Logo

 

എടത്താനാട്ടുകരയിലെ ഇസ്‍ലാഹി പ്രസ്ഥാനം: ചരിത്രവും സവിശേഷതകളും

4 April 2020 | Essay

By

ഒരേ സമയം മുന്നോട്ടും പിന്നോട്ടുമുള്ള നടത്തമാണ് കേരളത്തിൽ ‘ഇസ്ലാഹ്’ സാധ്യമാക്കിയത് എന്നാണ് ഈ അടുത്ത കാലത്ത് മരണപ്പെട്ട മുജാഹിദ് – മുസ്ലിം ലീഗ് സൈദ്ധാന്തികനും ചരിത്രകാരനുമായിരുന്ന എം ഐ തങ്ങളുടെ വീക്ഷണം.(http://millireport.com/mi-thangal-interview) ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് ബഹുദൂരം അകന്നിരുന്ന സമുദായം അതിലേക്ക് തിരിഞ്ഞു നടക്കുന്നതാണ് ‘പിന്നോട്ടുള്ള നടത്തം’ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ മതനിഷ്ഠകൾക്ക് കോട്ടം തട്ടാത്ത വിധമുള്ള ആധുനീകരണമാണ് ‘മുന്നോട്ടുള്ള ഗമനം’ കൊണ്ട് വിവക്ഷിക്കുന്നത്.
കേരള മുസ്ലിം നവോത്ഥാനത്തിന് ഊടും പാവും നൽകിയ ഇസ്ലാഹീ പ്രസ്ഥാനത്തിൻ്റെ ചരിത്രവും ദർശനവും നിരൂപണം ചെയ്യുമ്പോൾ ഈ രണ്ട് ‘നടത്തങ്ങളും’ വ്യക്തമായി കാണുവാൻ സാധിക്കും.
ഥനാഉല്ലാഹ് മക്തി തങ്ങളിൽ നിന്നാണ് കേരളീയ മുസ്ലിം നവോത്ഥാനം ആരംഭിക്കുന്നത് എന്നാണല്ലോ പൊതുവെ പറയപ്പെടാറുള്ളത്. മക്തി തങ്ങളെ സത്യസന്ധമായി അപഗ്രഥിച്ചവർ പ്രബോധന-പരിഷ്കരണ രംഗത്ത് തങ്ങൾ സ്വീകരിച്ച രീതിശാസ്ത്രത്തെ പരാമർശിക്കുന്നുണ്ട്.
“ഒരേ സമയം പ്രമാണങ്ങളിലേക്കും ആധുനിക വിദ്യാഭ്യാസത്തിലേക്കും മാപ്പിളമാരെ ക്ഷണിച്ചുകൊണ്ട് ഇസ്ലാമീകരണവും ആധുനീകരണവും ഒരു ഇരട്ട പ്രക്രിയ പോലെ ഒന്നിച്ചു ലക്ഷ്യം വെക്കുകയാണ് മക്തി തങ്ങൾ ചെയ്തത് “(മക്തി തങ്ങൾ പ്രബോധകനും പരിഷ്കർത്താവും, മുസ്തഫാ തൻവീർ, പുറം:128).
മക്തി തങ്ങൾ സ്വീകരിച്ച അതേ രീതിശാസ്ത്രം തന്നെയാണ് ഏറിയതോ കുറഞ്ഞതോ ആയ രൂപത്തിൽ വക്കം മൗലവി, കെ. എം. സീതി സാഹിബ്, എൻ. വി. അബ്ദുസ്സലാം മൗലവി മുതൽക്കുള്ള ഇസ്ലാഹീ പണ്ഡിതൻമാരും നേതാക്കൻമാരും സ്വീകരിച്ചത്.
ഇസ്ലാമിക പ്രമാണങ്ങളെ വിസ്മരിച്ച് ദൈവത്തിനും വിശ്വാസികൾക്കുമിടയിൽ ഇടതേട്ടത്തിൻ്റെ നിരവധി ശ്രേണികൾ തീർത്ത പുരോഹിതക്കൂട്ടങ്ങളുടെ ഖനനമേഖലയായിരുന്ന കേരളീയ മുസ്ലിം സമൂഹത്തെ, ചരിത്രത്തിൻ്റെ ഇരുളടഞ്ഞ ഇടനാഴികളിൽ മനുഷ്യനാഗരികതക്ക് വഴികാണിച്ച വിശിഷ്ട ഗ്രന്ഥമായ വിശുദ്ധ ക്വുർആനിലേക്കും അതിൻ്റെ പ്രായോഗിക രൂപമായ പ്രവാചക ചര്യയിലേക്കും തിരിച്ചു നടത്തുകയാണ് പ്രഥമമായി ഇസ്ലാഹീ പ്രസ്ഥാനം ചെയ്തത്. അജ്ഞതയുടെ ചേറ്റുകണ്ടം തേവി വറ്റിച്ച് അവിടെ ഇഹപര വിജയത്തിന് നിദാനമാകുന്ന ജ്ഞാനത്തിൻ്റെ കൊടും കൃഷി നൂറുമേനിയിൽ കൊയ്യാൻ അതുമുഖേന ഈ പ്രസ്ഥാനത്തിന് സാധിച്ചു.
അതോടൊപ്പം കേരളീയ മുസ്ലിം സ്ത്രീ-പുരുഷ സഞ്ചിതങ്ങളെ കാലവേഗത്തോടൊപ്പം സഞ്ചാരപ്രാപ്യമാക്കുകയാണ് ഇസ്ലാഹീ പ്രസ്ഥാനം നിർവഹിച്ച രണ്ടാമത്തെ യജ്ഞ ദൗത്യം. ഇങ്ങനെയാണ് മലയാളി മുസ്ലിമിനെ മാറ്റുന്നതിലും കേരളീയ മുസ്ലിം സമൂഹത്തിൻ്റെ മുഖഛായ മാറ്റുന്നതിലും ഇസ്ലാഹീ പ്രസ്ഥാനം ഇടപെട്ടത്.

