Logo

 

ലഹരിക്കെതിരിൽ കൈകോർക്കാൻ ഇസ്‌ലാമിക പാഠങ്ങൾ

4 January 2019 | Study

By

ഈ മഹാപ്രപഞ്ചത്തിന്റെ സംവിധായകനായ അല്ലാഹു ഭൂമിയില്‍ മനുഷ്യസമൂഹത്തെ നന്മയും തിന്മയും ചെയ്യാന്‍ കഴിയുന്ന സവിശേഷാസ്തിത്വത്തോടുകൂടി സൃഷ്ടിച്ചുവെന്നും മരണാനന്തരജീവിതത്തില്‍ ഓരോ മനുഷ്യനും താന്‍ ചെയ്ത തിന്മയ്ക്കനുസൃതമായ ശിക്ഷയും നന്മയ്ക്കുള്ള അളവറ്റ പ്രതിഫലവും അല്ലാഹുവില്‍ നിന്നേറ്റുവാങ്ങുമെന്നുമുള്ള അടിസ്ഥാന ഇസ്‌ലാമിക പാഠങ്ങളില്‍ മനസ്സ് ഊട്ടപ്പെട്ട് വളരുന്ന മുസ്‌ലിമിന്, മദ്യപാനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മദ്യപാനം അല്ലാഹു വിലക്കിയ തിന്മയാണെന്ന് മനസ്സിലാക്കുക മാത്രമേ ആവശ്യമുള്ളൂ. മനുഷ്യജീവിതത്തിന് ആത്യന്തികമായി ഹാനികരമായ കാര്യങ്ങളെയാണ് അല്ലാഹു തിന്മയായി പ്രഖ്യാപിക്കുന്നതെന്നും നന്മതിന്മകള്‍ നിര്‍ണയിക്കാന്‍ സര്‍വജ്ഞനായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തെയാണ്, അല്ലാതെ യാതൊരു അപ്രമാദിത്വവുമില്ലാത്ത മനുഷ്യന്റെ തോന്നലുകളെയല്ല ആശ്രയിക്കേണ്ടതെന്നും ക്വുര്‍ആനിലൂടെയും നബിചര്യയിലൂടെയും ആവര്‍ത്തിച്ചുപഠിപ്പിക്കപ്പെടുന്ന മുസ്‌ലിം, ലഹരി ഉപഭോഗത്തിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നത് അളവറ്റ സംതൃപ്തിയോടുകൂടിയായിരിക്കും. പ്രപഞ്ചനാഥനായ ഏകദൈവത്തിലും അവനൊരുക്കുന്ന പ്രതിഫലവേദിയിലും അടിയുറച്ചുവിശ്വസിക്കുകയും ജീവിതവിജയത്തിനാവശ്യം നിഷ്‌കൃഷ്ടമായ ദൈവിക ധാര്‍മികപദ്ധതി മുറുകെ പിടിക്കുകയാണെന്ന് ബോധ്യം വരികയും ചെയ്ത ഒരു സമൂഹത്തെ വളര്‍ത്തിയെടുത്തശേഷം ആ സമൂഹത്തോട് മദ്യപാനം ദൈവദൃഷ്ടിയില്‍ മഹാപാപമാണെന്ന് പറയുന്ന ഇസ്‌ലാമിക രീതിശാസ്ത്രം ചരിത്രത്തില്‍ സൃഷ്ടിച്ചിട്ടുള്ള ലഹരിവിരുദ്ധ വിപ്ലവം എല്ലാ അര്‍ത്ഥത്തിലും അനിതരമാണ്.

