ജയ് ശ്രീറാമിന്റെ നാനാർത്ഥങ്ങൾ
16 August 2019 | Interview
കോഴിക്കോട് സർവകലാശാല ചരിത്രവിഭാഗം അധ്യാപകൻ ഡോ. കെ. എസ്. മാധവനുമായി മുഹമ്മദ് ദാനിശ് (പൊന്മുണ്ടം) മില്ലി റിപ്പോർട്ടിനുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണം
? ബി. ജെ. പി. ക്ക് ബഹുഭൂരിപക്ഷമുള്ള പുതിയ ലോക്‌സഭ നിലവിൽ വന്നതുമുതൽ ‘ജയ് ശ്രീറാം’ വ്യാപകമായി ഉയർന്നുകേൾക്കുന്നുണ്ട്. പാർലമെന്റിൽ സത്യപ്രതിജ്ഞാ സെഷൻ തന്നെ അതുകൊണ്ട് മുഖരിതമായിരുന്നു. എന്താണ് നവഹിന്ദുത്വവും ‘ജയ് ശ്രീറാം’ മുദ്രാവാക്യവുമായുള്ള ബന്ധം?
-ഇൻഡ്യയിൽ ദേശീയ പ്രസ്ഥാനത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്ന ചില ആശയങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ബ്രിട്ടീഷ് കാലഘട്ടത്തിൽ സാവർക്കർ, ഗോൾവാൾക്കർ പോലുള്ളവരുടെ ഹിന്ദുത്വം വളരുന്നത്. പക്ഷേ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കൈവഴിയായി സ്വയം വളരാനോ വികസിക്കാനോ ദേശിയ പ്രസ്ഥാനത്തിന്റെ കൊളോണിയൽ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാകാനോ കോൺഗ്രസിനെപ്പോലെ വളരെ വിപുലമായ രീതിയിൽ ബഹുജനങ്ങളെ സംഘടിപ്പിക്കാനോ ഇരുപതുകൾ മുതൽ പ്രവർത്തനരംഗത്തുണ്ടെങ്കിലും ഹിന്ദുത്വവാദികൾക്ക് കഴിഞ്ഞിരുന്നില്ല.അതവരുടെ താല്പര്യവും ആയിരുന്നില്ല. കാരണം അതിനാവശ്യമായ, അക്കാലഘട്ടത്തിൽ രാഷ്‌ട്രീയമായി വിജയിപ്പിച്ചെടുക്കാവുന്ന ഒരു കൊളോണിയൽ വിരുദ്ധ രാഷ്ട്രിയ ദാർശനിക പദ്ധതി അവർക്കുണ്ടായിരുന്നില്ല. ഇൻഡ്യയിലെ ദേശീയ പ്രസ്ഥാനത്തിന്, എന്തൊക്കെ കുറവുകളുണ്ടെങ്കിലും, രണ്ട് സവിശേഷതകൾ ഉണ്ടായിരുന്നു. ഒന്ന്, ബ്രിട്ടീഷ് വിരുദ്ധതയായിരുന്നു അതിന്റെ അടിത്തറ. രണ്ട്, ഇൻഡ്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരു കൊളോണിയൽ വിരുദ്ധ ദേശീയതയുടെ ഭാഗമായി വിഭാവനം ചെയ്യാൻ അതിന് കഴിഞ്ഞിരുന്നു. ഇവ രണ്ടുംകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന് ജനകീയ അടിത്തറ ഉണ്ടായത്. വലതുപക്ഷ ബ്രാഹ്‌മണിക്കൽ ഹിന്ദുരാഷ്ട്രവാദികൾക്ക് കൊളോണിയൽ വിരുദ്ധതയോ സവർണർക്കുപുറത്തുള്ള മനുഷ്യരെക്കൂടി ഉൾകൊള്ളുന്ന ദേശസങ്കൽപനമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അവർക്ക് തീവ്ര വലതുപക്ഷ ബ്രാഹ്മണിക്കൽ ദേശിയതയായി നിലനില്ക്കാനേ കഴിഞ്ഞുള്ളു. സ്വാഭാവികമായും വലിയ തോതിൽ മുന്നോട്ടുപോകാനായില്ല.
