Essay

സംഘടനാ നേതൃത്വവും അണികളും: ഇസ്‌ലാം നിർദേശിക്കുന്ന സ്നേഹപാഠങ്ങൾ

By Admin

November 19, 2024

ഇസ്‌ലാമിലെ സാമൂഹിക ജീവിതത്തിന്റെ അസ്തിവാരം സ്നേഹമാണ്. യഥ്‌രിബ് മദീനയായി മാറുമ്പോൾ പുതുരാഷ്ട്രത്തിന്റെ ആധാരശിലയായി വർത്തിച്ചത് മുഹാജിറുകളും അൻസ്വാറുകളും തമ്മിലുള്ള സാഹോദര്യ ബന്ധമായിരുന്നു. നിരുപാധിക സ്‌നേഹത്തിലധിഷ്ഠിതമായ സഹവർത്തിത്വം മുസ്‌ലിംകൾ പഠിച്ചത് നേതാവായ റസൂൽ (സ്വ) യിൽ നിന്നാണ്. അതൊരു സംസ്കാരവും, ജീവശ്വാസം പോലെ അത്യന്താപേക്ഷിതമായ സാമൂഹിക മൂല്യവുമായി മാറി. റസൂലിനെപ്പറ്റി ക്വുർആൻ പറയുന്ന വാക്കുകളിൽ തന്നെ അദ്ദേഹത്തിന്റെ അദമ്യമായ സ്നേഹത്തിന്റെ പൂർണ്ണരൂപം നമുക്ക് ദർശിക്കാനാവും. “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം”. (അത്തൗബ: 128)

ഖുബൈബ് ഇബ്നു അദിയ്യ് (റ) വിനെ കുരിശിലേറ്റുമ്പോൾ തനിക്ക് റസൂലിനോടുള്ള പ്രതിപത്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് അസ്വസ്ഥനായ അബൂസുഫിയാൻ കൈകൾ തിരുമ്മിക്കൊണ്ട് പറഞ്ഞു: ‘അല്ലാഹുവാണേ, മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നതുപോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല’. യഥാർത്ഥത്തിൽ സ്വഹാബികൾക്ക് പ്രവാചകനോടുള്ള സ്നേഹത്തിനൊരു മറുവശം കൂടിയുണ്ട്. റസൂൽ (സ്വ) യോളം തന്റെ അനുയായികളെ ഹൃദയംതൊട്ട് സ്നേഹിച്ച മറ്റൊരു നേതാവില്ല എന്നതാണത്.

സഹപ്രവർത്തരോടും പ്രാസ്ഥാനിക ബന്ധുക്കളോടും മനസ്സുതുറന്ന സ്നേഹമുണ്ടാവണം. കളങ്കവും ഉപാധികളുമില്ലാത്ത സ്നേഹം. റസൂൽ (സ) പറഞ്ഞു: “നിങ്ങൾക്ക് ലഭിക്കുന്ന നേതാക്കളിൽ ഏറ്റവും ഉത്തമർ നിങ്ങൾ അവരെയും അവർ നിങ്ങളെയും സ്നേഹിക്കുന്നവരാണ്. നിങ്ങൾക്കുവേണ്ടി അവർ പ്രാർത്ഥിക്കുന്നു, അവർക്കുവേണ്ടി നിങ്ങളും പ്രാർത്ഥിക്കുന്നു. നിങ്ങളുടെ നേതാക്കളിൽ ഏറ്റവും നീചർ നിങ്ങൾ അവരെയും അവർ നിങ്ങളെയും വെറുക്കുന്നവരാണ്. നിങ്ങൾ അവരെ ശപിക്കുന്നു, അവർ നിങ്ങളെ ഇങ്ങോട്ടും ശപിക്കുന്നു”. (മുസ്‌ലിം) സ്നേഹമെന്നത് മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നല്ലെന്നും പ്രകടമായി അനുഭവിക്കാൻ കഴിയുന്നതാവണമെന്നും സാധാരണ പറയാറുണ്ടല്ലോ. അവ്വിധം നേതൃത്വത്തിന്റെ നോക്കിലും വാക്കിലും ഇടപഴകലുകളിലും സ്നേഹം തൊട്ടറിയാൻ ചുറ്റുമുള്ളവർക്ക് സാധിക്കണം.

