Study

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 3)

By Musthafa Thanveer

December 03, 2019

സകല വംശീയ അഹംബോധങ്ങളെയും അടിവേരോടെ തന്നെ നിരാകരിക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. കാരണം, ഏതെങ്കിലും പ്രദേശത്തിന്റെയോ ഗോത്രത്തിന്റെയോ വംശത്തിന്റെയോ ശബ്ദമല്ല ഈ മതം; പ്രത്യുത സകല മനുഷ്യരുടെയും സ്രഷ്ടാവായ പ്രപഞ്ചനാഥന്റെ അരുളപ്പാടുകളാണ്. പ്രപഞ്ചസ്രഷ്ടാവ് ഏകനും അദ്വിതീയനുമാണ് എന്ന ഇസ്‌ലാമിന്റെ കേന്ദ്രപ്രമേയം തന്നെയാണ് അതിന്റെ മനുഷ്യദര്‍ശനത്തിന്റെയും പ്രഭവസ്ഥാനം. സ്രഷ്ടാവ് ഏകനാണെന്നു പറയുന്നതിന്റെ സ്വാഭാവിക താല്‍പര്യം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് അവന്‍ ഒരേയൊരാളാണ് എന്നത്രെ. ഒരേ ദൈവം മനുഷ്യരായി പടച്ചുവിട്ടവര്‍ക്കിടയില്‍ പിന്നെ ജന്മസിദ്ധമായ ഉച്ചനീചത്വങ്ങള്‍ക്ക് സാധുതയുണ്ടാകുന്നതെങ്ങനെ? ഖുര്‍ആന്‍ പറയുന്നു: ”അല്ലയോ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം ഗോത്രങ്ങളും കുടുംബങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതാ ബോധമുള്ളവനാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ്.”(15)

മാനവസമൂഹത്തെ സംബന്ധിച്ച ഏറ്റവും ലളിതമായ, എന്നാല്‍ അധീശ മനോഭാവമുള്ളവരാൽ നിരന്തരമായി മറച്ചുവെക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ് പരിശുദ്ധ ഖുർആനിലൂടെ ജഗന്നിയന്താവായ അല്ലാഹു ഇപ്രകാരം ഓര്‍മിപ്പിക്കുന്നത്. ഒരു ആണിനെയും പെണ്ണിനെയും പടച്ച് അവരെ പരസ്പരം ഇണ ചേര്‍ത്തതില്‍ നിന്നുണ്ടായ മക്കളും പേരമക്കളും ശാഖോപശാഖകളായി ഭൂമിയിൽ വ്യാപിച്ചതാണ്‌ മനുഷ്യസമൂഹം. വ്യത്യസ്തമായ കുടുംബപരമ്പരകള്‍ ഭൂമുഖത്ത് നിലനില്‍ക്കുന്നത്‌ മനുഷ്യർക്ക്‌ പരസ്പരം പരിചയപ്പെടാനാവശ്യമായ മേല്‍വിലാസപരമായ അടയാളങ്ങള്‍ എന്ന നിലക്ക് മാത്രമാണ്. അവ ആര്‍ക്കും ഔന്നത്യമോ അധമത്വമോ നല്‍കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. മഹത്വം കൈവരുന്നത് ജീവിതവിശുദ്ധിയിലൂടെ മാത്രമാണ്; അതിലെ ഏറ്റക്കുറച്ചിലുകളാണ് ദൈ‌ വദൃഷ്ടിയില്‍ മനുഷ്യരെ വലിയവരും ചെറിയവരും ആക്കുന്നത്. ദേശം, ഭാഷ, വംശം, നിറം -ഒന്നും ഒരാളെയും അവകാശങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ അര്‍ഹമാക്കുന്നില്ല.

