Study

ഹിറാ ഗുഹയിൽ ഖുർആൻ മുഴങ്ങിയപ്പോൾ

By Musthafa Thanveer

June 11, 2019

ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം എന്ന നിലയ്ക്കാണ്‌‌ റമദാനിൽ മുസ്‌ലിംകൾ വ്രതം അനുഷ്ഠിച്ചത്‌. പ്രവാചകന്റെ നാല്‍പതാം വയസ്സിലുണ്ടായ പ്രവാചകത്വലബ്ധിയെയും ഖുർആൻ അവതരണത്തിന്റെ ആരംഭത്തെയും കുറിച്ചുള്ള കുറ്റമറ്റ നിവേദകപരമ്പരയിലൂടെയുള്ള വിവരണമുള്ളത് സ്വഹീഹുല്‍ ബുഖാരിയിലാണ്. പ്രവാചകപത്‌നി ആഇശ (റ), തന്റെ സഹോദരീപുത്രന്‍ ഉര്‍വക്ക് ആദ്യവെളിപാടിന്റെ സമയത്തെ പ്രവാചകാനുഭവങ്ങള്‍ പ്രവാചകന്റെ തന്നെ ആത്മകഥനാപരമായ വാചകങ്ങളുദ്ധരിച്ചുകൊണ്ട് സ്വന്തം വാക്കുകളില്‍ വിശദീകരിച്ചുകൊടുത്തതാണ് ബുഖാരി തന്റെ സ്വഹീഹിന്റെ തുടക്കത്തില്‍ ഹദീഥായി രേഖപ്പെടുത്തിയിട്ടുള്ളത് (കിതാബുല്‍ വഹ്‌യ്). പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് പരാമൃഷ്ട ഹദീഥ് നല്‍കുന്നത് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്.

1. മുഹമ്മദ് നബി(സ)ക്ക് പകല്‍വെളിച്ചം പോലെ സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ നിരന്തരമായി ഉണ്ടാകാന്‍ തുടങ്ങി. ഇതായിരുന്നു പ്രവാചകനുമായുള്ള ദൈവിക ആശയവിനിമയത്തിന്റെ ആരംഭം. 2. ഉറക്കത്തില്‍ താന്‍ കാണുന്ന സ്വപ്‌നങ്ങളുടെ പുലര്‍ച്ച പ്രവാചകനെ ചിന്താകുലനാക്കുകയും അദ്ദേഹം മക്കയിലെ ഒരു പര്‍വതത്തിനുമുകളിലുള്ള ഹിറാഗുഹയില്‍ ഏകാന്തനായി പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുന്ന ശീലം ആരംഭിക്കുകയും ചെയ്തു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കാവശ്യമായ ജീവിതവിഭവങ്ങളുമായി ഗുഹയില്‍ തങ്ങുകയും ശേഷം വീട്ടിലേക്ക് മടങ്ങി വീണ്ടും വിഭവശേഖരണം നടത്തി ഗുഹയിലേക്കുതന്നെ തിരിച്ചുപോവുകയുമായിരുന്നു പതിവ്. 3. ഇങ്ങനെ പ്രവാചകന്‍ ഗുഹയിലിരിക്കുന്ന ഒരു ദിവസമാണ് ഖുർആൻ അവതരണത്തിന് സമാരംഭം കുറിച്ചുകൊണ്ട് ഒരു മലക്ക് പ്രവാചകനരികില്‍ പ്രത്യക്ഷപ്പെട്ടത്. 4. മലക്ക് പ്രവാചകനോട് ‘ഇക്വ്‌റഅ്’ (വായിക്കുക/ഓതുക) എന്ന് കല്‍പിച്ചു. ‘ഞാന്‍ വായിക്കാനറിയുന്നവനല്ല’ (മാ അന ബി ക്വാരിഅ്) എന്നായിരുന്നു നബി(സ)യുടെ മറുപടി. അപ്പോള്‍ മലക്ക് പ്രവാചകന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള ശക്തിയോടെ അദ്ദേഹത്തെ പിടിച്ചുഞെരുക്കുകയും ശേഷം സ്വതന്ത്രനാക്കുകയും ചെയ്ത് ‘ഇക്വ്‌റഅ്’ എന്ന കല്‍പന ആവര്‍ത്തിച്ചു. വീണ്ടും പ്രവാചകന്‍ പഴയ മറുപടി തന്നെ പറഞ്ഞു. മലക്ക് വീണ്ടും പ്രവാചകനെ ഞെരുക്കുകയും സ്വതന്ത്രനാക്കുകയും കല്‍പന ആവര്‍ത്തിക്കുകയും ചെയ്തു. മൂന്നാം തവണയും ഇതേഘട്ടങ്ങള്‍ കടന്നപ്പോള്‍ മലക്ക് പരിശുദ്ധ ഖുർആനിലെ 96-ാം അധ്യായം സൂറത്തുല്‍ അലക്വിലെ ആദ്യത്തെ അഞ്ച് വചനങ്ങള്‍ പ്രവാചകനെ ഓതിക്കേള്‍പിച്ചു. ഇതായിരുന്നു ഖുർആൻ അവതരണത്തിന്റെയും പ്രവാചകത്വത്തിന്റെയും തുടക്കം. പ്രസ്തുത വചനങ്ങളുടെ സാരം ഇപ്രകാരമാണ്: ”സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക: നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.” 5. ഗുഹയില്‍ ഏകാന്തനായിരിക്കെ മലക്കുമായുണ്ടായ മുഖാമുഖവും തത്സസമയത്തെ അനുഭവങ്ങളും പ്രവാചകനെ ഭയവിഹ്വലനാക്കി. പരിഭ്രാന്തനായി അതിവേഗത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയവുമായി വീട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം പത്‌നി ഖദീജ ബിന്‍ത് ഖുവയ്‌ലിദിനോട് (റ) തന്നെ പുതപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വിറ നിന്ന് സാധാരണ നില കൈവരിക്കുവോളം പ്രവാചകന്‍ (സ) പുതച്ചുമൂടി നിന്നു. 6. അനന്തരം പുതപ്പില്‍നിന്ന് പുറത്തുവന്ന പ്രവാചകന്‍ ഉണ്ടായ സംഭവങ്ങള്‍ വിവരിക്കുകയും തനിക്ക് ഭയം അനുഭവപ്പെടുന്നുവെന്ന് പറയുകയും ചെയ്തു. അപ്പോള്‍ ഖദീജ (റ) ‘ഇല്ല, അല്ലാഹുവാണ് സത്യം, അല്ലാഹു അങ്ങയെ നിന്ദിക്കുകയില്ല. കാരണം അങ്ങ് ബന്ധുക്കളുടെ കാര്യം ശ്രദ്ധിക്കുന്നു, ദുര്‍ബലരുടെ ഭാരങ്ങള്‍ ചുമക്കുന്നു, ദരിദ്രര്‍ക്കും അശരണര്‍ക്കും സംരക്ഷണമേകുന്നു, അതിഥികളെ ആദരിക്കുന്നു, പ്രയാസപ്പെടുന്നവരെ സഹായിക്കുന്നു’ എന്നുപറഞ്ഞുകൊണ്ട് പ്രവാചകനെ ആശ്വസിപ്പിച്ചു. 7. പ്രവാചകനെ ആശ്വസിപ്പിച്ചശേഷം ഖദീജ അദ്ദേഹത്തെയും കൂട്ടി തന്റെ ബന്ധുവും ക്രൈസ്തവ-ജൂതഗ്രന്ഥങ്ങളില്‍ പ്രാവിണ്യമുണ്ടായിരുന്ന പണ്ഡിതനുമായിരുന്ന വറക്വത്ബ്‌നു നൗഫലിനടുത്തേക്കുപോയി. വറക്വ കാഴ്ചശക്തിയടക്കം നഷ്ടപ്പെട്ട് അങ്ങേയറ്റം വൃദ്ധനായിത്തീര്‍ന്നിരുന്നു. പ്രവാചകനുണ്ടായ അനുഭവങ്ങള്‍ കേട്ട വറക്വ, മോശെ (മൂസ) പ്രവാചകന്റെയടുക്കലേക്ക് ദിവ്യവെളിപാടുമായി വന്ന മലക്ക് ജിബ്‌രീല്‍ തന്നെയാണ് ഹിറാ ഗുഹയില്‍ വന്നതെന്ന് പറയുകയും പ്രവാചകന്‍ തനിക്ക് ലഭിച്ചുതുടങ്ങിയ ദിവ്യവെളിപാടുകള്‍ പ്രബോധനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പൂര്‍വപ്രവാചകന്‍മാരെപ്പോലെ കടുത്ത എതിര്‍പ്പുകള്‍ നേരിടുമെന്നും മക്കയില്‍നിന്ന് പുറത്താക്കപ്പെടുമെന്നും അന്ന് ഒരു യുവാവായി നാട്ടിലുണ്ടാകണമെന്നും പ്രവാചകനെ പിന്തുണക്കാന്‍ കഴിയണമെന്നും താന്‍ ആഗ്രഹിച്ചുപോകുന്നുവെന്നും പറഞ്ഞു. പക്ഷേ ഈ കൂടിക്കാഴ്ച കഴിഞ്ഞ് അധികമാകും മുമ്പെ അദ്ദേഹം മരണപ്പെട്ടുപോയി.