തിരൂരങ്ങാടി, ഫറോഖ്, എടവണ്ണ,പുളിക്കൽ, അരീക്കോട് എന്നിവയെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന് വേരും വ്യാപ്തിയുമുള്ള കേരളത്തിലെ പ്രദേശങ്ങളാണ്.
ഈ സ്ഥലനാമങ്ങൾ കേൾക്കുമ്പോൾ സമുദായത്തിൻ്റെയും സമൂഹത്തിൻ്റെയും പ്രയാണ വീഥിയിൽ പ്രകാശഗോപുരമായി പ്രശോഭിക്കുന്ന നിരവധി സ്ഥാപനങ്ങളുടെയും സംഘങ്ങളുടെയും ചിത്രങ്ങളാണ് മനസിൽ വരിക. ഫാറൂഖ് കോളേജ്, തിരൂരങ്ങാടി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും, ജാമിഅഃ നദ് വിയ്യ,പുളിക്കൽ മദീനത്തുൽ ഉലൂം എന്നിവ ഉദാഹരണം.
എന്നാൽ ഏറ്റവും കൂടുതൽ മുജാഹിദ് മഹല്ലുകൾ ഉൾക്കൊള്ളുന്ന എടത്തനാട്ടുകരയെ പേരുകേട്ട സ്ഥാപനങ്ങളും സംഘങ്ങളും നിലനിൽക്കുന്ന സ്ഥലമെന്ന അഭിധാനത്തിന് പകരം ‘മുജാഹിദ് ഭൂരിപക്ഷ പ്രദേശം’ എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്.
എടത്തനാട്ടുകര യതീംഖാന, ഗവ.ഓറിയൻ്റൽ സ്കൂൾ, ശറഫുൽ മുസ്ലിമീൻ അറബിക് കോളേജ് തുടങ്ങിയ സംസ്ഥാന തലത്തിലൊന്നും കൂടുതൽ അറിയപ്പെടാത്ത സ്ഥാപനങ്ങൾ ഒഴിച്ചു നിർത്തിയാൽ വലിയ സംരംഭങ്ങളൊന്നും ഇല്ലാത്തതായിരിക്കാം മറ്റു ഇസ്ലാഹീ പ്രദേശങ്ങൾക്ക് നൽകുന്നതു പോലുള്ള വിശേഷണ പരിധിയിൽ എടത്തനാട്ടുകര ഉൾപ്പെടാത്തത്. .

