Study

കെ. എം. സീതി സാഹിബ്: കേരള മുസ്‌ലിം ലീഗിന്റെ രാജശില്‍പി

By Musthafa Thanveer

March 10, 2018

ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് ഈ മാര്‍ച്ച് പത്തിന് എഴുപത് വയസ്സ് തികയുന്നത് പരിഗണിച്ച് കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചരിത്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇന്‍ഡ്യന്‍ മുസ്‌ലിംകളുടെ സാമൂഹിക ഭൂപടത്തില്‍ കേരളം അഭിമാനകരമായ രീതിയില്‍ സവിശേഷമായതിനുപിന്നിലെ വിയര്‍പ്പ് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റേതുകൂടിയാണെന്ന കാര്യത്തില്‍ കേരള മുസ്‌ലിം ചരിത്രത്തെ പറ്റി അവബോധമുള്ളവര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളൊന്നുമില്ല. മതേതര ആധുനികതയുടെ പൊരിവെയിലിലും കരിയാതെ നില്‍ക്കാന്‍ മലയാളി മുസ്‌ലിമിനെ പ്രാപ്തനാക്കുക എന്ന ക്ലേശകരമായ ദൗത്യം മലബാര്‍ മുസ്‌ലിം ലീഗിന് നിര്‍വഹിക്കാന്‍ സാധിച്ചത് സമുദായ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ധിഷണാശാലിയുടെ ചങ്കുറപ്പും പക്വതയുമുള്ള നേതൃത്വം ദുര്‍ഘടമായ ആദ്യപതിറ്റാണ്ടുകളില്‍ പാര്‍ട്ടിക്ക് ലഭിച്ചതുകൊണ്ടാണെന്ന വസ്തുത പക്ഷേ, എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നറിയില്ല. കെ. എം. സീതി സാഹിബ് (1898-1961) എന്ന പേരില്‍ വിശ്രുതനായിത്തീര്‍ന്ന കൊടുങ്ങല്ലൂര്‍കാരനായ നവോത്ഥാന നായകനാണ് ഓളങ്ങളോട് പൊരുതിനിന്ന് ചരിത്രത്തിന് പുതിയ ചാലുകീറിയ ആ കര്‍മയോഗി. സീതി സാഹിബിന്റെ ജീവിതം വായിച്ചുപഠിക്കേണ്ട ഒരു പുസ്തകമാണ്; തമസ്സുമുറ്റിയ ഇരുള്‍വഴികളില്‍ വിളക്കുകാലുകള്‍ നാട്ടാനുള്ള ഇന്ധനം അതിലെ ഓരോ അധ്യായവും തന്നുകൊണ്ടിരിക്കും.

വിദ്യാഭ്യാസവും ജനാധിപത്യ രാഷ്ട്രീയവും വഴി കേരള മുസ്‌ലിംകളെ സമുദ്ധരിക്കാനുള്ള നവോത്ഥാന പദ്ധതിയെപ്പറ്റിയുള്ള ആലോചനകള്‍ ആദ്യം സജീവമായത് കൊടുങ്ങല്ലൂരിലാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്ത് ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്ന യഥാര്‍ഥ ഇസ്‌ലാമിലേക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം അവരുടെ ഭൗതിക പുരോഗതിക്കുവേണ്ടി കൂടി അധ്വാനിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്ന അന്നാട്ടിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ മനോമുകുരത്തില്‍ തെളിഞ്ഞ ആശയങ്ങളാണ് സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് ബീജമായത്. മുസ്‌ലിം പുരോഗതിയെ വഴിതടഞ്ഞുനിര്‍ത്തിയ യാഥാസ്ഥിതിക നിലപാടുകളോട് പടപൊരുതാന്‍ വേണ്ടി മക്തി തങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ വക്കം മൗലവിയുടെ ഉപദേശങ്ങള്‍ പ്രകാരം ഹമദാനി തങ്ങളെ നേതാവായി സ്വീകരിച്ച് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയോടൊപ്പം ആ പരിഷ്‌കരണക്കൂട്ടായ്മയുടെ ചെടി നട്ടത് സീതി സാഹിബിന്റെ വന്ദ്യപിതാവ് കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബായിരുന്നു. പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ തറവാട്ടില്‍ അതിന്റെ ആവേശകരമായ ആരംഭകാലത്ത് ജനിച്ച സീതി സാഹിബ് സ്വാഭാവികമായും ആധുനിക വിദ്യാഭ്യാസത്തിന് പറഞ്ഞയക്കപ്പെട്ടു. പ്രൈമറി സ്‌കൂളുകളോട് പോലും പുറംതിരിഞ്ഞുനിന്ന ഒരു സമുദായത്തില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ തിരുവനന്തപുരത്ത് നിയമപഠനത്തിനായെത്തി. ബ്രിട്ടീഷ് നിയമത്തിന്റെ വിശദാംശങ്ങളിലൂടെ, പുസ്തകങ്ങളുടെ അനന്തവിഹായസ്സിലൂടെ കടന്നുപോയ കാലഘട്ടം. വഴിയും വെളിച്ചവുമായി വക്കം മൗലവിയുമായുള്ള കൂടിക്കാഴ്ചകള്‍. തന്റെ സമുദായത്തെ മതപരമായി സംസ്‌കരിക്കുകയും മതം ചോരാതെ ആധുനീകരിക്കുകയും ചെയ്യേണ്ടതെങ്ങനെയെന്ന കൃത്യമായ കാഴ്ചപ്പാടുമായാണ് ഭക്തനായ ആ അഭിഭാഷകന്‍ നാട്ടില്‍ തിരിച്ചെത്തിയത്.

1921ലെ മലബാര്‍ കലാപം കുടഞ്ഞെറിഞ്ഞ മാപ്പിളയുടെ ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടി ദീര്‍ഘവീക്ഷണത്തോടെ കഠിനാധ്വാനം ചെയ്യുന്ന ഒരു സംഘം പ്രതിഭാശാലികളുടെ ബുദ്ധികേന്ദ്രമായാണ് സീതി സാഹിബിനെ പിന്നീട് നാം കാണുന്നത്. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ചുറുചുറുക്കുള്ള നേതാവായി ആ യുവാവ് ഓടിനടന്നു. സഹപ്രവര്‍ത്തകരായി പണ്ഡിത ശ്രേഷ്ഠരായ കെ. എം. മൗലവിയും ഇ. കെ. മൗലവിയും എം. സി. സി. അബ്ദുര്‍റ്വഹ്മാന്‍ മൗലവിയും. ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പ്രഗല്‍ഭരായ മൂന്ന് ശിഷ്യന്മാര്‍. ജീവിതകാലം മുഴുവന്‍ ഈ മൂന്ന് പണ്ഡിതന്മാരെ മതപരമായ വിഷയങ്ങളില്‍ തന്റെ ഉപദേശകരായി സീതി സാഹിബ് സ്വീകരിച്ചു, വിശേഷിച്ചും കെ. എം. മൗലവിയെ. ഐക്യസംഘ പ്രവര്‍ത്തനം വഴി വളര്‍ന്നുവന്ന മൗലവി-സാഹിബ് ആത്മബന്ധം പിന്നീടങ്ങോട്ട് ഒരു മഹാപ്രവാഹമായി. വേര്‍പ്പെടുത്താനാകാത്ത വിധം ഇഴയടുപ്പം സിദ്ധിച്ച ആ കൂട്ടുകെട്ട് കേരള മുസ്‌ലിംകളുടെ തണലായി. മുസ്‌ലിം ലീഗും ഇസ്വ്‌ലാഹീ പ്രസ്ഥാനവും കെ. എം. മൗലവി-കെ. എം. സീതി സാഹിബ് നേതൃദ്വയം നല്‍കിയ ഊര്‍ജം സിരകളില്‍ നിറച്ച് മുന്നോട്ടുകുതിച്ചു.

