Logo

 

“അനുകമ്പ വഴിഞ്ഞൊഴുകിയ ആർജവം”

5 March 2019 | Interview

By

–എം കെ ഹാജിയെക്കുറിച്ച്‌ പുത്രൻ എം കെ ബാവ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു–

“നിലമ്പൂർ ഭാഗത്ത് ഞങ്ങൾക്ക്‌‌ തോട്ടങ്ങളും കൃഷിയുമൊക്കെ ഉണ്ടായിരുന്നു. നെൽകൃഷി നഷ്ടമാണെന്ന് തോന്നിയപ്പോൾ ഞങ്ങൾ ബാപ്പാനോട്‌ ഈ പരിപാടി നമുക്ക്‌ നിർത്തിക്കൂടേ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ‘നമുക്ക്‌ ലാഭമൊന്നും അതിൽ നിന്ന് കിട്ടുന്നില്ല എന്നത്‌ ശരിയായിരിക്കും. അത്‌ വലിയ വിഷയമല്ല. നമുക്ക്‌ ജീവിക്കാൻ വേറെ മാർഗങ്ങൾ ഉണ്ട്‌. പക്ഷേ ഈ നെൽകൃഷി കൊണ്ട്‌ ജീവിക്കുന്ന കുറേ പേരില്ലേ? അവിടുത്തെ പണിക്കാരും മറ്റും. നാം കൃഷി നിലനിർത്തുന്നത്‌ അവരുടെ ഈ വരുമാനമാർഗം അടയാതിരിക്കാൻ ഉപകരിക്കും. പിന്നെ, നെല്ല് കൊത്തിത്തിന്നുന്ന പക്ഷികൾ. തത്തകളുടെയും മറ്റും വയറ്‌ ഇതുകൊണ്ട്‌ നിറയുന്നു. അതുകൊണ്ട്‌ ഈ ഏർപ്പാട്‌ കൊണ്ട്‌ ഉപകാരങ്ങൾ ഇല്ലെന്ന് പറയരുത്‌. സാമ്പത്തികമായി മെച്ചമില്ലെങ്കിലും നമുക്കിത്‌ തുടരാം. പരലോകത്ത്‌ കൂലി കിട്ടുന്ന കുറേ നന്മകൾ അതിലുണ്ട്‌’ – ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.”

തിരൂരങ്ങാടിയിലെ വീട്ടിലിരുന്ന് എം കെ ഹാജിയുടെ പുത്രൻ എം കെ അബ്ദുർറഹ്‌മാൻ എന്ന ബാവ മില്ലി റിപ്പോർട്ട്‌ ലേഖകരോട്‌ സംസാരിച്ചുതുടങ്ങി. എം കെ ഹാജിയെ കേരള മുസ്‌ലിംകൾക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കേണ്ടതില്ല. കെ എം മൗലവിയുടെ വത്സല ശിഷ്യൻ, സഹപ്രവർത്തകൻ. സർവേന്ത്യാ മുസ്‌ലിം ലീഗിന്റെയും ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും അഖിലേന്ത്യാ ലീഗിന്റെയും നേതൃനിരയെ പ്രശോഭിതമാക്കിയ രാഷ്ട്രീയ വിശുദ്ധി. തിരൂരങ്ങാടി യതീംഖാനയുടെയും നൂറുൽ ഇസ്‌ലാം മദ്‌റസയുടെയും ഓറിയന്റൽ ഹൈസ്കൂളിന്റെയും പി എസ്‌ എം ഒ കോളജിന്റെയും ഇതിഹാസ നായകൻ. കേരള നദ്‌വതുൽ മുജാഹിദീന്റെ സ്ഥാപകരിൽ പ്രധാനി. പിൽകാലത്ത്‌ എം ഇ എസ്‌ ഏറ്റെടുത്ത മമ്പാട്‌ കോളജിന്റെ തുടക്കക്കാരൻ. ഇപ്പറഞ്ഞ എല്ലാ സംരംഭങ്ങളുടെയും സാമ്പത്തിക നട്ടെല്ലായി ഒരുകാലത്ത്‌ നിന്ന വർത്തക പ്രമുഖൻ. സർവോപരി ഭക്തിയുടെയും സഹജീവിസ്നേഹത്തിന്റെയും സത്യസന്ധതയുടെയും ആദർശധീരതയുടെയും ത്യാഗമനോഭാവത്തിന്റെയും ആൾരൂപമെന്നപോലെ നിന്ന സാത്വികൻ.

