Logo

 

ഹമീദ് ചേന്ദമംഗലൂരും മുസ്ലിം ലീഗും

14 April 2017 | Opinion

By

ശിജു ഹാഫിസ്

മുസ്ലിംലീഗ് മതേതരത്വം പറയുന്നത് വലിയ ഫലിതമായി കാണുകയാണ് പ്രമുഖ എഴുത്തുകാരനും ബുദ്ധിജീവിയുമായ ഹമീദ് ചേന്നമംഗലൂർ. മതേതരത്വത്തിന്റെ അല്ലെങ്കിൽ വർഗീയതയുടെ നിർവ്വചനം മനസ്സിലാക്കിയതിലുള്ള അബദ്ധം മൂലമോ അല്ലെങ്കിൽ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാനോ ഉള്ള  ശ്രെമമാകാം അദ്ദേഹത്തിന്റേത് . വാസ്തവത്തിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ മാന്യമായ അസ്തിത്വത്തിനും അവകാശത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽനിന്ന്കൊണ്ട്  രാഷ്ട്രീയമായി സംഘടിക്കുന്നതും ജനാധിപത്യപരമായ രീതിയിൽ പോരാടുന്നതും എങ്ങനെയാണ് വർഗീയതയാവുക ? മതേതരത്വമെന്നാൽ മതനിരാസമാണെന്ന് ആരാണ് പഠിപ്പിച്ചത് ? ഒരു മതവിഭാഗമോ  സമുദായമോ പ്രത്യേക ഭാഷക്കാരോ അവരുടെ അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നത് ഒരിക്കലും വർഗീയതയല്ല. മറ്റുള്ള ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് മേൽ കൈവെക്കുമ്പോഴോ അവർക്കെതിരെ അക്രമത്തിനു തുനിയുമ്പോഴോ മാത്രമേ അത് വർഗീയതയുടെ പരിധിയിൽ വരികയുള്ളൂ. ഇത്തരം വർഗ്ഗീയതകൾ മതത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രാദേശിക വാദത്തിന്റെയും  ഭാഷയുടേയുമെല്ലാം പേരിൽ ലോകത്ത് വിവിധ ഭാഗങ്ങളിൽ നാം കണ്ടതാണ്.

