Interview

പുനത്തിൽ പല തവണ എനിക്ക്‌ ഇമാമായി നിന്ന് നമസ്കരിച്ചിട്ടുണ്ട്‌!

By Admin

October 30, 2017

അഭിമുഖം/റ്റി. കെ. ഇബ്‌റാഹീം

വെള്ളമുണ്ട (വയനാട്‌) : നമസ്കരിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുല്ലയെ, അല്ല, അതും കടന്ന് സംഘനമസ്കാരത്തിന്‌‌‌ ഇമാമായി നിൽക്കുന്ന പുനത്തിൽ കുഞ്ഞബ്ദുല്ലയെ, എത്ര പേർക്ക്‌ സങ്കൽപിക്കാൻ കഴിയും! തിളക്കുന്ന ജീവിതാസക്തിക്ക്‌ മൂല്യബോധം വഴി നിശ്ചയിക്കുന്നതിഷ്ടമില്ലെന്ന് പറഞ്ഞ്‌ ഇസ്‌ലാമിനോടെതിർത്തുനിന്നും പ്രഖ്യാപിത ഭൗതികവാദികളിൽ പലർക്കുമില്ലാത്ത സുതാര്യതയോടെ വിവാഹത്തിന്റെ വേലി പൊളിച്ചുള്ള ബഹുസ്ത്രീ വേഴ്ചക്ക്‌ പുരുഷകാമനയെ അനുവദിക്കണമെന്ന് വാദിച്ചും മാപ്പിള സ്വത്വത്തിൽ അപകർഷതയനുഭവിച്ച്‌ സവർണ ഹൈന്ദവതയുടെ സാംസ്കാരിക മണ്ഡലത്തെ ആശ്ലേഷിക്കുന്നതുപോലെ കാണിച്ചും ബി. ജെ. പിയുമായുള്ള ചങ്ങാത്തം വഴി ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള എല്ലാ രാഷ്ട്രീയ പ്രസക്തിയും സ്വയം റദ്ദാക്കിയും ഒരിക്കൽ മരണശേഷം ചിതയിലെരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും വിവാദങ്ങൾ സൃഷ്ടിച്ച ‘കുഞ്ഞിക്ക’യെ നമസ്കാരപ്പായയിൽ വിഭാവനം ചെയ്യുക മിക്കവാറും പേർക്ക്‌ പ്രയാസകരം തന്നെയായിരിക്കും. ഒരു കാലഘത്തിലെ വടക്കൻ മലബാർ മുസ്‌‌‌‌ലിം ഗ്രാമ്യജീവിതത്തിന്റെ സാഹിത്യ ‘സ്മാരകശില’യായി മാറിയ നോവലിനുശേഷം മരണത്തിനു തൊട്ടുമുമ്പുള്ള ഏകാന്ത നിശബ്ദതയുടെ രോഗമാസങ്ങൾ ആരംഭിക്കുന്നതുവരെ ‘ഡോക്റ്ററുടെ’ പൊതു ഇടപെടലുകൾ ഏറെക്കുറെ ‘മരുന്നും മന്ത്രവും’ ആയി ഉള്ളിലാവാഹിച്ചത്‌ ഇസ്‌ലാമിക സദാചാരത്തോടുള്ള വിരോധം തന്നെയായിരുന്നുവെന്നതിനാൽ അത്‌ തികച്ചും സ്വാഭാവികവുമാണ്‌. എന്നാൽ പുനത്തിലിന്‌ ഇതല്ലാത്ത ഒരു മുഖമുണ്ടായിരുന്നുവെന്നാണ്‌‌ അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തായ വെള്ളമുണ്ടയിലെ റ്റി. കെ. ഇബ്‌റാഹീം സാക്ഷ്യപ്പെടുത്തുന്നത്‌. ‘നിങ്ങളെല്ലാം ദൂരെ നിന്ന് കണ്ട ഒരു പുനത്തിൽ ഉണ്ട്‌. ഞാൻ മറ്റൊരു പുനത്തിലിനെ വളരെയടുത്തുനിന്ന് പലപ്പോഴും കണ്ടിട്ടുണ്ട്‌. അത്‌ വളരെ വ്യത്യസ്തനായ ഒരാളാണ്‌.’ നിരവിൽപുഴയിലുള്ള തന്റെ ജൈവകൃഷിത്തോട്ടത്തിലിരുന്ന് ‘മില്ലി റിപ്പോർട്ടി’നോട്‌ ഇബ്‌റാഹീം മനസ്സു തുറന്നു.

പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ‘പൂനാരങ്ങ’ എന്ന അൽപം ഫിക്ഷൻ കലർത്തിയുള്ള ഓർമ്മകളുടെ സമാഹാരത്തിൽ ഇബ്‌റാഹീം നിരന്തരമായി കടന്നുവരുന്ന ഒരു അധ്യായമുണ്ട്‌. വയനാട്ടിലെ നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു യൗവനത്തിൽ ഇബ്‌റാഹീം. അടിയന്തരാവസ്ഥക്കുശേഷമുള്ള കാലഘട്ടം. എസ്‌. എഫ്‌. ഐയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട്‌ ജനകീയ സാംസ്കാരികവേദിയിൽ ആകൃഷ്ടനായി. മൂന്നു വർഷത്തോളം നക്സൽ ജീവിതം നയിച്ചു. മഠത്തിൽ തോമസിന്റെയും മത്തായിയുടെയും വധങ്ങൾ നടക്കുന്ന കാലം. വിപ്ലവം പ്രായോഗികമല്ലെന്ന് ബോധ്യം വന്നുതുടങ്ങിയിരുന്നു. 1981 ആയപ്പോഴേക്കും സഹപ്രവർത്തകരുമായി വഴി പിരിഞ്ഞു. ‘മില്ലി റിപ്പോർട്ടി’ന്‌ അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

? പുനത്തിലിനെ പരിചയപ്പെടുന്നതെങ്ങനെയാണ്‌?

– വായന, എഴുത്ത്‌, ചിത്രരചന ഒക്കെ ചെറുപ്പം മുതൽ കൂടെയുണ്ടായിരുന്നു. ‘സ്മാരകശിലകൾ’ ഖണ്ഡശ: വരുമ്പോൾ തന്നെ ഞാൻ വായിക്കുന്നുണ്ട്‌. ആ നോവൽ ഉണ്ടാക്കിയ ഒരു ഇഷ്ടത്തിൽ പുനത്തിൽ വടകരയിൽ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിനു മുന്നിൽ പോയി നിൽക്കുകയൊക്കെ ചെയ്തിട്ടുണ്ട്‌. പക്ഷേ ചെന്ന് കാണാനോ പരിചയപ്പെടാനോ ഒന്നും ധൈര്യം വന്നില്ല. പിന്നീട്‌ വലുതായപ്പോൾ കോഴിക്കോട്ട്‌ എഴുത്തുകാരുടെ ഒരു ചെറിയ സൗഹൃദവലയമൊക്കെ എനിക്കുണ്ടായി. അളകാപുരി ഹോട്ടലിൽ വെച്ച്‌ അവരിലൂടെയാണ്‌ കുഞ്ഞിക്കയെ ആദ്യമായി പരിചയപ്പെടുന്നത്‌ എന്നാണോർമ്മ‌. പിന്നീട്‌ സൗഹൃദം വളർന്നു. വയനാട്ടിലെ വിവിധ ഗവൺമെന്റ്‌ ഡിസ്പെൻസറികളിൽ പുനത്തിൽ ജോലിക്കുവന്നത്‌ കാര്യങ്ങൾ എളുപ്പമാക്കി. മാനന്തവാടിയിലും പൊരുനെല്ലൂരിലും പനമരത്തും അദ്ദേഹം ഇങ്ങനെ ഉണ്ടായിട്ടുണ്ട്‌. ഒരു ഡോക്റ്റർ എന്ന നിലയിൽ കുഞ്ഞിക്കയുടെ പെരുമാറ്റം അതീവ ഹൃദ്യമായിരുന്നു. അതുകൊണ്ട് വയനാട്ടിലെ‌ രോഗികൾ അദ്ദേഹമുള്ള ദിവസം നോക്കി ആശുപത്രികളിൽ ഒഴുകിവന്നു. എന്നാൽ ഇതിൽ ഒരു തമാശയുണ്ട്‌. പുനത്തിൽ സ്വന്തം രോഗങ്ങൾക്ക്‌ അലോപ്പതിക്കു പകരം ആയുർവ്വേദത്തെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇംഗ്ലീഷ്‌ മരുന്നുകൾ ശുദ്ധ തട്ടിപ്പാണ്‌ എന്നൊക്കെ സ്വകാര്യമായി പറയും. ഇത്‌ കാപട്യമല്ലേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്‌. പിന്നീട്‌ ജോലി വയനാട്ടിൽ നിന്നുമാറി. പക്ഷേ പുനത്തിൽ ഇടക്കിടെ വയനാട്‌ സന്ദർശിച്ചുകൊണ്ടേയിരുന്നു. എന്റെ വീട്ടിൽ പല തവണ വരികയും നിൽക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്‌. ഈ തോട്ടത്തിലും വന്നിട്ടുണ്ട്‌ കുഞ്ഞിക്ക.

