Reports

വ്യാപക ചർച്ചകൾക്ക്‌ വഴിവെച്ച്‌ ഹമാസിന്റെ നയം മാറ്റം

By Admin

May 07, 2017

ദോഹ: പ്രസിദ്ധ ഫിലസ്ത്വീൻ പോരാട്ട പ്രസ്ഥാനമായ ഹമാസ്‌ തലവൻ ഖാലിദ്‌ മിശ്‌അൽ തിങ്കളാഴ്ച ദോഹയിൽവെച്ച്‌ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ച പുതിയ നയസമീപനങ്ങൾ മധ്യപൗരസ്ത വിചക്ഷണർക്കിടയിൽ വ്യാപകമായ ചർച്ചകൾക്ക്‌ തിരികൊളുത്തുന്നു. ഫിലസ്ത്വീൻ വിട്ട്‌ ക്വത്വറിൽ രാഷ്ട്രീയ പ്രവാസത്തിലാണ്‌ മിശ്‌അൽ. എൺപതുകൾക്കൊടുവിൽ ഹമാസ്‌ രൂപീകരണ സമയത്ത്‌ പ്രഖ്യാപിക്കപ്പെട്ട ഒന്നാം നയരേഖയിൽ നിന്ന് കാതലായ വ്യതിയാനങ്ങൾ പുതിയ ദോഹാ വിശദീകരണം ഉൾകൊള്ളുന്നുവെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ബ്രിട്ടീഷ്‌ മാൻഡേറ്റ്‌ ആയിരുന്ന ഫിലസ്ത്വീനിൽ 1948ൽ ആണ്‌ ഇംഗ്ലണ്ടും സോവിയറ്റ്‌ റഷ്യയും അടക്കമുള്ളവരുടെ ശക്തമായ പിന്തുണയോടെ തദ്ദേശീയരായ അറബികളുടെ നെഞ്ചത്ത്‌ യാതൊരു വിധ നൈതികതയും പാലിക്കാതെ ഇസ്രാഈൽ എന്ന  ജൂതരാഷ്ട്രം സ്ഥാപിക്കപ്പെട്ടത്‌. വിവിധ ജൂത ഭീകര ഗ്രൂപ്പുകൾ ഇസ്രാഈൽ സ്ഥാപനം എന്ന ആവശ്യമുന്നയിച്ച് മുപ്പതുകൾ മുതൽ തന്നെ ഫിലസ്ത്വീനിൽ ക്രൂരമായ ഭീകരാക്രമണങ്ങൾ സംഘടിപ്പിച്ചുവരുന്നുണ്ടായിരുന്നു.  സയണിസ്റ്റ്‌ നുണപ്രചാരവേലകളും ഹിറ്റലറും ഹോളോകോസ്റ്റും ഉണ്ടാക്കിയ സഹതാപതരംഗവും വഴി ഇസ്രാഈലിനനുകൂലമായ ഒരു അന്താരാഷ്ട്ര പൊതുബോധം വളർന്നുവന്നത്‌ ജൂത വംശീയവാദികൾക്ക്‌ കാര്യങ്ങൾ എളുപ്പമാക്കി. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് യഹൂദർ ഇസ്രാഈലിലേക്ക്‌ കുടിയേറുകയും ഫിലസ്ത്വീൻ അറബികളെ സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