ഒറ്റയും തെറ്റയുമായുള്ള സായുധകലാപങ്ങളില്‍ നിന്ന് സര്‍ക്കാറുമായുള്ള ജനാധിപത്യവിലപേശലുകളുടെ പക്വതയിലേക്ക് മാപ്പിള രാഷ്ട്രീയം വളരേണ്ടതുണ്ടെന്ന് സീതി സാഹിബിന്റെ നേതൃത്വത്തില്‍ ഐക്യസംഘം ഊന്നിപ്പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ കൊടിയാണ് സംഘം പ്രവര്‍ത്തകര്‍ നാടിന്റെയും സമുദായത്തിന്റെയും പുരോഗതിക്കുവേണ്ടി ആദ്യം പിടിച്ചുനോക്കിയത്. മുപ്പതുകളുടെ ആരംഭത്തോടെ, പൊതുവേദിയുടെ മുഖാവരണമുള്ള സവര്‍ണ ദേശീയതയാണ് കോണ്‍ഗ്രസ് എന്നും മതാന്തര സൗഹൃദത്തിന്റെ നൂലിഴകള്‍ക്ക് ഇളക്കം തട്ടിക്കാതെ തന്നെ ജനാധിപത്യപരമായി സ്വയം സംഘടിക്കുകയാണ് മുസ്‌ലിംകളുടെ യഥാര്‍ഥ രക്ഷാമാര്‍ഗം എന്നുമുള്ള നിലപാടിലേക്ക് കെ. എം. മൗലവി മാറി. മൗലവിയാണ് സീതി സാഹിബിനെ മൂവര്‍ണക്കൊടിയില്‍ നിന്ന് ഹരിത പതാകയിലേക്ക് കൈ മാറ്റിപ്പിടിപ്പിച്ചത്. മുസ്‌ലിം ലീഗാണ് വഴിയെന്ന് ബോധ്യപ്പെട്ട മൗലവി സീതി സാഹിബാണ് നായകനാവാന്‍ യോഗ്യനെന്ന് കണ്ടെത്തുകയായിരുന്നു. സാമുദായിക രാഷ്ട്രീയത്തിന്റെ കളരിയില്‍ കെ. എം. മൗലവിയുടെ കൈപിടിച്ചെത്തിയ സീതി സാഹിബിനെ സര്‍ സയ്യിദ് മുതല്‍ മുഹമ്മദലി ജൗഹര്‍ വരെയുള്ള ഉത്തരേന്ത്യന്‍ പ്രതിഭകളുടെ രാഷ്ട്രീയ ചിന്തകള്‍ ആവേശം കൊള്ളിച്ചു. അതിലേക്ക് കൊടുങ്ങല്ലൂരിലെ നവോത്ഥാന ആശയങ്ങള്‍ സമം ചേര്‍ന്നപ്പോള്‍ മാര്‍ഗം വ്യക്തമായി. തലശ്ശേരിയില്‍ ഐക്യസംഘത്തിന്റെ ബാക്കിപത്രമെന്ന നിലക്ക് രൂപംകൊണ്ട കേരള മുസ്‌ലിം മജ്‌ലിസിന്റെ പ്രവര്‍ത്തകര്‍ സീതി സാഹിബിന്റെ നേതൃത്വത്തില്‍ കൂട്ടത്തോടെ സര്‍വേന്ത്യാ മുസ്‌ലിം ലീഗുകാരായി മാറി- ഹാജി അബ്ദുസ്സത്താര്‍ ഇസ്ഹാഖ് സേട്ട് സാഹിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തില്‍ അങ്ങനെ ആരംഭിച്ചു. അക്ഷരവിരോധത്തിന്റെ ഘനാന്ധകാരത്തിനെതിരെയാണ് സമുദായത്തില്‍ ആദ്യം കലാപം നടക്കേണ്ടതെന്ന ബോധ്യം നേതാക്കള്‍ക്കുണ്ടായിരുന്നു. പത്രപ്രസിദ്ധീകരണങ്ങളായിരുന്നു സാംസ്‌കാരിക നവജാഗരണത്തിനുള്ള ഒറ്റമൂലി. അക്ഷരവെളിച്ചമായി ചന്ദ്രിക പിറന്നതങ്ങനെയാണ്. തലശ്ശേരിയില്‍ നിന്ന് സീതി സാഹിബും കൂട്ടുകാരും പുറത്തിറക്കിയിരുന്ന പത്രം ലീഗ് രൂപീകരണത്തോടെ സമുദായത്തിന്റെയും പാര്‍ട്ടിയുടെയും ജിഹ്വയായി.

