Logo

 

ഇസ്‌ലാമോഫോബിയയുടെ കേരളീയ പരിസരം

18 July 2024 | Essay

By

കൊട്ടിഘോഷിക്കപ്പെടാറുള്ള മലയാളി ‘മതേതര’ പൊതുബോധം, അതിന്റെ ഇസ്‌ലാമോഫോബിക് നഗ്നത വെളിവായതിന്റെ ജാള്യതയിൽ തലകുനിച്ചു നിൽക്കേണ്ടി വന്ന ദിവസം എന്ന നിലയിൽ കേരള ചരിത്രത്തിൽ ഇനിയുള്ള കാലം ഓർമ്മിക്കേണ്ട ദിവസമായിരുന്നു 2023 ഒക്ടോബർ 29. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ ഒരു പ്രാർത്ഥനാ ചടങ്ങ് നടക്കുമ്പോൾ ഉണ്ടായ ഭീകരാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഭീകരാക്രമണത്തിലെ പ്രതികളുടെ മതവും മോട്ടീവുമൊക്കെ സംഘ് പരിവാറും മാധ്യമങ്ങളും സകല ഇസ്‌ലാമോഫോബുകളും തീരുമാനിച്ചുറപ്പിക്കുന്നു. ഇസ്രായേൽ ഭീകരർ ഫിലസ്തീൻ ജനതക്കെതിരെ നടത്തുന്ന നരനായാട്ടിനെതിരെ കേരളത്തിൽ മുസ്‌ലിം സംഘടനകൾ നടത്തിയ പ്രതിഷേധത്തെയും ‘യഹോവയുടെ സാക്ഷികൾ’ക്ക് ജൂതന്മാരുടെ വിശ്വാസവുമായുള്ള സാമ്യതയേയും ചേർത്തുള്ള ഭാവന നെയ്ത് ഇടത് ബുദ്ധിജീവികൾ വരെ പ്രേക്ഷകരുടെ ഇസ്‌ലാംഭീതി അതിന്റെ പാരമ്യത്തിൽ എത്തിക്കുന്നു. കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖർ മുതൽ കേരളത്തിലേയും പുറത്തുമുള്ള ബി.ജെ.പി നേതാക്കൾ വരെ വമ്പിച്ച തോതിൽ മുസ്‌ലിം വിരുദ്ധ വംശീയ വിഷം തുപ്പുന്നു. പാനായിക്കുളം സിമി ക്യാമ്പ് കേസിൽ വർഷങ്ങളുടെ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന കുറ്റ വിമുക്തരായവരെ തേടി പൊലീസ് വീട്ടു മുറ്റത്തെത്തുന്നു. ഒരു ആന്റി ക്ലൈമാക്സ്‌ പോലെ പ്രതി ഡോമിനിക് മാർട്ടിൻ തന്റെ ഫേസ്ബുക്ക് ലൈവിൽ യഹോവയുടെ സാക്ഷികളുടെ ‘ദേശവിരുദ്ധത’യുൾപ്പെടെയുള്ള ‘കുറ്റങ്ങൾ’ ക്കെതിരെയുള്ളതാണ് താൻ നടത്തിയ ഭീകരാക്രമണം എന്ന് വിളിച്ചു പറയുന്നതോട് കൂടി സംഭവത്തിന്റെ സെൻസേഷണൽ വാല്യൂ കൂപ്പുകുത്തുന്നു. ചില മാധ്യമങ്ങളെങ്കിലും, പ്രതിക്ക് തങ്ങളുടെ ഭാവനയിൽ വിരിഞ്ഞ ഭീകരവാദിയുടെ രൂപം ഇല്ലാത്തതിനാൽ വീണ്ടും വീണ്ടും സംശയങ്ങൾ ഉന്നയിക്കുന്നതോട് കൂടി മുസ്‌ലിമിനെ ഭീകരൻ ആക്കുന്ന ജോലി മാത്രമല്ല ഇസ്‌ലാമോഫോബിയക്ക് ഉള്ളത് എന്നും ഭീകരതക്ക് മുസ്‌ലിമിന്റെ രൂപം ചാർത്തിക്കൊടുക്കുക എന്നത് കൂടിയാണ് എന്നും വ്യക്തമാകുന്നു.


