Logo

 

“കോൺഗ്രസുകാരൻ, മുസ്‌ലിം: അരനൂറ്റാണ്ടിന്റെ വഴിയും നിശ്ചയങ്ങളും”

22 January 2019 | Interview

By

കെ.കെ കൊച്ചുമുഹമ്മദ്‌ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശ്രദ്ധേയമായ മുസ്ലിം മുഖവും ഒന്നര ദശാബ്ദത്തോളമായി കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാനുമാണ് കെ.കെ കൊച്ചുമുഹമ്മദ്. എൺപതുകളിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ജി.കാർത്തികേയന്റേയും രമേശ് ചെന്നിത്തലയുടെയും കൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഖജാൻജി സ്ഥാനത്തിരുന്നിട്ടുള്ള അദ്ദേഹം തന്റെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കണിശമായ മതബോധവും പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തനവും ഉജ്ജ്വലമായ പ്രസംഗപാടവവും കൊണ്ട് സർവ്വസ്വീകാര്യനാണ് കൊച്ചുമുഹമ്മദ്. മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും സമൂഹ മൈത്രിയുടെ കാവലാളുമായ അദ്ദേഹം നിലപാടുകളിലെ വ്യക്തതകൊണ്ട് കാലത്തിന്റെ അനിവാര്യതയാവുകയാണ്. അരനൂറ്റാണ്ടിലേറെ പിന്നിട്ട പാർട്ടി പ്രവർത്തനത്തിന്റെ തഴക്കത്തിൽ നിന്നുകൊണ്ട് അദ്ദേഹം മില്ലിറിപ്പോർട്ടിനോട് മനസ്സ് തുറന്നതിന്റെ പ്രസക്ത ഭാഗങ്ങൾ…

-കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിലേക്ക് കടന്നു വന്നത് എങ്ങനെയാണ് ?

/വിദ്യാർത്ഥി കാലഘട്ടത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം നേതൃത്വത്തിലൂടെയാണ് പൊതുരംഗത്ത് തുടക്കം. തുടക്കകാലത്ത് സാമൂഹ്യ അനീതികൾക്കെതിരെയുള്ള മനോഭാവവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും പുലർത്തിക്കൊണ്ടാണ് കടന്നുവന്നത്. മനുഷ്യർക്കിടയിലുള്ള ഉച്ഛനീചത്വങ്ങൾ പൊടുന്നനെ ഇല്ലായ്മ ചെയ്യുവാനുള്ള സാധ്യതയായാണ് സോഷ്യലിസത്തെ കണ്ടിരുന്നത്. എന്നാൽ 55 കൊല്ലത്തോളമുള്ള എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ അന്നത്തെ ചില പ്രതീക്ഷകൾ അപ്രായോഗികമാണ് എന്ന തിരിച്ചറിവ് ഇപ്പോഴുണ്ട്. ഇന്ത്യയെപ്പോലെ വ്യത്യസ്ത ജാതിമത ആചാരങ്ങൾ നിലകൊള്ളുന്ന ഒരു രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസു പോലെ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന രാഷ്ട്രീയ ദർശനത്തിന്റെ ഭാഗമായി നിൽക്കാനാണ് ഞാൻ താല്പര്യപ്പെട്ടത്. നാട്ടിലെ പാർട്ടിപ്രവത്തനങ്ങളിലും പാർട്ടി ഭാരവാഹിത്വത്തിലുമൊക്കെ തുടങ്ങി പതുക്കെ പതുക്കെ പ്രവർത്തനങ്ങളിലെ സജീവത വഴി എൺപതുകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഖജാൻജി സ്ഥാനത്തും എത്തുകയുണ്ടായി.

-കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവും പ്രമുഖ മുസ്ലിം മുഖവുമാണ് താങ്കൾ. കൂടാതെ വെള്ളിയാഴ്ച പള്ളിയിലെ ഖുതുബ നിർവഹിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാളുകൂടിയാണ്. താങ്കളുടെ മതവിശ്വാസവും കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ അനുഭവങ്ങൾ എങ്ങനെയാണ് ?

/ഞാൻ പൊതുരംഗത്ത് വരുന്ന കാലം മുതൽ പൂർണമായും മതവിശ്വാസം പുലർത്തിയിരുന്ന ജീവിതപ്രകൃതമാണ് ഉണ്ടായിരുന്നത്. ബഹുഭൂരിപക്ഷം വരുന്ന ഇതര മത വിഭാഗങ്ങൾക്കിടയിൽ മുസ്ലിം ആദർശവും ആചാരങ്ങളും നിലനിർത്തികൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിക്കുക എന്നത് ശ്രമിച്ചാൽ തീർത്തും സാധ്യമാണെന്നും, അതാണ് ഉത്തമമായ പൊതുപ്രവർത്തന രീതിയെന്നുമാണ് ഞാൻ മനസിലാക്കുന്നത്. അതിന് പൊതുരംഗത്ത് നിരവധി മാതൃകകൾ നമുക്കുണ്ട്. മൗലാനാ അബുൽ കലാം ആസാദും വക്കം അബ്ദുൽഖാദർ മൗലവിയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ഇ.മൊയ്തു മൗലവിയുമെല്ലാം ആ വഴി സ്വീകരിച്ചവരും പ്രയോവഗത്ക്കരിച്ചവരുമാണ്. ഇക്കാര്യത്തിൽ ഇന്ത്യയിലെ ഉത്തമ ഉദാഹരണം മൗലാനാ അബുൽ കലാം ആസാദാണ്. നമ്മളെ അടിമകളെപ്പോലെ ചൂഷണം ചെയ്തിരുന്ന വിദേശികളെ തുരത്താൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടാവുകയും എ.ഐ.സി.സി പ്രസിഡണ്ട് സ്ഥാനം നിരവധി തവണ വഹിക്കുകയും സ്വതന്ത്ര ഇന്ത്യക്ക് തന്റെ ഭരണ നൈപുണ്യം കൊണ്ട് പുരോഗതിയുടെ അടിത്തറപാകുകയും പരിശുദ്ധ ഖുർആനിന് വിഖ്യാതമായ പരിഭാഷ രചിക്കുകയും എല്ലാം ചെയ്തുകൊണ്ടാണ് മൗലാനാ ആസാദ് ജീവിച്ചത്.

