തിരുവനന്തപുരം: 2015ൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപ്പരീക്ഷ എഴുതാൻ എത്തിയ കരുനാഗപ്പള്ളി സ്വദേശിനിയായ മുസ്‌ലിം വിദ്യാർത്ഥിനി ആലിയ ഫർസാനയെ ശിരോവസ്ത്രം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഹാളിൽ നിന്ന് പുറത്താക്കിയ അധ്യാപകർക്കെതിരിൽ വകുപ്പ് തല നടപടി എടുക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്തരവായി. ആലിയ നൽകിയ ഹരജിയിൽ അന്വേഷണം പൂർത്തിയാക്കിയ കമ്മീഷൻ, ആലിയയുടെ പരീക്ഷാ സെന്റർ ആയിരുന്ന നെയ്യാറ്റിൻകര ഡോ. ജി. ആർ. പബ്ലിക് സ്കൂളിൽ പരീക്ഷാ ചുമതല ഉണ്ടായിരുന്ന ബേബി ഇന്ദു, ദീപ എന്നീ അധ്യാപികമാരും ചീഫ് ഇൻവിജിലേറ്റർ ആയിരുന്ന സ്കൂൾ പ്രിൻസിപ്പലും കുറ്റം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. പരീക്ഷാ നടത്തിപ്പുകാർ ആയ സി ബി എസ് ഇ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ് അനുസരിച്ച് ഇവർക്കെതിരിൽ നടപടി സ്വീകരിക്കണം. പരീക്ഷക്ക് സി ബി എസ് ഇ വെച്ച വസ്ത്രചട്ടങ്ങൾ പ്രകാരം ശിരോവസ്ത്രം അനുവദനീയമല്ലെന്ന് വാദിച്ചുകൊണ്ടാണ് ആലിയയെ ഇവർ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയത്. ഇപ്രകാരമുള്ള വ്യാഖ്യാനങ്ങൾക്ക് പഴുത് നൽകാത്ത വിധം പരീക്ഷാ നിർദേശങ്ങൾ വ്യക്തമായ ഭാഷയിൽ നൽകണം എന്നും കമ്മീഷൻ സി ബി എസ് ഇ യോട് ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ പ്രവേശന പരീക്ഷകളിൽ മുസ്‌ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരിൽ വിവേചനം നേരിടുന്നുണ്ട്. മെയ് അഞ്ചിന് ഈ വർഷത്തെ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ നടക്കാനിരിക്കുകയാണ്.