ക്വുർആനിലേക്കും സുന്നത്തിലേക്കും തിരിച്ചുവിളിക്കുകയെന്ന ഇസ്ലാഹീ പ്രസ്ഥാനത്തിൻ്റെ പ്രഥമ ദൗത്യത്തിലാണ് എടത്തനാട്ടുകര എന്നും അതിൻ്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചത്. രാഷ്ട്രീയ-സാമൂഹ്യ-ഭൗതിക രംഗത്തെ പരിഷ്കരണ പ്രക്രിയ എടത്തനാട്ടുകരയിലെ ഇസ്ലാഹീ പ്രവർത്തനങ്ങളുടെ അത്ര വലിയൊരു ‘കൺസേൺ’ അല്ല. അതിന് അതിൻ്റേതായ കാരണങ്ങളും അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ട്. .

പ്രഭാഷണങ്ങളിലൂടെ മാത്രം ഇസ്ലാമിനെ നെല്ലും പതിരും വേർതിരിച്ച് മനസിലാക്കിയ ഇത്രവലിയൊരു ഭൂപ്രദേശം കേരളത്തിൽ അപൂർവമാണ് എന്ന് തന്നെ പറയാം.
കോവിഡ് -19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സാമൂഹിക ഇടകലരലുകൾ നിരോധിച്ച സമയത്താണ് ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകരയിലെ രണ്ടരപ്പതിറ്റാണ്ടിൻ്റെ ജീവിതാനുഭവങ്ങൾക്കിടയിൽ ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാത്രമാണ് ഈ നാട് ഇസ്ലാഹീ പ്രഭാഷണങ്ങളാൽ ശബ്ദമുഖരിതമാവാത്തത് എന്ന് ലേഖകന് ഉറപ്പിച്ച് പറയാൻ കഴിയും.
തൗഹീദ്,ആഖിറത്ത്,രിസാലത്ത്,തസ്കിയ്യത്ത്, തർബിയ്യത്ത്,മുജാഹിദ് പ്രസ്ഥാനത്തിൻ്റെ ആദർശ വ്യതിരിക്തത തുടങ്ങിയ വിഷയങ്ങളിലുള്ള ചെറുതും വലുതുമായ പ്രഭാഷണങ്ങൾ കേൾക്കാത്തവരായി ഈ പ്രദേശത്ത് ആരുമുണ്ടാവില്ല. കേരളത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ സംഘടിപ്പിക്കാറുള്ള മുജാഹിദ് പ്രസ്ഥാനത്തിൻ്റെ സമ്മേളനങ്ങളിൽ അംഗബലത്തിൽ കൂടുതലുണ്ടാവുന്നതും ഈ പ്രദേശത്തുകാരായിരിക്കും. .