സമൂഹം ബഹുമാനിക്കുന്നവരെ മാത്രമല്ല, സാധാരണക്കാരും സാധുക്കളുമായ പ്രവർത്തകരെയും സ്നേഹിക്കണം. സമൂഹത്തിൽ അവഗണിക്കപ്പെടാൻ സാധ്യതയുള്ളവരെ റസൂൽ (സ്വ) പ്രത്യേകമായി ചേർത്തു പിടിച്ചു. അവരുടെ മനംകുളിർക്കും വിധം അവരോട് അടുത്തിടപഴകി. പ്രവാചക സന്നിധിയിൽ ഇടയ്ക്കുവരാറുള്ള ഗ്രാമവാസിയായ ഒരു സ്വാഹബിയുണ്ടായിരുന്നു. സാഹിർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഗ്രാമീണ ഉൽപ്പന്നങ്ങൾ മദീനയിലെ ചന്തയിൽ കൊണ്ടുവന്നു വിൽക്കാറുള്ള ആദ്ദേഹം വരുമ്പോൾ, കയ്യിൽ റസൂലിനുള്ള സമ്മാനങ്ങളുമുണ്ടാവും. കാഴ്ചയിൽ വിരൂപനായിരുന്നു സാഹിർ (റ). ഒരിക്കൽ തിരുമേനി അങ്ങാടിയിലേക്ക് ചെല്ലുമ്പോൾ സാഹിർ (റ) വുണ്ട് കച്ചവടത്തിൽ മുഴുകി നിൽക്കുന്നു. റസൂൽ പിന്നിലൂടെ ചെന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ പൊത്തി. ഇതാരാണെന്ന് ചോദിച്ചു. തിരിഞ്ഞു നോക്കിയ സാഹിർ (റ) കൺകോണിലൂടെ സ്നേഹ റസൂലിനെ കണ്ടു. നബിയാണെന്ന് മനസ്സിലായപ്പോൾ അദ്ദേഹം തന്റെ ശരീരം റസൂലിന്റെ നെഞ്ചിലേക്ക് ചാരി. തിരുമേനി അദ്ദേഹത്തെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു: ‘ഈ അടിമയെ ആർക്കുവേണം?’. സാഹിർ (റ) പറഞ്ഞു: ‘റസൂലേ, ഈ അടിമ വിലകുറഞ്ഞവനാണ്’. നബി പറഞ്ഞു: ‘അല്ല സാഹിർ നിങ്ങൾ അല്ലാഹുവിങ്കൽ വലിയ വിലയുള്ളയാളാണ്’.

മസ്ജിദുന്നബവിയിലെ സ്ഥിര സാന്നിധ്യമായിരുന്നു ജുലൈബീബ് (റ). ചരിത്രത്തിൽ അദ്ദേഹത്തിന്റെ ബാഹ്യാകാരത്തെപ്പറ്റി പറയുന്നത് പൊക്കം കുറഞ്ഞ, വൈരൂപ്യമുള്ളയാൾ എന്നാണ്. ഒരിക്കൽ മുഖത്തേക്ക് നോക്കിയാൽ പിന്നീട് നോക്കാൻ തോന്നാത്ത രൂപം. പക്ഷേ, യാതൊരു അവഗണനകളും അനുഭവിക്കാതെ, അപകർഷതാബോധമില്ലാതെ അദ്ദേഹം റസൂലിന്റെ സദസ്സിൽ ആശ്വാസവും ആനന്ദവും കണ്ടെത്തി. ‘ജുലൈബീബ്, താങ്കൾ കല്യാണം കഴിക്കുന്നില്ലേ? എന്ന് അവിടുന്നൊരിക്കൽ അദ്ദേഹത്തോട് ചോദിച്ചു. ‘എനിക്കാരു പെണ്ണുതരും റസൂലേ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു അൻസ്വാരിയുടെ മകളെ ജുലൈബീബിന് ഇണയായി തിരുമേനി നിർദേശിച്ചു. അദ്ദേഹം വിവാഹിതനായി. പിന്നീട് അല്ലാഹുവിന്റെ മാർഗത്തിൽ ജുലൈബീബ് (റ) രക്തസാക്ഷിയായി. എഴുപേരെ വധിച്ച ശേഷം അവർക്കു നടുവിലായിരുന്നു അദ്ദേഹം വീണുകിടന്നത്. ഇതുകണ്ട് അഭിമാനത്തോടെ റസൂൽ (സ്വ) പറഞ്ഞു: ‘ഇവൻ എന്നിൽപ്പെട്ടവനാണ്; ഞാൻ ഇവനിൽപ്പെട്ടവനും’. ഈ വാക്കുകൾ അദ്ദേഹം മൂന്ന് തവണ ആവർത്തിച്ചു. അനന്തരം പ്രിയസഹചരന്റെ ഭൗതിക ശരീരം സ്വന്തം കൈകളിൽ ചുമന്ന് അദ്ദേഹം ക്വബ്റിലേക്കിറക്കിവെച്ചു.

