Interview

എന്റെ പരിഭാഷയോർമ്മകൾ

By Nasim Rahman

June 25, 2022

ജി. എം. ബനാത്ത്‌വാല സാഹിബിന്റെ പ്രസംഗ വിവർത്തകനായിരുന്ന അഡ്വ. എൻ. ഷംസുദ്ദീൻ എം. എൽ. എ. മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു.

തയ്യാറാക്കിയത് :

നാസിം റഹ്‌മാൻ

– ബനാത്ത്‌വാല സാഹിബുമായുള്ള ബന്ധം ആരംഭിക്കുന്നത് എപ്പോൾ മുതലാണ്?

എന്റെ വീട് സ്ഥിതി ചെയ്യുന്ന പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം. പി. ആയിരുന്നു ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാല സാഹിബ്. സ്കൂൾ പ്രായത്തിൽ തന്നെ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് സമയങ്ങളിൽ പ്രചാരണ യാത്ര രാത്രി ഏറെ വൈകിയാവും ഞങ്ങളുടെ നാട്ടിലെത്തുക. ആ സമയത്തും നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ കേൾക്കാൻ തടിച്ചുകൂടിയിട്ടുണ്ടാവും.

1989 ലെ ലോക്സഭയിലേക്കുള്ള തെരെഞ്ഞെടുപ്പ് സന്ദർഭത്തിലാണ് ബനാത്ത്‌വാല സാഹിബുമായി അടുപ്പമുണ്ടാവുന്നത്. അന്ന് തിരൂരിലുള്ള ഒരു ടൂറിസ്റ്റ് ഹോമിലായിരുന്നു കേരളത്തിലെത്തിയാലുള്ള അദ്ദേഹത്തിന്റെ താമസം. തിരൂരിലെ എം. എസ്. എഫ്. പ്രവർത്തകൻ ആയതുകൊണ്ടുതന്നെ പ്രാദേശിക ലീഗ് നേതാക്കളുടെ കൂടെ അദ്ദേഹം തിരിച്ച് പോവുന്നത് വരെ ഞാനും ആ ടൂറിസ്റ്റ് ഹോമിൽ ഉണ്ടാവുമായിരുന്നു.

– പിന്നീട് പരിഭാഷകനായി മാറാനുള്ള കാരണം?

തിരൂർ ടൂറിസ്റ്റു ഹോമിലെത്തി ബനാത്ത്‌വാല സാഹിബുമായി വിവിധതുറകളിലുള്ള ആളുകൾ സംസാരിക്കുമ്പോൾ അവർക്കിടയിൽ മധ്യവർത്തിയായി നിന്നതാണ് വിവർത്തന മേഖലയിലെ ആദ്യത്തെ ചുവടുവെപ്പ്. സാധാരണക്കാരായ മുസ്‌ലിം ലീഗ് പ്രവർത്തകർ പറയുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ ബനാത്ത്‌വാലക്ക് വിശദീകരിച്ചു കൊടുക്കുകയും അതിനുള്ള അദ്ദേഹത്തിന്റെ മറുപടി മലയാളത്തിൽ പരിഭാഷപ്പെടുത്തിക്കൊടുക്കുകയും ചെയ്യലായിരുന്നു അവിടെയുള്ള എന്റെ പ്രധാന ചുമതല. എന്നാൽ പ്രസംഗം ശ്രോതാക്കൾക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമൊന്നും എനിക്കുണ്ടായിരുന്നില്ല.

1996 ൽ അദ്ദേഹം പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച സമയത്ത് തിരൂർ മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസിൽ ഒരു കൺവെൻഷൻ നടക്കുകയുണ്ടായി. മുന്നണിയിലെ പ്രധാന നേതാക്കന്മാരും പ്രവർത്തകരുമെല്ലാം നിറഞ്ഞുനിന്ന ആ സദസ്സിൽ വിവർത്തകനായി എത്തേണ്ടിയിരുന്നത് റഹീം മേച്ചേരി ആയിരുന്നു. എന്നാൽ ചില അസൗകര്യങ്ങൾ കാരണം മേച്ചേരിക്ക് എത്തിച്ചേരാൻ സാധിക്കില്ല എന്ന് പരിപാടി ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് സംഘാടകർ മനസിലാക്കുകയുണ്ടായി.

