പരപ്പനങ്ങാടി പാലത്തിങ്ങൽ പ്രദേശത്തിന്റെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള ധിഷണശാലിയാണ് എം എൽ എ ആയിരുന്ന മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വക്കീൽ ഹാജി. എം എം അക്‌ബറിന്റെ പിതൃസഹോദരൻ ആയിരുന്നു അദ്ദേഹം. മരിച്ച് മൂന്നര പതിറ്റാണ്ടിനുശേഷം നിരീക്ഷിക്കുമ്പോൾ ഹാജി വേണ്ടവിധത്തിൽ ഓർക്കപ്പെട്ടില്ല എന്ന വികാരമാണ് ഉണ്ടാകുന്നത്. ചരിത്രം സംസാരിക്കുമ്പോൾ മാത്രം പറയേണ്ടുന്ന വ്യക്തി എന്നതിനപ്പുറം സമൂഹത്തിലെ നന്മകളിലും പുരോഗതിയിലും മാതൃകയാക്കേണ്ടുന്ന വ്യക്തിയുമാണ് അദ്ദേഹം. ആർക്കും നിഷേധിക്കാനാവാത്ത നിറസാന്നിധ്യവുമായിരുന്നു വക്കീൽ ഹാജി.
ഉറച്ച ആദർശ നിഷ്ഠയിൽ ജീവിച്ചിരുന്ന അദ്ദേഹം മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും കേരളത്തിലെ നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിലും ഒരേസമയം ഉറച്ചുനിന്ന വ്യക്തിത്വമാണ്. എം. കെ. ഹാജിയും കെ. എം. മൗലവിയും നിലകൊണ്ട വഴിയിൽ അവരോടൊപ്പം നമ്മുടെ മണ്ണിലൂടെ അഭിമാനത്തോടെ തലയുയർത്തി നടക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചുതന്ന മഹാനാണ് വക്കീൽ ഹാജി.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിന് പാലത്തിങ്ങലിൽ നേതൃത്വം കൊടുത്തത് വക്കീൽ ഹാജിയാണ്. പൗരോഹിത്യവും സാമ്പ്രദായിക വാഴ്ച്ചകളും ജനങ്ങളുടെ ചിന്തകളെയും വിശ്വാസങ്ങളെയും നിശ്ചയിക്കുകയോ മരവിപ്പിച്ചുനിർത്തുകയോ ചെയ്തിരുന്ന കാലമാണ് നമുക്കുള്ള ചരിത്രം. ഇത്തരം സാഹചര്യത്തെ ചോദ്യം ചെയ്തു കടന്നുവെന്ന നവോത്ഥാന മുന്നേറ്റങ്ങളെ തുടക്കത്തിലെ കുഴിച്ചുമൂടാൻ പദ്ധതിയിട്ടവർ എല്ലാ നാട്ടിലുമുണ്ടായിരുന്നു. വക്കീൽ ഹാജിയെപ്പോലുള്ള സമുദായ സ്നേഹികൾ നിശ്ചയദാർഢ്യത്തോടെ നേതൃത്വം നൽകിയതോടെയാണ് പാലത്തിങ്ങലിൽ അത്തരക്കാർ നിലക്കുനിർത്തപ്പെട്ടത്. മസ്ജിദുൽ ഹിലാൽ എന്ന നാമകരണത്തിൽ പാലത്തിങ്ങലിൽ മുജാഹിദ് ജുമാമസ്ജിദ് സ്ഥാപിക്കുന്നതും വക്കീൽ ഹാജിയുടെ ശ്രമഫലമായാണ്. സ്ത്രീകൾക്ക് പള്ളിയിൽ പോയി നമസ്‌ക്കരിക്കുന്നതിനടക്കമുള്ള സൗകര്യങ്ങൾ നൽകുകയും പ്രബോധന രംഗം കൂടുതൽ സജീവമാവുകയും ചെയ്തു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ശുദ്ധവിശ്വാസത്തെ കുഴിച്ചുമൂടിയിരുന്ന ജനതയെ ബോധവത്ക്കരിക്കുന്നതിന് നേതൃത്വം നൽകി. പൗരോഹിത്യ ആധിപത്യത്തിന്റെ രീതികളെ ചോദ്യം ചെയ്യുന്ന ആശയപ്രചാരണം സജീവമായതോടെ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും കടുത്ത എതിർപ്പ് നേരിടേണ്ടിവന്നു എന്നത് സ്വാഭാവികം.