മറാത്തികളല്ലാത്തവർ മുംബൈ വിട്ടുപോകണമെന്ന വാദവും തമിഴ് നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളും മുസ്ലിങ്ങൾ പാകിസ്താനിൽ പോകണമെന്ന ആക്രോശങ്ങളും അമേരിക്കയിലടക്കം ഇന്ന് കാണുന്ന വംശീയാതിക്രമങ്ങളുമെല്ലാം ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം. എന്നാൽ മറ്റുള്ളവർക്ക് നേരെ വർഗീയ വിഷം തുപ്പാതെ പ്രവർത്തിക്കുന്ന തമിഴ് നാട്ടിലെ ദ്രാവിഡ കക്ഷികളെയോ തെലുങ്കുദേശം പാർട്ടിയെയോ ശിരോമണി അകാലിദളിനെയോ ഹരിയാന വികാസ് പാർട്ടിയെയോ ആസാം ഗണപരിഷത്തിനെയോ കേരളാ കോൺഗ്രെസ്സിനെയോ ഒന്നും തന്നെ ആരും വർഗീയമായി ചിത്രീകരിച്ചിട്ടില്ല. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ കണ്ണിൽ കാണുന്ന പാർട്ടികൾ മാത്രമേ വർഗീയമാകാതിരിക്കൂ എന്നാണ് മാനദണ്ഡമെങ്കിൽ ഒരുപക്ഷേ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സോഴികെ മറ്റെല്ലാ പാർട്ടികളെയും വർഗീയമെന്ന് പറയേണ്ടി വരും,എന്തുകൊണ്ടെന്നാൽ മിക്ക പാർട്ടികളും ഏതെങ്കിലും ജനവിഭാഗത്തെ  പ്രതിനിധീകരിക്കുന്നവരോ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരോ ആണ്. ഇനി മതമാണ്‌ പ്രശ്നമെങ്കിൽ സെമിറ്റിക് മതങ്ങളായ കൃസ്തുമതവും ഇസ്ലാം മതവുമെല്ലാം ഉയർത്തിപിടിക്കുന്നതുപോലെ ഒരു പ്രത്യയശാസ്ത്രം മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ്  കമ്മ്യൂണിസവും കടന്നുവന്നത്. കമ്മ്യൂണിസ്റ്റ്‌ ആശയം മുന്നിൽവെക്കുന്നൊരു പാർട്ടിക്ക് അതിൽ വിശ്വസിക്കാത്ത കോടിക്കണക്കിനു ജനങ്ങളുള്ള ഇന്ത്യയിൽ എല്ലാവരെയും ഒരുപോലെ കാണാൻ കഴിയില്ലെന്നും അതിനാൽ തന്നെ അതൊരു വർഗീയ പാർട്ടിയാണെന്നും പറഞ്ഞാൽ അവരംഗീകരിക്കുമോ ? തൊഴിലാളി പാർട്ടിയെക്കുറിച്ച്  മുതലാളിമാർക്ക് വർഗീയപ്പാർട്ടി എന്ന് വിളിക്കാം, അതുപോലെ കർഷകന്റെ പാർട്ടിയെക്കുറിച്ച് മറ്റു തൊഴിൽ ചെയ്യുന്നവർക്ക് വർഗീയപ്പാർട്ടിയെന്ന് വിളിക്കാം. ചുരുക്കത്തിൽ മുകളിൽ പറഞ്ഞ അളവുകോൽ വെച്ചുനോക്കിയാൽ മിക്ക പാർട്ടികളെയും വർഗീയമെന്ന് വിളിക്കേണ്ടി വരും.

മറ്റു മതവിഭാഗങ്ങളൊന്നും  രാഷ്ട്രീയമായി സംഘടിക്കാത്തപ്പോൾ മുസ്ലിങ്ങൾക്ക് മാത്രമെന്താണ് ഒരു പ്രത്യേകത എന്ന ചോദ്യവുമുയർന്നേക്കാം. ഇവിടെ ഇസ്ലാം മതത്തിനു മറ്റുള്ള മതങ്ങളുമായി അടിസ്ഥാനപരമായുള്ള ചില വ്യത്യാസങ്ങൾ മനസ്സിലാക്കിയാൽ ഈ ചോദ്യം അപ്രസക്തമാണെന്ന് കാണാം. ഒരു മനുഷ്യന്റെ  ജീവിതത്തിന്റെ നിഖില മേഖലയിലും,  അത് വിവാഹമാകട്ടെ, ഒരു കുഞ്ഞിന്റെ ജനനമാകട്ടെ, എന്തിനേറെ പറയുന്നു കൂട്ടത്തിലൊരാൾ മരണപ്പെട്ടാൽ സമൂഹത്തിന് ബാക്കിയുള്ള ബാധ്യതകൾ വരെ കൃത്യമായി വിവരിച്ചു തന്ന ഒരു മതമാണ്‌ ഇസ്ലാം.കാലത്ത് എഴുന്നേറ്റതുമുതൽ രാത്രി ഉറങ്ങുന്നതുവരെയുള്ള സകല കാര്യങ്ങൾക്കും മതവിധികളുള്ള ഒരു സമുദായം അവരുടെ വിശ്വാസ ആചാരങ്ങളെക്കുറിച്ച് വ്യക്തമായ ബോധമുള്ള കുറച്ചാളുകളെങ്കിലും നിയമനിർമ്മാണ സഭകളിലെത്തണമെന്ന് ആ സമുദായം ആഗ്രഹിക്കുന്നതിൽ തെറ്റ് കാണാൻ കഴിയില്ല. മുസ്ലിങ്ങൾ സംഘടിച്ചാൽ അപ്പുറത്ത് ഭൂരിപക്ഷവും സംഘടിക്കില്ലേ എന്നാകും ചിലരുടെ ആശങ്ക. അവരുടെ മാന്യമായ അസ്തിത്വത്തിനും വിശ്വാസപരമായ അവകാശങ്ങൾക്കും വേണ്ടി മറ്റുള്ള സമുദായങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടാതെ അവർ സംഘടിക്കുന്നതിൽ മുസ്ലിങ്ങൾക്ക്‌ യാതൊരു പരാതിയുമുണ്ടാകില്ല.

