എ. പി. അബ്ദുൽ ക്വാദിർ മൗലവിയെ ഓർക്കുമ്പോൾ
26 December 2017 | Memoir
മുസ്തഫാ തന്‍വീര്‍
ആദരവുകലര്‍ന്ന ഒരകലത്തുനിന്നുമാത്രം എ.പിയുമായി ഇടപഴകിയിട്ടുള്ള ഒരു ഇസ്വ്‌ലാഹീ പുതുതലമുറക്കാരനാണ് ഈ കുറിപ്പെഴുതുന്നത്. എ.പി നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറിയായതിനുശേഷം മാത്രമാണ് എന്റെ തലമുറയിലുള്ളവര്‍ക്ക് ഇസ്വ്‌ലാഹീ രംഗത്ത് സജീവമാകാന്‍ തന്നെ സാധിച്ചത്. കെ.പി. മുഹമ്മദ് മൗലവിയുടെ കാലത്ത് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. കെ.പിയുടെ ജീവിതത്തേക്കാളേറെ എനിക്കോര്‍മയുള്ളത് അദ്ദേഹത്തിന്റെ മരണമാണ്. കെ.പി മരിച്ചതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിന്റെ ഒരുവിധമെല്ലാ താളുകളും അദ്ദേഹത്തിനുവേണ്ടി നീക്കിവെക്കപ്പെട്ടത് കൗതുകത്തോടും ആവേശത്തോടുംകൂടി നോക്കിക്കണ്ട എന്റെ ബാലമനസ്സ് നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്തിന്റെ വലുപ്പം എല്ലാ സ്‌നേഹബഹുമാനങ്ങളോടുംകൂടി അന്നുതന്നെ ഉള്‍കൊണ്ടിരുന്നു. മഹത്തായ തൗഹീദി പ്രസ്ഥാനത്തിന്റെ സാരഥ്യം കെ.പിക്കുശേഷം ഏല്‍പിക്കപ്പെട്ട എ.പിയെ അന്നുതന്നെ ഹൃദയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എ. പിയുടെ വീട്ടിലും ജാമിഅ നദ്‌വിയ്യയിലും പത്തപ്പിരിയം പള്ളിയിലുമായി മൗലവിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരുമിച്ചുകൂടിയ ജനസഹസ്രങ്ങള്‍, ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇതിഹാസ നായകനായി വളര്‍ന്ന മഹാപണ്ഡിതനോടുള്ള സാധാരണക്കാരന്റെ കൂറിനുകൂടിയാണ് അടിവരയിട്ടത്. പ്രായമായ ഒരാള്‍ അന്ന് രാത്രി എന്നോട് ഫോണില്‍ പറഞ്ഞു: ”സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ മയ്യിത്ത് നമസ്‌കാരത്തിനാണ് വമ്പന്‍ ജനബാഹുല്യം ഞാനെന്റെ കണ്ണുകൊണ്ട് കണ്ടിട്ടുള്ളത്. എ.പിക്കുവേണ്ടി നമസ്‌കരിക്കാന്‍ അതിനേക്കാള്‍ ആളുണ്ടായിരുന്നു.” അല്ലാഹുവേ, ഞങ്ങളുടെ പ്രിയപ്പെട്ട നേതാവിന് നീ പൊറുത്തുകൊടുക്കുകയും നിന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ അദ്ദേഹത്തെയും ഞങ്ങളെയും ഒരുമിച്ചുകൂട്ടുകയും ചെയ്യേണമേ (ആമീന്‍).