പ്രവാചകന് സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ ഉണ്ടായിത്തുടങ്ങിയെന്നും അതായിരുന്നു അല്ലാഹു അദ്ദേഹവുമായി സംവദിക്കാനാരംഭിച്ച രീതി എന്നുമാണ് ഹദീഥ് ഒന്നാമതായി പറയുന്നത്. നേരായിപ്പുലരുന്ന സ്വപ്‌നങ്ങള്‍ ഉറക്കില്‍ പ്രവാചകന്‍മാരെ കാണിക്കുന്നത് ദൈവത്തിന്റെ രീതിയാണെന്ന് ബൈബിളും പറയുന്നുണ്ട്‌. ജോസഫും (ഉല്‍പത്തി 37: 5-8), ജേക്കബും (ഉല്‍പത്തി 28: 12-14), അബ്രഹാമും (ഉല്‍പത്തി 15: 1), സോളമനും (1 രാജാക്കന്‍മാര്‍ 8: 5) എല്ലാം ദൈവത്താല്‍ സത്യസ്വപ്‌നങ്ങള്‍ കാണിക്കപ്പെട്ടതിനെക്കുറിച്ചുള്ള ബൈബിള്‍ വചനങ്ങള്‍ ഉണ്ട്‌. താന്‍ കാണാന്‍ തുടങ്ങിയ, അക്ഷരംപ്രതി പുലര്‍ന്നുകൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ പ്രവാചകനെ (സ) അത്യധികം ചിന്താകുലനാക്കുകയും ഒറ്റയ്ക്കിരിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്തതാണ് ഹിറയില്‍ പോയി പ്രാര്‍ത്ഥനകളില്‍ ശാന്തി കണ്ടെത്തുവാന്‍ ശ്രമിക്കുന്ന ഒരു സന്ദര്‍ഭം പ്രവാചകജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്ന ചരിത്രവസ്തുത, തിരുനബി(സ)ക്ക് കാണിക്കപ്പെട്ട സ്വപ്‌നങ്ങള്‍ക്കുപിന്നില്‍ ജിബ്‌രീല്‍ മലക്കുമായി മുഖാമുഖം കാണാനുള്ള ഇടത്തിലേക്ക് അദ്ദേഹത്തെ നയിച്ചുകൊണ്ടുപോവുക എന്ന ദൈവിക പദ്ധതിയുണ്ടായിരുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്.

വെളിപാടിനെ ഒരു അന്തപ്രചോദനത്തിന്റെ മാത്രം തലമുള്ള മാനസികാനുഭൂതിയില്‍ ഒതുക്കി നിര്‍ത്തുകയല്ല അന്തിമപ്രവാചകന്റെ കാര്യത്തില്‍ പ്രപഞ്ചനാഥന്‍ ചെയ്തത്; മറിച്ച് അതിന്റെ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ തികച്ചും മൂര്‍ത്തമായി തന്റെ മലക്കിനെ പ്രവാചകനുമുന്നില്‍ കൊണ്ടുചെന്നു നിര്‍ത്തുകയും ശാരീരികമായിത്തന്നെ പ്രവാചകനെ അതിശക്തമായി മലക്കിനെക്കൊണ്ട് സ്പര്‍ശിപ്പിക്കുകയും ശേഷം സ്ഫുടമായ വാചകങ്ങളിലുള്ള സംഭാഷണത്തിന് അവസരമൊരുക്കയും ചെയ്യുകയാണ്. അകത്തുനിന്ന് നിര്‍ഗളിക്കുന്ന യാതൊന്നുമല്ല, മറിച്ച് പുറത്തുനിന്ന് പ്രവാചകനിലേക്ക് പ്രവഹിക്കുന്നതാണ് വഹ്‌യ് എന്ന് ഇതിനേക്കാള്‍ വ്യക്തമായി ഭൗതിക പരിതസ്ഥിതികളുപയോഗിച്ച് പ്രതിഫലിപ്പിക്കാനാവുകയില്ല തന്നെ. വെളിപാടു സ്വീകരണത്തിന്റെ ഏറ്റവും ഉയര്‍ന്നതും സുവ്യക്തവും തീവ്രവുമായ വൈയക്തികാനുഭവങ്ങളാണ് പ്രവാചകശ്രേഷ്ഠനുണ്ടായതെന്ന് സാരം.