പ്രവാചകന്റെ ജീവിതകാലത്ത് മദീന രാഷ്ട്രത്തിൽ നിലവിലുണ്ടായിരുന്നതാണ് മദീന ചാർട്ടർ എന്ന ആധികാരിക രേഖ. ഒരു രാഷ്ടത്തിന്റെ ബഹുത്വത്തിൽ എങ്ങിനെ ഇടപഴകണമെന്നും ഇതര മതവിഭാഗങ്ങളുമായി ചേർന്ന് മുസ്ലിങ്ങൾ എങ്ങിനെ ജീവിച്ചുപോകണമെന്നും വ്യക്തമായ കാഴ്ചപ്പാട് പഠിപ്പിക്കുന്ന മാതൃകാപരമായ രീതി അതുകൊണ്ടുതന്നെ മുസ്ലിങ്ങൾക്കുണ്ട്. വിശ്വാസ മൂല്യങ്ങൾക്കപ്പുറം വ്യക്തിപരമായ താത്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുമ്പോൾ സംഭവിക്കുന്ന അപചയങ്ങൾ രാഷ്ട്രീയത്തിലും സ്വാഭാവികമാണ്. നേരെത്തെ പറഞ്ഞ നേതാക്കൾക്ക് വ്യക്തി താത്പര്യങ്ങളെക്കാളുപരി രാജ്യതാത്പര്യങ്ങളാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ കാഴ്ചപ്പാടുകൾ അന്നത്തെ കോൺഗ്രസിന്റെ നേതൃത്വം വളരെ വിലപ്പെട്ടതായാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് അധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതിന്റെ പങ്കുപറ്റുന്നതിനു വേണ്ടിയിട്ടുള്ള തീക്ഷ്ണമായ ആഗ്രഹവും സന്ധിചെയ്യലുമൊക്കെ വരുമ്പോഴാണ് പ്രയാസങ്ങൾ ഉടലെടുക്കുന്നത്. ഇസ്ലാമിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ ജീവിതം എന്നത് ഹൃസ്വമായ ഒരു പരീക്ഷണമാണ്. അന്തിമവിജയമായ പരലോകവിജയത്തിനുവേണ്ട പ്രവർത്തനങ്ങളാണ് മനുഷ്യജീവിതം കൊണ്ട് ചെയ്തുതീർക്കേണ്ടത്. രാഷ്ട്രീയ ജീവിതമോ സാമൂഹിക ജീവിതമോ അതിൽ നിന്ന് മാറ്റി നിർത്തേണ്ടതല്ല. അതുകൊണ്ടുതന്നെ മതപ്രസംഗമായാലും രാഷ്ട്രീയ പ്രസംഗമായാലും സാമൂഹിക ഇടപെടലുകളാണെങ്കിലും ഭരണനേതൃത്വം കയ്യാളുകയാണെങ്കിലും ലക്‌ഷ്യം പരലോകവിജയമാണ്. ആ കാഴ്ചപ്പാടിൽ നിന്ന് അകന്നു പോകുമ്പോൾ ദോഷം ഉണ്ടാവുകയും ചെയ്യും.

ഒരു മതവിശ്വാസി എന്ന നിലയിൽ ഇന്ത്യയുടെ മൊത്തം പുരോഗതിക്ക് എല്ലാ മനുഷ്യരും ഒരുമിച്ച് പ്രയത്നിക്കുമ്പോൾ അതിന്റെ ഒരു ഭാഗമായി നിൽക്കാനും അതോടൊപ്പം തന്നെ ഇസ്ലാമിക മതവിശ്വാസം ചോർന്നു പോകാതെ സംരക്ഷിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ കഴിയും എന്നാണ് എന്റെ അറിവും അനുഭവവും.

-അരനൂറ്റാണ്ട് പിന്നിടുന്ന കോൺഗ്രസ്സ് പ്രവർത്തനകാലത്തിൽ ഓർക്കുന്ന നേതാക്കൾ?

/ഞാനേതുകാലത്തും ഇന്ദിര ഗാന്ധിയുടെ പ്രവർത്തനശൈലിയോട് താദാത്മ്യം പ്രാപിച്ച് പ്രവർത്തിക്കാൻ ഇഷ്ട്ടപ്പെട്ടിരുന്നു. പാവപ്പെട്ടവരോട് കൂറ് പ്രഖ്യാപിച്ചു കൊണ്ട് പാവപ്പെട്ടവർക്ക് ലഭിക്കേണ്ട നീതി പരമാവധി നൽകണമെന്ന കാഴ്ചപ്പാടിലുള്ള ഒരു പ്രവർത്തന ശൈലിയായിരുന്നു അവരുടേത് എന്നതുകൊണ്ടാണ് അത്‌. തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ചായ്‌വ് പാവപ്പെട്ട ജനവിഭാഗങ്ങളുടെ സംരക്ഷണം എന്ന താത്പര്യത്തോടാണ്‌ ഉണ്ടായിട്ടുള്ളത്. ഒരു ജനാധിപത്യ സംവിധാനത്തിൽ, കൈകൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം വളരെ പ്രയോജനകരമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായാലും ഈ സമീപനം ജനങ്ങൾക്ക് ഗുണകരമാകാൻ കാരണമാകുന്ന തരത്തിൽ വിട്ടുവീഴ്‍ചയില്ലാതെ പ്രവർത്തിച്ച മികച്ച ഭരണാധികാരിയാണ് ഇന്ദിര ഗാന്ധി.

മറ്റൊരാൾ ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന കെ.കരുണാകരനാണ്. ഒരു ഭരണാധികാരിയെന്ന നിലയിൽ തീരുമാനങ്ങളെടുക്കാനും അത് ചടുലമായി പ്രാവർത്തികമാക്കി, ലക്ഷ്യത്തിലെത്തുന്നുന്നതിന് ഇത്രയേറെ പ്രാഗത്ഭ്യത്തോടെ ഭരണചക്രം തിരിക്കാനും കഴിയുന്ന മറ്റൊരാളെ കണ്ടിട്ടില്ല. കരുണാകരനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകതയുള്ളത് ഒരു പൂർണ്ണ ദൈവവിശ്വാസിയാണെന്നുള്ളതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിശാലമായ ക്യാൻവാസാണ് ഇവിടെയും പ്രകടമാകുന്നത്. എല്ലാ മലയാളമാസവും ഒന്നാം തിയതി ഗുരുവായൂർ അമ്പലത്തിൽ പോയിരുന്ന കരുണാകരന് അഞ്ചു നേരം നിസ്‌ക്കരിക്കുന്ന മുസ്ലിമിനോടും പള്ളിയിൽ പോകുന്ന ക്രൈസ്തവനോടും സുദൃഢമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

-കോൺഗ്രസിന്റെ ബഹുസ്വരമായ ഉള്ളക്കടവും എല്ലാവിഭാഗം ജനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്ന പ്രതലവുമുണ്ടെന്ന് താങ്കൾ പറയുമ്പോഴും കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി കെപിസിസി യുടെ ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാൻ കൂടിയാണ് താങ്കൾ. സ്വാഭാവികമായി ഉണ്ടാകുന്ന സംശയമാണ്, കോൺഗ്രസ് പോലൊരു സംഘടനയിൽ എന്തിനാണൊരു ന്യൂനപക്ഷ വകുപ്പ്?

