ബുർഹാൻ അലി
മുംബൈ: ഡോ. സാക്കിർ നായിക്കിനെക്കുറിച്ചുള്ള മാധ്യമചർച്ചകൾ സുഊദി പൗരത്വം വരെയെത്തി ചൂടുപിടിക്കുമ്പോഴും അദ്ദേഹത്തോടുള്ള അനീതിയുടെ സാക്ഷ്യപത്രമായി മുംബൈ ദോംഗ്രിയിലുണ്ടായിരുന്ന ഐ. ആർ. എഫ് ആസ്ഥാനവും പരിസരവും അനാഥമായി കിടക്കുന്നു. സാക്കിർ സ്ഥാപകനും പ്രസിഡന്റും ആയ ഇസ്ലാമിക റിസേർച്ച് ഫൗണ്ടേഷൻ ഓഫീസ് ദോംഗ്രി റ്റാൻഡെൽ സ്റ്റ്രീറ്റിലെ ഏറ്റവും ജനസമ്പർക്കമുള്ള കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. പ്രധാന ഓഫീസിന് തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ ആണ് ഐ. ആർ. എഫ് ലേഡീസ് വിംഗ് പ്രവർത്തിച്ചിരുന്നത്. രണ്ടിനുമുണ്ടായിരുന്നത് നിരത്തുവക്കിലേക്ക് തുറക്കുന്ന താഴേ നിലയിൽ തന്നെയുള്ള വാതിലുകൾ. ഇപ്പോൾ പ്രധാന ഓഫീസിന്റെ നെയിം ബോർഡടക്കം എടുത്തു മാറ്റപ്പെട്ടിരിക്കുന്നു. ലേഡീസ് വിംഗ് കാര്യാലയത്തിന്റെ ബോർഡ് പേരു മറക്കാൻ വൈറ്റ് വാഷ് ചെയ്ത നിലയിൽ ആണുള്ളത്. മുകളിലൂടെ വന്ന വെള്ള പെയിന്റിനടിയിൽ സൂക്ഷിച്ചു നോക്കിയാൽ ‘IFR Ladies Wing’ എന്നെഴുതിയത് വായിച്ചെടുക്കാനാകും; ചരിത്രത്തിലേക്ക് പിൻവാങ്ങാൻ ആ അക്ഷരങ്ങൾ വിസമ്മതിക്കുന്നത് പോലെ! രണ്ടിന്റെയും ഷട്ടറുകൾ സദാ സമയവും അടഞ്ഞുകിടക്കുന്നു. ജീവനക്കാരും സന്ദർശകരും മുഖരിതമാക്കിയിരുന്ന മെയിൻ ഓഫീസിന്റെ മുൻവശത്ത് ഇപ്പോൾ വലിയൊരു ചവറുകൂനയുണ്ട്; പിന്നെ അലസമായി പാർക്ക് ചെയ്ത ചില വാഹനങ്ങളും. ചപ്പുചവറുകൾ കൊണ്ട് മൂടിയും തെരുവിലെ വാഹനങ്ങൾക്ക് ഇരമ്പിക്കയറാൻ നൽകിയും ഐ. ആർ. എഫിന്റെ മുഖം മറക്കണമെന്ന് ആഗ്രഹിക്കുന്നത് ആരൊക്കെയായിരിക്കും?
മുംബൈയിലെ പ്രധാന മുസ്ലിം കേന്ദ്രമാണ് ദോംഗ്രി. തെരുവിലുടനീളം പള്ളികളും ക്വബ്‌റുകളും. പർദ്ദയും താടിയും ഉറുദു-അറബി ബോർഡുകളും നിറഞ്ഞ, ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങൾ ജനനിബിഡമായ റോഡുകൾക്ക് അതിരിടുന്ന, തെക്കൻ മുംബൈ നേടിയ വികസനക്കുതിപ്പ് സ്പർശിച്ചിട്ടേയില്ലാത്ത ഒരു പഴയ ആവാസവ്യവസ്ഥ. ഗൾഫ് കുടിയേറ്റമാണ് ദോംഗ്രിയിൽ ചില സമ്പന്ന മുസ്ലിം കുടുംബങ്ങളെയെങ്കിലും സൃഷ്ടിച്ചത്. ബാബരി ധ്വംസനം ‘ആഘോഷിച്ച്’ ശിവസേന നടത്തിയ മുസ്ലിം കൂട്ടക്കുരുതി ദോംഗ്രിയെ ചോരക്കളമാക്കി മാറ്റി. മുംബൈ കലാപം എന്ന് വിളിക്കപ്പെട്ട ഈ കടന്നുകയറ്റം സൃഷ്ടിച്ച അരക്ഷിതാവസ്ഥയെ മുതലെടുത്താണ് മുംബൈ അധോലോകം ആയുധവിപണിയിൽ ഭാഗ്യം പരീക്ഷിച്ചതും ബോംബ് സ്‌ഫോടനങ്ങൾ നടത്തി കലാപത്തിനുള്ള ‘പ്രതികാരം’ ആണിതെന്ന് പ്രഖ്യാപിച്ചതുമെല്ലാം. മുസ്ലിം സമുദായത്തിന്റെ കർതൃത്വം സ്വയം ഏറ്റെടുത്ത് നല്ല പിള്ള ചമയാൻ ശ്രമിച്ച ഈ ക്രിമിനൽ മാഫിയ സേനയെപ്പോലെ തന്നെ മുംബൈ നേരിട്ട മറ്റൊരു ക്രമസമാധാന പ്രശ്നം ആയിരുന്നു; ഹിന്ദുക്കൾക്കോ മുസ്ലിംകൾക്കോ ഒരുപകാരവും അതുകൊണ്ടുണ്ടായില്ല. ഏകദേശം ഇത്തരം ഒരു സാമൂഹികാന്തരീക്ഷത്തിലേക്കാണ് സാക്കിർ ഐ. ആർ. എഫുമായി കടന്നുവരുന്നത്.
തോക്കും ബോംബും ആയിരുന്നില്ല, ബുദ്ധിയും ജ്ഞാനവും ആയിരുന്നു സാക്കിറിന്റെ ആയുധങ്ങൾ. അവ കലാപാനന്തര മുംബൈയിൽ അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാർക്ക് ആദർശപരമായി അളവറ്റ ആത്മവിശ്വാസം നൽകി. ഹിന്ദുക്കൾക്കാകട്ടെ, ഇസ്ലാമിനെ തുറന്ന് കേൾക്കാനും സംശയങ്ങളുന്നയിക്കാനും അത് സാഹചര്യങ്ങൾ സൃഷ്ടിച്ചു. കാൽനൂറ്റാണ്ടോളം മുംബൈയെ മാത്രമല്ല, ലോകത്തെ തന്നെ ഗുണപരമായി സ്വാധീനിച്ച സൃഷ്ടിപരമായ ഈ വൈജ്ഞാനിക സമ്പർക്കത്തിനാണ് വ്യാജ ഭീകരാരോപണങ്ങൾ ഉന്നയിച്ച് ഇപ്പോൾ താഴിടാൻ ശ്രമം നടക്കുന്നത്. നാടിനെ സ്നേഹിക്കുന്നവർ ഇതിൽ നിലപാട് ഉറക്കെ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഐ. ആർ. എഫിന്റെ ഇപ്പോഴത്തെ ദൈന്യാവസ്ഥ അതുവഴി കടന്നുപോകുന്നവരെ മുഴുവൻ ഓർമിപ്പിക്കുന്നുണ്ട്.