ഞാൻ കുഞ്ഞായിരിക്കുമ്പോൾ അറബിക് കോളെജിൽ പഠിച്ചിരുന്ന എന്റെ ഇളയ അമ്മായിമാർ മക്കന ധരിച്ചിരുന്നു. ഇതുകണ്ട് “ഞാനും വലുതാകുമ്പോൾ മക്കന ഇടും” എന്നും പറഞ്ഞായിരുന്നു ഞാൻ നടന്നിരുന്നത്. എന്തായാലും ആ വേഷത്തോട് അന്നേ എനിക്കൊരിഷ്ടം തോന്നിയിരുന്നു. പിന്നീട് എട്ടാം ക്ലാസിൽ ആയപ്പോഴാണ് ഞാൻ അതൊരു ആവശ്യമായി വീട്ടിൽ അവതരിപ്പിക്കുന്നത്. അന്നെനിക്ക് പന്ത്രണ്ട് വയസ്സാണ്. ആയിടെ എന്റെ അടുത്ത കൂട്ടുകാരി ബുശ്‌റാ മക്കന ഇടാൻ തുടങ്ങി. അതോടെ എന്റെ ആവശ്യത്തിന് ശക്തി കൂടി.
എന്നാൽ എന്റെ ഉമ്മാക്ക് ഞാൻ മക്കന ധരിക്കുന്നതിനോട് തീരെ യോജിപ്പുണ്ടായിരുന്നില്ല. അന്ന് ഉമ്മ ഹാഫ് സ് ലീവ് ബ്ലൗസും തലയിലൂടെ പുതച്ചിട്ട സാരിയും ആണ് ധരിച്ചിരുന്നത്. ഉമ്മയുടെ വീട്ടിൽ പോയപ്പോൾ കുഞ്ഞുമ്മമാരും അമ്മായിമാരും ചേർന്ന് കുറേ സമയം സംസാരിച്ച് മക്കനയോടുള്ള പ്രണയത്തിൽ നിന്നെന്നെ പിന്തിരിപ്പിക്കാൻ നോക്കി. പക്ഷേ, ഞാനെന്റെ ഇഷ്ടത്തിൽ ഉറച്ചു നിന്നു. ഉപ്പ വന്നിട്ട് തീരുമാനിക്കാം എന്നു പറഞ്ഞ് ഉമ്മയെനിക്ക് “ആലോചിച്ചു പിന്മാറാൻ’ കുറച്ചുകൂടി സമയം അനുവദിച്ചുതന്നു. ഉപ്പ അന്ന് നൈജീരിയയിൽ ആയിരുന്നു. ഉപ്പ വന്ന അന്നുതന്നെ ഞാൻ വിഷയം അവതരിപ്പിച്ചു. ഉപ്പ പറഞ്ഞു: “നീ നല്ലവണ്ണം ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി. ഇട്ട് കഴിഞ്ഞ് പിന്നെ മാറ്റണം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.” “ഒരുപാട് നാളായിട്ട് ഇതു തന്നെയാണ് എന്റെ ആലോചന. ഇതെന്റെ ഉറച്ച തീരുമാനമാണ്” എന്നായിരുന്നു എന്റെ മറുപടി. “എങ്കിൽ ഇട്ടോളൂ” എന്നു പറഞ്ഞ് ഉപ്പ, കൊണ്ടുവന്ന തുണിത്തരങ്ങളിൽ നിന്ന് ഒരു വെള്ള പോളിയെസ്റ്റർ തുണി എടുത്ത് എനിക്ക് മക്കന തയ് ക്കാൻ കൊടുത്തു. പിറ്റേന്നു തന്നെ രണ്ടു മക്കന തുന്നി കിട്ടി. അക്കാലത്ത് ഇത്തരം വസ്ത്രങ്ങളൊന്നും വാങ്ങാൻ കിട്ടില്ല. ഇന്നത്തെപ്പോലെ പർദ വിൽക്കുന്ന കടകൾ എവിടെയുമില്ല. മക്കനയോ പർദയോ കാണുന്നതേ അപൂർവം. ആവശ്യമുള്ളവർ തുണി വാങ്ങി തയ് പ്പിച്ച് എടുക്കണം.
