ഡി സി ബുക്സിന്റെ ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം
10 January 2019 | Reports
കോട്ടയം: ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം. വിൻസെന്റ് ആലപ്പുഴ തയ്യാറാക്കി ഡി സി ബുക്സ് ലിറ്റ്മസ് മുദ്രണം ആയി പുറത്തിറക്കിയ ‘ഓർത്തുചിരിക്കാൻ കോടതി, നസ്രാണി, പള്ളിക്കൂടം ഫലിതങ്ങൾ’ എന്ന ‘തമാശ’ സമാഹാരത്തിലാണ് സവർണ അഹന്തയും പരപുഛവും നുരഞ്ഞുപൊന്തുന്ന, ഈഴവരെ ജാതീയമായി പരിഹസിക്കുന്ന വാചകങ്ങൾ ഉള്ളത്. പേജ് 126ലെ ഭാഗം ഇങ്ങനെ വായിക്കാം:
“കോടതിയിൽ വന്ന് താഴെ പ്രതിക്കൂട്ടിൽ നിൽക്കുന്ന നമ്പൂതിരിയോട് ഉയരത്തിലിരിക്കുന്ന കീഴ്ജാതിക്കാരനും അഹങ്കാരിയുമായ മജിസ്ട്രേറ്റ് ചോദിച്ചു:
‘ഞാൻ ഉയരത്തിൽ ഇരിക്കുകയും നമ്പൂതിരിപ്പാട് താഴത്ത് നിൽക്കുകയും ചെയ്യുന്നതുകൊണ്ട് വെഷമമൊണ്ടോ?’
നമ്പൂതിരി: ‘ഹേയ്, ഒരു വിഷമവും ഇല്ല. മജിസ്ട്രേറ്റിന്റച്ഛൻ ഇതിലും ഒരുപാടുയരൊള്ള സ്ഥലത്തിരിക്കണത് ഞാൻ താഴെ നിന്ന് ശ്ശി കണ്ടിരിക്കണു.’
(മജിസ്ട്രേറ്റിന്റെ അച്ഛൻ തെങ്ങുചെത്തുകാരൻ ആയിരുന്നു)”
സവർണ ജാതി മാടമ്പിമാർക്കുമാത്രമേ ഈ ഭാഗം ഫലിതമായി തോന്നൂ. വർണ്ണാശ്രമവ്യവസ്ഥയുടെ പൈശാചികത സിരകളിലേക്കാവാഹിച്ച് അവർണ്ണരുടെ മുഖത്തേക്ക് നീട്ടിത്തുപ്പുന്ന അധിക്ഷേപമാണതെന്ന് ജാതിയെന്താണെന്ന് ബോധ്യമുള്ളവർക്കൊക്കെ മനസ്സിലാകും. പുസ്തകം ക്രോഡീകരിച്ചയാളും പ്രസാധകനും ‘ഫലിത’ത്തിലെ അധികാര മനോഭാവത്തെ നിർദോഷകരമായി കണ്ടു എന്നത് രണ്ടു പേരുടെയും സവർണ അബോധത്തെ അനാവൃതമാക്കുന്നുണ്ട്. ‘ഫലിത’ത്തിലെ ഓരോ വാക്കും മനുഷ്യസമത്വത്തിൽ വിശ്വസിക്കുന്നവർക്ക് ഓക്കാനമുണ്ടാക്കുന്ന ചണ്ഢാള വിരുദ്ധത മുന കൂർത്ത് നിൽക്കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഈയിടെയുണ്ടായ സമാനമായ പരാമർശങ്ങൾ വൻ വിവാദമായിരുന്നു. കോഴിക്കോട് കടപ്പുറത്ത് സാഹിത്യമേള നടത്തി അവർണ്ണ രാഷ്ട്രീയത്തെ വിവിധ സെഷനുകളിൽ ആയി ബൗദ്ധികമായി ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഡി സി ബുക്സ് ആണ് പുസ്തകം അച്ചടിച്ച് വിൽക്കുന്നത് എന്നതാണ് ഏറ്റവും ഗൗരവതരമായ കാര്യം. താൻ നേരിടുന്ന ജാതി അധിക്ഷേപങ്ങളെക്കുറിച്ച് കഥാകൃത്ത് ടി പദ്മനാഭൻ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ സംസാരത്തിൽ സൂചിപ്പിച്ചിരുന്നു.