പറപ്പൂരിൽ നിന്ന് തുടങ്ങുന്ന നാൾവഴി

ഇസ്ലാഹീ ഭൂമികയിൽ എടത്തനാട്ടുകര ഒരു സുപ്രധാന സ്ഥലമാവുന്നതിൽ പ്രഥമവും പ്രധാനവുമായി പങ്കുവഹിച്ചത് പറപ്പൂർ അബ്ദുറഹ്മാൻ മൗലവിയാണ്. 1903 ൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള പറപ്പൂരിൽ ജനിച്ച്, 1920ൽ ചെമ്മങ്കടവ് പള്ളി ദർസിൽ നിന്ന് കെ.എം മൗലവിയുടെ ശിഷ്യത്വം സ്വീകരിച്ച്, മൗലാനാ സിദ്ദീഖ് ഹസൻ രചിച്ച “അദ്ദീനുൽ ഖാലിസ്വ” എന്ന ഗ്രന്ഥത്തിലൂടെ ചിന്താമാറ്റം സംഭവിച്ച പറപ്പൂർ അബ്ദുറഹ്മാൻ മൗലവി 1947 ലാണ് എടത്തനാട്ടുകരയിലെത്തുന്നത്. അണയംകോട് കുറുക്കൻ മരക്കാർ എന്ന ബന്ധുവിനെ സന്ദർശിക്കാനായി ഇവിടെയെത്തിയ മൗലവി കുറച്ചു ദിവസം വൈകുന്നേരങ്ങളിൽ മതപ്രഭാഷണം നിർവഹിക്കാൻ നിർബന്ധിക്കപ്പെട്ടു. അങ്ങിനെ കൊയ്ത്തു കഴിഞ്ഞ് ഒഴിഞ്ഞുകിടക്കുന്ന ഒരു വയലിൽ രണ്ടാഴ്ചക്കാലം അദ്ദേഹം പ്രഭാഷണം നടത്തി. പ്രസ്തുത പ്രഭാഷണങ്ങൾ എടത്തനാട്ടുകരക്കാരുടെ മനസിൽ കോളിളക്കം സൃഷ്ടിക്കാൻ കാരണമായി. അതുവരെ കേൾക്കുകയും ആചരിക്കുകയും ചെയ്തതിൽ നിന്ന് എത്രയോ വ്യത്യസ്തമാണ് മതം എന്ന് ആ പ്രസംഗങ്ങളിൽ നിന്ന് അവർ മനസിലാക്കി. അക്കാലത്ത് പൊതുവെ പ്രമാണ ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോൾ എതിർപ്പുകളുടെ കൂരമ്പുകളാണ് പ്രബോധകർ നേരിടാറുണ്ടായിരുന്നതെങ്കിൽ എടത്തനാട്ടുകരയിൽ പറപ്പൂർ അബ്ദുറഹ്മാൻ മൗലവിക്ക് ലഭിച്ചത് സ്നേഹത്തിൻ്റെയും യോജിപ്പിൻ്റെയും ആദരവിൻ്റെയും പുഷ്പമാല്യങ്ങളാണ് എന്ന വസ്തുത വിസ്മയകരമാണ്..

പറപ്പൂരിൻ്റെ പ്രഭാഷണത്തിൽ ആകൃഷ്ടരായ എടത്തനാട്ടുകരക്കാർ അദ്ദേഹത്തോട് അവിടെ തുടരാൻ ആവശ്യപ്പെട്ടു. ചെയ്തു തീർക്കേണ്ട ചില ഉത്തരവാദിത്തങ്ങൾ കാരണം അദ്ദേഹം അവരുടെ ആവശ്യം താൽക്കാലികമായി നിരസിച്ചെങ്കിലും അധികം വൈകാതെ വീണ്ടും എടത്തനാട്ടുകരയിലെത്തി. അവിടം മുതൽ എടത്തനാട്ടുകരയിൽ സ്ഥിരതാമസമാക്കിയ പറപ്പൂർ തൻ്റെ പ്രവർത്തന കേന്ദ്രമായി സ്വീകരിച്ചത് പൂക്കാടംഞ്ചേരിയാണ്. .

മൗലവിയുടെ പ്രബോധന പരിശ്രമങ്ങളെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ശിർക്ക് അടക്കമുള്ള അനിസ്ലാമിക രീതികളിൽ നിന്ന് എടത്തനാട്ടുകര അപ്പോഴും മുക്തമല്ലായിരുന്നു. “അന്ധവിശ്വാസങ്ങളിൽ മുഴുകിയ എടത്തനാട്ടുകരയെ ഒരൊറ്റ സുപ്രഭാതം കൊണ്ട് മാറ്റിയെടുക്കാനാവില്ലെന്ന് പറപ്പൂരിന് പൂർണ്ണബോധ്യമുണ്ടായിരുന്നു. കാരണം അവരുടെ നിത്യജീവിതത്തിലെ ഓരോ സംഭവങ്ങളുമായി ലയിച്ചു ചേർന്നവയായിരുന്നു അനാചാരങ്ങൾ. അതുകൊണ്ട് ഈവക കാര്യങ്ങളിൽ അവരിലൊരാളെപ്പോലെ പങ്കെടുത്തു കൊണ്ടു തന്നെ അതിലെ സത്യാസത്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് ആദ്യം മുതലേ പറപ്പൂർ ശ്രമിച്ചത്. അതിലദ്ദേഹം പൂർണ്ണമായും വിജയിക്കുക തന്നെ ചെയ്തു”(തൗഹീദിനുവേണ്ടി ഒരു ധന്യ ജീവിതം: പി. സെയ്ദു മൗലവിയുടെ ജീവചരിത്രം, ബഷീർ രണ്ടത്താണി, പുറം: 17). തൻ്റെ ഈ സമീപനം കാരണം എടത്തനാട്ടുകരയിൽ പുതിയ പള്ളികൾ പറപ്പൂരിന് പണിയേണ്ടി വന്നില്ല. മറിച്ച് അദ്ദേഹത്തിൻ്റെ കൃത്യവും വസ്തുനിഷ്ഠവും പ്രമാണബദ്ധവുമായ വിഷയാവതരണങ്ങളും പ്രഭാഷണ ചാതുരിയും പള്ളികളെ മുജാഹിദ് പളളികളായും മഹല്ലുകളായും പരിവർത്തിപ്പിക്കുകയായിരുന്നു. കെ.എൻ.എം പ്രവർത്തക സമിതി അംഗം, എടത്തനാട്ടുകര യതീംഖാന വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച് നവോത്ഥാന ഭൂമികയിൽ മായാത്ത മുദ്ര പതിപ്പിച്ച ആ ധന്യജീവിതം 1962 ജനുവരിയിൽ ഈ ലോകത്തോട് വിടപറഞ്ഞു..