ഹിറയില്‍വെച്ച് പ്രവാചകനുണ്ടായ അനുഭവങ്ങളെ നാം പരിഗണിക്കുക. പ്രവാചകത്വമോ വെളിപാടുകളോ ദീര്‍ഘകാലത്തേക്ക് ഉണ്ടായിട്ടില്ലാത്ത മക്കയിലെ അറബ് സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന, വേദപുസ്തകങ്ങളുമായി യാതൊരു പരിചയവുമില്ലാത്ത സാധാരണക്കാരനായ ഒരു മനുഷ്യന്‍ ആള്‍പാര്‍പ്പില്ലാത്ത ഒരു കൂറ്റന്‍ പര്‍വതത്തിന്റെ ചെങ്കുത്തായ ചെരുവിലുള്ള ഹിറ എന്ന ചെറിയ ഗുഹയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ദിവസം പൊടുന്നനെ അല്ലാഹുവിന്റെ ദിവ്യസന്ദേശവുമായി അതിശക്തനായ ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെടുകയും എഴുത്തോ വായനയോ അറിയാത്ത പ്രവാചകനോട് വായിക്കുവാനാജ്ഞാപിക്കുകയും വായിക്കാനറിയില്ലെന്നു പറഞ്ഞപ്പോള്‍ ആരും ഉലഞ്ഞുപോകുംവിധം ചേര്‍ത്തുപിടിച്ചമര്‍ത്തുകയും ഇത് രണ്ടുതവണ കൂടിയാവര്‍ത്തിച്ചശേഷം ഗാംഭീര്യം തുളുമ്പുന്ന അഞ്ച് ദിവ്യവചനങ്ങള്‍ ഓതികേള്‍പിക്കുകയും അപ്രത്യക്ഷനാവുകയും ചെയ്യുന്നു. പ്രവാചകന്‍ ഇത്തരമൊരനുഭവം ജീവിതത്തിലൊരിക്കലും പ്രതീക്ഷിച്ചിട്ടുപോലുമില്ലെന്ന കാര്യം കൂടി നമ്മളോര്‍ക്കണം. പ്രവാചകത്വത്തിന്റെയും വെളിപാടുകളുടെയും രീതിശാസ്ത്രവുമായുള്ള തികഞ്ഞ അപരിചിതത്വം, താന്‍ ഒരു പ്രവാചനായി നിയോഗിക്കപ്പെടുമെന്നോ തന്റെയടുക്കലേക്ക് മലക്ക് വരും എന്നോ ഉള്ള യാതൊരു വിചാരവുമില്ലാത്ത ഒരാളുടെ തയ്യാറെയുപ്പില്ലായ്മ. അതിഭീകരമായ ഏകാന്തത. ആരും ഭയന്നുപോകുംവിധമുള്ള ആശ്ലേഷം. ലോകര്‍ക്കു മുഴുവന്‍ ദിവ്യസന്ദേശമെത്തിക്കാനുള്ള ദൗത്യം ജഗന്നിയന്താവിനാല്‍ ഏല്‍പിക്കപ്പെടുന്നത് സൃഷ്ടിക്കുന്ന മനോവിസ്‌ഫോടനം. ദൈവത്തിന്റെ വചനങ്ങള്‍ അവന്റെ ദൂതനില്‍നിന്ന് നേരിട്ടുകേള്‍ക്കുന്നത് സൃഷ്ടിക്കുന്ന ശാരീരിക വ്യതിയാനങ്ങള്‍. ആരാണ് ഭയന്നുപോകാതിരിക്കുക? ആരാണ് വിറച്ചുപോകാതിരിക്കുക?