രാഷ്ട്രരൂപീകരണ സമയത്തെ അതിർത്തികൾ തിരക്കി ഫിലസ്ത്വീന്റെ അവശേഷിച്ച പ്രവിശ്യകളോരോന്നായി കീഴടക്കുകയാണ്‌ പിന്നീടുള്ള വർഷങ്ങളിൽ ഇസ്രാഈൽ ചെയ്തത്‌. ഇസാഈലിന്റെ നിരന്തരമായ സൈനിക നരമേധങ്ങൾ ഫിലസ്ത്വീനെ ഒരു സ്ഥിരം അറബ്‌ ചോരക്കളമാക്കി മാറ്റി. 1967 ജൂൺ മാസത്തിൽ ഈജിപ്ത്‌, ജോർദ്ദാൻ, സിറിയ എന്നീ അയൽ അറബ്‌ രാജ്യങ്ങളുടെ ത്രികക്ഷി സഖ്യവുമായി ഇസ്രാഈൽ നടത്തിയ, ആറു ദിവസം നീണ്ടുനിന്ന യുദ്ധം (ഇതാണ്‌ ചരിത്രത്തിൽ അറബ്‌-ഇസ്രാഈൽ യുദ്ധം എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നത്‌) ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്‌ ഉണ്ടാക്കിയത്‌. വെസ്റ്റ്‌ ബാങ്കും ഗസ്സാ മുനമ്പും ഇസ്രാഈൽ കീഴടക്കി രാജ്യത്തിന്റെ ഭാഗമാക്കി. ഈജിപതിന്റെ സീനാ ഉപദ്വീപും സിറിയയുടെ ഗോലാൻ കുന്നുകളും അവരുടെ കയ്യിലായി. അറബ്‌ ലോകം അപമാനകരമായ പരാജയമാണ്‌ ഏറ്റുവാങ്ങിയത്‌. പിൽകാലത്ത്‌ കീഴടക്കപ്പെട്ട പ്രദേശങ്ങളിൽ ചിലത്‌ ഉഭയകക്ഷി ചർച്ചകൾവഴി ഒത്തുതീർപ്പാക്കപ്പെട്ടുവെങ്കിലും യുദ്ധവിജയം ഇസ്രാഈലിനു നൽകിയ രാഷ്ട്രീയ മേൽക്കൈ അന്നുമുതൽ ഇന്നുവരെ അതേപടി നിലനിൽക്കുന്നു. യുദ്ധത്തിന്‌ അര നൂറ്റാണ്ട്‌ തികയുന്ന വേളയിലാണ്‌ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്രാഈൽ വിരുദ്ധ ഫിലസ്ത്വീൻ ഗ്രൂപ്പുകളിലൊന്നായ ഹമാസിന്റെ  നയം മാറ്റം പ്രഖ്യാപിക്കപ്പെടുന്നത്‌.

യുദ്ധാനന്തരം ഫിലസ്ത്വീനികളുടെ ഇസ്രാഈൽ വിരുദ്ധ സായുധ സമരത്തിന്റെ കടിഞ്ഞാൺ പി. എൽ. ഒയുടെ നേതൃത്വത്തിൽ ആയിരുന്നു. പി. എൽ. ഒ നേതാവ്‌ എന്ന നിലയിൽ യാസർ അറഫാത്ത്‌ പൊരുതുന്ന ഫിലസ്ത്വീന്റെ മുഖമായി മാറി. മതനിരപേക്ഷമായ ഒരു ഉള്ളടക്കവും ശൈലിയുമാണ്‌ പി. എൽ. ഒ പ്രവർത്തനങ്ങൾക്ക്‌ പൊതുവിൽ ഉണ്ടായിരുന്നത്‌. ഒരു ആധുനിക ഫിലസ്ത്വീൻ ദേശരാഷ്ട്രത്തിന്‌ വേണ്ടിയുള്ള അധിനിവേശ വിരുദ്ധ രാഷ്ട്രീയ സമരമായാണ്‌ പി. എൽ. ഒ സ്വന്തം അജണ്ടയെ നിർവചിച്ചത്‌. ഇത്‌ ഒരർഥത്തിൽ അയൽ അറബ്‌ രാജ്യങ്ങളിലെ പൊതു ഒഴുക്കിനെതിരെ ആയിരുന്നു.

1966ൽ ആണ്‌ ഈജിപ്തിലെ സോഷ്യലിസ്റ്റ്‌, അറബ്‌ ദേശീയ വാദ നാസർ ഭരണകൂടം ഇഖവാനുൽ മുസ്ലിമൂൻ സൈദ്ധാന്തികൻ സയ്യിദ്‌ ഖുതുബിനെ തൂക്കിലേറ്റിയത്‌. ഖുതുബിന്റെ രക്തത്തിന്‌ പ്രതികാരം ചെയ്യാൻ പ്രതിജ്ഞയെടുത്ത്‌ ഇസ്ലാമിസ്റ്റ്‌ രാഷ്ട്രീയം പല രൂപത്തിൽ സജീവതയാർജ്ജിക്കുകയായിരുന്നു ഈജിപ്തിൽ. പിലകാലത്ത്‌ അൽ ക്വാഇദാ നേതൃത്വത്തിൽ വന്ന അയ്മൻ അൽ ദവാഹിരിയെപ്പോലുള്ള ഈജിപ്ഷ്യൻ ഇഖ്വാനികൾ ഇസ്ലാമിസ്റ്റ്‌ ഗറില്ലാ പ്രസ്ഥാനങ്ങൾക്ക്‌ രൂപം നൽകുന്ന കാലം. 1967ലെ യുദ്ധത്തിൽ നാസറിന്റെ ഈജിപ്ത്‌ ഏറ്റു വാങ്ങിയ കനത്ത പരാജയം നിഷ്കൃഷ്ടമായ ഒരു ഇസ്ലാമിക രാഷ്ട്രം ഇല്ലാത്തതാണ്‌ അറബ്‌ ലോകം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പരാജയങ്ങളുടെ യഥാർത്ഥ കാരണം എന്ന പ്രചരണം ശക്തമാക്കുകയും ഇഖ്‌വാന്റെ സ്വീകാര്യത വർധിപ്പിക്കുകയും ചെയ്തു. എന്നാൽ പി. എൽ. ഒ തികച്ചും വ്യത്യസ്തമായ വഴിയിലൂടെയാണ്‌ മുന്നോട്ടുപോയത്‌. ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമായി പി. എൽ. ഒ പ്രഖ്യാപിക്കാത്തതുകൊണ്ടുതന്നെ ഫിലസ്തീൻ സമരങ്ങളോട്‌ നിസ്സംഗത പുലർത്തുകയും അവയിൽ നിന്ന് മാറി നിൽക്കുകയുമാണ്‌ ഈജിപ്തിലെയും ഫിലസ്ത്വീനിലെയും ഇഖ്‌വാനുൽ മുസ്ലിമൂൻ പ്രവർത്തകർ ചെയ്തു വന്നത്‌.