രണ്ടത്താണി സെയ്ദ് മൗലവി

പറപ്പൂരിൻ്റെ എടത്തനാട്ടുകരയിലെ ദർസ് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു പി സെയ്ദ് മൗലവി.
എടത്തനാട്ടുകര പൂക്കാടംഞ്ചേരിയിലെ ഒരു പൊതുകാര്യ പ്രസക്ത കുടുംബത്തിൽ ജനിച്ച സെയ്ദ് മൗലവി എട്ടാം വയസിലാണ് നാട്ടിൽ തന്നെയുള്ള പള്ളിദർസിൽ ചേരുന്നത്. അന്ന് ദർസിലെ തൻ്റെ അധ്യാപകൻ എല്ലാവിധ അനിസ്ലാമികതകളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രചാരകനായിരുന്നു. അദ്ദേഹത്തിൻ്റെ സേവനം അവസാനിപ്പിച്ച് ദർസിൽ നിന്ന് വിരമിച്ച സമയത്താണ് പറപ്പൂരിൻ്റെ എടത്തനാട്ടുകരയിലേക്കുള്ള വരവ്. പിന്നീട് പറപ്പൂർ ദർസിലെ അധ്യാപനാവുകയും സിലബസും പഠന രീതിയുമെല്ലാം അടിമുടി മാറ്റുകയും ചെയ്തു. പറപ്പൂർ അബ്ദുറഹ്മാൻ മൗലവി തൻ്റെ ദർസിൽ അടവെച്ച് വിരിയിച്ച കിളിക്കിടാവാണ് പിന്നീട് കേരളം മുഴുക്കെ തൗഹീദിൻ്റെ പ്രചാരകനായി മാറിയ രണ്ടത്താണി സെയ്ദ് മൗലവി. ദർസ് പഠനശേഷം തൻ്റെ അധ്യാപകൻ്റെ തണലും തണുപ്പും ഉപയോഗപ്പെടുത്തി സെയ്ദ് മൗലവി തൗഹീദ് പ്രചരണ രംഗത്തേക്ക് കാലെടുത്തുവെച്ചു.
ആദ്യം എടത്തനാട്ടുകരയിലും പിന്നീട് കേരളത്തിനകത്തും പുറത്തുമായി പ്രഭാഷണങ്ങളിലും വാദപ്രതിവാദങ്ങളിലും അദ്ദേഹം മുഴുകി. മരണം വരെ തുടർന്ന ഈ പ്രക്രിയയിലൂടെ അനേകമാളുകളിലേക്ക് ഏകദൈവാരാധനയുടെ ദീപ്തസൗന്ദര്യമെത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കെ.എൻ.എം സംസ്ഥാന പ്രസിഡൻ്റ് ടി പി അബ്ദുല്ലക്കോയ മദനി തൻ്റെ പഠനകാലത്ത് സെയ്ദ് മൗലവിയുടെ പ്രഭാഷണത്തിലൂടെയാണ് ‘മുജാഹിദായതെന്ന്’ ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ പറഞ്ഞതോർക്കുന്നു. പറപ്പൂർ തൻ്റെ ജന്മനാട് വിട്ട് പ്രബോധനാവശ്യാർത്ഥം എടത്തനാട്ടുകരയിലേക്ക് വന്നപോലെയാണ് സെയ്ദ് മൗലവി എടത്തനാട്ടുകര വിട്ട് രണ്ടത്താണിയിലെത്തുന്നത്.
പിന്നീട് മരണം വരെ തൻ്റെ പ്രവർത്തനകേന്ദ്രം
രണ്ടത്താണി ആയിരുന്നു. .