മുസ്ലിങ്ങൾ സംഘടിച്ചതുകൊണ്ട് ഭൂരിപക്ഷവും സംഘടിക്കുമെന്ന ധാരണ ശരിയല്ല എന്ന് കേരളത്തിലെ രാഷ്‌ട്രീയം തന്നെ നമുക്ക് കാണിച്ചു തരുന്നു. മുസ്ലിങ്ങൾ ഏറ്റവും കൂടുതൽ രാഷ്ട്രീയമായി സംഘടിതരായ കേരളത്തിൽ ഭൂരിപക്ഷത്തിന്റെ പേരിൽ സംഘടിച്ച പാർട്ടിക്ക് ഇന്നും താരതമ്യേന സ്വാധീനം കുറവാണെന്ന് നമുക്കറിയാം. മറ്റൊരു വസ്തുത ഇവിടെ ഓർക്കേണ്ടതെന്തന്നാൽ ഒരു രാജ്യത്തും അവിടെയുള്ള ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സംഘടിക്കേണ്ട ആവശ്യകത സാധാരണ ഗതിയിൽ വരില്ല എന്നതാണ്.ആ രാജ്യത്തെ നിയമനിർമ്മാണ സഭകളിലും പോലീസിലും കോടതിയിലും  ഉദ്യോഗസ്ഥ രംഗത്തുമെല്ലാം അവർക്ക് സ്വാഭാവികമായും പ്രാതിനിധ്യം ലഭിക്കും. എന്നാൽ ജനസംഖ്യാനുപാതികമായി കുറവായതിനാൽ അധികാരസ്ഥാനങ്ങളിൽ പ്രാതിനിധ്യക്കുറവ് അനുഭവപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ നിയമം എത്ര കർശനമാണെങ്കിലും അത് നടപ്പാക്കുന്ന സ്ഥലത്ത് ചിലപ്പോൾ ന്യൂനപക്ഷങ്ങൾക്ക്  നീതി ലഭിച്ചില്ലെന്ന് വരാം.ഗൾഫ്‌ രാജ്യങ്ങളിൽ പലയിടത്തും നമ്മൾ വിദേശികൾക്ക് വേണ്ടി പ്രത്യേകം സംഘടനകളുണ്ട്. അവിടെ നിയമം എല്ലാവർക്കും തുല്യമാണെങ്കിലും പോലീസിലും ഉദ്യോഗസ്ഥരംഗത്തുമെല്ലാം സ്വദേശികളായതിനാൽ ഒരുപക്ഷേ വിദേശികൾക്ക് അവരുടെ ന്യായമായ അവകാശങ്ങൾ പൂർണ്ണമായും ലഭിക്കുകയില്ല എന്നതുകൊണ്ട്‌ തന്നെയാണ് ഇത്തരം സംഘടനകൾക്ക് നമ്മൾ മുന്നിട്ടിറങ്ങുന്നത്.