/ശ്രീമതി സോണിയാഗാന്ധിയുടെ നേതൃത്വമാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേക നേതൃനിര ഉണ്ടാക്കാൻ തീരുമാനിച്ചുകൊണ്ട് ദേശീയ തലത്തിൽ പോഷക ഘടകമായി ന്യൂനപക്ഷ വിഭാഗം രൂപീകരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എ.ർ.ആന്തുലെ ആയിരുന്നു ഞാൻ വരുമ്പോൾ ദേശീയ ചെയർമാൻ. അതിനു മുൻപ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി അർജുൻ സിംഗ് ആയിരുന്നു. വളരെ പ്രാധാന്യത്തോടു കൂടി ഇങ്ങനെയൊരു ഘടകം പാർട്ടി നേതൃത്വം രൂപീകരിച്ചത് പ്രത്യേകമായ ലക്ഷ്യങ്ങളോടെയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി മുതലായവർക്ക്, ബഹുഭൂരിപക്ഷം വരുന്ന മറ്റു വിഭാഗങ്ങളുമൊന്നിച്ച് രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുമ്പോൾ ഭൂരിപക്ഷ താത്പര്യപ്രകാരമുള്ള തീരുമാനങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രയാസങ്ങൾ ഉന്നയിക്കാനും പരിഹരിക്കാനുമുള്ള പാർട്ടിയുടെ വേദിയാണ് ന്യൂനപക്ഷ ഘടകം. ദേശീയ കാഴചപ്പാടോടെ എല്ലാവരെയും ഉൾക്കൊണ്ട് എല്ലാവർക്കും നീതികിട്ടണമെന്നും ഓരോ വിഭാഗത്തിനും അവരവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടണമെന്നുമുള്ള താത്പര്യമാണ് ഇതിനു പിന്നിൽ. ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങൾ അനുവദിച്ച് കൊടുക്കുകയും അവരിൽ നിന്ന് ഭരണപ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് ഇന്ത്യപോലൊരു രാജ്യത്ത് അനിവാര്യമാണ്. ദേശീയധാരയിൽ നിന്ന് അകലാതെ ന്യൂനപക്ഷങ്ങൾക്ക് പാർട്ടിയിൽ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയൊരുക്കുകയും അത് വഴി ന്യൂപക്ഷവിഭാഗങ്ങളെയും ഒരുമിച്ച് ചേർത്തുള്ള പ്രയാണത്തിന് കരുത്തേകുകയും ചെയ്യേണ്ടതുണ്ടെന്ന ദൃഢബോധ്യത്തിൽ നിന്നാണ്‌ പാർട്ടി ന്യൂനപക്ഷ ഘടകം രൂപീകരിച്ചത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൻമോഹൻസിംഗ് ഗവൺമെന്റ് കൊണ്ടുവന്ന പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുന്നതിൽ രാജ്യമാകെ കോൺഗ്രസ് ന്യൂപക്ഷ ഘടകം വളരെയേറെ പ്രവർത്തിച്ചിട്ടുണ്ട്.

-ഇന്ന് രാജ്യത്തെ വിഭജിക്കാനും ബഹുസ്വരതയെ തകർക്കാനുമൊക്കെ ശ്രമിക്കുന്ന ശക്തികൾക്ക് തടസ്സമായി, വൈവിധ്യങ്ങളിലും ഒരുമിച്ച് നിൽക്കുന്നവർക്ക് സംരക്ഷണ കവചമായി നിൽക്കുന്നത് നമ്മുടെ ഭരണഘടനയാണ്. ഇത്തരം ഒരു ഭരണഘടന രാജ്യത്തിന് സമ്മാനിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ഭരണഘടനയെ തകർക്കാനും അന്തസത്ത മാറ്റിമറിക്കാനും സംഘപരിവാർ നടത്തുന്ന ശ്രമങ്ങളെ എങ്ങിനെ കാണുന്നു?

/ വിഭജനാനന്തരം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണം എന്ന് പലർക്കും താത്പര്യമുണ്ടായിരുന്നു. എന്നാൽ ഇൻഡ്യ എല്ലാ മത-ജാതികളെയും ഉൾക്കൊള്ളുന്ന ഒരു ബഹുസ്വര രാഷ്ട്രമാകണമെന്ന ആശയമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. ന്യൂനപക്ഷങ്ങൾക്ക് അവരുടെ മത-ഭൗതികപരിരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ഭരണഘടനയിൽ വകുപ്പുകൾ ചേർത്ത് കോൺഗ്രസ് സുരക്ഷിതത്വം കൊടുത്തു. എന്നാൽ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് വളരെ വൈകാരികമായി സംസാരിക്കുന്ന പലരും ഇത്തരം ഭരണഘടനാപരമായ അവകാശങ്ങൾ എഴുതിച്ചേർത്ത കോൺഗ്രസിനെ ഇന്ന് മറക്കുകയാണ്. അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ബഹുസ്വരമായ മതേതര കാഴ്ചപ്പാടുള്ള കോൺഗ്രസ് പാർട്ടിയിൽ ന്യൂനപക്ഷങ്ങൾ ശക്തമായി അണിനിരക്കണം. ഭരണഘടന എന്തുവിലകൊടുത്തും സംരക്ഷിയ്ക്കപ്പെടേണ്ടത് ഇന്ത്യയുടെ ആത്മാവിന്റെ നിലനിപ്പിന് ആവശ്യമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് എന്ത് കുറവുകൾ പറഞ്ഞാലും ഇത്തരം ഒരു ഭരണഘടന രൂപീകരിച്ച് രാജ്യത്തിൻറെ പ്രയാണത്തിനുള്ള അടിസ്ഥാന രേഖയാക്കിയ കോൺഗ്രസിനോട് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് കടപ്പാടുണ്ട്.

-കേരളത്തിന്റെ രാഷ്ട്രീയത്തിലേക്ക് വന്നാൽ, കാലങ്ങളായി ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടികളും കമ്മ്യൂണിസ്റ്റ് ഭരണവുമുണ്ട്. നമ്മുടെ സമൂഹത്തിലും പൊതുമണ്ഡലത്തിലുമൊക്കെ കമ്യൂണിസത്തിന് നിഷേധിക്കാൻ കഴിയാത്ത സ്വാധീനവുമുണ്ട്. മതവിശ്വാസം ജീവിതത്തിൽ ഗൗരവമായി പുലർത്തുന്നവർക്ക് എത്രത്തോളം സ്വീകരിക്കാൻ കഴിയുന്നതാണ് കമ്മ്യൂണിസം?

/ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു മതവിശ്വാസിക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റാകാൻ കഴിയില്ല, ഒരു കമ്മ്യൂണിസ്റ്റിന്‌ ഒരിക്കലും മതവിശ്വാസിയാകാനും കഴിയില്ല. മതവിശ്വാസത്തെക്കുറിച്ചോ കമ്മ്യൂണിസത്തെക്കുറിച്ചോ അറിവില്ലാത്തത്കൊണ്ട് ധാരാളം വിശ്വാസികളെ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ കാണാം എന്നത് വസ്തുതയാണ്. സാഹചര്യങ്ങൾ വിലയിരുത്തി, സാമ്പത്തികാഴ്ചപ്പാടുകൾ വിലയിരുത്തി, പ്രശ്നങ്ങളോടുള്ള സമീപനങ്ങൾ വിലയിരുത്തിയൊക്കെ സാധാരണ ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അകത്തളങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. അവരൊന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പഠിച്ച് മനസിലാക്കി വന്നവരായിരിക്കില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ദർശനം തന്നെ ദൈവത്തെയും സൃഷ്ടിപ്പിനെയും അടിമുടി നിരാകരിക്കുന്നതാണ്. പ്രപഞ്ചം ഉണ്ടായതുതൊട്ടുള്ള കാഴ്ചപ്പാടുകൾ എടുത്താൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും മതവിശ്വാസിയും രണ്ടു തട്ടിലാണ്. “We will grapple with God. We will conquer him in the highest heavens and wherever he seeks refuge, we will subdue him forever” എന്നാണ് VI ലെനിൻ പറഞ്ഞിട്ടുള്ളത്. “മാർക്സിസ്റ്റുകാരൻ ഭൗതികവാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു” എന്ന് സാംസ്‌കാരിക വിപ്ലവം, മതം, മാർക്സിസം എന്ന പുസ്തകത്തിൽ പേജ് 59ൽ ഇ.എം.എസ് നമ്പൂതിരിപ്പാട് പറയുന്നു. “നാം മതത്തോട് ഏറ്റുമുട്ടണം. അതാണ് ഭൗതികവാദത്തിന്റെയും തത്‍ഫലമായി മാർക്സിസത്തിന്റെയും ഹരിശ്രീ” എന്നും ഇ.എം.എസ് മറ്റൊരിക്കൽ പറയുന്നു. “ഏതു മാർക്സിസ്റ്റ് പാർട്ടിയും ആധാരമാക്കുന്നത് വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ്. ഈശ്വരൻ ഇല്ലാത്തത്കൊണ്ട് വ്യക്തികൾക്ക് ഈശ്വരവിശ്വാസം ആവിശ്യമില്ലെന്നാണ് ആ ദർശനത്തിന്റെ കണ്ടെത്തൽ. അതിനുവേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. അതിനാൽ അതിലെ അംഗങ്ങൾ മതവിശ്വാസികളാകരുത്.” എന്ന് 2004 ജൂണിലെ ചിന്തയിൽ V. S അച്യുതാനന്ദൻ.

കമ്മ്യൂണിസത്തിന്റെ ആധികാരിക പണ്ഡിതരും ഗ്രന്ഥങ്ങളും വളരെ സ്പഷ്ടമായി മതവിരോധവും ദൈവവിരോധവും അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതൊന്നും പുറത്തറിയുന്ന വിധം പറയാൻ ഇവിടെ കമ്മ്യൂണിസ്റ്റ്കൾക്ക് ഇന്ന് കഴിയില്ല. പാർട്ടിയുടെ ബഹുജന പങ്കാളിത്തത്തിനും ജനാധിപത്യ ബലത്തിനും വേണ്ടി അവർ മുഖം മൂടി അണിഞ്ഞാണ് പ്രവർത്തിക്കുന്നത്. പ്രകടമായി മതവിശ്വാസം പുലർത്തിയവരെ കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണുരുട്ടി പേടിപ്പിക്കുന്നത് നമ്മൾ പലതവണ കണ്ടതല്ലേ. കമ്മ്യൂസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇസ്ലാമിക ലോകത്തെ പണ്ഡിതർ സുവ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്, ഒരു മതവിശ്വാസിക്ക് ഒരിക്കലും സാധ്യമല്ല.

-ന്യൂനപക്ഷ സംരക്ഷകരായിക്കൊണ്ട് കമ്മ്യൂണിസ്റ്റുകൾ ഈ കാലഘട്ടത്തിൽ ഉന്നയിക്കുന്ന അവകാശവാദമാണ്‌ ബിജെപിയെ നേരിടാനുള്ള ശേഷി തങ്ങൾക്കാണെന്നുള്ളത്, അതുപോലെ ഇവിടുത്തെ നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ട് ശബരിമല ഉൾപ്പെടെയുള്ള നിലപാടലുകൾ. ഇതിനെക്കുറിച്ചുള്ള അഭിപ്രായം?

/കേരളം തന്നെ എടുത്താൽ മതി. ബിജെപിയെ, RSSനെ നേരിടാൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിയുമെങ്കിൽ ഇവിടെ ബിജെപി ഇല്ലാതാകണമായിരുന്നു. എന്നാൽ കാലം കൊണ്ട് അവർ ശക്തിപ്പെടുകയാണ് ചെയ്തത്. ആ പ്രവർത്തനശൈലി തെറ്റാണെന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാം. ഒരിക്കലും അക്രമപ്രവർത്തനങ്ങൾകൊണ്ട് ഫാഷിസത്തെ ഇല്ലാതാക്കാൻ കഴിയില്ല. ജനാധിപത്യത്തിൽ അതിന് ഏറ്റവും ഫലപ്രദമായ മാർഗം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി പഠിപ്പിച്ച മാർഗമാണ്. മതപരമായ വീക്ഷണത്തിലും ആ മാർഗമാണ് അനുഗുണമായത്. ആശയപരമായി മനുഷ്യരുടെ ഉള്ളറകളിലേക്കിറങ്ങി തെറ്റിനെ ബോധ്യപ്പെടുത്തികൊണ്ട് നടത്തേണ്ട പരിവർത്തനമാണത്. ഇവിടെ അധികാരം നിലനിർത്താൻ വേണ്ടിയും സംഘടനാ ശക്ക്തി വർധിപ്പിക്കുന്നതിനും വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചതാണീ അക്രമമാർഗ്ഗം. ആ സമീപനം കൊണ്ട് ബിജെപി ഇവിടെ വളർന്നിട്ടേയുള്ളൂ. മാർക്സിസ്റ്റ് ഗ്രാമങ്ങളിലെ പാർട്ടി സ്വേഛാധിപത്യം കാരണം ശ്വാസംമുട്ടി ജീവിക്കുന്ന മനുഷ്യർ നിർബന്ധ സാഹചര്യങ്ങളിൽ അതിനെ നേരിടാൻ പറ്റുന്ന മറ്റു ക്യാമ്പുകളിൽ ചേക്കേറുന്നു, അതുവഴി തീവ്ര ചിന്താഗതിയുള്ള കൂട്ടായ്മകൾ രൂപപ്പെടുന്നു, ശക്തിപ്പെടുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും ശക്തമായ കണ്ണൂരിൽ തന്നെയാണ് ബിജെപി ക്കും ശക്തിയുള്ളത്. മാർക്സിസ്റ്റ് പാർട്ടിയുടെ അക്രമത്തെ അതേ നാണയത്തിൽ നേരിടാത്തതുകൊണ്ട് കോൺഗ്രസിനെ ആശ്രയിക്കാതെ ബിജെപി യിലേക്കോ അക്രമം പ്രോത്സാഹിപ്പിക്കുന്ന തീവ്രചിന്താഗതിയുള്ള വിഭാഗങ്ങളിലേക്കോ പോകുന്നവരുണ്ട്. കോൺഗ്രസിന് അതുകൊണ്ട് ക്ഷീണമുണ്ടാകാം, പക്ഷെ അത് വഴി നടക്കുന്നത് നാട്ടിൽ അരാജകത്വം മാത്രമാണ്. അതിനാൽ ന്യൂനപക്ഷസംരക്ഷകരെന്ന കമ്മ്യൂണിസ്റ്റ് വാദം തീർത്തും തെറ്റാണ്.

