പരലോകത്തിനുവേണ്ടിയാകട്ടെ സമയക്രമീകരണവും കഠിനാധ്വാനവും
16 November 2018 | പ്രഭാപർവം
കണിശമായ ആസൂത്രണം, ആവേശം ചോരാത്ത അധ്വാനം-വിജയത്തിന്റെ മുന്നുപാധികൾ ഇവയാണെന്ന കാര്യത്തിൽ വ്യക്തിത്വവികസന വിദഗ്ധർക്കൊന്നും അഭിപ്രായവ്യത്യാസമില്ല. പ്രസന്നമായ മരണാനന്തര ജീവിതമാണ് യഥാർത്ഥ ജയമെന്ന് അറിവുള്ള മുസ്‌ലിംകൾ പരലോകത്തിനുവേണ്ടി ബോധപൂർവം സമയം ക്രമീകരിക്കേണ്ടവരും തളരാതെ പ്രയത്നിക്കേണ്ടവരുമാണ്. കാലം അതിവേഗതയിൽ സമ്മതം ചോദിക്കാതെ നമ്മെ കടന്നുപോകും. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സാധ്യമായതെല്ലാം ഒരായുസ്സിനുള്ളിൽ അടുക്കിവെക്കണമെങ്കിൽ നല്ല ജാഗ്രതയും നിശ്ചയദാർഢ്യവും കഠിനപരിശ്രമവും ആവശ്യമുണ്ട്.
ആസൂത്രണവും അധ്വാനവും കുറവായാൽ ജോലിയിലും ബിസിനസിലും പിരിമുറുക്കങ്ങളുണ്ടാക്കുന്ന പ്രതിസന്ധികൾ വന്നുനിറയുമെന്നത് ലീഡർഷിപ്പ് വർക്ക്ഷോപ്പുകളുടെയെല്ലാം ഊന്നിയുള്ള ഓർമ്മപ്പെടുത്തലാണ്. വരാനുള്ളതാണെന്ന് നേരത്തെ തന്നെ അറിവുള്ള ഒരു സാഹചര്യത്തെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പ് വേണ്ടത്രയില്ലാതെ അഭിമുഖീകരിച്ച് പരിഭ്രാന്തരാകുന്ന മനുഷ്യർ ആലസ്യത്തിന്റെയോ ആസൂത്രണപാടവമില്ലായ്മയുടെയോ ഇരകളാണ്. വിചാരണാവേളയിൽ അല്ലാഹുവിനുമുമ്പിൽ തലതാഴ്ത്തി നിന്ന് ‘ഞങ്ങൾ ഇപ്പോൾ പരലോകം കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു, ഇപ്പോൾ ഞങ്ങൾക്ക് ഉറപ്പായിരിക്കുന്നു, ഞങ്ങളെ ഇഹലാകത്തേക്ക് തന്നെ മടക്കൂ, ഞങ്ങൾ സൽകർമങ്ങൾ പ്രവർത്തിച്ചോളാം’ എന്ന ആശയത്തിൽ വർത്തമാനം പറയുന്ന ചിലരുണ്ടാകുമെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട് (32: 12). വിശ്വാസികൾ പരലോകത്തിന്റെ സത്യതയെക്കുറിച്ച് സംശയമുള്ളവരല്ല. പക്ഷേ അശ്രദ്ധയും നീട്ടിവെക്കലും പരലോകത്തിനുവേണ്ടിയുള്ള അധ്വാനങ്ങളിൽ വേണ്ടത്ര നിരതരാകുന്നതിൽ അലംഭാവമുള്ളവരാക്കി പലരെയും മാറ്റുന്നു. മരണം വന്ന് വിളിച്ചാൽ പിന്നെ നിരാശ തിരുത്തലുകൾക്ക് ഉപകാരപ്പെടില്ലെന്ന്, അറിയാമെങ്കിലും നാം മറന്നുപോകുന്ന നേരങ്ങളില്ലേ?