ഇന്ത്യയിൽ ജനാധിപത്യവും കമ്മ്യൂണിസവും സോഷ്യലിസവും എന്തിനേറെ ഫാസിസം വരെ യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്ന് നമുക്കറിയാം. എന്നാൽ വലിയ മതേതരത്വം പറയുന്ന അവിടങ്ങളിലെല്ലാം മതത്തിന്റെ പേരിലുള്ള ഒരുപാട് പാർട്ടികളെ കാണാം. ഹോളണ്ടിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ എന്ന പാർട്ടിയിൽ അംഗത്വം ലഭിക്കണമെങ്കിൽ ബൈബിളാണ് തന്റെ പ്രചോദനമെന്ന് സത്യപ്രതിജ്ഞ എഴുതിക്കൊടുക്കൽ നിർബന്ധമാണ്. എന്നാൽ ഇന്ത്യയിൽ ഇസ്ലാം മതത്തിൽ വിശ്വസിച്ചവർക്ക് മാത്രമേ പാർട്ടിയിൽ അംഗത്വമുള്ളൂ എന്ന് ലീഗ് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ മതേതര ഭരണഘടന മാറ്റി പകരം അവിടെ ശരീഅത്ത് വേണം എന്നും ലീഗ് ആവശ്യപ്പെട്ടിട്ടില്ല.അതുപോലെ ഇറ്റലിയിലെ ക്രിസ്ത്യൻ യൂണിയൻ പാർട്ടിയുമായി വർഷങ്ങളോളം സഖ്യത്തിലായിരുന്നു അവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി. ഇതെ കമ്മ്യൂണിസ്റ്റുകാർ മതത്തിന്റെ പേരിലുള്ള പാർട്ടിയെ ഇന്ത്യയിലെത്തുമ്പോൾ വർഗീയമെന്ന് വിളിക്കുന്നത് ഇരട്ടത്താപ്പല്ലേ ? എന്തിനേറെ പറയുന്നു, കേരളത്തിൽ ലീഗിനെ ആദ്യമായി അധികാരത്തിൽ കൂട്ടിയതും കമ്മ്യൂണിസ്റ്റുകാർ അല്ലേ ?

ഇനി ലീഗിന്റെ ഇടപെടൽ മൂലം മറ്റു സമുദായങ്ങൾക്ക് വല്ല നഷ്ടവും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ വർഗീയമെന്ന് വിളിക്കാം. എന്നാൽ മറ്റുള്ളവർക്ക് ഒരു പരിക്കുമേറ്റിട്ടില്ലെന്ന് മാത്രമല്ല അവർക്കും പുരോഗതി ഉണ്ടാവുകയേ ചെയ്തിട്ടുള്ളൂ എന്ന് നമുക്ക് കാണാം. കേരളത്തിൽ വർഷങ്ങളോളം വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്തത് ലീഗാണെല്ലോ, എന്നിട്ടും ഇന്നും മുസ്ലിങ്ങൾക്കുള്ളതിനേക്കാൾ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുള്ള ഹൈന്ദവ സഹോദരങ്ങള്ക്കും ക്രിസ്ത്യൻ സഹോദരങ്ങൾക്കുമുണ്ട് എന്നതാണ് യാഥാർഥ്യം. ഇതുവരെ ഒരറബിക് സർവ്വകലാശാലയില്ലാത്ത കേരളത്തിൽ സംസ്‌കൃത സർവ്വകലാശാല ലീഗിന്റെ ഭരണത്തിൽ നിലവിൽ വരുന്നത് നാം കണ്ടു. പക്ഷെ മറ്റു സംസഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെയുള്ള മുസ്ലിങ്ങൾ വിദ്യാഭ്യാസ രംഗത്തും ഉദ്യോഗസ്ഥ മേഘലയിലും ഉയർന്നു നിൽക്കുന്നു എന്നതൊരു വസ്തുതയാണ്. ഇത്തരം യാഥാർഥ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത്‌ ലീഗിന് അധികാരം ലഭിച്ചപ്പോഴൊക്കെ മറ്റു സമുദായങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടാതെ തന്നെ സ്വന്തം സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് അത് പ്രവർത്തിച്ചത് എന്നുള്ളതാണ്. തന്റെ സമുദായത്തിന്റെ ഒരിറ്റു അവകാശവും ആർക്കും വിട്ടുതരില്ലെന്നും എന്നാൽ മറ്റുള്ളവരുടെ ഒരു മുടി നാരിഴ അവകാശം പോലും തങ്ങൾക്കു വേണ്ടെന്നും പറഞ്ഞ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ വാക്കുക്കൾ ഇവിടെ പ്രാവർത്തികമാകുകയായിരുന്നു.