മറ്റൊരു കാര്യമാണ് നവോത്ഥാനത്തിലെ പങ്കും ശബരിമല പോലുള്ള വിഷയങ്ങളും. കേരളത്തിന്റെ നവോത്ഥാനവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബന്ധമൊന്നുമില്ല. 1939 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപീകരിക്കുന്നത്. ഇവിടുത്ത പ്രധാന സംഭവങ്ങളായിരുന്നു 1924ലെ വൈക്കം സത്യാഗ്രഹവും 1931ലെ ഗുരുവായൂർ സത്യാഗ്രഹവും. എന്നാൽ അന്നിവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയില്ല. പിന്നെ കമ്മ്യൂണിസ്റ്റുകൾ കൂടി ജീവിക്കുന്നൊരു രാജ്യത്ത് സാമൂഹ്യമാറ്റങ്ങൾ വരുമ്പോൾ അവർക്ക് അവരുടേതായ പങ്കുണ്ടായിട്ടുണ്ടാകാം.
ശബരിമല ദർശനത്തിന്റെ കാര്യത്തിൽ തന്നെ, യുവതീപ്രവേശനം വിലക്കുന്നത് മതാചാരത്തിന്റെ ഭാഗമാണ്. അത് ശരിയല്ലെന്ന് കരുതുന്നവരുണ്ടാകാം. പക്ഷെ ഓരോ മതത്തിന്റെയും ആചാരങ്ങൾ തീരുമാനിക്കേണ്ടത് അതാത് മതങ്ങളാണ്.

ദൈവബോധം തന്നെയില്ലാത്ത കമ്മ്യൂണിസ്റ്റുകൾക്ക് എന്താണ് മതാചാരങ്ങളിൽ കാര്യം? ചൂഷണങ്ങളിൽ നിന്ന് മുക്തമാക്കി മതത്തിനെ തനിമയോടെ നിലനിർത്തുന്നത് ആ മതവിഭാഗത്തിൽ നിന്ന് തന്നെയുണ്ടാകേണ്ട പരിഷ്കരണ ശ്രമങ്ങൾ വഴിക്കാണ്‌, അല്ലാതെ നിയമം വഴിയോ ഭരണാധികാരിയുടെ നിർബന്ധം വഴിയോ അല്ല . ലിംഗസമത്വമെന്ന ആശയം യുക്തിദീക്ഷയില്ലാതെ എവിടെയും തീർപ്പുകൽപ്പിക്കാൻ പ്രയോഗിച്ചാൽ നാട്ടിൽ അപകടകരമായ അവസ്ഥയാണ് ഉണ്ടാകുക. മതത്തിന് പുറത്തുള്ളവർ അതേറ്റെടുക്കാൻ വരുമ്പോൾ മതപരമായ സംഘട്ടനത്തിലേക്കും സാമുദായിക സംഘർഷത്തിലേക്കും അത് വഴിമാറും.

-കഴിഞ്ഞ അഞ്ചുവർഷത്തോളമായുള്ള ബിജെപി ഭരണത്തിൽ വലിയ അരക്ഷിതാവസ്ഥയും അസഹിഷ്ണുതയുമാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നത്. സാമുദായികമായ വിഭജനത്തിൽ കവിഞ്ഞ് സാമ്പത്തികമായ പരിഷ്കാരങ്ങൾ പോലും പലപ്പോഴും ഉണ്ടായി. എങ്ങനെയാണ് അതൊക്കെ വിലയിരുത്തുന്നത്?

/സാമുദായികമായ വിഭജനം RSS ആശയത്തിന്റെ ഉള്ളടക്കമാണ്. അതുകൊണ്ടവർ മനുഷ്യരെ ഭിന്നിപ്പിക്കും എന്നത് സ്വാഭാവികമാണ്. എന്നാൽ കേന്ദ്ര ഭരണം ലോകത്തെ പല ഫാഷിസ്റ്റ് ഭരണാധികാരികളും ചെയ്തതിന്റെ ആവർത്തനമാണ്. ഒരു രാജ്യത്ത് ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന് പതുക്കെ പതുക്കെ എങ്ങിനെ ഫാഷിസം നടപ്പിലാക്കാമെന്നതിന്റെ പ്രകടമായ പതിപ്പാണ് നരേന്ദ്ര മോഡി. സാമുദായിക വിഭജനത്തിനൊപ്പം സാമ്പത്തിക വിഭജനവുമുണ്ടെന്ന് ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തിക പരിഷ്ക്കാരങ്ങൾ സാധാരണക്കാരന്റെ നടുവൊടിക്കുന്നു. കോടിക്കണക്കായ രാജ്യസമ്പത്ത് ഏതാനും ചിലർക്കായി തീറെഴുതിക്കൊടുത്തിരിക്കുന്നു.