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ആദ്യമായി ഒരു സമ്പൂര്‍ണ ലഹരിരഹിത സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ വിജയിച്ചത് മുഹമ്മദ് നബി(സ)യാണെന്നതാണ് യാഥാര്‍ത്ഥ്യം. മുഹമ്മദ് നബി(സ)യുടെ ആഗമന കാലത്തെ അറേബ്യന്‍ സമൂഹം മദ്യത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തിരുന്ന ഒരു സമൂഹമായിരുന്നു. പ്രവാചകപൂര്‍വ അറബിക്കവിതകളിലെ മദ്യവര്‍ണനകള്‍ അക്കാലത്തെ അറബികള്‍ എന്തുമാത്രം മദ്യത്തിനടിമപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മരിച്ചാല്‍ മുന്തിരിവള്ളിയുടെ ചുവട്ടില്‍ മറവ് ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുകയും മരണാനന്തരവും കള്ളുതുള്ളികളാസ്വദിക്കാന്‍ അതുപകാരപ്പെടുമെന്നു പ്രത്യാശിക്കുകയും ചെയ്ത ജനതയായിരുന്നു അറേബ്യയിലേത്. അറബികളുടെ വഴിവിട്ട ലൈംഗിക ജീവിതത്തിനും സമാനതകളില്ലാത്ത യുദ്ധഭ്രാന്തിനും ‘ഊര്‍ജം പകര്‍ന്നിരുന്നത്’ പ്രധാനമായും മദ്യം തന്നെയായിരുന്നു. മദ്യം സിരകളിലൊഴുകുന്നതുകൊണ്ട് മാത്രമാണ് ജീവിതം ആനന്ദഭരിതമാകുന്നതെന്ന് കരുതിയിരുന്ന ഒരു സമൂഹം! അവര്‍ക്കിടയിലേക്ക് ദൈവസന്ദേശങ്ങളുമായി കടന്നുവന്ന മുഹമ്മദ് നബി(സ), ഇസ്‌ലാമിന്റെ ജീവിതവീക്ഷണം പഠിപ്പിക്കുകയും മദ്യപാനമടക്കമുള്ള തിന്മകള്‍ മഹാപാപങ്ങളാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേവലം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ മാത്രമാണ്. പക്ഷേ, കാല്‍ നൂറ്റാണ്ടില്‍ കുറഞ്ഞ അതിഹ്രസ്വമായ ആ കാലയളവുകൊണ്ട് പ്രവാചകന്റെ(സ) അനുയായികളായി മാറിയ ഹിജാസിലെ സമൂഹം മദ്യത്തിന്റെ എല്ലാ വഴികളില്‍ നിന്നും മാറിനടന്നു; അവിടെ മദ്യവ്യവസായികളോ മദ്യഷോപ്പുകളോ മദ്യപന്‍മാരോ ഇല്ലാതായി. മദ്യം തിന്മയാണെന്ന് ജഗന്നിയന്താവിന്റെ കല്‍പനകളില്‍ നിന്ന് മനസ്സിലാക്കി ഇഹലോക ജീവത്തിലെ സ്വസ്ഥതയ്ക്കും മരണാനന്തരജീവിതത്തിലെ രക്ഷയ്ക്കും വേണ്ടി മദ്യത്തോട് ഒരു സമൂഹം ഒന്നടങ്കം പൂര്‍ണമായി വിടപറഞ്ഞ മഹാത്ഭുതത്തിനാണ് ഏകദേശം ഒന്നര സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് അറേബ്യ സാക്ഷ്യം വഹിച്ചത്. മദ്യരഹിത ഇന്‍ഡ്യ സ്വപ്നംകണ്ട രാഷ്ട്രപിതാവ് വെടിയേറ്റു മരിച്ച ശേഷം ആറര പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷവും മദ്യനിരോധനത്തിന് പ്രായോഗിക വഴികാണാതെ നമ്മുടെ രാഷ്ട്രനായകര്‍ വിഷമിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്തുതയോടു ചേര്‍ത്തുവെച്ച് വായിച്ചാല്‍ തന്നെ, ലഹരിക്കെതിരെ സമരം ചെയ്യുന്ന മുഴുവനാളുകള്‍ക്കുമുള്ള പാഠപുസ്തകമാണ് ചരിത്രത്തിലെ ഈ അറേബ്യന്‍ അധ്യായമെന്ന് മനസ്സിലാക്കാന്‍ കഴിയും.

അന്ധവിശ്വാസികളും ധര്‍മരഹിതരുമായിരുന്ന അറബികളെ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വിശദീകരിച്ചുകൊടുക്കുകയും ചെയ്ത് പടിപടിയായി സംസ്‌കരിക്കുകയായിരുന്നു മുഹമ്മദ് നബി(സ)യുടെ സുപ്രധാനമായ ദൗത്യങ്ങളിലൊന്ന്. ക്വുര്‍ആന്‍, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ ലബ്ധിക്കും മരണത്തിനുമിടയ്ക്കുള്ള ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഘട്ടം ഘട്ടമായിട്ടാണ് പ്രപഞ്ചനാഥന്‍ അവതരിപ്പിച്ചത്. അറബികളെ അല്ലാഹുവിലും പരലോകത്തിലും ദൃഢവിശ്വാസമുള്ളവരാക്കി മാറ്റുകയും അവരുടെ മനസ്സുകളില്‍ നിന്ന് ബഹുദൈവാരാധനാപരമായ മിത്തുകള്‍ പിഴുതെറിയുകയും പുണ്യ-പാപങ്ങളെ സംബന്ധിച്ച സജീവ ജാഗ്രതയിലേക്ക് അവരെ നയിക്കുകയും ചെയ്യുകയാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങള്‍ പ്രധാനമായും ചെയ്തത്. പുതിയ തിരിച്ചറിവുകളാല്‍ സ്ഫുടം ചെയ്യപ്പെട്ട ക്വുര്‍ആനിന്റെ പ്രഥമസംബോധിതര്‍ക്കിടയില്‍, മദ്യപാനവും ചൂതാട്ടവും ദൈവേച്ഛക്കു നിരക്കുന്നതാണോ എന്ന ആശങ്ക വളരെ പെട്ടെന്നുതന്നെ ഉടലെടുത്തു. മദ്യപാനത്തില്‍ നിന്ന് ലഭിക്കുന്ന ലഹരിജന്യമായ നൈമിഷിക ‘മനശാന്തി’യും ആനന്ദവും അതിന്റെ അനന്തരഫലങ്ങളുടെ ഭീകരതയും മുന്നില്‍ വെച്ചുകൊണ്ട് ഇവ്വിഷയകമായ സംവാദങ്ങള്‍ പ്രവാചകാനുചരന്‍മാര്‍ക്കിടയില്‍ സജീവമായപ്പോള്‍, മദ്യമുണ്ടാക്കുന്ന നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതുനല്‍കുന്ന മിഥ്യാശാന്തി നിസ്സാരമാണെന്നുല്‍ഘോഷിച്ചുകൊണ്ട് മദ്യപാനവുമായി ബന്ധപ്പെട്ട ആദ്യത്തെ ക്വുര്‍ആന്‍ വചനം അവതരിപ്പിക്കപ്പെട്ടു. അതിന്റെ സാരം ഇപ്രകാരമാണ്: ”നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്.”(1)

മദ്യപാനം ‘ഗുരുതരമായ പാപം’ ആണെന്നും ആ പാപത്തെ ചെറിയ ‘പ്രയോജനങ്ങള്‍’ കാണിച്ച് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഉല്‍ബോധിപ്പിച്ച് മദ്യം വിശ്വാസികള്‍ക്ക് അനഭികാമ്യമാണെന്ന സന്ദേശം നല്‍കുകയാണ് ക്വുര്‍ആന്‍ ഈ വചനത്തിലൂടെ ചെയ്തത്. ക്വുര്‍ആനിന്റെ ഈ പ്രഖ്യാപനം വന്നതോടുകൂടിത്തന്നെ, പ്രവാചകാനുചരന്‍മാരായി മാറുന്നതോടെ മദ്യപാനം ഉപേക്ഷിക്കേണ്ടിവരും എന്ന സന്ദേശം അറബികള്‍ക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. ലഹരി പാപമാണെന്ന ബോധ്യത്തിലേക്ക് പ്രവാചകനു ചുറ്റുമുണ്ടായിരുന്ന സമൂഹത്തെ വളര്‍ത്തിയെടുത്ത ക്വുര്‍ആന്‍, പുതുതായി അവര്‍ പുല്‍കിയ ദൈവിക ചിട്ടകള്‍ക്ക് മദ്യം തീരെ അനുകൂലമല്ലെന്ന ആലോചന അവരുടെ മനസ്സിലേക്കിട്ടുകൊടുക്കുകയാണ് അടുത്തതായി ചെയ്തത്. ദൈവഭയവും പരലോകചിന്തയും സജീവമായ വിശ്വാസീ സമൂഹത്തെ ക്വുര്‍ആന്‍ ഒന്നാമതായി പരിശീലിപ്പിച്ച അനുഷ്ഠാനകര്‍മം ദിനേന അഞ്ചു സമയമുള്ള നിര്‍ബന്ധ നമസ്‌കാരമായിരുന്നു. ദിവസവും അഞ്ചുനേരം പള്ളിയില്‍ വന്ന് സംഘമായി നിശ്ചിതമായ അംഗചലനങ്ങളും അവയ്ക്കിടയിലുള്ള ക്വുര്‍ആന്‍ പാരായണവും കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളുമെല്ലാമായി ജഗന്നിയന്താവിനെ ആരാധിക്കുന്ന നമസ്‌കാരമാണ് മുസ്‌ലിം സാമൂഹിക മതജീവിതത്തിന്റെ ആണിക്കല്ല്. അഞ്ചുസമയം തികഞ്ഞ ബോധ്യത്തോടെയും ബോധത്തോടെയും വിശുദ്ധമായ ആരാധനാ മന്ദിരങ്ങളില്‍ വന്ന് പ്രാര്‍ത്ഥനാ മന്തങ്ങളുരുവിടാന്‍ കടപ്പെട്ടവര്‍ മദ്യപിച്ച് ബുദ്ധിയെ മരവിപ്പിക്കുന്നതും ബോധരഹിതരാകുന്നതും തീര്‍ത്തും അനുചിതമാണെന്ന തിരിച്ചറിവ് ഉല്‍പാദിപ്പിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനത്തിന്റെ സാരം ഇപ്രകാരമാണ്: ”സത്യവിശ്വാസികളെ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; ലഹരിയില്‍ നിന്ന് പുറത്തുവരാത്തിടത്തോളം നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടാകില്ല.”(2)

നമസ്‌കാരം പടച്ചതമ്പുരാനുമായുള്ള സംഭാഷണമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പടച്ചവനുമുന്നില്‍ ബോധമില്ലാതെ വാക്കുകള്‍ പുലമ്പുന്നത് വിശ്വാസികള്‍ക്ക് ഭൂഷണമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പകലിലും പ്രദോഷത്തിലുമായി അഞ്ചുതവണ പടച്ചവനോട് സംഭാഷണം നടത്തേണ്ടവര്‍ ലഹരിക്കടിപ്പെടുന്നതിലെ അപകടം ചൂണ്ടിക്കാണിച്ചതോടൊപ്പം, മദ്യം ബുദ്ധിയെ മരവിപ്പിക്കുകയും സംസാരത്തെ അവ്യക്തമാക്കുകയും ചെയ്യുന്ന അപകടകാരിയാണെന്ന സന്ദേശം അറബികള്‍ക്ക് നല്‍കുക കൂടിയാണ് ഈ ക്വുര്‍ആന്‍ വചനം ചെയ്തത്.
മദ്യപാനം പടച്ചവനിഷ്ടമില്ലെന്ന് ഈ രണ്ട് ക്വുര്‍ആന്‍ വചനങ്ങളും അവതരിപ്പിക്കപ്പെട്ടതോടുകൂടിത്തന്നെ സത്യവിശ്വാസികള്‍ക്ക് സ്പഷ്ടമായിക്കഴിഞ്ഞിരുന്നു. പിന്നീടവതരിപ്പിക്കപ്പെട്ടത്, മദ്യപാനത്തിന്റെ മതവിധി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന വചനങ്ങളാണ്. മദ്യത്തെ വ്യക്തമായി നിരോധിക്കുകയും അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ കല്‍പനാ സ്വരത്തില്‍ സത്യവിശ്വാസികളോട് ആജ്ഞാപിക്കുകയും ചെയ്യുന്ന ഈ ക്വുര്‍ആന്‍ വചനങ്ങളവതരിപ്പിക്കപ്പെട്ടതോടുകൂടി, വിശ്വാസീസമൂഹം ലഹരിയുടെ സകല രൂപങ്ങളോടും സമ്പൂര്‍ണമായും ശാശ്വതമായും വിടപറഞ്ഞു. അവയുടെ സാരം കാണുക: ”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ചുനോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കം വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കുവാനൊരുക്കമുണ്ടോ? നിങ്ങള്‍ അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുകയും ധിക്കാരം വന്നുപോകാതെ സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ പ്രവാചകന്റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.”(3)

