ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നലെ 75 വർഷം പൂർത്തിയായി. 1921 ലെ മലബാർ സമരകാലത്ത് കേരള ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. മലബാർ സമരം സായുധ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാനും അക്രമരാഹിത്യത്തിന്റെ മാർഗ്ഗത്തിൽ മാപ്പിളമാരെ ഉറപ്പിച്ചു നിർത്താനും അദ്ദേഹം ആവത് പരിശ്രമിച്ചു. പക്ഷേ ജനകീയ ചെറുത്തുനിൽപ്പുകളെ ചോരയിൽ മുക്കികൊന്ന് ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് അഴിച്ചുവിട്ട അതി ക്രൂരമായ മർദനങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനപരമായ സമരം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇൻഡ്യ കണ്ട ഏറ്റവും വലിയ സായുധ പോരാട്ടമായി മാറി. പട്ടാളനിയമവും (Martial Law) പട്ടാള ഭരണവും നിലവിൽ വന്നു. സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനവും പത്രപ്രവർത്തനവും അസാധ്യമായി. സമര പ്രദേശത്തേക്ക് അകത്തേക്കും അവിടെനിന്നു പുറത്തേക്കും ഗവൺമെന്റ് അനുകൂലികളെ മാത്രം കടത്തിവിട്ടു. സമര ബാധിത പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ ഔദ്യോഗിക ഗവൺമെന്റ് പത്രകുറിപ്പുകളും, ഗവൺമെന്റ് അനുകൂല മാധ്യമങ്ങൾ എഴുതിവിടുന്ന അപസർപ്പക കഥകളും മാത്രമായി ചുരുങ്ങി. പട്ടാള നിയമത്തിന്റെ മറവിൽ പട്ടാളവും പൊലീസും ചേർന്ന് അക്ഷരാർത്ഥത്തിൽ പുരുഷന്മാരായ മാപ്പിളമാരെ മുഴുവൻ കൂട്ടക്കുരുതി ചെയ്ത് മാപ്പിള പ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കുവാനുള്ള നരനായാട്ടിലേർപ്പെട്ടു. പട്ടാള നിയമപ്രകാരം മാപ്പിള സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർ സമര പ്രദേശങ്ങളിൽ ബന്ദികളാക്കപ്പെട്ടു. സമര പ്രദേശങ്ങളിൽനിന്ന് പുറത്തേക്കുവരാനുള്ള പാസ് അവർക്ക് നിഷേധിക്കപ്പെട്ടു. ഒളിവിൽ പോയ മാപ്പിള പുരുഷന്മാരെ പുറത്തു കൊണ്ടുവരുന്നതിന് പട്ടാളവും പൊലീസും അവരുടെ ശൗര്യം മാപ്പിള സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അഴിച്ചുവിട്ടു. സമര പോരാളികളെ പറ്റി വിവരം നൽകാൻ നിയമംമൂലം ഹിന്ദു സമൂഹം ഉൾപ്പടെ നിർബന്ധിതരായി. കൃത്യമായ രഹസ്യ വിവരങ്ങളുടെ അഭാവത്തിൽ മലബാറിലെ പൊലീസ്-പട്ടാള നടപടികൾ തുടർച്ചയായി പരാജയപ്പെടുന്നത് മറികടക്കാൻ ഇത്തരം നിർബന്ധിത ചാരപ്രവർത്തനം ഗവൺമെന്റ് അടിച്ചേൽപ്പിച്ചു. ഇത് പലപ്പോഴും ഹിന്ദു-മുസ്‌ലിം സംഘർഷങ്ങളിലേക്ക് വഴിവച്ചു. ഈ സംഘർഷങ്ങളുടെ മൂലകാരണം മാപ്പിള മതഭ്രാന്തായി വ്യാഖ്യാനിക്കപ്പെട്ടു. മാപ്പിള അതിക്രമങ്ങളെ പറ്റി മാധ്യമങ്ങളിൽ വന്ന നിരന്തരമായ ഭീതിതമായ പ്രചാരണങ്ങൾ, പട്ടാള ഭരണത്തിന് അനുകൂലമായ പൊതുബോധം ദേശീയ നേതാക്കളിൽ ഉൾപ്പെടെ സൃഷ്ടിക്കുന്നതിൽ ഗവൺമെന്റ് വിജയിച്ചു. പഞ്ചാബിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് വഴിവെച്ച പട്ടാള ഭരണത്തിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒരല്പം കരുതലോടെയാണ് മലബാറിൽ പട്ടാള നിയമം പ്രാബല്യത്തിൽ വരുന്നത്. അതിനാൽത്തന്നെ പട്ടാള നിയമത്തിനും ഭരണത്തിനും എതിരെ ഉയരുന്ന നേർത്ത വിമർശനങ്ങളെ പോലും മുളയിലേ നുള്ളിക്കളയുന്നതിനുള്ള ജാഗ്രത ഗവൺമെന്റ് കാട്ടിയിരുന്നു. മലബാറിൽ നടപ്പാക്കിയ പട്ടാള നിയമത്തിന്റെ വകുപ്പുകൾ പ്രകാരം പട്ടാള ഭരണവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് നൽകുന്ന ഔദ്യോഗിക വിവരങ്ങൾക്ക് വിരുദ്ധമായ വസ്തുതകളെ പ്രചരിപ്പിച്ചാൽ “നുണ പ്രചരിപ്പിച്ചു” എന്ന കുറ്റം ചാർത്തി ജയിലിൽ അടക്കാമായിരുന്നു. ഇക്കാരണങ്ങളാൽ മലബാറിൽ പട്ടാള ഭരണത്തിനു കീഴിൽ നടന്നുകൊണ്ടിരുന്ന മാപ്പിള കൂട്ടക്കുരുതികളെയും,സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെയും കുറിച്ചുള്ള വാർത്തകൾ ഒന്നും പുറംലോകത്തെത്തിയില്ല.
അബ്ദുറഹ്മാൻ സാഹിബ് ഭീതിദമായ ഈ മൗനത്തെ ലംഘിക്കാൻ ധൈര്യം കാട്ടി. പട്ടാള ഭരണത്തിന് കീഴിൽ നടക്കുന്ന വംശഹത്യയെയും,മാപ്പിള സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി വെച്ചതിനെയും, കോൺഗ്രസും ഗവൺമെന്റും ഉൾപ്പെടെ നടത്തുന്ന അഭയാർത്ഥികൾക്കായുള്ള റിലീഫ് പ്രവർത്തനങ്ങളിൽ മാപ്പിളമാർക്ക് നേരെ തുടരുന്ന വിവേചനങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സെൻട്രൽ ഖിലാഫത്ത് കമ്മിറ്റിക്കും, മൗലാന ഷൗക്കത്തലിക്കും, യാക്കൂബ് ഹസൻ സാഹിബിനും ഹൃദയഭേദകമായ കത്തുകളെഴുതി. ഈ കത്തുകളെല്ലാം ഗവൺമെന്റ് സി ഐ ഡികൾ സെൻസർ ചെയ്‌ത് പകർത്തിവച്ചു. അത് സാഹിബിനും അറിയാമായിരുന്നു. ക്രൂരമായ പട്ടാള ഭരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ അവ്വശ്യപ്പെട്ടും, നിരപരാധികളായ മാപ്പിള സ്ത്രീകൾളെയും കുഞ്ഞുങ്ങളെയും ചുരുങ്ങിയത് സമര പ്രദേശങ്ങളിൽ നിന്ന് പുറത്തുവരാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ടും, അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ തങ്ങളെ അനുവദിക്കണം എന്നഭ്യർഥിച്ചും അദ്ദേഹം മലബാർ കലക്ടർക്ക് കത്തെഴുതി. കൗശലക്കാരനായ കളക്ടർ തോമസ് കത്ത് തിരിച്ചയച്ചപ്പോൾ സാഹിബ് അത് ദേശീയ പ്രസ്ഥാനത്തോട് അനുഭാവം പുലർത്തുന്ന ഹിന്ദുവിലും, ബോംബെ ക്രോണിക്കിളിലും പ്രസിദ്ധീകരിക്കാനുള്ള ധൈര്യം കാട്ടി. ഇത് ദേശീയ തലത്തിൽ വലിയ രീതിയിൽ ഗവൺമെന്റ് വിരുദ്ധ, പട്ടാള ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്നതിന് വഴിമരുന്നിട്ടു. പട്ടാളഭരണം നീതിപൂർവ്വമായും നിയമം അനുശാസിക്കുന്ന രീതിയിലുമാണ് മലബാറിൽ നടപ്പിലാക്കുന്നത് എന്ന -സൂക്ഷ്മാർത്ഥത്തിൽ പാടുപെട്ട്- ഗവൺമെന്റ് നിർമ്മിച്ചെടുത്ത പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടു. നിൽക്കക്കള്ളിയില്ലാതായ ഗവണ്മെന്റ് പട്ടാള നിയമത്തിന്റെ അനുച്ഛേദം 12 പ്രകാരം “വ്യാജ പ്രചാരണം നടത്തി” എന്ന കുറ്റം ആരോപിച്ച് ഒക്ടോബർ 22 (1921)ന് അബ്ദുറഹ്മാൻ സാഹിബിനെ അറസ്റ്റ് ചെയ്തു. മകനെ അറസ്റ്റുചെയ്ത വാർത്തയറിഞ്ഞ് സാഹിബിനെ ഉമ്മ ആയിഷുമ്മ കോഴിക്കോട് ഖിലാഫത്ത് ഓഫീസിലേക്ക് ആവേശകരമായ തന്റെ സന്ദേശം അയച്ചു. “ധൈര്യമായിരിക്കുക. പതിന്മടങ്ങു ഊർജസ്വലതയോടെ നമ്മുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക. മതത്തിനും രാജ്യത്തിനും വേണ്ടിയുള്ള അവന്റെ ത്യാഗത്തിൽ ഞങ്ങൾ കുടുംബം ഒന്നടങ്കം സന്തുഷ്ടരാണെന്ന് അവനെ അറിയിക്കുക.”