പാവപ്പെട്ട മനുഷ്യർക്കൊപ്പം കൂടുതൽ സഹവസിക്കുന്നവരാവണം നേതൃത്വം. സംഘടനാ കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ബന്ധമല്ല, ജീവിത പരിസരങ്ങളിലും അന്വേഷണവും ആവശ്യമെങ്കിൽ ഇടപെടലും വേണം. നേതൃസ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണ പ്രവർത്തകരോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും അതവരിൽ വലിയ സന്തോഷവും ഊർജവും പ്രധാനം ചെയ്യും. നേതൃസ്ഥാനം അമാനുഷികമായ ഒന്നായതുകൊണ്ടല്ല, നേതാക്കളോട് ആദരവും ബഹുമാനവും ഉണ്ടാവണമെന്ന മതാധ്യാപനം പോലെ തിരിച്ച് പ്രവർത്തകരോട് വിനയവും സ്നേഹവും പ്രകടിപ്പിക്കേണ്ടതുമാണ്. പ്രവർത്തകർ നേതൃത്വത്തിൽ നിന്ന് അതാഗ്രഹിക്കുന്നുണ്ട്.

തമ്മിൽ വെറുക്കുന്ന സാഹചര്യം പ്രസ്ഥാന ബന്ധുക്കൾക്കിടയിൽ എത്ര വേദനാജനകമാണ്. സഹപ്രവർത്തകർ തമ്മിൽ അസംതൃപ്തികളുണ്ടെങ്കിൽ ഉള്ളുതുറന്നു സംസാരിക്കാനും കരടുകൾ അരിച്ചുകളഞ്ഞ് തെളിഞ്ഞ മനസ്സോടെ ചേർന്നിരിക്കാനും കഴിയുന്ന സാഹചര്യമൊരുക്കേണ്ടവർ കൂടിയാണ് നേതൃത്വം. ഗുണകാംക്ഷയുള്ള സുഹൃത്തുക്കളാവണം പ്രവർത്തകർ. സംഘടനാ കൂട്ടായ്മകൾ വ്യസന സംഹാരികളാവണം. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരിക്കുമ്പോൾ പറയാറുള്ളത് ‘നിങ്ങളെന്റെ വിഷാദങ്ങളെ മായ്ക്കുന്നവരാണ്’ എന്നായിരുന്നു.

റസൂൽ (സ്വ) യോട് സംസാരിക്കുന്ന ഓരോ വ്യക്തിക്കും റസൂലിന് മറ്റാരേക്കാളും ഇഷ്ടം തന്നോടാണെന്ന് തോന്നുമാറ് സ്നേഹമസൃണമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അതാവട്ടെ കേവലം കപടനാട്യങ്ങളായിരുന്നില്ല. സത്യസന്ധവും ആത്മാർത്ഥവുമായ സ്നേഹം. ഉമ്മത്തിനെ മുഴുവൻ അവിടുന്ന് സ്നേഹിച്ചു. അവസാനകാലംവരെ വരാനുള്ള അനുയായികളെ ഓർത്ത് കണ്ണുകൾ സജലങ്ങളായി . ‘ഇനിയും വന്നിട്ടില്ലാത്ത നമ്മുടെ സഹോദരങ്ങളെ കാണാൻ കൊതിയാവുന്നു’ എന്നദ്ദേഹം പറഞ്ഞു. റസൂൽ ഈ ലോകത്തോട് വിടപയുന്ന സന്ദർഭം, മരണവേദനയുടെ അസഹ്യമായ കൈപ്പുനീർ കുടിച്ചിറക്കുമ്പോൾ അവിടുന്ന് തന്റെ സമുദായത്തെ കുറിച്ചോർത്തു. ഈ വേദന എന്റെ ഉമ്മത്തിലെ എല്ലാവർക്കും ഉണ്ടാകില്ലേയെന്നും അത് പരമാവധി കുറച്ചു കൊടുക്കണേയെന്നും റബ്ബിനോട് പ്രാർത്ഥിച്ചു.

റസൂൽ(സ) നമുക്കു ബാക്കിവെച്ചുപോയ അവിടുത്തെ ചര്യയിൽ ഈ സ്നേഹപാഠങ്ങളുണ്ട്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാമൂഹികലയം സാക്ഷാൽകൃതമാവുന്നത് പ്രസ്തുത സ്നേഹപാഠങ്ങളുടെ ചേതോഹരമായ അനുവർത്തനത്തിലൂടെയാണ്. ഇസ്‌ലാമിക കൂട്ടായ്മ എന്നനിലയ്ക്ക് പ്രസ്ഥാനത്തിന്റെ വീടകം അല്ലാഹുവിന്റെ പേരിലുള്ള നിർമലമായ സ്നേഹബന്ധത്താൽ സുഗന്ധം നിറഞ്ഞതാവണം.