മദ്യത്തെ, ഇസ്‌ലാം ഏറ്റവും കൊടിയ പാപമായി കാണുന്ന ബഹുദൈവാരാധനയുടെ പ്രതീകങ്ങളായ വിഗ്രഹപ്രതിഷ്ഠകളോട് ചേര്‍ത്തുപറയുകയും അത് പൈശാചികമായ മ്ലേഛവൃത്തി മാത്രമാണെന്ന് തീര്‍പ്പുകല്‍പ്പിക്കുകയും മദ്യം ഉപേക്ഷിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയുണ്ടാവുകയെന്ന് പ്രഖ്യാപിക്കുകയും ദൈവസ്മരണയില്‍ നിന്നും സാഹോദര്യബോധത്തില്‍ നിന്നും അകറ്റാനായിട്ടാണ് പിശാച് മനുഷ്യരെ മദ്യത്തിലേക്ക് പ്രലോഭിപ്പിക്കുന്നതെന്നും പ്രസ്തുത പ്രലോഭനത്തെ അതിജീവിച്ച് മദ്യപാനമെന്ന ദുശീലത്തില്‍ നിന്ന് വിരമിക്കല്‍ സത്യവിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണെന്നും ലഹരിവര്‍ജനത്തിന് ഇനിയും സന്നദ്ധമാകാത്തവരുടെ സ്ഥാനം അല്ലാഹുവിനെയും പ്രവാചകനെയും ധിക്കരിക്കുന്നവര്‍ക്കിടിയിലാണെന്നും വിശദീകരിക്കുകയും ചെയ്യുന്ന പരാമൃഷ്ട ക്വുര്‍ആന്‍ വചനങ്ങള്‍ മദ്യം മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. ഈ വചനമവതരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രവാചകന്‍(സ) മദ്യം സമ്പൂര്‍ണമായി വിലക്കിക്കൊണ്ട് നടത്തിയ സംസാരങ്ങള്‍, മദ്യനിരോധനത്തില്‍ ഇസ്‌ലാമിന്റെ കാര്‍ക്കശ്യമെത്രയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദൈവിക മതം തിന്മകളോടു പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ മുഴുവന്‍ വാക്കുകളിലേക്കാവാഹിക്കുന്ന പ്രവാചകന്റെ(സ) മദ്യനിരോധന പ്രസ്താവനകള്‍, വിശ്വാസികള്‍ക്കിടയില്‍ മദ്യത്തോട് കടുത്ത വെറുപ്പ് സൃഷ്ടിക്കുന്നു. ഇസ്‌ലാം സ്വീകരിച്ചതോടെ അറബികള്‍ മദ്യമദത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് വിജയകരമായി കുതറിമാറിയത് പ്രവാചകനില്‍ നിന്ന് അതിന്റെ ഗൗരവത്തെക്കുറിച്ച് നേരില്‍ മനസ്സിലാക്കിയതുകൊണ്ടാണ്.

‘ഖംറ്’ എന്ന അറബി പദത്തെയാണ് മുകളിലുദ്ധരിച്ച എല്ലാ ക്വുര്‍ആന്‍ വചനങ്ങളുടെ ആശയവിവര്‍ത്തനത്തിലും ‘മദ്യം’ എന്ന് മലയാളത്തിലേക്ക് മൊഴി മാറ്റിയിരിക്കുന്നത്. ‘ഖംറ്’ എന്ന അറബി പദം, യഥാര്‍ത്ഥത്തില്‍ മദ്യത്തെ മാത്രമല്ല ഉള്‍ക്കൊള്ളുന്നത്; പ്രത്യുത മുഴുവന്‍ ലഹരി പദാര്‍ത്ഥങ്ങളെയുമാണ്. മുഴുവന്‍ ലഹരി പദാര്‍ത്ഥങ്ങളും ക്വുര്‍ആന്‍ നിഷിദ്ധമാക്കിയിരിക്കുന്നുവെന്ന് ‘ഖംറ്’ എന്ന പദത്തെ വിശദീകരിച്ചുകൊണ്ട് അനുചരന്‍മാരെ കൃത്യമായി പഠിപ്പിച്ച നബി(സ), ലഹരി ഉപഭോഗത്തിന്റെ എല്ലാ വാതിലുകളിലും പാപത്തിന്റെ മുദ്രവെച്ച് വിശ്വാസികളെ അവയില്‍ നിന്നകറ്റിനിര്‍ത്തി. അദ്ദേഹം പറഞ്ഞു: ”ലഹരിയുണ്ടാക്കുന്നതെല്ലാം ‘ഖംറ്’ ആണ്, എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാണ്.”(4) ഖംറിനെ നിര്‍വചിച്ച് നിരോധിക്കപ്പെട്ട ഇനങ്ങളെക്കുറിച്ച് സുതാര്യത വരുത്തുക മാത്രമല്ല നബി(സ) ചെയ്തത്, മറിച്ച് നിരോധനത്തിന് അവയുടെ അളവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുക കൂടിയാണ്. മദ്യം അല്‍പമൊക്കെ ആകാമെന്നും കൂടുതലായാല്‍ മാത്രമാണ് പ്രശ്‌നമെന്നും ചിന്തിപ്പിക്കുന്നതിനുപകരം, ഒരു തുള്ളിയാണെങ്കില്‍ പോലും ലഹരിപാനീയങ്ങള്‍ നിഷിദ്ധമാണെന്ന് പഠിപ്പിച്ചു അദ്ദേഹം: ”ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും നിഷിദ്ധമാണ്.”(5) ലഹരി നൂറുനൂറ് വകഭേദങ്ങളില്‍ ലഭ്യമാവുകയും ഒരു സൂചിത്തുമ്പിലൂടെ മയക്കുമരുന്നിന്റെ ഏതാനും തന്മാത്രകള്‍ മാത്രം ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് ഉന്മത്തനാകാനുള്ള വഴികള്‍ തുറന്നുകിട്ടുകയും ചെയ്തിട്ടുള്ള പുതുകാലത്ത്, മതം എത്ര വലിയ സുരക്ഷാകവചമാണ് മുസ്‌ലിം ചെറുപ്പക്കാരന് ഒരുക്കിക്കൊടുക്കുന്നത് എന്ന് ഈ പ്രവാചക വചനങ്ങളില്‍ നിന്ന് വ്യക്തമാണ്.

മദ്യപാനത്തെക്കുറിച്ചുള്ള പാപബോധം, മുഹമ്മദ് നബി(സ)യെപ്പോലെ മറ്റാരും ലോകത്തിന് പകര്‍ന്നുനല്‍കിയിട്ടില്ല. ബഹുദൈവാരാധനയെക്കാള്‍ വലിയൊരു പാപം ഇസ്‌ലാമിലില്ല. അതുകൊണ്ടുതന്നെ, ”കള്ളുകുടിയന്‍ മരണപ്പെട്ടാല്‍ വിഗ്രഹാരാധകനെപ്പോലെ അല്ലാഹുവിനെ കണ്ടുമുട്ടും”(6) എന്ന നബി(സ)യുടെ താക്കീത് വിശ്വാസികളില്‍ മദ്യപാനത്തോടുണ്ടാക്കുന്ന വിരക്തിയുടെ തീവ്രത വര്‍ണനാതീതമാണ്. ”മദ്യപിക്കുന്ന സമയത്ത് വിശ്വാസിയായിക്കൊണ്ട് ഒരാളും മദ്യപിക്കില്ല”(7) എന്ന പ്രവാചകവചനം, മദ്യപിച്ച അവസ്ഥയില്‍ ഒരു വിശ്വാസി അവിശ്വാസത്തിന്റെ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നു. അവിശ്വാസം നിത്യനരകത്തിന് കാരണമാകുമെന്ന് മനസ്സിലാക്കുന്ന മുസ്‌ലിമിന്, ജീവിതത്തിന്റെ ഒരു സന്ദര്‍ഭത്തിലും അവിശ്വാസത്തിന്റെ അപകടാവസ്ഥയിലേക്കുപോകാന്‍ ധൈര്യം വരില്ലെന്നുറപ്പാണ്. സ്വര്‍ഗത്തെ ജീവിതലക്ഷ്യമായി കാണുന്ന മുസ്‌ലിമിന് മുന്നില്‍, ”കള്ളുകുടിയന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല”(8)   എന്ന പ്രവാചക മുന്നറിയിപ്പ് മദ്യപാനത്തിന്റെ എല്ലാ സാധ്യതകളുമടയ്ക്കുകയാണ് ചെയ്യുന്നത്. സ്വര്‍ഗത്തിന് സ്വയം തടസ്സമാവുക മാത്രമല്ല, സ്വര്‍ഗപ്രവേശനത്തിന് കാരണമായേക്കാവുന്ന സല്‍പ്രവര്‍ത്തനങ്ങളെ നിഷ്ഫലമാക്കിക്കളയുക കൂടിയാണ് ലഹരി ഉപഭോഗം ചെയ്യുക എന്ന് നബി(സ) കര്‍ശനമായ സ്വരത്തില്‍ അനുചരന്മാരെ പഠിപ്പിച്ചു. നമസ്‌കാരമാണ് സ്വര്‍ഗപ്രവേശനത്തിന് ഏറ്റവുമധികം അനിവാര്യവും സഹായകരവുമായ അനുഷ്ഠാനകര്‍മം. ലഹരി ഉപയോഗം നമസ്‌കാരങ്ങളുടെ പുണ്യം നഷ്ടപ്പെടുത്തുമെന്നാണ് പ്രവാചകന്‍(സ) പറഞ്ഞത്:”വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്‌കാരം പാഴായി.”(9) ഒരു നേരത്തെ നമസ്‌കാരം പാഴായാല്‍ അതായിരിക്കും പരലോകത്ത് ഏറ്റവും വലിയ വിഷമസന്ധികളിലൊന്ന് എന്ന് പഠിപ്പിക്കപ്പെട്ടിരിക്കുന്നവനാണ് മുസ്‌ലിം. മദ്യപാനത്തിലെ പാപം എത്ര വലുതായാണ് ഈ പ്രവാചകവചനത്തില്‍ നിന്ന് മുസ്‌ലിം മനസ്സ് ഉള്‍കൊള്ളുക എന്ന് ഇസ്‌ലാമിക സമൂഹത്തില്‍ വളര്‍ന്ന് പരിചയമില്ലാത്തവര്‍ക്ക് പൂര്‍ണമായി മനസ്സിലാവുകയില്ല.