പിന്നീടങ്ങോട്ട് സമുദായം നടന്നത് പുതിയ വഴികളിലൂടെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാപ്പിള മക്കള്‍ കൂട്ടം കൂട്ടമായി കടന്നുചെന്നു. അവരുടെ പരാധീനതകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ നേതാക്കള്‍ ഓടിനടന്നു. നാല്‍പതുകളുടെ തുടക്കത്തിലെ ദുരിതം പിടിച്ച കോളറകാലത്ത് ആശ്വാസത്തിന്റെ മഹാഭവനമായി തിരൂരങ്ങാടി യതീംഖാന കെ. എം. മൗലവിയും എം. കെ. ഹാജിയും പടുത്തുയുയര്‍ത്തി, യതീം ഖാനയുടെ നട്ടെല്ലായി സീതി സാഹിബ് നിലകൊണ്ടു. അപ്പോഴേക്കും പാര്‍ട്ടി ഒരു മഹാ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരുന്നു. സീതി സാഹിബിന്റെ സമ്പര്‍ക്കങ്ങളും സ്വാധീനങ്ങളും യുഗപ്രഭാവരായ നേതാക്കളെ ലീഗ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നു. കെ. എന്‍. എം സ്ഥാപക ജനറല്‍ സെക്രട്ടറി അരീക്കോട്ടെ എന്‍. വി. അബ്ദുസ്സലാം മൗലവി മുതല്‍ സമുദായത്തിന്റെ സ്‌നേഹഭാജനമായിരുന്ന സയ്യിദ് അബ്ദുര്‍റ്വഹ്മാന്‍ ബാഫക്വി തങ്ങള്‍ വരെയുള്ള താപസ സാന്നിധ്യങ്ങള്‍ അവരില്‍ ഉള്‍പെടുന്നു. ലീഗ് പ്രഭാഷണവേദികളില്‍ തീപന്തമായി പില്‍കാലത്ത് പടര്‍ന്നുകയറിയ സി. എച്ച.് മുഹമ്മദ് കോയയെയും പി. പി. അബ്ദുല്‍ ഗഫൂര്‍ മൗലവിയെയും പോലുള്ള വിദ്യാര്‍ഥി പ്രതിഭകളെ ഊക്കും ഊര്‍ജവും നല്‍കി അക്കാലത്ത് വളര്‍ത്തികൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും കഥാപുരുഷന്‍ തന്നെ. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ലീഗ് നേതാക്കളുടെ നിരന്തരമായ ആഹ്വാനവും പ്രോത്സാഹനവും മലബാറിനെ ഇളക്കിമറിച്ച കാലമായിരുന്നു അത്. നേതൃത്വത്തിന്റെയും അണികളുടെയും സ്വപ്ന സാക്ഷാത്കാരമായാണ് 1948ല്‍ ഫാറൂഖ് കോളജ് നിലവില്‍ വന്നത്; അബുസ്സ്വബാഹ് മൗലവിയുടെയും സീതി സാഹിബിന്റെയും പോക്കര്‍ സാഹിബിന്റെയും കെ. എം. മൗലവിയുടെയും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടെയും കുഞ്ഞോയി വൈദ്യരുടെയുമെല്ലാം ചോര നീരാക്കിയുള്ള അധ്വാനങ്ങളുടെ വിജയകരമായ പരിസമാപ്തി! മദിരാശി സംസ്ഥാന മുസ്‌ലിം ലീഗിന്റെ ഫണ്ടും ഐക്യസംഘത്തിന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കളും കോളജിന്റെ സാമ്പത്തികാടിത്തറയായി. മരണം വരെ സീതി സാഹിബ് കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ആ സ്ഥാപനത്തെ അതിന്റെ ഭരണസമിതിയുടെ തലപ്പത്തിരുന്നുകൊണ്ട് പുരോഗതിയിലേക്ക് നയിച്ചു.

സ്വാതന്ത്ര്യത്തോടനുബന്ധിച്ചു നടന്ന പാകിസ്ഥാന്‍ രൂപീകരണത്തോടെ ഇന്ത്യയില്‍ മുഴുവന്‍ മുസ്‌ലിം ലീഗ് കഥാവശേഷമായപ്പോള്‍ മലബാറില്‍ മാത്രം ഐ.യു.എം.എല്‍ ആയി അത് പിടിച്ചുനിന്നത് ക്വാഇദെ മില്ലത്തിന്റെയും സീതി സാഹിബിന്റെയും ധീരതയും ദീര്‍ഘദൃഷ്ടിയും നിറഞ്ഞ കാല്‍വെപ്പുകളുടെ ഫലമായിട്ടായിരുന്നു. ഇസ്മാഈല്‍ സാഹിബിനോടൊപ്പം സര്‍വേന്ത്യാ ലീഗിന്റെ നേതൃയോഗങ്ങളില്‍ മുസ്‌ലിം ലീഗിന്റെ സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യന്‍ പിന്‍തുടര്‍ച്ചക്ക് വേണ്ടി ആ സിംഹം ഗര്‍ജിച്ചു. മലബാറിലെ ലീഗ് നേതൃത്വം കണ്ട നവോത്ഥാന സ്വപ്നങ്ങള്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പാക്കിസ്ഥാന്‍ ലഭിക്കുന്നതോടുകൂടി ഖബറടക്കാനുള്ളതല്ലെന്ന് സീതി സാഹിബിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ ക്വാഇദെ മില്ലത്തിന്റെ വലംകയ്യായി അദ്ദേഹം നിലകൊണ്ടു. മദ്രാസ് സംസ്ഥാനത്തിലെ ‘ലീഗ് ജില്ല’യായി മലബാര്‍ മാറിയത് ആ വിയര്‍പ്പിന്റെ വിലയാണ്. ഭരണകൂട ഭീകരതയും ‘മതേതര’ പാര്‍ട്ടികള്‍ കല്‍പിച്ച അയിത്തവും തൃണവല്‍ഗണിച്ച് സീതി സാഹിബാകുന്ന കപ്പിത്താന്റെ നേതൃത്വത്തില്‍ ഹരിതനൗക കേരളത്തില്‍ സുരക്ഷിതമായി കരപറ്റി. ആ ‘ജിഹാദിന്റെ’ വിജയം സമുദായത്തിനു നല്‍കിയ നേട്ടങ്ങളുടെ കണക്ക് ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

ജനാധിപത്യഭരണകൂടത്തിന്റെ കോടതി വരാന്തകളും നിയനിര്‍മാണസഭകളും ബഹുദൈവാരാധനാപരമായ അനിസ്‌ലാമികതകളാണ് എന്ന് തെറ്റുധരിച്ച മൗദൂദി സാഹിബിനെപ്പോലുള്ള പണ്ഡിതന്മാരുടെ നേര്‍ എതിര്‍ദിശയിലാണ് കേരളത്തിലെ മുസ്‌ലിം നവോത്ഥാനം തുടക്കം മുതല്‍ തന്നെ തോണി തുഴഞ്ഞത്. മുസ്‌ലിം സമുദായത്തില്‍ നിന്ന് മതം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ മതേതര ഭരണകൂടത്തിന്റെ കുഞ്ചികസ്ഥാനങ്ങളിലിരിക്കാന്‍ പ്രാപ്തരായവരെ വളര്‍ത്തിയെടുക്കുകയായിരുന്നു നവോത്ഥാന പ്രസ്ഥാനത്തിന്റെ മുഖ്യാജണ്ടകളിലൊന്ന്. അതുകൊണ്ടാണ് തന്റെ പുത്രനെ നിയമപഠനത്തിനയക്കാന്‍ സീതി മുഹമ്മദ് സാഹിബും നിയമസഭയിലും ലോക്‌സഭയിലും സമുദായത്തിന്റെ ശബ്ദം തുടര്‍ന്നും മുഴങ്ങാന്‍ വേണ്ടി വിഭജനാനന്തരവും മലബാറില്‍ മുസ്‌ലിം ലീഗിനെ നിലനിര്‍ത്താന്‍ സീതി സാഹിബും ഒട്ടും അമാന്തിക്കാതിരുന്നത്. മതേതര ആധുനികതയോടുള്ള ക്രിയാത്മകമായ സഹകരണം മതം വിലക്കിയിട്ടില്ലെന്നും അതുമാത്രമാണ് ഇന്‍ഡ്യന്‍ മുസ്‌ലിംകളുടെ അതിജീവനത്തിന്റെ വഴിയെന്നും കൃത്യമായി തിരിച്ചറിഞ്ഞ മഹാമനീഷികളായിരുന്നു അവര്‍. അതിനാല്‍ തന്നെ, മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്നതും വോട്ട് ചെയ്യുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമെല്ലാം നിഷിദ്ധമാണെന്ന് ‘കണ്ടെത്തിയ’ വിപ്ലവ ഇസ്‌ലാമിസ്റ്റുകള്‍ക്ക് എം. സി. സിയെയും അബ്ദുസ്സലാം മൗലവിയെയും പോലുള്ള ഇസ്വ്‌ലാഹീ പണ്ഡിതന്മാരുടെ പിന്തുണയോടെ ലീഗ് പക്ഷത്തുനിന്ന്ന്നുമറുപടി പറയാന്‍ ആരംഭഘട്ടത്തില്‍ തന്നെ മുന്‍കയ്യെടുത്ത നേതാക്കളുടെ കൂട്ടത്തില്‍ സീതി സാഹിബ് മുന്‍പന്തിയിലുണ്ടായിരുന്നു.മുസ്‌ലിം ലീഗ് പോലുള്ള ഒരു കൂട്ടായ്മക്ക് 1947ന് ശേഷം ഇന്‍ഡ്യയില്‍ നിലനില്‍ക്കാനാകില്ലെന്ന് ‘പ്രവചിച്ച’ സുഹൃത്തുക്കളെയും സീതി സാഹിബ് നേരിട്ടു. താന്‍ കാണിച്ച വഴി മതേതര ഭാരതത്തില്‍ തീര്‍ത്തും പ്രായോഗികമാണെന്ന് സ്വന്തം ജീവിതംകൊണ്ട് സമുദായത്തെ ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു ആ യുഗപുരുഷന്റെ അന്ത്യം. മരിക്കുമ്പോള്‍, കേരള നിയമസഭയുടെ സമാദരണീയനായ സ്പീക്കറായിരുന്നുവല്ലോ, ആ മുസ്‌ലിം ലീഗുകാരന്‍!