ചരിത്രത്തിൽ വിദേശികൾ വന്ന് നമ്മുടെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ടുപോയതായി നമ്മൾ വായിച്ചിട്ടുണ്ട്. അത് കൊള്ളയാണെന്ന് പറഞ്ഞിട്ടുമുണ്ട്. ഒരു പറ്റം ആളുകൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ബാങ്കുകളിൽ നിന്ന് കോടാനുകോടി രൂപ വായ്പയെടുത്തു കൊണ്ടുപോകുകയും അത് തിരിച്ചടക്കാതിരിക്കുകയും നാട്ടിൽനിന്ന് കടന്നുകളയുകയും ചെയ്യുകയാണ്. ആ കൊള്ളയുടെ തലവൻ ജനങ്ങൾ അധികാരമേല്പിച്ച ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. റിസർവ് ബാങ്കിന്റെ കരുതൽ ധനം പോലും ഗവൺമെന്റ് നിർബന്ധപൂർവം പിടിച്ചെടുക്കാൻ നോക്കുകയാണ്. ഉത്തരവാദിത്വം ഏറ്റെടുക്കാനാകാതെ റിസർവ് ബാങ്ക് ഗവർണർമാർ രാജിവെച്ചൊഴിയുന്നു. രാജ്യത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന സാമ്പത്തിക അസ്ഥിരത നമ്മളെ ഉറ്റുനോക്കുന്നുണ്ട്. രാജ്യം ഓരോ ദിവസവും സാമ്പത്തികമായി ദുർബലമാകുന്നു. ഇനി വരാനിരിക്കുന്ന കാലങ്ങളിൽ ഇന്ത്യയുടെ വെല്ലുവിളി അതായിരിക്കും.

ന്യൂനപക്ഷങ്ങൾക്ക് നരേന്ദ്രമോദി ഒരിക്കലും പ്രതീക്ഷയല്ല, മറിച്ച് ആശങ്കയാണ്. ഈ അടുത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷങ്ങളുടെ വോട്ടുകൊണ്ടല്ലല്ലോ ബിജെപി തോറ്റത്. സാധാരണക്കാരന് ജീവിക്കാൻ പറ്റാത്തതിന്റെ പ്രതിഷേധമാണവിടങ്ങളിൽ കണ്ടത്.

-സമീപകാലത്ത് കോൺഗ്രസ് കേൾക്കുന്ന ആക്ഷേപങ്ങളിൽ ചിലതാണ് മൃദുഹിന്ദുത്വം പുറത്തെടുക്കുന്നു എന്നത്, അതുപോലെ മുത്തലാഖ് ബില്ലിനെപ്പോലുള്ള അപകടകരമായ നിയമങ്ങൾ വരുമ്പോൾ പാർലിമെന്റിൽ വോട്ട് ചെയ്യാതിരിക്കുന്നത്. എന്താണ് പറയാനുള്ളത്?

/കോൺഗ്രസിനെ മൃദുഹിന്ദുത്വം പറഞ്ഞു ആക്ഷേപിക്കുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത് ബിജെപി യെ സഹായിക്കലാണ്. ഇവിടുത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടും അവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടും മാത്രമേ ഏതൊരു രാഷ്ട്രീയ പാർട്ടിക്കും പ്രവർത്തിക്കാനാകൂ. ഭൂരിപക്ഷ വികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ട് ബിജെപി തിരഞ്ഞെടുപ്പുകൾ ദുരുപയോഗപ്പെടുത്തുമ്പോൾ പ്രേത്യേകിച്ചും. ജനാധിപത്യത്തിൽ ഭൂരിപക്ഷങ്ങൾക്ക് നിർണ്ണായക സ്വാധീനമുണ്ടാകുക സ്വാഭാവികമാണല്ലോ. ഭൂരിപക്ഷത്തിന്റെയും ന്യൂപക്ഷത്തിന്റെയും പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് കോൺഗ്രസിന്റെ ചുമതല തന്നെയാണ്. ദേശീയപ്രസ്ഥാനത്തിന്റെ വേരുകളിൽ നിന്ന് വരുന്ന, ഇല്ലായ്മകളിൽ നിന്ന് സ്വതന്ത്രരാജ്യത്തെ കെട്ടിപ്പടുത്ത, രാജ്യത്തെവിടെയും സാന്നിധ്യമുള്ള മതേതര രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസിന് അതുകൊണ്ടൊക്കെത്തന്നെ രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച്‌ സവിശേഷമായ ഉത്തരവാദിത്വങ്ങളുണ്ട്.

മറ്റൊന്ന് മുത്തലാഖ് ആണ്. മുസ്ലിങ്ങളിൽ എല്ലാ വിഭാഗവും മുത്തലാഖ് ശരിയാണെന്ന് കരുതുന്നില്ലെങ്കിലും വ്യക്തിനിയമങ്ങളുടെ അധികാരപരിധിയിൽ അത് അനുവർത്തിക്കുന്നവരുണ്ട്. എന്നാൽ തികച്ചും ദുരുദ്ദേശപരവും മുസ്ലിങ്ങളെ ലക്‌ഷ്യം വെച്ചുള്ളതുമായ അപകടകരമായ നിയമമാണ് ഇപ്പോൾ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരാൻ ശ്രമിക്കുന്ന മുത്തലാഖ് ബിൽ. ഭരണഘടന നൽകുന്ന വ്യക്തിനിയമങ്ങൾക്കുള്ള പരിരക്ഷയാണ് ഇതുവഴി ഹനിക്കപ്പെടുന്നത്. ബിജെപി കൊണ്ടുവരുന്ന മുത്തലാഖ് ബില്ലിൽ മുസ്ലിമായ വിവാഹമോചിതക്ക് മുൻഭർത്താവ് ജീവനാംശം വേണ്ടതില്ലെന്ന 1986 ൽ രാജീവ്ഗാന്ധി കൊണ്ടുവന്ന നിയമം അട്ടിമറിക്കപ്പെടുകയാണ്. പുതിയ ബില്ലനുസരിച്ച് മുത്തലാഖ് ചൊല്ലിയ ഭർത്താവിനോട് ഭാര്യക്ക് ചിലവിന് കൊടുക്കാൻ പറയുന്നത് മൂന്ന് വർഷത്തേക്ക് ജയിലിൽ പറഞ്ഞയച്ചുകൊണ്ടാണ്. മുത്ത്വലാഖ് ചൊല്ലുന്നതിന് സാധുതയില്ലെന്ന് പറയുന്ന ബിൽ പിന്നെ ശിക്ഷ എന്തിനെന്ന ചോദ്യം ബാക്കിയാകുന്നു. തികച്ചും വിവേചനപരവും ഗൂഡോദ്ദേശമുള്ളതും അബദ്ധജടിലവുമാണ് മുത്തലാഖ് ബിൽ. ലോക്സഭയിൽ മുത്തലാഖ് ബില്ലിനെ ശക്തിയുക്തം എതിർത്തുകൊണ്ട് കാരണങ്ങൾ നിരത്തി ശശിതരൂർ എം.പി പാർട്ടി അഭിപ്രായം അവതരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷമില്ലാത്ത ലോക്സഭയിൽ ഇറങ്ങിപ്പോവുകയും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ കഴിഞ്ഞ രണ്ടുവട്ടമായി വന്ന മുത്തലാഖ് ബിൽ എതിർത്ത് വോട്ടുചെയ്ത് തോല്പിച്ചിട്ടുമുണ്ട്.