എടത്തനാട്ടുകര യതീംഖാന

1948 ൽ കെ.കെ.എം ജമാലുദ്ദീൻ മൗലവി തിരൂരങ്ങാടി യതീംഖാനയുടെ റസീവറായി എടത്തനാട്ടുകരയിലേക്ക് വന്നപ്പോൾ നാട്ടുകാർ അദ്ദേഹത്തോട് വിമുഖത കാണിക്കുകയും പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തു. അതിനൊരു പ്രത്യേക കാരണമുണ്ടായിരുന്നു.
ഈ പ്രദേശത്തുള്ള ഇരുപതോളം അനാഥ കുട്ടികളെ ഒരാൾ ഇതേവർഷം തിരൂരങ്ങാടി യതീംഖാനയിലേക്ക് ചേർക്കാൻ കൊണ്ടുപോയി. എന്നാൽ അവിടെ കൂടുതൽ കുട്ടികളെയെടുക്കാൻ സാധിക്കാത്തതിനാൽ പോയവർക്കു മുഴുവൻ മടങ്ങേണ്ടി വന്നു. മുജാഹിദ് പ്രസ്ഥാനത്തിനും അതിൻ്റെ കീഴിലുള്ള സ്ഥാപനങ്ങൾക്കും എക്കാലത്തും സാമ്പത്തിക പിൻബലം വേണ്ടുവോളം നൽകിയിരുന്ന എടത്തനാട്ടുകരക്കാർക്ക് ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഉണ്ടായ വിഷമമാണ് കെ.കെ.എം ജമാലുദ്ദീൻ മൗലവിയോടുള്ള ചോദ്യംചെയ്യലായി പരിണമിച്ചത്. ആ സമയത്ത് ഒരു വലിയ പദ്ധതി സാക്ഷാത്കരിക്കാൻ പ്രചോദിപ്പിക്കും വിധമുള്ള മറുചോദ്യം ഉന്നയിച്ചാണ് ജമാലുദ്ദീൻ മൗലവി അവരെ നേരിട്ടത്. അത് ഇങ്ങനെയായിരുന്നു. “തിരൂരങ്ങാടിയിൽ വിറകുവാങ്ങുന്ന പണം മതിയല്ലോ ഇവിടെ കുട്ടികൾക്ക് ആകെ ചെലവ് കൊടുക്കാൻ.പിന്നെ എന്തുകൊണ്ട് നിങ്ങൾക്കു തന്നെ സ്വന്തമായൊരു യതീംഖാന നടത്തിക്കൂടാ?”(എടത്തനാട്ടുകര അനാഥശാല ഒരു വിഗഹ വീക്ഷണം, പി. എം. സലീം മാസ്റ്റർ, ഓർഫനേജ് മുപ്പതാം വാർഷിക സുവനീർ – പുറം: 4). ഈ ചോദ്യം എടത്തനാട്ടുകരയിലെ മുജാഹിദ് നേതാക്കളും പ്രവർത്തകരും തങ്ങളുടെ കർമ്മ ചൈതന്യത്തിൻ്റെ സടകുടഞ്ഞെഴുന്നേൽകലായി മാറ്റിത്തീർത്തു. അങ്ങിനെ 1949 ൽ കെ.എം മൗലവി, ഇ കെ മൗലവി, സി.എൻ അഹ്മദ് മൗലവി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മദ്രാസിലെ സുപ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണനും പണ്ഡിതനുമായിരുന്ന സയ്യിദ് അബ്ദുൽ വഹാബ് ബുഖാരി സാഹിബ് അനാഥാലയത്തിൻ്റെ കെട്ടിടോദ്ഘാടനം നിർവഹിച്ചു. എടത്തനാട്ടുകരക്കകത്തും പുറത്തും ഉത്തരേൻഡ്യയിലുമുള്ള ആയിരങ്ങൾക്ക് അന്നവും അറിവും നൽകിയ ഈ സ്ഥാപനത്തിനു കീഴിൽ ഇന്ന് രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പറപ്പൂർ അബ്ദുറഹ്മാൻ മൗലവി തുടക്കം മുതൽ തൻ്റെ മരണം വരെ ഈ സ്ഥാപനത്തിൻ്റെ വൈസ് പ്രസിഡൻ്റും കാര്യദർശിയുമായിരുന്നു. അദ്ദേഹത്തിനു പുറമെ റ്റി പി ആലു മൗലവി, പാറോക്കോട്ട് ഉമ്മർ ഹാജി, തോരക്കാട്ടിൽ അബ്ദുഹാജി തുടങ്ങിയ നാമങ്ങൾ സ്മരിക്കാതെ അനാഥശാലയുടെ ചരിത്രം എഴുതാൻ സാധിക്കില്ല. കാലത്തിന് മായ്ക്കാനാവാത്ത സ്മൃതി ചിത്രങ്ങൾ അനാവരണം ചെയ്യപ്പെട്ടു കിടക്കുന്ന ഈ സ്ഥാപനം ഇന്നും തലയെടുപ്പോടെ എടത്തനാട്ടുകരയുടെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്നു നിൽക്കുന്നുണ്ട്..