ഇൻഡ്യ സ്വതന്ത്രമായപ്പോൾ അത് ഒരു ആധുനിക സെക്യുലർ ജനാധിപത്യ രാഷ്ട്രമായാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇൻഡ്യൻ ഭരണഘടനയുടെ ഏറ്റവും അടിസ്ഥാനപരമായ ആശയം തുല്യ പൗരത്വമാണ്. ഹിന്ദുത്വത്തിനും ഹിന്ദു രാഷ്ട്ര സങ്കൽപ്പത്തിനും തീരെ അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് ആധുനിക ജനാധിപത്യത്തിന്റെ ഭരണഘടനാപരമായ തുല്യ പൗരത്വസങ്കല്പം. ഭരണഘടനാപരമായ മൂല്യങ്ങളുടെ പുലർച്ചക്കുപകരം ബ്രാഹ്‌മണാധിപത്യത്തിലും പുരുഷാധിപത്യത്തിലും അധിഷ്ഠിതമായ ഒരു ഭൂതകാല ഹിന്ദുരാഷ്ട്രത്തിന്റെ പുനരുജ്ജീവനം വിഭാവനം ചെയ്യുന്ന ഒരു ദേശീയതയെ ആണ് അവർ സ്വതന്ത്ര ഇൻഡ്യയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഭരണഘടനയുടെ പ്രയോഗവൽകരണത്തെ തടഞ്ഞ് ജാതിശുദ്ധിയിൽ അധിഷ്ഠിതമായ പരമ്പരാഗത സവർണമൂല്യങ്ങൾക്ക് ദേശീയതാ ഭാഷ്യം നൽകുന്നതാണ് ഹിന്ദു രാഷ്ട്രത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം. ഹിന്ദുത്വം എന്നത് സാമൂഹ്യ നീതിയെ അടിസ്ഥാനമാക്കുന്ന തുല്യമനുഷ്യസങ്കല്പം അല്ല.
എൺപതുകളോടെ ഇൻഡ്യയിൽ പാർശ്വവൽകരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ വലിയ രാഷ്ട്രീയ ഉണർവ്വുകളുണ്ടായി. ഭരണഘടനാപരമായ തുല്യത പൂർണ്ണമായി നിറവേറുന്ന തരത്തിൽ സാമൂഹിക നീതി നടപ്പിലാക്കണം എന്ന്, ദലിതുകൾക്കും മുസ്‌ലിംകൾക്കുമൊക്കെ പ്രാതിനിധ്യ ജനാധിപത്യം നടപ്പിലാകുംവിധമുള്ള സാമൂഹികാവസരങ്ങൾ ഉറപ്പുവരുത്തണം എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ജാതിമേധാവിത്വത്തിനെതിരായ ഈ കീഴാള-ന്യൂനപക്ഷ ഉയിർപ്പിന് മണ്ഡൽ കമ്മീഷൻ ആക്കം കൂട്ടിയതിനെ ബ്രാഹ്മണിക് ഹിന്ദുത്വം ഭയപ്പാടുകളോടെയാണ് കണ്ടത്. അതിനെ തകർക്കാൻ ‘മുസ്‌ലിം ശത്രു’വിനെതിരെ വിശാല ഹിന്ദു ഐക്യം എന്ന പദ്ധതി ഹിന്ദുത്വവാദികൾക്ക് ആവശ്യമായിരുന്നു. അതിനാണ് രാമൻ എന്ന രൂപകത്തെ കണ്ടെത്തിയത്. രാമജന്മഭൂമി പ്രസ്ഥാനം വഴി അവർണരെയടക്കം ഹിന്ദുരാജ്യം ലക്ഷ്യമാക്കിയുള്ള ഒരു ഭാവനാത്മക ഹിന്ദു മണ്ഡലത്തിൽ ഏകോപിപ്പിക്കാനും മുസ്‌ലിം ആണ് ‘പൊതു’ശത്രു എന്ന വ്യാജ അവബോധമുണ്ടാക്കാനും ആയിരുന്നു ശ്രമം. അന്നുമുതൽ ഇൻഡ്യൻ ഫാഷിസത്തിന്റെ പ്രധാന ഊന്നുവടിയാണ് ഈ രാമചിത്രം. അതിന്റെ തുടർച്ചകൾ തന്നെയാണ് ഇപ്പോഴും കാണുന്നത്.
? രാമൻ ഒരു രാഷ്ട്രീയ ബിംബമായി പ്രതിഷ്ഠിക്കപ്പെട്ട ഈ കാലം നവഹിന്ദുത്വത്തിന്റെ നിർമിതിയിൽ നിർണ്ണായകമായിരുന്നുവല്ലോ. രാമായണം സീരിയൽ ഒക്കെ ഇതിൽ വലിയ പങ്ക് വഹിച്ചു…
– അതെ. ഇലക്ടോണിക്സ് രംഗത്തുണ്ടായ വിപ്ലവകരമായ കുതിച്ചുചാട്ടങ്ങളെ ഹിന്ദുത്വം കാര്യമായി ഉപയോഗിച്ചു. പോപ്യുലർ/വിഷ്വൽ കൾച്ചറിന്റെ സാധ്യതകളെ അത് നന്നായി കൊയ്തു. രാമായണം-മഹാഭാരതം സീരിയലുകൾ അവർക്കാവശ്യമായ സാംസ്കാരിക പരിസരം ഒരുക്കുന്നതിൽ സാരമായ പങ്കാണ് വഹിച്ചത്. മീഡിയ പ്രധാനമായും പ്രിന്റിൽ നിന്ന് മാറി ഒരു ദൃശ്യസംസ്കാരത്തിലേക്ക് വന്നുതുടങ്ങിയ കാലമാണ്. രാമനെ, രാമരാജ്യത്തെ ആദർശവൽകരിക്കുന്ന ബോധന രൂപമാണ് റ്റെലിവിഷൻ വഴി വന്നത്. ഹിന്ദുരാജ്യത്തിന്റെ ഒരു മോഡൽ ആയി ആ രാമരാജ്യത്തെ ഉയർത്തിക്കാട്ടിക്കൊണ്ടിരുന്നു.