ഇസ്‌ലാം പേടിയുടെ കേരള ചരിത്രം

മുഹമ്മദ് നബി(സ്വ) യുടെ കാലത്ത് തന്നെ കേരളത്തിൽ ഇസ്‌ലാം മത പ്രബോധനവുമായി അദ്ദേഹത്തിന്റെ ശിഷ്യന്മാർ കടന്നു വന്നിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. അന്ന് മുതൽ പതിനാറാം നൂറ്റാണ്ട് വരെ ഇവിടെയുള്ള ഹിന്ദു സമൂഹവുമായി മൈത്രിയിൽ കഴിഞ്ഞു വന്നിരുന്നവരാണ് മുസ്‌ലിംകൾ. അവർക്കിടയിലേക്ക്, കുരിശുയുദ്ധത്തിന്റെ വെറുപ്പ് സംസ്കാരവും അധീശത്വ താല്പര്യങ്ങളും നിറച്ച കപ്പലുകളുമായി പോർച്ചുഗീസ് മിഷനറിമാർ വരുന്നതോട് കൂടിയാണ് കേരളത്തിൽ ഇസ്‌ലാമോഫോബിയ(ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള അകാരണമായ പേടി, മുസ്‌ലിം വിരുദ്ധ വംശീയത, തരംതാഴ്ത്തൽ, മുസ്‌ലിംകളെക്കുറിച്ചുളള മുൻവിധി)ക്ക് നാമ്പുമുളയ്ക്കുന്നത്. വാസ്കോഡ ഗാമയുടെ നേതൃത്വത്തിൽ പോർച്ചുഗീസ് ഭീകരർ മുസ്‌ലിംകളെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള കപ്പലുകൾ ആക്രമിച്ച് അവരെ കടലിലേക്ക് കൊന്നു തള്ളുക, മുസ്‌ലിംകളുടെ വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുക, ഹജ്ജ് തീർഥാടകരെ വധിക്കുക തുടങ്ങിയ പൈശാചിക കൃത്യങ്ങൾ മുസ്‌ലിംകൾക്കെതിരെ നിരന്തരം ചെയ്തുകൊണ്ടാണ് പോർച്ചുഗീസ് കൊള്ളസംഘം അവരുടെ സാമ്രാജ്യം ഇവിടെ വികസിപ്പിച്ചത്.ആ കൊള്ള സംഘത്തിന്റെ തലവന്റെ പ്രതിമ ഈ കേരളത്തിൽ സർക്കാർ ചെലവിൽ നിർമിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത ഇസ്‌ലാമോഫോബിയ – അഥവാ മുസ്‌ലിം വിരുദ്ധ വംശീയതയെക്കുറിച്ച് ഇവിടുത്തെ ‘പൊതു’ എത്രത്തോളം നിസ്സംഗരാണ് എന്നത് വെളിവാക്കുന്നു.

പോർച്ചുഗീസ് കാലഘട്ടത്തിന് ശേഷം ബ്രിട്ടീഷ് ഭരണത്തിന്റെ തണലിൽ കേരളത്തിൽ എത്തിയ ക്രിസ്ത്യൻ മിഷനറി മുസ്‌ലിം വെറുപ്പിന്റെ വിഷ വിത്തുകൾ വ്യാപകമായി ഇവിടെ നിക്ഷേപിച്ചു തുടങ്ങി. പ്രവാചകനെ അവഹേളിച്ചും ഇസ്‌ലാമിക ചരിത്രത്തെ വികൃതവൽക്കരിച്ചും കേരളത്തിലെ ഇസ്‌ലാമോഫോബിയക്ക് വെള്ളവും വളവും നൽകാൻ അവർ പണിയെടുത്തു. മലബാർ സമരാനന്തരം ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച ‘ഔദ്യോഗിക’ ആഖ്യാനങ്ങളും അതിനെ അപ്പടി വിഴുങ്ങിയ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും, കെ. മാധവൻ നായരുടെ ‘മലബാർ കലാപ’വും കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ, ഇസ്‌ലാം ഭീതി അതിന്റെ മൂർദ്ധന്യത്തിലേക്ക് പ്രവേശിക്കുന്നതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. മലയാള സാഹിത്യരംഗത്തും സ്വാഭാവികമായി അതിന്റെ അനുരണനങ്ങൾ ഉണ്ടായി. 1922 -ൽ കുമാരനാശാൻ എഴുതിയ ‘ദുരവസ്ഥ’ എന്ന കാവ്യം, ‘ക്രൂര മുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോര’യാൽ ചുവന്ന ഏറനാട്ടിനെക്കുറിച്ചും ഹൈന്ദവ സ്ത്രീകളെ പിച്ചിച്ചീന്തുന്ന തൊപ്പിയും കറുത്ത താടിയുമുള്ള ‘ദുഷ്ട മുസൽമാൻമാരെ’ക്കുറിച്ചും, പുതിയകാല ഇസ്‌ലാം ഭീതി നിർമാണത്തിലെ എല്ലാ ചേരുവകളും അതിന്റെ അനുപാതത്തിൽ ചേർത്ത ആഖ്യാനത്തോടെ മലയാള സാഹിത്യത്തിൽ ഇസ്‌ലാമോഫോബിയയുടെ തുടക്കം കുറിക്കുകയായിരുന്നു.

1957 -ൽ പുറത്തു വന്ന ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിലും ഗോവിന്ദൻ നായർ എന്ന കഥാപാത്രത്തിലൂടെ, നിർബന്ധ മതപരിവർത്തനം ചെയ്യുന്ന മാപ്പിളമാരെ കുറിച്ചും അവർ ഹൈന്ദവസ്ത്രീകളെ പിച്ചിച്ചീന്തിയതിനെ ക്കുറിച്ചും എഴുതി ഇസ്‌ലാം വെറുപ്പിനെ ഉദ്ധീപിപ്പിക്കുന്ന ആഖ്യാനങ്ങൾ നൽകിയതായി കാണാം. സാഹിത്യത്തിൽ ഉറൂബിനു ശേഷം ഖസാക്കിന്റെ ഇതിഹാസം മുതൽ ബിരിയാണി വരെയുള്ള നിരവധി കൃതികളിൽ അതിന്റെ ഇരകൾക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത പാകത്തിൽ ഇസ്‌ലാമോഫോബിയ ഇടം പിടിച്ചു. “പുസ്തക വിൽപനക്കാർ നമ്മുടെ നാടുകളിലേക്ക് വരും. എന്റെ സ്നേഹിതന്മാരുടെ വരാന്തയിലാണ് അവരുടെ കച്ചവടം. അവർ എനിക്ക് നോവലുകളൊക്കെ തരും വായിക്കാൻ. ഞാൻ രാത്രി വരെ ഇരുന്ന് പുസ്തകം വായിക്കും. ഞാൻ വായിച്ച പുസ്തകങ്ങളിലൊക്കെ കള്ളന്മാരും കൊലപാതകികളും വഞ്ചകരുമെല്ലാം മുസ്‌ലിംകളാണ്. എന്നാൽ എന്റെ മാതാപിതാക്കളോ അമ്മാവന്മാരോ മറ്റുള്ളവരോ ആരെയും ഞാൻ അങ്ങനെ കണ്ടിട്ടില്ല. അത്കൊണ്ട് ഞാൻ എഴുത്തുകാരനാകാൻ തീരുമാനിച്ചു.” മലയാളത്തിന്റെ മഹാ സാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീർ ഒരഭിമുഖത്തിൽ പറഞ്ഞു വെച്ച മേൽവാക്യങ്ങള്‍ മലയാള സാഹിത്യത്തിലെ ഇസ്‌ലാമോഫോബിയയുടെ അളവ് വരച്ചു കാണിക്കുന്നുണ്ട്. മലയാള സിനിമകളിൽ സാംസ്കാരിക അധമത്വം പേറുന്ന, വിദ്യാഭ്യാസമില്ലാത്ത കോമാളിയായി വേഷമിടുന്ന കഥാപാത്രങ്ങളിൽ തുടങ്ങി സ്വഭാവ ദൂഷ്യമുള്ളതും അധാർമികനും ഭീകരനും ഒക്കെ ആയി അവതരിപ്പിച്ചു മലയാളി പൊതു മനസ്സ് ഇസ്‌ലാമോഫോബിയയെ തങ്ങളുടെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു. താൻ അഭിനയിച്ച സിനിമകളിൽ ഇസ്‌ലാമോഫോബിയ അടങ്ങിയിരുന്നു എന്ന് ഒരു നടി തുറന്നു പറഞ്ഞപ്പോൾ, ആ സിനിമകളെ ഉദാത്തമായി കണ്ട് നിർവൃതി അടഞ്ഞിരുന്ന ഇവിടത്തെ മതേതര പൊതുബോധം തങ്ങൾക്കുള്ളിലെ ഇസ്‌ലാമോഫോബിയയെ ഒരിക്കൽ കൂടി തപ്പിനോക്കി ഉറപ്പു വരുത്തിക്കാണും!


മലപ്പുറം ഫോബിയ

1969 -ൽ പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി മലപ്പുറം എന്ന പുതിയ ജില്ല രൂപീകരിക്കാൻ തീരുമാനിച്ചത് സംഘ് പരിവാർ തങ്ങളുടെ മുസ്‌ലിം വിരുദ്ധ വംശവെറിക്കുള്ള സുവർണാവസരമായി കണ്ടു. ഉത്തര ഇൻഡ്യയിൽ മാപ്പിളസ്ഥാൻ എന്ന പേരിലും, മിനി പാക്കിസ്ഥാൻ എന്ന പേരിലും പ്രസ്തുത പ്രദേശത്തേക്കുറിച്ച് ഭീകരകഥകൾ ലഘുലേഖകളായി പുറത്തിറങ്ങി. ഹിന്ദുക്കൾ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ ഇതാ ഒരു മിനി പാകിസ്ഥാൻ രൂപീകരിക്കപ്പെടാൻ പോകുന്നു എന്ന് അന്നും ഇന്നും സെക്കുലർ മുഖം മൂടി അണിയാൻ വൈമുഖ്യം കാണിക്കാത്ത മാതൃഭൂമി പത്രം സൈറൺ മുഴക്കി.

കേരളത്തിൽ ഇസ്‌ലാമോഫോബിയ നിർലജ്ജം വാരി വിതറാനുള്ള മണ്ണായി ഹിന്ദുത്വയും സോഫ്റ്റ് ഹിന്ദുത്വയും അൾട്രാ സെക്കുലറുകളും ഇടത് പക്ഷവും മലപ്പുറത്തെ ആവശ്യാനുസരണം ഉപയോഗിച്ചത് പിന്നീടുള്ള ചരിത്രം. മിനി പാകിസ്ഥാൻ എന്ന് സംഘ് പരിവാറും ‘ബോംബ് എളുപ്പം ലഭിക്കുന്ന സ്ഥലം’ എന്ന് സിനിമാ തിരക്കഥയും ‘വർഗീയമായ ഉള്ളടക്കമുള്ള സ്ഥലം’ എന്ന് ഇടതു പക്ഷ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ‘പരീക്ഷയിൽ കോപ്പി അടിച്ചു മുന്നിൽ എത്തുന്നവർ’ എന്ന് പ്രതിപക്ഷ നേതാവായിരുന്ന വി. എസ്സും മലപ്പുറത്തിന് തൊട്ടടുത്ത ജില്ലയിൽ ആന കൊല്ലപ്പെട്ടതിന് ‘ഏറ്റവും ആക്രമാസക്തവും കുറ്റവാളികൾ നിറഞ്ഞതുമായ ജില്ല’ എന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധിയും സംഘ് – സെക്കുലർ വ്യത്യാസമില്ലാതെ ‘മലപ്പുറം’ എന്ന ബദൽ ഉപയോഗിച്ച് തരാതരം തങ്ങളുടെ മുസ്‌ലിം വിരുദ്ധ വംശവെറി വിതറിക്കൊണ്ടേയിരുന്നു.


ലവ് ജിഹാദ് എന്ന നുണ ബോംബ്

2007 -ൽ ഹിന്ദു ജനജാഗ്രുതി സമിതി ഉയർത്തിക്കൊണ്ട് വരികയും 2008-09 കാലഘട്ടത്തിൽ ക്രിസ്ത്യൻ സഭകൾ ഏറ്റെടുക്കുകയും ചെയ്ത “ലവ് ജിഹാദ്” എന്ന നുണപ്രചരണം ആയിരുന്നു കേരള പരിസരത്തെ ഇസ്‌ലാം ഭീതി കൂടുതൽ ഭീകരമായ അതിന്റെ അടുത്ത തലത്തിലേക്ക് പ്രവേശിപ്പിച്ചത്. “ഹിന്ദു സ്ത്രീകളെ വശീകരിക്കുകയും വിദേശത്തേക്ക് കടത്തുകയും ചെയ്യുന്ന ‘റോമിയോ ജിഹാദി’നെക്കുറിച്ചുള്ള ‘ഇന്റലിജൻസ്’ റിപ്പോർട്ടുമായി കേരള കൗമുദിയാണ് ആദ്യമായി അത്തരം വാർത്ത കൊടുത്തത്. പുകൾപെറ്റ ‘മതേതര’ മലയാള പത്രങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ ആയിരങ്ങൾ ലവ് ജിഹാദിനിരയായി മതം മാറ്റപ്പെട്ട കഥകൾ അപസർപ്പക കഥകളെ വെല്ലും വിധം എഴുതി തങ്ങളുടെ ഉള്ളിലടക്കിപ്പിടിച്ച ഇസ്‌ലാമോഫോബിയ ഛർദിച്ചു കൊണ്ടിരുന്നു. അന്വേഷണ ഏജൻസികളും കോടതിയുമൊക്കെ അന്വേഷിക്കുകയും ഈ വിവാദം ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്താൻ കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാന രഹിതമാണെന്നും പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും, സംഘ് പരിവാർ സംഘടനകൾക്കൊപ്പം കെ. സി. ബി. സിയും, എസ്. എൻ. ഡി. പി യും, എൻ. എസ്. എസ്സും ഈ കുപ്രചരണം ഏറ്റെടുത്ത് വീണ്ടും മുന്നോട്ട് പോയി. 2010 -ൽ അന്നത്തെ കേരള മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ, പോപ്പുലർ ഫ്രണ്ടിനെ ക്കുറിച്ചുള്ള ഒരു പരാമർശത്തിനിടയിൽ, അവർ 20 കൊല്ലം കൊണ്ട് കേരളത്തെ ഒരു മുസ്‌ലിം രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞത് കേരളത്തിൽ അന്ന് വരെ ഇസ്‌ലാമോഫോബിയ വളർത്താൻ സംഘ് പരിവാർ നടത്തിയ പ്രോപഗണ്ടകൾക്ക് അംഗീകാരം നൽകൽ കൂടി ആയിരുന്നു. ഇന്നും ഉത്തര ഇൻഡ്യയിൽ ലവ് ജിഹാദ് ഒരു വസ്തുതയാണ് എന്ന് പ്രചരിപ്പിക്കാൻ കേരള മുഖ്യമന്ത്രിയുടേത് എന്ന അടിവരയോടെ ഈ പ്രസ്താവന ഉപയോഗിക്കുന്നുണ്ട്.


സെക്കുലര്‍ ഇസ്‌ലാമോഫോബിയ

ലോകത്താകമാനം സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണാനന്തരം ഉണ്ടായ ഇസ്‌ലാം ഭീതി നിർമാണത്തിന്റെ ഓളങ്ങൾ കേരളത്തിലും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അടിച്ചു തുടങ്ങി. വംശവെറിയന്മാരായ സാം ഹാരിസിന്റെയും റിച്ചാർഡ് ഡോകിൻസിന്റെയും പാത പിന്തുടർന്ന് ഇസ്‌ലാമോഫോബിയക്ക് സൈദ്ധാന്തിക ന്യായീകരണം ചമയ്ക്കുന്ന നവനാസ്തികർ കേരളത്തിലും സജീവമായി. സ്റ്റേജുകളും പേജുകളും ഉപയോഗിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും അവഹേളിക്കുന്ന പ്രഭാഷണങ്ങളും പ്രബന്ധങ്ങളുമായി നവനാസ്തികർ നിറഞ്ഞു നിന്നു. കേരളത്തിലെ നവനാസ്തിക പ്രഭാഷകര്‍ തുടക്കത്തില്‍ ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കിടയില്‍ വമ്പിച്ച സ്വീകാര്യത നേടിയെടുത്തു. കാമ്പസുകളില്‍ ഇസ്‌ലാമോഫോബിയ വ്യാപകമാകാന്‍ അത് കാരണമായി. 2011 ൽ അധികാരം ഏറ്റെടുത്ത ഉമ്മൻ ചാണ്ടി സർക്കാർ കാലയളവിൽ, പ്രതിപക്ഷത്തിരുന്ന ഇടത് പക്ഷം തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ഇസ്‌ലാം ഭീതിയുടെ മൊത്തക്കച്ചവടം ഏറ്റെടുക്കുന്ന കാഴ്ചയും കേരളം കണ്ടു. 21 അംഗ മന്ത്രി സഭയിൽ ഘടക കക്ഷിയായ ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ് പാർട്ടിക്ക് 5 മന്ത്രി സ്ഥാനം വീതിച്ചു നൽകി എന്ന തികച്ചും കൂട്ടു കക്ഷി മുന്നണിയുടെ ആഭ്യന്തര ‘ചോയ്സ്’ ആകേണ്ട വിഷയം ഇടത് പക്ഷ നേതാക്കളുടെ വർഗീയത ദ്യോതിപ്പിക്കുന്ന പത്ര സമ്മേളന പ്രസ്താവനകൾ, കോൺഗ്രസ്സ് പക്ഷത്തെ ചിലർ നടത്തിയ സമാനമായ അഭിപ്രായ പ്രകടനങ്ങൾ എന്നിവ വഴി, ദിവസങ്ങളോളം ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കാനുള്ള മാർഗമാക്കി ‘മതേതര’മാധ്യമങ്ങൾ മാറ്റുകയായിരുന്നു.

2011 മുതൽ 2016 വരെ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പി. കെ. അബ്ദു റബ്ബിന്റെ ഭരണകാലം കേരളത്തിലെ, ‘മതേതരം’ എന്ന് കരുതപ്പെടുന്ന പൊതുബോധത്തിലെ മുസ്‌ലിം വിരുദ്ധത ഒന്നിലേറെ തവണ മറനീക്കി പുറത്തു വന്ന കാലഘട്ടം ആയിരുന്നു. സർക്കാർ പരിപാടിയിൽ ‘നിലവിളക്ക്’ കൊളുത്തുക എന്ന, ഒരുപക്ഷെ ‘മതേതരത്വ’ത്തിന് എതിർ വശത്ത് നിൽക്കേണ്ട ഒരു ചടങ്ങിൽ നിന്ന് വിട്ട് നിന്നു എന്ന പേരിൽ കേരളത്തിൽ ഉറഞ്ഞു തുള്ളാൻ സംഘ് പരിവാറിനേക്കാൾ ഒരുപടി മുന്നിലായിരുന്നു ഇവിടത്തെ ഇടത് യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ. എന്നാൽ, അടുത്ത മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. രവീന്ദ്രനാഥ് സർക്കാർ പരിപാടിയിൽ വെച്ച് ‘സസ്യാഹാര സദാചാരം’ ശീലമാക്കണമെന്ന് ‘അരുൾ’ ചെയ്തപ്പോൾ മന്ത്രി മന്ദിരത്തിലേക്ക് ബീഫ് ചില്ലിയുമായി ആരും പ്രകടനം നടത്തിയിരുന്നില്ല എന്ന് ചേർത്ത് വായിക്കുക. കാലങ്ങളായി സാഹിത്യങ്ങളിലും സിനിമകളിലും ചിത്രീകരിക്കുന്ന വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത, മണ്ടനായ ഒരു ‘മുസ്‌ലിം മന്ത്രി’ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നു എന്ന ഇസ്‌ലാമോഫോബിക് മുൻവിധിയിൽ നിന്ന് ആവിർഭവിച്ച അസ്വസ്ഥതയായിരുന്നു പി. കെ. അബ്ദുറബ്ബിനെ നിരന്തരം വേട്ടയാടിയതിന്റെ അടിസ്ഥാനം. ഫാറൂഖ് കോളെജിലെ അച്ചടക്ക നടപടി, ഔദ്യോഗിക വസതിക്ക് ഗംഗ എന്നതിന് പകരം തന്റെ സ്വന്തം വീട്ടുപേരായ ‘ഗ്രേസ്’ എന്ന പേര് നൽകിയത്, റൈറ്റിംഗ് ബോർഡിന്റെ നിറം പച്ചയായത് , എസ്. എസ്. എൽ. സി പരീക്ഷ വിജയ ശതമാനം വർദ്ധിച്ചത് തുടങ്ങി എന്തിനും ഏതിനും മന്ത്രി പദവിയിലിരിക്കുന്ന ‘അപരന്’ നേരെ ഇവിടെയുള്ള മതേതര മാധ്യമങ്ങളും ഇടത് പക്ഷവും വെള്ളം ചേർക്കാത്ത വംശീയത ‘രാഷ്ട്രീയ വിമർശനം’ എന്ന വ്യാജേന നടത്തി കൊണ്ടിരുന്നു.

വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സാഹചര്യവും തേടി ജാർഖണ്ട്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ പ്രമുഖ അനാഥാലയങ്ങളിലേക്ക് വന്ന 600 ഓളം വിദ്യാർഥികളെ 2014 മെയ് മാസത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് തടഞ്ഞു വെക്കുകയും പിന്നീട് ‘മനുഷ്യക്കടത്ത്’/ കുട്ടിക്കടത്ത് (child trafficking ) എന്ന പേരിൽ മാധ്യമങ്ങളിൽ ഇസ്‌ലാം ഭീതി നിർമാണോദ്ദേശ്യത്തോടെ ‘സെൻസേഷനലൈസ്’ ചെയ്യപ്പെടുകയും ചെയ്ത സംഭവം, വർഗീയ ഫാഷിസ്റ്റുകളുടെ കയ്യിൽ ഇൻഡ്യയുടെ ഭരണം എത്തിപ്പെട്ട ഉടനെ ആയത് യാദൃച്ഛികമാണെങ്കിലും സംഭവം ഇനി വരാനിരിക്കുന്ന നാളുകളിലേക്കുള്ള വ്യക്തമായ സൂചകം ആയിരുന്നു. സംഭവത്തിന്റെ അന്വേഷണ ചുമതല വഹിച്ച ഡി.ഐ.ജി ശ്രീജിത്തും ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയും മനുഷ്യക്കടത്ത് എന്ന ആരോപണം ഏറ്റു പിടിച്ച് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകൾ വർഗീയ വാദികൾ മുതലെടുത്തു. കേരളത്തിലെ പ്രതിപക്ഷവും തങ്ങൾക്കാവുന്ന വിധം മുസ്‌ലിംലീഗിനെ പ്രതിക്കൂട്ടിൽ ആക്കി സംഭവം കത്തിച്ചു നിർത്തി. കേന്ദ്രമന്ത്രിയും ബി. ജെ. പി. നേതാക്കളും പതിവ് പോലെ ഇസ്‌ലാം ഭീതിവ്യാപാരം തുടങ്ങി. അനാഥരുടെയും അഗതികളുടെയും സംരക്ഷണം പരലോക മോക്ഷത്തിനുള്ള പുണ്യപ്രവർത്തനം ആയി മനസ്സിലാക്കി മുസ്‌ലിംകൾ സ്ഥാപിച്ച നിരവധി അനാഥ അഗതി മന്ദിരങ്ങളെ സംശയത്തിന്റെ നിഴലിൽ ആക്കി കഥകള്‍ ബ്രേക്ക്‌ ചെയ്ത് കൊണ്ടിരുന്നു. ദേശീയ മാധ്യമങ്ങൾ അതി ഭീകരമായി-കുട്ടികളെ ഗൾഫിലേക്ക് വിൽപനയ്ക്കായി അയക്കുന്നു തുടങ്ങി- അപസർപ്പക കഥകൾ പടച്ചു വിട്ടു. എന്നാൽ ഇസ്‌ലാം ഭീതി വ്യാപാരത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കപ്പെട്ട പ്രസ്തുത കേസ് 4 വർഷങ്ങൾക്ക് ശേഷം, അടിസ്ഥാനരഹിതം എന്ന അടിക്കുറിപ്പോടെ കേരള ഹൈക്കോടതി തള്ളുകയായിരുന്നു.


ഇസ്‌ലാമിക പ്രബോധനത്തിനെതിരെ

2014 -ൽ സംഘ് പരിവാർ കേന്ദ്ര ഭരണം ഏറ്റെടുത്തത് മുതൽ ഇൻഡ്യയിൽ ആകമാനം ഉടലെടുത്ത വർഗീയ നടപടികളുടെ അലയൊലികൾ കേരളത്തിലും ഉണ്ടായി. ഇസ്‌ലാമിക പ്രബോധകനായ ഡോ. സാകിർ നായിക്കിനെതിരെയുള്ള ഫാഷിസ്റ്റ് വേട്ടയുടെ സമാനമായി കേരളത്തിലും പ്രബോധകരെ ലക്ഷ്യമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഇസ്‌ലാമിക പ്രബോധനം എന്നത് തന്നെ ഒരു ഭീകര കൃത്യമായി അവതരിക്കപ്പെട്ടു. ഇസ്‌ലാമിക പ്രബോധകർക്കെതിരെ വ്യാപകമായി യു.എ. പി.എ ചാർത്തുകയും, എന്നാൽ നിരന്തരം കൊടും വർഗീയ പരാമർശങ്ങൾ നടത്തിക്കൊണ്ടിരുന്ന ആർ. എസ്. എസ് – വി എച്ച്. പി നേതാക്കളെ സ്വതന്ത്ര വിഹാരത്തിന് അനുവദിക്കുകയും ചെയ്തു.

പറവൂരിൽ ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന ഇസ്‌ലാമിക പ്രബോധകരെ പൊലീസിന്റെ സാന്നിധ്യത്തിൽ ആർ. എസ്. എസ്സുകാർ തല്ലിച്ചതച്ചു. പ്രതിപക്ഷ നേതാക്കൾ അടക്കം, സംഭവത്തെ അതിശക്തമായി അപലപിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രബോധകരെ കുറ്റപ്പെടുത്തി സംസാരിച്ചു. പീസ് സ്കൂൾ പോലുള്ള മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ആസൂത്രിതമായ കുപ്രചരണങ്ങൾ അഴിച്ചു വിട്ട് ‘ഭീകര ചാപ്പ’യടിക്കാൻ ഇസ്‌ലാം ഭീതി നിർമാണ ഫാക്ടറികളായ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ മത്സരിച്ചു. ന്യൂനപക്ഷ സംരക്ഷകർ എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള ഇടത് പക്ഷം, ഇസ്‌ലാമോഫോബിയയിൽ ഞെരിഞ്ഞമർന്ന് സംഘപരിവാര സമ്മർദങ്ങൾക്ക് കീഴ്പ്പെടുന്ന കാഴ്ചകൾ പിന്നീടുള്ള വർഷങ്ങളിൽ ധാരാളമായി കണ്ടു. ഹോമിയോപ്പതി വിദ്യാർഥിയായിരുന്ന കൊല്ലം ജില്ലയിലെ ഹാദിയ ഇസ്‌ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ കേരളത്തിൽ ഇസ്‌ലാമോഫോബിയയുടെ വർധിച്ച തോത് വ്യക്തമായി അടയാളപ്പെടുത്തിയ സംഭവമായിരുന്നു.

ഹാദിയയുടെ വിവാഹം അസാധുവാക്കിയ തികച്ചും പുരുഷാധിപത്യപരവും ഇസ്‌ലാമോഫോബിക്കുമായി വിലയിരുത്തപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സംഘ്പരിവാർ അവരുടെ ലവ് ജിഹാദ് പ്രോപഗണ്ടയുമായി വീണ്ടും സജീവമായി. അവരുടെ അജണ്ടകൾക്കനുസരിച്ച് പൊലീസും ഭരണകൂടവും സാംസ്കാരിക ബുദ്ധി ജീവികളുമൊക്കെ പ്രതികരിക്കുന്ന സ്ഥിതി സംജാതമായി. ഹാദിയ വീട്ടു തടങ്കലിൽ ആയി. മാധ്യമപ്രവർത്തകർക്ക് വരെ പ്രവേശനമില്ലാത്ത വീട്ടിൽ ഹാദിയയുടെ ‘ഘർ വാപ്പസി” ലക്ഷ്യമിട്ട് സംഘ് പരിവാർ വിദ്വേഷ പ്രസംഗകരും ഇസ്‌ലാം വിമർശകരും വന്നും പോയും കൊണ്ടിരുന്നതിന് നേരെ കേരളത്തിന്റെ “ഹിന്ദു മതേതരത്വം” സൗകര്യ പൂർവ്വം കണ്ണുചിമ്മി. സംഘ് പരിവാറിന്റെ അധ്യക്ഷതയിൽ, ഇടത് പക്ഷ സർക്കാർ സംവിധാനത്തിലെ പൊലീസിന്റെ അകമ്പടിയോടെ, സാംസ്കാരിക ബുദ്ധിജീവികളുടെ പിന്തുണയോടെ സഞ്ചാര സ്വാതന്ത്ര്യം, വിവാഹ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ ഹാദിയയുടെ ഭരണഘടനാവകാശങ്ങൾ പിച്ചിച്ചീന്തപ്പെട്ടു. പ്രസ്തുത അവകാശങ്ങൾ ഇൻഡ്യയുടെ പരമോന്നത കോടതിയിൽ നിന്ന് തിരിച്ചു ലഭിക്കാൻ ഹാദിയക്ക് ചെലവഴിക്കേണ്ടി വന്ന ലക്ഷങ്ങളുടേയും 11 മാസത്തെ വീട്ടു തടങ്കലിന്റെയും കൂടി പേരാണ് ഇസ്‌ലാമോഫോബിയ എന്നത്.

ഇസ്‌ലാമിക പ്രബോധകരെയും ഇസ്‌ലാം സ്വീകരിച്ചവരെയും കായികമായി ആക്രമിക്കുന്ന സംഭവങ്ങൾ കേരളത്തിൽ പലതവണയുണ്ടായിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച ചിരുത എന്ന സ്ത്രീ സ്വന്തം സഹോദരനാൽ മഞ്ചേരി കോടതി പരിസരത്തു വെച്ച് കൊല്ലപ്പെട്ടത്, ഇസ്‌ലാം സ്വീകരിച്ച ഡോ. സത്യനാഥനെ മരുന്ന് കുത്തി വെച്ചും ഷോക്കടിപ്പിച്ചും മാനസിക രോഗിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ, ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിക പ്രബോധകനാകുകയും ചെയ്ത യാസിറിനെ നടു റോഡിലിട്ട് വെട്ടിക്കൊന്നത്, മുസ്‌ലിം സ്ഥാപനത്തിൽ പഠിക്കുകയായിരുന്ന റഹീമയെന്ന പുതുമുസ്‌ലിമിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്, ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ പേരിൽ കൊടിഞ്ഞിയിലെ ഫൈസലിനെ ക്രൂരമായി കൊന്നു തള്ളിയത്, തൃപ്പൂണിത്തുറ ശിവ ശക്തി യോഗ സെന്ററിൽ നിന്ന് പുറത്ത് വന്ന ‘ഘർ വാപ്പസി’ മർദന വാർത്തകൾ തുടങ്ങി നിരവധി സംഭവങ്ങൾ.


സത്യാനന്തര കാലത്തെ വെറുപ്പ് ഉല്പാദനം

മുസ്‌ലിംകളെ സാമ്പത്തികമായി തകർക്കുന്നതോടൊപ്പം അവരോട് അറപ്പും വെറുപ്പും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വളരെ ആസൂത്രിതമായി മെനെഞ്ഞെടുത്ത ഹലാൽ വിവാദം ഇസ്‌ലാമോഫോബിയ വളർത്താൻ ഹിന്ദു-ക്രിസ്ത്യൻ തീവ്രവാദികൾ കണ്ടു പിടിച്ച വളരെ വ്യത്യസ്തമായ ഒരു ആശയമായിരുന്നു. മുസ്‌ലിംകൾ ഹലാൽ ഫുഡ് പാകം ചെയ്യുന്നത് ഭക്ഷണത്തിൽ തുപ്പിയാണ് എന്ന ബി. ജെ. പി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ തുടങ്ങി, മറ്റു സംഘ് – കാസ നേതാക്കളുടെയും അവരുടെ സോഷ്യൽ മീഡിയയുടെ സെല്ലുകൾ വഴിയും മുസ്‌ലിം ഹോട്ടലുകൾക്കെതിരെയും മുസ്‌ലിംകൾ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾക്കെതിരെയും ബഹിഷ്കരണാഹ്വാനങ്ങളും കായികമായ കയ്യേറ്റങ്ങളും ഉണ്ടായി. മുൻ എം. എൽ. എ പി. സി ജോർജിനെപ്പോലുള്ളവർ ഒരു പടികൂടി കൂടി കടന്ന് മുസ്‌ലിം ഉടമസ്ഥതയുള്ള ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു എന്ന സ്ഫോടനാത്മകമായ പ്രസ്താവന നടത്തി. പുറം രാജ്യങ്ങളിൽ നടക്കുന്ന ബോംബ് സ്ഫോടനകഥകൾ പറഞ്ഞു പേടിപ്പിച്ച് നാട്ടിൻ പുറത്തെ വളരെ സാധാരണക്കാരിൽ മുസ്‌ലിം വെറുപ്പ് പടർത്തുന്നതിനേക്കാൾ എളുപ്പം തൊട്ടടുത്ത വീട്ടിലെ, ഹോട്ടലിലെ, ചായക്കടയിലെ മുസ്‌ലിമിന്റെ അടുക്കളയെ പിശാചുവത്കരിച്ച് അത് ചെയ്യാൻ കഴിയുമെന്ന് ഇസ്‌ലാം വെറുപ്പ് വ്യാപാരികൾ കണക്കു കൂട്ടിക്കാണും.