മദിരാശി നിയമസഭയിലും കേരള നിയമസഭയിലും സീതീ സാഹിബ് നടത്തിയ പ്രഭാഷണങ്ങള്‍ സാമുദായിക രാഷ്ട്രീയത്തിന്റെ ദര്‍ശനം നിര്‍ണയിച്ച ദിശാസൂചികളാണ്. കേരളത്തിലെ മുസ്‌ലിം ലീഗ് ചരിത്രം ദര്‍ശിച്ച ഏറ്റവും പ്രഗല്‍ഭനായ ബുദ്ധിജീവി സീതി സാഹിബായിരുന്നു. യഥാര്‍ഥത്തില്‍, കേരളചരിത്രത്തിലെതന്നെ കിടയറ്റ ധിഷണാശാലികളില്‍ ഒരാളായിരുന്നു അദ്ദേഹം. നമ്മുടെ ചരിത്രരചനാരീതിയുടെ സഹജമായ ‘ചെരിവുകള്‍’ കാരണം അദ്ദേഹം തമസ്‌കരിക്കപ്പെട്ടുവെന്ന് മാത്രമേയുള്ളൂ. ഗാന്ധിജി അടക്കമുള്ള ദേശീയ വ്യക്തിത്വങ്ങളുടെ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ അതിവിദഗ്ധമായി തത്സമയം മലയാളത്തിലേക്ക് മഹാസദസ്സുകള്‍ക്ക് മുമ്പില്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഒരു മഹാപ്രതിഭയുടെ ധൈഷണിക വര്‍ത്തനങ്ങള്‍, ആള്‍ മുസ്‌ലിമും മുസ്‌ലിം ലീഗുകാരനും ആയതിന്റെ പേരില്‍ മാത്രം,’മതേതര’ മലയാളിയുടെ ഓര്‍മകളില്‍ പോലും പാര്‍ശ്വവല്‍കരിക്കപ്പെടുന്നത് എന്തുമാത്രം സങ്കടകരമല്ല! മുസ്‌ലിം ലീഗ് നേരിട്ട താത്ത്വികമായ വിമര്‍ശനങ്ങളുടെ പൊള്ളത്തരം തൊട്ടുകാണിച്ചതും ലീഗ് നിലപാടുകളെ സൈദ്ധാന്തികമായി അവതരിപ്പിച്ചതും അദ്ദേഹമാണ്. കോണ്‍ഗ്രസുകാര്‍ മുതല്‍ കമ്മ്യൂണിസ്റ്റുകള്‍ വരെയുള്ളവരെ ആ ധിഷണയും ജ്ഞാനവും സംവാദങ്ങളിലൂടെ നിഷ്പ്രഭമാക്കി. കേരളത്തിന്റെ പൊതുമണ്ഡലത്തിലും സാഹിത്യസാംസ്‌കാരിക രംഗങ്ങളിലും ആ തൂലിക നിരന്തരമായി ഇടപെട്ടു. ചന്ദ്രികയുടെയും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയുമെല്ലാം പഴയ താളുകള്‍ പ്രതാപമുള്ള ആ സര്‍ഗസപര്യയുടെ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്നു.

സീതി സാഹിബ് രാഷ്ടീയക്കാരനാകാന്‍ വേണ്ടി രാഷ്ട്രീയക്കാരനായതായിരുന്നില്ല. പരലോകത്തെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് മുസ്‌ലിം സഹോദരങ്ങളുടെ നന്മക്ക് വേണ്ടി അധ്വാനിക്കുകയായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ ‘കണ്‍സേണ്‍’. രാഷ്ട്രീയം അതിനുള്ള ഒരു വഴിയായിരുന്നു. സമുദായത്തിനുവേണ്ടി തന്റെ കഴിവുകള്‍ സാധ്യമാകുന്ന വിധത്തിലെല്ലാം അദ്ദേഹം വിനിയോഗിച്ചു. സജീവ രാഷ്ട്രീയക്കാരനായിരിക്കെ തന്നെ ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങളില്‍ നിരതനാകാന്‍ അദ്ദേഹത്തിന് സമയം കിട്ടിയത് ഈയൊരു കാഴ്ചപ്പാടിന്റെ ഫലമായിട്ടാണ്. പല ഇസ്വ്‌ലാഹീ സംരംഭങ്ങളുടെയും ജീവനാഡി തന്നെ അദ്ദേഹമായിരുന്നു. പി. കെ. മൂസ മൗലവിയെപ്പോലുള്ള സലഫീ പണ്ഡിതന്മാരെക്കൊണ്ട് പരിശുദ്ധ ക്വുര്‍ആനിന് പരിഭാഷയെഴുതിക്കാനും അത് പ്രസിദ്ധീകരിക്കാനുമുള്ള മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ പദ്ധതിക്ക് വേണ്ടി ഓടി നടന്നത് പ്രധാനമായും സീതി സാഹിബായിരുന്നു. എന്നാല്‍ ഇസ്വ്‌ലാഹീ പ്രവര്‍ത്തനം, ആദര്‍ശപ്രചരണത്തോടൊപ്പം ആദര്‍ശം ഉള്‍കൊള്ളേണ്ട സമുദായത്തിന്റെ കണ്ണീരൊപ്പല്‍ കൂടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ലീഗ് അണികളിലും നേതൃനിരയിലും മതപരമായ തന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കാത്ത അനേകരുണ്ടായിട്ടും തികഞ്ഞ സഹിഷ്ണുതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും സമുദായത്തിന്റെ പൊതുവേദിയെന്ന നിലക്ക് യാതൊരു അസ്വാരസ്യങ്ങളുമില്ലാതെ പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അദ്ദേഹം വിജയിച്ചു. അതും ഇസ്വ്‌ലാഹീ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് എന്നായിരുന്നു സീതി സാഹിബിന്റെ സുചിന്തിതമായ നിലപാട്. സമുദായത്തിന്റെ നേതാവ് സമുദായത്തിന്റെ സേവകനാകണം എന്ന് നിഷ്‌കളങ്കനായ ആ സമുദായസ്‌നേഹി തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദം വരെ എത്തിയപ്പോഴും സര്‍വര്‍ക്കും പ്രാപ്യനായ വിനയാന്വിതനായി അദ്ദേഹം തുടര്‍ന്നത്. സീതി സാഹിബിന്റെ അകംതൊട്ടുള്ള പുഞ്ചിരിക്ക് കേരള രാഷ്ട്രീയത്തില്‍ പിന്നീട് അധികം സമാനതകള്‍ ഉണ്ടായിട്ടില്ലെന്നത് സത്യം.

സീതി സാഹിബ് ഒരു മഹാ പ്രസ്ഥാനമായിരുന്നു. ‘മാപ്പിള പുനരുത്ഥാനത്തിന്റെ മുഖ്യശില്‍പി’ എന്ന് റോളണ്ട് ഇ. മില്ലര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് വെറുതെയല്ല. ‘കേരള മുസ്‌ലിംകളുടെ സര്‍ സയ്യിദും മുഹമ്മദലിയും ഇഖ്ബാലും ജിന്നയുമൊക്കെ സീതി എന്ന പദത്തില്‍ ഒതുങ്ങിയിരുന്നു’ എന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകള്‍ ആ ജീവിതത്തിന്റെ വലുപ്പമാണ് ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നത്. കെ. എം. മൗലവിയുടെ ശിഷ്യനും ബ്രിട്ടീഷ് മലബാറിലെ ആദ്യകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകരിലൊരാളും പ്രമുഖ മുജാഹിദ് പണ്ഡിതനുമായിരുന്ന കെ. ഉമര്‍ മൗലവി സാഹിബ് അദ്ദേഹത്തിന്റെ ആത്മകഥയിലെഴുതി: ”അക്ഷരത്തിലും അര്‍ഥത്തിലും അനുഭവത്തിലും മഹാനായിരുന്നു കെ.എം സീതീ സാഹിബ്…. സീതി സാഹിബിന്റെ തലച്ചോര്‍ മാത്രമല്ല, രക്തവും മാംസവുമെല്ലാം ബുദ്ധിയാണെന്ന് തോന്നിയിരുന്നു…. ഞാന്‍ ചിലപ്പോഴൊക്കെ ഓര്‍ത്തുപോകാറുണ്ട്, ബാലിശമാണെങ്കിലും: സീതി സാഹിബ് എന്ന മനുഷ്യന്‍ ഈ നാട്ടില്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഈ സമുദായത്തിന്റെ അവസ്ഥ എന്താകുമായിരുന്നു?… പുതിയ തലമുറയോട് ഞാന്‍ ഉപദേശിക്കുന്നു- നിങ്ങള്‍ സീതീ സാഹിബിനെ അറിയണം, അപ്പോഴേ നിങ്ങള്‍ ഈ സമുദായത്തെ അറിഞ്ഞവരാകൂ!”