വിശ്വമാനവികതയുടെ ഉജ്ജ്വലമായ ഈ വിളംബരത്തില്‍ നിന്നാണ് ഇസ്‌ലാമിന്റെ സഹിഷ്ണുതാസംസാരങ്ങള്‍ ആരംഭിക്കുന്നത്. മുഹമ്മദ് നബി (സ) തന്റെ അനുചരന്‍മാരോട് പറഞ്ഞു: ”അല്ലാഹു നിങ്ങളില്‍ നിന്ന് അജ്ഞതയെ എടുത്തുമാറ്റിയിരിക്കുന്നു. അജ്ഞതയുടെ ഫലമായി സ്വന്തം കുടുംബപരമ്പരയെക്കുറിച്ച് നിങ്ങള്‍ നടത്തിവരുന്ന വീമ്പുപറച്ചിലുകളും അവന്‍ നിങ്ങളില്‍നിന്ന് നീക്കം ചെയ്തിരിക്കുന്നു.”(16)ഏതെങ്കിലും ഗോത്രത്തില്‍ പിറന്നതിന്റെ പേരില്‍ മനുഷ്യന്‍ ഉന്നതനോ അധമനോ ആകുമെന്ന പ്രാചീന അറബ് ബോധത്തെ അജ്ഞതയില്‍ നിന്ന് നിര്‍ഗളിക്കുന്ന ഔദ്ധത്യമായിക്കണ്ട് ഇസ്‌ലാം നിരോധിച്ച കാര്യമാണ് പ്രവാചകന്‍ (സ) ഇവിടെ അനുസ്മരിക്കുന്നത്. കുടുംബവര്‍ഗീയത അജ്ഞതയില്‍ നിന്നുടലെടുക്കുന്നതാണ്; വ്യര്‍ത്ഥമായ മിഥ്യാധാരണകളില്‍നിന്ന്. ‘ഒരേയൊരുദൈവം, ഒരൊറ്റ ജനത’ എന്ന ഇസ്‌ലാമിക ജ്ഞാനം മനുഷ്യനെ മോചിപ്പിക്കുന്നത് അറിവുകേടിന്റെ ഫലമായുള്ള അത്തരം അഹങ്കാരങ്ങളില്‍ നിന്നാണ്.

ഗോത്രപക്ഷപാതം മാത്രമല്ല, ദേശീയ സങ്കുചിതത്വവും വര്‍ണാഭിമാനവുമെല്ലാം പൈശാചികം തന്നെയാണ്. നബി(സ)യുടെ പ്രസ്താവന മറ്റൊരു ഹദീഥില്‍ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നത് നോക്കുക: ”മനുഷ്യരേ നിങ്ങളുടെ സ്രഷ്ടാവ് ഒന്നാണ്, നിങ്ങളുടെ പിതാവും ഒന്നാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്; ആദമാകട്ടെ, മണ്ണില്‍ നിന്നാണ് പടക്കപ്പെട്ടത്! അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിങ്ങളില്‍ ഏറ്റവും നല്ലവരാണ് ഏറ്റവും ഉന്നതര്‍. അറബി അനറബിയെക്കാളോ കറുത്തവൻ വെളുത്തവനെക്കാളോ വെളുത്തവന്‍ കറുത്തവനെക്കാളോ ശ്രേഷ്ഠനല്ല. ശ്രേഷ്ഠത കൈവരിക്കുന്നത്‌ ധർമനിഷ്ഠ വഴി മാത്രമാണ്.”(17)

എത്ര മനോഹരമാണ് ഇസ്‌ലാമിന്റെ മനുഷ്യദര്‍ശനമെന്ന് നോക്കൂ! സമത്വം ഇവിടെ ഭംഗിവാക്കല്ല; പ്രത്യുത ദൈവവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമായുള്ള ആദര്‍ശമാണ്. ആദം മണ്ണില്‍നിന്നാണ് പടക്കപ്പെട്ടതെന്ന ഇസ്‌ലാമിക പ്രഖ്യാപനത്തെ ഒന്നുകൂടി വിശദീകരിച്ചുകൊണ്ട് പ്ര‌വാചകന്‍ (സ) ഇപ്രകാരം പറഞ്ഞതായി കാണാം: ”ഭൂമിയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ശേഖരിച്ച ഒരു പിടി മണ്ണില്‍നിന്നാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത്. അതുകൊണ്ട് ആദമിന്റെ മക്കള്‍ ഭൗമവൈവിധ്യത്തിന്റെ സാദൃശ്യവും വഹിച്ചാണ് വരുന്നത്. അവരില്‍ ചിലര്‍ ചുവന്നിട്ടാണ്, മറ്റു ചിലര്‍ വെളുത്തിട്ടാണ്, ചിലര്‍ കറുത്തിട്ടാണ്‌, വേറെ ചിലര്‍ ഇവയ്ക്കിടയിലുള്ള സങ്കരനിറക്കാരാണ്.”(18)