മദ്യം കഴിക്കാതിരിക്കുക മാത്രമല്ല, മദ്യപാനത്തോടുള്ള വെറുപ്പ് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയുമെല്ലാം പ്രകടിപ്പിക്കുക കൂടിയാണ് സത്യവിശ്വാസി ചെയ്യേണ്ടത് എന്നാണ് നബി(സ)യുടെ അധ്യാപനം. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ മദ്യം വിളമ്പുന്ന തീന്‍മേശകളില്‍ ഇരിക്കരുത്.”(10)  മദ്യം ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളോടുപോലും അകലം പാലിക്കേണ്ടതും അവയോട് വിരക്തി പ്രകടിപ്പിക്കേണ്ടതും മുസ്‌ലിമിന്റെ മതപരമായ ബാധ്യതയാണെന്നര്‍ത്ഥം. മദ്യം, ഓഫീസിലെയും സര്‍വകലാശാലകളിലെയും വിവാഹ വീട്ടിലെയുമെല്ലാം പാര്‍ട്ടി റ്റേബ്‌ളിലെ അവശ്യവസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്ന വര്‍ത്തമാനസാഹചര്യം, മദ്യത്തിലേക്ക് പ്രലോഭിപ്പിച്ചേക്കാവുന്ന സാഹചര്യങ്ങളില്‍നിന്ന് പോലും മുസ്‌ലിമിനെ രക്ഷിച്ചെടുക്കുന്ന പ്രവാചകവചനങ്ങളുടെ സൂക്ഷ്മതയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ലഹരിവിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ നൂറുശതമാനം കരുത്തുണ്ടായിരുന്നു നബിനിര്‍ദേശങ്ങള്‍ക്കെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

മദ്യത്തെ പഴുതടച്ച് നിരോധിച്ച പ്രവാചകന്‍(സ), മദ്യത്തിനനുകൂലമായി ചമയ്ക്കപ്പെട്ടേക്കാവുന്ന ചെറുന്യായങ്ങളെപ്പോലും ഖണ്ഡിക്കുകയും ഒരു സാഹചര്യത്തിലും മദ്യം അനുവദനീയമാകുന്ന പ്രശ്‌നമേയില്ലെന്ന് വിശ്വാസീ സമൂഹത്തെ തെര്യപ്പെടുത്തുകയും ചെയ്തു. നബി(സ) മദ്യപാനം വിരോധിച്ചപ്പോള്‍ മരുന്ന് എന്ന നിലയിലാണ് താന്‍ മദ്യമുണ്ടാക്കുന്നതെന്ന് പറയുകയും അതിന് തകരാറുണ്ടോയെന്ന് അറിയാനാഗ്രഹിക്കുകയും ചെയ്ത സുവയ്ദ് ബ്ന്‍ ത്വാരിക്വിനോട് നബി(സ) പറഞ്ഞു: ”നിശ്ചയം അത് രോഗമാണ്; ഒരിക്കലും രോഗശമനിയല്ല.”(11) മദ്യം ശരീരത്തിലുണ്ടാക്കുന്ന അസംഖ്യം രോഗങ്ങളെ സംബന്ധിച്ച ശാസ്ത്രീയമായ നിര്‍ണയങ്ങള്‍ നടന്നുകഴിഞ്ഞിട്ടുള്ള ഇക്കാലത്ത് പ്രവാചന്റെ(സ) മുന്നറിയിപ്പിന്റെ സാംഗത്യം മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. തണുത്ത കാലാവസ്ഥയില്‍ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന തന്റെ സമൂഹം സാഹചര്യങ്ങളുടെ പ്രാതികൂല്യത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടാക്കുവാനായി ഗോതമ്പുകൊണ്ടൊരു പാനീയമുണ്ടാക്കി കുടിക്കാറുണ്ടെന്ന് നബി(സ)യോട് പറഞ്ഞയാളോട് നബി(സ) ചോദിച്ചത് ”അത് ലഹരിയുണ്ടാക്കുമോ?” എന്നു മാത്രമായിരുന്നു. ”അതെ” എന്ന് മറുപടി കിട്ടിയപ്പോള്‍ അവിടുന്ന് പറഞ്ഞു: ”എങ്കില്‍ അത് വര്‍ജ്ജിക്കണം.” ആഹ്വാനങ്ങള്‍കൊണ്ടും ഉപദേശങ്ങള്‍ കൊണ്ടും അവര്‍ അത് ഉപേക്ഷിക്കാതിരിക്കുകയും തണുപ്പിനെ ന്യായമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയാല്‍ ഇസ്‌ലാമിക രാഷ്ട്രനേതൃത്വത്തിന് അവര്‍ക്കെതിരില്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും നബി(സ) വ്യക്തമാക്കി.(12)