1943ലെ കോളറക്കാലത്ത്‌ അനാഥബാല്യങ്ങൾക്ക്‌ വന്നുപാർക്കാനുള്ള യതീംഖാന തിരൂരങ്ങാടിയിലെ ഇസ്‌ലാഹീ പ്രവർത്തകർ തുടങ്ങിയപ്പോൾ എം കെ ഹാജി‌ യതീംഖാനയുടെ കെട്ടിടമാക്കിയത്‌ സ്വന്തം വീടായിരുന്നു. മലബാറിൽ ജെ ഡി ടിക്കും തിരൂരങ്ങാടിക്കുംപുറമെ യതീം ഖാനകളില്ലാത്ത പതിറ്റാണ്ടുകളിൽ‌, ആയിരത്തഞ്ഞൂറോളം യതീം മക്കൾ ഹാജിയുടെ കാരുണ്യത്തണലിൽ പാർത്തു, പഠിച്ചു, കളിച്ചു, വളർന്നു. അവർ ഹാജിയെ ബാപ്പ എന്ന് വിളിച്ചു. പടച്ചവന്റെ തൃപ്തി കാംക്ഷിച്ച്‌ ദീനാനുകമ്പയെ മനസ്സിൽ കുടിയിരുത്തിയ എം കെ ഹാജി പണിക്കാർ വിഷമിക്കാതിരിക്കാനും കിളികൾക്ക്‌ നെല്ല് കിട്ടാനും നഷ്ടം സഹിച്ച്‌ നെൽകൃഷി തുടരാൻ ആവശ്യപ്പെട്ടതിൽ എന്താണത്ഭുതം? മഹാനായ ആ സലഫീ ആക്റ്റിവിസ്റ്റിന്റെ ജീവിതദർശനം ആ വാക്കുകളിൽ ഉണ്ട്‌-കിട്ടാൻ വേണ്ടിയല്ല, കൊടുക്കാൻ വേണ്ടി ജീവിക്കുക!

മദിരാശിയിൽ റെസ്റ്റോറന്റ്‌ നടത്തി എം കെ ഹാജി പതുക്കെ പതുക്കെ പച്ച പിടിച്ചപ്പോൾ അതിന്റെ ആശ്വാസം ഒരു സമുദായം മുഴുക്കെ അനുഭവിച്ചു. മദിരാശിയിലെ കച്ചവടസ്ഥലത്തേക്ക്‌ ബാപ്പയുടെ കൂടെയുള്ള യാത്രകൾ, അവിടെ ചെന്നുള്ള താമസം-ബാവയുടെ കുട്ടിക്കാല ഓർമ്മകളിൽ അതുണ്ട്‌. “കാറിൽ ഞങ്ങൾ കുടുംബമൊന്നിച്ച്‌ കുറേ മദ്രാസ്‌ യാത്രകൾ നടത്തിയിട്ടുണ്ട്‌. എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണമൊക്കെ കൂടെ കരുതിയുള്ള യാത്രകൾ ആണ്‌. നമസ്കാരസമയമായാൽ ഒഴിഞ്ഞ റോഡുവക്കുകളിൽ ഇറങ്ങും. പായ വിരിച്ച്‌ എല്ലാവരും കൂടി നമസ്കരിക്കും. അവിടെ ഇരുന്നുതന്നെ ഭക്ഷണവും കഴിക്കും. പിന്നെ യാത്ര തുടരും.”