ഇസ്‌ലാമോഫോബിയ പടർത്തുന്നതിൽ മാത്രമല്ല, ഇസ്‌ലാമോഫോബിയയെ തകർക്കുന്ന എതിർ ആഖ്യാനങ്ങളെ (counter narratives)അദൃശ്യവൽക്കരിക്കുന്നതിലും (invisibilise) മലയാളി മാധ്യമങ്ങളും പൊലീസും ഭരണകൂടവുമൊക്കെ അപാരമായ മികവ് പുലർത്തി. 8 വയസ്സുകാരൻ ഫഹദ് മോനെ പട്ടാപ്പകൽ അരും കൊല ചെയ്ത പ്രതിയുടെ പേരും സംഘടന ബന്ധവും അയാൾ സ്ഥിരമായി കേൾക്കാറുണ്ടായിരുന്ന പ്രസംഗങ്ങളും എല്ലാം സമർത്ഥമായി മൂടി വെക്കപ്പെട്ടു. കാസർഗോഡ് പള്ളിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ വെട്ടിക്കൊന്ന പ്രതികളുടെ വർഗീയ പ്രചോദനം ‘മദ്യലഹരിയിൽ’ എന്ന തീർപ്പിൽ തമസ്കരിക്കപ്പെട്ടു. ഇസ്‌ലാം സ്വീകരിച്ചു എന്ന ‘ഭീകരകുറ്റം’ ചെയ്ത മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിലെ ഫൈസലിനെ ആർ. എസ്. എസ്സുകാർ വെട്ടിക്കൊന്നത്, പ്രബുദ്ധ കേരളത്തിൽ കാര്യമായ ഞെട്ടൽ ഒന്നും ഉണ്ടാക്കിയില്ല.

പരപ്പനങ്ങാടിയിലെ സകരിയ കഴിഞ്ഞ 14 വർഷമായി വിചാരണത്തടവുകാരനായി കഴിയുന്നതും പാനായിക്കുളം കുറ്റാരോപിതർ വർഷങ്ങളുടെ ജയിൽ വാസത്തിന് ശേഷം കുറ്റവിമുക്തരായതും വെച്ച് Justice delayed, is justice denied എന്ന ആപ്തവാക്യങ്ങൾ ഉപയോഗിച്ച് ശോകഗാനം രചിക്കാൻ അധികമാരും മുന്നോട്ട് വന്നില്ല.

ഇസ്‌ലാമോഫോബിയക്ക് അതിന് സാധ്യതയുള്ള മൺകൂനകളെ മലനിരകളാക്കാനും അതിനെ തടുക്കാൻ ശേഷിയുള്ള മലനിരകളെ തിരിച്ച് മൺകൂനകളാക്കാനുമുള്ള മിടുക്കുണ്ട്. ഇസ്‌ലാമിനോടുള്ള അകാരണമായ പേടിയായ ഇസ്‌ലാമോഫോബിയക്ക് അതിന്‍റെ ഇരകളില്‍ ‘കാരണം’ കണ്ടെത്താന്‍ ശ്രമിക്കുന്നത് തന്നെ, കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള വർണ വിവേചനത്തിന് കാരണം അന്വേഷിക്കുന്നത് പോലെ അശ്ലീലമാണ്. മാത്രമല്ല അത് തന്നെ ഒരുതരം ഇസ്‌ലാമോഫോബിയയാണ്. മലയാളി പൊതുമനസ്സിനെ(യും) ആഴത്തിൽ ഗ്രസിച്ചിരിക്കുന്ന ഇസ്‌ലാം ഭീതിക്ക് തൊലിപ്പുറത്തുള്ള പൗരപ്രമുഖരുടെ ഫൈവ് സ്റ്റാർ സൗഹൃദ സംഭാഷണ ‘ഷോ ഓഫ് ചികിത്സകൾ’ മതിയാകില്ല എന്നും വിദഗ്ദ്ധചികിത്സകള്‍ക്ക് അയക്കേണ്ട സമയം അതിക്രമിച്ചെന്നും കേരളം ഇനിയും സമാധാനത്തുരുത്ത് ആയിത്തുടരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം മനസ്സിലാക്കിയാല്‍ നല്ലത്.


Tags :


മുഹമ്മദ് ഐ. എൻ. കെ