പിന്നീടാണ്‌ 1988ൽ ഹമാസിന്റെ കടന്നുവരവുണ്ടായത്‌. ഫിലസ്ത്വീൻ പോരാട്ടത്തിന്റെ പൊതുവഴി ബഹിഷ്കരിച്ച്‌ ഇഖ്‌വാൻ പ്രവർത്തകർ ഹമാസ്‌ എന്ന പേരിൽ സ്വന്തമായി വിമോചന പ്രസ്ഥാനമുണ്ടാക്കുകയായിരുന്നു. ഫിലസ്ത്വീനിൽനിന്ന് അനധികൃത  ഇസ്രാഈൽ രാഷ്ട്രത്തെ നിഷ്കാസനം ചെയ്ത്‌ ഒരു സ്വതന്ത്ര ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ആ സമയത്താണ്‌ ഫിലസ്തീനിൽ ഒന്നാം ഇൻതിഫാദ‌ കത്തിപ്പടരുന്നതും പി. എൽ. ഒ പോരാട്ടം അന്താരാഷ്ട്ര സമൂഹത്തിന്റെ അനുഭാവം വലിയ അളവിൽ നേടിയെടുക്കുന്നതും. 1993ൽ ഓസ്ലോ കരാർ നിലവിൽ വന്നു. പി. എൽ. ഒയെ ഒരു ഗറില്ലാ പ്രസ്ഥാനം എന്നതിൽനിന്നു മാറി ഫിലസ്ത്വീൻ ജനതയെ പ്രതിനിധീകരിക്കാനവകാശമുള്ള രാഷ്ട്രീയ കൂട്ടായ്മയായി ഇസ്രാഈലും  അമേരിക്കയും അംഗീകരിച്ചു. 1948ൽ സ്ഥാപിക്കപ്പെട്ട ഇസ്രാഈൽ രാഷ്ട്രത്തിന്റെ നിയമപരമായ അസ്തിത്വം അംഗീകരിക്കുകയും 1967ൽ യുദ്ധം തുടങ്ങുന്നതിനുമുമ്പുള്ള അതിർത്തികളിലേക്ക്‌ ആ രാഷ്ട്രം ചുരുങ്ങണമെന്ന് ആവശ്യപ്പെടുകയും അതിനുപുറത്ത്‌ സ്വതന്ത്ര ഫിലസ്ത്വീൻ രാഷ്ട്രം എന്ന സ്വപ്ന സാക്ഷാത്‌കാരത്തിനുവേണ്ടി നിയതമായ മാർഗ്ഗങ്ങളിൽ പരിശ്രമിക്കുകയും ചെയ്യുകയാണ്‌ ഓസ്ലോ കരാറാനന്തരം പി. എൽ. ഒ ചെയ്തത്‌. ഇതിനെ ശക്തമായി വിമർശിച്ചുകൊണ്ട്‌ ഹമാസ്‌ ജനപിന്തുണയാർജ്ജിച്ചു. കിഴക്ക്‌ ജോർദ്ദാൻ നദി മുതൽ പടിഞ്ഞാറ്‌ മധ്യധാരണ്യാഴി വരെയുള്ള ഫിലസ്ത്വീന്റെ ഓരോ ഇഞ്ചും വിട്ടുകിട്ടുവാനുള്ള ഇസ്ലാമിക ജിഹാദാണ്‌ ആവശ്യമെന്നു വിശദീകരിച്ച്‌ പി. എൽ. ഒ അറബ്‌ ജനതയെ വഞ്ചിക്കുകയാണെന്ന് ഹമാസ്‌ ആരോപിച്ചു. ക്രമേണ ഗസ്സ ഹമാസിന്റെ ശക്തികേന്ദ്രമായി മാറി. തൊണ്ണൂറുകളുടെ പകുതി മുതൽ ഹമാസ്‌ തങ്ങളുടെ പോരാളികളെ ആത്മഹത്യാ ബോംബ്‌ സ്ക്വാഡുകൾക്ക്‌ പറഞ്ഞയക്കാൻ തുടങ്ങി. ഫിലസ്ത്വീൻ വിമോചന പോരാട്ടത്തിന്റെ മുഖമുദ്രയായി ചാവേറാക്രമണങ്ങൾ മാറുന്ന സ്ഥിതിവിശേഷം ഉണ്ടായത്‌ അങ്ങനെയാണ്‌.