ശറഫുൽ മുസ്ലിമീൻ

പറപ്പൂർ അബ്ദുറഹ്മാൻ മൗലവിയുടെ ദർസിൻ്റെ ലെഗസി നിലനിർത്തുവാൻ 1975ൽ എം അഹ്മദ് മൗലവിയുടെ നേതൃത്വത്തിൽ പൂക്കാടംഞ്ചേരിയിൽ സ്ഥാപിതമായതാണ് ശറഫുൽ മുസ്ലിമീൻ അറബിക് കോളേജ്.
പിന്നീട് യാത്രാ സൗകര്യാർത്ഥം രണ്ട് മാസങ്ങൾക്ക് ശേഷം യതീംഖാനയിലേക്ക് കോളേജിൻ്റെ പ്രവർത്തനം മാറ്റി. ആറ് മാസമാണ് യതീംഖാനയിൽ കോളേജ് പ്രവർത്തിച്ചത്.
പല കാരണങ്ങളാൽ അവിടെയും സ്ഥാപനം നടത്തിക്കൊണ്ടുപോകുവാൻ ബുദ്ധിമുട്ടായ സമയത്ത് സ്ഥാപനത്തെ ഏറെ സ്നേഹിച്ച എം അഹ്മദ് മൗലവി കോളേജിൻ്റെ പ്രവർത്തനം തൻ്റെ വീട്ടിലേക്ക് മാറ്റി.
പിന്നീട് പതിനഞ്ച് ആളുകൾ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി ഉണ്ടാക്കുകയും അതിൻ്റെ ഫലമായി സ്വന്തമായ ഒരു സ്ഥലത്തേക്ക് കോളേജ് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ആദ്യകാലത്ത് ശറഫുൽ മുസ്ലിമീൻ വനിതാ അറബിക് കോളേജ് ആയിരുന്നു..

ഹോസ്റ്റൽ സൗകര്യങ്ങളുടെ അഭാവം കാരണം എടത്തനാട്ടുകരക്കപ്പുറത്തുള്ള വിദ്യാർത്ഥികൾക്ക് ഈ സ്ഥാപനത്തിൽ പഠിക്കുക അസാധ്യമായിരുന്നു. അതിനാലാണ് കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിനു കീഴിലുള്ള ഇതര അറബിക് കലാലയങ്ങളുടെയത്ര ശ്രദ്ധ പിടിച്ചുപറ്റാൻ ശറഫുൽ മുസ്ലിമീന് സാധിക്കാതിരുന്നത്..