എ.പിയുടെ പ്രസംഗം ആദ്യമായി കേട്ടത് ഓര്‍മയിലുള്ളത് എന്റെ നാടായ അരീക്കോട്ടുവെച്ച് തന്നെയാണ്. യു. പി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അരീക്കോട് ടൗണിനോട് ചേര്‍ന്ന ഒരു മൈതാനിയില്‍ നടന്ന ഏരിയാ മുജാഹിദ് സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഉപ്പയുടെ കൂടെ പോയി കേട്ടതോര്‍ക്കുന്നു. തൗഹീദും സുന്നത്തും സമുദായ പുരോഗതിയും സ്ത്രീ വിദ്യാഭ്യാസവുമെല്ലാം കടന്നുവന്ന ഹ്രസ്വമായ ആ സംസാരം ഇന്നുമെന്റെ മനസ്സിലുണ്ട്. തൗഹീദി പ്രബോധനം പൊതുസമൂഹവുമായുള്ള ബന്ധത്തിന്റെ ഇഴകളുടയ്ക്കാതെ പതിറ്റാണ്ടുകള്‍ നിര്‍വഹിച്ച പക്വമതിയായ ഒരു മഹാപണ്ഡിതന്റെ നവോത്ഥാന ദര്‍ശനം ആ വാക്കുകളില്‍ ഉള്ളടങ്ങിയിട്ടുണ്ടായിരുന്നു. കണിശമായും കര്‍ക്കശമായും ആദര്‍ശം പ്രബോധനം ചെയ്തതോടൊപ്പം തന്നെ സമുദായത്തിന്റെ അക്ഷരവിരോധത്തിനെതിരെ പോരാടുകയും മുസ്‌ലിം പൊതുപ്രശ്‌നങ്ങളില്‍ ഇതര മുസ്‌ലിം സംഘടനാ നേതാക്കളോട് കണ്ണിചേരുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ (എം. എസ്. എഫ്) പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയും രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുകയും കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നേതാക്കളുമായി കലവറയില്ലാത്ത സൗഹൃദം മരണം വരെ കാത്തുസൂക്ഷിക്കുകയും ചെയ്ത എ.പിയെയാണല്ലോ, അദ്ദേഹത്തിന്റെ മരണാനന്തരം പലയിടങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്ര ശകലങ്ങളില്‍നിന്ന് നമ്മളെല്ലാവരും വായിച്ചെടുത്തത്! ഇസ്വ്‌ലാഹിന്റെ ദൗത്യത്തോട് സമുദായത്തോടും രാജ്യത്തോടുമുള്ള പ്രിയം മനോഹരമായി ചേര്‍ത്തുവെച്ച പൂര്‍വകാല ഇസ്വ്‌ലാഹീ നേതാക്കളുടെ ശൃംഖലയിലെ അവസാനത്തെ കണ്ണികളിലൊന്നായിരുന്നു എ.പി. നമ്മുടെ ദൗത്യം, ഇനിയുള്ള കാലത്ത്, മൗലവിക്ക് അത്രതന്നെ ഉയരമുള്ള പിന്തുടര്‍ച്ചകള്‍ സൃഷ്ടിക്കാനുള്ള പരിശ്രമം കൂടിയായിരിക്കണമെന്ന കാര്യത്തില്‍ സംശയത്തിനവകാശമുണ്ടെന്ന് തോന്നുന്നില്ല.
എ.പിയുടെ വലുപ്പവും എന്റെ ചെറുപ്പവും അറിയാവുന്നതുകൊണ്ട് അദ്ദേഹത്തെ ചെന്ന് പരിചയപ്പെടാന്‍ എനിക്കെന്നും ആശങ്കയായിരുന്നു. ഒടുവില്‍ എ.പി എന്നെ ഇങ്ങോട്ടുവന്ന് പരിചയപ്പെടുകയാണുണ്ടായത് എന്ന് ഒരു നടക്കുത്തോടെ ഇന്നുമോര്‍ക്കുന്നു. എ.പിയെ മുജാഹിദാക്കി മാറ്റിയ ഫാറൂഖ് കോളജ് കാമ്പസിന്റെ അങ്കണത്തില്‍ എം. എസ്. എം നടത്തിയ ഒരു പരിപാടിയില്‍ പ്രസംഗിക്കാന്‍ പോയപ്പോഴാണ് ഉദ്ഘാടകനായി അവിടെയുണ്ടായിരുന്ന എ.പി എന്റെ കൈ പിടിച്ച് പരിചയപ്പെട്ടത്. മൗലവിയുള്ള സ്റ്റേജില്‍ പ്രസംഗിക്കാന്‍ തന്നെ എനിക്ക് ഭയമായിരുന്നു. എന്നാല്‍ വാത്സല്യത്തോടുകൂടി എന്റെ കരം ഗ്രഹിച്ച് സംസാരിച്ച അദ്ദേഹം വിനയത്തിന്റെ ആള്‍രൂപമായി മാറി. മഹത്തുക്കള്‍ തങ്ങളുടെ വലുപ്പം സ്വയം സമ്മതിക്കാന്‍ വിസമ്മതിക്കുന്നു. തൗഹീദിന്റെ നാവായിരുന്നുവല്ലോ എ.പി. തൗഹീദിന്റെ പ്രകാശമാണ് എ.പിയെ ഇത്രമേല്‍ വിനയാന്വിതനാക്കിയതെന്ന് കാണാന്‍ പ്രയാസമില്ല.