പരലോകത്തെയാണോ ഇഹലോകത്തെയാണോ ശരിക്കും പ്രധാനമായി കാണുന്നത് എന്ന് ഓരോരുത്തരും വളരെ സത്യസന്ധമായി സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും. വർത്തമാനകാല യാഥാർഥ്യമെന്ന നിലയിൽ ഇഹലോകത്തിന്റെ സന്തോഷങ്ങളിലേക്ക് വരാനിരിക്കുന്ന പരലോകത്തിന്റെ അനുഭൂതികളിലേക്കുള്ളതിനേക്കാളധികം മനസ്സ് ചായാനെളുപ്പമാണ്. തീർത്തും നശ്വരമായ ഐഹിക സുഖാനുഭവങ്ങളിൽ പ്രലോഭിതരായി ശാശ്വതമായ മരണാനന്തരജീവിതത്തെ വിദൂരമായിക്കാണാനും ‘അതിന് പണിയെടുക്കുന്നത് അത്രയൊക്കെ മതി’ എന്ന് ധരിക്കാനും ദേഹേഛകളുടെ രസതന്ത്രം പലപ്പോഴും നിമിത്തമാകും. ‘നിങ്ങൾ ദുൻയാവിലെ ജീവിതത്തെ കൂടുതൽ പരിഗണിക്കുന്നു, എന്നാൽ പരലോകമാണ് നല്ലതും ബാക്കിനിൽക്കുന്നതും’ എന്ന് ഖുർആൻ പറയുന്നുണ്ടല്ലോ. (87: 16, 17).
ദുൻയാവിനെ വളരെ ഗൗരവത്തിലെടുക്കാൻ ശരിക്കും വിശ്വാസിക്ക് കഴിയാൻ പാടില്ലാത്തതാണ്. സമുദ്രവ്യാപ്തിയെ പരലോക ജീവിതത്തോട് ഉപമിക്കാമെങ്കിൽ കടലിൽ മുക്കിയെടുത്ത ഒരു വിരലിലവശേഷിക്കുന്ന നേരിയ ജലാംശത്തിന്റെ വലുപ്പം മാത്രമാണ് ഇഹലോകത്തിനുള്ളതെന്ന് അന്ത്യപ്രവാചകൻ വിശദീകരിച്ചുതന്നിട്ടുണ്ട് (മുസ്‌ലിം). അതിനിസ്സാരവും അതീവഹൃസ്വവുമായ ദുൻയാവിന്റെ ശരിക്കുമുള്ള ഗൗരവം, അതിലെ നിലപാടുകളാണ് മരണാനന്തരജീവിതത്തിലെ ജയാപജയങ്ങളെ നിർണയിക്കുന്നത് എന്നതത്രെ. ഇഹലോക ജീവിതം സമൃദ്ധമാകുന്നത് ഭൗതികവിഭവങ്ങളുടെ ധാരാളിത്തം കൊണ്ടല്ല, പ്രത്യുത പരലോകത്തേക്കുള്ള കരുതിവെപ്പുകൾ കൊണ്ടാണ്. പണം കൊണ്ട് സമ്പന്നരായ ചിലർ മരിച്ചുപോകുന്നത് തീർത്തും ദരിദ്രരായും പട്ടിണിപ്പാവങ്ങളായ പലരും മരിച്ചുപോകുന്നത് അതിസമ്പന്നരായും ആണെന്ന് മനസ്സിലാകാൻ ചെയ്തുകൂട്ടുന്ന നന്മകൾ ആണ് മനുഷ്യന്റെ യഥാർത്ഥ സമ്പത്തെന്ന് ആലോചിച്ചാൽ മതി. ‘റബ്ബേ, ഇഹലോകത്ത് ഞങ്ങൾക്ക് നീ നന്മ പ്രദാനം ചെയ്യേണമേ, പരലോകത്തും നീ ഞങ്ങൾക്ക് നന്മ തന്നെ നൽകണേ, നരകാഗ്നിയിൽ നിന്ന് ഞങ്ങളെ കാക്കണേ’ (റബ്ബനാ ആതിനാ ഫിദ്ദുൻയാ ഹസനതൻ വഫിൽ ആഖിറതി ഹസനതൻ വഖിനാ അദാബന്നാർ) എന്ന പ്രശസ്തമായ പ്രാർത്ഥനയിൽ താബിഈവര്യനായ ഹസനുൽ ബസരി ഇഹലോകത്തെ നന്മ കൊണ്ട് ഉദ്ദേശിച്ചത് മതപരമായ അറിവും തദടിസ്ഥാനത്തിൽ അല്ലാഹുവിന് ഇബാദത് ചെയ്യുന്ന അവസ്ഥയും