? എത്രത്തോളം ഗാഢമായിരുന്നു നിങ്ങളുടെ സൗഹൃദം?

– ഞങ്ങൾ ഇടക്കിടെ കൂടും, വിളിക്കും. വിദേശത്തേക്കടക്കം ഒരുപാട്‌ ‌ യാത്രകളിൽ ഒരുമിച്ചുണ്ടായി. പെട്ടെന്ന് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന പ്രകൃതമായിരുന്നു. പലപ്പോഴും ഞാൻ ഒരുപാട്‌ കലഹിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച്‌, അല്ലെങ്കിൽ നിലപാടുകളെക്കുറിച്ച്‌ ഒക്കെ ഞാൻ വലിയ വിമർശങ്ങൾ ഉന്നയിക്കാറുണ്ട്‌. അത്‌ തർക്കത്തിലും പിണക്കത്തിലുമൊക്കെ ചെന്നവസാനിക്കും. പക്ഷേ പിറ്റേന്ന് നേരം വെളുക്കും വരെയുള്ള ആയുസ്സേ അതിനുണ്ടാകൂ. പിന്നെ അതൊന്നും മനസ്സിൽ വെക്കുകയേ ഇല്ല. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദമായിരുന്നു. നല്ലൊരു പാചകക്കാരൻ ആയിരുന്നു കുഞ്ഞിക്ക. എഴുത്തിനേക്കാൾ അയാൾ ആസ്വദിക്കുന്നത്‌ പാചകമാണ്‌ എന്ന് തോന്നിയിട്ടുണ്ട്‌. രാവിലെ പ്രാതൽ തയ്യാറാക്കി ഭാര്യയെ ഊട്ടുന്ന പുനത്തിലിനെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഭാര്യ ഹലീമത്ത നല്ല ഇസ്‌ലാമിക നിഷ്ഠകളിൽ ജീവിക്കുന്ന സ്ത്രീ ആണ്‌. പുനത്തിലിനെപ്പോലെ വ്യവസ്ഥാപിതത്വങ്ങളെ നിരാകരിക്കാൻ ശ്രമിച്ച ഒരാളെ ഉൾകൊള്ളാൻ അവർ കാണിക്കുന്ന വിശാലതയെ അദ്ദേഹം ബഹുമാനിച്ചിരുന്നു.

? നിലപാടുകളെച്ചൊല്ലിയുള്ള കലഹങ്ങൾ ഉണ്ടായി എന്നു പറഞ്ഞു. ഒരുദാഹരണം പറയാമോ?