മദ്യത്തോട് ഇത്രയും കര്‍ക്കശമായ സമീപനം ഇസ്‌ലാം സ്വീകരിക്കുവാനുള്ള കാരണം, അത് മനുഷ്യനെ നശിപ്പിക്കുകയും തനിക്ക് ചുറ്റുമുള്ളവരെ നശിപ്പിക്കാന്‍ അവനില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുവെന്നതാണ്. ”നീ മദ്യം കഴിക്കരുത്; നിശ്ചയം അത് എല്ലാ തിന്മകളുടെയും താക്കോലാണ്”(13) എന്ന നബി(സ)യുടെ സുപ്രസിദ്ധമായ കല്‍പന, മദ്യം സൃഷ്ടിക്കുന്ന സ്ഥല-കാല വിഭ്രാന്തി മനുഷ്യനെ കൊടും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. സമൂഹത്തിന്റെ കെട്ടുറപ്പിനും സ്വസ്ഥതക്കും ഭീഷണിയാണ് മദ്യം എന്ന് വ്യക്തമാക്കുന്ന ആധുനിക പഠനങ്ങളും സ്ഥിതിവിവരക്കണക്കുകളുമെല്ലാം, ”മദ്യം എല്ലാ തിന്മകളുടെയും താക്കോലാണ്” എന്ന നബിവചനത്തിന്റെ വിശദീകരണക്കുറിപ്പുകള്‍ മാത്രമാണ്. ഒരു സാമൂഹ്യ പ്രശ്‌നമെന്ന ഗൗരവത്തോടുകൂടി മദ്യപാനത്തെ അഭിവീക്ഷിച്ചതുകൊണ്ടാണ്, മദ്യപാനികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ഭരണാധികാരികള്‍ സന്നദ്ധമാകണമെന്ന് നബി(സ) പഠിപ്പിച്ചത്. ബോധവല്‍ക്കരണങ്ങള്‍ കൊണ്ടൊന്നും മദ്യപാനത്തില്‍നിന്ന് പിന്തിരിയാത്ത ആളുകള്‍ ലഹരി ബാധിച്ച് നാട്ടിലിറങ്ങിനടക്കുന്നുണ്ടെങ്കില്‍, അതിനെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിലല്ല, ഒരു സാമൂഹ്യ ഭീഷണി എന്ന നിലയിലാണ് ഭരണകൂടം നോക്കിക്കാണേണ്ടത് എന്ന പ്രവാചക കാഴ്ചപ്പാട് ഏറെ പ്രസക്തമാണ്. മദ്യപന്‍മാര്‍ക്ക് മദീനയുടെ ഭരണാധികാരിയെന്ന നിലയില്‍ ഈത്തപ്പനപ്പട്ടയും ചെരിപ്പുമുപയോഗിച്ചുള്ള നാല്‍പത് അടി നബി(സ)യും അദ്ദേഹത്തിന് ശേഷം മദീനയുടെ ഭരണാസാരഥ്യമേറ്റെടുത്ത ഖലീഫാ അബൂബക്ക്‌റും(റ) ശിക്ഷയായി വിധിച്ചിരുന്നുവെന്ന് ആധികാരികമായ നിവേദനങ്ങളില്‍ കാണാം.(14)

