തിരൂരങ്ങാടി: സ്വാതന്ത്ര്യസമര സേനാനിയും മുസ്ലിം ലീഗ് നേതാവും തിരൂരങ്ങാടി യതീം ഖാനയുടെ ശില്പിയും പ്രമുഖ മുജാഹിദ് പണ്ഡിതനുമായിരുന്ന കെ. എം. മൗലവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലികർ എഴുതിയ ഓർമ്മക്കുറിപ്പുകൾ സമാഹരിച്ചുകൊണ്ട് തയ്യാറാക്കിയ ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു. പി എസ് എം ഒ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രകാശന സമ്മേളനം പി വി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. കെ എൻ എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനിയും പി വി അബ്ദുൽ വഹാബും ചേർന്ന് പ്രകാശനം നിർവഹിച്ചു. മുസ്തഫാ തൻവീറും സദാദ് അബ്ദുസ്സമദും ആണ് കെ എം മൗലവി ഓർമ്മപ്പുസ്തകത്തിന്റെ എഡിറ്റർമാർ. പ്രൊഫൗണ്ട് പ്രെസ് ആണ് പ്രസാധനം. കേരള മുസ്‌ലിം നവോത്ഥാനത്തിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് കെ എം മൗലവിയാണെന്ന് പി വി അബ്ദുൽ വഹാബ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, കെ എൻ എം വൈസ് പ്രസിഡന്റ് എൻ വി അബ്ദുർറഹ്മാൻ, കോഴിക്കോട് സർവകലാശാല ചരിത്രവിഭാഗം പ്രൊഫസർ ഡോ. കെ എസ് മാധവൻ, കെ എം അൽത്താഫ്, പി ഒ ഹംസ മാസ്റ്റർ, അയ്യൂബ് തയ്യിൽ, സുഹ്ഫി ഇമ്രാൻ, സദാദ് അബ്ദുസ്സമദ് പ്രസംഗിച്ചു. തിരൂരങ്ങാടി യതീം ഖാന ജനറൽ സെക്രട്ടറി എം കെ ബാവ ആധ്യക്ഷ്യം വഹിച്ചു.
തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറർ സി എച്ച് മഹ്മൂദ് ഹാജി, പി എസ് എം ഒ കോളജ് പ്രിൻസിപ്പൾ ഡോ. കെ. അസീസ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ഡോ. ഇ കെ അഹ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. കരിമ്പിൽ ഹംസ മാസ്റ്റർ സ്വാഗതവും നജീബ് സ്വലാഹി നന്ദിയും പറഞ്ഞു.
പുസ്തകം ആവശ്യമുള്ളവർക്ക് 9037150436 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.