ഒരിക്കല്‍ എന്നെ ഫോണില്‍ വിളിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. രണ്ടത്താണിയില്‍വെച്ചു നടന്ന എം. എസ്. എം സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചിറങ്ങിയ സോവനീറില്‍ വന്ന എന്റെ ഒരു ലേഖനം വായിച്ച് അഭിപ്രായം പറയാന്‍ വിളിച്ചതായിരുന്നു അദ്ദേഹം. പ്രൂഫ് റീഡിങ്ങില്‍ വന്ന പാകപ്പിഴകള്‍ കാരണം അതില്‍ വന്ന ചില അച്ചടിപ്പിശകുകള്‍ തന്റെ സ്വതസിദ്ധമായ നര്‍മത്തില്‍ ചാലിച്ചവതരിപ്പിച്ച് പൊട്ടിപ്പൊട്ടിച്ചിരിക്കുകയും ചെയ്തു അദ്ദേഹം. ആ ചിരി ഇന്നും കാതില്‍ മുഴങ്ങുന്നു. എന്നെപ്പോലൊരു ചെറിയ പയ്യന്റെ ലേഖനം എ.പിയെപ്പോലൊരു മഹാപണ്ഡിതന്‍ സൂക്ഷ്മമായി വായിക്കുകയും അഭിപ്രായങ്ങള്‍ വിളിച്ചുപറയുകയും ചെയ്തത് എന്നെ തീര്‍ത്തും ഞെട്ടിച്ചുകളഞ്ഞ സംഭവമായിരുന്നു. അത് തന്ന പ്രചോദനവും പ്രോത്സാഹനവും ചെറുതൊന്നുമായിരുന്നില്ല. അല്ലാഹുവേ, ഇസ്വ്ലാഹീ പ്രബോധനരംഗത്തെ ഓരോ പുതുനാമ്പുകളെയും വെള്ളമൊഴിച്ചും തൊട്ടുതലോടിയും വളര്‍ത്തി വലുതാക്കാന്‍ ശ്രദ്ധിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന് നീ കണക്കില്ലാതെ പ്രതിഫലം നല്‍കേണമേ (ആമീന്‍).