മനുഷ്യവൈവിധ്യത്തില്‍ നിന്ന് വംശസിദ്ധാന്തങ്ങള്‍ ചമച്ച് വെളുത്തവരുടെയും ആര്യന്‍മാരുടെയും ‘വലുപ്പം’ സ്ഥാപിച്ച യൂറോപ്യന്‍ ‘പ്രബുദ്ധത’യോട് കലഹിക്കുകയാണ് ഇവിടെ ഇസ്‌ലാമിന്റെ മാനവികത. മനുഷ്യര്‍ക്കിടയില്‍ എന്തുകൊണ്ട് നിറവ്യത്യാസമെന്ന് ചോദിച്ചാല്‍ മനുഷ്യൻ മണ്ണിൽ നിന്നാണെന്നും വിവിധയിനം മണ്ണുകള്‍ ഉള്‍ചേര്‍ന്നതുകൊണ്ടാണ് പലതരം നിറങ്ങൾ വന്നതെന്നും ഇസ്‌ലാം അസന്നിഗ്ധമായി ഉത്തരം പറയും; ആ ഉത്തരം എല്ലാവിധ വംശമേധാവിത്വ വാദങ്ങളെയുമാണ് ആഞ്ഞുപ്രഹരിക്കുന്നത്. ഭൗമോപരിതലത്തിലെ നിറവൈവിധ്യത്തിന്റെ പ്രതിഫലനമായുള്ള ഒരു വര്‍ണരാജിയായി മനുഷ്യവൈവിധ്യത്തെ വായിക്കാന്‍ ഇസ്‌ലാം മാത്രമേയുള്ളൂ.

നിറത്തിന്റെ മാത്രമല്ല, രൂപത്തിന്റെയും കാര്യം അതുതന്നെയാണ്. എത്രതരം മുഖങ്ങളാണ് മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്! എണ്ണിയാലൊടുങ്ങാത്ത മുഖഛായകള്‍ ലോകത്ത് പടര്‍ന്നുകിടക്കുന്നു. അവയില്‍നിന്ന് ചില മുഖങ്ങളെ ‘വിരൂപ’മെന്നടയാളപ്പെടുത്തി അവയുള്ള ജനസമൂഹങ്ങളെ ‘പരിണാമം’ പൂര്‍ത്തിയായിട്ടില്ലാത്ത അവികസിത മനുഷ്യസമൂഹങ്ങളായി ദൂരെ നിര്‍ത്താന്‍ ‘ജ്ഞാനോദയ’ സഹിഷ്ണുതക്കാര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അവരുടെ ‘പ്രബുദ്ധത’യുടെ ഭാഗമല്ലാതെ തന്നെ സൗന്ദര്യത്തിന്റെ പേരിലുള്ള കൊമ്പുകുലുക്കലുകള്‍ മനുഷ്യസമൂഹത്തെ ശ്രേണീവല്‍ക്കരിച്ചിട്ടുണ്ട്. ആദമിന്റെ മക്കളായി സകല മനുഷ്യരെയും പരിഗണിക്കുന്ന ഇസ്‌ലാമിന് അത്യന്തം വിരൂപമായ ഈ ‘സൗന്ദര്യശാസ്ത്ര’ത്തെ അംഗീകരിക്കുക തരിമ്പും സാധ്യമല്ല തന്നെ. നബി (സ) പറഞ്ഞു: ”നിങ്ങള്‍ക്കാര്‍ക്കെങ്കിലും നിങ്ങളുടെ ഒരു സഹോദരനുമായി പോരടിക്കേണ്ടി വന്നാല്‍ അവന്റെ മുഖത്തെ നിങ്ങള്‍ ആക്രമണത്തില്‍ നിന്നൊഴിവാക്കുക; കാരണം ആദമിന്റെ സൃഷ്ടിപ്പ്‌ അല്ലാഹുവിന്റെ രൂപകല്‍പനയാണ്.”(19)”നിന്റെ മുഖം അല്ലാഹു വിരൂപമാക്കിത്തീര്‍ക്കട്ടെ എന്ന് ഒരാളോട് നിങ്ങള്‍ പറയരുത്. കാരണം ആദം സന്തതികള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പരമകാരുണികനായ അല്ലാഹുവിന്റെ രൂപകല്‍പനയിലാണ്.”(20) ആദമിന്റെയും ആദം സന്തതികളുടെയും മുഖങ്ങള്‍ അല്ലാഹുവിന്റെ രൂപകല്‍പനയാണെന്നിരിക്കെ അവ മുഴുവന്‍ ആദരവര്‍ഹിക്കുന്നുവെന്നും ഒരാളോട് പോരടിക്കുകയോ ശണ്ഠ കൂടുകയോ ചെയ്യേണ്ടി വന്നാല്‍ പോലും അയാളുടെ മുഖം അല്ലാഹുവിന്റെ രൂപകല്‍പനയാണെന്ന കാര്യമോർത്ത്‌ അതിനെ ആക്രമിക്കുന്നതില്‍ നിന്നും ശപിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്നുമാണ് നബി(സ) അനുശാസിക്കുന്നത്.

