Reports

ഇസ്ലാം സ്വീകരിക്കുന്നവർക്ക് തർബിയത്തിന്റെയോ മഊനത്തിന്റെയോ സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കാരുതെന്ന് സർക്കാരിനോട് ഹൈകോടതി

By Admin

March 14, 2018

എറണാകുളം: ഇസ്‌ലാം സ്വീകരിക്കുന്നവർക്ക്‌ സർക്കാർ രേഖകളിൽ മതവും പേരും മാറ്റാൻ പൊന്നാനി മഊനതുൽ ഇസ്‌ലാം സഭയുടെയോ കോഴിക്കോട്‌ തർബിയ്യതുൽ ഇസ്‌ലാം സഭയുടെയോ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി. കേരളത്തിൽ ബ്രിട്ടീഷ്‌ കാലം മുതൽ പുതുമുസ്‌ലിംകളെ താമസിപ്പിച്ച്‌ മതവിദ്യാഭ്യാസ കോഴ്സ്‌ നൽകാൻ നിയമപരമായ അവകാശമുള്ള സ്ഥാപനങ്ങളാണ്‌ മഊനതും തർബിയ്യതും. ഈ രണ്ട്‌ സ്ഥാപനങ്ങൾ നൽകുന്ന സാക്ഷ്യപത്രത്തെ തെളിവായി സ്വീകരിച്ചുകൊണ്ടാണ്‌ സർക്കാർ ഒരാളുടെ ഇസ്‌ലാം സ്വീകരണത്തെ നിയമപരമായി അംഗീകരിക്കുകയും രേഖകളിൽ തദനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുള്ളത്‌. ഇതിനാൽതന്നെ, ഇസ്‌ലാം സ്വീകരിക്കുന്നവർക്കെല്ലാം പൊന്നാനിയിലോ കോഴിക്കോട്ടോ പോയി മതംമാറ്റ സർട്ടിഫിക്കറ്റ്‌ സ്വന്തമാക്കേണ്ട സാഹചര്യം ഇപ്പോൾ നിലവിലുണ്ട്‌. എന്നാൽ ഇത്തരം ഒരവസ്ഥ നിലനിൽക്കുന്നതിന്‌ ഭരണഘടനാപരമായ സാധുതയില്ലെന്നാണ്‌ ഹൈക്കോടതി നിരീക്ഷിച്ചത്‌.

ഇസ്‌ലാം സ്വീകരിച്ച പ്രശസ്തനായ മലയാളി ഡോക്റ്റർ സ്വാദിക്വിന്റെ‌ (നേരത്തെ സത്യനാഥൻ) മാതാവ്‌ പെരിന്തൽമണ്ണയിലെ ദേവകി ഇസ്‌ലാം സ്വീകരിച്ച്‌ ആഇശയായതിനുശേഷം 2018 ജനുവരി 15ന്‌ റിട്ട്‌ പെറ്റിഷനിലൂടെ ഹൈക്കോടതിയിൽ ഉന്നയിച്ച സംശയങ്ങൾക്ക്‌ മറുപടിയായാണ്‌ ജഡ്ജ്‌ മുഹമ്മദ്‌ മുശ്ത്വാക്വ്‌ സുപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചത്‌. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനുമുള്ള പൗരന്റെ അനിഷേധ്യമായ സാമൂഹികാവകാശത്തെ ഉയർത്തിപ്പിടിക്കുകയാണ്‌ ഇൻഡ്യൻ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ്‌ ചെയ്യുന്നതെന്നും അതിനെ ഇത്തരം സാങ്കേതികത്വങ്ങൾ വഴി നിയന്ത്രിക്കാൻ സർക്കാറിന്‌ അവകാശമില്ലെന്നും വിധിയിൽ വിശദീകരിച്ചു. ഇസ്‌ലാം സ്വീകരിച്ചുവെന്ന് പറയുന്ന ഒരാളെയും തെളിവായി ഏതെങ്കിലും സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കാനായി നിർബന്ധിക്കാൻ സർക്കാറിന്‌ അവകാശമില്ല. താൻ ഇസ്‌ലാം സ്വീകരിച്ചുവെന്ന് അയാൾ തന്നെ സാക്ഷ്യപ്പെടുത്തേണ്ട കാര്യമേ ഉള്ളൂ. തർബിയ്യത്തിന്റെയോ മഊനതിന്റെയോ സാക്ഷ്യപത്രം ആവശ്യമാണെന്ന് നേരത്തെയുള്ള സർക്കാർ ഉത്തരവുകളിൽ ഉണ്ടെങ്കിൽ തന്നെ അഭികാമ്യം എന്ന അർത്ഥത്തിലല്ലാതെ നിർബന്ധം എന്ന അർത്ഥത്തിൽ അവയെ എടുക്കാൻ ഭരണഘടനയുടെ വെളിച്ചത്തിൽ കഴിയില്ലെന്നും കോടതി പറഞ്ഞു.