Essay

ജമാൽ മുഹമ്മദ് കോളേജ്: സുഹൃദ് ബന്ധം തീർത്ത വിജ്ഞാന വിപ്ലവം

By Admin

May 13, 2020

സുഹൃത് ബന്ധങ്ങൾക്ക് എങ്ങനെ ഒരു സമുദായത്തെയും ആ പ്രദേശത്തെ പിന്നാക്ക വിഭാഗത്തിൻ്റെയും ജീവിതനിലവാരവും സാംസ്കാരിക ഉന്നമനവും മാറ്റിമറിക്കുവാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ജമാൽ മുഹമ്മദ് കോളേജ്. സമുദായത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഏതാനും സമർപ്പിത തേജസ്സുകൾ തലമുറകളായി പങ്കുവെച്ചു വന്ന സൗഹൃദത്തിന്റെ ജ്വലിക്കുന്ന സ്മാരകമാണ് ഈ വൈജ്ഞാനിക ഗോപുരം. ട്രിച്ചിയിലെ വർത്തക പ്രമുഖരും സമുദായ സ്നേഹികളുമായിരുന്ന കാജാ മിയാൻ റാവുത്തറും ജമാൽ മുഹമ്മദ് സാഹിബും ചേർന്ന് ആരംഭിച്ച ഈ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ ആശയത്തിന് തിരികൊളുത്താൻ ഹേതുവായത് അവരുടെ പിതാക്കന്മാരായ ജമാൽ മൊയ്തീൻ സാഹിബും മുഹമ്മദ് മിയാൻ റാവുത്തർ സാഹിബും തമ്മിലുള്ള ഗാഢമായ സൗഹൃദമാണ്.

സാമുദായിക പരിഷ്കരണം ലക്ഷ്യം വെച്ച് 1898ൽ ജമാൽ മൊയ്തീൻ സാഹിബ് ചെന്നൈ പേരാമ്പൂരിൽ സ്ഥാപിച്ച ജമാലിയ അറബിക് കോളേജ് എന്ന സ്ഥാപനത്തിലൂടെയാണ് അവരുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. പിന്നീട് മുഹമ്മദ് മിയാൻ റാവുത്തറുമായി ചേർന്ന് തിരുച്ചിറപ്പള്ളിയിൽ 1917ൽ മജ്ലിസുൽ ഉലമാ മദ്രസ സ്ഥാപിക്കുകയുണ്ടായി. അവിടെ നൂറ് ഏക്കറോളം വരുന്ന ഭൂമി മജ്ലിസുൽ ഉലമക്ക് വേണ്ടി മുഹമ്മദ്‌ മിയാൻ റാവുത്തർ വഖഫ് ചെയ്യുകയും ജമാൽ മൊയ്തീൻ സാഹിബ്‌ ആ സ്ഥലത്ത് കെട്ടിടം നിർമിച്ച് നൽകുകയും ചെയ്തു. “ട്രിച്ചിയുടെ താജ്മഹൽ” എന്നായിരുന്നു ആ കെട്ടിടം അറിയപ്പെട്ടിരുന്നത്.ഇന്ത്യൻ മുസ്ലിങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തിന്, ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള സർ സയ്യിദിന്റെ ആശയങ്ങൾ ഇവരുടെ മനസ്സിനെ വലിയ തോതിൽ സ്വാധീനിച്ചിരുന്നു. ആ സ്വാധീനത്തിൽ നിന്ന് ഉൽഫുല്ലമായതാണ് ഈ പദ്ധതികളെല്ലാം.