അല്ലാഹുവിന്റെ മഹത്തായ ഡിസൈന്‍ ആണ് ലോകത്തെ എല്ലാ മുഖഛായകളുമെന്ന സ്മരണ വിശ്വാസി കൂടെക്കൊണ്ടു നടക്കണമെന്നാണ് ഈ അധ്യാപനത്തിന്റെ താല്‍പര്യം. ചില മനുഷ്യരുടെ മുഖങ്ങളോടുള്ള വംശീയമായ അവമതിപ്പുകള്‍, അതിനാല്‍ തന്നെ തികഞ്ഞ മതവിരുദ്ധതയും ദൈവവിരുദ്ധതയുമാണ്. നിലനില്‍ക്കുന്ന സാമൂഹിക അവബോധത്തിന്റെ ചുഴിയിലകപ്പെട്ടുകൊണ്ട് പദപ്രയോഗങ്ങളിൽ അത്തരം അവമതിപ്പുകള്‍ കടന്നുവരുന്നതിനെ വരെ അതിശക്തമായാണ് ഇസ്‌ലാം നിരോധിച്ചത്. പ്രവാചകശിഷ്യനായ അബൂദര്‍റ് (റ) ഒരിക്കല്‍ നീഗ്രോ മാതാവിനുപിറന്ന മറ്റൊരു പ്രവാചകാനുചരൻ ബിലാലിനെ (റ) ‘കറുത്തവളുടെ മകനേ’ എന്ന് ആക്ഷേപഭാവത്തില്‍ വിളിച്ചതറിഞ്ഞപ്പോള്‍ നബി(സ) അബൂദര്‍റില്‍ നിന്ന് മുഖം തിരിക്കുകയും ”മുഹമ്മദിന് ഖുര്‍ആന്‍ അവതരിപ്പിച്ചുതന്ന അല്ലാഹു തന്നെയാണ് സത്യം; കര്‍മം കൊണ്ടല്ലാതെ ഒരാളും മറ്റൊരാളേക്കാള്‍ ഉന്നതാകുന്നില്ല” എന്ന് ക്ഷുഭിതനായി പറയുകയും ചെയ്തത് ആധികാരികമായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.(21)

(തുടരും)

കുറിപ്പുകൾ: 15. ഖുര്‍ആന്‍ 49:13. 16. തിര്‍മിദി, ജാമിഅ്. 17. അഹ്മദ്‌, മുസ്‌നദ്. തിര്‍മിദി, ജാമിഅ്. 18. അബൂദാവൂദ്, സുനന്‍. തിര്‍മിദി, ജാമിഅ്. 19. മുസ്‌ലിം, സ്വഹീഹ്. 20. ഇബ്‌നു അബീ ആസിം, അസ്സുന്ന. 21. ബയ്ഹഖി, ശുഅ്ബുല്‍ ഈമാന്‍.