Obituary

മുസ്‌ലിം ലീഗിനെയും മുജാഹിദ് പ്രസ്ഥാനത്തെയും നെഞ്ചോട് ചേർത്ത കാവനൂർ ഉമർ സാഹിബ് യാത്രയായി

By Admin

December 03, 2024

കാവനൂർ: പ്രദേശത്തെ മത-സാംസ്കാരിക-രാഷ്ട്രീയ-സേവന മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കൊയമ്പുറവൻ ഉമർ സാഹിബ് (68) നിര്യാതനായി. ഒരു വർഷത്തോളമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഉച്ചയക്ക് കാവനൂർ ടൗൺ ജുമാ മസ്ജിദിൽ ജനാസ നമസ്കാരവും ഖബ്റടക്കവും നടന്നു.

ഏറനാട് മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്‌, കാവനൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റ്‌,അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌, കാവനൂർ ഗ്രാമപഞ്ചായത്ത്‌ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ നാട്ടിലെ സാമുദായിക രാഷ്ട്രീയ മുന്നേറ്റത്തിനും വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച ഉമർ സാഹിബ്, ഇസ്‌ലാഹീ പ്രവർത്തനങ്ങളിലും അതേ സജീവതയോടെ നിലയുറപ്പിച്ചു. കെ.എൻ.എം. കാവനൂർമണ്ഡലം വൈസ് പ്രസിഡന്റ്‌,കാവനൂർ ശാഖ കെ.എൻ.എം. പ്രസിഡന്റ്‌, കാവനൂർ മസ്ജിദുർറഹ്മാൻ പ്രസിഡന്റ്‌,കാവനൂർ സലഫി എഡ്യൂക്കേഷൻ അസോസിയേഷൻ ട്രഷറർ എന്നിങ്ങനെ, അദ്ദേഹത്തിന്റെ മുജാഹിദ് കർമ്മമണ്ഡലം പടർന്നുനിന്നു.

മലഞ്ചരക്ക് വ്യാപാരിയായിരുന്ന ഉമർ സാഹിബ്, ജീവകാരുണ്യ-ആതുര സേവനരംഗത്തും കാവനൂർക്കാരുടെ പ്രിയപ്പെട്ട ആശ്രയമായിരുന്നു. കാവനൂർ സ്പർശം പാലിയേറ്റീവ് ക്ലിനിക്ക് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചുവരികയായിരുന്നു.

നാട്ടുപ്രശ്നങ്ങളിലെ മധ്യസ്ഥനും നാട്ടുകാരുടെ പല വിധ ആവശ്യങ്ങൾക്കുള്ള അത്താണിയുമെല്ലാമായിരുന്നു ഉമർ സാഹിബ്. കൊയമ്പുറവൻ തറവാട് എപ്പോഴും സന്ദർശകരെക്കൊണ്ട് നിറഞ്ഞുനിന്നു.

വേങ്ങര സ്വദേശിനി സഫിയ്യയാണ് ഭാര്യ. അബ്ദുൽ വഹാബ് (നാദാപുരം അൽഫുർഖാൻ അറബിക് കോളേജ് പ്രിൻസിപ്പൽ), യൂനുസ്, വാഹിദ എന്നിവരാണ് മക്കൾ.