Logo

 

റമദാൻ: പങ്കുവെക്കാം, കരുതാം

29 April 2020 | Uncategorized

By

കണ്ണൂരുകാർ ഒരു റമദാനിന് ചെലവഴിക്കുന്ന പണമുണ്ടെങ്കിൽ ഞാൻ കേരളത്തിൽ ഒരു യൂണിവേഴ്‌സിറ്റി കൂടി പണിത് തരാമെന്ന് കോഴിക്കോട് സർവകലാശാല സ്ഥാപിച്ച മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞുവത്രേ. ഞാൻ എവിടെ നിന്നോ കേട്ടതാണ്, തൽകാലം അത് ശരിയെന്ന് കരുതട്ടെ. പക്ഷേ, കഴിഞ്ഞ പത്ത്‌ വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഇത് കണ്ണൂരിലെ മാത്രം അവസ്ഥയല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലായിടത്തും റമദാൻ മാസം എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങളും വിഭവങ്ങളും സൃഷ്ടിക്കുന്ന അത്ഭുതപ്പെടുത്തുന്ന രുചികളുടെയും കാഴ്ചകളുടെയും കലവറയായിരുന്നു.

സാധാരണ റമദാൻ പോലെയല്ല ഈ വർഷത്തേത് എന്ന ഉത്തമ ബോധ്യത്തോടെയാണ് നമ്മർ ഓരോരുത്തരും ഉള്ളത്. പലതരത്തിലുള്ള തിരിച്ചറിവുകൾക്കും കാരണമാകേണ്ട സഹചര്യം കൂടിയാണിത്. ലക്ഷങ്ങൾ ചെലവഴിച്ച്‌ അത്യാഢംബരത്തോടെ നടത്താനിരുന്ന വിവാഹങ്ങൾ കേവലം വിരലിലെണ്ണാവുന്ന വ്യക്തികളിൽ പരിമിതമായ ചടങ്ങുകളായി മാറി. അത്യാവശ്യമില്ലാത്ത വിവാഹപൂർവ്വ, വിവാഹാനന്തര ചടങ്ങുകൾ ഇല്ലാതായി. ചിന്തിക്കുന്നവർക്ക് വ്യക്തമായ ഗുണപാഠങ്ങൾ ഇതിലുണ്ട്. അത് തന്നെയാണ് ഈ റമദാൻ മാസത്തിലും തുടരാൻ പോകുന്നത്. നമ്മുടെ വിഭവസമൃദ്ധിക്കോ സമ്പന്നതക്കോ ഇത്തവണ പ്രസക്തിയില്ല. നമ്മുടെ സമസൃഷ്ടികളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും സഹായസഹകരണത്തിന്റെയും പേരിലാകും നമ്മെ പടച്ച നമ്മുടെ രക്ഷിതാവും നമ്മുടെ സമൂഹവും ഈ മാസം കഴിച്ചുകൂട്ടുന്ന ഒരു മുസ്‌ലിമിനെ വിലയിരുത്തുക.

ഈയൊരു മഹാമാരിയുടെ കാലത്ത് തൊഴിലിനുപോലും പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുന്ന ആയിരങ്ങൾ നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നെയുണ്ടാകും. അവർ ഈ രോഗവ്യാപനത്തിൽ നിന്നും ഞാനും നിങ്ങളുമടങ്ങുന്ന നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ വേണ്ടി പ്രതിജ്ഞ ചെയ്ത് വീടുകളിലിരിക്കുന്നവരാണ്. അവർ നോമ്പുകാരല്ലാത്തവരാണെങ്കിൽ പകൽ പട്ടിണിയാകാതെയും നോമ്പുകരായ മുസ്ലീങ്ങളാണെങ്കിൽ പുലർച്ചെ അത്താഴത്തിനും നോമ്പ് തുറക്കുമ്പോഴും ഭക്ഷണം കഴിക്കാനില്ലാത്ത അവസ്‌ഥയും ഉണ്ടാകാതെ ശ്രദ്ധിക്കണം. നമ്മൾ അവരെ സംരക്ഷിക്കണം. നമുക്ക് അതിനുള്ള സമ്പത്തില്ലെങ്കിൽ സമ്പന്നരോട് ചോദിച്ച് വാങ്ങി നൽകുന്നതും നന്മതന്നെയാണ്.

