Reports

ചലച്ചിത്ര വ്യവസായത്തോട് വിട പറഞ്ഞു; ഇനി ആത്മീയ ജീവിതത്തിലേക്ക്

By Nasim Rahman

October 11, 2020

പണവും പ്രശസ്തിയും ആരാധകവൃന്ദവുമല്ല മനുഷ്യന്റെ യഥാർഥ ജീവിത ലക്ഷ്യമെന്ന് ഓർമ്മപ്പെടുത്തി ഒരു നടി കൂടി ആത്മീയ ജീവിതത്തിലേക്ക്. പ്രശസ്ത ഇന്ത്യൻ സിനിമ -ടെലിവിഷൻ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ സന ഖാനാണ് ചലച്ചിത്ര – വിനോദ വ്യവസായത്തോട് പൂർണമായും വിട പറഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് “ഷോബിസ്” ലൈഫിൽ നിന്ന് വിരമിക്കുകയാണെന്നും എന്നെന്നേക്കുമായി ആത്മീയ ജീവിതം തെരഞ്ഞെടുക്കുകയുമാണെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ, തന്റെ നൃത്തവീഡിയോകളും ഫോട്ടോകളും അവർ റിമൂവ് ചെയ്തു.1987 ഓഗസ്റ്റ് 21 ന് മുംബൈയിൽ ജനിച്ച സന വളരെ ചെറുപ്പം മുതലേ മോഡലിങ് – ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമായിരുന്നു. സ്നിഗ്ധമായ സ്ത്രീ ശരീരത്തിന്റെ സകല കമ്പോള സാധ്യതകളും ചൂഷണം ചെയ്യുന്ന ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമായ “താര ജീവിതം” നിരർത്ഥകമാണെന്ന തിരിച്ചറിവിലാണ് അവർ ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത്.

”എന്റെ ജീവിതത്തിലെ വളരെ നിർണായകമായ ഒരു ഘട്ടമാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി ടെലിവിഷൻ – ചലച്ചിത്ര വ്യവസായത്തിന്റെ ഭാഗമായിരുന്നു, പണവും പ്രശസ്തിയും ആരാധകവൃന്ദവും ഇക്കാലയളവിൽ എനിക്കുണ്ടായി, പക്ഷേ, കുറച്ച് ദിവസങ്ങളായി മനുഷ്യന്റെ യഥാർഥ ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. മനുഷ്യൻ ഈ ലോകത്തിലേക്ക് കടന്നു വന്നത് പണവും പ്രശസ്തിയും നേടാനാണോ? നമുക്ക് ചുറ്റുമുള്ള ആലംബഹീനരായ മനുഷ്യരെ ചേർത്തു പിടിക്കേണ്ടത് ഓരോരുത്തരുടെയും കടമയല്ലേ? മരണത്തിനു ശേഷം എന്ത് സംഭവിക്കും ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.എന്റെ മതത്തിൽ നിന്നു തന്നെ എനിക്ക് ഉത്തരം ലഭിച്ചു, മരണാനന്തര ജീവിതം നന്നാക്കിത്തീർക്കാനുള്ള ഒരു ഇടം മാത്രമാണ് ഈ ജീവിതമെന്നും, സ്രഷ്ടാവിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചും മനുഷ്യരെ സേവിച്ചുകൊണ്ടുമുള്ള പാപമുക്തമായ ജീവിതമാണ് നാം നയിക്കേണ്ടത്, അതിനാൽ ഇനി മുതൽ ചലച്ചിത്ര- വിനോദ വ്യവസായത്തിൽ നിന്നും എന്നെന്നേക്കുമായി വിരമിച്ച്, സ്രഷ്ടാവിന്റെ പാത തെരഞ്ഞെടുക്കാൻ തീരുമാനിച്ചതായും സന ലോകത്തോട് പറഞ്ഞു. തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കാനും ശിഷ്ടകാലം മുഴുവനും അവന്റെ കല്പനയ്ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും സാധിക്കാൻ പ്രാർഥിക്കാനും ആവശ്യപ്പെട്ടു. ഇനി മുതൽ ചലച്ചിത്ര വ്യവസായത്തിന്റെ ഭാഗമായി തന്നെ ആരും കാണരുതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം സൈറ വസീം എന്ന പ്രമുഖ നടിയും ‘ഗ്ലാമറസ് ലൈഫ്’ പൂർണമായും ഉപേക്ഷിച്ച് ആത്മീയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു.