ഇസ്‌ലാമില്‍ മനുഷ്യാവകാശങ്ങളുടെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം. മതം/വിശ്വാസം/ആദര്‍ശം തെരഞ്ഞെടുക്കുവാനുള്ള മൗലികാവകാശം സകല മനുഷ്യര്‍ക്കുമുണ്ടെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കാരണം മനുഷ്യനെ അല്ലാഹു ആദരിച്ചിരിക്കുന്നത് പ്രസ്തുത സ്വാതന്ത്ര്യം അവന്റെ അസ്തിത്വത്തില്‍ വിളക്കിച്ചേര്‍ത്തുകൊണ്ടാണ്. അതുകൊണ്ട് വിശ്വാസം ഒരാളുടെ മേലും അടിച്ചേല്‍പിക്കപ്പെട്ടുകൂടെന്ന് ഇസ്‌ലാം കര്‍ക്കശമായി ഉദ്‌ബോധിപ്പിക്കുന്നു. മുസ്‌ലിംകളുടെ ദൗത്യം പ്രബോധനം മാത്രമാണ്. മനുഷ്യരെ ആശയങ്ങൾ കേൾപിക്കുക; സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശത്തെ മാനിക്കുകയും ആദരിക്കുകയും ചെയ്യുക. ഇതാണ് പ്രവാചകന്‍മാരോടും പ്രബോധകന്‍മാരോടുമെല്ലാമുള്ള ഖുര്‍ആനിന്റെ അനുശാസന. ”നീ ഉദ്‌ബോധിപ്പിക്കുക; നീ ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ നിയന്ത്രണാധികാരമുള്ളവനല്ല.”(44)
കേവലമായ സത്യം എന്ന ഒന്നില്ലെന്നും, എല്ലാ ദര്‍ശനങ്ങളും സത്യമാകാന്‍ സാധ്യതയുള്ള ഒരേ യാഥാര്‍ത്ഥ്യത്തിന്റെ വിഭിന്നമായ കാഴ്ചകളാണെന്നോ എല്ലാ ദര്‍ശനങ്ങളും ഒരുപോലെ അടിസ്ഥാനരഹിതമാണെന്നോ വരാം എന്നുമുള്ള, പുതിയ സഹിഷ്ണുത (new tolerance), ധാര്‍മിക ആപേക്ഷികത (moral relativism) തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വിചിത്ര കല്‍പനയോട് ഇസ്‌ലാം യോജിക്കുന്നില്ല. പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളുമവതരിപ്പിച്ച നിത്യസത്യങ്ങളുടെ മൗലികതയെ അത് ഊന്നിപ്പറയുകയും അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യെയും അന്തിമവേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിനെയും പിന്തുടരുക വഴിയാണ് മനുഷ്യര്‍ക്ക് മോക്ഷപ്രാപ്തിയുണ്ടാവുക എന്ന വസ്തുതക്ക് ശക്തിയായി അടിവരയിടുകയും ചെയ്യുന്നു. എന്നാല്‍ ദാര്‍ശനികമായ സത്യങ്ങളെ തിരസ്‌കരിക്കുവാന്‍ അസ്തിത്വപരമായി തന്നെ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും പ്രസ്തുത സ്വാതന്ത്ര്യത്തെ ഉള്‍ക്കൊള്ളുവാനും ആദരിക്കുവാനും സത്യപ്രബോധകര്‍ ബാധ്യസ്ഥരാണെന്നുമാണ് ഇസ്‌ലാം വിശദീകരിക്കുന്നത്. അല്ലാഹു വിശ്വാസം മനുഷ്യരുടെമേല്‍ അടിച്ചേല്‍പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ, നിഷേധികളുടെ തിരസ്‌കാരത്തെ ദൈവഹിതമായാണ് വായിക്കേണ്ടത്. ഖുര്‍ആന്‍ ചോദിച്ചു: ”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവര്‍ മുഴുവന്‍ വിശ്വസിക്കുമായിരുന്നു; അപ്പോള്‍ പിന്നെ മനുഷ്യര്‍ വിശ്വാസികളാകാന്‍ വേണ്ടി അവരെ നീ നിര്‍ബന്ധിക്കുന്നതെങ്ങനെ?”(45) അല്ലാഹുവിന്റെ ഹിതം ഈ വിഷയത്തിലെന്തെന്ന് ഖുര്‍ആന്‍ വചനങ്ങളില്‍ യാതൊരു സന്നിഗ്ധതയുമില്ലാതെ വ്യക്തമാണ്. ”ഇത് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സത്യമാണെന്ന് നീ പറയുക. വിശ്വസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ, അവിശ്വസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അങ്ങനെയും ചെയ്യട്ടെ.”(46)
മതം മനസ്സിന്റെ ബോധ്യമാണ്. ബോധ്യപ്പെടല്‍ അടിച്ചേല്‍പിക്കല്‍ വഴിയുണ്ടാവുക സാധ്യമല്ലെന്ന് ആര്‍ക്കാണറിയാത്തത്! നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പ്രയോഗം തന്നെ അസംബന്ധമാണ്. കാരണം, മനസ്സ് മാറുമ്പോഴാണ്, വിശ്വാസം അകത്തു കയറുമ്പോഴാണ് മതപരിവര്‍ത്തനം സംഭവിക്കുന്നത്. അത് ഒരാളുടെ ഹൃദയത്തിനുള്ളിലാണ് നടക്കുക. പുറത്തുനിന്നൊരാള്‍ക്ക് ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ഒരാളുടെയും ഹൃദയം മാറ്റിമറിക്കാനാവില്ല; ഹൃദയം മാറാതെയുള്ള ബാഹ്യപ്രകടനങ്ങളെ ഇസ്‌ലാം മതം ആയി പരിഗണിക്കുന്നുമില്ല. കാപട്യം (നിഫാഖ്) ആയിട്ടാണ് ഇസ്‌ലാം അത്തരം ഒരവസ്ഥയെ നോക്കിക്കാണുന്നത്. കാപട്യം അവിശ്വാസം തന്നെയാണ്; അല്ല, ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇല്ലാത്തതുകാരണം പ്രകടമായ അവിശ്വാസത്തേക്കാള്‍ അസ്വീകാര്യമാണ് അല്ലാഹുവിന് അത്. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞതിപ്രകാരമാകുന്നു: ”നിശ്ചയമായും കപടവിശ്വാസികള്‍ നരകത്തിന്റെ ഏറ്റവും താഴെ തട്ടിലാകുന്നു. അവര്‍ക്ക് നീ ഒരു സഹായിയെയും കണ്ടെത്തുകയില്ല.”(47) നരകത്തില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കുകയാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ആത്യന്തിക ലക്ഷ്യം. നരകമോചനത്തിന് ആത്മാര്‍ത്ഥമായ സത്യവിശ്വാസം മാത്രമേ നിമിത്തമാകൂ. വിശ്വാസം അഭിനയിക്കുന്നത് നരകാഗ്നിയുടെ ആഴങ്ങളിലേക്കാണ് മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുക എന്ന വസ്തുതയാണ് പരാമൃഷ്ട ഖുര്‍ആന്‍ വചനം സ്പഷ്ടമാക്കുന്നത്. വിശ്വാസം വരാത്തവരെ വിശ്വാസം വന്നതായി അഭിനയിക്കാന്‍ ഇസ്‌ലാമിക പ്രബോധകര്‍ ഒരിക്കലും പ്രേരിപ്പിക്കുകയില്ലെന്ന കാര്യം അതിനാല്‍ തന്നെ സുതരാം വ്യക്തമാണ്.
മനസ്സിനോടുള്ള സംവേദനവും സംവാദവുമാണ് പ്രബോധനം. യുക്തിഭദ്രമായി കാര്യങ്ങളവതരിപ്പിച്ച് ആദര്‍ശം ബോധ്യപ്പെടുത്താനുള്ള ശ്രമമാണത്; പ്രബോധിതന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി ആശയത്തിന്റെ അന്യൂനതയും ഭദ്രതയും സമര്‍ത്ഥിക്കുവാനുള്ള ഉദ്യമമാണത്. എങ്ങനെയാണ് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കേണ്ടതെന്ന് പരിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. ”യുക്തിയും പ്രമാണവും സദുപദേശവും ഉപയോഗിച്ച് നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിക്കുക; ഏറ്റവും നല്ല രീതിയില്‍ നീ അവരോട് സംവാദത്തിലേര്‍പ്പെടുകയും ചെയ്യുക.”(48) ബലാല്‍ക്കാരത്തിന് പ്രബോധന വഴിയില്‍ ഒരു സ്ഥാനവും ഇല്ല, ഉണ്ടാവുക സാധ്യമല്ല എന്ന് ചുരുക്കം. ഖുര്‍ആന്‍ തന്നെ പറയട്ടെ: ”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വളരെ വ്യക്തമായി വേര്‍തിരിഞ്ഞിരിക്കുന്നു.”(49)
മതത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം ചെലുത്തരുതെന്ന് ഒരു മതശാസനയായി പഠിപ്പിക്കുകയാണ് ഖുര്‍ആന്‍! അധികാരമില്ലാത്തേടത്ത് സ്വീകരണത്തിനും തി സ്‌കാരത്തിനും അവസരം നല്‍കിക്കൊണ്ടുള്ള പ്രബോധനം, അധികാരമുള്ളേടത്ത് അമുസ്‌ലിംകളെ നിര്‍ബന്ധിച്ച് ‘മതപരിവര്‍ത്തനം’ ചെയ്യിക്കല്‍ -ഇതാണ് ഇസ്‌ലാമിന്റെ സ്ട്രാറ്റജി എന്നാരോപിക്കുന്ന വിമര്‍ശകരുണ്ട്. അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയില്ല എന്നതാണ് സത്യം. ‘മതത്തില്‍ നിര്‍ബന്ധമില്ല’ എന്ന പ്രഖ്യാപനം പരിശുദ്ധ ഖുര്‍ആനില്‍ അവതരിപ്പിക്കപ്പെടുന്നതുതന്നെ ഇസ്‌ലാമിക രാഷ്ട്രമായ മദീനയിലാണ്; മുഹമ്മദ് നബി (സ) ഉന്നതാധികാരിയായിരുന്ന മദീനയില്‍. മദീനയില്‍ ഈ വചനം അവതരിപ്പിക്കപ്പെട്ടതിനൊരു സന്ദര്‍ഭമുണ്ട്. മദീനക്കാരായ പ്രവാചകാനുചരന്‍മാരില്‍ ചിലരുടെ ഭാര്യമാര്‍, അവരുടെ ഇസ്‌ലാമാശ്ലേഷത്തിനുമുമ്പ്, മദീനയില്‍ ശിശുമരണങ്ങള്‍ വ്യാപകമായ സമയത്ത്, തങ്ങള്‍ക്കുണ്ടാകുന്ന ആണ്‍കുട്ടികള്‍ ജീവനോടെ അവശേഷിച്ചാല്‍ അവരെ ജൂതന്‍മാരായി വളര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ജൂതന്‍മാര്‍ മോശെ പ്രവാചകന്റെ സമൂഹമായതിനാല്‍ അങ്ങനെ പ്രതിജ്ഞ ചെയ്യുന്നത് ദൈവം ആ ആണ്‍കുട്ടികളെ ജീവിക്കാന്‍ വിടാന്‍ കാരണമായേക്കും എന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നിരിക്കണം. ഇങ്ങനെ ജൂതന്‍മാരായി മദീനയിലെ ജൂതഗോത്രമായിരുന്ന ബനൂ നദീറുകാര്‍ക്കിടയില്‍ വളര്‍ന്ന ചില ആണ്‍കുട്ടികളെ ഇസ്‌ലാം സ്വീകരിക്കുവാനും കുടുംബങ്ങളിലേക്ക് തിരിച്ചുവരാനും രക്ഷിതാക്കള്‍ പില്‍ക്കാലത്ത് നിര്‍ബന്ധിക്കാന്‍ ശ്രമിച്ചതായിരുന്നു ആ സന്ദര്‍ഭം.(50) നോക്കൂ! ഇസ്‌ലാമിക രാഷ്ട്രം! പ്രവാചകൻ ഭരണാധികാരി! നിര്‍ബന്ധിക്കുന്നത് മാതാപിതാക്കള്‍ മക്കളെ! എന്നിട്ടും ഖുര്‍ആന്‍ അതംഗീകരിച്ചില്ല, പഴുതടച്ച് നിരോധിച്ചു. മതപരിവര്‍ത്തനം രാജ്യത്തിന്റെയോ കുടുംബത്തിന്റെയോ ഒന്നും അധികാരം വഴി നടക്കേണ്ടതല്ലെന്ന നിലപാടാണ് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമല്ല, മറിച്ച് വാളുപയോഗിച്ചുള്ള മതപ്രചരണത്തെ നിരോധിച്ച മതമാണ്. ഒരു കയ്യില്‍ വാളും മറുകയ്യില്‍ ഖുര്‍ആനുമായി ‘ഒന്നുകില്‍ മരണം, അല്ലെങ്കില്‍ ഇസ്‌ലാം’ എന്ന് മനുഷ്യരെ ഭീഷണിപ്പെടുത്തിയല്ല ഇസ്‌ലാം ലോകത്ത് പ്രചരിച്ചത്; കാരണം മുസ്‌ലിംകളുടെ വീക്ഷണത്തില്‍ അത് ഖുര്‍ആനോടുള്ള ധിക്കാരവും അതിനാല്‍ തന്നെ ദൈവനിന്ദയുമാണ്. ഇസ്‌ലാം ലോകത്ത് പടര്‍ന്നത് വാളുകൊണ്ടാണെന്ന് കരുതുന്നവര്‍ ചരിത്രമോ ഖുര്‍ആനോ നബിജീവിതമോ പരിശോധിക്കാതെ കുരിശുയുദ്ധകാല പാശ്ചാത്യന്‍ നുണപ്രചരണങ്ങളില്‍ സ്വയം കുരുങ്ങിപ്പോവുക മാത്രമാണ് ചെയ്യുന്നത്.