ഇസ്രാഈലീ സാധാരണക്കാരുടെ ജീവൻ കവർന്ന് തെരുവുകളിൽ പൊട്ടിത്തെറിക്കുന്ന ക്രൂരതയായി ഫിലസ്ത്വീൻ പോരാട്ടത്തെ പ്രൊജെക്റ്റ്‌ ചെയ്ത്‌ സിയോണിസ്റ്റ്‌ താത്പര്യങ്ങൾ സംരക്ഷിക്കാൻ പടിഞ്ഞാറൻ മീഡിയക്ക്‌ വലിയ അളവിൽ അവസരം ഒരുക്കിയത്‌ ഇതാണ്‌. ശ്രീലങ്കയിലെ എൽ. ടി. ടി. ഇ ആണ്‌ നേരത്തെ ചാവേറുകളെ ഉപയോഗിച്ചുകൊണ്ടുള്ള‌ ഗറില്ലാ തന്ത്രങ്ങൾ പരീക്ഷിച്ചിരുന്നത്‌. അതിനെ ഇസ്ലാമിക ലോകത്തേക്ക്‌ ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തെ പ്രമുഖരായ പല മതപണ്ഡിതന്മാരും വിമർശിച്ചു. ആത്‌മഹത്യയും നിരപരാധരായ സിവിലിയന്മാരുടെ രക്തം ചിന്തുന്നതും ഇസ്ലാമികദൃഷ്ട്യാ കൊടിയ പാപങ്ങളായതിനാൽ ചാവേറാക്രമണങ്ങൾ മതപരമായ വീക്ഷണത്തിൽ നിഷിദ്ധമാണെന്ന് വിധിച്ചുകൊണ്ട്‌ സുഊദി സലഫി പണ്ഡിതന്മാർ നൽകിയ ഫത് വകൾ ഹമാസ്‌ അനുകൂലികളുടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി. ഇഖ്‌വാനുൽ മുസ്ലിമൂന്റെ ഏറ്റവും പ്രഗൽഭനായ പണ്ഡിതനായി അറിയപ്പെടുന്ന ശൈഖ്‌ യൂസുഫുൽ ഖർദാവി ഹമാസിന്റെ ആത്മഹത്യാ ആക്രമണങ്ങളെ ന്യായീകരിക്കുകയും അതിനെ വിമർശിച്ച പണ്ഡിതന്മാർക്ക്‌ മറുപടി പറയാൻ ശ്രമിക്കുകയും ചെയ്ത്‌ രംഗത്തുവന്നു. ഇത്‌ ആഗോള തലത്തിൽ സലഫികളും ഇഖ്‌വാനികളും തമ്മിലുള്ള ഭിന്നതകൾക്ക്‌ ആക്കം കൂട്ടി.