“നമസ്കരിച്ചോ എന്ന് ബാപ്പ വീട്ടിലുള്ളപ്പോഴെല്ലാം ഞങ്ങൾ മക്കളോടൊക്കെ ചോദിക്കുമായിരുന്നു. ഈമാൻ കൊണ്ടും ആർജ്ജവം കൊണ്ടും വലിയ ഗാംഭീര്യവും ഗൗരവവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്‌ കൈവന്നിരുന്നു. ആളുകൾ ഒക്കെ ആദരവ്‌ കലർന്ന ഒരകലത്തുനിന്നാണ്‌ ബാപ്പയോട്‌ ഇടപഴകിയിരുന്നത്‌. അദ്ദേഹം വളരെ വിനയാന്വിതനായിട്ടുപോലും ജനങ്ങൾ ബഹുമാനപൂർവം മാത്രം അദ്ദേഹത്തിനടുത്ത്‌ ചെന്നു. ഞങ്ങൾ മക്കളും ഒക്കെ ആ ഒരു രീതിയിൽ ആയിരുന്നു ഇടപെട്ടിരുന്നത്‌. നല്ല തിരക്കായിരുന്നു എപ്പോഴും. വീട്ടിൽ ഉണ്ടാകുന്ന സമയത്ത്‌ കാണാൻ വരുന്ന കുറേ ആളുകൾ ഉണ്ടാകും. അവരോട്‌ പൊതുകാര്യങ്ങൾ ചർച്ച ചെയ്തിരിക്കുന്നതാണ്‌ അധികവും കണ്ടിട്ടുള്ളത്‌. അതിഥികളിൽ വളരെ പ്രമുഖരായ ലീഗ്‌, മുജാഹിദ്‌ നേതാക്കൾ പലപ്പോഴും ഉണ്ടാകും. സി എച്ച്‌, മുനീറിനെ ഒക്കെ കൊണ്ടുവന്ന് വീട്ടിൽ പലപ്പോഴും താമസിച്ചിട്ടുണ്ട്‌. അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ കുട്ടികൾക്ക്‌ സൽക്കാരത്തിന്‌ ഉണ്ടാക്കുന്ന നല്ല ഭക്ഷണത്തിന്റെ സന്തോഷം ആയിരിക്കും. അബ്ദുറഹ്മാൻ ബാഫഖി തങ്ങളുമായി അദ്ദേഹത്തിന്‌ ആത്മബന്ധം ഉണ്ടായിരുന്നു. തങ്ങൾ വീട്ടിലെ ഒരു സ്ഥിരം സന്ദർശകൻ ആയിരുന്നു. ഞാൻ ജനിച്ച ദിവസം തങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം ആണ്‌ ‘കുട്ടിക്ക്‌ എന്റെ പേരു തന്നെയാകട്ടെ’ എന്നു പറഞ്ഞ്‌ എനിക്ക്‌ അബ്ദുർറഹ്‌മാൻ എന്ന് പേര്‌ നിർദ്ദേശിച്ചത്‌. മുജാഹിദായ എം കെ ഹാജിക്കും സുന്നിയായ ബാഫഖി തങ്ങൾക്കും സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി ഒരുമിച്ച്‌ പണിയെടുക്കാനും ആത്മാർത്ഥമായി പരസ്പരം സ്നേഹിക്കാനും കഴിഞ്ഞു എന്നത്‌ ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്” -ബാവ അനേകം പാഠങ്ങൾ അടുക്കിവെച്ചിട്ടുള്ള ഓർമ്മകൾ പെറുക്കിയെടുത്തു.

തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും മുജാഹിദ്‌ പ്രസ്ഥാനവും മുസ്‌ലിം ലീഗും തഴച്ചുവളർന്നതിനുപിന്നിൽ എം കെ ഹാജിയുടെ ധീരതയും കരുത്തുമുള്ള നേതൃത്വത്തിന്‌ വലിയ പങ്കുണ്ട്‌. ഭീഷണികളെയും എതിർപ്പുകളെയും അദ്ദേഹം മുന്നിൽ നിന്ന് നേരിട്ടു. എം കെ ഹാജിയുടെ ഉറച്ച കാൽവെപ്പുകൾ വലിയ നിർഭയത്വമാണ്‌ രണ്ട്‌ പ്രസ്ഥാനങ്ങൾക്കും നൽകിയത്‌. സമ്പത്തുകൊണ്ടും ശരീരം കൊണ്ടും അദ്ദേഹം സത്യത്തിനുവേണ്ടി ജിഹാദ്‌ ചെയ്തു. ആൾബലം കൊണ്ട്‌ ലീഗിനെയും മുജാഹിദുകളെയും ചെറുക്കാൻ ശ്രമിച്ചവരെ അദ്ദേഹം ഉശിരോടെ അടക്കിനിർത്തി. ഹാജിയെ കുഴപ്പക്കാരായ എതിരാളികൾ ഭയന്നു. അനുയായികൾക്ക്‌ അദ്ദേഹത്തിന്റെ നെഞ്ചൂക്ക്‌ തണലും തണുപ്പുമായി. “പരപ്പനങ്ങാടി പാലത്തിങ്ങൽ ആണ്‌ ഉപ്പയുടെ ജന്മദേശം. തിരൂരങ്ങാടി ഉമ്മയുടെ സ്ഥലം ആണ്‌. പാലത്തിങ്ങലിൽ കെ എൻ എം പൊതുയോഗം നടത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞ്‌ യാഥാസ്ഥിതികർ പ്രശ്നമുണ്ടാക്കി. ബാപ്പ പാലത്തിങ്ങലിൽ പോയി മുജാഹിദ്‌ പ്രഭാഷണം ഇവിടെ നടന്നിരിക്കും എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കാവലിൽ ഭംഗിയായി പരിപാടി നടന്നു. പ്രശ്നക്കാർക്ക്‌ അനങ്ങാൻ ധൈര്യമുണ്ടായില്ല. കൊളപ്പുറത്ത്‌ ലീഗ്‌ സമ്മേളനം നടത്താൻ അന്ന് ലീഗിന്റെ എതിർപക്ഷത്തായിരുന്ന കോൺഗ്രസുകാരുടെ സമ്മർദം കാരണം ആരും സ്ഥലം അനുവദിച്ചില്ല. ബാപ്പ കൊളപ്പുറത്ത്‌ പതിനഞ്ച്‌ സെന്റ്‌ സ്ഥലം വില കൊടുത്ത്‌ വാങ്ങി, ആ സ്ഥലത്ത്‌ മുസ്‌ലിം ലീഗിന്റെ പരിപാടി നടത്തുകയും ചെയ്തു”-ബാവ ആവേശം പതയുന്ന ആ കർമ്മവീര്യത്തിന്റെ ചില കനകാധ്യായങ്ങൾ അനുസ്മരിച്ചു.