ആശയഭിന്നതകളെ അംഗീകരിക്കാനും ആദരിക്കാനുമുള്ള വിശാലതയാണ് സഹിഷ്ണുതകൊണ്ട് മുഖ്യമായും അര്‍ത്ഥമാക്കപ്പെടുന്നത്. ഇസ്‌ലാം സ്വീകരിക്കാതിരിക്കുവാനുള്ള മൗലികമായ അവകാശത്തെ ഉദ്‌ഘോഷിക്കുക വഴി അവിശ്വാസത്തോടുള്ള സഹിഷ്ണുത വിശ്വാസത്തിന്റെ താല്‍പര്യമായി ഇസ്‌ലാം എഴുതിച്ചേര്‍ക്കുന്നു. ഇസ്‌ലാമിനെപോലെ വ്യക്തവും സൂക്ഷ്മവുമായ ഒരു സഹിഷ്ണുതാ ദര്‍ശനം മറ്റൊരാദര്‍ശവും ചരിത്രത്തിലിന്നേവരെ അവതരിപ്പിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും അസഹിഷ്ണുതയുടെ പേരില്‍ ലോകത്തിന്നേറ്റവും പഴി കേള്‍ക്കുന്നത്ഇസ്‌ലാം ആണ്! ഇസ്‌ലാം വിമര്‍ശനങ്ങളില്‍ നിരതനായ ഒരു അമേരിക്കന്‍ എഴുത്തുകാരൻ താനെഴുതിയ ഒരു പുസ്‌കത്തിന് പേരിട്ടിരിക്കുന്നത് തന്നെ ‘മുഹമ്മദ്; ലോകത്തില്‍വെച്ചേറ്റവും അസഹിഷ്ണുതയുള്ള മതത്തിന്റെ സ്ഥാപകന്‍’ എന്നാണ്! സഹിഷ്ണുതയുടെ മഹാപ്രവാചകനെ അസഹിഷ്ണുതയുടെ ഛായയില്‍ വരക്കാനുള്ള കുത്സിത ശ്രമങ്ങള്‍ ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. കൊളോണിയലിസത്തിന്റെ വൈജ്ഞാനിക സംരംഭമായിരുന്ന ഓറിയന്റലിസം പ്രസവിച്ച ഇസ്‌ലാം പഠനങ്ങള്‍ ഖുര്‍ആനിനെയും നബിചര്യയെയും ഇസ്‌ലാമികചരിത്രത്തെയും അതിഭീകരമായി അപനിര്‍മിച്ചാണ് ‘വിവരവിസ്‌ഫോടനം’ നടത്തിയത്. ഇസ്‌ലാമിന് പരിചയമില്ലാത്ത ആശയങ്ങളെ അതിനുമേല്‍ കെട്ടിവെച്ച് അവർ സങ്കല്ച്ചുണ്ടാക്കിയ’പ്രതിഇസ്‌ലാമിനെ’ യഥാര്‍ത്ഥ ഇസ്‌ലാമായി സാധാരണക്കാര്‍ക്കു മുന്നിലവതരിപ്പിക്കുകയാണ് മുതലാളിത്തവും മിഷനറിമാരും സംഘ്പരിവാറും മീഡിയയുമെല്ലാം. ഈ വ്യാജ പ്രചാരണത്തിനുപിന്നിലുള്ള നിക്ഷിപ്ത താല്‍പര്യങ്ങളെ തുറന്നുകാട്ടി ഇസ്‌ലാം സകലവിധ അസഹിഷ്ണുതകള്‍ക്കുമെതിരാണെന്ന് ബോധ്യപ്പെടുത്താനുള്ള യത്‌നങ്ങള്‍ നമ്മുടെ സ്ഥലകാലത്തിന്റെ ഏറ്റവും സുപ്രാധനമായ തേട്ടമാകുന്നു.
(തുടരും)
കുറിപ്പുകൾ:
44. ഖുര്‍ആന്‍ 88:22-2. 45. ഖുര്‍ആന്‍ 11:99. 46. ഖുര്‍ആന്‍ 18:29. 47. ഖുര്‍ആന്‍ 4:145. 48. ഖുര്‍ആന്‍ 16:125. 49. ഖുര്‍ആന്‍ 2:256. 50. അബൂദാവൂദ്, സുനന്‍. 88:22-2.