-വർത്തമാനകാലത്ത് മുസ്ലിം ഭൂമികയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഭീകരവാദം പോലുള്ളവ. അതുപോലെ അരാഷ്ട്രീയമായ കാഴ്ച്ചപ്പാടുകളിൽ അഭിരമിക്കുന്ന വിഭാഗങ്ങളുമുണ്ട്. ഇതില്ലെല്ലാമുള്ള അഭിപ്രായം?

/മതത്തിന്റെ ശരിയായ പാതയിൽ നിന്ന് അകന്നുപോയവർ ഉണ്ടാക്കുന്ന തെറ്റായ ധാരണകൾ മാത്രമാണിതൊക്കെ. ഇസ്ലാമിന് പരിചയമില്ലാത്ത ധാരാളം കാര്യങ്ങൾ ഇസ്ലാമിന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുകയാണ്. സത്യവിശ്വാസിയായ ഒരു മുസ്ലിമിന്റെ ജീവിതം പ്രാവർത്തികമാക്കുകയാണെങ്കിൽ ജീവിതപരിസരങ്ങളിൽ ഏറ്റവും നന്നായി ഇടപെടാനെ അവന് കഴിയൂ. നിന്നെക്കുറിച്ച് നിന്റെ അയൽവാസി നിർഭയനാകുന്നത് വരെ നീ വിശ്വാസിയാവുകയില്ല എന്നാണ് പ്രവാചക വചനം. മനുഷ്യന്റെ വികാരങ്ങളും അഭിമാനവും ഏറെ പാവനമായാണ് മതം പഠിപ്പിക്കുന്നത്. അരക്ഷിതരായി നിലകൊള്ളുന്ന ജനവിഭാഗങ്ങളുടെ വികാരങ്ങളെ മുതലെടുത്ത് രാഷ്ട്രീയ ഭൗതിക ലക്ഷ്യങ്ങൾക്കായി തീവ്രവാദവും ഭീകരവാദവും നടപ്പാക്കുന്ന സംഘങ്ങളെ മുസ്ലിം സമുദായവും നമ്മുടെ പൊതുസമൂഹവും എന്നും മാറ്റിനിർത്തിപ്പോന്നിട്ടുണ്ട്.

രാഷ്ട്രത്തോടുള്ള കൂറ് ഒരു മനുഷ്യന് അനിവാര്യമാണ്. കുടുംബത്തോടുള്ള കൂറ് പോലെത്തന്നെ, ഒരു വലിയ കുടുംബമാണ് രാഷ്ട്രം. കുടുംബത്തിലുള്ള അംഗങ്ങൾക്ക് ഒരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. അവരവരുടെ ഭാഗങ്ങളനുസരിച്ചുള്ള ഉത്തരവാദിത്വം. അതുപോലെ ഒരു രാഷ്ട്രം നിലനിൽക്കേണ്ടതും നിലനിൽപ്പിനായി തങ്ങളെക്കൊണ്ടാവുന്നത് ചെയ്യേണ്ടതും ഒരുരുത്തരുടേയും ചുമതലയാണ്. മതപരമായി നോക്കിയാൽ മുസ്ലിങ്ങൾക്ക് ജീവിക്കുന്ന ദേശം നന്നാക്കിയെടുക്കുന്നത് പ്രവാചകന്മാരുടെ മാതൃകയാണ്. ക്ഷാമം അനുഭവിച്ച രാജ്യത്തെ അമുസ്ലിം ഭരണാധികാരിക്ക് കീഴിൽ മന്ത്രിയായി പ്രവർത്തിക്കുകയും രാജ്യത്തെ ക്ഷാമത്തിൽ നിന്ന് കരകയറ്റുകയും ചെയ്ത മാതൃക യൂസുഫ് നബിയുടെ ജീവിതത്തിലൂടെ പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നതുമുതൽ നമ്മുടേതുപോലുള്ള ജനാധിപത്യ സംവിധാനങ്ങളിൽ സക്രിയമായി ഇടപെടേണ്ടതുവരെ അനിവാര്യമാണ്. അത് വ്യക്തിയുടെ ജീവിതത്തിനും രാഷ്ട്രത്തിന്റെ പ്രയാണത്തിനും ഗുണമാണ് വരുത്തുക. രാഷ്ട്രീയ പാർട്ടികളിലെ മൂല്യച്യുതികളും വ്യവസ്ഥിതികളിലെ പക്ഷപാതങ്ങളും ചിലരെ ഇതിൽ നിന്നെല്ലാം അകറ്റുന്നുണ്ടാകാം. എന്നാൽ അതിൽ നിന്ന് അകന്നു പോകല്ലല്ല, തന്നാലാവുന്നത് ചെയ്ത് തിരിച്ചുപിടിക്കുകയാണ് അവർ വേണ്ടത്. അരാഷ്ട്രീയവാദം ആപത്താണ്. അത് സംഘടിത രൂപത്തിലേക്ക് വന്നാൽ നേരിടാൻ ബുദ്ധിമുട്ടായി വരും. അതുകൊണ്ട് നല്ല മാതൃകകൾ കാണിച്ചുകൊടുക്കുകയും രാഷ്ട്രീയമായി ബോധവത്ക്കരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

-നാട്ടിലെ ലഹരിവിമോചനസംഘടനകൾ, തൃശ്ശൂരിലെ കോൾ കർഷക സംഘങ്ങൾ, പാടശേഖര കമ്മിറ്റികൾ, സ്കൂൾ മാനേജർ എന്നീ നിലയിലൊക്കെ താങ്കൾ കൂടുതൽ പ്രവർത്തിക്കുന്നത് സഹോദര സമുദായ അംഗങ്ങളുമൊന്നിച്ചാണ്. അവരൊക്കെയുമായി മൈത്രിയിൽ വർത്തിക്കുന്നതിന്റെ അനുഭവങ്ങൾ എങ്ങനെയാണ് ?

