Reports

പറവൂർ ലഘുലേഖാ അറസ്റ്റ്‌: മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രതിഷേധം ജനസാഗരമായി

By Admin

August 26, 2017

മലപ്പുറം: പറവൂരിൽ ഗൃഹസന്ദർശനവും ലഘുലേഖാ വിതരണവും നടത്തിയ ഇസ്‌ലാമിക പ്രവർത്തകർക്കു നേരെയുണ്ടായ ആർ. എസ്‌. എസ്‌, പൊലീസ്‌ കയ്യേറ്റത്തിനും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇസ്‌ലാമോഫോബിയക്കുമെതിരിൽ മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവർത്തകരുടെ പ്രതിഷേധം അലയടിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ഹാളിനു മുന്നിൽ നടന്ന ബഹുജന സമ്മേളനം തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി സംസ്ഥാന സർക്കാറിനുള്ള ശക്തമായ താക്കീതായി മാറി.

വൈകീട്ട്‌ 4. 30ന് ആരംഭിച്ച സമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം. എൽ. എ, കെ. എൻ. എ ഖാദർ, മുഹമ്മദുണ്ണി ഹാജി, പി. വി. മുഹമ്മദ്‌ അരീക്കോട്‌, ഹസൻ സഖാഫി പൂക്കോട്ടൂർ, ഡോ. എ. ഐ. അബ്ദുൽ മജീദ്‌ സ്വലാഹി, ഡോ. സി. എം. സാബിർ നവാസ്‌ സംബന്ധിച്ചു. സമ്മേളനം മുസ്‌ലിം സംഘടനകളുടെ ഐക്യത്തിന്റെ വിളംബരം കൂടിയായി മാറി. സമുദായത്തിനെതിരായ കയ്യേറ്റങ്ങൾക്കെതിരിൽ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നിൽക്കുമെന്ന് പ്രഭാഷകർ പ്രഖ്യാപിച്ചു.