ലീഗിന്റെ ദളിത്‌ പ്രാതിനിധ്യത്തെക്കുറിച്ചും ഹമീദ് ചേന്നമംഗലൂരിന്റെ ലേഖനത്തിൽ ഒരുപാട് പരിഹാസമുണ്ട്. സംവരണ മണ്ഡലങ്ങളുള്ളതുകൊണ്ട്  മാത്രമാണ് ലീഗ് ദളിതരെ കൊണ്ടുനടക്കുന്നത്  എന്നതാണ് ഒരു പ്രധാന ആക്ഷേപം. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലേക്ക് ഡോക്ടർ ബി.ആർ അംബേദ്കറെ വിജയിപ്പിച്ച ചരിത്രവും സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അംബേദ്‌കർ ലീഗിന്റെ പിന്തുണയോടെ ജയിച്ചു നിയമമന്ത്രിയായ ചരിത്രമൊക്കെ ഇവിടെ ബോധപൂർവ്വം മൂടി വെക്കുന്നു. സംവരണമല്ലാത്ത മണ്ഡലത്തിൽ  യുസി രാമനെ 2011ൽ  ലീഗ് അസ്സെംബ്ലിയിലേക്ക് മത്സരിപ്പിച്ച കാര്യവും സ്വന്തം പാർട്ടിയിലെ പ്രമുഖരായ 3 പേരെ പാർട്ടിയിൽനിന്ന് വരെ തഴഞ്ഞുകൊണ്ട് കെപി രാമൻ മാസ്റ്ററെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആക്കിയത് ജനറൽ സീറ്റിലായിരുന്നു എന്ന ചരിത്രവുമെല്ലാം  ഇവിടെ ഹമീദ് സാഹിബ്‌  കണ്ടില്ലെന്നു നടിക്കുന്നു. യാതൊരു റിസെർവഷനുമില്ലാതെ കെപി രാമൻ മാസ്റ്ററെ പിഎസ്സി ബോർഡ്‌ മെമ്പർ ആക്കിയ കാര്യവും അദ്ദേഹത്തിന് അറിയാതിരിക്കാൻ വഴിയില്ലല്ലോ.

ലീഗിലുള്ള ദളിത്‌ സമുദായങ്ങങ്ങളുടെ എണ്ണം പരിശോദിച്ചു നോക്കിയാൽ അവർക്ക് പാർട്ടിയിലും അധികാരസ്ഥാനങ്ങളിലും മികച്ച പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് ആർക്കും ബോധ്യമാകുന്നതാണ്. എന്നാൽ കൊടി പിടിക്കാനും തല്ല് കൊള്ളാനും രക്തസാക്ഷിയാകാനും ആയിരക്കണക്കിന് ദളിതരുള്ള സിപിഎമ്മിൽ എന്താണവരുടെ അവസ്ഥ എന്നൊന്ന് പരിശോധിക്കുന്നത് നല്ലതാകും. അവരുടെ പോളിറ്റ് ബ്യുറോയിലും സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലുമൊക്കെ എത്ര ദളിതരുണ്ട് ? സിപിഎമ്മിലെ ദളിത്‌ പ്രാതിനിധ്യത്തിന്റെ ദയനീയ കണക്കുകൾ വിവരിക്കുന്ന ഒരു ലേഖനം ഈയടുത്ത കാലത്താണ് ‘ദി ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ചത്. കുറച്ചു വർഷങ്ങൾക്കു മുൻപ് കേരളാ ദളിത്‌ ഫെഡറേഷന്റെ ഒരു പരിപാടിയിലും സിപിഎമ്മിലെ ദളിതുകളോടുള്ള അവഗണന അവിടുത്തെ ലോക്കൽ കമ്മിറ്റിയിലെയും ജില്ലാ കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും പോളിറ്റ് ബ്യുറോയിലെയുമെല്ലാം കണക്കുകളുദ്ധരിച്ചുകൊണ്ട് അവർ വിളിച്ചു പറയുന്നത് ഈയുള്ളവൻ നേരിട്ട് കേട്ടതാണ്. വസ്തുതകൾ ഇതായിരിക്കെ ലീഗിന്റെ ദളിത്‌ പ്രേമത്തെ പരിഹസിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാട് മുട്ടുകൈയില്ലാത്തവൻ ചെറുവിരലില്ലാത്തവനെ പരിഹസിക്കുന്നതുപോലെ കാണാനേ നിർവാഹമുള്ളൂ.