എന്തായാലും തൊട്ടടുത്ത ദിവസം ഞാൻ മക്കനയിട്ട് സ് കൂളിൽ പോയി. 1984–ൽ ഓണപ്പരീക്ഷ തുടങ്ങുന്നതിനു മുമ്പായിരുന്നു പുതിയ വേഷത്തിൽ എന്റെ സ് കൂൾ പ്രവേശനം. വീട്ടിലെ പ്രശ്‌നം ഒരുവിധം പരിഹരിച്ച് സ് കൂളിലെത്തിയപ്പോഴാണ് ശരിക്കും പ്രശ്‌നം തുടങ്ങുന്നതേയുള്ളൂ എന്നു മനസ്സിലായത്. ഞാൻ അന്ന് ക്ലാസ്സിലെ ഏറ്റവും മികച്ച വിദ്യാർത്ഥിനിയാണ്. എന്റെ പുതിയ വസ്ത്രരീതി കണ്ട് അധ്യാപകരിൽ പലരും അമ്പരന്നുപോയി! പലരും വന്ന് സംസാരിച്ചു മനസ്സു മാറ്റാൻ ശ്രമിച്ചു. ഉറച്ച തീരുമാനമാണെന്റേതെന്ന് മനസ്സിലാക്കി അവരൊക്കെ പിൻമാറിയെങ്കിലും ഒരു ടീച്ചർ സ്ഥിരമായി പരിഹസിക്കുമായിരുന്നു. മക്കന സ്ഥിരമായി ധരിച്ചാൽ മുഖം കൂർത്ത് വന്ന് ബോട്ടിന്റെ മുൻവശം പോലെ ആകുമെന്ന് അവരെന്നും പറയുമായിരുന്നു. ക്ലാസ്സിൽ വന്നാൽ എന്നെയും ബുശ്‌റായേയും “ബോട്ടുകൾ’ എന്ന് വിളിക്കുന്നത് അവർക്കൊരു രസമായിരുന്നു. ആരും കല്ല്യാണം കഴിക്കാൻ വരില്ല, കോളെജിൽ പഠിക്കാൻ പറ്റില്ല, സൗന്ദര്യം പോകും തുടങ്ങി പലതും അവർ പറഞ്ഞു. ഞങ്ങൾ ഒറ്റക്കെട്ടായി നിന്നു. ബുശ്‌റാക്കുവേണ്ടികൂടി ഞാൻ മറുപടികൾ പറഞ്ഞു. എന്റെ അഭിപ്രായങ്ങൾ സധൈര്യം പറയാനുള്ള ഒരു പരിശീലനം കൂടി ആ അധ്യാപികയുടെ ക്ലാസ്സിൽ നിന്നും കിട്ടിയെങ്കിലും അവർ മൂലം അനുഭവിച്ചത് വല്ലാത്ത ഒരു മാനസിക പീഡനം തന്നെയായിരുന്നു എന്ന കാര്യം പറയാതെ വയ്യ.
സ്കൂളിന്റെ അടുത്ത് ഒരു അറബിക് കോളെജ് ഉണ്ടായിരുന്നതുകൊണ്ട് ആ പരിസരത്ത് ഇതൊരു വിചിത്രവേഷം ആയിരുന്നില്ല. എന്നാൽ എറണാകുളത്തുള്ള ഉമ്മവീട്ടിൽ വരുമ്പോൾ ബസ്സിലൊക്കെ ആളുകൾ അത്ഭുതത്തോടെ നോക്കും. യാത്രക്കിടയിൽ ഇങ്ങനെ വേഷം ധരിച്ച ഒരാളെ പോലും കാണില്ല. എല്ലാവരും സഹതാപത്തോടെ നോക്കും, ചിലരൊക്കെ സ്‌നേഹത്തോടെ ചോദിക്കും, “ഇങ്ങനെ ഇടണമെന്ന് വീട്ടിൽ നിർബന്ധം ആണോ” എന്ന്. ഇതിടാൻ വേണ്ടി ഞാൻ വീട്ടിലും സ് കൂളിലും നടത്തിയ ആശയസമരങ്ങളുടെ നീണ്ട കണക്കുകൾ നിരത്തിയാലും ആർക്കും മനസ്സിലാവില്ല. ഈ വേഷം ധരിച്ചാൽ ആരും വിവാഹം കഴിക്കില്ല എന്ന വാദം കൊണ്ടായിരുന്നു ഭൂരിപക്ഷം പേരും എന്നെ എതിരിട്ടിരുന്നത്. എങ്കിൽ ഞാൻ വിവാഹം കഴിക്കില്ല എന്ന് ലാഘവത്തോടെ പറയാറുണ്ടായിരുന്നെങ്കിലും അവർ ആ പറഞ്ഞതിൽ ഇത്തിരി ശരിയുണ്ടെന്നും തോന്നിയിരുന്നു. എന്തായാലും ഹിജാബ് ധരിക്കാൻ സമ്മതിക്കുന്ന ആളെയേ വിവാഹം കഴിക്കൂ എന്ന് ഞാൻ തീരുമാനിച്ചു. സ് കൂളിൽ ഒന്നാമതായി ഞാൻ പത്താം ക്ലാസ്സ് ജയിച്ചു. ശേഷം തൃക്കാക്കര ഭാരതമാതാ കോളെജിൽ പ്രീഡിഗ്രിക്ക് ചേർന്നു. അവിടെ മുതിർന്ന ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി മാത്രമേ ഹിജാബിൽ വരാറുണ്ടായിരുന്നുള്ളൂ. സ് കൂളിൽ കൂടെ പഠിച്ചവരാരും കോളെജിൽ എന്റെ ക്ലാസ്സിൽ ഇല്ല. ക്ലാസിലെ കുട്ടികളാരും എന്നോട് കൂട്ടുകൂടാൻ താൽപര്യം കാണിച്ചതുമില്ല. ആ ഒറ്റപ്പെടൽ അസഹനീയമായിരുന്നു. എന്റെ ക്ലാസ്സിൽ കന്യാസ്ത്രീ മഠത്തിൽ നിന്നുള്ള ചില കുട്ടികൾ കൂടിയുണ്ടായിരുന്നു. ഒരുകണക്കിന്, അവരോടുള്ളതുപോലെ ചെറിയൊരു ബഹുമാനത്തോടെയായിരുന്നു എന്നെയും സഹപാഠികൾ കണ്ടത്. എന്നാൽ ആദ്യത്തെ ടെസ്റ്റ് പേപ്പറിൽ ഞാൻ ഒന്നാമതായതോടെ കുറച്ച് കൂട്ടുകാരെയെനിക്ക് കിട്ടി. കോളെജ് വരാന്തയിൽ കൂടി നടക്കുമ്പോൾ ഞാൻ കേൾക്കുന്നില്ലെന്ന് കരുതി “ആ കുട്ടിയുടെ കാര്യം എന്തൊരു കഷ്ടമാണല്ലേ” എന്നൊക്കെ ചിലർ അടക്കം പറയുന്നത് കേൾക്കാം. ഇത് ഞാൻ സ്വന്തം ഇഷ്ടപ്രകാരം ധരിക്കുന്നതാണെന്ന് ഓരോരുത്തർക്കും പ്രത്യേകം ക്ലാസെടുത്തുകൊടുക്കേണ്ട തരത്തിലായിരുന്നു സഹതാപം. അവരുടെ ദൃഷ്ടിയിൽ മറ്റുള്ളവരൊന്നും ധരിക്കാത്ത തരം വസ്ത്രം എതിർപ്പുകളെ അവഗണിച്ച് ധരിച്ച ഞാൻ യാഥാസ്ഥിതികയും എല്ലാവരും ധരിക്കുന്ന തരം വസ്ത്രം ഒഴുക്കിനനുസരിച്ച് ധരിച്ചുവരുന്ന കുട്ടികൾ പുരോഗമനക്കാരുമാണ്! കണ്ണ് ശരിക്ക് തുറന്നു കാണാത്തതുകൊണ്ടുള്ള തിമിരമാണ് അവരുടേതെന്ന് തിരിച്ചറിഞ്ഞതിനാൽ ഞാൻ എന്റെ വഴിക്ക് നടന്നു.
ഞാൻ മഹാരാജാസ് കോളെജിൽ എം. എ. യ്ക്ക് പഠിക്കുന്ന സമയമായപ്പോഴേക്കും ഗൾഫിൽ നിന്നുവരുന്ന പലരും മഫ്ത കൊണ്ടുവരാൻ തുടങ്ങി. ഏറെക്കഴിയാതെ അപൂർവമായെങ്കിലും കടകളിൽ നിന്ന് വാങ്ങാൻ കിട്ടാൻ തുടങ്ങി. കോഴിക്കോട് പർദ ഹൗസ് വന്നു. കോഴിക്കോട് പോവുന്ന പരിചയക്കാരെ മഫ്ത വാങ്ങിക്കൊണ്ടു വരുന്ന ജോലികൂടി ഏൽപ്പിക്കുക കാര്യങ്ങൾ കൂടുതൽ എളുപ്പമായി. അന്ന് ആദ്യം കറുപ്പും വെളുപ്പും ഓഫ് വൈറ്റും കളറിൽ മാത്രമേ മഫ്ത ലഭിച്ചിരുന്നുള്ളൂ. പിന്നീട് ഒരു പാട് നിറങ്ങളിൽ വിപണിയിൽ മഫ്ത വന്നു നിറഞ്ഞു. എം. എ. കഴിയും മുമ്പ് എന്റെ വിവാഹം കഴിഞ്ഞു. അന്നെന്റെ ഭർത്താവ് കോഴിക്കോടാണ് ജോലി ചെയ്തിരുന്നത്. വരുമ്പോൾ എനിക്ക് വിവിധ നിറങ്ങളിലുള്ള മുഖമക്കനകൾ വാങ്ങിക്കൊണ്ടുവരുമായിരുന്നു.
