Logo

 

‘അമേരിക്ക ഉണ്ടാകുന്നതിനുമുമ്പ്‌ തന്നെ സുഊദി അറേബ്യ ഉണ്ട്‌’- ട്രംപിന് മറുപടിയുമായി മുഹമ്മദ്‌ ബിൻ സൽമാൻ

6 October 2018 | Middle East

By

രിയാദ്‌: അമേരിക്കൻ പ്രസിഡെന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌ സുഊദി അറേബ്യക്കെതിരിൽ ഉതിർത്ത പരിഹാസങ്ങൾക്ക്‌ മറുപടിയുമായി സുഊദി കിരീടാവകാശി മുഹമ്മദ്‌ ഇബ്നു സൽമാൻ. അമേരിക്കൻ മാധ്യമഗ്രൂപ്പായ ബ്ലൂംബെർഗിന്റെ പ്രതിനിധികൾക്ക്‌ രിയാദിലെ രാജകൊട്ടാരത്തിൽ വെച്ച്‌ നൽകിയ അഭിമുഖത്തിലാണ്‌ മുഹമ്മദ്‌ ട്രംപിന്റെ പരാമർശങ്ങളോട്‌ പ്രതികരിച്ചത്‌. സുഊദി രാജകുടുംബത്തിൽ നിന്ന് അമേരിക്കയുടെ മുഖത്തുനോക്കി കടുത്ത സ്വരത്തിൽ മറുപടി വന്നത്‌ രാഷ്ട്രീയ നിരീക്ഷകരിൽ പലരെയും ഞെട്ടിക്കുന്നതാണ്‌.

വർധിക്കുന്ന എണ്ണവില അമേരിക്കക്കുണ്ടാക്കുന്ന പ്രയാസങ്ങളെ സംബന്ധിച്ച്‌ പൗരന്മാരോട്‌ പ്രസംഗിക്കവേയാണ്‌ പ്രെസിഡെന്റ്‌ ട്രംപ്‌ സുഊദിക്കെതിരിൽ പരാമർശങ്ങൾ നടത്തിയിരുന്നത്‌. എണ്ണ വില വർധിപ്പിക്കുന്ന സുഊദി രാജാവ്‌ സൽമാൻ സുഊദിയുടെ സുരക്ഷ നിലനിൽക്കുന്നത്‌ അമേരിക്ക നൽകുന്ന സൈനിക സന്നാഹങ്ങളുടെ ബലത്തിലാണെന്ന് ഓർക്കണമെന്നും അതിന്‌ അമേരിക്കയോട്‌ ആ രാജ്യം കടപ്പെട്ടു നിൽക്കണമെന്നും അമേരിക്കയുടെ പിന്തുണയില്ലാതെ രണ്ട്‌ ആഴ്ച പോലും സുഊദി അറേബ്യക്ക്‌ അതിജീവിക്കാനാകില്ലെന്നും ‘രാജാവ്‌’ എന്നൊക്കെ പറയുമ്പോൾ രാജ്യസുരക്ഷ തങ്ങളുടെ വകയാണെന്ന ഓർമ്മ സൽമാന്‌ ഉണ്ടാകണം എന്നുമെല്ലാം ധ്വനിപ്പിച്ചുകൊണ്ടാണ്‌ ട്രംപ്‌ പ്രസംഗത്തിൽ സുഊദിക്ക്‌ എണ്ണവില കുറയ്ക്കാനുള്ള ‘ശാസന’ നൽകിയിരുന്നത്‌.

ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി നൽകിക്കൊണ്ട്‌ എണ്ണവില അമേരിക്ക പറയുന്നതിനനുസരിച്ച്‌ കുറയ്ക്കാൻ ആവില്ലെന്നും അത്‌ അന്താരാഷ്ട്ര വിപണിയിലെ ഒരുപാട്‌ ഘടകങ്ങളെ ആശ്രയിച്ചുനിൽക്കുന്ന കാര്യമാണെന്നും മുഹമ്മദ്‌ ബ്ലൂംബെർഗ് അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയുടെ ഏതെല്ലാം സുരക്ഷാ സന്നാഹങ്ങൾ ഇതുവരെ തങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ, അതെല്ലാം പണം കൊടുത്ത്‌ വാങ്ങിയതാണ്‌. അല്ലാതെ അമേരിക്ക സൗജന്യമായി നൽകിയവയല്ല. അവയുടെ പേരിൽ കൂടുതൽ പണം നൽകാനോ എണ്ണവില കുറയ്ക്കാനോ ആവില്ല. സുരക്ഷാ സന്നാഹങ്ങൾ വേറെ രാജ്യങ്ങളോട്‌ വിലകൊടുത്ത്‌ വാങ്ങാനും സുഊദിക്ക്‌ പദ്ധതികളുണ്ട്‌. ഇപ്പോൾ അമേരിക്കയോട്‌ തന്നെ വാങ്ങുന്നത്‌ ഒരു വ്യവസായ നേട്ടമായി കരുതി അതിനെ നിലനിർത്താനാണ്‌ അമേരിക്ക ശ്രദ്ധിക്കേണ്ടത്‌- മുഹമ്മദ്‌ സൂചിപ്പിച്ചു.

‘1744 മുതൽ നിലവിലുള്ള രാജ്യമാണ്‌ സുഊദി. അതിനർത്ഥം അമേരിക്കൻ ഐക്യനാടുകൾ നിലവിൽ വരുന്നതിന്‌ മൂന്ന് പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ സുഊദി ഇവിടെ ഉണ്ടെന്നാണ്‌’- ട്രംപിനോടായി മുഹമ്മദ്‌ അഭിമുഖത്തിൽ പറഞ്ഞു. ‘അമേരിക്ക മുൻകാലങ്ങളിൽ വർഷങ്ങളോളം സുഊദിക്കെതിരിൽ അജൻഡകൾ ഉണ്ടാക്കിയിട്ടുണ്ട്‌. മിഡിൽ ഈസ്റ്റിലെ സുഊദി താൽപര്യങ്ങൾക്കെതിരിൽ അമേരിക്ക നിലകൊണ്ടിട്ടുണ്ട്‌. പക്ഷേ അതൊന്നും വിലപ്പോയില്ല, സുഊദി തന്നെ വിജയിച്ചു’-അമേരിക്ക സുഊദിയുമായി പുലർത്തുന്ന ചങ്ങാത്തം അമേരിക്കയുടെ വിജയമല്ല, മറിച്ച്‌ സുഊദിയുടെ ചെറുത്തുനിൽപുകളുടെ ഫലമായുണ്ടായ അനിവാര്യതയാണെന്ന നിലപാടെടുത്തുകൊണ്ട്‌ മുഹമ്മദ്‌ ഇബ്നു സൽമാൻ പറഞ്ഞു. ‘ദീർഘമായ നൂറ്റാണ്ടുകളിലേക്ക്‌ സുഊദിയുടെ ഭാവി ഭദ്രമാണ്‌. ‘സുഹൃത്തുക്കളും’ ചിലപ്പോഴൊക്കെ വിമർശനങ്ങൾ ഉന്നയിച്ചേക്കും എന്ന് ഞങ്ങൾക്ക്‌ അറിയാം. അവയ്ക്ക്‌ മറുപടി പറയുക എന്നതാണ്‌, അല്ലാതെ ബന്ധം വിഛേദിക്കുക എന്നതല്ല ഞങ്ങളുടെ നയം’ -കിരീടാവകാശി തുടർന്നു.


mm

Admin