ആ സമയത്ത് അന്നത്തെ തിരൂർ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ആയിരുന്ന കെ. സി. അബൂബക്കർ സാഹിബാണ് പരിഭാഷയുടെ ചുമതല എനിക്ക് നൽകിയത്. റഹീം മേച്ചേരിയെപ്പോലെയുള്ള ഭാഷ പരിചയമുള്ളവർ ച്യ്തുവരുന്ന ബനാത്ത്‌വാല സാഹിബിനെപ്പോലെ ധിഷണാ ശാലിയായ ഒരു നേതാവിന്റെ പ്രസംഗം മൊഴിമാറ്റുക എന്നത് ഒരല്പ്പം പേടിയുള്ള കാര്യമായതിനാൽ ആ സാഹസികതയിൽ നിന്ന് രക്ഷപെടാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാൽ സംഘാടകരുടെ നിർബന്ധത്തിനു വഴങ്ങി അത് ഏറ്റെടുക്കേണ്ടി വരികയായിരുന്നു. അതായിരുന്നു ആദ്യമായി ചെയ്ത പരിഭാഷ പ്രസംഗം. പരിപാടിക്ക് ശേഷം ബനാത്ത്‌വാല സാഹിബടക്കമുള്ളവർ പരിഭാഷയെ കുറിച്ച് അഭിപ്രായം പറഞ്ഞത് പ്രസംഗ കലയിൽ തന്നെ തുടക്കക്കാരനായിരുന്ന എനിക്ക് വലിയ പ്രോത്സാഹനമായിരുന്നു.

പിന്നീട് ആ തെരെഞ്ഞെടുപ്പ് കാലം മുഴുവൻ വിവർത്തകനായി ബനാത്ത്‌വാല സാഹിബിനെ നിഴൽ പോലെ പിന്തുടരാൻ അവരസരമുണ്ടായി. ഓരോ ദിവസവും രാവിലെ നേരത്തെ തുടങ്ങുന്ന പ്രചാരണ യാത്രകൾ അർധരാത്രിയോടെയായിരിക്കും അവസാനിക്കുക. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം വോട്ടർമാരോട് നന്ദി പറയുന്ന യോഗങ്ങളിലും പ്രസംഗം മൊഴിമാറ്റം ചെയ്തിരുന്നു. എം. പി. എന്ന നിലയിലും ലീഗിന്റെ നേതാവ് എന്ന നിലയിലും കേരളത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമ്പോൾ പരിഭാഷകനായി ഈ ഉള്ളവനെയും കൂടെ കൂട്ടി. അങ്ങിനെ ഒരു ദശാബ്ദത്തിനുള്ളിൽ ബനാത്ത്‌വാല സാഹിബ് എന്ന സ്വാത്വികന്റെ ആയിരത്തിലധികം പ്രസംഗങ്ങൾ പരിഭാഷപ്പെടുത്താൻ അവസരമുണ്ടായിട്ടുണ്ട്. അവയെല്ലാം എന്റെ രാഷ്ട്രീയമായ ദിശ നിർണ്ണയത്തിൽ കാര്യമായ പങ്ക് വഹിച്ചുട്ടുമുണ്ട്.

– വിവർത്തന കലയിൽ മുന്നേറാനും ഭാഷ നവീകരണത്തിനും പ്രത്യേക പരിശീലനമെന്തെങ്കിലും ലഭിച്ചിരുന്നോ?

ഭാഷാപരമായ നവീകരണത്തിന് പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ല. തുടരെയുള്ള പരിഭാഷപ്പെടുത്തലുകളിലൂടെയാണ് വിവർത്തനത്തിന്റെ ഒഴുക്ക് വർധിപ്പിക്കാനായത് എന്ന് വേണമെങ്കിൽ പറയാം. ഇംഗ്ലീഷ് പത്രങ്ങളുമായും ആനുകാലികങ്ങളുമായും ചെറിയരീതിയിലുള്ള ബന്ധം കോളേജ് പഠന കാലം മുതൽ സൂക്ഷിച്ച് പോന്നിരുന്നു. അത് വിവിധ പദങ്ങളെയും പ്രയോഗങ്ങളെയും പരിചയപ്പെടുന്നതിൽ സഹായിച്ചിട്ടുണ്ട്. റഹീം മേച്ചേരി, പി.എ. റഷീദ് സാഹിബ്, അബ്ദുസ്സമദ് സമദാനി എന്നിവരുടെ പരിഭാഷകൾ നിരന്തരം കേട്ടിരുന്നത് കാരണം കെട്ടും മട്ടും എങ്ങനെയാവണമെന്ന ധാരണയും ലഭിച്ചിരുന്നു. അതിലെല്ലാമപ്പുറം പരിഭാഷകന്റെ മാനാസികാവസ്ഥ പരിഗണിച്ചുള്ള ബനാത്ത്‌വാലയുടെ സംസാരശൈലിയായിരുന്നു ഏറെ ആശ്വാസം നൽകിയത്. കടുകട്ടിയുള്ള വാക്കുകളൊന്നും അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. പെട്ടന്ന് ആശയം ഗ്രഹിക്കാൻ പ്രയാസമുള്ള പ്രയോഗങ്ങൾ പറയാൻ ഉദ്ദേശിക്കുമെങ്കിൽ ആ പ്രയോഗവും അതിന്റെ ആശയവും നേരത്തെ തന്നെ അദ്ദേഹം വിശദീകരിച്ച് തരുമായിരുന്നു. ഇംഗ്ലീഷോ മലയാളമോ അല്ലാത്ത ഭാഷകളിലുള്ള ഉദ്ധരണികളായിരുന്നു മൊഴിമാറ്റ സമയത്ത് ചെറുതായിട്ടാണെങ്കിലും വലച്ചിരുന്നത്.