പിതാക്കന്മാരുടെ മരണത്തിനുശേഷം 1924 ആയപ്പോഴേക്കും അവരുടെ സംരംഭങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും ജമാൽ മുഹമ്മദ് സാഹിബിലും കാജാ മിയാൻ റാവുത്തറിലും വന്നുചേർന്നു. സാമുദായിക ഉന്നമനവും സാംസ്കാരിക ഉയർച്ചയും ലക്ഷ്യംവെച്ചുള്ള അവരുടെ പ്രവർത്തനങ്ങൾക്കിടയിൽ ലോകോത്തര നിലവാരത്തിലുള്ള ഒരു കോളേജ് എന്ന ആശയം വേഗത്തിൽ കടന്നുകൂടുകയും പിന്നീടുള്ള അവരുടെ ചിന്തകൾ അതിന്റെ സഫലീകരണത്തിനായി മാറുകയും ചെയ്തു. 1949ൽ ജമാൽ മുഹമ്മദ് സാഹിബ് അന്തരിക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തിന്റെ മകൻ ജമാൽ മൊഹ്ദീൻ സാഹിബ് കാജാ മിയാൻ റാവുത്തറുമായി ചേർന്ന് ആ സ്വപ്നം പൂവണിയിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങൾക്കും, സാമൂഹികമായി തഴയപ്പെട്ട മറ്റു വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും, ഇൻഡ്യയിലെ ഉന്നത കലാലയങ്ങളിലെ പാഠ്യവിഷയങ്ങളോട് കിടപിടിക്കുകയും, സാമൂഹിക പ്രതിബദ്ധത വളർത്തുകയും ചെയ്യുന്ന വിദ്യാഭ്യാസം നേടി കൊടുക്കുക എന്നതാണ് പ്രസ്തുത കോളേജിനെ കുറിച്ചുള്ള അവരുടെ വിഷൻ.

1951 ജൂലൈ 11ന് ആരംഭിച്ച കോളേജ് ഉദ്ഘാടനം ചെയ്തത് അന്നത്തെ മദിരാശി മുഖ്യമന്ത്രി ആയിരുന്ന പി. കുമാരസ്വാമി ആയിരുന്നു. വെറും 250 വിദ്യാർഥികളും 12 അധ്യാപകരുമായി തുടങ്ങിയ കലാലയം പിന്നീട് വിജയത്തിന്റെ പടവുകളും പിടിച്ചടക്കാൻ തുടങ്ങി. ആദ്യകാലങ്ങളിൽ മദിരാശി യൂണിവേഴ്സിറ്റിക്ക് കീഴിലായിരുന്നു കോളേജ്. 1963ൽ പിജി കോഴ്സുകൾ ആരംഭിക്കുകയുണ്ടായി. 1972ൽ ഗവേഷണം നടത്താനുള്ള സംവിധാനങ്ങളും കോളേജിൽ ആരംഭിച്ചു.

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം ജമാൽ മുഹമ്മദ് കോളേജിന് തീർക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരുകാലത്ത് ജമാൽ തങ്ങളിലൂടെ അവർക്ക് വിദ്യാഭ്യാസവും തൊഴിലും നൽകി ഉയിർത്തെഴുന്നേല്പിച്ചു. ഇന്ന് ആറായിരത്തോളം പെൺകുട്ടികളും ആറായിരത്തോളം ആൺകുട്ടികളും പഠിക്കുന്ന, ഒരു കേന്ദ്രസർവകലാശാലയോട് കിടപിടിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായി ജമാൽ മുഹമ്മദ് കോളേജ് മാറിയിരിക്കുന്നു. ഏകദേശം ഇരുപതോളം യു.ജി,പി.ജി പിഎച്ച്ഡി കോഴ്സുകൾ ഇപ്പോൾ കലാലയത്തിന് കീഴിൽ നടന്നു വരുന്നുണ്ട്. AIRF 2019 റാങ്കിംഗിൽ അൻപത്തിയൊമ്പതാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചത് കോളേജിന്റെ അക്കാദമിക നിലവാരം വിളിച്ചോതുന്നതാണ്.

കേരളത്തിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ ഈ ക്യാമ്പസിൽ നിന്ന് വിദ്യ നുകർന്നിട്ടുണ്ട്. നൂറുകണക്കിന് മലയാളി വിദ്യാർഥികൾ ഇപ്പോൾ ജമാലിൽ പഠിച്ചുകൊണ്ടിരിക്കുന്നു. മലയാളികളായ ധാരാളം അധ്യാപകരും ഇവിടെ സേവനം ചെയ്തിട്ടുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ ജനറൽ സെക്രട്ടറിയായ പ്രൊഫ. ടി. സി. അബ്ദുൽ മജീദ് ജമാൽ മുഹമ്മദ് കോളേജിലെ അറബിക് വിഭാഗം തലവനായിരുന്നു.

ജമാൽ മുഹമ്മദ് കോളേജിന്റെ എംബ്ലം ആ കലാലയത്തിലെ ദൗത്യമെന്താണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ഇസ്ലാമിക സംസ്കാരത്തെയും ശോഭനമായ ഭാവിയെയും ചന്ദ്രക്കലയും നക്ഷത്രവും അടയാളപ്പെടുത്തുമ്പോൾ തുറന്നുവെച്ച പുസ്തകത്തിലൂടെ അറിവിന്റെ അനന്ത സാധ്യതകളെ കുറിച്ചും താമര ചിഹ്നം ജീവിതത്തിൻ്റെ പരിശുദ്ധിയും അതുവഴിയുണ്ടാകുന്ന അഭിവൃദ്ധിയും പാറക്കെട്ടുകൾ കരുത്തോടെ വിജയത്തിനായുള്ള പ്രയത്നവും സൂചിപ്പിക്കുന്നു. ഏറ്റവും താഴെ ഖുർആനിക വചനമായ “ഇഹ്‌ദിന സ്വിറാത്തൽ മുസ്തക്കീം”എന്നും കാണാം. നേർമാർഗത്തിലൂടെയുള്ള സഞ്ചാരത്തിന് വേണ്ടി പ്രപഞ്ച സ്രഷ്ടാവിനോടുള്ള പ്രാർത്ഥനയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ രംഗം മാത്രമായിരുന്നില്ല ഈ സ്ഥാപനത്തിൻ്റെ സാരഥികളുടെ കർമ്മ മണ്ഡലം. സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലും മായാത്ത മുദ്ര പതിപ്പിക്കാൻ അവർക്ക് സാധിച്ചിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് ഗാന്ധിജി പണം സ്വരൂപിക്കുന്നതിന് വേണ്ടി തമിഴ്നാട്ടിൽ എത്തിയപ്പോൾ ബ്ലാങ്ക് ചെക്ക് നൽകിയാണ് ജമാൽ മുഹമ്മദ് സാഹിബ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം പങ്ക് എന്ത് എന്നതിന്റെ പ്രൗഢോജ്ജ്വലമായ ഒരു ഓർമ്മ തന്നെയാണ് ഇത്. മറ്റൊരിക്കൽ, 1925ൽ അന്നത്തെ ദേശീയവാദികളാൽ സ്ഥാപിക്കപ്പെട്ട ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയുടെ അലീഗറിൽ നിന്നും ഡൽഹിയിലേക്കുള്ള പറിച്ചുനടൽ നടക്കുന്ന സമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ശ്രമം വളരെ ദുഷ്കരമാവുകയും സ്ഥാപനം അടച്ചുപൂട്ടൽ വക്കിലെത്തി നില്ക്കുകയും ചെയ്യുമ്പോൾ അതിന്റെ സ്ഥാപകൻ ഹക്കീം അജ്മൽ ഖാൻ പണം സ്വരൂപിക്കുന്നതിനായി മുംബൈയിലേക്ക് വണ്ടികയറുകയാണ്. ഇതേ ദൗത്യത്തിനായി അദ്ദേഹം മദിരാശിയിലേക്ക് അയക്കുന്നത് പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ ഡോക്ടർ സാക്കിർ ഹുസൈനെയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കുകയും മദിരാശിയിലെ പ്രമാണികളുമായുള്ള കൂടിയാലോചനകൾക്ക് കൂടെ നിൽക്കുകയും ചെയ്തത് ജമാൽ മുഹമ്മദ് സാഹിബും കാജാ മിയാൻ റാവുത്തർ സാഹിബുമായിരുന്നു. പ്രസ്തുത സംഭാവനയിലേക്ക് പലരും വാഗ്ദാനം ചെയ്ത സംഖ്യ അവരിൽ നിന്ന് കിട്ടാൻ കാലതാമസം നേരിടുമെന്നതിനാൽ അത്രയും പണം സ്വന്തം കൈയിൽ നിന്ന് കൊടുക്കുകയും ചെയ്ത ഉദാരതയുടെ പ്രതീകം കൂടിയായിരുന്നു ജമാൽ മുഹമ്മദ് സാഹിബ്. അതുകൂടാതെ സ്വന്തം നിലയിൽ ഒരു ലക്ഷം രൂപയോളം അദ്ദേഹം സംഭാവന നൽകുകയും ചെയ്തു.