സ്ത്രീകള്ക്ക് അധികാരം നൽകുന്ന കാര്യത്തിലുള്ള ലീഗിന്റെ നിലപാടാണ് മറ്റൊരു പ്രധാന വിമർശനം. അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് മുസ്ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങൾക്കും നിലനിൽപ്പിനും വേണ്ടി രൂപവത്കരിച്ച ഒരു പ്രസ്ഥാനമാണ് ലീഗ്. അതുകൊണ്ടുതന്നെ ആ സമുദായത്തിന്റെ വിശ്വാസപരമായ കാര്യങ്ങൾ ആ പാർട്ടിയുടെ നയരൂപവൽക്കരണത്തിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്. ഒരു കാലത്ത് സ്ത്രീകളെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്ക്ക് വിലക്ക് കൽപിച്ചിരുന്ന ഒരു സമുദായമാണ് മുസ്ലിം സമുദായം. എന്നാൽ ഇന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തും അതുപോലെ ഉദ്യോഗസ്ഥ മേഘലയിലും രാഷ്ട്രീയ രംഗത്തുമെല്ലാം മുസ്ലിം സ്ത്രീകളുടെ പ്രാതിനിധ്യം കൂടി വരുന്നു. എന്നാലും  സംവരണ മണ്ഡലങ്ങളിലല്ലാതെ ജനറൽ സീറ്റുകളിൽ മത്സരിക്കുന്നതിനോ അധികാര സ്ഥാനങ്ങളിരിക്കുന്നതിനോ സമുദായത്തിലെ നല്ലൊരു വിഭാഗവുംഇന്നും  അനുകൂലിക്കുന്നില്ല.

പൊതുവേ എപ്പോഴും ഇടതുപക്ഷത്തെ പിന്തുണക്കുകയും അവർ തിരിച്ചു നന്നായി സഹായിക്കുകയും ചെയ്യുന്ന കാന്തപുരം സുന്നികളാണ് ഈ വിഷയത്തിൽ ഏറ്റവും കടുപ്പമുള്ള നിലപാട് എടുക്കുന്നത്. ലീഗിലൂടെ മുസ്ലിം സ്‌ത്രീകൾ പൊതുരംഗത്ത് വരുന്നതിനെ ഈ വിഭാഗം ശക്തമായി വിമർശിക്കാറുണ്ട്. എന്നാൽ ഇവർക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ഇടതുപക്ഷം സ്ത്രീ വിഷയത്തിൽ നടത്തുന്ന ഈ കോലാഹലങ്ങൾ വെറും കാപട്യമാണെന്ന് ഈ രണ്ടു വിഭാഗങ്ങളുടെയും പരസ്പര സഹായം നമ്മെ ബോധ്യപ്പെടുത്തുന്നു. മുസ്ലിം സമുദായത്തിൽ സ്‌ത്രീകൾ ജനറൽ സീറ്റിൽ മത്സരിക്കുന്ന കാര്യത്തിലുള്ള ഈ മനോഭാവം മാറി വരുമ്പോൾ സ്വാഭാവികമായും ലീഗിൽ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരും. ഇതിന്റെയിടയിലും 1996ൽ കോഴിക്കോട് ഖമറുന്നീസ അൻവറിന് സീറ്റ്‌ നൽകിയ കാര്യം ലേഖകൻ കണ്ടില്ലെന്നു നടിക്കുന്നു.