ആയിരുന്നു. (തിർമിദി). ദുൻയാവ് നന്നാവുകയെന്ന് പറഞ്ഞാൽ പരലോകം നന്നാകാൻ ഉപകാരപ്പെടുന്ന ഇഹലോക ജീവിതം ലഭിക്കുകയെന്നാണ് പൂർവികർ പ്രധാനമായും മനസ്സിലാക്കിയിരുന്നത്. മടങ്ങിപ്പോകാനുള്ളവരാണെന്ന് മറന്നുപോകുമ്പോഴാണല്ലോ, ഈ ഭൂമിയിൽ നമ്മുടെ മനസ്സ് ലയിച്ചുപോകുന്നത്. നേരത്തെ വിട പറഞ്ഞവർ അടക്കം ചെയ്യപ്പെട്ടിട്ടുള്ള ശ്മശാനങ്ങൾ സന്ദർശിക്കുക, അത് നിങ്ങളിൽ പരലോക ബോധമുണ്ടാക്കും എന്നാണല്ലോ മുത്തുനബി ഉപദേശിച്ചത്. (തിർമിദി). ഖബ്‌റുകൾക്കരികിൽ ചെല്ലുന്നത് മനുഷ്യന്റെ സാക്ഷാൽ കിടപ്പറയെക്കുറിച്ച് ആരിലാണ് ആലോചനകളുണർത്താതിരിക്കുക!
പരലോകത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളിൽ നമസ്കാരവും നോമ്പും സകാതും ഉംറയും ഹജ്ജും ദിക്‌ർ-ദുആഉകളും പോലുള്ള അനുഷ്ഠാനകർമങ്ങൾ തീർച്ചയായും വളരെ പ്രധാനപ്പെട്ടവയാണ്. എന്നാൽ അവ മാത്രമല്ല അല്ലാഹു നമ്മിൽ നിന്നാവശ്യപ്പെടുന്ന ആരാധനകൾ. ദീനീ ദഅവത്തിന്റെ രംഗത്ത് ചെലവഴിക്കാൻ നമുക്കൊക്കെ എത്ര സമയം/ഊർജ്ജം ഉണ്ട് എന്നത് ആത്മാർത്ഥമായ ആത്മപരിശോധനകൾ ആവശ്യപ്പെടുന്ന ചോദ്യമാണ്. ദീൻ ദഅവത്ത് ചെയ്തതിന്റെ പേരിൽ ശരിക്കും ഇഹലോക ജീവിതം ‘നഷ്ടപ്പെട്ട’വരായിരുന്നു പ്രവാചകനും സഹാബിമാരും. അല്ലേ? മക്കയിൽ പീഡനങ്ങളുടെ നൈരന്തര്യം, മദീനയിൽ ആദർശസമൂഹത്തിന്റെ നിലനിൽപിനുവേണ്ടി ത്യാഗപൂർണമായ യുദ്ധങ്ങളുടെ നൈരന്തര്യം! പക്ഷേ അവർ ജീവിതം ‘നേടുക’യായിരുന്നുവെന്ന് നമുക്കറിയാം. അഹ്‌സാബ് യുദ്ധസന്ദർഭത്തിൽ ലോകത്തിന്റെ റസൂൽ വയറിൽ കല്ലുകെട്ടി മണ്ണിലാഞ്ഞുവെട്ടി കിടങ്ങുകുഴിക്കുകയാണ്. വിയർത്തൊലിക്കുന്ന നബിയുടെ നെഞ്ചിലെ തിങ്ങിയ രോമങ്ങളിൽ മൺതരികൾ ചിതറി തങ്ങിനിൽക്കുന്നു. അനുചരർ താൻ കുഴിച്ചുമാറ്റിയ മണ്ണ് കൊട്ടകളിലേറ്റി നടക്കുന്നത് കണ്ട ഹബീബ് പറഞ്ഞു: ‘അല്ലാഹുവേ, ജീവിതം ഇല്ല, പരലോകത്തെ ജീവിതമല്ലാതെ!’ (ബുഖാരി, മുസ്‌ലിം, തിർമിദി). ‘പകരമായി സ്വർഗം തിരിച്ചുനൽകുമെന്ന വ്യവസ്ഥയിൽ അല്ലാഹു സത്യവിശ്വാസികളിൽനിന്ന് അവരുടെ ഇഹലോക ജീവിതവും സമ്പത്തും കച്ചവടമുറപ്പിച്ച് വാങ്ങിയിരിക്കുന്നു’ എന്ന ഉദ്ദേശ്യത്തിലുള്ള ഖുർആൻ വചനത്തിന്റെ (9: 111) സാരം കാണണമെങ്കിൽ മുഹമ്മദ് നബിയുടെയും അരുമ ശിഷ്യരുടെയും ത്യാഗപൗർണമിയിലേക്ക് നോക്കാം.