“ഞങ്ങൾ മക്കളുടെയെല്ലാം വിവാഹ ബന്ധങ്ങൾ ഉണ്ടാക്കിയത്‌‌ മുജാഹിദ്‌-ലീഗ്‌ രംഗങ്ങളിൽ ബാപ്പയുടെ കൂടെ സജീവമായിരുന്നവരുടെ കുടുംബങ്ങളിലേക്കാണ്‌: എൻ വി അബ്ദുസ്സലാം മൗലവി, ഇ കെ മൗലവി, കുഞ്ഞോയി വൈദ്യർ, ഫലകി മൗലവി, എ വി അബ്ദുർറഹ്‌മാൻ ഹാജി എന്നിവരുടെ കുടുംബങ്ങളുമായി. ആദർശദാർഡ്യമുള്ള ഒരു കുടുംബപരിസരം അങ്ങനെ നിലനിൽക്കുന്നു. ഞാനൊന്നും ലീഗ്‌, മുജാഹിദ്‌ പ്രവർത്തനങ്ങളിൽ എത്തിയത്‌ ബാപ്പ പ്രത്യേകം പറഞ്ഞ്‌ പ്രേരിപ്പിച്ചതുകൊണ്ടല്ല, മറിച്ച്‌ ആ ജീവിതം അതിനുള്ള പ്രചോദനം സ്വാഭാവികമായി തന്നതുകൊണ്ടാണ്‌. എം കെ ഹാജി തന്റെ ചുറ്റുമുള്ളവരിൽ സൃഷ്ടിച്ച സ്വാധീനം വളരെ വലുതാണ്‌. പ്രവേശനത്തിനും നിയമനത്തിനും കോഴ വാങ്ങുന്ന വിദ്യാഭ്യാസകച്ചവടത്തിന്റെ ചീത്ത സംസ്കാരം അദ്ദേഹം മരിച്ച്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സൗദാബാദിന്റെ പടി കടക്കാത്തത് അതുകൊണ്ടാണ്‌” – പി എസ്‌ എം ഒ കാമ്പസിന്റെ തൊട്ടിപ്പുറത്തുള്ള എം കെ ഹാജി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ചുക്കാൻ പിടിക്കുന്ന സാമൂഹ്യപ്രവർത്തകനും മുസ്‌ലിം ലീഗ്‌ നേതാവുമായ ബാവ മില്ലി റിപ്പോർട്ടിനോട്‌ അഭിമാനപൂർവ്വം പറഞ്ഞുനിർത്തുമ്പോൾ ഉജ്ജ്വല പ്രതാപമുള്ള ഒരു ജീവിതം മരണാനന്തരവും പ്രഭ പൊഴിക്കുന്നത്‌ നമ്മളറിയുന്നു.


Tags :


mm

Admin