വിചാരണവേളയിൽ സാഹിബിനെതിരെ പോലീസിനു വേണ്ടി സാക്ഷി പറഞ്ഞത് വൃദ്ധയായ ഒരു മാപ്പിള സ്ത്രീയായിരുന്നു. അവർ പറഞ്ഞു “മാപ്പിള പെണ്ണുങ്ങൾക്കും കുട്ടികൾക്കുമൊന്നും യാതൊരു ബുദ്ധിമുട്ടും കഷ്ടപ്പാടുമില്ല. ഉദ്യോഗസ്ഥന്മാരിൽ നിന്നും പട്ടാളക്കാരിൽ നിന്നും ഞങ്ങൾക്ക് എല്ലാവിധത്തിലുള്ള ഒത്താശകളും സഹായങ്ങളും ലഭിക്കുന്നുണ്ട്.” സാഹിബിനെ രണ്ടു വർഷം കഠിന തടവിന് ശിക്ഷിച്ചു ബെല്ലാരിയിലെ ആലിപുർ ജയിലിലടച്ചു.
ഭരണകൂടങ്ങളെ വിമർശിക്കുന്നവരുടെ ,സത്യത്തെ സധൈര്യം വിളിച്ചു പറയുന്നവരുടെ വായമൂടി കെട്ടാനും തുറങ്കലിൽ അടക്കാനും ക്രൂര നിയമങ്ങൾ എല്ലാ കാലത്തുമുണ്ടായിരുന്നു. അത്തരം നിയമങ്ങൾക്ക് ഇരകളിൽനിന്നു തന്നെ മാപ്പ് സാക്ഷികളും ഉണ്ടായിരുന്നു. പട്ടാള ഭരണവും പോലീസ് രാജും മറയാക്കിയിട്ടായിരുന്നു ബ്രിട്ടീഷ് ഗവൺമെന്റ് വരെ പലപ്പോഴും ഇത്തരം ക്രൂര നിയമങ്ങൾ അടിച്ചേൽപ്പിച്ചിരുന്നത്. ഇന്ന് ജനാധിപത്യത്തിന്റെയും പുരോഗമനത്തിന്റെയും മേൽചട്ടയണിഞ്ഞു കൊണ്ടുതന്നെ ഇവയെല്ലാം നടപ്പിലാക്കാം എന്നായിരിക്കുന്നു.
ഒന്നുമാത്രം, ചുറ്റും നോക്കൂ. ക്രൂര നിയമങ്ങൾ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ട പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തയുവാക്കളുടെ ഉൾപ്പെടെ കൂട്ടുകാരും കുടുംബക്കാരും അബ്ദുറഹ്മാൻ സാഹിബിന്റെ ഉമ്മ ആയിഷുമ്മയുടെ വാക്കുകൾ തന്നെയാണ് ആവർത്തിക്കുന്നത്. “ധൈര്യമായിരിക്കുക. പതിന്മടങ്ങു ഊർജസ്വലതയോടെ നമ്മുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക. മതത്തിനും രാജ്യത്തിനും വേണ്ടിയുള്ള അവന്റെ ത്യാഗത്തിൽ ഞങ്ങൾ കുടുംബം ഒന്നടങ്കം സന്തുഷ്ടരാണെന്ന് അവനെ അറിയിക്കുക.”