ജീവിതം അറിവിന്റെ സമാഹരണത്തിനും പ്രസരണത്തിനും നീക്കിവെച്ച മഹാപണ്ഡിതർ ഈ ഉമ്മത്തിലുണ്ടായത് നൽകപ്പെട്ട സമയം അല്ലാഹുവിന്റെ ദീനിനെ സേവിക്കാനുള്ള അശ്രാന്തപരിശ്രമങ്ങൾ വഴിയാണ് സാർത്ഥകമാക്കേണ്ടതെന്ന ബോധ്യം ഇസ്‌ലാം പകരുന്നതുകൊണ്ടാണ്. ധിഷണയും ഭാഷയും കൊണ്ടനുഗ്രഹിക്കപ്പെട്ട എത്ര പേർക്ക് ഇന്ന് അതുപോലെ ഇസ്‌ലാമിക പഠനഗവേഷണങ്ങൾക്കും ബൃഹദ് രചനകൾക്കുമായി ആയുസ്സ് സമർപ്പിക്കാനാകുന്നുണ്ട്? ആഖിറനാളിനെക്കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിയിപ്പുകൾ ജീവിതത്തിന്റെ സിംഹഭാഗവും വിജ്ഞാന പ്രചരണത്തിനായി വിട്ടുനൽകാൻ അഭ്യസ്തവിദ്യരും ബുദ്ധിജീവികളുമായ മുസ്‌ലിം ചെറുപ്പക്കാരെ പ്രേരിപ്പിക്കേണ്ടതല്ലേ? ഇസ്‌ലാമിന് സമയം നൽകാനും ഇസ്‌ലാമിനുവേണ്ടി അതിവേഗതയിൽ
പണിയെടുക്കാനും കഴിയുമ്പോൾ നമ്മുടെ ശരീരം ഇഹലോകത്തും മനസ്സ് പരലോകത്തുമാകും. ഓർക്കുക, താൻ ഭക്ഷണം കഴിക്കുന്നത് അമിതമായാൽ ഉറക്കം അമിതമാകുമെന്നും അത് ഇൽമിന്റെ മാർഗത്തിൽ കിട്ടുന്ന സമയത്തെ കുറയ്ക്കുമെന്നും ഭയന്ന ഇമാം നവവിയുടെ പാരമ്പര്യമാണ് ഇസ്‌ലാമിക സമൂഹത്തിന്റേത്.
അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ചുള്ള തിരക്കുപിടിച്ച ഓട്ടമായിരുന്നു അവർക്ക് ആയുസ്സ്. അടിയന്തിരമായി നിർവഹിക്കപ്പെടേണ്ട എത്രയെത്ര വൈജ്ഞാനിക ദൗത്യങ്ങളാണ് കാലം മുസ്‌ലിംകളെ ഇപ്പോഴേൽപിക്കുന്നത്! ഒഴിവുകിട്ടിയാൽ അതൊക്കെ ചെയ്യണമെന്നല്ല, അതൊക്കെ ചെയ്തുതീർത്ത ശേഷമാണ് നമുക്കൊഴിവുണ്ടാവുകയെന്നാണ് സമുദായം തീരുമാനിക്കേണ്ടത്; പരലോകമാണ് നമ്മുടെ മുൻഗണനകൾ നിശ്ചയിക്കുന്നതെങ്കിൽ!