മുസ്ലിംകളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് മുസ്ലിംലീഗ് ഉയർത്തുന്ന രാഷ്ട്രീയത്തിന് സാധിക്കുമെന്ന ബോധ്യത്താൽ ലീഗിലൂടെ ഹാജി നടത്തിയ വിപ്ലവവും പാലത്തിങ്ങലിൽ വ്യാപിച്ചു. അറുപത്-എഴുപത് കാലഘട്ടങ്ങളിൽ കേരള നിയമസഭയിൽ മലബാറിൽ നിന്നുള്ള ശക്തമായ സാന്നിധ്യമായിരുന്നു പാലത്തിങ്ങലിൽ നിന്നുള്ള അഡ്വ: എം.മൊയ്തീൻ കുട്ടി ഹാജി. അദ്ദേഹത്തിന്റെ നിയമസഭാ സാമാജിക കാലഘട്ടത്തിൽ ബില്ലുകൾ സെലക്ട് കമ്മറ്റിക്ക് അയക്കുമ്പോൾ സഭാധ്യക്ഷൻമാർ മൊയ്തീൻ കുട്ടി ഹാജിയെയും ചേർക്കാറുണ്ടായിരുന്നെന്ന് സമകാലികർ ഓർക്കുന്നു.പല വിഷയങ്ങളിലും നിയമവശങ്ങൾ വിശദമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
1952 മുതൽ മദ്രാസ് ലോ കോളേജിൽ പഠിക്കുന്ന കാലത്ത് രൂപീകൃതമായ മുസ്ലിം സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് മൊയ്തീകുട്ടി ഹാജി പൊതുപ്രവർത്തനത്തിൽ സജീവമായത്. 1960-ൽ പെരിന്തൽമണ്ണയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.ഐ-ലെ ഇ.പി.ഗോപാലനോട് 4,527 വോട്ടിന് പരാജയപ്പെട്ടു. പിന്നീട്, 1965-ൽ നടന്ന തിരഞ്ഞടുപ്പിൽ കൊണ്ടോട്ടിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. കോൺഗ്രസിലെ എം.ഉസ്മാനെ 9,583 വോട്ടിനാണ് എം.മൊയ്തീൻ കുട്ടി ഹാജി പരാജയപ്പെടുത്തിയത്.1967-ൽ താനൂരിൽ നിന്ന് മത്സരിച്ച് രണ്ടാം തവണയും കേരള നിയമസഭയിലെത്തി. കോൺഗ്രസിലെ ടി.എ.കുട്ടിയെ 18,728 വോട്ടിനാണ് അന്ന് പരാജയപ്പെടുത്തിയത്.1970-ൽ മങ്കട മണ്ഡലത്തിൽ നിന്ന് സി.പി.എമ്മിലെ പാലൊളി മുഹമ്മദ് കുട്ടിയെ 6,341 വോട്ടിന് പരാജയപ്പെടുത്തിയും മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിൽ എത്തി.
1954-ൽ മലബാർ ജില്ലാ മുസ്ലിംലീഗിന്റെ സമ്മേളനം നടന്നത് പാലത്തിങ്ങലിലായിരുന്നു.മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള ആ സമ്മേളനം പാലത്തിങ്ങലിൽ നടത്തുന്നതിന് ചുക്കാൻ പിടിച്ചത് എം.മൊയ്തീൻ കുട്ടി ഹാജിയായിരുന്നു.
മുസ്‌ലിംലീഗില്‍ പിളർപ്പുണ്ടായപ്പോള്‍ വക്കീല്‍ ഹാജി എം കെ ഹാജിയുടെ കൂടെ അഖിലേന്ത്യാ ലീഗിനൊപ്പമായിരുന്നു. പിന്നീട് മരണംവരെ അഖിലേന്ത്യാ ലീഗിനൊപ്പം തന്നെയായിരുന്നു അദ്ദേഹം. 1977—ല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ജി.എം. ബനാത്ത്‌വാലയോട് പരാജയപ്പെട്ടു.
