എം. എം. അക്ബർ സാഹിബിന് ജാമ്യം ലഭിച്ചിരിക്കുന്നു, സർവശക്തനാണ് സർവസ്തുതികളും. കേസിന്റെ യുക്തിയെയും സാംഗത്യത്തെയും നിരാകരിച്ചുകൊണ്ടുള്ള ശക്തമായ വാക്കുകളാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ് കോടതി വിധിപ്രസ്താവനയുടെ വാചകങ്ങളിൽ ഉള്ളത് എന്ന വസ്തുത നമ്മുടെ നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നുണ്ട്. ഫാഷിസത്തിന്റെ ഇരുൾകാലത്തും ജുഡീഷ്യറിയിൽ വെളിച്ചം കെട്ടുപോയിട്ടില്ലെന്ന് തന്നെയാണ് ഇതിനർത്ഥം. ജാമ്യം എന്ന അവസ്ഥയും പിന്നിട്ട് കേസുകൾ റദ്ദാക്കപ്പെടുന്നതിൽ നിയമപോരാട്ടം വിജയിക്കട്ടെയെന്നാണ് സുമനസ്സുകളെല്ലാം ഇപ്പോൾ പ്രാർത്ഥിക്കുന്നത്.
എന്നാൽ , ഇവിടെ മറന്നുപോയിക്കൂടാത്ത ചില വസ്തുതകളുണ്ട്. എം. എം. അക്ബറിന് 153(A)യും ലുക്ക് ഔട്ട് നോട്ടീസും അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയും അതിനുശേഷം സബ്ജയിലിൽ റിമാൻഡും ഇതിനകം അനുഭവിക്കേണ്ടി വന്നു എന്നതാണ് ഒന്ന്. കേസ് ഇപ്പോഴും നിലനിൽക്കുന്നുവെന്നതും ജാമ്യവ്യവസ്ഥകൾ അദ്ദേഹത്തിന്റെ പൗരസ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കും എന്നതും വേറൊന്ന്. അക്ബർ സാഹിബിനെ ‘ഭീകരവാദം’ മുതൽ ‘വർഗീയത’ വരെ ആരോപിച്ച് ഈ കേസിന്റെ പേരിൽ മാധ്യമങ്ങളും ‘പൊതുബോധവും’ വേട്ടയാടി എന്നതും അത് ഇനിയും തുടരാനാണ് സാധ്യത എന്നതും മറ്റൊന്ന്. ജാമ്യത്തിന്റെ ആശ്വാസത്തിൽ ഈ അനീതികളെ മുഴുവൻ മറക്കാൻ തുനിയുന്നത് രാഷ്ട്രീയമായി വലിയ ജാഗ്രതക്കുറവായിരിക്കും. അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവന്ന് ഈ കേസിലെ വംശീയവും ദാർശനികവുമായ മുൻവിധികളെ നിശിതവിചാരണക്ക് വിധേയമാക്കാതിരിക്കുന്നത് ചരിത്രത്തോടും സമുദായത്തോടും ചെയ്യുന്ന വലിയ ക്രൂരതയും ആയിരിക്കും.
ഇൻഡ്യയിൽ കേരളത്തിലേതടക്കമുള്ള നൂറുകണക്കിന് സ്വകാര്യ മുസ്‌ലിം സ്കൂളുകളിൽ പഠിപ്പിക്കപ്പെടുന്ന ഒരു പാഠപുസ്തകത്തിന്റെ പേരിൽ അക്ബറിനുമാത്രം ഈ ദുരനുഭവങ്ങളുണ്ടായതിന്റെ യുക്തിരാഹിത്യം ഇതിനകം പലരും ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ അവിടെ നിൽക്കേണ്ടതല്ല നമ്മുടെ വിശകലനം. വിദ്യാഭ്യാസ ഓഫീസറും കേരള പൊലീസും ‘മതനിരപേക്ഷതക്ക് വിരുദ്ധവും മതസ്പർധ വളർത്തുന്നതുമായ ഭാഗങ്ങൾ’ എന്ന് പറഞ്ഞ് ഇതുവരെ തുടർന്ന വേട്ടക്ക് ന്യായമായി ഔദോഗിക റിപ്പോർട്ടുകളിൽ പീസ് സ്കൂളുകൾ ഉപയോഗിച്ച ബുറൂജ് പാഠപുസ്തകങ്ങളിൽ നിന്ന് എണ്ണിയത് എന്തൊക്കെയാണെന്ന് എത്ര പേർ പരിശോധിച്ചിട്ടുണ്ട്? കേരള മുസ്‌ലിംകൾ സംഘടനാ ഭേദമില്ലാതെ ഉച്ചത്തിൽ ചോദ്യം ചെയ്യേണ്ട ഒന്നായിരുന്നു അക്ബർ സാഹിബിനെതിരിൽ തയ്യാറാക്കപ്പെട്ട ചാർജ്ജ് ഷീറ്റ് എന്ന് അത് വായിക്കുന്ന ആർക്കും ബോധ്യമാകും. മരണാനന്തരം നല്ല ആത്മാക്കൾക്ക് സ്വർഗപ്രവേശനമുണ്ടെന്നും മരണം അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനുള്ള യാത്രയാണെന്നും പഠിപ്പിക്കുന്നത്, റബ്ബ് അല്ലാഹുവാണെന്നും ദീൻ ഇസ്‌ലാം ആണെന്നും പ്രവാചകൻ മുഹമ്മദ് നബി(സ)യാണെന്നും പഠിപ്പിക്കുന്നത്, വൈകുന്നേരം കളിക്കിടെ മഗ്‌രിബ് ബാങ്ക് വിളിച്ചാൽ കളി നിർത്തി നമസ്കരിക്കാൻ പോകണം എന്ന് പഠിപ്പിക്കുന്നത്, ‘മുഹമ്മദ് നബി മരിച്ചുവെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ തല ഞാനെടുക്കും’ എന്ന് ഉമർ (റ) പറയുന്ന ചരിത്രഭാഗം ഉദ്ധരിക്കുന്നത്, വിഗ്രഹാരാധനക്കെതിരായ ഇബ്‌റാഹീം നബി(അ)യുടെ സുപ്രസിദ്ധമായ സമരങ്ങൾ ക്വുർആൻ വചനങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്നത് – ഇവയൊക്കെയാണ് കേസിന് ന്യായമായി ചൂണ്ടിക്കാണിച്ച പ്രധാന ‘കുറ്റങ്ങളിൽ’ ചിലത്! കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഇവയൊക്കെത്തന്നെയാണ് ആവേശപൂർവ്വം ആവർത്തിച്ചത്!!
മദ്‌റസ പഠനത്തിന് പകരമായി മുസ്‌ലിം കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസത്തിൽ ഇതൊക്കെയുള്ളത് ‘കുറ്റ’മാണെന്ന് കണ്ടെത്തി ‘പ്രതി’യെ വേട്ടയാടിയ നമ്മുടെ ബ്യൂറോക്രസിയും മാധ്യമങ്ങളും ഇസ്‌ലാമോഫോബിയ ഉന്മാദസമാനമായ ഡിഗ്രിയിലാണ് ഇപ്പോൾ കേരളത്തിൽ തിളച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ആത്യന്തികമായി വ്യക്തമാക്കിയത്. ഭീകരമായ ആ സത്യം അതിശക്തമായി വിളിച്ചുപറയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് അക്ബർ സാഹിബിന്റെ കേസ് നമ്മിലേൽപിക്കുന്ന ഗൗരവമേറിയ സമരദൗത്യങ്ങളിലൊന്ന്. അതിനുവേണ്ടി മുസ്‌ലിം ബുദ്ധിജീവികൾ ക്ഷമാപണ ശൈലിയില്ലാത്ത ഒരു സംവാദപരിസരം വികസിപ്പിച്ച് കൊണ്ടുവരേണ്ടതുണ്ട്. നമ്മുടെ ജനാധിപത്യത്തെ സൂക്ഷ്മവും ശക്തവുമാക്കാനും ഭരണഘടനാദത്തമായ ന്യൂനപക്ഷ സമുദായങ്ങളുടെ മതവിദ്യാഭ്യാസാവകാശങ്ങൾ സുരക്ഷിതമാകാനും ഈ ദിശയിലുള്ള ധൈഷണിക അധ്വാനങ്ങൾ അത്യന്താപേക്ഷിതമത്രെ. മേൽ പറയപ്പെട്ട കാര്യങ്ങളൊക്കെ കുട്ടികളെ പഠിപ്പിക്കുന്നത് വർഗ്ഗീയതയാണെന്ന കേരള സർക്കാർ ഏജൻസികളുടെ കണ്ടുപിടുത്തത്തെ ഒരു അക്ബറിനെ മാത്രം ബാധിക്കുന്ന വിഷയമായി തെറ്റിദ്ധരിച്ച് നിസ്സംഗമായി കടന്നുപോകാൻ ആണ് സമുദായം സന്നദ്ധമാകുന്നതെങ്കിൽ അതിന് കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും.