ഇൻഡ്യൻ ജാതിവ്യവസ്ഥയുടെ വർണ്ണവരേണ്യത വിവിധ കാലഘട്ടങ്ങളിൽ അധികാരത്തിൽ നിന്ന് പുറത്താക്കി അടിമകളാക്കി മാറ്റിയ ദലിതരെയും ശൂദ്രരെയും പിന്നാക്കക്കാരെയും ആദിവാസികളെയും ഒക്കെ –അതായത് ഇവർ ഹിന്ദു എന്ന് വിളിക്കുന്ന സമൂഹത്തിന്റെ എൺപത് ശതമാനത്തോളം വരുന്നവർ–ഹിന്ദുരാജ്യനിർമ്മാണത്തിനുള്ള ചാവേറുകളായാണ് നവഹിന്ദുത്വം ഉപയോഗിക്കുന്നത്. അതിനുള്ള വഴിയായിരുന്നു ഇങ്ങനെയൊരു രാമബിംബ വികാരവിന്യാസം. ഇൻഡ്യയിൽ രാമായണം, മഹാഭാരതം എന്നിവ വൈവിദ്ധ്യങ്ങളോടെ സാധാരണ ജനങ്ങൾക്കിടയിൽ സാംസ്കാരിക വിശ്വാസ ബോധങ്ങൾ, കഥന പാരമ്പര്യങ്ങൾ, കലസാഹിത്യ ആവിഷ്കാരങ്ങൾ, ജനകീയവും പ്രാദേശികവുമായ നാട്ടു പാരമ്പര്യങ്ങൾ എന്നിങ്ങനെ പല തരത്തിലുള്ള ജീവനരൂപങ്ങളിൽ മതാതീതമായി നിലനിൽക്കുന്ന ഇതിഹാസ രൂപങ്ങളാണ്. ഇതിനെ ഹിന്ദുരാഷ്ട്രത്തിന്റെ സാംസ്കാരിക വിഭവമാക്കി ഏകഭാവ ഹിന്ദുമതവും ഹിന്ദു സാംസ്കാരിക ദേശീയതയിൽ അടിസ്ഥാനപെടുത്തുന്ന ഹിന്ദുരാഷ്ട്രവുമാക്കി എന്നതാണ് മണ്ഡൽ രാഷ്ട്രീയത്തെ തകർത്ത ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം. വൈവിദ്ധ്യപൂർണ്ണമായ സംസ്കാരവും വ്യത്യസ്ത ജനസമൂഹങ്ങളും എന്ന ചരിത്ര യാഥാർഥ്യത്തെ നിരാകരിക്കുന്ന സവർണ്ണ ബ്രാഹ്മണിക് ഭാവനകളും മിത്തുകളും ചരിത്രത്തിനു പകരമായി പ്രചരിപ്പിച്ചാണ് ഹിന്ദുത്വം സമർത്ഥമായി രാമജന്മഭൂമി രാഷ്ട്രീയത്തെ ,ഹിന്ദുത്വത്തിന്റെ സാംസ്കാരിക ദേശീയതയെ ഹിന്ദുരാഷ്ട്രത്തിന്റെ രാഷ്ട്രീയമായി വികസിപ്പിച്ചത്. രഥയാത്രയും ബാബരി മസ്ജിദിന്റെ തകർക്കലും രാമക്ഷേത്രത്തിനും രാമരാജ്യത്തിനും വേണ്ടിയുള്ള ബഹുജന രാഷ്ട്രീയം വികസിപ്പിക്കാനും സംഘ് പരിവാരത്തിന്റെ ജനകീയവൽകരണത്തിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വളർച്ചക്കും നിലമൊരുക്കി. ഒരേസമയം അധികാരത്തിനുവേണ്ടിയുള്ള മണ്ഡൽകാല കീഴാള സമരങ്ങളെ മരവിപ്പിക്കുകയും ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിന് പിന്തുണ വർധിപ്പിക്കുകയും ചെയ്ത മുദ്രാവാക്യത്തിന്റെ പേരാണ് ഇൻഡ്യയിൽ ഈ പതിറ്റാണ്ടുകളിൽ ശ്രീരാമനും ഹിന്ദു രാഷ്ട്രവും.