ഇപ്പോഴും ഇന്ത്യയിൽ സമാജ്‌വാദി പാർട്ടിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പല പാർട്ടികളും സ്ത്രീ സംവരണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിയ കാര്യവും നമുക്കറിയാം. അപ്പോൾ ഒരു ലീഗിനെ മാത്രം തിരഞ്ഞു പിടിച്ചു വിമർശിക്കുന്നത് ഒരിക്കലും നല്ല ഉദ്ദേശത്തോടെയല്ല എന്നും മനസ്സിലാക്കാം. ഇനി നമുക്ക് വലിയ പുരോഗമനം പറയുന്ന ഇടതുപക്ഷത്തിൽ സ്ത്രീകളുടെ അവസ്ഥയൊന്ന് പരിശോധിക്കാം. ‘കേരം തിങ്ങും കേരളാ നാട്ടിൽ ഗൗരീ നാടു ഭരിച്ചീടും’ എന്നായിരുന്നെല്ലോ ഒരു കാലത്ത് അവരുടെ മുദ്രാവാക്യം. എന്നാൽ അവർക്ക് സിപിഎമ്മിൽ നിന്ന് നാട് ഭരിക്കാൻ കഴിഞ്ഞോ ? 1996ൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം എന്താണ് സംഭവിച്ചത് എന്നും നമുക്കറിയാം. മുഖ്യമന്ത്രി ആകേണ്ടിയിരുന്ന സഖാവ് അച്യുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ടപ്പോൾ സീനിയർ നേതാവായ സുശീല ഗോപാലൻ മുഖ്യമന്ത്രിയാകുമെന്ന് മാധ്യമങ്ങളടക്കം പലരും പ്രവചിച്ചു. എന്നാൽ ഒരു എംഎൽഎ പോലുമില്ലാതിരുന്ന നായനാരെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കുന്നതായിരുന്നു നമ്മൾ പിന്നീട് കണ്ടത്.ഇന്നും സിപിഎമ്മിലെ പോളിറ്റ് ബ്യുറോയിൽ എത്ര സ്ത്രീകളുണ്ട് എന്ന് സ്ത്രീപുരോഗമനം പറയുന്ന ആളുകളൊക്കെ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. വലിയ പുരോഗമനം പറയുന്ന പാർട്ടിയിലും കാര്യത്തോടടുക്കുമ്പോൾ സ്ത്രീകളുടെ അവസ്ഥയാണ് മുകളിൽ വിവരിച്ചത്. അപ്പോൾ പറഞ്ഞു വരുന്നത് വസ്തുതകൾ മൂടിവെച്ചുകൊണ്ടും പലതും വളച്ചൊടിച്ചുകൊണ്ടും ലീഗിന്റെ മേൽ വർഗീയതയും ദളിത്‌ വിരുദ്ധതയും സ്ത്രീ വിരുദ്ധതയുമൊക്കെ  ആരോപിക്കുന്നത് ഒരു സമുദായം മറ്റുള്ള സംസ്ഥാങ്ങങ്ങളിൽ കാണുന്നപോലെ എല്ലാ കാലത്തും പിന്നോക്കക്കാരിൽ പിന്നോക്കക്കാരാകണമെന്ന ഒളിയജണ്ടയുടെ ഭാഗമാണ് എന്ന് വിശ്വസിക്കേണ്ടി വരും.


Tags :


ശിജു ഹാഫിസ്