പാലത്തിങ്ങലിലെയും പരിസരങ്ങളിലെയും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വക്കീൽ ഹാജി എല്ലാവരും കേൾക്കാൻ കൊതിച്ചിരുന്ന ഉപദേശകൻ കൂടിയായിരുന്നു.തനിക്ക് ലഭിച്ച ലോകപരിചയവും അറിവും നാട്ടുകാർക്ക് ഉപകരിക്കുന്ന തരത്തിൽ പ്രയോജനപ്പടുത്താനും അദ്ദേഹം സദാസന്നദ്ധനായിരുന്നു. വക്കീൽ ഹാജിയെക്കുറിച്ച് പറയുമ്പോൾ അന്നത്തെ യുവാക്കളും കുട്ടികളുമായിരുന്നവർ ഇന്നും വല്ലാത്തൊരു ആവേശത്തോടെയാണ് ഓർക്കുന്നത്.
മതവിശ്വാസത്തിൽ കണിശതയും അവഗാഹവും ഉണ്ടായിരുന്നു.പരിശുദ്ധ ഖുർആനിന്റെ വലിയൊരു ഭാഗവും അദ്ദേഹത്തിന് മന:പാഠമായിരുന്നു. നമസ്‌ക്കാരങ്ങൾക്ക് ഇമാമായി നിൽക്കാറുണ്ടായിരുന്ന വക്കീൽ ഹാജി മനോഹരമായി ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നെന്നും പ്രായമായവർ ഓർക്കുന്നു. അക്കാലത്ത് ജനങ്ങൾ ഏറെ പരിഭ്രാന്തരായ സൂര്യഗ്രഹണം ഉണ്ടായപ്പോൾ പാലത്തിങ്ങലിൽ ഗ്രഹണ നമസ്‌ക്കാരം നടന്നിരുന്നു. നമസ്‌ക്കാരത്തിന് നേതൃത്വം നൽകിയത് വക്കീൽ ഹാജി ആയിരുന്നെന്ന് അന്ന് നമസ്‌ക്കാരത്തിൽ പങ്കെടുത്തവർ ഓർക്കുന്നുണ്ട്.
തിരൂരങ്ങാടി കേന്ദ്രീകരിച്ച് നടന്ന മത-വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ട്രീയ വിപ്ലവത്തിലും വക്കീൽ ഹാജിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. എം.കെ.ഹാജിയും കെ.എം.മൗലവിയും മുൻകയ്യെടുത്ത് സ്ഥാപിച്ച തിരൂരങ്ങാടി യത്തീംഖാനയുടെ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. തിരൂരങ്ങാടി യത്തീംഖാന വൈ.പ്രസിഡന്റ്, പി.എസ്.എം.ഒ.കോളേജ് മനേജിങ് കമ്മറ്റിയംഗം എന്നി നിലകളിലും പ്രവർത്തിച്ചു.കേരളത്തിലെ അനാഥാലയങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്ന ഓർഫനേജ് കൺട്രോൾ ബോർഡിലും അദ്ദേഹം സേവനത്തിലുണ്ടായിരുന്നു.
1983 സെപ്റ്റംബർ-6ന് അൻപത്തിരണ്ടാം വയസ്സിൽ ആയിരുന്നു വക്കീൽ ഹാജിയുടെ മരണം. ലളിതജീവിതം കൈമുതലാക്കിയ കറപുരളാത്ത നവോത്ഥാന നായകനെയാണ് കേരളീയ സമൂഹത്തിനും വിശിഷ്യാ പാലത്തിങ്ങലുകാർക്കും അന്ന് നഷ്ടമായത്. ചരിത്രം ആവേശമാണ് എന്ന തിരിച്ചറിവോടെ ഞങ്ങൾ പാലത്തിങ്ങലിലെ പുതിയ തലമുറ വക്കീൽ ഹാജിയോടുള്ള കടപ്പാട് സിരകളിൽ കാത്തുസൂക്ഷിക്കുന്നു.