കോഴിക്കോട്ടു നടന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ‘നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന പ്രമേയം വിശദീകരിച്ചുകൊണ്ട് അല്‍പം ദീര്‍ഘമായ ഒരു പ്രബന്ധമെഴുതേണ്ടി വരികയും അത് പുസ്തകരൂപത്തിലാക്കാന്‍ സ്വാഗതസംഘം തീരുമാനിക്കുകയും ചെയ്തപ്പോള്‍ എഴുതിയേടത്തോളം വായിക്കാന്‍ എ.പിയടക്കമുള്ള ഉന്നത നേതാക്കളെ ഏല്‍പിച്ചിരുന്നു. വായിച്ചശേഷമുള്ള എ.പിയുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയ ദിവസമോര്‍ക്കുന്നു. ചരിത്രം വായിച്ച് അത് കടലാസില്‍ പുനരാഖ്യാനിക്കുക മാത്രം ചെയ്തിട്ടുള്ള ഞാന്‍ ആ ചരിത്രത്തിന്റെ ശില്‍പികളിലൊരാളായ എ.പിക്ക് പുസ്തകത്തെക്കുറിച്ചു പറയാനുള്ളത് കേള്‍ക്കാന്‍ അല്‍പം വിറയലോടുകൂടിയാണ് ഇരുന്നത്. ഒതായിയില്‍ വെട്ടം അബ്ദുല്ല ഹാജി നേടിയ പ്രബോധന വിജയത്തെക്കുറിച്ച് അന്ന് എ.പി ആവേശപൂര്‍വം സംസാരിച്ചു. തൗഹീദിന്റെ വിജയം എന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവല്ലോ. കഅ്ബാലയത്തിലെത്തിയ ഉടനെ കേരള മുസ്‌ലിംകള്‍ക്കുമുഴുവന്‍ തൗഹീദെത്തിച്ചുകൊടുക്കാനുള്ള കഴിവിനും അവസരത്തിനുംവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച ഗുണകാംക്ഷിയായ ആ പ്രബോധകന് ഒരു നാടു മുഴുവന്‍ തൗഹീദിന്റെ പതാക ഏറ്റുവാങ്ങിയ ഒതായിയിലെ അനുഭവത്തെ മനസ്സില്‍ താലോലിക്കാതിരിക്കാന്‍ പറ്റുമോ? അല്ലാഹുവേ, തൗഹീദി പ്രബോധന വീഥിയില്‍ അഭംഗുരം മുന്നോട്ടുകുതിക്കാന്‍ നീ ഞങ്ങളെയെല്ലാം അനുഗ്രഹിക്കേണമേ (ആമീന്‍).
ഇസ്‌ലാമിക പ്രമാണങ്ങളില്‍ ആഴത്തിലും പരപ്പിലുമുള്ള പരിജ്ഞാനമുണ്ടായിരുന്ന മഹാപണ്ഡിതനായിരുന്നു എ.പി എന്നതിന് അദ്ദേഹത്തിന്റെ വാദപ്രതിവാദങ്ങളും പുസ്തകങ്ങളും തന്നെ സാക്ഷി. എന്നാല്‍ അതോടൊപ്പം ജീവിക്കുന്ന സ്ഥലത്തെയും കാലത്തെയും സംബന്ധിച്ച സൂക്ഷ്മമായ ധാരണയുണ്ടായിരുന്ന ധിഷണാശാലി കൂടിയായിരുന്നു അദ്ദേഹം. പ്രമാണങ്ങളുടെ വെളിച്ചവും മണ്ണിന്റെ മണവും പേറിയാണ് ഓരോ വാക്കും ആ മഹാ മനീഷിയുടെ നാവില്‍നിന്നും തൂലികയില്‍നിന്നും ഉതിര്‍ന്നുവീണത്. വര്‍ത്തമാന സംഭവങ്ങളെ അപഗ്രഥിക്കുന്നതിലും നിലപാടുകള്‍ സ്വരൂപിക്കുന്നതിലും എ. പിക്കുണ്ടായിരുന്ന അനിതരമായ പാടവം ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ബൗദ്ധിക പൈതൃകം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. എ.പിയുടെ തമാശകളില്‍ മുഴുവന്‍ മൂര്‍ച്ചയുള്ള വിശകലന ശേഷിയുടെ മുദ്രകളുണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ശരീഅത്ത് വിവാദ സമയത്ത് എ.പി നടത്തിയ പ്രസംഗങ്ങളും എഴുതിയ ലേഖനങ്ങളും സമുദായത്തോടും മതത്തോടും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പുലര്‍ത്തിയ കിടയറ്റ ഒരു ബുദ്ധിജീവിയായിരുന്നു അദ്ദേഹമെന്ന് വെളിപ്പെടുത്തുന്നുണ്ട്.