‘ശശികലയെയും ഗോപാലകൃഷ്ണനെയും ബാലകൃഷ്ണപിള്ളയെയും ഒന്നും അറസ്റ്റ് ചെയ്യാത്ത കേരള പൊലീസ് അക്ബറിനെ മാത്രം അറസ്റ്റ് ചെയ്തത് ഏകപക്ഷീയമാണ്’ എന്ന തരത്തിലുള്ള പ്രതികരണങ്ങൾ അക്ബറിനുവേണ്ടിയുള്ള മനുഷ്യാവകാശ പോരാട്ടത്തെ ഒരു പരിധിയിൽ കവിഞ്ഞ് മുന്നോട്ടുകൊണ്ടുപോകില്ലെന്ന് നാം തിരിച്ചറിയേണ്ടത് ഇവിടെ വെച്ചാണ്. ഈ പറയപ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്താൽ അക്ബറിന്റെ അറസ്റ്റ് ശരിയാകും എന്ന തികച്ചും അശ്ലീലമായ ധ്വനി, ബോധപൂർവമല്ലെങ്കിലും, അതിനുണ്ട് എന്നത് തീരെ നിസ്സാരമായ കാര്യമല്ല. സമാനമായ വകുപ്പ് ചുമത്തപ്പെട്ട മറ്റുള്ളവർ എന്തുകൊണ്ട് അറസ്റ്റ് ചെയ്യപ്പെടുന്നില്ല എന്ന ലളിതമായ ചോദ്യത്തെയും കടന്ന് ഇവർക്കെല്ലാം ചുമത്തപ്പെട്ട വകുപ്പ് അക്ബറിന് ചുമത്തപ്പെടുന്നതിന്റെ ന്യായമെന്താണ് എന്ന കൂടുതൽ വ്യക്തതയും മൂർച്ചയുമുള്ള ചോദ്യത്തിലേക്ക് വളരാൻ ഈ വിഷയത്തിൽ ഇടപെടുന്നവർക്ക് കഴിഞ്ഞേ മതിയാകൂ. അപ്പോൾ മാത്രമാണ് ഭരണകൂടവേട്ടക്കെതിരായ ചെറുത്തുനിൽപ് കൃത്യവും ഫലപ്രദവും ആയിത്തീരുക.
മുസ്‌ലിം സ്വത്വമുള്ളവർ ഇൻഡ്യയിൽ നേരിടുന്ന വിവേചനങ്ങളെപ്പറ്റി വിപുലമായ അവബോധമുള്ളവരും ഉയർന്ന സാമൂഹികശാസ്ത്ര വിദ്യാഭ്യാസം നേടിയവരുമായ ഒരു പുതു മാപ്പിള തലമുറ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. രാഷ്ട്രീയമായ കൃത്യത പദപ്രയോഗങ്ങളിൽ കാത്തുസൂക്ഷിക്കാനുള്ള നിഷ്കർഷതയും വിട്ടുവീഴ്ചയില്ലാത്ത ഇരപക്ഷ നിലപാടുകളും സമുദായത്തിലെ അന്ധമായ സംഘടനാ സങ്കുചിതത്വങ്ങൾക്കെതിരായ തിരിച്ചറിവുകളും കൊണ്ട് ശ്രദ്ധേയരായ അവരിൽ ചിലരെങ്കിലും പക്ഷേ അക്ബർ വിഷയത്തിൽ അമ്പരപ്പിക്കുന്ന സൈദ്ധാന്തിക കുഴമറിച്ചിലുകളാണ് നടത്തിയത്. അക്ബർ സാഹിബിന്റെ മുജാഹിദ് സംഘടനാ പരിസരം ആണ് അദ്ദേഹത്തെ പിന്തുണക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിച്ചതെന്ന കാര്യം വളരെ വ്യക്തമായിരുന്നു. മുജാഹിദായ അക്ബർ ഫാഷിസത്തെക്കുറിച്ചോ ഇൻഡ്യൻ അധികാര ഘടനയുടെ സവർണ സ്വഭാവത്തെക്കുറിച്ചോ മുസ്‌ലിംകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചോ യാതൊരു ബോധ്യവുമില്ലാത്ത ഒരു അരാഷ്ട്രീയ മതപ്രബോധകനാണ് എന്ന, അക്‌ബറിനെ നിരീക്ഷിക്കുന്ന ആർക്കും കളവെന്ന് ബോധ്യമുള്ള ആരോപണമുന്നയിച്ച് ഈ കേസിൽ അക്ബറിന് പരമാവധി ശിക്ഷ തന്നെ കിട്ടണമെന്നും എന്നിട്ടുവേണം അദ്ദേഹത്തിന്റെ അനുയായികൾക്ക് ഭരണകൂട ഭീകരതയെക്കുറിച്ച് സ്റ്റഡി ക്ലാസ് നടത്തിക്കൊടുക്കാനെന്നും കണക്കുകൂട്ടിയ ചിലർ പോലും അവരിലുണ്ടായി.