ഇവർ പറയുന്ന ‘രാമരാജ്യ’ത്തിൽ ത്രൈവർണികർക്കു മാത്രമേ അവകാശങ്ങൾ ഉണ്ടായിരുന്നുള്ളൂ. ശൂദ്രരും കീഴാളരും അയിത്തജാതിക്കാരും ഗോത്രവ്രർഗക്കാരും പുറംതള്ളപ്പെട്ട, അവർക്ക് പങ്കാളിത്തമില്ലാത്ത അധികാരഘടനയാണ് രാമന്റെ രാജ്യത്തിൽ നിലനിന്നത്. അതുകൊണ്ടാണ് ശൂദ്രനായ ശംബൂകൻ തപസ്സനുഷ്ഠിച്ചപ്പോൾ രാമൻ കഴുത്തറുത്ത് കൊന്നത്. രാമനും ലക്ഷ്മണനും ചേർന്ന് ഒരു കീഴാളസ്ത്രീയുടെ മൂക്കും മുലയും അരിഞ്ഞ കഥയാണുള്ളത്. ഈ ഹിംസയുടെ രാഷ്ട്രീയമാണ് വാസ്തവത്തിൽ രാമായണത്തിൽ നിലീനമായിക്കിടക്കുന്നത്. ഹിന്ദുത്വത്തിന്റെ സൈദ്ധാന്തികർ ഊർജ്ജം സംഭരിക്കുന്നത് ഈ രാമായണത്തിൽ നിന്നാണ്. ഇൻഡ്യൻ ഭരണഘടനയെ മാറ്റി ഈ ഭൂതകാലം വീണ്ടെടുക്കാനുള്ള യത്നങ്ങളിലേക്ക് അതിന്റെ ഇരകളാകാൻ പോകുന്നവരെ തന്നെ മൊബിലൈസ് ചെയ്യുക എന്നതായിരുന്നു ‘രാമരാഷ്ട്രീയ’ത്തിന്റെ അജൻഡ.
? ഇപ്പോഴത്തെ ജയ് ശ്രീറാം ആരവം അന്ന് തുടങ്ങിയതിന്റെ കേവലമായ തുടർച്ചയാണോ? അതോ ഏതെങ്കിലും നിലയിൽ അത് സവിശേഷമാണോ?
– 2019ലെ തെരഞ്ഞെടുപ്പിനുശേഷം ഇൻഡ്യൻ പാർലമെന്റിലേക്ക് ‘ജയ് ശ്രീറാം’ കയറിവന്നത് പാർലമെന്ററി ചരിത്രത്തിന്റെ തന്നെ വിഛേദമാണ്. സെക്യുലറിസം, ജനാധിപത്യം, തുല്യപൗരത്വം, സാമൂഹ്യനീതി എന്നിവയിൽ അധിഷ്ഠാനപ്പെടുത്തിയ ഒരാധുനിക രാഷ്ട്രസംവിധാനമായി ഇൻഡ്യ തുടർന്നുപോകരുതെന്ന് പാർലമെന്റിൽ ഭൂരിപക്ഷം കിട്ടിയവർ ആക്രോശിച്ചു എന്നാണ് അതിനർത്ഥം. നെഹ്‌റുവിയൻ ഇൻഡ്യയുടെ മരണമാണ് അവിടെ ഉണ്ടായത്. അംബേദ്കർ ഭരണഘടനയിൽ എഴുതിവെച്ച, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും സംരക്ഷണം ഉറപ്പുവരുത്തുന്ന വകുപ്പുകളെല്ലാം ഭാവിയിൽ അട്ടിമറിക്കപ്പെടും എന്ന അട്ടഹാസമാണ് വാസ്തവത്തിൽ അവിടെ മുഴങ്ങിയത്.