ശരീഅത്ത് അപ്ലിക്കേഷന്‍ ആക്റ്റ് യഥാര്‍ത്ഥത്തില്‍ എന്താണെന്നും മുല്ലയുടെ പുസ്തകത്തിന് ഇന്‍ഡ്യന്‍ കോടതികള്‍ കല്‍പിക്കുന്ന സ്ഥാനമെന്താണെന്നും ശരീഅത്ത് അപ്ലിക്കേഷന്‍ ആക്റ്റ് പരിഷ്‌കരണത്തിനുവേണ്ടിയുള്ള മുറവിളികളുടെ രാഷ്ട്രീയമെന്താണെന്നും സമുദായത്തെ കുറ്റമറ്റ ശരീഅത്ത് പ്രയോഗവല്‍കരണത്തിലേക്ക് നയിക്കേണ്ടതെങ്ങനെയാണെന്നും അപാരമായ വ്യക്തതയോടുകൂടി ആ കാലഘട്ടത്തില്‍ വിശദീകരിച്ച എ.പിയാണ് ഇ. അഹ്മദ് സാഹിബടക്കമുള്ള പ്രഗല്‍ഭരായ മുസ്‌ലിം നേതാക്കള്‍ക്ക് പരാമൃഷ്ട വിഷയങ്ങളില്‍ കൃത്യമായ ഒരു ലൈന്‍ ഉണ്ടാക്കിക്കൊടുത്തത് എന്ന കാര്യം ഇന്ന് മുജാഹിദുകളില്‍ തന്നെ പലര്‍ക്കും അറിയില്ല. എ.പി അന്നെഴുതിയ ചില ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിന്റെ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് യാദൃഛികമായി എന്റെ ശ്രദ്ധയില്‍പെട്ടത്. അവ വായിച്ചപ്പോള്‍ എ.പി പറന്ന ആകാശം എത്രയോ വിശാലമായിരുന്നുവെന്ന് വാക്കുകള്‍കൊണ്ട് വര്‍ണിക്കാനാകാത്ത ആദരവോടുകൂടി തിരിച്ചറിയാനായി. വിവാഹപ്രായവിവാദമുണ്ടായ സമയത്ത് സ്‌നേഹസംവാദം മാസികയില്‍ എ.പിയെക്കൊണ്ട് ഒരു പ്രതികരണമെഴുതിക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയത് അങ്ങനെയാണ്. പ്രതികരണലേഖനം തയ്യാറാക്കാനായി എ.പിയുടെ വീട്ടില്‍ പോയി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയുടെ മധുരം ഇപ്പോഴും മനസ്സില്‍ അതേപടിയുണ്ട്. 2013 ഡിസംബര്‍ മാസത്തില്‍ സ്‌നേഹസംവാദം അത് പ്രസിദ്ധീകരിച്ചു. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ അഭിവന്ദ്യനായ പടനായകന്‍ അറിവിന്റെ ഒരു മഹാസാഗരമാണെന്ന് അന്ന് അദ്ദേഹത്തിന്റെ കൂടെ ചെലവഴിച്ച ഓരോ നിമിഷവും ഞാന്‍ തിരിച്ചറിയുകയായിരുന്നു.
പതിറ്റാണ്ടുകള്‍ ജ്വലിച്ചുനിന്ന വിളക്കുകാലുകള്‍ ഓരോന്നായി അണയുമ്പോള്‍ ഇരുട്ട് കനക്കാതിരിക്കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. എ. പിയില്ലാത്ത ആദ്യ സംസ്ഥാന സമ്മേളനത്തിനാണ് മുജാഹിദ് പ്രസ്ഥാനം ഒരുങ്ങുന്നത്. അല്ലാഹുവേ, ഞങ്ങളുടെ പഴയ തലമുറ ഞങ്ങളെ അനാഥരാക്കി കടന്നുപോകുമ്പോള്‍ കൂടുതല്‍ നല്ല പകരങ്ങള്‍കൊണ്ട് നീ ഞങ്ങളെ അനുഗ്രഹിക്കേണമേ (ആമീന്‍).