബിൽഗ്രാമി. മതരഹിത ജീവിതം നയിക്കുകയും ‘പുരോഗമന’ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ബിൽഗ്രാമിയെ എൽ. ഡി. എഫ് സർക്കാർ നേരത്തെ അവാർഡ് നൽകി ആദരിച്ചിരുന്നു. ഇക്കാര്യം കത്തിന്റെ തുടക്കത്തിൽ തന്നെ എടുത്തു പറയുന്നുണ്ട്. ഇസ്‌ലാമിനെ ആധുനികതയുടെ ആവശ്യങ്ങൾക്കനുസരിച്ച് ‘പരിഷ്‌കരിക്കാൻ’ മുസ്‌ലിംകൾ സന്നദ്ധമാകണം എന്ന് ആവശ്യപ്പെടുന്നവയാണ് ബിൽഗ്രാമിയുടെ ലേഖനങ്ങൾ. എന്നാൽ, അങ്ങനെയായിരിക്കുമ്പോൾ തന്നെ ഹാദിയയുടെ മനുഷ്യാവകാശങ്ങൾക്കൊപ്പം നിലകൊള്ളാനുള്ള സന്നദ്ധതയെ ആണ് കത്ത് പ്രതിനിധീകരിക്കുന്നത്.
ഇസ്‌ലാമിക മതവിശ്വാസത്തോടുള്ള കൊമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയും ഇടതുപക്ഷ മുഖംമൂടിയുള്ള പരമ്പരാഗത സവർണ ഹൈന്ദവ താൽപര്യങ്ങളും ചേർന്ന് സി. പി. എമ്മിനെയും പിണറായിയെയും ഹാദിയ വിഷയത്തിൽ വേട്ടക്കരന്റെ പക്ഷത്ത് കൊണ്ടുവന്ന് നിർത്തുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു സഹചാരി ഉയർത്തുന്ന ശക്തമായ ആഭ്യന്തര വിമർശം ആയി ബിൽഗ്രാമിയുടെ കത്ത് മാറുന്നുണ്ട്.