മൂത്തകുന്നം എസ്. എൻ. എം. കോളെജിൽ ബി എഡിന് പഠിക്കുമ്പോൾ കലാമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് എനിക്കായിരുന്നു. പക്ഷേ നൃത്ത ഇനങ്ങളിൽ പങ്കെടുക്കാത്തത് കൊണ്ട് കലാതിലകം ആയില്ല. ഇന്റർ കോളെജിയേറ്റ് മത്സരങ്ങളിൽ അയക്കാൻ വേറെ ആളില്ലാത്ത ഇംഗ്ലീഷ് റെസിറ്റെയ്ഷനു മാത്രമാണ് എന്നെ പങ്കെടുപ്പിച്ചത്. ബാക്കി പല ഇനങ്ങൾക്കും ഫസ്റ്റ് ഉണ്ടായിട്ടും റിസൾട്ട് വൈകിപ്പിച്ച് എന്നെ ഒഴിവാക്കി. ഇത് എന്റെ വേഷവും മതവും കാരണം മനപ്പൂർവം കാണിച്ച അവഗണനയാണ് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.
പുതിയതിനോട് ഒരു കൗതുകവും താൽപര്യവും മനുഷ്യന്റെ സ്വാഭാവികമായ പ്രകൃതമാണല്ലോ. എന്നാൽ ട്രെൻഡുകൾക്കു വഴിമാറാതെ “പഴയതായി’ത്തന്നെ എന്റെ ഹിജാബ് എന്നോട് ചേർന്നുനിൽക്കുമ്പോൾ, പകരം വെക്കാൻ മറ്റൊന്നില്ലാത്ത പഴയതുകൾ ബലമേറിയ കാരണങ്ങളുടെ നൂലുകൊണ്ട് നെയ്തതാണെന്ന് ഞാൻ ഓർക്കാറുണ്ട്. വളരെ ചെറുതാവുമ്പോൾ തുടങ്ങിയതാണ് ഹിജാബിനോടുള്ള എന്റെ ഇഷ്ടം. വലുതായെന്ന് പറയാനാവുംമുമ്പേ എന്റെ ഇഷ്ടം ധരിക്കാൻ ഞാൻ വളർന്നിരുന്നു. മുപ്പത്തിയേഴ് വർഷങ്ങൾക്കിപ്പുറവും ശരീരം മറയ് ക്കാനുള്ള എന്റെ ഇഷ്ടം വളർന്നുകൊണ്ടേയിരിക്കുന്നു. ഇന്നൊരുപാടുപേർ അഭിമാനത്തോടെ ഹിജാബ് ധരിക്കുന്നു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഒഴിവാക്കലുകളും വിവേചനങ്ങളും പലയിടങ്ങളിൽ ഹിജാബികൾ അനുഭവിക്കുന്നുണ്ടെങ്കിലും ഈ വേഷം നൽകുന്ന സംരക്ഷണവും ആത്മവിശ്വാസവും ആദരവും തുല്യതയില്ലാത്തതാണ്. ഇന്ന് ഞാൻ കൊച്ചിൻ യൂനിവേഴ്‌സിറ്റിയിൽ (കുസാറ്റ്) അസിസ്റ്റന്റ് റജിസ്ട്രാർ ആയി ജോലി ചെയ്യുന്നു. നമ്മുടെ പെരുമാറ്റം കൊണ്ടും പ്രവൃത്തി കൊണ്ടും നാം നേടിയെടുക്കുന്ന ആദരവ് നമ്മൾ ധരിക്കുന്ന വസ്ത്രത്തിനും ലഭിക്കും എന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കി. ഹിജാബിനെ പരിപൂർണമായി ഉൾക്കൊണ്ട പെൺകുട്ടികൾ അഭ്യസ്തവിദ്യരാവുകകൂടി ചെയ്യുമ്പോൾ സംശയിക്കുന്ന മനസ്സുകൾ ഹിജാബിനു മേലുള്ള പിടിവിടുമെന്നാണ് എന്റെ പ്രതീക്ഷ. നല്ല വ്യക്തിത്വങ്ങൾക്ക് കിട്ടുന്ന പരിഗണനയും ആദരവും അവരെ നല്ലതാക്കിയ വിശ്വാസത്തിനും ആ വിശ്വാസത്തിന്റെ വസ്ത്രത്തിനും കിട്ടുമെന്ന കാര്യം എനിക്കുറപ്പാണ്.
(PROFOUND PRESS പ്രസിദ്ധീകരിച്ച ‘തട്ടവും തിട്ടൂരങ്ങളും’ എന്ന പുസ്തകത്തിൽ നിന്ന്)