Middle East

മലയാളിയായ ഗുരുനാഥനെക്കുറിച്ച്‌ സുഊദി പണ്ഡിതന്റെ അനുസ്മരണ ലേഖനം

By Admin

July 11, 2018

രിയാദ്‌: തന്റെ മലയാളിയായ ഗുരുനാഥനെ വിശദമായി അനുസ്മരിച്ചുകൊണ്ട്‌ ജോർദാനിയൻ പശ്ചാതലമുള്ള സുഊദി പണ്ഡിതന്റെ ദീർഘലേഖനം. മലയാളിയായ ശൈഖ്‌ അബ്ദുസ്സമദ്‌ അൽ കാതിബിന്റെ (1931-2010) ജീവചരിത്രവും സവിശേഷതകളും സമഗ്രമായി രേഖപ്പെടുത്തുന്ന പ്രബന്ധം എഴുതിയിരിക്കുന്നത്‌ രിയാദിലെ ഇമാം മുഹമ്മദ്‌ ഇബ്നു സുഊദ്‌ സർവകലാശാലയിലെ അധ്യാപകനും സുഊദിയിലെ പ്രശസ്തനായ ഹദീഥ്‌ പണ്ഡിതനും ആയ ശൈഖ്‌ ആസിം ഇബ്നു അബ്ദില്ലാഹ്‌ അൽ ക്വർയൂതീ. തന്റെ വെബ്സൈറ്റിൽ അദ്ദേഹം ലേഖനം പ്രാധാന്യപൂർവ്വം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ (http://alqaryooti.com/?p=669).

ഖിലാഫത്‌-കോൺഗ്രസ്‌ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തെത്തുകയും കേരള മുസ്‌ലിം ഐക്യസംഘം (1922), കേരള ജംഇയ്യതുൽ ഉലമാ (1924), മലബാർ മുസ്‌ലിം ലീഗ്‌ (1937), തിരൂരങ്ങാടി യതീം ഖാന (1943), ഫാറൂഖ്‌ കോളജ്‌ (1948), കേരള നദ്‌വതുൽ മുജാഹിദീൻ (1950) എന്നിവയുടെ സ്ഥാപനത്തിലും പുരോഗതിയിലും ഏറ്റവും നിർണായകമായ പങ്ക്‌ വഹിക്കുകയും ചെയ്ത വിശ്രുതനായ മലയാളി സലഫീ പണ്ഡിതൻ കെ എം മൗലവിയുടെ പുത്രൻ ആണ്‌ അബ്ദുസ്സമദ്‌ അൽ കാതിബ്‌. നാൽപതുകളുടെ ഒടുവിൽ സുഊദിയിൽ മതപഠനത്തിനെത്തിയ അദ്ദേഹം ദീർഘകാലത്തെ പഠനത്തിലൂടെ സുഊദിയിലെ പ്രമുഖ പണ്ഡിതന്മാരുടെ നിരയിലേക്ക്‌ ഉയരുകയും സുഊദി പൗരത്വത്തിനർഹനാവുകയും സുഊദി സർവകലാശാലകളിൽ അധ്യാപകനാവുകയും ചെയ്ത അപൂർവ മലയാളിയാണ്‌. മദീനയിൽ ആയിരുന്നു സ്ഥിരതാമസം ആക്കിയത്‌. അവിടെവെച്ചു തന്നെയായിരുന്നു അന്ത്യവും. ലോകപ്രശസ്തരായ സുഊദി പണ്ഡിതന്മാരിൽ ചിലരുടെ സഹപാഠിയും ചിലരുടെ സഹപ്രവർത്തകനും ചിലരുടെ അധ്യാപകനും ആയിരുന്നു ശൈഖ്‌ അബ്ദുസ്സമദ്‌. സാലിഹ്‌ ഇബ്നു ഉഥയ്മീൻ രിയാദിൽ അദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു. ഇബ്നുബാസ്‌ മുതൽ അൽബാനി വരെയുള്ള ഭുവനപ്രശസ്തരായ സലഫീ പണ്ഡിതന്മാരുടെ സ്നേഹാദരവുകൾക്ക്‌ അദ്ദേഹം അർഹനായി. അനന്തരാവകാശ നിയമങ്ങളിലുള്ള സവിശേഷമായ അവഗാഹമാണ്‌ ശൈഖ്‌ അബ്ദുസ്സമദിനെ സുഊദി പണ്ഡിതന്മാർക്കിടയിൽ ശ്രദ്ധേയനാക്കിയത്‌. അദ്ദേഹം ഇവ്വിഷയകമായി രചിച്ച കിതാബുൽ ഫറാഇദ്‌ എന്ന ഗ്രന്ഥം സുഊദിയിൽ പാഠപുസ്തകവും അറബ്‌ പണ്ഡിതലോകത്തിന്റെ പ്രധാന അവലംബവും ആണ്‌.

ശൈഖ്‌ അബ്ദുസ്സമദിന്റെ ജനനത്തെക്കുറിച്ചും പിതാവ്‌ കെ എം മൗലവിയുടെ മഹത്വത്തെക്കുറിച്ചും കേരളത്തിൽ അബ്ദുസ്സമദ്‌ സാഹിബിന്റെ ഉസ്താദുമാരായിരുന്ന ഇസ്‌ലാഹീ ‌ പണ്ഡിതന്മാരെക്കുറിച്ചും കെ എം മൗലവി ഹജ്ജിന്‌ വന്നപ്പോൾ മദീനയിലെ പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ്‌ അബ്ദുർറഹ്മാൻ ഇബ്നു യൂസുഫ്‌ അഫ്രീകിയുമായി നടത്തിയ സംഭാഷണം അബ്ദുസ്സമദിന്റെ സുഊദി ജീവിതത്തിന്‌ അടിത്തറയായതിനെക്കുറിച്ചും പറഞ്ഞുകൊണ്ട്‌ ശൈഖ്‌ അബ്ദുസ്സമദിന്റെ പഠന, അധ്യാപന, പണ്ഡിത ജീവിതത്തെയും സംഭാവനകളെയും സാമാന്യം വിശദമായി രേഖപ്പെടുത്തുകയാണ് ശൈഖ്‌ ആസിമിന്റെ ലേഖനം ചെയ്യുന്നത്‌. ശൈഖ്‌ അബ്ദുസ്സമദിനോട്‌ സുഊദി പണ്ഡിതസമൂഹത്തിനുള്ള കടപ്പാടിന്റെയും സ്നേഹത്തിന്റെയും മതിപ്പിന്റെയും വികാരോഷ്മളത ലേഖനത്തിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്‌.