രാമക്ഷേത്ര കാംപയ്ൻ ജനാധിപത്യത്തിലൂടെ അധികാരത്തിൽ കയറാനുള്ള പരിപാടി ആയിരുന്നെങ്കിൽ, ഭരണഘടനയെ റദ്ദ് ചെയ്തുകൊണ്ടുള്ള ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടിയാണ് ജയ് ശ്രീറാം മുദ്രാവാക്യം. ജയ് ശ്രീറാമിന്റെ രാഷ്ട്രീയത്തെ ജനാധിപത്യപരമായി ചെറുത്തുനിൽക്കാനുള്ള കനത്ത സാമൂഹിക ജാഗ്രത, അതിനാൽ തന്നെ, ഇപ്പോൾ ആവശ്യമാണ്. അത് പക്ഷേ ഏറെ പ്രയാസകരമായിരിക്കും. ബ്യൂറോക്രസിയെ അപ്പാടെ വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ് സംഘ് പരിവാർ. നെഹ്‌റുവിയൻ കാലത്തെ ഉദ്യോഗസ്ഥരുടെ മനസ്സിലുണ്ടായിരുന്ന മതേതര ബഹുസ്വര ഇൻഡ്യ എന്ന സങ്കൽപം അല്ല ഇപ്പോഴുള്ളവരുടേത്. ഇംഗ്ലീഷ് കാലത്ത് രൂപപ്പെട്ട നെഹ്‌റൂവിയൻ എലീറ്റ് ആയിരുന്നു സ്വതന്ത്ര ഇൻഡ്യയുടെ ബ്യൂറോക്രസിയുടെ ആദ്യ തലമുറ. ഒരു തരം എത്തിക്സ് അവരുടെ എലീറ്റിസത്തിന് ഉണ്ടായിരുന്നു. നിയമപരമായി മാത്രം കാര്യങ്ങൾ ചെയ്യുക, ഭരണഘടനാ മൂല്യങ്ങളോട് കമ്മിറ്റഡ് ആയി നിൽക്കുക എന്നതൊക്കെ അവർ ഒരു പോളിസി ആയി സ്വീകരിച്ചിരിച്ചിരുന്നു. ഇന്ന് അതല്ല സ്ഥിതി. കോർപറേറ്റ്‌വൽകരണത്തിനുശേഷം മിക്കവാറും വ്യക്തികൾക്കുള്ളത് ലാഭേഛ മാത്രമാണ്. മൂല്യച്യുതിയുടെ ഈ കാലത്ത് സ്വാഭാവികമായും ഉദ്യോഗസ്ഥരെയും സാംസ്കാരിക പ്രവർത്തകരെയും സാഹിത്യകാരന്മാരെയും ഒക്കെ ഹിന്ദുത്വം സ്ഥാനമാനങ്ങൾ കാട്ടി പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളിൽ നല്ലൊരു ശതമാനവും അടക്കിഭരിക്കുന്നത് ബി. ജെ. പി. ആകുമ്പോൾ പദവിയും പണവും ആഗ്രഹിക്കുന്ന എഴുത്തുകാരും ബ്യൂറോക്രാറ്റുകളും ഒക്കെ സ്വാഭാവികമായും ആ വഴിക്ക് പോകും. കേരളത്തിൽ വളരെ പ്രശസ്തരായ ചില മുൻ ഉദ്യോഗസ്ഥർ ഇപ്പോൾ പരസ്യമായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണല്ലോ. എല്ലാ ലൊട്ടുലൊഡുക്ക് ഭിക്ഷാംദേഹികളും ചെന്നുപാർക്കുന്ന ഒരു ചാണകക്കുണ്ടായി ഹിന്ദുത്വം മാറുമ്പോൾ അതിജീവനം പ്രയാസകരമായിരിക്കും. ഹിന്ദുത്വം ആഗ്രഹിക്കുന്ന എന്ത് അതിക്രമങ്ങൾ ചെയ്താലും സ്റ്റെയ്റ്റ് സംരക്ഷിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യും എന്ന സന്ദേശമാണ് എല്ലാ ഉന്നതർക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. യോഗി ഭരിക്കുന്ന ഉത്തർപ്രദേശിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൊടുംക്രൂരതകൾ ചെയ്തശേഷവും സുഖമായി വാഴുന്നത് കേവലമായ യാദൃഛികത അല്ല.