ഭക്ഷണത്തെ അതിന്റെ ആവശ്യക്കാരന് നൽകാൻ അനവധി വ്യവസ്ഥകൾ കൊണ്ടുവന്ന മതമാണ് ഇസ്‌ലാം. പല തെറ്റുകളുടെയും പരിഹാരം ദരിദ്രർക്ക് ഭക്ഷണം നൽകുക എന്നതാണ്. റമദാൻ മാസത്തിൽ നോമ്പ് പിടിക്കാൻ കഴിയാത്ത രോഗികളും യാത്രക്കാരും പിന്നീട് നോമ്പ് പിടിച്ചു വീട്ടുക, അല്ലെങ്കിൽ ഒരു നോമ്പിന് പകരം ഒരു സാധുവിന് ഒരു നേരത്തെ അന്നം നൽകുക എന്നതാണ് ഇസ്‌ലാമിലെ നിയമം. അതുപോലെ ആഹാരം നൽകുക എന്നത് തന്നെയാണ് ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കുമുള്ള വിധിയും.

ശപഥം ലംഘിക്കുന്നവർക്കുള്ള പ്രായശ്ചിതങ്ങളിൽ ഒന്ന് പാവപ്പെട്ട പത്ത് പേർക്ക് ഭക്ഷണം നൽകുക എന്നതാണ്. വേട്ടയാടാൻ പാടില്ലാത്ത സമയത്ത്‌ മസ്ജിദുൽ ഹറമിൽ വേട്ടയാടിയാൽ അതിന്റെ പ്രായശ്ചിത്തമായി വേട്ടയുടെ ഗൗരവത്തിനനുസരിച്ചുള്ള ഭക്ഷണം പാവങ്ങൾക്ക് നൽകണം. ഭാര്യ മാതാവിനെപോലെയാണ് എന്ന സംസാരം ഇസ്‌ലാമിൽ വളരെ ഗൗരവമുള്ള തെറ്റാണ്. അതിനുള്ള ഒരു പ്രായശ്ചിത്തവും ചെയ്യാൻ കഴിയാത്തവർ അറുപത് ദരിദ്രർക്ക് ഒരു നേരത്തെ ആഹാരം നൽകുക എന്നതാണ് വിധി. ഒരാളുടെ തെറ്റിനുള്ള പ്രായശ്ചിത്തം മറ്റൊരാളുടെ വിശപ്പ് ശമിപ്പിക്കാനാകുക എന്ന വ്യവസ്ഥിതി മനസ്സിലാക്കുമ്പോൾ ഇസ്‌ലാം എത്രമാത്രം സമൂഹത്തിലെ ദരിദ്രരെ പരിഗണിക്കുന്നുണ്ട് എന്ന് അത്ഭുതപ്പെട്ട് പോകും.

അനാഥ സംരക്ഷണത്തിനൊപ്പം നിരവധി സ്ഥലങ്ങളിൽ ദരിദ്രരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. ദരിദ്രനെ അകറ്റി നിർത്തുകയും ധനികരെ ക്ഷണിക്കുകയും ചെയ്യുന്ന സൽക്കാരമാണ് ഏറ്റവും മോശമായ സൽക്കാരം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ദാനം നൽകുന്നത് കൊണ്ട് ദരിദ്രനായി പോകില്ല എന്നും നബി(സ) പറഞ്ഞതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും.

ഈ റമദാൻ എന്തുകൊണ്ടും ഉത്തമമായ ഒരു മാസമായി മാറേണ്ടതുണ്ട്. സമൂഹ നോമ്പ്തുറക്ക് വേണ്ടി നമ്മൾ കരുതിവെച്ച സമ്പത്തും വിഭവങ്ങളും പ്രയാസമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ വീടുകളിലെത്തിക്കണം. നമ്മൾ ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെയും ദാനധർമ്മങ്ങൾക്ക് പ്രേരിപ്പിക്കണം. സാമൂഹിക അകലം പാലിച്ചുകൊണ്ട് മനസ്സുകൾ തമ്മിലുള്ള അകലം ഇല്ലാതാക്കികൊണ്ട് നമുക്കൊപ്പം നമുക്ക് ചുറ്റുമുള്ളവരും ഈ റമദാനിൽ സന്തോഷിക്കട്ടെ. പരസ്പര സ്നേഹവും കരുതലും പങ്കുവെപ്പുകളും നിറഞ്ഞു നിൽക്കുന്ന ഉദാത്തമായൊരു പുണ്യമാസത്തെ സൃഷ്ടിക്കാൻ നമുക്ക് കൈകോർക്കാം. സർവശക്തനായ അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ. ആമീൻ.


Tags :


ആഷിഖ് ഷാജഹാൻ