മദ്യത്തിനെതിരായി കര്‍ക്കശമായി സംസാരിക്കുന്ന ഒരേയൊരു ദര്‍ശനമെന്ന നിലയ്ക്ക്, സമ്പൂര്‍ണ മദ്യവര്‍ജനം (teetotalism) പ്രായോഗികമായി ഇപ്പോഴും ഏറ്റവുമധികം നിലനില്‍ക്കുന്നത് മുസ്‌ലിം സമൂഹത്തിലാണ്. കുടിയന്‍മാരല്ലാത്തവര്‍ പോലും വല്ലപ്പോഴും മദ്യം നുണയാന്‍ സമ്മതിക്കുന്ന പുതിയ ലോകസാഹചര്യത്തില്‍, മദ്യത്തോട് നൂറുശതമാനം അകലം പാലിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നത് മുസ്‌ലിം ചെറുപ്പക്കാര്‍ തന്നെയാണ്. ആധുനികതയ്ക്ക് സഹജമായ ഭൗതികവാദ ലോകവീക്ഷണം മുസ്‌ലിം സമുദായത്തിലും സ്വാധീനമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട് എന്നും സമുദായത്തിനകത്തും കുടിക്കുന്നവര്‍ വളര്‍ന്നവരുന്നുണ്ട് എന്നും ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ, ശക്തമായ മതബോധം മുറുകെപ്പിടിക്കുകയും അതിന്റെ ഭാഗമായി ലഹരിയുടെ എല്ലാ രൂപങ്ങളും വര്‍ജിക്കുകയും ചെയ്യുന്നവര്‍ മുസ്‌ലിം സമൂഹത്തിലാണ് ഏറ്റവുമധികം ഉള്ളത് എന്ന കാര്യം സാമൂഹ്യശാസ്ത്രജ്ഞന്‍മാരെല്ലാം അംഗീകരിക്കുന്നതാണ്. മുഹമ്മദ് നബി(സ) സൃഷ്ടിച്ച ലഹരിവിരുദ്ധ വിപ്ലവം കോടിക്കണക്കിന് മുസ്‌ലിംകളിലൂടെ ഇന്നും ജീവിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. മറ്റൊരു മതസമൂഹത്തിനും ലഹരിവര്‍ജനത്തില്‍ ഇത്രയും വിജയകരമായ മാതൃക സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍, മലയാളികളുടെ കുടി വിശ്വപ്രസിദ്ധമാണെങ്കിലും മലയാളിമുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ഈയവസ്ഥയ്ക്കപവാദമാണെന്നും അവര്‍ സമ്പൂര്‍ണ മദ്യവര്‍ജനം പാലിക്കുന്നവരാണെന്നും ദി ഇക്കോണമിസ്റ്റ് പത്രം പരാമര്‍ശിച്ചത്‌ ശ്രദ്ധേയമാണ്.(15) ഇസ്‌ലാമിക സാന്നിധ്യം കുറഞ്ഞ യൂറോപ്പിലും അമേരിക്കയിലും ഏറ്റവും ഉയര്‍ന്ന അളവിലുള്ള മദ്യ ഉപഭോഗം രേഖപ്പെടുത്തുന്ന ലോകാരോഗ്യ സംഘടനയുടെ 2014ലെ റിപ്പോര്‍ട്ട്, സിറിയയും ഫലസ്ത്വീനും ഈജിപ്തും സുഊദി അറേബ്യയും ഖത്തറും പാകിസ്താനുമടക്കമുള്ള ഇസ്‌ലാമിക നാടുകളില്‍ തീരെ കുറഞ്ഞ ഉപഭോഗമാണ് ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ലോകത്താകെ ഉല്‍പാദിപ്പിക്കപ്പെടുന്ന മദ്യത്തിന്റെ 25. 7 ശതമാനവും അകത്താക്കുന്നത് ലോകജനസംഖ്യയുടെ 14. 7 ശതമാനം മാത്രം വരുന്ന യൂറോപ്യന്‍മാരാണ്. ഇസ്‌ലാമിന്റെ ശക്തമായ സാന്നിധ്യമുള്ള സിറിയ, ഫലസ്ത്വീന്‍, ഈജിപ്ത് തുടങ്ങിയ കിഴക്കന്‍ മധ്യധാരണ്യാഴി പ്രദേശങ്ങളില്‍ ജനസംഖ്യ മൊത്തം യൂറോപ്യന്‍ ജനസംഖ്യയുടെ നേര്‍പകുതിയിലധികം വരും. എന്നിട്ടും യൂറോപ്പില്‍ ഒഴുകുന്ന മദ്യത്തിന്റെ അളവിന്റെ ഇരുപത്തിയഞ്ചില്‍ ഒന്നോളം അളവുമാത്രമാണ് അവര്‍ക്കിടയില്‍ ഉപയോഗിക്കപ്പെടുന്നത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മദ്യ ഉപഭോഗത്തിന്റെ അളവ് വിവിധ പ്രദേശങ്ങളില്‍ വിവിധ രീതിയിലാകുന്നതിന്റെ കാരണം മദ്യപാനത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍ ചില നാടുകളിലുള്ളതാണെന്നും അത്തരം ഘടകങ്ങളുടെ വളരെ പ്രകടമായൊരുദാഹരണം ‘ഇസ്‌ലാം മതത്തിന്റെ ശക്തമായ സാന്നിധ്യം’ (predominanace of islam religion) ആണെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ടെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.(16) ഒരു നാട്ടില്‍ ഇസ്‌ലാമിക സജീവത വളരുന്നതോടുകൂടി അവിടെ നിന്ന് തിന്മകളപ്രത്യക്ഷമാവുകയാണ് ചെയ്യുകയെന്ന വസ്തുതയക്ക് ശക്തിയായി അടിവരയിടുന്നതാണ് ലോകാരോഗ്യസംഘടനയുടെ ഈ നിരീക്ഷണം.

കുറിപ്പുകള്‍:
1. ക്വുര്‍ആന്‍ 2: 219.
2. ക്വുര്‍ആന്‍ 4: 43.
3. ക്വുര്‍ആന്‍ 5: 90-2.
4. സ്വഹീഹു മുസ്‌ലിം.
5. സുനനു അബൂദാവൂദ്.
6. മുസ്നദ് അഹ്‌മദ്.
7. സ്വഹീഹു ഇബ്‌നുമാജ.
10. മുഅ്ജം ത്വബ്‌റാനി.
11. മുസ്നദു അഹ്‌മദ്.
12. സുനനു അബൂദാവൂദ്.
13. സുനനു ഇബ്‌നുമാജ.
14. ബുഖാരി, മുസ്‌നദ് അഹ്‌മദ്.
15. ‘A heavy handed solution to kerala`s drinking problem’, The Economist, August 30, 2014.
16. WHO: Global Status Report on Alcohol and Health-2014, pp.29-31. Also see ‘Country Profiles’ in the Report (www.who.int/substance-abuse/publications/report/msb-gsr-2014-pdf).


Tags :


Musthafa Thanveer