വിശുദ്ധ ഖുർആനിലെ വചനങ്ങള്‍, അവയുടെ ആശയങ്ങളും പദങ്ങളും ഒരുപോലെ ദൈവത്തില്‍നിന്ന് നിര്‍ഗളിച്ചവയായതിനാല്‍, ശുദ്ധ മനസ്സുള്ള ആരിലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും. ഖുർആൻ വചനങ്ങളുടെ കേവലമായ ശ്രുതി തന്നെ അതിന്റെ ദൈവികതയെക്കുറിച്ച ബോധമുള്ളവരുടെ മനസ്സില്‍ ആന്ദോളനങ്ങളുളവാക്കാന്‍ പോന്നതാണ്. ആശയങ്ങളറിഞ്ഞു കേള്‍ക്കുന്നവരില്‍ അത് ചെലുത്തുന്ന സ്വാധീനം അതിനേക്കാള്‍ ശക്തമാണ്. മനുഷ്യന്റെ നിസ്സാരതയും ദൈവത്തിന്റെ മഹത്വവും ദൈവതൃപ്തിക്കായുള്ള അധ്വാനങ്ങളില്‍ മനുഷ്യന്‍ വരുത്തുന്ന അലംഭാവത്തിന്റെ ഗൗരവവും ബോധ്യപ്പെടുത്തി ജീവിതത്തെ പൂര്‍ണമായി സംസ്‌കരിക്കുവാന്‍ ശേഷിയുള്ള അതിശക്തമായ ദൈവഭയം കേള്‍വിക്കാരനില്‍ നിറയ്ക്കുകയാണ് ഓരോ ഖുർആൻ വചനവും ചെയ്യുന്നത്. സത്യവിശ്വാസികളില്‍ ഖുർആൻ ശ്രവണം ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ഖുർആൻ തന്നെ പറയുന്നതിപ്രകരമാണ്: ”അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചുനടുങ്ങുകയും അവന്റെ വചനങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.” (ക്വുര്‍ആന്‍ 8: 2). ഈ ഫലം സൃഷ്ടിക്കുന്ന ഖുർആൻ വചനങ്ങള്‍, ദൈവത്തിന്റെ ഘനഗംഭീരമായ സംസാരം, ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന അതിശക്തനായ ഒരു മലക്കില്‍നിന്ന് മനുഷ്യരുടെ കൂട്ടത്തില്‍വെച്ച് ആദ്യമായി കേള്‍ക്കുകയാണ് മുഹമ്മദ് നബി (സ). ക്വുര്‍ആന്‍ അവതരണം പ്രവാചകനെ മാനസികമായും ശാരീരികമായും വിറപ്പിച്ച അനുഭവമായിത്തീരാതിരിക്കുക പിന്നെയെങ്ങനെയാണ്? ഖുർആൻ അവതരണപ്രക്രിയയുടെ ഭാരത്തെക്കുറിച്ച് സുന്ദരമായ ഒരുപമയിലൂടെ ക്വുര്‍ആന്‍ തന്നെ വര്‍ണിക്കുന്നുണ്ട്: ”ഈ ഖുർആനിനെ നാം (അല്ലാഹു) ഒരു പര്‍വതത്തിനുമുകളില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്കുേവണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍വേണ്ടി.” (59: 21) വഹ്‌യ് പ്രവാചകനില്‍ സൃഷ്ടിച്ച വിഹ്വലത, തികച്ചും സ്വാഭാവികമായിരുന്നുവെന്നര്‍ഥം. വഹ്‌യ് ലഭിച്ച സ്ഥലവും രീതിയും മുതല്‍ അതിന്റെ ഉള്ളടക്കവും ധ്വനികളും വരെ ആ വിഹ്വലതയില്‍ പ്രതിഫലിക്കുന്നുണ്ട്; ഇത്ര വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ശാരീരിക-മാനസികാനുഭവങ്ങള്‍ സമ്മാനിക്കുന്ന ദൈവികബോധനപ്രക്രിയയെ താങ്ങാനുള്ള കരുത്ത് തനിക്കുണ്ടോ എന്ന ആവലാതി മുതല്‍ അന്തിമപ്രവാചകന്‍ എന്ന അതിഭയങ്കരമായ ഉത്തരവാദിത്തം ശിരസ്സാവഹിക്കാനുള്ള വലുപ്പം തനിക്കുണ്ടോ എന്ന ഭയപ്പാടുവരെ ആ വിറയലില്‍ പ്രതിധ്വനിക്കുന്നുണ്ട്.

