Obituary

അവരുടെ ‘ഉപ്പ’ വിട പറഞ്ഞു!

By Admin

December 22, 2023

വയനാട് മുസ്‌ലിം യതീംഖാനയുടെ സാരഥിയും, വയനാട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റുമായ എം.എ മുഹമ്മദ്‌ ജമാൽ സാഹിബ്‌ വിടവാങ്ങി. ദീർഘകാലം യതീംഖാനയുടെ ജനറൽ സെക്രട്ടറിയായ അദ്ദേഹം യതീംഖാനയിലെ കുട്ടികൾക്ക് പിതാവിന്റെ സ്ഥാനത്തായിരുന്നു. അത് കൊണ്ട് തന്നെ കുട്ടികൾ അദ്ദേഹത്തെ ‘ഉപ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്.

വയനാട് മുസ്‌ലിം ഓർഫനേജ് നാളിതുവരെ കൈവരിച്ച മുഴുവൻ പുരോഗതിയിലും, ഓർഫനേജിന് കീഴിൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന മറ്റു സ്ഥാപനങ്ങളുടെ വളർച്ചയിലും ജമാൽ സാഹിബിന്റെ നിസ്വാർത്ഥമായ സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. പകരം വെക്കാനില്ലാത്ത വിധം അദ്ദേഹം യതീംഖാനയുമായി ഇഴകി ചേർന്നിരുന്നു.

യതീംഖാനയുടെ ആദ്യകാല ജനറൽ സെക്രട്ടറിയായിരുന്ന വി കുഞ്ഞബ്ദുള്ള ഹാജിയുടെ നിര്യാണത്തെതുടർന്ന് സാരഥ്യമേറ്റെടുത്ത ജമാൽ സാഹിബ്‌ സ്ഥാപനത്തിന്റെ പരിമിതികളും, കുട്ടികളുടെ പ്രയാസങ്ങളും മനസ്സിലാക്കി വിവിധ ഗൾഫ് നാടുകളിലൂടെ സഞ്ചാരിച്ച് യതീംഖാനക്ക്‌ വെൽഫയർ കമ്മിറ്റികൾ രൂപീകരികരിക്കുന്നതിന് നേതൃത്വം നൽകുകയുണ്ടായി.

ദമ്മാം കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട സൗദി ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റിയിൽ 1993 മുതൽ 99 വരെയുള്ള കാലത്ത് പ്രവർത്തിക്കാനുള്ള അവസരം എനിക്കുമുണ്ടായി. ആ ഘട്ടത്തിൽ ജമാൽ സാഹിബുമായി കൂടുതൽ അടുക്കാനും അദ്ദേഹത്തെ അടുത്തറിയാനും സാധിച്ചിട്ടുണ്ട്.അദ്ദേഹത്തോടൊന്നിച്ചുള്ള സഹവാസം ഏറെ ഊഷ്മളമായ ഓർമ്മകളാണ്. ഓർഫനേജിന്റ ആവശ്യങ്ങൾക്കായി ഞങ്ങളുടെ അടുത്തേക്ക് വന്നാൽ ആദ്ദേഹത്തെ ഒരു അതിഥിയായി കാണുന്നതോ പരിഗണിക്കുന്നതോ അദ്ദേഹത്തിന് തീരെ ഇഷ്ട്ടമായിരുന്നില്ല. ഞങ്ങളോടൊപ്പം താമസിച്ച്, ഞങ്ങൾ കഴിക്കുന്നത് കഴിച്ച്, ഞങ്ങളിലൊരാളാവാനായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. ഞാൻ അവിടെ ഉണ്ടായിരുന്ന സമയങ്ങളിൽ ദമ്മാമിൽ വന്നപ്പോഴൊക്കെ എന്നോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

ഞാൻ പ്രവാസിയായിരുന്ന കാലത്തുണ്ടായ ഒരു അനുഭവം പറയാം, പൊതുവെ ഗൾഫുകാർ, അവരവരുടെ ഡ്യൂട്ടിക്ക് അനുസരിച്ചാണെല്ലോ രാവിലെ എഴുനേൽക്കുക. ഞങ്ങളുടെ മുറിയിൽ എനിക്കാണ് അന്ന് കാലത്തു ഡ്യൂട്ടിയുള്ളത്. അതിനാൽ തന്നെ ഞാൻ നേരത്തെ എഴുന്നേൽക്കും. ഒരിക്കൽ ജമാൽ സാഹിബ് മുറിയിലുള്ള ദിവസം ഞാൻ രാവിലെ എഴുന്നേറ്റ് അദ്ദേഹത്തിന് മധുരമിടാത്ത ഒരു കട്ടൻചായ ഉണ്ടാക്കികൊടുത്തു. പിറ്റേ ദിവസം ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ കാണുന്നത് എനിക്ക് കട്ടൻചായയുമായി വരുന്ന ജമാൽക്കയെയാണ്. എനിക്കതിൽ വല്ലാത്ത പ്രയാസം തോന്നി, ‘ഇത് വേണ്ടായിരുന്നു’ എന്ന് ഞാൻ പറഞ്ഞപ്പോൾ അതെന്താ ഞാനും നിങ്ങളിരൊളല്ലേ എന്നതായിരുന്നു മറുപടി.

എന്നും ഗൾഫ് നാടുകളിലെ, കെഎംസിസി, യതീം ഖാന വേദികളിലെ സ്ഥിരം സാനിധ്യമായിരുന്നു ജമാൽ സാഹിബ്‌. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏറെ സരസവും ഹൃദ്യവുമായിരുന്നു. പഴയകാല ലീഗ് നേതാക്കളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിനെ ഒരു അനുഗ്രഹമായി അദ്ദേഹം എന്നും സ്മരിക്കാറുണ്ടായിരുന്നു.

അനാഥ മക്കളുടെ ആവശ്യങ്ങൾക്കായി നിരന്തരം യാത്ര പോവുന്നത് അദ്ദേഹത്തിന് ഹരമായിരുന്നു. പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച് സഹപ്രവർത്തകർ എത്ര തടയാൻ ശ്രമിച്ചാലും എങ്ങനെയെങ്കിലും റിസ്ക്കെടുത്ത് അദ്ദേഹം യാത്രയാവും. അത്തരമൊരു യാത്രയിലാണ് ഖത്തറിൽ വെച്ച് അസുഖ ബാധിതനാവുന്നതും പിന്നീട് ഇന്ന് കോഴിക്കോട് വെച്ച് മരണപ്പെടുന്നതും.

സർവ്വ ശക്തനായ നാഥൻ അദ്ദേഹത്തിൽ വല്ല വീഴ്ചകളും വന്നിട്ടുണ്ടെങ്കിൽ അവയൊക്കെ പൊറുത്തു കൊടുത്ത് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.