ഇരുപത്തൊന്നാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും ഗസ്സാ മുനമ്പിൽ ഹമാസ്‌ വൻ സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. അതോടെ പോരാട്ടത്തിന്റെ രീതികളും മാറിത്തുടങ്ങി. ഫിലസ്ത്വീനിൽ ഇനി ചാവേറാക്രമണങ്ങൾക്ക്‌ പ്രസക്തിയില്ലെന്ന് ഖർദാവി തന്നെ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. വെസ്റ്റ്‌ ബാങ്കിൽ ഫത്‌ഹും ഗസ്സയിൽ ഹമാസുമാണ്‌ ഇപ്പോൾ ഫിലസ്ത്വീനിലെ അറബ്‌ രാഷ്ട്രീയ ശക്തികൾ. ഗസ്സയുടെ നിയന്ത്രണം ഫത്‌ഹിൽ നിന്ന് നേടിയെടുത്ത ഹമാസ്‌ ആണ്‌ ഇപ്പോൾ അവിടം നിയന്ത്രിക്കുന്നത്‌. എന്നാൽ ഇസ്രാഈൽ ഹമാസിന്റെ ഗസ്സാ അധികാരത്തെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഗസ്സ മുഴുവൻ ഹമാസിന്റെ ഒളിത്താവളങ്ങളും ഭീകര പരിശീലന കേന്ദ്രങ്ങളും യുദ്ധക്കിടങ്ങുകളുമാണെന്നും ഇത്‌ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക്‌ ഭീഷണിയാണെന്നും പറഞ്ഞ്‌ മനുഷ്യത്വരഹിതമായ ഉപരോധങ്ങളും കടന്നാക്രമണങ്ങളും കൊണ്ട്‌ ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ഗസ്സാ മുനമ്പിനെ അതിഭീകരമായി ശിക്ഷിക്കുന്ന ഇസ്രാഈൽ പൈശാചികതയാണ്‌ ഫിലസ്ത്വീൻ പ്രശ്‌നത്തിന്റെ വർത്തമാനം.

ദോഹയിൽ ഖാലിദ്‌ മിശ്‌അൽ പറഞ്ഞത്‌, 1967നു മുമ്പുള്ള അതിർത്തികൾ വെച്ചുള്ള ഒരു പരിമിത ഫിലസ്ത്വീൻ രാഷ്ട്രത്തിനുവേണ്ടിയാണ്‌ ഇനി തങ്ങൾ പൊരുതുക എന്നാണ്‌. പോരാട്ടം യഹൂദന്മാരക്കെതിരിലല്ല മറിച്ച്‌ സിയോണിസ്റ്റുകൾക്കെതിരിൽ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഹമാസ്‌ ഇതപര്യന്തം ഉപയോഗിച്ചിരുന്ന ജൂതൻ-മുസ്ലിം എന്ന ലളിത ദ്വന്ദത്തിന്റെ നിരാകരണമാണ്‌ ഇത്‌. ഫിലസ്ത്വീൻ അതിർത്തികളെ സംബന്ധിച്ച പരികൽപനയിൽ വന്ന മാറ്റമാകട്ടെ, ഹമാസ്‌ ഒരുകാലത്ത്‌ ഏറ്റവുമധികം വിമർശിച്ച പി. എൽ. ഒ നിലപാടുകളിലേക്കുള്ള പിന്മടക്കവുമാണ്‌. ഹമാസിന്റെ നിലപാടുമാറ്റത്തെ അനുഭവങ്ങളുടെ സമ്മർദ്ദത്തിൽനിന്നുണ്ടായ സ്വയം പുനർനിർണയമായി മനസ്സിലാക്കുന്നവരും ഗസ്സയോടുള്ള ഇസ്രാഈലീ കാർക്കശ്യത്തെ നേർപ്പിക്കാനുള്ള നയതന്ത്രമായി വായിക്കുന്നവരും അപഗ്രഥന വിദഗ്ദന്മാർക്കിടയിലുണ്ട്‌. അധികാരലബ്ധി വിപ്ലവപ്രസ്ഥാനത്തിനു വരുത്തിയ പുഴുക്കുത്തായി ദോഹാ പ്രഖ്യാപനത്തെ വിലയിരുത്തുന്നവരും ഫിലസ്ത്വീൻ പോരാട്ടം ഒരിക്കൽകൂടി വഞ്ചിക്കപ്പെട്ടുവെന്ന് കരുതുന്നവരും ഇതിനിടയിൽ ഉണ്ട്‌. അതെന്തായിരുന്നാലും, ഖുദ്സിൽ നിന്ന് എന്നാണ്‌ ഇസ്രാഈലീ അധിനിവേശത്തിന്റെ ചങ്ങളകളഴിയുക എന്ന ചോദ്യം ഉത്തരം കിട്ടാതെ തുടരുകയാണ്‌; അതാണ്‌ അറബ്‌ മുസ്ലിം ലോകത്തിന്റെ ഏറ്റവും വലിയ ആശങ്കയും.