ഹിന്ദുരാജ്യം എന്ന ലക്ഷ്യത്തോട് യോജിക്കാത്ത സകലർക്കും എതിരായ കൊലവിളിയാണ് ജയ് ശ്രീറാം. ഹിന്ദുത്വ ദേശീയതയുടെ ഹിംസയെ ഏതെങ്കിലും നിലക്ക് വിമർശന വിധേയമാക്കുന്ന, സെക്യുലർ/ജനാധിപത്യ ഭാവനകൾ ഉള്ള എല്ലാവരും അതിന്റെ പ്രഹരത്തിനിരയാകും എന്നതാണ് സ്ഥിതി. അടൂർ ഗോപാലകൃഷ്ണനോട് ചന്ദ്രനിൽ പോകാൻ പറഞ്ഞത് അത്ര നിസ്സാരമായ കാര്യമല്ല. സവർണരാണെങ്കിലും രാമരാജ്യത്തോട് യോജിക്കുന്നില്ലെങ്കിൽ രാജ്യത്തുനിന്ന് പുറത്താക്കും എന്ന പ്രഖ്യാപനം ആണത്. ഇൻഡ്യയിൽ പൗരത്വം നൽകുകയും റദ്ദാക്കുകയും ചെയ്യുന്ന ഏജൻസി ആയിട്ടാണ് സംഘ് പരിവാർ സ്ഥാനപ്പെടുന്നത്. രാജ്യത്തുനിന്ന് പോകണം എന്ന് ഒരാളോട് പറയുമ്പോൾ അയാൾക്കിവിടെ പൗരത്വം ഇല്ല എന്നാണർത്ഥം. ദലിതരും മുസ്‌ലിംകളും മാത്രമല്ല, വിയോജിപ്പിന്റെ സ്വരം ഉയർത്തുന്നവരെല്ലാം പൗരത്വം റദ്ദ് ചെയ്യപ്പെടാനുള്ളവരാണ് എന്ന സന്ദേശം ആണ് വന്നുകൊണ്ടിരിക്കുന്നത്. ജയ് ശ്രീറാം വിളിക്കാത്തതിനല്ല അവർ തല്ലിക്കൊല്ലുന്നത്. ജയ് ശ്രീറാം വിളിച്ചാലും അവർ കൊല്ലും. ഗാന്ധിയും രാമനെ വിളിച്ചിരുന്നല്ലോ. പക്ഷേ അദ്ദേഹത്തിന്റെ രാമരാജ്യവിഭാവനം ഹിന്ദുത്വവാദികളുടേതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. ഹിന്ദുത്വം ഉദ്ദേശിക്കുന്ന തരത്തിലുള്ള രാജ്യസൃഷ്ടിയോട് വിയോജിക്കുന്നവരെയെല്ലാം ഹിംസിക്കുക എന്നതാണ് പദ്ധതി.
? സംഘ് പരിവാർ രാജ്യത്തിനുള്ളിൽ തന്നെയുള്ള രാജ്യശത്രുവായി, അഥവാ എല്ലാ ജാതികളിലും പെട്ട ഹിന്ദുവിന്റെ ശത്രുവായി മുസ്‌ലിമിനെ ആണല്ലോ പ്രതിഷ്ഠിക്കുന്നത്. ജയ് ശ്രീറാം ഇപ്പോൾ അക്ഷരാർത്ഥത്തിൽ മുസ്‌ലിംകൾക്കെതിരായ കൊലവിളിയാണ്. ലിഞ്ചിംഗിന്റെ വാർത്തകൾ ഒന്നിനുപിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നു. എന്താണ് ഹിന്ദുത്വം നടത്തുന്ന മുസ്‌ലിം അപരവൽകരണത്തിന്റെ ദർശനവും സ്വഭാവവും?
-ഇൻഡ്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ജനാധിപത്യത്തിനും തുല്യതക്കുമൊക്കെ എതിരായ വലതുപക്ഷ വംശീയതകൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അനുരണനങ്ങളാണ് ഇൻഡ്യയിലും കാണുന്നത്. ബ്രാഹ്മണ്യ ഹിന്ദുത്വം ഒരു വംശീയതയാണ് എന്ന സത്യം നാം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഏതുതരം വംശീയതയ്ക്കും എപ്പോഴും ഒരു അപരത്വത്തെ നിർമ്മിച്ചെടുക്കേണ്ടതുണ്ട്. ഹിന്ദുത്വത്തിന് അത് മുസ്‌ലിം ആണ്. പാകിസ്ഥാൻ ഇൻഡ്യയുടെ ശത്രു എന്ന പൊതുബോധം ഉണ്ടല്ലോ. അതുകൊണ്ട് പാക്കിസ്ഥാൻ ആണ് മുസ്‌ലിമിനെ സംബന്ധിച്ച സംഘ് പരിവാർ വംശീയ വ്യവഹാരങ്ങളിലെ ഏറ്റവും ശക്തമായ രൂപകം. ഇൻഡ്യൻ മുസ്‌ലിം ഇൻഡ്യക്കകത്തുള്ള പാക്കിസ്ഥാൻ ആയി, ശത്രു ആയി നിർവചിക്കപ്പെടുന്നു. അതിനെ തീവ്രമാക്കി നിർത്താൻ വളരെ മൂർത്തമായ ചില മേഖലകൾ വേണം. അതാണ് കശ്മീർ. അടുത്തത് അസം ആണെന്ന കാര്യം വളരെ വ്യക്തമാണ്. എന്താണിപ്പോൾ അസമിൽ നടന്നുകൊണ്ടിരിക്കുന്നത്? വളരെ ഭീകരമായ വിവേചനങ്ങൾക്ക് അവിടുത്തെ മുസ്‌ലിംകൾ ദേശസുരക്ഷയുടെ പേരിൽ ഇരയാകുന്നു. അസമിനെ മുൻനിർത്തിയായിരിക്കും ഇനി കുറേ കാലം ഹിന്ദുത്വം മുസ്‌ലിം വിരോധം ജ്വലിപ്പിക്കുക.