– ബനാത്ത്‌വാല സാഹിബിന്റെ പാർലിമെന്റിലെ ഇടപെടലുകളെ എങ്ങനെ നോക്കിക്കാണുന്നു?

ഇൻഡ്യ കണ്ട ഏറ്റവും നല്ല പാർലിമെന്റേറിയന്മാരിൽ മുൻനിരയിൽ നിർത്താവുന്ന ആളാണ് ബനാത്ത്‌വാല സാഹിബ്. എല്ലാവരും അംഗീരിക്കുന്ന വസ്തുത കൂടിയാണത്. പാർലിമെന്റിൽ ക്രിയാത്മകമായ ഇടപെടൽ നടത്തിയ പ്രധാനപ്പെട്ട പത്ത് പാർലിമെന്റ് അംഗങ്ങളുടെ ലിസ്റ്റ് ഇന്ത്യ റ്റുഡേ എന്ന മാധ്യമ സ്ഥാപനം പുറത്തു വിട്ടപ്പോൾ അതിലെ ഒരു നാമം ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാല എന്നായിരുന്നു. പാർലിമെന്റിൽ ഡെപ്യൂട്ടി സ്പീക്കറും ബനാത്ത്‌വാലയും ഒരു ക്രമപ്രശ്നത്തിന്റെ പേരിൽ ഉണ്ടായ വാഗ്വാദമാണ് എന്റെ പാർലിമെന്ററി ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമെന്ന് ഇൻഡ്യൻ പ്രധാനമന്ത്രി ആയിരുന്ന വാജ്‌പേയ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. യുഗപ്രഭാവരായ രാഷ്ട്രീയ നേതാക്കളെല്ലാം ബനാത്ത്‌വാലയുടെ ഇടപെടലുകളെ വിലയിരുത്തിയിട്ടുണ്ട്.

പാർലിമെന്റ് നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ഗ്രാഹ്യം അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ധിഷണയും ക്ഷമയും ഉള്ളവർക്കു മാത്രമേ അതിനു സാധിക്കുകയുള്ളു. ഇടപെടാൻ കഴിയുന്ന ഒരു അവസരത്തെയും പാർലിമെന്റിൽ അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. മുസ്‌ലിംകൾ അടക്കമുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പല ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചു. ഇന്ന് നാം ചർച്ച ചെയ്യുന്ന പൗരത്വ പ്രശ്നങ്ങളെ പറ്റി ഇന്ത്യൻ ഭരണഘടനയിലെ ദുരുപയോഗം ചെയ്യാൻ പഴുതുകളുള്ള വകുപ്പുകൾ ചൂണ്ടിക്കാണിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ബനാത്ത്‌വാല സാഹിബ് ആശങ്കപ്പെട്ടത് പാർലിമെന്ററി രേഖകളിൽ നമുക്ക് വായിക്കുവാൻ കഴിയും. സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാവുമ്പോൾ ക്വുർആൻ വചനങ്ങളും ഹദീഥുകളുമൊക്കെ ഉദ്ധരിച്ചായിരുന്നു അദ്ദേഹം പാർലിമെന്റിൽ സംസാരിച്ചിരുന്നത്. മുസ്‌ലിം ലീഗിന്റെ പ്ലാറ്റ്ഫോമിലൂടെ മത്സരിച്ച് വിജയിച്ച് വിവിധ അധികാര പദവികളിൽ എത്തിയവർ ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാലയുടെ പാർലിമെന്ററി പ്രസംഗങ്ങൾ ക്രോഡീകരിച്ച പുസ്തകങ്ങൾ നിർബന്ധമായും വായിക്കുകയും അതിൽനിന്ന് വർത്തമാനകാല പോരാട്ടങ്ങൾക്കുള്ള വഴിയും വെളിച്ചവും കാണുകയും വേണം എന്നാണ് എന്റെ അഭിപ്രായം.