രണ്ടായിരത്തി പതിനഞ്ചോടെ ഈ സ്ഥാപനം അഭിവൃദ്ധിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്. ശറഫുൽ മുസ്ലിമീൻ എഡ്യുക്കേഷണൽ കൾച്ചറൽ സെൻ്റർ എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന് കീഴിലിപ്പോൾ അറബിക് കോളേജിന് പുറമെ ക്വുർആൻ ഹിഫ്ദ് കോളേജ്, ക്വുർആനിക് പ്രീ സ്കൂൾ, പബ്ലിക് സ്കൂൾ എന്നിയും പ്രവർത്തിക്കുന്നുണ്ട്. ഷാഹി നൊബിലിറ്റി ട്രസ്റ്റിൻ്റെ സഹായത്തോടെ നിർമ്മിച്ച ദാറുൽ ഫുർഖാൻ ഹിഫ്ദ് കോളേജിൽ നിന്ന് ചുരുങ്ങിയ വർഷത്തിനുള്ളിൽ വിദ്യാർത്ഥികൾ ഖുർആൻ മനഃപാഠമാക്കി പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. പീസ് ഫൗണ്ടേഷനു കീഴിലുള്ള പീസ് പബ്ലിക് സ്കൂൾ രണ്ടാംവർഷത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്. കൂടാതെ കാമ്പസ് മസ്ജിദ്, പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഹിഫ്ദ് കോളേജ് എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. .

മുജാഹിദ് പ്രസ്ഥാനത്തിനകത്ത് ഉണ്ടാവുന്ന ആന്തരിക ശൈഥില്യങ്ങൾ എടത്തനാട്ടുകരയെ പലരൂപത്തിൽ ബാധിക്കുന്നുണ്ട്. മുജാഹിദുകൾ മാത്രമുള്ള, മുപ്പത്തിയഞ്ചിലധികം ഇസ്ലാഹീ മസ്ജിദുകളും അതിനേക്കാൾ മദ്റസകളുമുള്ള ഒരു പ്രദേശത്ത് സംഘടന പ്രശ്നങ്ങളും വേർപിരിയലുകളും നാടിനെത്തന്നെ വെട്ടിമുറിക്കുന്നത് പോലെയാണ് അനുഭവപ്പെടുക.
പിളർപ്പുകൾ കാരണം ‘നിഷ്പക്ഷമായവരിൽ’ ഒരു ചെറിയ വിഭാഗമെങ്കിലും ‘പ്രസ്ഥാന വെറുപ്പ്’ മൂലം മതത്തെ തന്നെ ഒരുതരം അപകർഷ ബോധത്തോടെ നോക്കിക്കാണുന്നു എന്ന് പറയാതിരിക്കാൻ വയ്യ. നമുക്കിടയിലുള്ള പ്രശ്നങ്ങൾ മുതലെടുത്ത് മതം ഭിന്നതക്കും ഛിദ്രതക്കുമുള്ളതാണെന്ന പ്രതീതിയുണ്ടാക്കി മതസൗഹാർദ്ദത്തിൻ്റെ പട്ടിൽ പൊതിഞ്ഞ ചില കലാ-സാഹിത്യ കൂട്ടായ്മകൾ ഈ അടുത്തകാലത്തായി എടത്തനാട്ടുകരയിൽ ഉദയം ചെയ്തിട്ടുണ്ടെന്നും അവരുടെ മതരഹിത കാഴ്ചപ്പാടുകളിലേക്ക് പുതിയ തലമുറ പതുക്കെ വഴുതിക്കൊണ്ടിരിക്കുന്നുവെന്നും എടത്തനാട്ടുകരയിലെ മുജാഹിദ് നേതാക്കളും പ്രവർത്തകരും തിരിച്ചറിയേണ്ടതുണ്ട്. അത്തരം തിരിച്ചറിവുകളിൽ നിന്ന് കേരളീയ മുസ്ലിം ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ‘ഇസ്ലാഹ്’ സാധ്യമായ എടത്തനാട്ടുകരയുടെ മണ്ണും വിണ്ണും മനസിലാക്കി പുതിയ പദ്ധതികൾക്ക് രൂപം നൽകാൻ സാധിക്കട്ടെ, ആമീൻ..


Tags :


Nasim Rahman