തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച വാഗൺ ട്രാജഡി ചുവർ ചിത്രീകരണം സമ്മർദ്ദങ്ങൾക്ക് വഴങ്ങി വേണ്ടെന്ന് വെച്ച റെയിൽവേ വകുപ്പിന്റെ തീരുമാനത്തിനെതിരിൽ പ്രതിഷേധം കനയ്ക്കുന്നു. 1921 നവംബർ പത്തിന് നാടിനും നാട്ടുകാർക്കുംവേണ്ടി ത്യാഗപൂർണ്ണമായ ചെറുത്തുനിൽപുകളിലേർപ്പെട്ട മലബാർ സമരപോരാളികളെ ഗുഡ്സ് വാഗണുകളിലടച്ച് ശ്വാസംമുട്ടിച്ചുകൊന്ന ബ്രിട്ടീഷ് പൈശാചികതയെ തുറന്നുകാണിക്കുന്നതിൽ നിന്ന് റെയിൽവേ പിന്മാറുന്നത് ആർക്കുവേണ്ടിയാണെന്ന ചോദ്യമാണ് ശക്തമായി ഉന്നയിക്കപ്പെടുന്നത്.
ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ മലബാര്‍ സമരം 1921 ഓഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ നടന്ന വെടിവെപ്പോടുകൂടിയാണ് ബ്രിട്ടീഷ്-ജന്മി വിരുദ്ധ മഹാ ചെറുത്തുനിൽപായി ആളിപ്പടർന്നത്. 1836നും 1919നും ഇടയ്ക്ക് മാപ്പിള കുടിയാന്‍മാര്‍ ഹിന്ദു ഭൂവുടമകള്‍ക്കും ബ്രിട്ടീഷ് പട്ടാളത്തിനുമെതിരെ നടത്തിയ അനേകം ചെറുസായുധ പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലവും സംഘടിതവും ദേശീയ പ്രസ്ഥാനം നേരിട്ട് പശ്ചാത്തലമൊരുക്കിയതുമായിരുന്നു 1921ലെ പോരാട്ടം.
ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ഐക്യവും ഗാന്ധിജിയുടെ നേതൃത്വവും ദേശീയ പ്രസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രതീകവും ജനകീയ സ്വഭാവമുള്ള രാഷ്ട്രീയ മുന്നേറ്റവുമാക്കി മാറ്റിയ 1920 ലെ സവിശേഷ സാഹചര്യത്തിലാണ് മലബാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടത്.
ആനീ ബസന്റിന്റെ ഹോംറൂള്‍ ലീഗ്, എം.പി നാരായണമേനോനും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ചേര്‍ന്നു രൂപീകരിച്ച മലബാര്‍ കുടിയാന്‍ സംഘം എന്നിവ നേരത്തെ തന്നെ മലബാറിലുണ്ടായിരുന്നെങ്കിലും ഖിലാഫത്ത് പ്രസ്ഥാനമാണ് മാപ്പിളമാര്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ജനകീയമാക്കിയത്. ഗാന്ധിജിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ മലബാറിലെ ഖിലാഫത്ത് യോഗങ്ങളില്‍ വന്നു പ്രസംഗിച്ചു. ആലി മുസ്‌ലിയാര്‍, കെ.എം മൗലവി, ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവരാണ് ഖിലാഫത്ത് സംഘാടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ഖിലാഫത്ത് പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്ന മാപ്പിള രാഷ്ട്രീയ ഐക്യം ഭരണകൂട മർദനങ്ങളുടെ ഫലമായി അപ്രതീക്ഷിതമായി സായുധ സംഘട്ടനത്തിലേക്ക് വഴിമാറുകയാണുണ്ടായത്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് സായുധസമരത്തിന്റെ നേതൃമുഖമായി ഉയര്‍ന്നുവന്നത്. പാണ്ടിക്കാട്ടെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാസങ്ങളോളം ഒളിപ്പോരു തുടരുകയും മലബാറില്‍ ഭരണം നടത്തുകയും സമരത്തിനെതിരായ കുപ്രചരണങ്ങള്‍ക്ക് പത്രമാധ്യമങ്ങളിലൂടെ മറുപടി നല്‍കുകയും ചെയ്ത ഹാജി വധിക്കപ്പെട്ടതോടെ മാപ്പിള ചെറുത്തുനിൽപിന്റെ മുന ഏതാണ്ട് പൂര്‍ണമായി തന്നെ ഒടിഞ്ഞുപോയി. ആലി മുസ്‌ല്യാര്‍ക്കും ബ്രിട്ടീഷുകാര്‍ വധശിക്ഷ നല്‍കുകയായിരുന്നു.
അതിഭീകരമായ ഭരണകൂട മര്‍ദ്ദനങ്ങളാണ് സമരം അടിച്ചമര്‍പ്പെട്ടതിനുശേഷം മലബാറില്‍ അഴിഞ്ഞാടിയത്. കൂട്ടക്കൊലകള്‍, കൊടിയ ജയില്‍ ശിക്ഷകള്‍, മാനഭംഗങ്ങള്‍, ദാരിദ്ര്യം- എല്ലാം ബ്രിട്ടീഷുകാര്‍ മാപ്പിളയെക്കൊണ്ടനുഭവിപ്പിച്ചു.മലപ്പുറത്തും അരീക്കോട്ടും പാണ്ടിക്കാട്ടും സ്ഥാപിക്കപ്പെട്ട എം.എസ്.പി ക്യാമ്പുകളില്‍ തമ്പടിച്ച ഗൂര്‍ഖകളും പട്ടാളക്കാരും ഗ്രാമങ്ങളില്‍ സംഹാരതാണ്ഡവം നടത്തി. വാഗണ്‍ ട്രാജഡിയുടെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത കേട്ട് രാജ്യം വിറങ്ങലിച്ചുനിന്നു. അന്തമാന്‍ സ്‌കീമീന്റെ ഭാഗമായി അനേകം കുടുംബങ്ങള്‍ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് അന്തമാന്‍ ദ്വീപുകളിലെത്തി. ഈ മാപ്പിള കുടുംബങ്ങളുടെ പിന്‍മുറക്കാര്‍ സൗത്ത് അന്തമാനിലെ സ്റ്റുവര്‍ട്ട് ഗഞ്ചിലും ബംബൂ ഫ്‌ളാറ്റിലും മണ്ണാര്‍ഗട്ടിലുമാണ് ഇപ്പോള്‍ പ്രധാനമായും അധിവസിക്കുന്നത്.