ഇനി ജിബ്‌രീല്‍ പ്രവാചകന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതിനെ സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളിലേക്കു വരാം. ഗബ്രിയേല്‍ ദൂതനുമായി ആശയവിനിമയം നടത്തിയ ഏറ്റവും ശ്രദ്ധേയനായ പഴയനിയമ കഥാപാത്രം ദാനിയേല്‍ ആണ്. എന്തായിരുന്നു ദാനിയേലിന്റെ അനുഭവം? ഭാവിയെക്കുറിച്ചുള്ള ഭീഷണമായ സുചനകളുള്‍ക്കൊള്ളുന്നുവെന്ന് തോന്നിപ്പിക്കുന്ന വിചിത്രദൃശ്യങ്ങളുള്ള ഒരു ദര്‍ശനം ദാനിയേലിനുണ്ടാകുന്നു. ദര്‍ശനത്തിന്റെ ആഘാതത്തില്‍ നില്‍ക്കവെ ഗബ്രിയേല്‍ മനുഷ്യരൂപത്തില്‍ ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ബൈബിള്‍ പറയട്ടെ: ”ദാനിയേലായ ഞാന്‍ ഈ ദര്‍ശനം ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ഇതാ എന്റെ മുമ്പില്‍ മനുഷ്യരൂപമുള്ള ഒരുവന്‍ നില്‍ക്കുന്നു. ഉലായ് തീരങ്ങളില്‍നിന്ന് ഒരുവന്‍ വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു; ഗബ്രിയേല്‍, ദര്‍ശനം ഇവനെ ഗ്രഹിപ്പിക്കുക. ഞാന്‍ നിന്നിടത്തേക്ക് അവന്‍ (ഗബ്രിയേല്‍) വന്നു. അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയവിഹ്വലനായി സാഷ്ടാംഗം വീണു… അവന്‍ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മൂര്‍ഛിച്ചുവീണു. എന്നാല്‍ അവന്‍ എന്നെ തൊട്ട് എഴുന്നേല്‍പിച്ചു നിര്‍ത്തി.” (ദാനിയേല്‍ 8: 15-18) മറ്റൊരിക്കല്‍ ഗബ്രിയേല്‍ ടൈഗ്രീസ് തീരത്തുവെച്ച് ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പത്താം അധ്യായത്തിലുണ്ട്. അതിപ്രകാരം: ”ഞാന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ ചണവസ്ത്രവും ഊഫാസിലെ സ്വര്‍ണം കൊണ്ടുള്ള അരപ്പട്ടയും ധരിച്ച ഒരുവനെ കണ്ടു. അവന്റെ ശരീരം ഗോമേദകം പോലെയും മുഖം മിന്നല്‍ പോലെയും കണ്ണുകള്‍ ജ്വലിക്കുന്ന ഒരു പന്തം പോലെയും ആയിരുന്നു. അവന്റെ കൈകാലുകള്‍ മിനുക്കിയ ഓടിന്റെ ഭംഗിയുള്ളവയും സ്വരം ജനക്കൂട്ടത്തിന്റെ ഇരമ്പല്‍ പോലെയും ആയിരുന്നു. ദാനിയേലായ ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടൊപ്പമുണ്ടായിരുന്നവര്‍ അതു കണ്ടില്ല. മഹാഭീതി പിടിപെട്ട് അവര്‍ ഓടിയൊളിച്ചു. അങ്ങനെ തനിച്ചായ ഞാന്‍ ഈ മഹാദര്‍ശനം കണ്ടു; എന്റെ ശക്തി ചോര്‍ന്നുപോയി. എന്റെ മുഖം തിരിച്ചറിയാന്‍ വയ്യാത്തവിധം മാറിപ്പോയി. എന്റെ ശക്തിയറ്റു. അപ്പോള്‍ ഞാന്‍ അവന്റെ സ്വരം കേട്ടു, അവന്റെ സ്വരം ശ്രവിച്ച ഞാന്‍ പ്രജ്ഞയറ്റ് നിലം