അക്ബർ വേട്ടയാടപ്പെട്ടതിൽ അദ്ദേഹത്തിന്റെ മുസ്‌ലിം സ്വത്വത്തിനല്ലാതെ പ്രബോധനവ്യക്തിത്വത്തിന് യാതൊരു റോളും ഇല്ലെന്ന മട്ടിലാണ് ഫാഷിസം മുസ്‌ലിംകളെയല്ലാതെ ഇസ്‌ലാമിനെ വെറുക്കുന്നില്ലെന്ന് ധരിച്ചുവശായ മറ്റു ചിലർ സംസാരിച്ചത്. ജമാഅത്തെ ഇസ്‌ലാമിയോടും സിമിയോടും മഅദനിയോടും പോപ്യുലർ ഫ്രന്റിനോടുമൊക്കെ അക്ബർ വിയോജിച്ചത് അദ്ദേഹം സ്റ്റെയ്റ്റിന്റെ മുസ്‌ലിം വിരുദ്ധ മുൻവിധികളെ സ്വാംശീകരിച്ചതുകൊണ്ടായിരുന്നുവെന്നും അതുകൊണ്ട് അക്ബറിന് ഇതൊരു പാഠം ആണെന്നും ആയിരുന്നു പൊലീസ് മുസ്‌ലിംകളെ തെരഞ്ഞുവരുമോ എന്ന കാര്യത്തിലായിരുന്നില്ല അക്ബർ അവരോടൊന്നും തർക്കിച്ചത് എന്ന് മറന്നുകൊണ്ട് ഇനിയും ചിലരുടെ സംസാരം. അക്ബർ ഒരു പൗരാവകാശ പ്രവർത്തകനോ രാഷ്ട്രീയ നേതാവോ ആയിരുന്നു എന്ന് തോന്നിക്കുന്ന വിധത്തിൽ ഇൻഡ്യയിൽ ഇതുവരെ ഉണ്ടായ ഓരോ മുസ്‌ലിം വേട്ടയിലും അദ്ദേഹം ഇടപെട്ട് സംസാരിച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ ‘പിന്തുണ’ നൽകാമെന്ന് പറഞ്ഞും ‘സ്വത്വവാദികൾ’ രംഗം കൊഴുപ്പിച്ചു.
ഇവിടെയെല്ലാം, പുറമേക്ക് പറഞ്ഞ ന്യായങ്ങൾ പലതായിരുന്നുവെങ്കിലും തങ്ങൾ വളർന്നുവന്ന സംഘടനാ പശ്ചാതലങ്ങളിൽ നിന്ന് തങ്ങളുടെ അബോധത്തിലേക്ക് ചെറിയ പ്രായത്തിൽ പകർന്നുകിട്ടിയ മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ച മുൻവിധികളും ആഗോള തലത്തിൽ തന്നെ അക്കാദമിക്സിനെ ചൂഴ്‌ന്നുകഴിഞ്ഞിട്ടുള്ള അന്ധമായ സലഫീ വിരുദ്ധതയുടെ സ്വാധീനവുമാണ് അടിസ്ഥാനപരമായി പ്രവർത്തിച്ചത്. ഫാഷിസം കൊന്നുതിന്നുന്നത് സലഫികളെയാണെങ്കിൽ ഞങ്ങൾക്ക് വലിയ പരാതിയില്ലെന്ന് സമുദായത്തിലെ ഫാഷിസ്റ്റ് വിരുദ്ധ ഇന്റെലെക്ച്വൽ ക്രീമിന്റെ ഭാഗമെന്ന് സ്വയം അഹങ്കരിക്കുന്ന ചിലർ പോലും ഒരുതരം കുടിപ്പകയോടെ കരുതുന്ന സവിശേഷമായ ഈ കാലസന്ധി ചോദ്യങ്ങളുടെ ശബ്ദം കുറയ്ക്കാനുള്ളതല്ല, മറിച്ച് കൂട്ടാനുള്ളത് തന്നെയാണ്!