മുസ്‌ലിംകൾ ഹിന്ദുക്കൾക്ക് വെല്ലുവിളി ആണെന്നാണ് സംഘ് പരിവാർ പ്രചരിപ്പിക്കുന്നത്. എന്ത് വെല്ലുവിളി ആണ് മുസ്‌ലിംകൾ ഹിന്ദുക്കൾക്കുനേരെ ഉയർത്തുന്നത് എന്ന്, ഏത് നിലയ്ക്കാണ് മുസ്‌ലിംകൾ ഹിന്ദുക്കളുടെ ശത്രു ആകുന്നത് എന്ന് എനിക്കിന്നേവരെ മനസ്സിലായിട്ടില്ല. വാസ്തവത്തിൽ, നിസ്വരും നിരാലംബരുമായ ഒരു ജനതയാണ് ഇൻഡ്യൻ മുസ്‌ലിംകൾ. ഹിന്ദുക്കൾക്ക് വെല്ലുവിളിയാകുന്നത് പോയിട്ട് വർഗീയ ഹിന്ദുത്വത്തോട് പോരാടാൻ ഉള്ള സാമൂഹിക മൂലധനം പോലും അവർക്ക് ഇല്ല. ഇൻഡ്യയിൽ മുസ്‌ലിംകൾ ഒരു സാമ്പത്തിക ശക്തിയേ അല്ല. ഈ രാജ്യത്തെ വലിയ കോർപ്പറേറ്റുകൾ ഒന്നും മുസ്‌ലിംകൾ അല്ല. ബഹുഭൂരിപക്ഷവും ദരിദ്രർ. കുറച്ച് സാമ്പത്തിക സ്ഥിതി ഉള്ളവർ കച്ചവടക്കാരുടെ ഇടനിലക്കാരോ ഗൾഫിൽ പോയി അധ്വാനിച്ചവരോ ഒക്കെ ആണ്. ആഗോള കുത്തകകൾ ഒന്നും മുസ്‌ലിംകൾക്കിടയിൽ നിന്ന് വളർന്നുവന്നിട്ടില്ല. ചെറിയ സാമ്പത്തിക പുരോഗതികൾ ഉണ്ടാകുമ്പോഴേക്ക് ആ പ്രദേശങ്ങളിൽ ഹിന്ദുത്വരാഷ്ട്രീയം മുസ്‌ലിം വിരുദ്ധ കലാപങ്ങൾ അഴിച്ചുവിടും. ഹിന്ദുത്വം സംഘടിപ്പിക്കുന്ന വർഗീയ കലാപങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് മുസ്‌ലിംകളുടെ ബിസിനസുകൾ തകർക്കുകയാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുഗൾ കാലഘട്ടത്തിലെ മുസ്‌ലിം സാമ്പത്തിക മേൽതട്ടിനെ പൂർണ്ണമായി തകർക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. ബ്രിട്ടീഷ് പരിലാളനയിൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടായത് ത്രൈവർണ്ണികർക്കാണ്; പട്ടേലുമാരെപ്പോലുള്ളവർ, വിവിധ വൈശ്യ കുടുംബങ്ങൾ ഒക്കെയാണ് സമൃദ്ധി പ്രാപിച്ചത്.
ഇനി രാഷ്ട്രീയമായി നോക്കുക. ഭരണഘടനയിൽ ജനാധിപത്യം ഒക്കെ ഉണ്ടെങ്കിലും ഒരു ഉൾകൊള്ളൽ ജനാധിപത്യം ആയി മുസ്‌ലിംകളുടെ കാര്യത്തിൽ ഇൻഡ്യയിൽ അത് വികസിച്ചിട്ടേയില്ല. കേരളത്തിൽ നിന്ന് മുസ്‌ലിം ലീഗ് ടിക്കറ്റിൽ ജയിക്കുന്ന രണ്ടോ മൂന്നോ പാർലമെന്റേറിയന്മാർ, ഹയ്ദരാബാദിൽ ഉള്ള ഉവയ്സിയുടെ ഒരു വൃത്തം–ഇത്രയേ ഉള്ളൂ മുസ്‌ലിംകളുടെ സാമുദായിക രാഷ്ട്രീയ ബലം. ദലിതുകൾ പോലും എൺപതോളം പേർ പാർലമെന്റിൽ ഉണ്ടെന്ന് ഓർക്കണം. മുസ്‌ലിം ലീഗ് വളരെ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. പക്ഷേ അതുപോലൊന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഒന്നും മുസ്‌ലിംകൾക്കില്ല. അവരുടെ കാര്യങ്ങൾ പറയാൻ പാർലമെന്റിൽ ആളില്ല, അവർക്ക് രാഷ്ട്രീയമായ വിലപേശൽ ശേഷിയില്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന്റെ സമീപത്തുപോലും ഇൻഡ്യൻ പാർലമന്റ് മുസ്‌ലിംകളുടെ കാര്യത്തിൽ എത്തുന്നില്ല. എന്നിട്ടും മുസ്‌ലിംകൾക്ക് പാർലമെന്റിൽ സംവരണം ഇല്ല എന്നത് എന്തൊരു വിരോധാഭാസമാണ്. പ്രധാന രാഷ്‌ട്രീയ പാർട്ടികൾ മുസ്‌ലിംകൾക്ക് അവസരം നൽകുന്നില്ല. ദേശീയ പ്രസ്ഥാന പാരമ്പര്യമുള്ള ഏതാനും പ്രശസ്ത മുസ്‌ലിം കുടുംബങ്ങൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ മുമ്പ് കോൺഗ്രസ് അവസരം നൽകിയിരുന്നു. ഇപ്പോൾ അതും കുറഞ്ഞുവരികയാണ് ചെയ്യുന്നത്. മറ്റൊരു വലിയ പാർട്ടിയായ ബി. ജെ. പി. ക്ക് മുസ്‌ലിംകളോടുള്ള സമീപനം പറയേണ്ടതും ഇല്ലല്ലോ. ഉത്തർപ്രദേശ് പോലുള്ള, വൻ മുസ്‌ലിം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തുവരെ ഒരൊറ്റ മുസ്‌ലിം പോലും ഇല്ലാത്ത സ്ഥാനാർത്ഥി പട്ടിക പാർട്ടികൾ പ്രസിദ്ധീകരിക്കുന്ന രാജ്യമാണ് ഇൻഡ്യ. ആ ഇൻഡ്യയിലാണ് സംഘ് പരിവാർ ‘മുസ്‌ലിം ഭീഷണി’യെക്കുറിച്ച് സംസാരിക്കുന്നത്!
ഉയർന്ന ഉദ്യോഗതലങ്ങളിലോ സിവിൽ സർവീസ് കേഡറിലോ ഒന്നും ഒരു സാന്നിധ്യമേ അല്ലാത്ത മുസ്‌ലിം സമുദായത്തെ ശത്രുസ്ഥാനത്ത് കൊണ്ടുവന്ന് നിർത്താൻ മാത്രം മാരകമാണ് ഹിന്ദുത്വത്തിന്റെ പ്രോപഗൻഡ. മുസ്‌ലിംകൾ അവിടങ്ങളിലേക്കൊന്നും കയറി വരാതിരിക്കാൻ ഉള്ള നിഷ്കർഷയാണ് ഹിന്ദുത്വത്തിന്റെ സംവരണ വിരുദ്ധതയുടെ സത്ത. മുസ്‌ലിംകളെ ക്രിമിനലുകളായി പ്രഖ്യാപിച്ച് ശിക്ഷിക്കുവാനുള്ള പുതിയ മാർഗങ്ങൾ തുറയ്ക്കുകയാണ് മുത്തലാഖ് നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തുകൂട്ടുമ്പോഴും മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കലാണെന്ന് സംഘ് പരിവാർ അതിക്രൂരമായി തമാശ പറയുന്നു.
? എന്താണ്, താങ്കളുടെ അഭിപ്രായത്തിൽ, മുസ്‌ലിംകൾക്കുമുന്നിലുള്ള വഴി?
-ജനാധിപത്യപരമായ സമരങ്ങൾ സംഘടിപ്പിക്കുക, അത്തരം സമരങ്ങളോട് ചേർന്നുനിൽക്കുക. അങ്ങനെ മാത്രമേ പ്രതിസന്ധികളുടെ ആക്കം കുറയ്‌ക്കാനാകൂ. മതേതര ദേശീയ രാഷ്ട്രീയ കക്ഷികളും ദലിത്/ന്യൂനപക്ഷ/പിന്നോക്ക മുന്നണികളും ഒക്കെ ഒരുമിച്ച് ഇൻഡ്യ നേരിടുന്ന ഈ അപകടങ്ങളെ മുറിച്ചുകടക്കാൻ വഴി കാണണം. മുസ്‌ലിംകൾ അടക്കമുള്ള ഇരകൾ മിലിറ്റന്റ് ആയ ചെറുത്തുനിൽപുകളിലേക്ക് പോകണം എന്നായിരിക്കും സംഘ് പരിവാർ ആഗ്രഹിക്കുന്നത്. കരിനിയമങ്ങളും അടിച്ചമർത്തലുകളും വർദ്ധിപ്പിക്കാൻ അതിനെ അവർ അവസരമായി എടുക്കും. അതുകൊണ്ട്, അത്തരം മാർഗ്ഗങ്ങളിലേക്ക് പോകാതെ ജനാധിപത്യപരമായ പോരാട്ടങ്ങൾ ശക്തമാക്കാനാണ് എല്ലാവരും സന്നദ്ധമാകേണ്ടത്.