രണ്ടാം വട്ടമേശ സമ്മേളനം ലണ്ടനിൽ നടക്കുന്ന സമയത്ത് ഗാന്ധിജിയുടെ കൂടെ ലണ്ടനിൽ പോയവരിൽ കാജാ മിയാൻ റാവുത്തറും, ജമാൽ മുഹമ്മദ് സാഹിബും ഉൾപ്പെട്ടിരുന്നു എന്നത് അവരുടെ ദേശീയപ്രസ്ഥാനവുമായുള്ള ബന്ധം വിളിച്ചോതുന്നു. മഹാനായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് മഞ്ചേരിയിൽ നിന്നും മണ്ഡലം കാണാതെ തെരഞ്ഞെടുപ്പ് ജയിച്ച അത്ഭുതകഥ അറിയുന്നവരാണ് നമ്മൾ. എന്നാൽ, 1957-ൽ ഡിണ്ടിഗൽ നിയമസഭാ മണ്ഡലത്തിൽ നിന്നും ജമാൽ മുഹമ്മദ് സാഹിബിൻ്റെ മകൻ ജമാൽ മൊഹ്ദീൻ സാഹിബ് മണ്ഡലം സന്ദർശിക്കാതെ എണ്ണായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ചത് ആ കുടുംബത്തിന്റെ നിസ്വാർത്ഥമായ സേവനത്തിനുള്ള മറ്റൊരു അംഗീകാരമായിരുന്നു. 1962 മുതൽ 1968 വരെ അദ്ദേഹം രാജ്യസഭാ എംപി ആയും സേവനമനുഷ്ഠിച്ചു. ചെന്നൈ നഗരത്തിൽ ഇന്ന് തലയെടുപ്പോടെ നിൽക്കുന്ന ന്യൂ കോളേജിൻ്റെ ആരംഭത്തിലും ജമാൽ മുഹമ്മദ് സാഹിബിൻ്റെ കരങ്ങൾക്ക് പങ്കുണ്ട്. അതിന്റെ മാതൃ സംഘടനയായ MEASIയുടെ കമ്മറ്റിയിൽ അദ്ദേഹം നേതൃസ്ഥാനം വഹിച്ചിരുന്നു.

സമുദായത്തിൻ്റെ അഭിമാനകരമായ അസ്തിത്വവും ഉന്നതമായ സ്വപ്നങ്ങളും മുന്നിൽ കണ്ട്, സമൂഹത്തിൽ നിരാലംബരും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായ ഒരു വലിയ വിഭാഗത്തെ ചേർത്തുപിടിച്ച്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ നൂറ്റാണ്ടോളമായി സമാനതകളില്ലാത്ത വിപ്ലവങ്ങൾ തീർക്കാൻ സ്ഥാപിച്ച നിസ്വാർത്ഥരായ ഈ ഉൽപ്പതിഷ്ണുക്കളുടെ മഹിത മാതൃക അനുധാവനം ചെയ്യാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും പുതുതലമുറയ്ക്ക് സാധിക്കട്ടെ.