പതിച്ചു. എന്നാല്‍, ഒരു കരം എന്നെ സ്പര്‍ശിച്ചു. അവന്‍ എന്നെ എഴുന്നേല്‍പിച്ചു. വിറയലോടെയാണെങ്കിലും മുട്ടും കയ്യും ഊന്നി ഞാന്‍ നിന്നു. അവന്‍ എന്നോട് പറഞ്ഞു: ഏറ്റവും പ്രിയങ്കരനായ ദാനിയേലേ, എഴുന്നേല്‍ക്കുക. ഞാന്‍ നിന്നോട് പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. എന്നെ നിന്റെയടുത്തേക്ക് അയച്ചിരിക്കുകയാണ്. അവന്‍ ഇതുപറഞ്ഞപ്പോള്‍ ഞാന്‍ വിറയലോടെ നിവര്‍ന്നുനിന്നു.” (ദാനിയേല്‍ 10: 5 – 11). ഗബ്രിയേലുമായുള്ള മനുഷ്യമുഖാമുഖത്തെക്കുറിച്ച് ബൈബിള്‍ പുതിയ നിയമവും ഇതേദിശയിലുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. യോഹന്നാന്‍ സ്‌നാപകന്റെ പിതാവ് സെഖര്യാവിന്റെ അനുഭവങ്ങള്‍ ശ്രദ്ധിക്കുക: ”അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലതുവശത്ത് നില്‍ക്കുന്നതായി അവന് പ്രത്യക്ഷപ്പെട്ടു. അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു.” (ലൂക്കോസ് 1: 11, 12).

പൂർവ്വിക വേദഗ്രന്ഥങ്ങളെ ശരിയായ ശരിയായ രീതിയില്‍ വായിച്ചവര്‍ക്കൊന്നും മുഹമ്മദ് നബി(സ)യ്ക്ക് ഹിറാ ഗുഹയില്‍ വെച്ചുണ്ടായ വെളിപാടിനെ സാക്ഷീകരിക്കുവാനല്ലാതെ നിരാകരിക്കാന്‍ കഴിയില്ലെന്ന വസ്തുതയാണ് ഹദീഥിന്റെ അവസാന ഭാഗത്തുള്ള വറക്വത്ബ്‌നു നൗഫലിന്റെ വാചകങ്ങള്‍ തെളിയിക്കുന്നത്. ജൂത-ക്രിസ്തു ദര്‍ശനങ്ങളോട് ആഭിമുഖ്യവും അവരുടെ ഗ്രന്ഥങ്ങളില്‍ അഗാധപരിജ്ഞാനവുമുണ്ടായിരുന്ന വറക്വ, നബി(സ)യുടെ വെളിപാടനുഭവങ്ങള്‍ കേട്ടപ്പോള്‍ അത് ജിബ്‌രീല്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും നബി(സ)ക്ക് പിന്തുണ പ്രഖ്യാപിക്കുകയുമാണ് ചെയ്തതെന്ന യാഥാര്‍ത്ഥ്യം ശ്രദ്ധേയമാണ്‌. അതെ, ഖദീജ (റ) ആണയിട്ടു പറഞ്ഞതുപോലെ ബന്ധുക്കള്‍ക്കും ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും അശരണര്‍ക്കും അതിഥികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും തണല്‍മരമായി നിന്നിരുന്ന മുഹമ്മദ് (സ) എന്ന നന്മകളുടെ ഉടല്‍ രൂപത്തെ പ്രവാചകനായി നിയോഗിക്കുവാന്‍ ജിബ്‌രീല്‍ എന്ന മലക്ക് ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ഹിറാ ഗുഹയില്‍ പ്രത്യക്ഷപ്പെട്ടു; എഴുത്തോ വായനയോ അറിയാതിരുന്ന, വേദപുസ്തക പരിജ്ഞാനം അശേഷമില്ലാതിരുന്ന മുഹമ്മദ്‌ എന്ന മനുഷ്യന്റെ നാവില്‍ നിന്ന് ലോകം വിസ്മയത്തോടുകൂടി ഖുർആൻ കേട്ടത് ജിബ്‌രീല്‍ അദ്ദേഹത്തിനത് പഠിപ്പിച്ചുകൊടുത്തതുകൊണ്ടാണ്.