/ഓരോ മനുഷ്യനും അവന്റേതായ മതവിശ്വാസം ഉൾക്കൊള്ളുമ്പോൾ തന്നെ ഇതര മതവിശ്വാസികളോടൊന്നിച്ച് ജീവിക്കുന്നതിന് ഒരു തടസ്സവുമില്ല. മതപരമായ വിശ്വാസവും കാഴ്ചപ്പാടുകളും പരസ്പരം കലർത്തി ഒരു സങ്കര മതം ഉണ്ടാക്കുന്നത്‌ മതമൈത്രിയല്ല. ബഹുസ്വരത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും മതസങ്കലനം അല്ല. അവനവന്റെ വിശ്വാസത്തിൽ നിൽക്കുകയും മറ്റുള്ളവന്റെ വിശ്വാസസ്വാത്ര്യത്തെക്കുറിച്ച് കരുതലുണ്ടാവുകയും സഹവർത്തിത്വത്തിൽ ജീവിച്ചു പോകുകയുമാണത്. ഓരോ മതവും അവരുടെ ഐഡന്റിറ്റി കൃത്യമായി പുലർത്തിക്കൊണ്ട് തന്നെ ബഹുസ്വരത സാധ്യമാണ്. മനുഷ്യന്റെ പ്രയാസങ്ങളിലും ആവശ്യങ്ങളിലും ഒരിക്കലും വിവേചനം ആവശ്യമില്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഭയപ്പെട്ട് ജീവിക്കേണ്ടതുമില്ല. പരസ്പര ബഹുമാനത്തിൽ പരസ്പരപൂരിതമായൊരു പരിസരം ഈ സമൂഹത്തിന് ആവശ്യമാണ്. ഒരുമിച്ച് നിൽക്കേണ്ടിടത്ത് ഒരുമിച്ച് നിന്നാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത്.

-അവസാന ചോദ്യം കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ചാണ്. ദീർഘകാലമായി ഗാന്ധി കുടുംബമാണ് ഇന്ത്യയിലെ കോൺഗ്രസ് നേതൃത്വം, അതുപോലെ താങ്കളുടെ ദീർഘകാല സുഹൃത്തും യൂത്ത് കോൺഗ്രസ്സ് കാലത്തെ സഹപ്രവർത്തകനുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്തൊക്കെയാണ് പ്രതീക്ഷകൾ?

/മതാടിസ്ഥാനത്തിലുള്ള വിഭജനങ്ങളെ തള്ളി ബഹുസ്വരമായി നിലകൊള്ളാനാണ് നമ്മൾ തീരുമാനിച്ചത് എന്ന് നേരെത്തെ പറഞ്ഞല്ലോ. ഈ കാഴ്ചപ്പാടിലൂന്നി പ്രവർത്തിക്കാൻ ജനവിശ്വാസമുള്ള ഒരു നേതൃത്വം വളരെ പ്രധാനമാണ്. മനുഷ്യർക്ക് വിശ്വാസമുള്ളൊരു നേതൃത്വം. അതിസമ്പന്നതയിൽ നിന്നാണ് ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്രീയ പ്രവേശനം. എന്നാൽ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച്‌ ഉള്ളതൊക്കെ രാജ്യത്തിന് കൊടുക്കുകയാണ് പണ്ഡിറ്റ്ജി ചെയ്തത്. രാഷ്ട്രീയ നേതൃസ്ഥാനത്തു വന്നിട്ട് രാജ്യത്തിൻറെ സ്വത്ത് അവർക്ക് മുതല്കൂട്ടുന്നതിനുപകരം അവരുടെ സമ്പത്തും സമ്പാദ്യവും ജനങ്ങൾക്ക് പങ്കിട്ട്‌കൊടുക്കാൻ തയ്യാറായ കുടുംബപശ്ചാത്തലമാണ് നെഹ്‌റു കുടുംബത്തിനുള്ളത്. ആ പശ്ചാത്തലത്തിന്റെ തലമുറകളായി വരുന്ന നേതാക്കളോട് ഇന്ത്യൻ ജനതക്ക് പ്രത്യേകമായ വിശ്വാസമുണ്ടാകും. ആ വിശ്വാസത്തെ ബിജെപി മറികടക്കാൻ ശ്രമിക്കുന്നത് ജാതിലൂടെയാണ്. തിക്തഫലങ്ങൾ രാജ്യം അനുഭവിക്കുന്നുമുണ്ട്. കൂട്ടായ ആലോചനകളിലൂടെയും അഭിപ്രായ സമന്വയങ്ങളിലൂടെയും തികച്ചും ജനാധിപത്യപരമായ തത്വങ്ങളിലാണ് ഗാന്ധി കുടുംബത്തിന്റെ നേതൃത്വം പ്രവർത്തിക്കാറുള്ളത്. രാജ്യത്തിൻറെ മരുകമകളായി വന്ന ശ്രീമതി സോണിയ ഗാന്ധി അവരുടെ കുലീനമായ ഇടപെടലുകൾ കൊണ്ട് സർവ്വരാലും ബഹുമാനിതയാണ്. ഇപ്പോഴത്തെ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി നാളെയുടെ പ്രതീക്ഷയും പ്രചോദനവുമാണ്.

മുല്ലപ്പളിയുമായുള്ള ബന്ധം ദീർഘമാണ്. ഞാൻ അറിയുന്ന കോൺഗ്രസുകാരിൽ ഇത്ര ശുദ്ധനും നാട്യങ്ങളില്ലാത്തതുമായ ഒരു വ്യക്തിത്വം വേറെയില്ല. എല്ലാ ജാതി മതസ്ഥരോടും ഒരു പോലെ കൂറ് പുലർത്തുന്ന, കറകളഞ്ഞ മതനിരപേക്ഷതയുടെ ഉത്തമ മാതൃകയാണ് അദ്ദേഹം. സാധാരണക്കാരന് വേണ്ടി നിലകൊള്ളാൻ മുല്ലപ്പളിക്ക് രാഷ്ട്രീയ പ്രവർത്തനത്തിലുടനീളം കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം. സാമ്പത്തികമായി മുല്ലപ്പള്ളി രാമചന്ദ്രൻ പാലിക്കുന്ന സൂക്ഷ്മതയും ശുദ്ധതയും സർവ്വർക്കും മാതൃകയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തിന്റെ അച്ഛന്റെ പൈതൃകം തന്നെയാണ് മുല്ലപ്പള്ളി ഉയർത്തിപ്പിടിക്കുന്നത്. LDF നെയും ബിജെപി യെയും ഒരുപോലെ നേരിടാൻ കോൺഗ്രസ്സിന്, മുല്ലപ്പളിയെപ്പോലുള്ളൊരു അസ്സൽ കോൺഗ്രസ്സുകാരന്റെ നേതൃത്വം ഇന്നത്തെ ആവിശ്യമാണ്. കോൺഗ്രസ് പാർട്ടിക്ക് തിരിച്ചുവരുവാനും ആദർശപരമായ ഗരിമയിൽ പ്രവർത്തിച്ച് മുന്നേറാനും മുല്ലപ്പളിയുടെ കാലഘട്ടത്തിൽ തീർച്ചയായും കഴിയും എന്നാണ് പ്രതീക്ഷ.

-അഭിമുഖത്തിലെ എല്ലാ വീക്ഷണങ്ങളും മില്ലി റിപ്പോർട്ടിന്റേത്‌ ആകണമെന്നില്ല.


Tags :


മുഹമ്മദ് ദാനിശ് കെ. എസ്