-ബി. ജെ. പി സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ച സമയം. ഞാൻ കഠിനമായി എതിർത്തു. മണിക്കൂറുകളോളം ഫോണിൽ തർക്കിച്ചു. അങ്ങേയറ്റം പ്രതിലോമപരമായിരിക്കും ആ നടപടിയെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. നിങ്ങൾ നിങ്ങളുടെ തന്നെ ഭൂതകാലത്തെ വെട്ടിക്കളയുകയാണെന്ന് വിശദീകരിച്ചുകൊടുത്തു. പക്ഷേ, ആൾക്ക്‌ അതൊന്നും മനസ്സിലായില്ല! അത്‌ മനസ്സിലാക്കാനുള്ള ആഴം പുനത്തിൽ കുഞ്ഞബ്ദുല്ലക്കില്ലായിരുന്നു. ഈ ആഴമില്ലായ്മയാണ്‌ കെട്ടുറപ്പുള്ള ഒരു ധാർമ്മിക പരിപ്രേക്ഷ്യത്തിന്റെ അഭാവമായി മാറിയത്‌. സൂക്ഷ്മമായ ഒരു രാഷ്ട്രീയ അവബോധം ഇല്ലാത്ത എഴുത്തുകാരൻ ആയിരുന്നു പുനത്തിൽ. സിദ്ധന്തങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ ഒന്നും ഗഹനമായി മനസ്സിലാക്കുവാൻ ഉള്ള ശേഷി അദ്ദേഹത്തിന്‌ ഉണ്ടായിരുന്നില്ല. മാർക്സിസത്തെക്കുറിച്ചൊന്നും ധാരണയില്ലായിരുന്നു. ഈ ആഴമില്ലായ്മ ചിലപ്പോഴൊക്കെ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്‌. സർഗധനനായ ഒരെഴുത്തുകാരൻ ധൈഷണികമായി വളരെ ഉപരിപ്ലവമാകുന്നതിൽ പ്രകടമായ വൈരുധ്യമുണ്ട്‌.

? ഹൈന്ദവതയോട്‌ ഒരു പ്രതിപത്തി കുഞ്ഞബ്ദുല്ലക്ക്‌ ഉണ്ടായിരുന്നില്ലേ? ഒരിക്കൽ ഹിന്ദുമതം സ്വീകരിച്ചതായി വരെ വാർത്ത വന്നു. ക്ഷേത്രസന്ദർശനാനുഭവങ്ങൾ നിരന്തരം എഴുതി. ബി. ജെ. പി സ്ഥാനാർത്ഥിത്വം പ്രത്യയശാസ്ത്രപരമായിരുന്നുവെന്ന് വാദിച്ചുകൂടെ?

– മുസ്‌ലിം ഉന്മൂലന ശ്രമങ്ങളോടൊന്നും പ്രതിപത്തിയുണ്ടായിരുന്നയാളല്ല പുനത്തിൽ. മുസ്‌ലിം കൂട്ടക്കൊലയുടെ പേരിൽ മോദിയെ വളരെ രൂക്ഷമായി കടന്നാക്രമിച്ചതു കണ്ടില്ലേ? പക്ഷേ ഒരു വ്യക്തിയെ കടന്ന് അതിനെ ഒരു പ്രത്യയശാസ്ത്രമായി വായിക്കുവാനുള്ള ആഴം ഇല്ലായിരുന്നു. പിന്നെ, ഹൈന്ദവത. പുനത്തിലിന്‌ ഹിന്ദു ദർശനങ്ങളെക്കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിലൊന്നും പോയത്‌ ഒരിക്കലും ഭക്തിയുടെ തലത്തിലല്ല. ഞാൻ പറഞ്ഞില്ലേ, ദാർശനികമായ അപഗ്രഥന ശേഷിയൊക്കെ വളരെ കുറവായിരുന്നു. ഹിന്ദു ദർശനങ്ങളെക്കുറിച്ച്‌ പഠിച്ച്‌ അതിൽ ആകൃഷ്ടനാവുക എന്നതൊന്നും ഒരിക്കലും ആ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ഇസ്‌ലാമിനെക്കുറിച്ചും പുനത്തിൽ വല്ലാതെയൊന്നും പഠിച്ചിട്ടില്ല. ഒരു മതതാരതമ്യത്തിനും മതപരിവർത്തനത്തിനുമൊന്നും പുനത്തിലിന്റെ വൈജ്ഞാനിക തലത്തിൽ സ്കോപ്പ്‌ ഉണ്ടായിരുന്നില്ല. മാധവിക്കുട്ടി ഇസ്‌ലാം സ്വീകരിച്ചപ്പോൾ തമാശയായി സുഹൃത്തുക്കളോട്‌ ‘എന്നാൽ ഞാൻ ഹിന്ദുവായിക്കളയാം’ എന്നു പറഞ്ഞത്‌ ഒരു പത്രപ്രവർത്തകൻ വാർത്തയാക്കുകയായിരുന്നു. അല്ലാതെ കുഞ്ഞിക്ക ഹിന്ദു ആയിട്ടൊന്നുമില്ല. കുടുംബത്തിൽ നിന്നുകിട്ടിയ ഇസ്‌ലാം തന്നെ ആണ്‌ ആളുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നത്‌. ‘യാ അയ്യുഹന്നാസ്‌’ എഴുതണം എന്നൊക്കെ പറഞ്ഞിരുന്നല്ലോ അവസാന കാലത്ത്‌.

