എം. എം അക്ബറിനും പീസ് സ്കൂളിനും എതിരായ നീക്കത്തെ സമുദായം ഒരുമിച്ചെതിർക്കണം -ടി. പി. അശ്‌റഫ് അലി
15 January 2018 | Reports
കോറോം/സ്റ്റാഫ് റിപ്പോർട്ടർ: ഒരു മുസ്‌ലിം സ്ഥാപനത്തിനു നേരെ ആക്രമണം ഉണ്ടാകുമ്പോൾ ‘അത് നമ്മുടെ സംഘടനയുടേതല്ലാത്തതിനാൽ നമ്മൾ പ്രതികരിക്കേണ്ടതില്ല’ എന്ന് മറ്റു മുസ്‌ലിം സംഘടനകളിൽ പെട്ടവർ ചിന്തിക്കുന്നത് ആപൽക്കരമാണെന്ന് എം. എസ്. എഫ് ദേശീയ പ്രസിഡന്റ് ടി. പി. അശ്‌റഫ് അലി. എം. എം അക്ബറിനെതിരിൽ പരാമർശങ്ങൾ വരികയും പീസ് ഇന്റർനാഷണൽ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവുണ്ടാവുകയും ചെയ്യുന്നതിൽ ആഹ്ലാദിക്കുന്ന ഒരു വിഭാഗം മുസ്‌ലിം സമുദായത്തിനകത്തുതന്നെ ഉള്ളത് തീർത്തും നിർഭാഗ്യകരമാണ്. ഭരണകൂട അനീതി ഇന്ന് മുജാഹിദുകളോടാണെങ്കിൽ നാളെ അത് സുന്നികളോടും ജമാഅത്തുകാരോടുമൊക്ക ആകാം. സംഘടനാ സങ്കുചിതത്വങ്ങളെ മുറിച്ചുകടന്ന് ഇത്തരം കയ്യേറ്റങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാനുള്ള മനോവികാസം മുസ്‌ലിം സമുദായം കൈവരിച്ചേ മതിയാകൂ-അദ്ദേഹം തുടർന്നു. കോറോം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സയൻസസ് അഞ്ചാം വാർഷിക പരിപാടികളുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അശ്‌റഫ് അലി.
സമ്മേളനം ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. മുസ്തഫാ തൻവീർ അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫാ ഫാറൂഖി (ഫാറൂഖ് റൗദതുൽ ഉലൂം അറബിക് കോളജ്), ഡോ. കെ. ശൗകത് അലി (ജാമിഅ നദ്‌വിയ്യ എടവണ്ണ), ടി. പി. അബ്ദുർറസാഖ് ബാഖവി (ജാമിഅ സലഫിയ്യ പുളിക്കൽ), ഇൽയാസ് മൗലവി (ജാമിഅ ഇസ്‌ലാമിയ്യ ശാന്തപുരം), എൻ. വി. മുഹമ്മദ് സകരിയ്യ (അരീക്കോട് സുല്ലമുസ്സലാം), സി. ടി. ബശീർ (യു. എ. ഇ ഇൻഡ്യൻ ഇസ്‌ലാഹീ സെന്റർ) എന്നിവർ ചർച്ചയിൽ സംബന്ധിച്ച് സംസാരിച്ചു.