? കുഞ്ഞിക്കയുടെ ഇസ്‌ലാമിനെക്കുറിച്ച്‌?

-പലരും വിചാരിക്കുന്നതുപോലെയല്ല. ചാനലുകാർ പലപ്പോഴും പുനത്തിലിന്റെ പ്രകൃതം മനസ്സിലാക്കി ഇന്റർവ്യൂകളിൽ വിവാദ പരാമർശങ്ങൾ നേടിയെടുക്കാൻ ബോധപൂർവ്വം ശ്രമിച്ചതാണ്‌. ജോൺ ബ്രിട്ടാസിന്റെ അഭിമുഖത്തിലൊക്കെ വളരെ വ്യക്തമായി ഈ ശ്രമം കാണാം. ഇസ്‌ലാമിനെ ജീവിതത്തിൽ നിന്ന് പൂർണ്ണമായി മുറിച്ചുനീക്കിയൊന്നുമല്ല പുനത്തിൽ ഒരു കാലത്തും ജീവിച്ചത്‌. മതം അനുശാസിക്കുന്ന ധാർമ്മികനിഷ്ഠകളിൽ അടിയുറച്ചുനിന്നു എന്നൊന്നുമല്ല ഞാൻ പറയുന്നത്‌. പക്ഷേ നമസ്കരിക്കുന്നതൊക്കെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്‌. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല, ചിലപ്പോഴൊക്കെ പുനത്തിൽ നമസ്കാരത്തിൽ എനിക്ക്‌ ഇമാമായി നിന്നിട്ടുണ്ട്‌. അൽ ഐനിൽ ഞങ്ങൾ ഒരുമിച്ച്‌ ഒരു പരിപാടിക്ക്‌ പോയപ്പോൾ ഞങ്ങൾ നമസ്കരിക്കുന്നത്‌ കണ്ട ഒരു സംഘാടകൻ പുനത്തിലിന്റെ മതപരിവർത്തന വാർത്തയുണ്ടാക്കിയ ആശയക്കുഴപ്പങ്ങൾ ഇപ്പോഴാണ്‌ തനിക്ക്‌ അവസാനിച്ചത്‌ എന്ന് അവിടെ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഒരു കാര്യമുണ്ട്‌, പടച്ചവനിൽ കുഞ്ഞിക്കാക്ക്‌ എപ്പോഴും ഒരു വിശ്വാസം ഉണ്ടായിരുന്നു. ഇറാക്വിൽ അമേരിക്ക അധിനിവേശം നടത്തിയ സമയത്ത്‌ ആക്രമണത്തിൽ മാരകമായ അംഗഭംഗം സംഭവിച്ച ചെറിയ കുട്ടികളുടെ ചിത്രം പത്രത്തിൽ കണ്ട്‌ തേങ്ങിക്കരഞ്ഞ കുഞ്ഞിക്കയെ എനിക്കോർമ്മയുണ്ട്‌. ഒരുപാട്‌ അച്ചടക്കരാഹിത്യങ്ങൾ പ്രകടമായിരുന്ന കാലത്തും മനസ്സിൽ ഇങ്ങനെ നന്മകൾ ഉണ്ടായിരുന്നു. പുനത്തിൽ വിട പറഞ്ഞ ഈ വേളയിൽ ആ പുനത്തിലിനെയാണ്‌ ഞാൻ കൂടുതലായി ഓർക്കാൻ ഇഷ്ടപ്പെടുന്നത്‌.